Thursday, November 10, 2011

പണ്ഡിറ്റിനൊരു സന്തോഷക്കുറിപ്പ്..സൈകോളജി (അതും ഇന്‍ഡസ്ട്രിയല്‍ ), സ്നേഹോളജി,  മേസ്തിരിയോളജി, ഗാനോളജി, എഡിറ്റിംഗോളജി, സംവിധാനോളജി, കോസ്റ്റ്യൂം സെലക്ഷനോളജി തുടങ്ങി നൂറ്റിയഞ്ചില്‍ പരം ഓളജികള്‍ക്കധിപനായ  സന്തോഷ് പണ്ഡിറ്റ് എന്നു നീട്ടിയും എസ്.പി സാര്‍ എന്ന് കുറുക്കിയും ഞങ്ങള്‍ വിളിച്ചുപോരുന്ന പ്രിയ കലാകാരന്‍ വായിച്ചറിയാന്‍ ഒരു പറ്റം മലയാളികള്‍ സമര്‍പ്പിക്കുന്നത്.

തകര്‍ച്ചയില്‍ നിന്നു വീണ്ടും തകര്‍ച്ചയിലേയ്ക്കു കൂപ്പുകുത്തി കോപ്പിലായിക്കൊണ്ടിരിക്കുന്ന മലയാള ‘സില്‍മ’യെയാണ് അങ്ങ് കൈപിടിച്ചുയര്‍ത്തിയത്. അതിനു അങ്ങയെ അഭിനന്ദിച്ചു വീര്‍പ്പുമുട്ടിച്ചു കളയാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ് , പാ‍ത്തിരിക്കുകയാണ്.

അങ്ങയുടെ വരവോടെ നമ്മുടെ നാട്ടില്‍ എന്തെല്ലാം മഹാദ്ഭുതങ്ങളാണു സംഭവിച്ചൂകൊണ്ടിരിക്കുന്നതെന്ന് അങ്ങേയ്ക്കറിയാമൊ?

 മലയാളം ചാനലുകള്‍ കാണുമ്പോള്‍ ഛേ.. യാഹ്ച്ഛീ ... ഛോ... ഛൌ.. എന്നൊക്കെ ഒച്ചപ്പാടുണ്ടാക്കി ഫാഷന്‍ ചാനലുകളിലും, ഹിന്ദി കം ഇംഗ്ലീഷ് ചാനലുകളിലുമൊക്കെയായി ചുറ്റിയടിച്ചുകൊണ്ടിരുന്ന   ന്യൂ ജനറേഷന്‍ മല്ലൂസ്  (ചിലര്‍ ‘ബ്ലഡി മല്ലൂസ്സ് ’എന്നു ബഹുമാനാദരവോടേയും വിളിക്കാറുണ്ട്)  അങ്ങയുടെ മഹത് ഭാഷണം കേള്‍ക്കാനും കാണാനും വേണ്ടി മാത്രം മലയാളം ചാനലുകള്‍ക്കായി റിമോട്ട് കണ്ട്രോളില്‍ ആഞ്ഞാഞ്ഞു കുത്താന്‍  തുടങ്ങിയിരിക്കുന്നു ( ഈ കുത്തല്‍  കാരണമായാണ്  ഉണങ്ങിക്കിടന്നിരുന്ന പല ചാനലുകളുടേയും ‘കുത്തുകള്‍ ’ കുത്തനെ ഉയര്‍ന്നിരിക്കുന്നത് ).

അതുപോലെ നമ്മള്‍ മലയാളികള്‍ വീടുകളില്‍ ഹിന്ദി ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന മഹത് തത്വം സാറ് ഇവിടെ വാരിവിതറിയപ്പോള്‍  ഇംഗ്ലീഷ് ഭാഷാ പഠന സഹായി , ഹിന്ദി ഭാഷാ പഠനസഹായി തുടങ്ങിയവയ്ക്ക് വന്‍ ഡിമാന്റാണെന്നാണു കേള്‍ക്കുന്നത്. ഇതു ഞങ്ങളെ കോള്‍മയില്‍ കൊള്ളിക്കുന്നതിലുമുപരിയായി ഇക്കിളിയാക്കുകയും ചെയ്യുന്നു.


വര്‍ത്തമാന പത്രങ്ങളിലും മാസികകളിലുമൊക്കെയായി അങ്ങയുടെ ചിരിക്കുന്ന മോന്തായം വിത്ത് പല്ല്  തുടങ്ങിയവയുടെ ചിത്രങ്ങള്‍ വന്നുതുടങ്ങിയതോടെ അവരുടെ വരവുകളും കുത്തനെ ഉയര്‍ന്നിരിക്കുകയാണെന്നാണ് ഇവിടെ പലരും പറഞ്ഞു നടക്കുന്നത്.

നൂറ്റിയഞ്ച് ആര്‍ട്ടിസ്റ്റുകളടക്കം അങ്ങ് ആരെയൊക്കെ എവിടെയൊക്കെ പിടിച്ച് കുത്തനെ ഉയര്‍ത്തീ എന്നത് അങ്ങേയ്ക്കു പോലും എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തവണ്ണം ഉയര്‍ന്നതാണെന്നതു ഞങ്ങള്‍ അഹങ്കാരത്തോടെ ഓര്‍ക്കുകയാണ്.

എന്തിനേറെ പറയണം, ഇലക്ട്രോണിക് വിപണിക്ക്പോലും അങ്ങ് വന്‍ സംഭാവനയാണ് പിരിച്ചു നല്‍കിയത് എന്നു കേള്‍ക്കുമ്പോള്‍ ഇതാ ഞങ്ങള്‍ കോരിയങ്ങു തരിച്ചുപോവുകയാണ് .

 അങ്ങയുടെ ഗാനരംഗവും ചന്ദ്രനിലെ നടത്തവുമൊക്കെ കണ്ട് ആവേശം മൂത്ത് പഴുത്ത് പണ്ടാരമടങ്ങിയ പ്രേക്ഷകര്‍ കണ്ണിനുമുന്‍പില്‍ കണ്ട ടി.വി, ലാപ്ടോപ്, റിമോട്ട്, ഹോം തിയേറ്റര്‍ തുടങ്ങിയവയില്‍ തങ്ങളുടെ ‘ആവേശം’ തീര്‍ത്തപ്പോള്‍ തകര്‍ന്നുപോയ ഈ വകകള്‍ക്കു പകരം പുതിയതു വാങ്ങിക്കാന്‍  ഇലക്ട്രോണിക് കടകളില്‍ ആവേശകരുടെ തിക്കും തിരക്കുമായതും, അങ്ങയുടെ മഹത്തായ ഇന്‍ഡസ്ട്രിയല്‍ സൈക്കോളജിയുടെ ഭാഗമാണെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്നുമാത്രമല്ല  ഞങ്ങളുടെ ശിരസ്സുകള്‍ കുനിക്കുകയും ചെയ്യുന്നു.

അതുപോലെ മലയാളതെറിപ്പാട്ടുസാഹിത്യകാരന്മാര്‍ ഒന്നിനൊന്നായി തഴച്ചുവളരാനും അവരുടെ സാഹിത്യങ്ങള്‍ ജനകീയവും ജനഹൃദയങ്ങളിലെ ആവേശവുമാക്കിമാറ്റാനും കാരണമായത്  അങ്ങുതന്നെയാണെന്ന് നിസ്സംശയം പറയാമെന്നാണ് പ്രശസ്ത തെറിപ്പാട്ടുകവിയും വളഞ്ഞചിന്തകനുമായ  ഒലക്കമ്മല്‍പാക്കരന്‍ തട്ടിവിട്ടത്.

എങ്ങിനേ മറ്റൊരാളെ മണ്ടനാക്കാമെന്നു ചിന്തിച്ച് പല മണ്ടത്തരങ്ങളും കാട്ടിക്കൂട്ടുന്ന മഹാ ബുദ്ധിമാന്മാരായ ഞങ്ങള്‍ക്ക് അങ്ങയേപ്പോലുള്ളവരാണ് ലഹരി അങ്ങയേപ്പോലുള്ളവരാണ് ഞങ്ങളുടെ ഇര. ഈയൊരു സൈക്കോളജി വളരെ ഉള്‍ക്കാഴ്ചയോടെ മനസ്സിലാക്കിയ അങ്ങാണോ അതോ മഹാ ബുദ്ധിമാന്മാരായ ഞങ്ങളാണോ മണ്ടന്മാര്‍ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്കു ഇശ്ശി സംശയമില്ലാതില്ലാ എന്നതും അങ്ങയെ അറിയിക്കാന്‍ ഞങ്ങള്‍ താല്പര്യപ്പെടുകയാണ്.

ഇനി ഹോളിവുഡിലും , ബോളിവുഡിലുമൊക്കെയായി അങ്ങു പാണ്ഡിത്യം അവതരിപ്പിക്കാന്‍ തയ്യാറാണെന്ന ന്യൂസുകൂടി ലീക്ക് ആയതോടെ കുത്തുപാളയ്ക്കും പിച്ചച്ചട്ടിയ്ക്കും ഉത്തരേന്ത്യമുതല്‍ അങ്ങ് അമേരിക്കായില്‍ വരേ വന്‍ ഡിമാന്റാണെന്നാണു കേട്ടുകേള്‍വി (ദക്ഷിണേന്ത്യയുടെ കാര്യം പിന്നെ എടുക്കാനില്ലല്ലോ) . സ്റ്റീഫന്‍ സ്പില്‍ ബര്‍ഗും , ജയിംസ് കാമറൂണുമൊക്കെ ഇനി വല്ല വാര്‍ക്കപ്പണിക്കോ മേസ്തിരിപ്പണിക്കോ ഒക്കെ പോവുന്നതാവും നന്നാവുക അല്ലേ സാറേ ?  അവര്‍ക്കൊക്കെ അങ്ങിനെ വേണം.

അല്ലേലും ‘സില്‍മാ’ എന്നൊക്കെപറഞ്ഞ് എന്തൊക്കെയാ അവന്മാരൊക്കെ തട്ടിക്കൂട്ടുന്നത്  പണ്ടെന്നോ ചത്തുപോയ ഏതോ ജീവിയെയും ഏതോ സാങ്കല്പിക ലോകത്തെ ജീവികളേയുമൊക്കെ സില്‍മയില്‍ കൊണ്ടുവന്നിരിക്കുന്നു ഇതില്‍ ഒറിജിനാലിറ്റിയുണ്ടോ ?  വെറും പത്തു ശതമാനം പോലുമില്ലാത്ത മണ്മറഞ്ഞ   ദിനോസറിന്റെ കഥ പറയുമ്പോള്‍ തൊണ്ണൂറു ശതമാനത്തോളം ഒറിജിനാലിറ്റിയുള്ള പോത്തിന്റെ കഥ ആരു പറയും?????

സാര്‍ അങ്ങുതന്നെ ആ കഥയും പറയണമെന്നാണ് ഞങ്ങളുടെ അപേക്ഷ . ‘ ദി ജുറാസിക് പോത്ത് ’ എന്ന സാധാരണക്കാരന്റെ ഹോളിവുഡ് ‘സില്‍മയും’ അങ്ങ് നിര്‍മ്മിക്കുന്നതോടെ വരും തലമുറയുടെ ചരിത്രപുസ്തകത്തില്‍ മണ്മറഞ്ഞുപോയ സിനിമാവ്യവസായത്തേക്കുറിച്ചുള്ള ഒരു അദ്ധ്യായമാണ് തുന്നിച്ചേര്‍ക്കാന്‍ കാരണമാകുന്നത് .  അതിലൂടെ ഗിന്നസ് ബുക്ക് തുടങ്ങി സകല ബുക്കുകളും അങ്ങ് തകര്‍ത്ത് തരിപ്പണമാക്കുമെന്നും ഞങ്ങള്‍ ഉറച്ചുതന്നെ വിശ്വസിക്കുന്നു.

ഗിന്നസ് ബുക്കിന്റെ ഏതോ ഒരു മൊതലാളി അങ്ങയെ “സന്തോഷ് സാറേ” എന്നു വിളിച്ചു സംസാരിച്ചു എന്ന് അങ്ങുതന്നെ വെളിപ്പെടുത്തിയപ്പോള്‍  ഞങ്ങള്‍ ഉറപ്പിച്ചതാണ് ഇതും ഇതിലപ്പുറവുമൊക്കെ ഇവിടെ സംഭവിക്കുമെന്ന് . രണ്ടായിരത്തിപ്പന്ത്രണ്ടാമാണ്ടോടെ ലോകാവസാനമാണെന്ന് ചിലരെങ്കിലും വിശ്വസിച്ചുപോരുന്നതില്‍ കഴമ്പില്ലാ എന്ന സംശയത്തിന്റെ തീരത്ത് ഞങ്ങള്‍ പകച്ചു നില്‍ക്കുകയാണ് എന്നതും ഞങ്ങള്‍ ഒളിച്ചുവെയ്ക്കുന്നില്ല.

ചന്ദനം ചുമക്കുന്ന കഴുതയുടെ മൂക്കിന്റെ പാലം തകര്‍ന്നതിനാല്‍ അതിനു മണക്കാന്‍ കഴിയില്ലാ എന്നുപോലും തിരിച്ചറിയാന്‍ കഴിവില്ലാത്തവരും സില്‍മയില്‍ ഏതെങ്കിലും ഒരേഒരു പണിമാത്രം പണിയാന്‍ അറിയുന്നവരുമായവര്‍ കുളത്തില്‍ കൂടെച്ചാടുന്ന ക്യാമറയൊഴിച്ച് സകല പണികളും പണിയുന്ന സാറിനിട്ടു പണിയുന്നതുകാണുമ്പോള്‍ ഞങ്ങള്‍ വിതുമ്പിപ്പോവാറുണ്ട്  സാറെ . ചീഞ്ഞമുട്ടയും അളിഞ്ഞ തക്കാളിയുമൊക്കെയായി അതി ഭീകരമായ ആയുധങ്ങളായിരുന്നല്ലോ അവര്‍ അങ്ങേയ്ക്കെതിരെ പ്രയോഗിച്ചത്.  ഇനി ഈ മുട്ട വല്ല ഓം‌ലറ്റുമാക്കി എറിഞ്ഞു തന്നിരുന്നെങ്കില്‍ വാ പൊളിച്ചു കൊടുത്താല്‍ അങ്ങയുടെ വിശപ്പിനെങ്കിലും അടക്കം കിട്ടുമായിരുന്നു. അതിനൊക്കെ യുള്ള വിവരം അവര്‍ക്കില്ലല്ലോ എന്നു നമുക്കു സമാധാനിക്കാം സാറേ .

ഇനി അമ്മയും , മാക്ടയും ഫെഫ്കയുമെല്ലാം ആകെ കണ്‍ഫ്യൂഷനിലാകും എന്നാണു കേള്‍ക്കുന്നത് . ഇതില്‍ ഏതിലൊക്കെ സാറിനു മെമ്പര്‍ഷിപ്പുകൊടുക്കാമെന്നു കണ്‍ഫ്യൂഷനടിച്ച് അവന്മാരു ബീഡിപുകയ്ക്കുന്നതോര്‍ക്കുമ്പോള്‍ ചിരിവരുന്നു. അമ്മയില്‍ മെമ്പര്‍ഷിപ്പു കിട്ടിയാല്‍ അങ്ങു ചേര്‍ന്നുകളയാമെന്നുകൂടി അങ്ങു പ്രഖ്യാപിച്ചപ്പോള്‍ സത്യത്തില്‍ ഞെട്ടിയതാരാ എന്നകാര്യത്തിലും ഞങ്ങള്‍ക്കു സംശയമുണ്ട്.

ഇനി കാളിദാസനെക്കൊണ്ടൊരു കവിതയും ജിത്തുഭായിയേക്കൊണ്ട് ചോക്കലേറ്റും പണ്ടാരമടക്കിപ്പിച്ചാല്‍ മലയാള സിനിമ കെട്ടുകെട്ടുമെന്നതില്‍ സംശയമില്ലാ എന്നു നിസ്സംശയം പറയട്ടെ . സൂപ്പര്‍സ്റ്റാറുകളും അവരുടെ ഒരു പണിയുമില്ലാത്ത ഫാന്‍സും ചീമുട്ട യും തക്കാളിയും വാങ്ങാന്‍ ഇനിയെന്തു ചെയ്യുമെന്നുകൂടി നമുക്കൊന്നു കാണണം ഹല്ലപിന്നെ !

“സുബ്രഹ്മണ്യപുരത്തിന്റെ” ഇരട്ടസഹോദരനാണ് അങ്ങയുടെ “കൃഷ്ണനും രാധയുമെന്ന” വാര്‍ത്തകേട്ട അതിന്റെ സംവിധായകന്‍ മ്മടെ ശശിയേട്ടന്‍  (എം.ശശികുമാര്‍) ശരിക്കും വിതുമ്പിയിട്ടുണ്ടാവണം! അല്ല വിതുമ്പിയിട്ടുണ്ട്!! അതുമല്ലേല്‍ മൂക്കേല്‍ കയ്യെങ്കിലും വച്ചിട്ടുണ്ട്!!! ഇതൊക്കെകണ്ട്  പണ്ടേ അസൂയാലുക്കളായ സൂപര്‍സ്റ്റാര്‍ വിത്ത് സൂപ്പര്‍ സംവിധായകര്‍ അസൂയപ്പെടുന്നതില്‍ നമ്മള്‍ അത്ഭുതപ്പെടരുത്. അങ്ങയുടെ എട്ട് നായികമാരെ  കണ്ട് കണ്ണു മഞ്ഞളിച്ച അവമ്മാര്‍ക്കിട്ടൊരു എട്ടിന്റെ പണി തന്നെയായിരുന്നു എട്ടു ഗാനങ്ങളടങ്ങിയ അങ്ങയുടെ “കൃഷ്ണനും രാധയും” എന്ന് ആര്‍ക്കാണറിയാന്‍ പാടില്ലാത്തത്?

പിന്നെ മലയാളത്തിലെത്തന്നെ പല താരങ്ങളും രഹസ്യമായി “പഹയാ ഇജ്ജൊരു ബല്ലാത്ത പഹയനാ” എന്ന് സാറിനെ വിളിച്ച് അഭിനന്ദിച്ചതും സാറിലെ ആ ഒരു ഇതാണ് ഞങ്ങള്‍ക്കു കാണിച്ചുതരുന്നത്. ഇത്രയൊക്കെ സംഭവമായ മലയാള സിനിമയെത്തന്നെ ഉഴുതുമറിച്ച് പയറു വിതച്ച അങ്ങയെ ചെറിയവനായിക്കാണുന്നവര്‍ ഇവിടെയുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് ഞങ്ങളെ ഈ കത്തെഴുതാന്‍ പ്രേരിപ്പിച്ചത് . അങ്ങ് ഒന്നുകൊണ്ടും പതറരുത്  അങ്ങയുടെ കൂടെ ഞങ്ങളുണ്ട് . ഞങ്ങളില്‍ ഞങ്ങളുടെ ബുദ്ധി ( ഭയങ്കര ബുദ്ധിയും കാര്യപ്രാപ്തിയും) നിലനില്‍ക്കുന്നിടത്തോളം കാലം അങ്ങും അങ്ങയേപ്പോലുള്ളവരും യൂറ്റൂബിലും മറ്റുമായി ഹിറ്റുകള്‍ വാരിക്കൂട്ടുകതന്നെ ചെയ്യും.

 ഞങ്ങള്‍ വിതയ്ക്കുന്നു അങ്ങ് കൊയ്യുന്നു  എന്നതിനു കാരണം ഭൂമി ഉരുണ്ടതായതുകൊണ്ടൊന്നുമല്ല  മറിച്ച്  കറുത്ത കോഴിക്ക് വെളുത്തമുട്ടയല്ലാതെ ഇടാന്‍ കഴിയില്ലാ എന്ന ഇന്‍ഡസ്ട്രിയല്‍ പണ്ഡിറ്റ് സൈക്കോളജിയാണ്.

എന്ന് ഒരുകൂട്ടം മല്ലൂസ്  ഫ്രം എസ്.പി. സാര്‍ ഫാന്‍സ് ആന്‍ഡ് എയര്‍കണ്ടീഷണര്‍ അസോസിയേഷന്‍ ഇന്‍ഡസ്ട്രിയല്‍ സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റ് . (ഒപ്പ്)

വാല്‍ക്കഷണം :- സന്തോഷ് പണ്ഡിറ്റിനെ നാം കുറ്റം പറയുന്നതില്‍ അര്‍ത്ഥമുണ്ടോ? നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ അല്പം തൊലിക്കട്ടിയുപയോഗിച്ച്  ക്യാമറയൊഴിച്ച് സകല പണികളും ചെയ്ത   സന്തോഷ് പണ്ഡിറ്റിന്  (തന്റെ  ചങ്കൂറ്റത്തിനു) മലയാള സിനിമാകാര്‍ണവര്‍ മധുവില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങാനും ഭാഗ്യമുണ്ടായി. ഇതില്‍ കൂടുതല്‍ എന്തോ വേണം?   തെറിവിളിച്ചും കളിയാക്കിയുമൊക്കെ പണ്ഡിറ്റിനെ മണ്ടനും തിരുമണ്ടനുമൊക്കെയാക്കിയ നമ്മള്‍ ആരായി?! 

11 comments:

രസികന്‍ said...

ഇനി കാളിദാസനെക്കൊണ്ടൊരു കവിതയും ജിത്തുഭായിയേക്കൊണ്ട് ചോക്കലേറ്റും പണ്ടാരമടക്കിപ്പിച്ചാല്‍ മലയാള സിനിമ കെട്ടുകെട്ടുമെന്നതില്‍ സംശയമില്ലാ എന്നു നിസ്സംശയം പറയട്ടെ . സൂപ്പര്‍സ്റ്റാറുകളും അവരുടെ ഒരു പണിയുമില്ലാത്ത ഫാന്‍സും ചീമുട്ട യും തക്കാളിയും വാങ്ങാന്‍ ഇനിയെന്തു ചെയ്യുമെന്നുകൂടി നമുക്കൊന്നു കാണണം ഹല്ലപിന്നെ !

Noushad Thekkiniyath said...

Kuttam parayaruthallo...Iratta Chankaanu Pahayanu...malayaala cinemayil alla...Loka cinenmayil thanne ingane oru sambavam aaadhyamalley?

പൊട്ടന്‍ said...

എന്റെ രസികാ,

ഒരാള്‍ക്ക്‌ ഒരു സിനിമാ നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ടായി. ഏതോ നിര്‍ബന്ദങ്ങളുടെ പുറത്തു എല്ലാം സ്വയം ചെയ്യാന്‍ തോന്നി. "യൂ" ട്യൂബില്‍ ഗാനങ്ങള്‍ കയറ്റി വിട്ടത് അയാള്‍ക്ക്‌ ഒരു പക്ഷെ, സ്വയം തോന്നിയിരിക്കാം ഇത് ഉത്തമമായ കലാസൃഷ്ടി ആണെന്ന്. അത് ഏവര്‍ക്കും തോന്നുന്നത്. ഞാന്‍ ചെസ്സില്‍ ഒരു മൂവ് നടത്തുമ്പോള്‍ പുറത്തിരിക്കുന്ന രസികന് അത് ശരിയായി തോന്നാം തെറ്റായി തോന്നാം. രണ്ടു മൂവ് ചിന്തിക്കാന്‍ കഴിവുള്ള എന്റെ മൂവ് ഒന്നര മൂവ് ആലോചിക്കുന്നവനും പതിനെട്ടു മൂവ് ആലോചിക്കുന്നവനും കാണുന്നതില്‍ വ്യത്യാസമുണ്ട്. ചിലപ്പോള്‍ എന്റെ നീക്കത്തിന്റെ advantage പതിനെട്ടു നീക്കങ്ങള്‍ മുന്നില്‍ കണ്ടവന് പ്രഹേളികയും ഒന്നര മൂവ് മുന്നില്‍ കണ്ടവന് വിഡ്ഢിത്തവുംആയി തോന്നാം. സിനിമ എന്നാ സങ്കല്‍പം വികലമായി മാറ്റി മറിച്ച ഒരു സൃഷ്ടി കാണുന്നതില്‍ അപ്പുറം ഒന്നും താല്പര്യം ഈ " ഇളക്കിമറിച്ചിലിനു" പുറകിലില്ല. സൂപ്പര്‍ നടന്മാരും സൂപ്പര്‍ സംവിധായകരും ഇത്തരത്തില്‍ തുടക്കത്തില്‍ ഒരു സിനിമ തന്നിരുന്നുവെങ്കില്‍ അവര്‍ക്ക് ഇത്ര കാലം തുടരാന്‍ കഴിയുമായിരുന്നോ?
നാളെ തൊട്ടു രസികന്‍ ഒന്ന് ഷര്‍ട്ട്‌ തിരിച്ചിട്ടു നടക്കൂ. ഷര്‍ട്ട്‌ നേരെയിട്ടു നടക്കുന്നവരെക്കാള്‍ ശ്രദ്ദ കിട്ടും. രസികന് ഒരു പത്തു ഉദാത്തമായ നര്‍മ്മലേഖനങ്ങള്‍ ഒറ്റയടിക്ക് എഴുതാനകുമോ? എല്ലാം വന്നു ഭവിക്കുന്നതല്ലേ? അതുപോലെയാണ് ലജന്റ്കളായ കലാകാരന്മാരും.

ഒരു കാര്യത്തിനുത്തരം തരാമോ?
ഇത് പോലെ മാത്രം സിനിമകള്‍ ഇനി ഉണ്ടാവണം? ഉണ്ടാകേണ്ട? എന്താ രസികന്റെ ഉത്തരം?

രസികന്‍ said...

നൌഷാദ് : ഹഹ...:) വന്നതിനും കമന്റടിച്ചതിനും നന്ദി

പൊട്ടന്‍: (സോറി. അങ്ങിനെ വിളിക്കുന്നതില്‍ ഖേദമുണ്ട് താങ്കളുടെ യഥാര്‍ത്ഥ പേര് അറിയാത്തതുകൊണ്ടാണ്): താങ്കള്‍ പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത് മലയാള സിനിമയെ വികൃതപ്പെടുത്തും വിധമുള്ള ഇത്തരം വികൃതികളോട് എനിക്ക് താല്പര്യവുമില്ല. ഈയൊരു സംഗതിക്കു നിലനില്പ് ഒട്ടുമില്ലാ എന്നതുമറിയാം. ഒരു ചാനലില്‍ നടത്തിയ പ്രോഗ്രാമില്‍ ഒരു പ്രേക്ഷകന്‍ പറയുകയുണ്ടായി ധൈര്യമായിട്ടു തെറിവിളിച്ചു കാണാന്‍ പറ്റിയ ഒരു സിനിമ എന്ന്. ചെറുപ്പക്കാര്‍ തെറിവിളിച്ച് ആഘോഷിക്കുകയാണ് എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു ( ഞാന്‍ സിനിമ കണ്ടിട്ടില്ല ). ഈയൊരു സിനിമയോടെ ഇതിലെ കൌതുകം നഷ്ടമാവുകയും ചെയ്യും. മധുസാറിനേയും ഗണേഷ് കുമാറിനേയും പോലുള്ളാവര്‍ എന്തിനാണ് അവാര്‍ഡ് കൊടുത്തതെന്നും (അവാര്‍ഡ് ഫംഗ്ഷനില്‍ പങ്കെടുത്തത്) മനസ്സിലാവുന്നില്ല . സിനിമാ എന്നത് എന്തു കോപ്രായിത്തവും കാട്ടി പണമുണ്ടാക്കാനുള്ള സംഗതിയാണെന്ന് ഇത് ബോധ്യമാക്കിത്തരുന്നു. . സന്തോഷ് പണ്ഡിറ്റ് ചിലപ്പോള്‍ ഏറ്റവും വലിയ ബുദ്ധിമാനായിരിക്കാം അല്ലെങ്കില്‍ ഒരു പമ്പര വിഢിയായിരിക്കാം എന്തൊക്കെത്തന്നെയായാലും ഇനി ഇത്തരത്തിലൊരു (തെറിവിളിച്ചു ആഘോഷിക്കപ്പെടുന്ന) സിനിമ ഉണ്ടാവരുത് എന്നുതന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അയാള്‍ പറയുന്നതു ശരിയാണെങ്കില്‍ ഒറ്റയ്ക്കു ഒരു ഫിലിമെടുത്ത് തിയേറ്ററിലെത്തിക്കാന്‍ കഴിഞ്ഞുവെങ്കില്‍ അതൊരു ധൈര്യമാണ് അതിനെ ഞാന്‍ അംഗീകരിക്കുന്നുവെന്നു പറയാതെ വയ്യ. താങ്കള്‍ വന്നതിനും കമന്റു തന്നതിനും നന്ദിയുണ്ട്

കുമാരന്‍ | kumaran said...

എന്തോരം ബോറൻ സീരിയൽ നിത്യേന കാണുന്നുണ്ട്, അതിനേക്കാൾ ഭേദമാണീ പണ്ഡിതൻ. അയാളുടെ കോപ്രായങ്ങൾ കണ്ടാൽ ചിരിക്കാത്തവരുണ്ടോ?

പട്ടേപ്പാടം റാംജി said...

രണ്ടായിരത്തിപ്പന്ത്രണ്ടാമാണ്ടോടെ ലോകാവസാനമാണെന്ന് ചിലരെങ്കിലും വിശ്വസിച്ചുപോരുന്നതില്‍ കഴമ്പില്ലാ എന്ന സംശയത്തിന്റെ തീരത്ത് ഞങ്ങള്‍ പകച്ചു നില്‍ക്കുകയാണ് എന്നതും ഞങ്ങള്‍ ഒളിച്ചുവെയ്ക്കുന്നില്ല.

ഓരോരു പണ്ഡിറ്റുമാര്‍......

ശ്രേയസ് said...

sir ayaalude film mosamayirikkam .pakshe ottykku 17 eannam cheytha adhehathe abhinandhikkukayalle veandathu ? oru film directorkko ,actorkko aarkkum adhehathe vimarsikkam avakasamilla. ithinekkal mikachareethiyil 17 eannam ottaykku cheytha oru actor /director undo eankil avarkku maathrame ithu cheyyan pattullu.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

കുമാരൻ പറഞ്ഞത് ഞാനും പറയട്ടെ :)

ഇങ്ങിനെയും കിടക്കട്ടെ ഒരെണ്ണം

വയ്സ്രേലി said...

ഇവിടെ 5-50 കോടി മുടക്കി നിലവാരമില്ലാത്ത സിനിമ പിടിക്കുന്നു. അതൊക്കെ കണ്ട് നടക്കുന്ന പ്രേക്ഷകൻ വെറും 5 ലക്ഷം രൂപ മുടക്കി ഒരു സിനിമ പിടിച്ചു. ആ പ്രേക്ഷകനായിരുന്നു നമ്മുടെ സന്തോഷ് പണ്ഡിത്ത്.

മനസിൽ തോനിയ ഒരു ആശയം രൂപപെടുത്തി, അതിൽ വിജയിച്ച പണ്ഡിത്ത് ഒരു കലാകാരനല്ലായിരിക്കാം. പക്ഷെ സ്വന്തം കഴിവുകളും, കുറവുകളും ഇത്ര നന്നായി ഉപയോഗിച്ച ഒരു വ്യക്തിയെ കുറിച്ച് കുറ്റം പറയാൻ ഞാൻ യോഗ്യനാണോ?

അല്ലാത്തതു കൊണ്ട് സന്തോഷ് പണ്ഡിത്തിനു എല്ലാ ആശംസകലും നേരുന്നു. കൂടെ രസികനും.

രസികന്‍ said...

കുമാര്‍ജീ: ശരിയാ... ഹഹ വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി

പട്ടേപ്പാടം ജീ : പണ്ഡിറ്റുമാര്‍ മലയാളിക്കൊരു നേരം‌പോക്കാണെങ്കില്‍ അവരതിനെ ഭംഗിയായി മാര്‍കറ്റു ചെയ്യുന്നുണ്ട് !! :) വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി

ശ്രേയസ്: ഒറ്റയ്ക്കു പതിനെട്ട് സംഗതികള്‍ ചെയ്തു എന്നാണ് പണ്ഡിറ്റ് പറയുന്നത് , തീര്‍ച്ചയായിട്ടും അതിനെ നാം അംഗീകരിക്കണം .. പക്ഷേ അദ്ധേഹത്തിന്റെ സിനിമയും ഗാനങ്ങളുമൊക്കെ തെറിവിളിച്ചാണ് ചെറുപ്പക്കാര്‍ ആഘോഷിക്കുന്നത് എന്നു കേട്ടു . ഈയൊരു അവസ്ഥയുണ്ടാക്കിയതിനോടെനിക്കു യോജിപ്പില്ല .... വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി


ബഷീര്‍ജി: ഉം....:) വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി

വയ്സ്രേലി : സ്വന്തം കഴിവിനനുസരിച്ച് ഒരുപടമെടുത്ത് അതിലെ മിക്കവാറും ജോലികള്‍ ഒറ്റയ്ക്കു ചെയ്ത് ... അവസാനം തിയേറ്ററുകള്‍ വരേ വാടകയ്ക്കെടുത്ത് തന്റെ സിനിമ തിയേറ്ററിലെത്തിച്ച സന്തോഷ് പണ്ഡിറ്റിനെ അല്ലേല്‍ അദ്ധേഹത്തിന്റെ ആ ഒരു ചങ്കൂറ്റത്തെ അംഗീകരിക്കുന്നു .... പക്ഷേ മറ്റുള്ളതെല്ലാം തെറ്റാണെന്നും താന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതു മാത്രമാണ് ശരിയുമെന്നതാണ് അയാളുടെ നിലപാടെന്നത് ഏറെ ഖേദകരമാണ് (പല അഭിമുഖങ്ങളും കണ്ടതില്‍ നിന്നും മനസിലായത് ) . പിന്നെ നല്ല ഒത്തിരി പടങ്ങള്‍ സന്തോഷ് പണ്ഡിറ്റിന്റെ വരവിനു മുന്‍പ് കണ്ടുപോയതുകൊണ്ടായിരിക്കാം അയാളുടെ ട്രൈലര്‍ കണ്ടതില്‍ നിന്നും ഒരു അഭിപ്രായത്തിലെത്താന്‍ കഴിഞ്ഞത് (കൃഷ്ണനും രാധയും ഞാന്‍ കണ്ടിട്ടില്ല. കാണാന്‍ അവസരം കിട്ടിയാല്‍ കാണുകയും ചെയ്യും ). ചെറുപ്പക്കാര്‍ തിയേറ്ററുകളില്‍ തെറിവിളിച്ചാണ് ഈ സിനിമ ആഘോഷിക്കുന്നത് ...യൂറ്റൂബിലെ കമന്റില്‍ നിന്നും പുതിയ തെറിവാക്കുകള്‍ കിട്ടാന്‍ വേണ്ടിയാണ് പണ്ഡിറ്റിന്റെ ലിങ്കില്‍ ക്ലിക്കുന്നത് എന്ന് ചില ചെറുപ്പക്കാര്‍ അഭിപ്രായം പറയുകയുമുണ്ടായി ... ഇത് നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയുള്ള ഒരു സന്തോഷിന്റെ ഒരു ബിസിനസ് തന്ത്രവുമായിരിക്കാം ഇതിനോട് യോജിക്കാന്‍ കഴിയുന്നില്ല ... ഇന്ന് തകര്‍ച്ചയിലേയ്ക്കു കൂപ്പുകുത്തുന്ന (ചില നല്ല വേറിട്ട സിനിമകള്‍ ഇന്നും ഉണ്ട് എന്നതു മറക്കുന്നില്ല) മലയാളം സിനിമയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഒരു ഉണര്‍വു നല്‍കാന്‍ സന്തോഷിനു കഴിഞ്ഞു എന്നുവേണമെങ്കില്‍ പറയാം .... വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി

സുധി അറയ്ക്കൽ said...

പാവം പണ്ഡിതൻ.