Saturday, February 28, 2009

ബൂലോകത്തെ കള്ളന്മാര്‍...

സികന്‍ എന്ന നാമത്തില്‍ രണ്ടായിരത്തിയെട്ട് മെയ് മാസത്തിലാണ് ഞാന്‍ ബ്ലോഗ് തുടങ്ങിയത്. അതുമുതല്‍ ബ്ലോഗില്‍ സജീവവുമായിരുന്നു. പല നല്ല ബ്ലോഗുകള്‍ വായിക്കാനും, പലരുമായിട്ടും പരിചയപ്പെടാനും കഴിഞ്ഞു എന്നത് വലിയ ഒരു നേട്ടമായി ഞാന്‍ കരുതുന്നു. ഇപ്പോള്‍ കുറച്ചു കാലമായി പോസ്റ്റിടാനും അതുപോലെ മറ്റു ബ്ലോഗുകള്‍ വായിക്കുന്നതിലും പണ്ടത്തെപ്പോലെ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലാ എന്നത് സത്യമാണ്. എങ്കിലും സമയം കിട്ടുമ്പോള്‍ ബ്ലോഗുകള്‍ വായിക്കാറുണ്ട് പോസ്റ്റുകളിടാറുമുണ്ട്.

ഇന്നലെ എന്റെ ഒരു ബ്ലോഗിംഗ് സുഹൃത്തിന്റെ ഒരു ഈമെയില്‍ സന്ദേശത്തെത്തുടര്‍ന്നാണ് ഞാന്‍ ഇങ്ങനെയൊരു പോസ്റ്റിടുന്നത്.

“സുഖമെന്ന് കരുതട്ടെ.

താങ്കളുടെ ടീച്ചറ്ക്ക് ഒരു പ്രേമ ലേഖനം എന്ന് പോസ്റ്റ് ഇത്തിരി കുഞ്ഞൻ എന്ന് പേരിട്ടൊരു ബ്ലോഗിൽ കണ്ടല്ലൊ...?????“ എന്നായിരുന്നു ആ സന്ദേശം. ഇതേതുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ദേകിടക്കുന്നു .... ഇത്തിരി കുഞ്ഞന്റെ തോളില്‍ തൂങ്ങി “ടീച്ചര്‍ക്കൊരു പ്രേമലേഖനം” എന്ന എന്റെ പോസ്റ്റ്!!!!

ഇത്തിരിക്കുഞ്ഞന്‍ എന്ന ബ്ലോഗറോടെനിക്കു പറയാനുള്ളത്

സ്വന്തമായിട്ട് വല്ലതുമെഴുതി കഴിവു തെളിയിക്കൂ എന്നാണ് . അല്ലാതെ മറ്റുള്ളവന്റേ പോസ്റ്റ് കട്ടെടുത്ത് സ്വന്തം ബ്ലോഗിലിട്ടു പൂശുന്നതില്‍ വലിയ കേമത്തമൊന്നുമില്ല. ബ്ലോഗ് നാലാളു ശ്രദ്ധിക്കുക എന്നതിലുപരി സ്വന്തം കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്നതിനുകൂടി പ്രാധാന്യം നല്‍കണം.

ഇന്ന് ഇത്തിരി കുഞ്ഞന്റെ ബ്ലോഗില്‍ നിന്നും എന്റെ പോസ്റ്റ് അയാള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട് അതുകൊണ്ടുതന്നെ ഇവിടെ ഒരു ലിങ്ക് കൊടുത്ത് അയാള്‍ക്കൊരു പബ്ലിസിറ്റി കൊടുക്കാന്‍ തല്‍ക്കാലം ഞാനാഗ്രഹിക്കുന്നില്ല.

ഇതേ തുടര്‍ന്നാണ് എന്റെ പോസ്റ്റുകള്‍ എവിടെയൊക്കെ ആരുടെയൊക്കെ വിലാസത്തില്‍ വിലസുന്നുണ്ട് എന്ന ചെറിയ ഒരു അന്വേഷണം നടത്തിയത്.

അപ്പോഴാണ് ‘ മലയാളം ഫണ്‍ ‘ എന്ന പേരിലുള്ള കള്ളന്മാരുടെ ഗോഡൌണിനെപ്പറ്റി അറിയാന്‍ കഴിഞ്ഞത് പലരുടേയും സൃഷ്ടികള്‍ മോഷ്ടിച്ചെടുത്ത് സ്വന്തം ലേബലൊട്ടിച്ച് ഒരു ഉളുപ്പുമില്ലാതെ ഈ മൈല്‍ വഴിയും മറ്റും പ്രചരിപ്പിക്കാനുള്ള സംവിധാനവും ചെയ്തുവെച്ചിട്ടുണ്ട് ഇതില്‍ ... കൂട്ടത്തില്‍ എന്റെ “ ടീച്ചര്‍ക്കൊരു പ്രേമലേഖനം” എന്ന പോസ്റ്റ് “പ്രിയപ്പെട്ട ടീച്ചര്‍ക്കുള്ള പ്രേമലേഖനം” എന്നപേരില്‍ അവിടെ മലയാളം ഫണ്ണില്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ അവരുടെ പരസ്യവും പതിപ്പിച്ച് കുളിപ്പിച്ച് നിര്‍ത്തിയിട്ടുണ്ട്.. ഇതാ ഇവിടെ ക്ലിക്കിയാല്‍ തൊണ്ടിമുതലുകള്‍ കണ്ടെത്താം. നിങ്ങള്‍ തന്നെ പറ ഇവനെയൊക്കെ എന്തു ചെയ്യണം?

****************
ഒരിക്കല്‍ എന്റെ ഒരു കൂട്ടുകാരന് ഞാന്‍ ശ്രീ ബെര്‍ളി തോമസിന്റെ ബ്ലോഗിന്റെ ലിങ്ക് അയച്ചുകൊടുത്തു. അതു വായിച്ച എന്റെ കൂട്ടുകാരന്‍ പറഞ്ഞത് ഇങ്ങിനെയായിരുന്നു.

“ഹും ഇതാണൊ നീ പറഞ്ഞ വലിയ സംഭവം ബ്ലോഗ്? “ ... ബെര്‍ളിയുടെ ബ്ലോഗിനെ ഇങ്ങിനെ പുഛിക്കാനുള്ള കാരണം തിരക്കിയപ്പോള്‍ അവന്‍ പറയുകയാ..

“ ഈ മൈലിലൂടെയും മറ്റും ആളുകള്‍ വായിച്ചു മടുത്ത സംഭവങ്ങളെല്ലാമെടുത്ത് പോസ്റ്റാക്കുന്ന വിരുതനല്ലേ ബെര്‍ളി?”

അവന്റെ മറുപടി കേട്ട ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി .... പിന്നീടു ഒന്നു രണ്ടു പൊട്ടിച്ചിരിക്കു ശേഷം ബെര്‍ളിയുടെ പല കഥകളും പലരും കട്ടുകൊണ്ടുപോയി ഇമൈല്‍ വഴിയും എന്തിനു ആനുകാലികങ്ങളില്‍ വരേ പ്രസിദ്ധപ്പെടുത്തി കയ്യടി വാങ്ങിക്കുന്ന കഥ ഞാനവനു പറഞ്ഞു കൊടുക്കുകയുണ്ടായി. അതില്‍ പിന്നെ ബെര്‍ളി കട്ടെടുത്ത് പോസ്റ്റുകയാണെന്ന സംശയം എന്റെ കൂട്ടുകാരനെ പിടികൂടിയിട്ടില്ല.

ആ സംഭവം ഇവിടെ ഇപ്പോള്‍ ഞാനോര്‍ക്കുകയാണ് (ചുമ്മാ). ഇന്നെനിക്കു മനസ്സിലായി നമ്മുടെപോസ്റ്റുകള്‍ മറ്റൊരുവന്‍ കട്ടുകൊണ്ടുപോയി കയ്യടി വാങ്ങിക്കുന്നതിന്റെ വിഷമം... ( ബൂലോകത്ത് ഇതിനുമുന്‍പും പലരുടേയും കഥകള്‍ പല സ്ഥലത്തും കോപ്പിയടിച്ച് പലരും കയ്യടി വാങ്ങിയിട്ടുണ്ട് എന്ന സത്യം നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്)

ഞാനൊരിക്കല്‍ക്കൂടി ചോദിക്കട്ടെ ഈ വിരുതന്മാരെ നാം എന്തു വിളിക്കണം? നാളെ നമ്മുടെ ഓരോരുത്തരുടേയും സൃഷ്ടികള്‍ക്കുനേരെ ചൂണ്ടിക്കൊണ്ട് ‘ഇതു ഞങ്ങള്‍ ഇമൈല്‍ വഴി വായിച്ചിട്ടുള്ളതാ അതു നീ അടിച്ചു മാറ്റിയതല്ലേ‘ എന്ന ചോദ്യം വന്നാല്‍ നാമെന്തു ചെയ്യും ?

കട്ടുകൊണ്ടുപോയവന്‍ വല്ല മാതൃഭൂമിയിലോ... മനോരമയിലോ ഇട്ടിരുന്നെങ്കില്‍ ( ചുമ്മാ ഒരു ആഗ്രഹം പറഞ്ഞതാ) നമുക്കൊരു ഗായും മായും ( ഗമ) ഉണ്ടാവുമായിരുന്നു .... “ ദോണ്ടെഡേ.... ലത് നമ്മടെ സൃഷ്ടി അടിച്ചോണ്ടുപോയതാ..” എന്നെങ്കിലും പറഞ്ഞു സമാധാനിക്കാമായിരുന്ന. ഇവിടെ പോങ്ങുമ്മൂടന്റെ ‘ സ്റ്റാര്‍ട്ട്... കണ്ടന്റ് തെഫ്റ്റ്. പ്ലീസ്! ‘ എന്ന പോസ്റ്റിനെയാണെനിക്കോര്‍മ്മവന്നത് ....


ഏതായാലും പോസ്റ്റ് കട്ടുകൊണ്ടുപോയി ... അത് ഗോഡൌണില്‍ നിന്നും ഇമൈലിലേക്കും മറ്റും മലയാളം ഫണ്ണിന്റെ ലേബലൊട്ടിച്ച് കയറ്റിയയക്കുമ്പോള്‍ ഒരു ചെറിയ കോണിലെങ്കിലും ഈ പാവം സൃഷ്ടാവിന്റെ ലിങ്ക് കൊടുത്തിരുന്നെങ്കില്‍ എന്നു വെറുതേ ആഗ്രഹിച്ചതില്‍ തെറ്റുണ്ടോ? .... ങാ.. വരാനുള്ളത് ജെ.സി.ബിയും പിടിച്ചു വരുമല്ലോ.....

പ്രിയ മലയാളം ഫണിന്റെ മുതലാളീ ഇതിന്റെ പേരില്‍ ഞാന്‍ ബ്ലോഗിനു കരിയോയിലും പാമോയിലുമൊന്നും പൂശുന്നില്ല പക്ഷേ താങ്കള്‍ ചെയ്തത് ഒന്നാംതരം ചെറ്റത്തരമാണെന്ന് ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നു.
ബാക്കി സഹ ബ്ലോഗേഴ്സിനും വായനക്കാര്‍ക്കും വിടുന്നു ... സസ്നേഹം രസികന്‍ ..

Sunday, February 1, 2009

ടീച്ചര്‍ക്കൊരു പ്രേമലേഖനം...

ന്റെ പ്രിയപ്പെട്ട ടീച്ചറേ...
ഇങ്ങളെ കണ്ട അന്ന് മുതല്‍ ഇങ്ങളുടെ ആ ഉറുമാന്‍പയം പോലത്തെ മോന്തയില്‍ നോക്കി രണ്ട് പഞ്ചാര ബര്‍ത്താനം പറയണം പറയണംന്ന് ബിസാരിച്ച് കല്‍ബില്‍ പൂതിയുംകൊണ്ടു നടക്കാന്‍ തൊടങ്ങിയിട്ട് കാലം കൊറേ ആയി . ഇങ്ങക്ക് തോന്നും ഇത്രയൊക്കെ പൂതി ഞമ്മക്ക് ഇണ്ടായിട്ടും ഇത്ബരേ ഒന്ന് മുണ്ടുകപോലും ചെയ്തിട്ടില്ലാലോന്ന്. ഞമ്മള് ഇങ്ങളോട് മുണ്ടാന്‍ ബരാത്തത് ബേറെ ഒന്നുംകൊണ്ടല്ല ഇന്റെ ടീച്ചറു കുട്ട്യേ, ഞമ്മളെ കുര്ത്തം കെട്ട മോന്‍ റസീദ് ഇങ്ങളെ ക്ലാസിലാണല്ലൊ പടിക്കണത് എന്ന് ബിജാരിച്ചിട്ട് മാത്രാണ്. ഓനെന്ത് ബിജാരിക്കും... പെണ്ണ് കെട്ടാനുള്ള ബയസ്സൊക്കെ ഓനും ആയല്ലൊ.

കയിഞ്ഞ ആയ്ച്ച ഇജ്ജ് ( ഇജ്ജ്ന്ന് ബിളിക്കാലോ അല്ലേ) ഞമ്മളെ എറച്ചിപ്പീട്യേന്റെ അട്ത്ത്കൂടി പോയപ്പം എറച്ചി തൂങ്ങിക്കെടക്ക്ന്നത് കണ്ടിട്ടാണ് ഇജ്ജ് അങ്ങോട്ട് നോക്ക്യതൂന്ന് പറഞ്ഞ് ഞമ്മളോട് പന്തയം ബെച്ചിരിക്കയാ ഓലബെട്ടുകാരന്‍ സൈതാലി . എന്നാല്‍ ഞമ്മളെക്കണ്ടിട്ടാണ് ഇജ്ജ് അങ്ങോട്ട് നോക്കിയത് എന്ന് ഞമ്മക്കിപ്പളല്ലേ മന്‍സിലായത്. കള്ളത്തീ.. ഒരു നുള്ളു തരും.

ഇനി ഒരു സന്തോസബര്‍ത്താനം അന്നെ അറിയിക്കട്ടേ. ഞമ്മള് ഞമ്മളെ തലേലെ നരച്ച മുടി അനക്ക് ബേണ്ടി കറുപ്പിക്കാന്‍ തീരുമാനിച്ചു. അയിന്റെ ബാകമായി ഞമ്മളെ മൂത്തമോന്‍ സുബൈറിന് ഇന്നലേ തുഫായിലേക്ക് മുന്തിയ ഒരു കറുപ്പിക്കണ കുന്തം കൊട്ത്തയക്കാന്‍ ബിളിച്ച് പറയ്കയും ചെയ്തിട്ടുണ്ട്.

ഇതൊക്കെ കേട്ടപ്പം ഇജ്ജ് ബിജാരിക്കും ഞമ്മക്ക് പ്രായമായത്കൊണ്ടാ മുടി നരച്ചതൂന്ന്.. അതൊന്നുമല്ല നരക്കാന്‍ മാത്രള്ള പ്രായമൊന്നും ആറും ഒന്നും ഏയു കുട്ടികള്‍ക്ക് ബാപ്പയായ ഞമ്മക്കായിട്ടില്ല എന്നത് ഏതു ‘കമ്പ്യൂട്ടറുകാരനും’ മനസ്സിലാകും.

ഈകാലത്തെ ചെറൂപ്പക്കാര് ഓലെ മുയുബന്‍ മുടികളും പെയിന്റടിച്ച് കറുപ്പിച്ച് ബെച്ചതാണെന്നത് ആര്‍ക്കാ അറിയാത്തത് ?. പോരാത്തതിന് ചേനത്തലയന്മാര്‍ക്ക് മുടി ബെച്ച് കൊട്ക്കാന്‍ മുക്കിനു മുക്കിന് മുടിബെപ്പ് പീട്യകളും ഇന്ന് ഇണ്ടല്ലോ. അയിന്റെ മോളിലല്ലേ മോളേ പലേ ചെറ്പ്പക്കാരും ചെറ്പ്പക്കാരാക്ന്നത്.

വയസ്സാകാതെ ഞമ്മളെപ്പോലുള്ളവര്‍ക്ക് മുടി നരച്ചാല്‍ ഞമ്മള് അയിനെ ഓമനിച്ച് ഓമനനരാന്നു ബിളിക്കും. ഇന്റെ മുടി നരക്കാന്‍ കാരണം കള്ളത്തീ ഇജ്ജ് ഇന്നെ ഓമനിച്ചിട്ടായിരിക്കും ... തെക്കേലെ സാരത പറഞ്ഞത് ഓള് ഓമനിച്ചിട്ടാ ഞമ്മക്ക് നര ബന്നതൂന്നാ അതൊന്നും ഞമ്മള് സമ്മയിച്ചുകൊടുക്കൂലാ.. അല്ലേലും സാരതയും, സാന്തയും സില്‍ക്ക്മൈമൂനയും പറഞ്ഞൂന്ന് ബെച്ച് ഞമ്മള് സമ്മയിച്ച് കൊടുക്ക്വോ?

പിന്നെ ചെറൂപ്പക്കാര്‍ക്ക് നര ബരാനുള്ള കാരണം ഞമ്മളെ നാട്ടിലെ കമ്പനികളിലെ പൊഹ മേലോട്ടുയര്‍ന്ന് ആകാശത്തില്‍ ചെന്ന് അവിടത്തെ പാളയോ.. പാളിയോ എന്തോ ഒന്നില്‍ ഓട്ടയുണ്ടാക്കി‌യിട്ടാണെന്ന് ടീവീല് ബാര്‍ത്ത ബായിക്കണ മൊഞ്ചത്തി പറഞ്ഞപ്പളല്ലെ ഞമ്മക്ക് പുടികിട്ടിയത്.

ടീബീല് ബാര്‍ത്ത ബായിക്കണ ഓളെ മുടി ചൊമന്ന പെയിന്റടിച്ചത് കാണുമ്പം ഞമ്മക്ക് അന്നെയാണ് ഓര്‍മ്മ ബരിക ഇന്റെ ടിച്ചറു കുട്ട്യേ.. അന്റെ മുടിയും ചൊമന്ന പെയിന്റടിച്ചാ നല്ല ശേലായിരിക്കും കാണാന്‍ . കൊറച്ചു ദെവസം കൂടി കയിഞ്ഞോട്ടെ സുബൈര്‍ന്ന് ബിളിച്ച് അനക്കും മുടിക്ക് തേക്കണ പെയിന്റ് ഞമ്മള് ബെരുത്തിക്കും.

പിന്നേ ഞമ്മളെ ബീവി ആയിശു പറയാ ഓക്ക് ടീവീല് പാടാന്‍ പോണോന്ന്... ഇപ്പം നാട്ടുകാര് മുയുബനും ടീവീല് പാട്ടും കൂത്തും നടത്തി പറമ്പും പൊരേം വിറ്റ് തൊലക്കണത് കാണുമ്പോ ഓക്കും ഹലാക്കിന്റെ പൂതി ബന്നതാ. പച്ചേ ഞമ്മളത് ശക്ക്തമായി എതിര്‍ത്തു . പൊരേം പറമ്പും വിറ്റ് തൊലച്ചാ മയ ബന്നാ ഓള പാട്ട് കേട്ട് മയ തിരിച്ച് പോഗ്വോ?

പണ്ട് ആയിശു ഒപ്പനക്ക് പാടുന്നത് കേട്ട് കല്‍ബില്‍ പൂതിപെരുത്ത് ഓളോട് മൊഹബ്ബത്തായി രണ്ടായ്ച്ചയോളമാണ് ഞമ്മള് പാട്ടും പാടി ബീഡിയും ബലിച്ച് നടന്നത് .. മൂന്നാമത്തെ ആയ്ച്ചയായപ്പോള്‍ ഞമ്മളെ അണ്ണാക്കീന്നു ബന്ന പാട്ട്കേട്ട് സഹികെട്ട നാട്ട്കാര് അന്ന് ആയിശൂനെപിടിച്ച് ഞമ്മക്ക് കെട്ടിച്ചുതന്നതായിരുന്നു...

ഇപ്പം ഞമ്മള് ബിജാരിക്കയാ ആയിശു ടീവീല് പാടാന്‍ പോയിക്കോട്ടേന്ന്.... പണ്ട് ഓളെ പാട്ട് കേട്ട് ഞമ്മക്ക് മൊഹബ്ബത്തായപോലെ ഏതെങ്കിലും ഹംക്കിനു തോന്നിയാല്‍ ഞമ്മള് രച്ചപ്പെടുമല്ലോ... അനക്ക് ഇത് കേട്ടപ്പം കല്‍ബില്‍ ഐസ് ബെള്ളം ബീണിട്ട്ണ്ടാവുംന്ന് ഞമ്മക്കറിയാം .... ഒറ്റ അടി ..... ങാ... കാണിച്ചുതരാം.

എന്നാലും ഇന്റെ ടീച്ചറു കുട്ട്യേ, അന്റെ ബാപ്പ മൊയ്തൂട്ടി ഞമ്മളെ പീട്യേന്ന് എറച്ചി മാങ്ങിയതിന്റെ ഒര് ഇര്പത്തഞ്ച് ഉറുപ്യ ബാക്കി തെരാനുണ്ടായിട്ട് ഇന്നത്തേക്ക് രണ്ട് കൊല്ലം തെകയുകയാ. അനക്കറിയോ എറച്ചിപ്പീട്യേന്റെ കണക്ക്കിത്താബിനു മുന്നില് നിന്നാ ഞമ്മള് ഈ കത്തെയുതുന്നത്. ഞമ്മള് തമ്മില് മൊഹബ്ബത്തായ സ്തിതിക്ക് ഇജ്ജ് ചെന്ന് ബാപ്പനെ എടങ്ങേറാക്കി അത് മാങ്ങി ഞമ്മക്ക് തന്ന് ഞമ്മളോടുള്ള ഇശ്ടം ഒന്നുംകൂടി തെളീക്കും എന്നാണ് ഞമ്മള് ബിസ്വസിക്കണത് .

എനിയും എയ്തി അന്നെ എടങ്ങേറാക്കണില്ല ... ഞമ്മളെ സാഷരത പടിപ്പിച്ച അപ്പു മാസ്റ്റര്‍ക്ക് ഒരു നന്ദി പറഞ്ഞ് കൊണ്ട് ഞമ്മള്‍ കത്ത് ചുരുക്കട്ടെ....... എന്നാലും പഹയത്തീ ‘അനക്ക് ഞമ്മളെ മോന്‍ റസീദ്നോട് ഞമ്മളോട് മൊഹബ്ബത്തിന്റെ കത്ത് ബാങ്ങി ബരാന്‍ പറയാനുള്ള ഉശിരു ബന്നല്ലൊ’....ഒരു നുള്ളുംകൂടി തരും .........ങാ..... ഉശിരത്തി....

എന്ന് പിരിശത്തില്‍ അന്റെ സൊന്തം കുഞ്ഞിപ്പോക്കറുകുട്ടി ഇക്കാക്ക ഒപ്പ്.’

ക്ലാസില്‍ നിന്നും ബീഡിവലിച്ചതിനു പുറത്താക്കപ്പെട്ട റഷീദിനെ രക്ഷിതാവിന്റെ എഴുത്ത് കൊണ്ടുവരാതെ ക്ലാസ്സില്‍ കയറ്റുന്ന പ്രശ്നമില്ലെന്നു വാശിപിടിച്ച സുലൈഖട്ടീച്ചര്‍, തന്റെ കയ്യിലിരുന്ന ‘രക്ഷിതാവിന്റെ കത്തില്‍’ നോക്കി മുഖത്തു പൊടിഞ്ഞ വിയര്‍പ്പുകണങ്ങളൊപ്പിക്കൊണ്ട് ഇങ്ങനെ പറഞ്ഞു.

“ നീ ക്ലാസ്സില്‍ കയറിക്കോളൂ റഷീദേ ..... എന്നിട്ട് ബീഡിയോ കഞ്ചാവോ എന്തു വേണേലും വലിച്ചോളൂ......... ഇതിനൊന്നും നിന്നെപ്പറഞ്ഞിട്ടു കാര്യമില്ല...... കുട്ടികള്‍ക്ക് നാലക്ഷരം പറഞ്ഞുകൊടുക്കുന്നതിലുപരി വേറെയൊരു പുണ്ണ്യമില്ലാ എന്നു മനസ്സിലാക്കി വാദ്ധ്യാരുപണിക്കുവന്ന എന്നെ മാത്രം പറഞ്ഞാല്‍ മതി ”


പിന്നീടെന്തോ തീരുമാനമെടുത്തിട്ടെന്നവണ്ണം ടീച്ചര്‍ ക്ലാസ്സില്‍നിന്നും ഇറങ്ങി നടന്നു.......

കത്തുകിട്ടിയതില്‍പ്പിന്നെ കഞ്ചാവു വരേ വലിച്ചുകൊള്ളാന്‍ പറയത്തക്കവണ്ണം എന്തു മരുന്നാണ് ബാപ്പ കത്തിലിട്ടത് എന്ന് എത്രചിന്തിച്ചിട്ടും റഷീദിനു മനസ്സിലായില്ല. എന്നാലും ‘രക്ഷിതാവിന്റെ കത്തിനൊരു’ നിലയും വിലയുമൊക്കെയുണ്ടെന്നുമാത്രം മനസ്സിലായി.