Monday, November 28, 2011

മുല്ലപ്പെരിയാറില്‍ ‘സാധ്യമായത് ’





റെ ചർച്ചചെയ്യപ്പെട്ടതും, ചെയ്യപ്പെടുന്നതുമായ വിഷയമാണ്‌ മുല്ലപ്പെരിയാറിന്റേതെന്നത് നമുക്കേവര്‍ക്കുമറിയാം.അതുകൊണ്ടുതന്നെ  മുല്ലപ്പെരിയാർ ചരിത്രപുസ്തകത്താളുകളിൽ വൻ ദുരന്തമെന്ന നാമധേയത്തോടെ ഇടംപിടിക്കാതിരിക്കണമെങ്കിൽ നമ്മൾ ഓരോ മലയാളികളുടേയും ജാതി, മത, രാഷ്ട്രീയഭേദമെന്യേയുള്ള കൂട്ടായ്മ  അത്യാവശ്യമാണ്‌ .

തികഞ്ഞ സാമ്പത്തിക നഷ്ടവും അതിലുമുപരിയായ മുപ്പതു ലക്ഷത്തോളം ജീവഹാനിയും ഇവിടെ സംഭവിച്ചു കഴിഞ്ഞാല്‍ ആരു മറുപടി പറയുമെന്നു ചോദിക്കുന്നതിനുമുന്‍പ്  സംഭവശേഷം ഒരു മറുപടിക്കോ ഖേദപ്രകടനത്തിനോ മുതലക്കണ്ണീരിനോ ഒന്നുംതന്നെ പ്രസക്തിയില്ലെന്നുമാത്രമല്ല  നഷ്ടം നികത്താനും കഴിയില്ല എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു!

കൂടെക്കൂടെയുണ്ടായിക്കൊണ്ടിരിക്കുന്ന ഭൂചലനങ്ങള്‍ ഒരു പ്രദേശത്തെ ജനത്തെ മുഴുവന്‍ ഭീതിയിലാക്കിക്കൊണ്ടിരിക്കുകയാണെന്നുമാത്രമല്ല,  വന്‍ ബോംബ് ബ്ലാസ്റ്റിനെപോലും കവച്ചുവെയ്ക്കാന്‍ തക്ക ശക്തിയുള്ള വെള്ളപ്പാച്ചിലായിരിക്കും മുല്ലപ്പെരിയാറിന്റെ തകര്‍ച്ചയോടെ ഇവിടെ സംഭവിക്കുന്നതെന്ന തിരിച്ചറിവ്‌ ഈ ഭീതിക്ക് ഒന്നുകൂടി ആക്കം കൂട്ടുന്നതുകൂടിയാണ്.

പരസ്പരം പഴിചാരിയതുകൊണ്ടോ ‘പണ്ട് അങ്ങിനെ ചെയ്തിരുന്നെങ്കില്‍ ഇന്ന് ഇങ്ങിനെയുണ്ടാവുമായിരുന്നില്ലാ’ എന്നചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയതുകൊണ്ടോ ഒന്നും ഇവിടെ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. ഇനിയെന്ത് , എങ്ങിനെ എന്ന തീരുമാനങ്ങള്‍ കൂട്ടായ്മയോടെയെടുത്ത് മുന്നേറുന്നതിലൂടെ നമുക്ക് കേരളത്തെ ഭീതിയിലാഴ്ത്താനിരിക്കുന്ന ഒരു വന്‍ ദുരന്തത്തെ ഒഴിവാക്കിയെടുക്കാന്‍ കഴിയുകതെന്നെ ചെയ്യും.

ഇനി തമിള്‍തലൈവിയുടെ പരീക്ഷണ നിരീക്ഷ വീക്ഷണത്തിലൂടെ നോക്കുകയാണെങ്കില്‍ തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്‍പതല്ല 9999999 ആണ്ടുകഴിഞ്ഞാലും മുല്ലപ്പെരിയാറിനു ഒരു ചുക്കും കഷായവും  സംഭവിക്കില്ലപോലും! കാരണം ഡാം പണിതിരിക്കുന്നത് ചുണ്ണാമ്പും ചക്കരയുമൊക്കെ ഉപയോഗിച്ചാണല്ലോ  ... പ്ലാസ്റ്റിക് സര്‍ജറി  അളക്കുന്ന അളവുകോലുവച്ചല്ല ഒരു ജല സംഭരണിയുടെ  അളവെടുക്കേണ്ടതെന്ന സത്യം തലൈവി മനസ്സിലാക്കിയിട്ടും മനസ്സിലായില്ലാ എന്നു നടിക്കുകയാണോ എന്നതില്‍ അല്പം സംശയം ബാക്കി...

എന്തിനും ഏതിനും കയറി വിടുവായത്തം വിടുന്നവര്‍വരേ ഇന്നു മൌനികളാണെന്നതും വളരെ ശ്രദ്ധേയമാണ് ... ഇതിനെ വിമര്‍ശിക്കുകയല്ല, മറിച്ച് മലയാളികളുടെ ശക്തമായ കൂട്ടായ്മയുണ്ടെങ്കില്‍ മുല്ലപ്പെരിയാര്‍ പുതുക്കിപ്പണിയുകയെന്നത് അനായാസേന നടപ്പിലാക്കാവുന്നതാണ് എന്ന തോന്നലുകൊണ്ട്  പറഞ്ഞുപോകുന്നതാണ്.  സാധാ വോട്ടര്‍മാര്‍ മുതല്‍ മന്ത്രിമാര്‍ വരേ സംഘടിക്കാന്‍ തയ്യാറാവണമെന്നുമാത്രം.

അതുപോലെതന്നെ അമിത സിനിമാപ്രണയമുള്ള തമിഴന്‍ മാറിച്ചിന്തിച്ചുപോകുമോയെന്ന ഭയംകൊണ്ടാണെന്നുതോന്നുംവിധമാണ്  ‘DAM 999’നു തമിഴ്നാട്ടില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത്!  അങ്ങിനെയാണെങ്കില്‍ സിനിമാ താരങ്ങള്‍ക്കും സിനിമയ്ക്കും അമിത പ്രാധാന്യം കല്പിക്കുന്ന തമിഴ് മക്കളെ തിരിച്ചുവിടാന്‍ ചിലപ്പോള്‍ സിനിമാക്കാര്‍ക്കു സാധിച്ചേക്കാം ... തമിഴ് സിനിമകള്‍ കാണാന്‍ ( എത്ര ഭയങ്കരന്‍ ഫിലിം ആയാല്‍ പോലും)  കേരളത്തിലെ തിയേറ്ററുകളില്‍  ആളെക്കിട്ടില്ലാ എന്ന സ്ഥിതിവിശേഷം വന്നാല്‍ (വരുത്തിത്തീര്‍ത്താല്‍ )  തമിഴ് ഫിലിം ഇൻഡസ്ട്രി ഒന്നു ഇരുന്നു ചിന്തിക്കില്ലേ?! ഏതെങ്കിലുമൊരു നടനേയോ നടിയേയോ ഉപയോഗിച്ച് മുല്ലപ്പെരിയാറിന്നനുകൂലമായി ഒരു പ്രസ്ഥാവനയെങ്കിലും ഇറക്കിക്കിട്ടിയാല്‍,  അത് ഏതെങ്കിലും തരത്തിലൊരു മുതല്‍ക്കൂട്ടാവില്ലേ?   ഇതൊരു മണ്ടന്‍ ആശയമാണെന്നു തോന്നിയാലും ‘അണ്ണാറക്കണ്ണനും തന്നാലായത്” ചെയ്തു എന്നെങ്കിലും നമുക്കു സമാധാനിക്കാം.

തമിഴനെ വെറുക്കണമെന്നോ അവര്‍ നമ്മുടെ നാടിന്റെ ശാപമാണെന്നോ ഒന്നുംതന്നെ എനിക്കഭിപ്രായമില്ല. പല അവശ്യവസ്തുക്കളും തമിഴ്നാട്ടില്‍നിന്നാണ് കേരളത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നതെന്നുമാത്രമല്ല  ചെന്നൈയിലും മറ്റുമായി ജോലിചെയ്ത് അനേകം മലയാളികള്‍ ജീവിച്ചുപോകുന്നുമുണ്ട്.  എങ്കിലും മുപ്പതുലക്ഷത്തിനുമുകളില്‍ ജീവനാശവും, കോടിക്കണക്കിനു സാമ്പത്തികനഷ്ടവുമുണ്ടാക്കിവെക്കാന്‍ തക്കവണ്ണം ശക്തിയുള്ള മുല്ലപ്പെരിയാര്‍ സംഭവത്തില്‍ സത്യമറിഞ്ഞിട്ടും ഉപാധികള്‍ക്കും പോംവഴികള്‍ക്കും തയ്യാറാവാതെ മുടന്തന്‍ സിദ്ധാന്തങ്ങള്‍ വിളമ്പി ഇരുട്ടാക്കിമാറ്റുന്ന തമിഴ് നേതൃത്വത്തെ അംഗീകരിക്കാന്‍ കഴിയുന്നില്ല.

പുതിയ ഡാം വരുന്നതോടെ തമിഴനു കൊടുത്തുകൊണ്ടിരിക്കുന്ന വെള്ളം നിര്‍ത്തലാക്കുമെന്നുപോലും കേരളമുന്നയിക്കാത്തിടത്തോളം കാലം ഒരു സിദ്ധാന്തത്തിനും വാദത്തിനും ഇവിടെ പ്രസക്തില്ലതാനും. പിന്നെയെന്തിനാ ഈ കടുംപിടുത്തമെന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്.

മുല്ലപ്പെരിയാറിനേക്കുറിച്ച് എനിക്കു കൂടുതലൊന്നും പറയാനില്ല. പല ലേഖനങ്ങളിലൂടെയും പത്രവാര്‍ത്തകളിലൂടെയുമൊക്കെയായി കാര്യങ്ങള്‍ നമുക്ക് വ്യക്തവുമാണ് ... സംഭവിക്കാന്‍ പോകുന്ന ദുരന്തത്തിനുസാക്ഷിയാവാതിരിക്കണമെങ്കിലും‍, അഗതികളും അനാഥകളും വികലാംഗരുമായേക്കാവുന്ന അനേകം സഹജീവനുകളുടെ കണ്ണുനീര്‍ കാണാതിരിക്കണമെങ്കിലും നമ്മള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാകൂ.

 ഇനിയെങ്കിലും പരസ്പര പഴിചാരലുകളും വിദ്വേഷങ്ങളുമെല്ലാമുപേക്ഷിച്ച് കേരളത്തിലെ രാഷ്ട്രീയകക്ഷികള്‍ ഒന്നിച്ചു നിന്ന്  മുല്ലപ്പെരിയാര്‍ ഡാം പുതുക്കിപ്പണിയുന്നതിനും ഇതര പരിഹാര മാര്‍ഗ്ഗങ്ങള്‍ക്കും മുന്‍‌കൈയെടുക്കുമെന്നു നമുക്കു പ്രത്യാശിക്കാം. അല്ലെങ്കില്‍ ബാലറ്റു പെട്ടിയില്‍  കുത്തിനിറയ്ക്കുന്നത് വെറും ചവറുകടലാസുകള്‍ മാത്രമാണെന്നു മനസ്സിലാക്കുന്ന ജനം പരിഹാരത്തിനായി മാര്‍ഗ്ഗങ്ങള്‍ പലതും സ്വീകരിച്ചെന്നിരിക്കും.

‘മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിന് സാധ്യമായതെല്ലാം ചെയ്യാ’മെന്നു പ്രധാനമന്ത്രി ഡോ: മന്മോഹന്‍ സിംഗ് കേരളത്തില്‍നിന്നുള്ള എം.പി മാര്‍ക്കു നല്‍കിയ ഉറപ്പില്‍  തല്‍ക്കാലം പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട്,  പ്രധാനമന്ത്രി പറഞ്ഞ ‘സാധ്യമായത് ’ ദുരന്തമുഖത്തു പകച്ചുനില്‍ക്കേണ്ടിവരുന്ന ലക്ഷക്കണക്കിനു ജന്മങ്ങള്‍ക്ക് ആശ്വാസമാകുംവിധമാകട്ടേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.


9 comments:

രസികന്‍ said...

ഇനിയെങ്കിലും പരസ്പര പഴിചാരലുകളും വിദ്വേഷങ്ങളുമെല്ലാമുപേക്ഷിച്ച് കേരളത്തിലെ രാഷ്ട്രീയകക്ഷികള്‍ ഒന്നിച്ചു നിന്ന് മുല്ലപ്പെരിയാര്‍ ഡാം പുതുക്കിപ്പണിയുന്നതിനും ഇതര പരിഹാര മാര്‍ഗ്ഗങ്ങള്‍ക്കും മുന്‍‌കൈയെടുക്കുമെന്നു നമുക്കു പ്രത്യാശിക്കാം. അല്ലെങ്കില്‍ ബാലറ്റു പെട്ടിയില്‍ കുത്തിനിറയ്ക്കുന്നത് വെറും ചവറുകടലാസുകള്‍ മാത്രമാണെന്നു മനസ്സിലാക്കുന്ന ജനം പരിഹാരത്തിനായി മാര്‍ഗ്ഗങ്ങള്‍ പലതും സ്വീകരിച്ചെന്നിരിക്കും.

Abby said...

one more dam as a solution? no one worries about the possibility of turning the newly built dam as a bigger problem. heard no voice on this.

നരിക്കുന്നൻ said...

30 ലക്ഷത്തിൽ പരം വരുന്ന ജനങ്ങളുടേ ജീവൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു രാജ്യത്ത് ഇതിന് മുൻപ് നിരാഹാരം അനുഷ്ടിച്ചിട്ടുണ്ടാകുമോ? ഒരു സ്വാഭാവിക മരണം പോലും അസ്വസ്തമാക്കുന്ന നമ്മുടെ മുന്നിൽ ജീവിക്കാനുള്ള അവകാശത്തിനായി അധികാരികളോട് കേഴുന്നത് മൂന്നര മില്യൺ ജനങ്ങൾ! വിചിത്രമായിരിക്കുന്നു ഇന്ത്യാ, നിന്റെ ക്രൂരമായ മനക്കരുത്തിനുമുന്നിൽ ലജ്ജിക്കാതിരിക്കാനാവുന്നില്ല. അതിരുകളില്ലാതെ വെള്ളക്കാരന്റെ തോക്കിൻ കുഴലിൽ നെഞ്ച് വിരിച്ച് നിൽക്കാൻ ഇതിലേറെ അഭിമാനമായിരുന്നില്ലേ ഞങ്ങളുടേ പൂർവ്വികർക്ക്. വാക്കുകളില്ലാതെ അതിർവരമ്പുകളില്ലാതെ നിന്നെ പുകഴ്തുമ്പോഴും ഞങ്ങൾക്ക് പരസ്പരം തർക്കിക്കാൻ നീ അനവസരത്തിൽ വിഷയങ്ങളിട്ട് തരുമ്പോഴും ഇത്ര വലിയൊരു ക്രൂരത നിന്നെ സ്നേഹിച്ച നിന്റെ മക്കളോട് വേണ്ടായിരുന്നു. ദാഹം തീർക്കാൻ 35 ലക്ഷം ജനങ്ങളുടെ ശവം കഴുകിയ വെള്ളം തന്നെ വേണമെന്ന് ശാഠ്യം പിടിക്കുന്ന സഹോദരനെ സൃഷ്ടിച്ചത് നിന്റെ ഏത് ക്രൂരതയാലാണ്. അന്ന് സ്വാതന്ത്രത്തിന്റെ പൊൻ പുലരികാണാൻ ദേശവും ഭാഷയും മറന്ന പോരാളികളേ, എന്തിനാണ് ഞങ്ങളേയോർത്ത് കരയാൻ ഇങ്ങനെയൊരു രാജ്യം നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത്?

മരണം കാത്ത് കിടക്കുന്ന ഡാമിന്റെ കീഴെ ഒരു ദിവസമെങ്കിലും ഭീതിയില്ലാതെ താമസിക്കാൻ എന്റെ നേതാക്കളേ, നിങ്ങൾ തയ്യാറുകുമോ? ഒരു ദിവസം പോയിട്ട് ഒരു മണിക്കൂർ പോലും നിങ്ങൾ അവിടെ നിൽക്കില്ല. ഇതിനിടയിലാണ് 4 ജില്ലകളുറങ്ങുന്നതെന്നോർക്കുക. ഒരു ചർച്ചക്കും പരിഹാരങ്ങൾ ഉണ്ടാവില്ല. ആപത്തുകൾ സംഭവിച്ച് കഴിഞ്ഞിട്ട് അനുശോചന സന്ദേശമിറക്കാൻ വാക്കുകൾ തയ്യാറാക്കുന്ന തിർക്കിലാവും നിങ്ങൾ. ഒന്നോർക്കുക, നിങ്ങൾ ചവച്ച് തുപ്പുന്ന വാക്കുകൾക്ക് ആ മലവെള്ളപ്പാച്ചിലിനെ തടഞ്ഞ് നിർത്താനായിരുന്നെങ്കിൽ എന്ന് വിലപിക്കുന്ന ഒരു ദിനം വരാതിരിക്കാൻ വേണ്ടി, പ്രവർത്തിക്കൂ... ഇത് തോടുകൾ വെട്ടിയ കേരളത്തിന്റെ റോഡുകൾ നന്നാക്കാനുള്ള രോദനമല്ല, അനധികൃത കുടിയേറ്റങ്ങളുടെ രഹസ്യങ്ങൾ അന്വേഷിക്കുന്ന വിവാദങ്ങളല്ല, വിലക്കയറ്റമോ കുത്തക വിപണനത്തിന്റെ വാതിലുകൾ തുറക്കുന്ന പ്രശ്നമോ അല്ല. ഒരു രാത്രികൊണ്ട് ഒലിച്ച് പോയേക്കാവുന്ന ഗ്രാമങ്ങുളൂടെ, നഗരങ്ങളൂടെ, ഒരു ദേശത്തിന്റെ, ഒരു ജനതയുടെ ജീവന് വേണ്ടിയുള്ള അവസാനത്തെ തേങ്ങലാണ്. ഒരു നിമിഷം ഞെട്ടലോടെ അത് സംഭവിച്ചെന്ന് ടെലിവിഷൻ സ്ക്രീനിൽ വലിയ അക്കങ്ങളിട്ട് വായിക്കാൻ ഞങ്ങൾ അശക്തരാണ്. ഞങ്ങളുടേ സഹോദരങ്ങളുടെ ജീവന് നിങ്ങൾ എന്ത് വിലയിട്ട് നൽകിയാലും പകരമവില്ലന്നോർക്കുക.

നിരാഹാര സമരം നടത്തുന്ന ബിജിമോൾ, പിസി തോമസ്, റോഷി അഗസ്റ്റിൻ തുടങ്ങിയവർക്ക് അഭിവാദ്യങ്ങൾ!
ഡാമിന്റെ ജലനിരപ്പ് താഴ്ത്താൻ അടിയന്തിരമായി പ്രവർത്തിക്കുക.
ജനങ്ങളൂടേ ഭീതി പൂർണ്ണമായി ഇല്ലാതാക്കുക.
ജയ് ഹിന്ദ്!

അലി said...

മുല്ലപ്പെരിയാർ മലയാളത്തിന്റെ കണ്ണീരാകാതിരിക്കട്ടെ...

പഥികൻ said...

കേരളത്തിന്റെ ശവപ്പറമ്പാകാതിരിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്

Anonymous said...

മുല്ലപ്പെരിയാര്‍ തമിഴ് നാടിന്റെ ശാപമാകില്ലന്നും ആരു കണ്ടു. എന്തു സംഭവിച്ചാലും ഇരു കൂട്ടരുടെയും അനുഭവം സമ‌ം . പുതുക്കി പണിയുകയാണ് ഇരു സംസ്ഥാനത്തിനും നല്ലത് .

Anonymous said...

മുല്ലപ്പെരിയാര്‍ തമിഴ് നാടിന്റെ ശാപമാകില്ലന്നും ആരു കണ്ടു. എന്തു സംഭവിച്ചാലും ഇരു കൂട്ടരുടെയും അനുഭവം സമ‌ം . പുതുക്കി പണിയുകയാണ് ഇരു സംസ്ഥാനത്തിനും നല്ലത് .

Birthday Return Gifts For Kids said...

Birthday Return Gifts for Kids
Birthday Return Gifts for Kids india
Personalised Gifts For Kids
Send Birthday Gifts to India
Send to india Rakhi gifts

Nadagam Recipes said...

Very Nice Post Keep It Up