Monday, November 28, 2011

മുല്ലപ്പെരിയാറില്‍ ‘സാധ്യമായത് ’

റെ ചർച്ചചെയ്യപ്പെട്ടതും, ചെയ്യപ്പെടുന്നതുമായ വിഷയമാണ്‌ മുല്ലപ്പെരിയാറിന്റേതെന്നത് നമുക്കേവര്‍ക്കുമറിയാം.അതുകൊണ്ടുതന്നെ  മുല്ലപ്പെരിയാർ ചരിത്രപുസ്തകത്താളുകളിൽ വൻ ദുരന്തമെന്ന നാമധേയത്തോടെ ഇടംപിടിക്കാതിരിക്കണമെങ്കിൽ നമ്മൾ ഓരോ മലയാളികളുടേയും ജാതി, മത, രാഷ്ട്രീയഭേദമെന്യേയുള്ള കൂട്ടായ്മ  അത്യാവശ്യമാണ്‌ .

തികഞ്ഞ സാമ്പത്തിക നഷ്ടവും അതിലുമുപരിയായ മുപ്പതു ലക്ഷത്തോളം ജീവഹാനിയും ഇവിടെ സംഭവിച്ചു കഴിഞ്ഞാല്‍ ആരു മറുപടി പറയുമെന്നു ചോദിക്കുന്നതിനുമുന്‍പ്  സംഭവശേഷം ഒരു മറുപടിക്കോ ഖേദപ്രകടനത്തിനോ മുതലക്കണ്ണീരിനോ ഒന്നുംതന്നെ പ്രസക്തിയില്ലെന്നുമാത്രമല്ല  നഷ്ടം നികത്താനും കഴിയില്ല എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു!

കൂടെക്കൂടെയുണ്ടായിക്കൊണ്ടിരിക്കുന്ന ഭൂചലനങ്ങള്‍ ഒരു പ്രദേശത്തെ ജനത്തെ മുഴുവന്‍ ഭീതിയിലാക്കിക്കൊണ്ടിരിക്കുകയാണെന്നുമാത്രമല്ല,  വന്‍ ബോംബ് ബ്ലാസ്റ്റിനെപോലും കവച്ചുവെയ്ക്കാന്‍ തക്ക ശക്തിയുള്ള വെള്ളപ്പാച്ചിലായിരിക്കും മുല്ലപ്പെരിയാറിന്റെ തകര്‍ച്ചയോടെ ഇവിടെ സംഭവിക്കുന്നതെന്ന തിരിച്ചറിവ്‌ ഈ ഭീതിക്ക് ഒന്നുകൂടി ആക്കം കൂട്ടുന്നതുകൂടിയാണ്.

പരസ്പരം പഴിചാരിയതുകൊണ്ടോ ‘പണ്ട് അങ്ങിനെ ചെയ്തിരുന്നെങ്കില്‍ ഇന്ന് ഇങ്ങിനെയുണ്ടാവുമായിരുന്നില്ലാ’ എന്നചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയതുകൊണ്ടോ ഒന്നും ഇവിടെ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. ഇനിയെന്ത് , എങ്ങിനെ എന്ന തീരുമാനങ്ങള്‍ കൂട്ടായ്മയോടെയെടുത്ത് മുന്നേറുന്നതിലൂടെ നമുക്ക് കേരളത്തെ ഭീതിയിലാഴ്ത്താനിരിക്കുന്ന ഒരു വന്‍ ദുരന്തത്തെ ഒഴിവാക്കിയെടുക്കാന്‍ കഴിയുകതെന്നെ ചെയ്യും.

ഇനി തമിള്‍തലൈവിയുടെ പരീക്ഷണ നിരീക്ഷ വീക്ഷണത്തിലൂടെ നോക്കുകയാണെങ്കില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്‍പതല്ല 9999999 ആണ്ടുകഴിഞ്ഞാലും മുല്ലപ്പെരിയാറിനു ഒരു ചുക്കും കഷായവും  സംഭവിക്കില്ലപോലും! കാരണം ഡാം പണിതിരിക്കുന്നത് ചുണ്ണാമ്പും ചക്കരയുമൊക്കെ ഉപയോഗിച്ചാണല്ലോ  ... പ്ലാസ്റ്റിക് സര്‍ജറി  അളക്കുന്ന അളവുകോലുവച്ചല്ല ഒരു ജല സംഭരണിയുടെ  അളവെടുക്കേണ്ടതെന്ന സത്യം തലൈവി മനസ്സിലാക്കിയിട്ടും മനസ്സിലായില്ലാ എന്നു നടിക്കുകയാണോ എന്നതില്‍ അല്പം സംശയം ബാക്കി...

എന്തിനും ഏതിനും കയറി വിടുവായത്തം വിടുന്നവര്‍വരേ ഇന്നു മൌനികളാണെന്നതും വളരെ ശ്രദ്ധേയമാണ് ... ഇതിനെ വിമര്‍ശിക്കുകയല്ല, മറിച്ച് മലയാളികളുടെ ശക്തമായ കൂട്ടായ്മയുണ്ടെങ്കില്‍ മുല്ലപ്പെരിയാര്‍ പുതുക്കിപ്പണിയുകയെന്നത് അനായാസേന നടപ്പിലാക്കാവുന്നതാണ് എന്ന തോന്നലുകൊണ്ട്  പറഞ്ഞുപോകുന്നതാണ്.  സാധാ വോട്ടര്‍മാര്‍ മുതല്‍ മന്ത്രിമാര്‍ വരേ സംഘടിക്കാന്‍ തയ്യാറാവണമെന്നുമാത്രം.

അതുപോലെതന്നെ അമിത സിനിമാപ്രണയമുള്ള തമിഴന്‍ മാറിച്ചിന്തിച്ചുപോകുമോയെന്ന ഭയംകൊണ്ടാണെന്നുതോന്നുംവിധമാണ്  ‘DAM 999’നു തമിഴ്നാട്ടില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത്!  അങ്ങിനെയാണെങ്കില്‍ സിനിമാ താരങ്ങള്‍ക്കും സിനിമയ്ക്കും അമിത പ്രാധാന്യം കല്പിക്കുന്ന തമിഴ് മക്കളെ തിരിച്ചുവിടാന്‍ ചിലപ്പോള്‍ സിനിമാക്കാര്‍ക്കു സാധിച്ചേക്കാം ... തമിഴ് സിനിമകള്‍ കാണാന്‍ ( എത്ര ഭയങ്കരന്‍ ഫിലിം ആയാല്‍ പോലും)  കേരളത്തിലെ തിയേറ്ററുകളില്‍  ആളെക്കിട്ടില്ലാ എന്ന സ്ഥിതിവിശേഷം വന്നാല്‍ (വരുത്തിത്തീര്‍ത്താല്‍ )  തമിഴ് ഫിലിം ഇൻഡസ്ട്രി ഒന്നു ഇരുന്നു ചിന്തിക്കില്ലേ?! ഏതെങ്കിലുമൊരു നടനേയോ നടിയേയോ ഉപയോഗിച്ച് മുല്ലപ്പെരിയാറിന്നനുകൂലമായി ഒരു പ്രസ്ഥാവനയെങ്കിലും ഇറക്കിക്കിട്ടിയാല്‍,  അത് ഏതെങ്കിലും തരത്തിലൊരു മുതല്‍ക്കൂട്ടാവില്ലേ?   ഇതൊരു മണ്ടന്‍ ആശയമാണെന്നു തോന്നിയാലും ‘അണ്ണാറക്കണ്ണനും തന്നാലായത്” ചെയ്തു എന്നെങ്കിലും നമുക്കു സമാധാനിക്കാം.

തമിഴനെ വെറുക്കണമെന്നോ അവര്‍ നമ്മുടെ നാടിന്റെ ശാപമാണെന്നോ ഒന്നുംതന്നെ എനിക്കഭിപ്രായമില്ല. പല അവശ്യവസ്തുക്കളും തമിഴ്നാട്ടില്‍നിന്നാണ് കേരളത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നതെന്നുമാത്രമല്ല  ചെന്നൈയിലും മറ്റുമായി ജോലിചെയ്ത് അനേകം മലയാളികള്‍ ജീവിച്ചുപോകുന്നുമുണ്ട്.  എങ്കിലും മുപ്പതുലക്ഷത്തിനുമുകളില്‍ ജീവനാശവും, കോടിക്കണക്കിനു സാമ്പത്തികനഷ്ടവുമുണ്ടാക്കിവെക്കാന്‍ തക്കവണ്ണം ശക്തിയുള്ള മുല്ലപ്പെരിയാര്‍ സംഭവത്തില്‍ സത്യമറിഞ്ഞിട്ടും ഉപാധികള്‍ക്കും പോംവഴികള്‍ക്കും തയ്യാറാവാതെ മുടന്തന്‍ സിദ്ധാന്തങ്ങള്‍ വിളമ്പി ഇരുട്ടാക്കിമാറ്റുന്ന തമിഴ് നേതൃത്വത്തെ അംഗീകരിക്കാന്‍ കഴിയുന്നില്ല.

പുതിയ ഡാം വരുന്നതോടെ തമിഴനു കൊടുത്തുകൊണ്ടിരിക്കുന്ന വെള്ളം നിര്‍ത്തലാക്കുമെന്നുപോലും കേരളമുന്നയിക്കാത്തിടത്തോളം കാലം ഒരു സിദ്ധാന്തത്തിനും വാദത്തിനും ഇവിടെ പ്രസക്തില്ലതാനും. പിന്നെയെന്തിനാ ഈ കടുംപിടുത്തമെന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.

മുല്ലപ്പെരിയാറിനേക്കുറിച്ച് എനിക്കു കൂടുതലൊന്നും പറയാനില്ല. പല ലേഖനങ്ങളിലൂടെയും പത്രവാര്‍ത്തകളിലൂടെയുമൊക്കെയായി കാര്യങ്ങള്‍ നമുക്ക് വ്യക്തവുമാണ് ... സംഭവിക്കാന്‍ പോകുന്ന ദുരന്തത്തിനുസാക്ഷിയാവാതിരിക്കണമെങ്കിലും‍, അഗതികളും അനാഥകളും വികലാംഗരുമായേക്കാവുന്ന അനേകം സഹജീവനുകളുടെ കണ്ണുനീര്‍ കാണാതിരിക്കണമെങ്കിലും നമ്മള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാകൂ.

 ഇനിയെങ്കിലും പരസ്പര പഴിചാരലുകളും വിദ്വേഷങ്ങളുമെല്ലാമുപേക്ഷിച്ച് കേരളത്തിലെ രാഷ്ട്രീയകക്ഷികള്‍ ഒന്നിച്ചു നിന്ന്  മുല്ലപ്പെരിയാര്‍ ഡാം പുതുക്കിപ്പണിയുന്നതിനും ഇതര പരിഹാര മാര്‍ഗ്ഗങ്ങള്‍ക്കും മുന്‍‌കൈയെടുക്കുമെന്നു നമുക്കു പ്രത്യാശിക്കാം. അല്ലെങ്കില്‍ ബാലറ്റു പെട്ടിയില്‍  കുത്തിനിറയ്ക്കുന്നത് വെറും ചവറുകടലാസുകള്‍ മാത്രമാണെന്നു മനസ്സിലാക്കുന്ന ജനം പരിഹാരത്തിനായി മാര്‍ഗ്ഗങ്ങള്‍ പലതും സ്വീകരിച്ചെന്നിരിക്കും.

‘മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിന് സാധ്യമായതെല്ലാം ചെയ്യാ’മെന്നു പ്രധാനമന്ത്രി ഡോ: മന്മോഹന്‍ സിംഗ് കേരളത്തില്‍നിന്നുള്ള എം.പി മാര്‍ക്കു നല്‍കിയ ഉറപ്പില്‍  തല്‍ക്കാലം പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട്,  പ്രധാനമന്ത്രി പറഞ്ഞ ‘സാധ്യമായത് ’ ദുരന്തമുഖത്തു പകച്ചുനില്‍ക്കേണ്ടിവരുന്ന ലക്ഷക്കണക്കിനു ജന്മങ്ങള്‍ക്ക് ആശ്വാസമാകുംവിധമാകട്ടേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.


Thursday, November 10, 2011

പണ്ഡിറ്റിനൊരു സന്തോഷക്കുറിപ്പ്..സൈകോളജി (അതും ഇന്‍ഡസ്ട്രിയല്‍ ), സ്നേഹോളജി,  മേസ്തിരിയോളജി, ഗാനോളജി, എഡിറ്റിംഗോളജി, സംവിധാനോളജി, കോസ്റ്റ്യൂം സെലക്ഷനോളജി തുടങ്ങി നൂറ്റിയഞ്ചില്‍ പരം ഓളജികള്‍ക്കധിപനായ  സന്തോഷ് പണ്ഡിറ്റ് എന്നു നീട്ടിയും എസ്.പി സാര്‍ എന്ന് കുറുക്കിയും ഞങ്ങള്‍ വിളിച്ചുപോരുന്ന പ്രിയ കലാകാരന്‍ വായിച്ചറിയാന്‍ ഒരു പറ്റം മലയാളികള്‍ സമര്‍പ്പിക്കുന്നത്.

തകര്‍ച്ചയില്‍ നിന്നു വീണ്ടും തകര്‍ച്ചയിലേയ്ക്കു കൂപ്പുകുത്തി കോപ്പിലായിക്കൊണ്ടിരിക്കുന്ന മലയാള ‘സില്‍മ’യെയാണ് അങ്ങ് കൈപിടിച്ചുയര്‍ത്തിയത്. അതിനു അങ്ങയെ അഭിനന്ദിച്ചു വീര്‍പ്പുമുട്ടിച്ചു കളയാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ് , പാ‍ത്തിരിക്കുകയാണ്.

അങ്ങയുടെ വരവോടെ നമ്മുടെ നാട്ടില്‍ എന്തെല്ലാം മഹാദ്ഭുതങ്ങളാണു സംഭവിച്ചൂകൊണ്ടിരിക്കുന്നതെന്ന് അങ്ങേയ്ക്കറിയാമൊ?

 മലയാളം ചാനലുകള്‍ കാണുമ്പോള്‍ ഛേ.. യാഹ്ച്ഛീ ... ഛോ... ഛൌ.. എന്നൊക്കെ ഒച്ചപ്പാടുണ്ടാക്കി ഫാഷന്‍ ചാനലുകളിലും, ഹിന്ദി കം ഇംഗ്ലീഷ് ചാനലുകളിലുമൊക്കെയായി ചുറ്റിയടിച്ചുകൊണ്ടിരുന്ന   ന്യൂ ജനറേഷന്‍ മല്ലൂസ്  (ചിലര്‍ ‘ബ്ലഡി മല്ലൂസ്സ് ’എന്നു ബഹുമാനാദരവോടേയും വിളിക്കാറുണ്ട്)  അങ്ങയുടെ മഹത് ഭാഷണം കേള്‍ക്കാനും കാണാനും വേണ്ടി മാത്രം മലയാളം ചാനലുകള്‍ക്കായി റിമോട്ട് കണ്ട്രോളില്‍ ആഞ്ഞാഞ്ഞു കുത്താന്‍  തുടങ്ങിയിരിക്കുന്നു ( ഈ കുത്തല്‍  കാരണമായാണ്  ഉണങ്ങിക്കിടന്നിരുന്ന പല ചാനലുകളുടേയും ‘കുത്തുകള്‍ ’ കുത്തനെ ഉയര്‍ന്നിരിക്കുന്നത് ).

അതുപോലെ നമ്മള്‍ മലയാളികള്‍ വീടുകളില്‍ ഹിന്ദി ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന മഹത് തത്വം സാറ് ഇവിടെ വാരിവിതറിയപ്പോള്‍  ഇംഗ്ലീഷ് ഭാഷാ പഠന സഹായി , ഹിന്ദി ഭാഷാ പഠനസഹായി തുടങ്ങിയവയ്ക്ക് വന്‍ ഡിമാന്റാണെന്നാണു കേള്‍ക്കുന്നത്. ഇതു ഞങ്ങളെ കോള്‍മയില്‍ കൊള്ളിക്കുന്നതിലുമുപരിയായി ഇക്കിളിയാക്കുകയും ചെയ്യുന്നു.


വര്‍ത്തമാന പത്രങ്ങളിലും മാസികകളിലുമൊക്കെയായി അങ്ങയുടെ ചിരിക്കുന്ന മോന്തായം വിത്ത് പല്ല്  തുടങ്ങിയവയുടെ ചിത്രങ്ങള്‍ വന്നുതുടങ്ങിയതോടെ അവരുടെ വരവുകളും കുത്തനെ ഉയര്‍ന്നിരിക്കുകയാണെന്നാണ് ഇവിടെ പലരും പറഞ്ഞു നടക്കുന്നത്.

നൂറ്റിയഞ്ച് ആര്‍ട്ടിസ്റ്റുകളടക്കം അങ്ങ് ആരെയൊക്കെ എവിടെയൊക്കെ പിടിച്ച് കുത്തനെ ഉയര്‍ത്തീ എന്നത് അങ്ങേയ്ക്കു പോലും എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തവണ്ണം ഉയര്‍ന്നതാണെന്നതു ഞങ്ങള്‍ അഹങ്കാരത്തോടെ ഓര്‍ക്കുകയാണ്.

എന്തിനേറെ പറയണം, ഇലക്ട്രോണിക് വിപണിക്ക്പോലും അങ്ങ് വന്‍ സംഭാവനയാണ് പിരിച്ചു നല്‍കിയത് എന്നു കേള്‍ക്കുമ്പോള്‍ ഇതാ ഞങ്ങള്‍ കോരിയങ്ങു തരിച്ചുപോവുകയാണ് .

 അങ്ങയുടെ ഗാനരംഗവും ചന്ദ്രനിലെ നടത്തവുമൊക്കെ കണ്ട് ആവേശം മൂത്ത് പഴുത്ത് പണ്ടാരമടങ്ങിയ പ്രേക്ഷകര്‍ കണ്ണിനുമുന്‍പില്‍ കണ്ട ടി.വി, ലാപ്ടോപ്, റിമോട്ട്, ഹോം തിയേറ്റര്‍ തുടങ്ങിയവയില്‍ തങ്ങളുടെ ‘ആവേശം’ തീര്‍ത്തപ്പോള്‍ തകര്‍ന്നുപോയ ഈ വകകള്‍ക്കു പകരം പുതിയതു വാങ്ങിക്കാന്‍  ഇലക്ട്രോണിക് കടകളില്‍ ആവേശകരുടെ തിക്കും തിരക്കുമായതും, അങ്ങയുടെ മഹത്തായ ഇന്‍ഡസ്ട്രിയല്‍ സൈക്കോളജിയുടെ ഭാഗമാണെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നുവെന്നുമാത്രമല്ല  ഞങ്ങളുടെ ശിരസ്സുകള്‍ കുനിക്കുകയും ചെയ്യുന്നു.

അതുപോലെ മലയാളതെറിപ്പാട്ടുസാഹിത്യകാരന്മാര്‍ ഒന്നിനൊന്നായി തഴച്ചുവളരാനും അവരുടെ സാഹിത്യങ്ങള്‍ ജനകീയവും ജനഹൃദയങ്ങളിലെ ആവേശവുമാക്കിമാറ്റാനും കാരണമായത്  അങ്ങുതന്നെയാണെന്ന് നിസ്സംശയം പറയാമെന്നാണ് പ്രശസ്ത തെറിപ്പാട്ടുകവിയും വളഞ്ഞചിന്തകനുമായ  ഒലക്കമ്മല്‍പാക്കരന്‍ തട്ടിവിട്ടത്.

എങ്ങിനേ മറ്റൊരാളെ മണ്ടനാക്കാമെന്നു ചിന്തിച്ച് പല മണ്ടത്തരങ്ങളും കാട്ടിക്കൂട്ടുന്ന മഹാ ബുദ്ധിമാന്മാരായ ഞങ്ങള്‍ക്ക് അങ്ങയേപ്പോലുള്ളവരാണ് ലഹരി അങ്ങയേപ്പോലുള്ളവരാണ് ഞങ്ങളുടെ ഇര. ഈയൊരു സൈക്കോളജി വളരെ ഉള്‍ക്കാഴ്ചയോടെ മനസ്സിലാക്കിയ അങ്ങാണോ അതോ മഹാ ബുദ്ധിമാന്മാരായ ഞങ്ങളാണോ മണ്ടന്മാര്‍ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്കു ഇശ്ശി സംശയമില്ലാതില്ലാ എന്നതും അങ്ങയെ അറിയിക്കാന്‍ ഞങ്ങള്‍ താല്പര്യപ്പെടുകയാണ്.

ഇനി ഹോളിവുഡിലും , ബോളിവുഡിലുമൊക്കെയായി അങ്ങു പാണ്ഡിത്യം അവതരിപ്പിക്കാന്‍ തയ്യാറാണെന്ന ന്യൂസുകൂടി ലീക്ക് ആയതോടെ കുത്തുപാളയ്ക്കും പിച്ചച്ചട്ടിയ്ക്കും ഉത്തരേന്ത്യമുതല്‍ അങ്ങ് അമേരിക്കായില്‍ വരേ വന്‍ ഡിമാന്റാണെന്നാണു കേട്ടുകേള്‍വി (ദക്ഷിണേന്ത്യയുടെ കാര്യം പിന്നെ എടുക്കാനില്ലല്ലോ) . സ്റ്റീഫന്‍ സ്പില്‍ ബര്‍ഗും , ജയിംസ് കാമറൂണുമൊക്കെ ഇനി വല്ല വാര്‍ക്കപ്പണിക്കോ മേസ്തിരിപ്പണിക്കോ ഒക്കെ പോവുന്നതാവും നന്നാവുക അല്ലേ സാറേ ?  അവര്‍ക്കൊക്കെ അങ്ങിനെ വേണം.

അല്ലേലും ‘സില്‍മാ’ എന്നൊക്കെപറഞ്ഞ് എന്തൊക്കെയാ അവന്മാരൊക്കെ തട്ടിക്കൂട്ടുന്നത്  പണ്ടെന്നോ ചത്തുപോയ ഏതോ ജീവിയെയും ഏതോ സാങ്കല്പിക ലോകത്തെ ജീവികളേയുമൊക്കെ സില്‍മയില്‍ കൊണ്ടുവന്നിരിക്കുന്നു ഇതില്‍ ഒറിജിനാലിറ്റിയുണ്ടോ ?  വെറും പത്തു ശതമാനം പോലുമില്ലാത്ത മണ്മറഞ്ഞ   ദിനോസറിന്റെ കഥ പറയുമ്പോള്‍ തൊണ്ണൂറു ശതമാനത്തോളം ഒറിജിനാലിറ്റിയുള്ള പോത്തിന്റെ കഥ ആരു പറയും?????

സാര്‍ അങ്ങുതന്നെ ആ കഥയും പറയണമെന്നാണ് ഞങ്ങളുടെ അപേക്ഷ . ‘ ദി ജുറാസിക് പോത്ത് ’ എന്ന സാധാരണക്കാരന്റെ ഹോളിവുഡ് ‘സില്‍മയും’ അങ്ങ് നിര്‍മ്മിക്കുന്നതോടെ വരും തലമുറയുടെ ചരിത്രപുസ്തകത്തില്‍ മണ്മറഞ്ഞുപോയ സിനിമാവ്യവസായത്തേക്കുറിച്ചുള്ള ഒരു അദ്ധ്യായമാണ് തുന്നിച്ചേര്‍ക്കാന്‍ കാരണമാകുന്നത് .  അതിലൂടെ ഗിന്നസ് ബുക്ക് തുടങ്ങി സകല ബുക്കുകളും അങ്ങ് തകര്‍ത്ത് തരിപ്പണമാക്കുമെന്നും ഞങ്ങള്‍ ഉറച്ചുതന്നെ വിശ്വസിക്കുന്നു.

ഗിന്നസ് ബുക്കിന്റെ ഏതോ ഒരു മൊതലാളി അങ്ങയെ “സന്തോഷ് സാറേ” എന്നു വിളിച്ചു സംസാരിച്ചു എന്ന് അങ്ങുതന്നെ വെളിപ്പെടുത്തിയപ്പോള്‍  ഞങ്ങള്‍ ഉറപ്പിച്ചതാണ് ഇതും ഇതിലപ്പുറവുമൊക്കെ ഇവിടെ സംഭവിക്കുമെന്ന് . രണ്ടായിരത്തിപ്പന്ത്രണ്ടാമാണ്ടോടെ ലോകാവസാനമാണെന്ന് ചിലരെങ്കിലും വിശ്വസിച്ചുപോരുന്നതില്‍ കഴമ്പില്ലാ എന്ന സംശയത്തിന്റെ തീരത്ത് ഞങ്ങള്‍ പകച്ചു നില്‍ക്കുകയാണ് എന്നതും ഞങ്ങള്‍ ഒളിച്ചുവെയ്ക്കുന്നില്ല.

ചന്ദനം ചുമക്കുന്ന കഴുതയുടെ മൂക്കിന്റെ പാലം തകര്‍ന്നതിനാല്‍ അതിനു മണക്കാന്‍ കഴിയില്ലാ എന്നുപോലും തിരിച്ചറിയാന്‍ കഴിവില്ലാത്തവരും സില്‍മയില്‍ ഏതെങ്കിലും ഒരേഒരു പണിമാത്രം പണിയാന്‍ അറിയുന്നവരുമായവര്‍ കുളത്തില്‍ കൂടെച്ചാടുന്ന ക്യാമറയൊഴിച്ച് സകല പണികളും പണിയുന്ന സാറിനിട്ടു പണിയുന്നതുകാണുമ്പോള്‍ ഞങ്ങള്‍ വിതുമ്പിപ്പോവാറുണ്ട്  സാറെ . ചീഞ്ഞമുട്ടയും അളിഞ്ഞ തക്കാളിയുമൊക്കെയായി അതി ഭീകരമായ ആയുധങ്ങളായിരുന്നല്ലോ അവര്‍ അങ്ങേയ്ക്കെതിരെ പ്രയോഗിച്ചത്.  ഇനി ഈ മുട്ട വല്ല ഓം‌ലറ്റുമാക്കി എറിഞ്ഞു തന്നിരുന്നെങ്കില്‍ വാ പൊളിച്ചു കൊടുത്താല്‍ അങ്ങയുടെ വിശപ്പിനെങ്കിലും അടക്കം കിട്ടുമായിരുന്നു. അതിനൊക്കെ യുള്ള വിവരം അവര്‍ക്കില്ലല്ലോ എന്നു നമുക്കു സമാധാനിക്കാം സാറേ .

ഇനി അമ്മയും , മാക്ടയും ഫെഫ്കയുമെല്ലാം ആകെ കണ്‍ഫ്യൂഷനിലാകും എന്നാണു കേള്‍ക്കുന്നത് . ഇതില്‍ ഏതിലൊക്കെ സാറിനു മെമ്പര്‍ഷിപ്പുകൊടുക്കാമെന്നു കണ്‍ഫ്യൂഷനടിച്ച് അവന്മാരു ബീഡിപുകയ്ക്കുന്നതോര്‍ക്കുമ്പോള്‍ ചിരിവരുന്നു. അമ്മയില്‍ മെമ്പര്‍ഷിപ്പു കിട്ടിയാല്‍ അങ്ങു ചേര്‍ന്നുകളയാമെന്നുകൂടി അങ്ങു പ്രഖ്യാപിച്ചപ്പോള്‍ സത്യത്തില്‍ ഞെട്ടിയതാരാ എന്നകാര്യത്തിലും ഞങ്ങള്‍ക്കു സംശയമുണ്ട്.

ഇനി കാളിദാസനെക്കൊണ്ടൊരു കവിതയും ജിത്തുഭായിയേക്കൊണ്ട് ചോക്കലേറ്റും പണ്ടാരമടക്കിപ്പിച്ചാല്‍ മലയാള സിനിമ കെട്ടുകെട്ടുമെന്നതില്‍ സംശയമില്ലാ എന്നു നിസ്സംശയം പറയട്ടെ . സൂപ്പര്‍സ്റ്റാറുകളും അവരുടെ ഒരു പണിയുമില്ലാത്ത ഫാന്‍സും ചീമുട്ട യും തക്കാളിയും വാങ്ങാന്‍ ഇനിയെന്തു ചെയ്യുമെന്നുകൂടി നമുക്കൊന്നു കാണണം ഹല്ലപിന്നെ !

“സുബ്രഹ്മണ്യപുരത്തിന്റെ” ഇരട്ടസഹോദരനാണ് അങ്ങയുടെ “കൃഷ്ണനും രാധയുമെന്ന” വാര്‍ത്തകേട്ട അതിന്റെ സംവിധായകന്‍ മ്മടെ ശശിയേട്ടന്‍  (എം.ശശികുമാര്‍) ശരിക്കും വിതുമ്പിയിട്ടുണ്ടാവണം! അല്ല വിതുമ്പിയിട്ടുണ്ട്!! അതുമല്ലേല്‍ മൂക്കേല്‍ കയ്യെങ്കിലും വച്ചിട്ടുണ്ട്!!! ഇതൊക്കെകണ്ട്  പണ്ടേ അസൂയാലുക്കളായ സൂപര്‍സ്റ്റാര്‍ വിത്ത് സൂപ്പര്‍ സംവിധായകര്‍ അസൂയപ്പെടുന്നതില്‍ നമ്മള്‍ അത്ഭുതപ്പെടരുത്. അങ്ങയുടെ എട്ട് നായികമാരെ  കണ്ട് കണ്ണു മഞ്ഞളിച്ച അവമ്മാര്‍ക്കിട്ടൊരു എട്ടിന്റെ പണി തന്നെയായിരുന്നു എട്ടു ഗാനങ്ങളടങ്ങിയ അങ്ങയുടെ “കൃഷ്ണനും രാധയും” എന്ന് ആര്‍ക്കാണറിയാന്‍ പാടില്ലാത്തത്?

പിന്നെ മലയാളത്തിലെത്തന്നെ പല താരങ്ങളും രഹസ്യമായി “പഹയാ ഇജ്ജൊരു ബല്ലാത്ത പഹയനാ” എന്ന് സാറിനെ വിളിച്ച് അഭിനന്ദിച്ചതും സാറിലെ ആ ഒരു ഇതാണ് ഞങ്ങള്‍ക്കു കാണിച്ചുതരുന്നത്. ഇത്രയൊക്കെ സംഭവമായ മലയാള സിനിമയെത്തന്നെ ഉഴുതുമറിച്ച് പയറു വിതച്ച അങ്ങയെ ചെറിയവനായിക്കാണുന്നവര്‍ ഇവിടെയുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് ഞങ്ങളെ ഈ കത്തെഴുതാന്‍ പ്രേരിപ്പിച്ചത് . അങ്ങ് ഒന്നുകൊണ്ടും പതറരുത്  അങ്ങയുടെ കൂടെ ഞങ്ങളുണ്ട് . ഞങ്ങളില്‍ ഞങ്ങളുടെ ബുദ്ധി ( ഭയങ്കര ബുദ്ധിയും കാര്യപ്രാപ്തിയും) നിലനില്‍ക്കുന്നിടത്തോളം കാലം അങ്ങും അങ്ങയേപ്പോലുള്ളവരും യൂറ്റൂബിലും മറ്റുമായി ഹിറ്റുകള്‍ വാരിക്കൂട്ടുകതന്നെ ചെയ്യും.

 ഞങ്ങള്‍ വിതയ്ക്കുന്നു അങ്ങ് കൊയ്യുന്നു  എന്നതിനു കാരണം ഭൂമി ഉരുണ്ടതായതുകൊണ്ടൊന്നുമല്ല  മറിച്ച്  കറുത്ത കോഴിക്ക് വെളുത്തമുട്ടയല്ലാതെ ഇടാന്‍ കഴിയില്ലാ എന്ന ഇന്‍ഡസ്ട്രിയല്‍ പണ്ഡിറ്റ് സൈക്കോളജിയാണ്.

എന്ന് ഒരുകൂട്ടം മല്ലൂസ്  ഫ്രം എസ്.പി. സാര്‍ ഫാന്‍സ് ആന്‍ഡ് എയര്‍കണ്ടീഷണര്‍ അസോസിയേഷന്‍ ഇന്‍ഡസ്ട്രിയല്‍ സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റ് . (ഒപ്പ്)

വാല്‍ക്കഷണം :- സന്തോഷ് പണ്ഡിറ്റിനെ നാം കുറ്റം പറയുന്നതില്‍ അര്‍ത്ഥമുണ്ടോ? നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ അല്പം തൊലിക്കട്ടിയുപയോഗിച്ച്  ക്യാമറയൊഴിച്ച് സകല പണികളും ചെയ്ത   സന്തോഷ് പണ്ഡിറ്റിന്  (തന്റെ  ചങ്കൂറ്റത്തിനു) മലയാള സിനിമാകാര്‍ണവര്‍ മധുവില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങാനും ഭാഗ്യമുണ്ടായി. ഇതില്‍ കൂടുതല്‍ എന്തോ വേണം?   തെറിവിളിച്ചും കളിയാക്കിയുമൊക്കെ പണ്ഡിറ്റിനെ മണ്ടനും തിരുമണ്ടനുമൊക്കെയാക്കിയ നമ്മള്‍ ആരായി?!