Sunday, May 15, 2011

പെട്രോളിയം പരീക്ഷ...

കാൽക്കൊല്ല-അരക്കൊല്ല-മുക്കാക്കൊല്ല- തേങ്ങാക്കൊല പരീക്ഷ
വിഷയം : എണ്ണപാഠം
മാർക്ക് : അൻപതിൽ

(ഒന്നുമുതൽ പത്തുവരെ ചോദ്യങ്ങൾക്ക് തോന്നിയത് ബ്രായ്ക്കറ്റിൽ നിന്നും തിരഞ്ഞെടുത്തെഴുതുക (ഓരോ മാർക്കു വീതം))

1) നമുക്ക് ഒഴിച്ചു 'കൂട്ടാൻ' പറ്റാത്തതും, ഒഴിച്ചു 'കൂട്ടാൻ' പറ്റുന്ന സാധനങ്ങളുടെ വില വലിച്ചു കൂട്ടിക്കുന്നതുമായ ഒരുതരം ദ്രാവകത്തിന്റെ പേര്.
   [ ധാന്വന്തരം കുഴമ്പ്, നീലിഭൃംഗാതി എണ്ണ,   ക്രൂഡോയിൽ തൈലം , മറ്റെന്തോ ദ്രാവകം]

2) ഭാവിയിൽ ഇന്ത്യൻ വാഹനവിപണി കീഴടക്കാൻ പോകുന്ന ജനകീയ വാഹനം.
   [ കാളവണ്ടി , കുതിരവണ്ടി, ശവമടക്കുവണ്ടി, വേറെ എന്തെങ്കിലും കുണ്ടാമണ്ടി]

3) തെരഞ്ഞെടുപ്പും പെട്രോൾ വിലയും തമ്മിലുള്ള ബന്ധമെന്ത് ?
   [ അമ്മായിയുടെ മകൻ, കെട്ടു ബന്ധം, എടാ പോടാ ബന്ധം, ഒരു ബന്ധവുമില്ല]

4) മൂന്നാം ലോകമഹായുദ്ധം എന്തിനു വേണ്ടിയായിരിക്കും?
   [ ഇന്ത്യയിൽ ഓയിൽ കമ്പനി (പ്രൈ .ലി )തുടങ്ങാൻവേണ്ടി  ,ഇന്ത്യയിലെ  3ജി സിമ്മിനു വേണ്ടി, കേരളത്തിൽ വാറ്റുചാരായഷാപ്പിനു ലൈസൻസു കിട്ടാൻ  , ചുമ്മാ ഒരു രസത്തിനുവേണ്ടി]

5) എണ്ണക്കിണറിന്റെ ആഴം എത്രത്തോളം?
   [ മിൽമയുടെ വിലകണക്കെ,   ആകാശം മുട്ടെ,പെട്രോളിന്റെ വിലകണക്കെ,  മറ്റെന്തോ കണക്കെ]

6) ഇന്ത്യയിൽ പെട്രോളടിക്കാനുള്ള നൂതന മാർഗ്ഗമെന്നു ചെറുപ്പക്കാർ വിശേഷിപ്പിച്ചുവരുന്നതെന്ത്?
  [ വീടിന്റെ ആധാരം പണയപ്പെടുത്തൽ, താലിമാല വിറ്റു തുലയ്ക്കൽ, പിടിച്ചുപറി, പെട്രോളടിക്കാതിരിക്കൽ]

7) ആവി എഞ്ചിൻ എന്നാൽ എന്ത്?
 [ ഭാവിയിലെ (ഇന്ത്യയിലെ) മോട്ടോർ എഞ്ചിൻ, ആവശ്യമില്ലാത്ത എഞ്ചിൻ, പുട്ടുകുറ്റി , എന്തെങ്കിലും എഞ്ചിൻ ]

8) ബസ്സ്ചാർജിന്റെ പര്യായം?
  [ ബസ്സ് എനർജി, ഡീസൽ വില, ലാത്തിച്ചാർജ്, പര്യായമേ ഇല്ല]

9) വിലക്കയറ്റം എന്നാൽ എന്ത്?
   [ വില എന്ന അപൂർവ്വ മരത്തിൽ വലിഞ്ഞു കയറൽ, ഇറക്കമില്ലാത്ത ഒരു കയറ്റം, പെട്രോളിയം കൊണ്ടുള്ള ഒരിനം കളി, അങ്ങിനെ ഒന്നില്ല]

10) സിൽസിലാഹെ.. സിൽസിലാ... എന്നതിന്റെ അർഥം
   [ ജീവിതം കട്ടപ്പൊക, ജീവിതം സ്വാഹ, ജീവിതം ഒരു ഡീസലാ, മൊത്തം പേർക്കും പ്രാന്തായി]


(പതിനൊന്നുമുതൽ പതിനഞ്ചുവരെ ചോദ്യങ്ങൾക്ക് ഒറ്റവീർപ്പിൽ ഉത്തരമെഴുതുക (രണ്ടു മാർക്കു വീതം))

11)  പെട്രോളിയത്തോളം വരുമോ പെട്രോളിലിട്ടത്  എന്നുപറഞ്ഞാൽ എന്താണ്?
12) " ക്രൂഡോയിലിൻ നെഞ്ചിലുറങ്ങും
        ക്രൂരനാം ഡീസലേ"     ഈ വരികളിലെ അല(ഹ)ങ്കാരമെന്ത് ?
13) കൽക്കരിയിൽ നിന്നും പെട്രോളുണ്ടാക്കാൻ പറ്റുമോ?
14) നോട്ടടിക്കുന്ന യന്ത്രം കേരളത്തിൽ വിതരണം ചെയ്താൽ പെട്രോൾ വില കുറയുമെന്നു കണ്ടുപിടിച്ചതാര് ? ഏതു വർഷം?
15) പച്ചിലയിൽ നിന്നും പെട്രോളുണ്ടാക്കാമെന്നു കണ്ടുപിടിച്ച മഹാൻ ഇപ്പോൾ എവിടെയാണുള്ളത്?

        (ഒരു ‘മുറ’ത്തിൽ കവിയാതെ ഉത്തരമെഴുതുക  (അഞ്ചു മാർക്കു വീതം))
16) രാമർപെട്രോളും പച്ചവെള്ളവും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ പാചകവാതകത്തിൽ കുഴച്ചു  വിവരിക്കുക
17) പെട്രോളിൽ കുരുത്തത് ഡീസലിൽ കത്തുമോ - ആശയം വിവരിച്ചെഴുതുക
18) റേഷൻ കടകളിലൂടെ മറിച്ചു വിൽക്കപ്പെടുന്ന പെട്രോൾ വംശജനെക്കുറിച്ചു സന്ദർഭസഹിതം വിവരിക്കുക.
19) വെളിച്ചെണ്ണയുപയോഗിച്ച് വിമാനം പറത്തുന്ന രീതി തോന്നിയപോലെ പരത്തിയെഴുതുക

20) പെട്രോൾ ടാങ്കറിന്റെ ചിത്രം  ചിന്നഭിന്നമാക്കി ഭാഗങ്ങൾ അടുക്കിവെയ്ക്കുക. (പത്തു മാർക്ക്).

9 comments:

രസികന്‍ said...

കാൽക്കൊല്ല-അരക്കൊല്ല-മുക്കാക്കൊല്ല- തേങ്ങാക്കൊല പരീക്ഷ

അനില്‍@ബ്ലോഗ് // anil said...

കലക്കന്‍ !!

പട്ടേപ്പാടം റാംജി said...

ചോദ്യപ്പേപ്പര്‍ കിട്ടി. ഉത്തരം എഴുതി വരുമ്പോഴേക്കും പേപ്പറില്‍ വീണ്ടും മാറ്റം വേണ്ടി വന്നെക്കുമോ എന്നൊരു ശങ്ക.
നന്നായി.

വി.എ || V.A said...

പെട്രോളൊഴിച്ച ചോദ്യപേപ്പറാണ് എനിക്ക് കിട്ടിയത്. ഉത്തരമെഴുതാൻ തുടങ്ങിയപ്പൊ, ദേ ഒരു വിരുതൻ അടുത്തിരുന്ന് സിഗററ്റിന് തീ കൊളുത്തുന്നു. അടുത്തയാഴ്ച വില വീണ്ടും കൂട്ടുന്നുണ്ട്, അതിനുള്ള ഉത്തരങ്ങൾ പഠിക്കട്ടെ... കൊള്ളാം, സന്ദർഭോചിതം വന്ന പരീക്ഷ.....

പ്രഭന്‍ ക്യഷ്ണന്‍ said...

ഇഷ്ട്ടായിട്ടോ..!

ആശംസകള്‍..!
http://pularipoov.blogspot.com/2011/05/blog-post.html

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

രസികാ ,.. രസായി,. ഞാനീ പരീക്ഷയുടെ സമയത്ത് അവധിയിലായിരുന്നു. ഇപ്പഴാ ഇത് കണ്ടത്.

OT

നിങ്ങള്‍ എവിടെപോയിമുങ്ങി

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

come back with ur rasikan posts

all the best

മണ്ടൂസന്‍ said...

ആ പേര് അന്വർത്ഥമാക്കിക്കൊണ്ടുള്ള അസാമാന്യ പ്രകടനം.! വായിച്ച് ഞാൻ ഒട്ടും ചിരിച്ചില്ല, ഭാവന ഇത്രയ്ക്കും തീഷ്ണമായി കാടു കയാറാനിടയായ 'ആ' സംഭവം ഞാനൊരുപാട് ചിന്തിച്ചു. ഒരു മഹാസംഭവമായിട്ടുണ്ട് രസികാ ഈ രസിപ്പിക്കാൻ വേണ്ടി താങ്കൾ നടത്തിയ ഈ പരീക്ഷണം. വെറുതെ രസിപ്പിക്കുക മാത്രമല്ല നന്നായി ചിന്തിപ്പിക്കുകയും ചെയ്യുന്നു ഈ പോസ്റ്റ്. നന്നായിട്ടുണ്ട്. ആശംസകൾ.

പെട്രോൾ ടാങ്കറിന്റെ ചിത്രം ചിന്നഭിന്നമാക്കി ഭാഗങ്ങൾ അടുക്കിവെയ്ക്കുക. (

നരിക്കുന്നൻ said...

ആദ്യമായി, ജൂൺ 24ന് നടക്കേണ്ട പരീക്ഷയുടെ പേപ്പർ ഇവിടെ ചോർത്തിയതിന് ഞാൻ കേസ് കൊടുക്കും..
1. ധാന്വന്തരം കുഴമ്പ് -നടന്ന് കാല് കുഴുയുമ്പോൾ തേക്കാൻ നല്ലതാ.. ഡിമാന്റ് വില വർദ്ദിപ്പിക്കും എന്നാണല്ലോ..
2. ശവമടക്കുവണ്ടി - ഈ പോക്ക് പോയാൽ പട്ടിണി മരണം ഉറപ്പാ..
3. കെട്ടു ബന്ധം - കെട്ട് കഴിഞ്ഞാൽ അപ്പൊ പെട്രോളടിക്കണം.
4. ഇ.ഉ.എ.അ.ഇ
5. ആകാശം മുട്ടേ - ലോകം അവസാനിക്കുവോളം കുടിക്കണ്ടേ.
6. ഉത്തരം ഒപ്ഷനിൽ ഇല്ല. - റോബിൻ ഹുഡിന് പഠിക്കുക.
7. ഇ.ഉ.എ.അ.ഇ
8. പര്യായം എന്നാൽ എന്തുവാ? :)
9. വില എന്ന അപൂർവ്വ മരത്തിൽ വലിഞ്ഞു കയറൽ - ഈ വില എന്ന മരം അപൂർവ്വമല്ല. ഇന്ത്യയിൽ വിശിഷ്യാ കേരളത്തിൽ പൊതുവെ കണ്ട് വരുന്ന ഒരു മരമാണ്.
10. ജീവിതം ഒരു ഡീസലാ
പ.പ.ചൊ.ഉ.എ.എ.സൗ.ഇ.

ഇമ്മാതിരി ചോദ്യങ്ങളിട്ട് ഈ ചെറിയ തലയിലിങ്ങനെ വലിയ ചിന്തകൾ കുത്തി നിറക്കല്ലേ..