അറബിപ്പൊന്ന് അറബിപ്പൊന്ന് എന്നു കേട്ടതല്ലാതെ ഒരു അറബിയുടെ കയ്യിലും എനിക്കത് കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇനി പരന്നു കിടക്കുന്ന മരുഭൂമിയുടെ അങ്ങേത്തലക്കലെങ്ങാനും കണ്ടു കിട്ടിയാലൊ? ഞാന്‍ വായിച്ച മഹാ ഗ്രന്ഥങ്ങളിലും അങ്ങിനെ പറയുന്നുണ്ടല്ലൊ മരുഭൂമിയില്‍ ആദ്യം കണ്ടു പിടിക്കുന്നവനേയും കാത്തിരിക്കുന്ന സ്വര്‍ണ്ണ നിധിയെപറ്റി.
നാട്ടിൽ നിന്നും വിമാനം കയറുമ്പോഴും മനസ്സിലെ ചിന്ത മുഴുവന്‍ നിധിയും കെട്ടിപ്പിടിച്ചിരിക്കുന്ന ഭൂതത്താന്റെ കയ്യില്‍ നിന്നും നിധി എങ്ങിനെ തട്ടിയെടുക്കും എന്നായിരുന്നു
ഇവിടെയെത്തിയപ്പോള്‍ നിധിയൊന്നും കാണാന്‍ കഴിഞ്ഞില്ലാ എങ്കിലും പലതരം ഭൂതത്താന്മാരെ കണ്ടുമുട്ടാന്‍ കഴിഞ്ഞു
ചൂട് സഹിക്കവയ്യാത്തതുകൊണ്ടായിരുന്നു നമ്മുടെ സര്‍ക്കാരുവകയുള്ള വിമാനത്തിന്റെ ജനലു തുറക്കാന്‍ പോയത് ഷര്‍ട്ടിന്റെ കോളറിനു പിടിച്ചു കൊണ്ട് ഭൂതം നമ്പര്‍ വണ്‍, എയര്‍ ഹോസ്റ്റസിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.
ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞു . പാവം മലയാളം അറിയില്ല. എനിക്കു ചിരിവന്നു.മരമണ്ടൂസ് ഇംഗ്ലീഷില്‍ പറഞ്ഞാല്‍ എനിക്കുണ്ടോ മനസ്സിലാകുന്നു അവള്‍ പുറത്തേക്കു തുപ്പിയ വാക്കുകള്‍ നമ്മുടെ പോലീസിന്റെ മേലോട്ടു വിട്ട വെടിയുണ്ട പോലെ പെറുക്കിയെടുക്കാന്‍ വരുന്ന ആളിനേയും നോക്കി വിമാനത്തിലൂടെ ചുറ്റിത്തിരിഞ്ഞു.
റിയാദ് എയർപ്പോർട്ടില്‍ ഇറങ്ങിയപ്പോള്‍ എന്റെ പാസ്പോര്‍ട്ടിനുവേണ്ടി കൈ നീട്ടിയ കസ്റ്റംസുകാരന്റെ കൈപിടിച്ചുകുലുക്കിയപ്പോള്‍ രണ്ടാമത്തെ ഭൂതത്താനെയും കണ്ടു. വരിയുടെ ഏറ്റവും മുന്‍പില്‍ നിന്ന എന്നെ ആ ദുഷ്ടഭൂതത്താന്‍ ചെവിക്കുപിടിച്ചു ഏറ്റവും പിറകില്‍ കൊണ്ടു നിറുത്തി.
ഒരുവിധം നാട്ടില്‍നിന്നും കൊണ്ടുവന്ന അച്ചാറുകുപ്പികളും, ധന്വന്തരം കുഴമ്പും, അവയല്‍, അരി, തേങ്ങ, ചക്ക എന്നീ വകകളും " എന്റെ മോന്‍ തിന്നു തടിച്ചു കൊഴുത്തു വരണം " എന്നു പറഞ്ഞ് എന്റെ വകയിലൊരു വല്ല്യ മാതാജി തന്നുവിട്ട ഈത്തപ്പഴത്തിന്റെ കെട്ടും പിന്നെ ഞങ്ങളുടെ നാട്ടിലെ സകല ഗൾഫുകാര്‍ക്കുമുള്ള കണ്ടയ്നറുകളുമടങ്ങുന്ന കടലാസ്സുപെട്ടിയും തലയിലേറ്റിക്കൊണ്ട് ഞാന്‍ എയർപ്പോര്‍ട്ടിനു പുറത്തുകടന്നു.
ഞാന്‍ കൊണ്ടുവന്ന കടലാസുപെട്ടി എയര്‍പ്പോര്‍ട്ടില്‍ എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ വന്ന എന്റെ കൂട്ടുകാരന്‍ ഹമീദിന്റെ തലയില്‍ ഇറക്കി നെടുവീര്‍പ്പിട്ടു.
അവന്റെ ഭാര്യ കൊടുത്തയച്ച ചോക്ലേറ്റിന്റെ പെട്ടി എന്റെ പെട്ടിയില്‍ ഉണ്ടോ എന്ന് സൂത്രത്തില്‍ അവന്‍ ചോദിച്ചറിഞ്ഞു.
തണുപ്പിക്കുന്ന യന്ത്രം പിടിപ്പിച്ച വാടകക്കാറില്‍ സഞ്ചരിക്കുമ്പോള്‍ എനിക്കു മനസ്സിലായി നാട്ടിലെ പോക്കരു പത്തു കൊല്ലം കഴിഞ്ഞിട്ടും നാട്ടില്‍ വരാത്തതിന്റെ പൊരുള്‍
റോട്ടില്‍ (നിലത്ത്) വരേ ലൈറ്റു കത്തുന്നു , ഇത്രക്കു സുന്ദരമായ സ്ഥലത്തുനിന്നും ആരെങ്കിലും നാട്ടില്‍ പോകുമൊ?!!
ഏതോ ഒരു സ്ഥലത്ത് വണ്ടി നിന്നപ്പോള്‍ ഞാനും ഹമീദും പെട്ടിയും വലിച്ച് ഇറങ്ങി
" ഹമീദെ നമ്മൾ ടാക്സി വിളിച്ചത് ബോംബെയിലേക്കായിരുന്നൊ?"എന്റെ ചോദ്യം കേട്ട ഹമീദ് ഒരൊറ്റച്ചിരി " അതെന്താ നീ അങ്ങിനെ ചോദിച്ചത്? ഇവിടുത്തെ കോലം കണ്ടിട്ടാണൊ?"ഞാന്‍ ഒന്നും പറഞ്ഞില്ല അതെ എന്നു തല കുലുക്കിക്കാണിച്ചു
ഒരു വലിയ ഇരുമ്പു പെട്ടിക്കു ചുറ്റും ചവറുകള്‍ കൂട്ടിയിട്ടിരിക്കുന്നു. ഒരു വശത്ത് കറുത്ത മനുഷ്യര്‍ വെളുത്ത പല്ലു കാട്ടി പൊട്ടിച്ചിരിക്കുന്നു, അട്ടഹസിക്കുന്നു എല്ലാം ഭൂതങ്ങളായിരിക്കും ആരുടെയെങ്കിലും കയ്യില്‍ നിധിയുണ്ടെങ്കിലോ? ഞാന്‍ സമാധാനിച്ചു.
"ഒന്നു വേഗം നടക്കെടാ ഇവിടുത്തെ കറുപ്പന്മാർ പെട്ടിയും പിടിച്ചു പറിച്ചോടുന്നതിനുമുന്‍പ് റൂമിലെത്തണം " ഹമീദിന്റെ രക്തം ചൂടു പിടിച്ചു തുടങ്ങി
" പിടിച്ചുപറിയൊ? അതും ഇവിടെയൊ? " എന്റെ ചോദ്യം ഹമീദിനു വീണ്ടും ചിരിക്കു വകയാക്കി ചിരിക്കിടയില്‍ത്തന്നെ അവന്‍ പറഞ്ഞു " അതൊക്കെ നിനക്കു വഴിയേ മനസ്സിലായിക്കൊള്ളും"
ഒരു വിധം ഹമീദിന്റെ റൂമിലെത്തി
അവിടെ കൂർക്കം വലിച്ചുറങ്ങുന്ന കുറെയാളുകളെ കണ്ടു. ലൈറ്റിടാതെ സംസാരിക്കാതെ ഹമീദു ചെവിയില്‍ സ്വകാര്യം പറഞ്ഞു കാണിച്ചു തന്ന കട്ടിലില്‍ ഇരുന്നു, കിടന്നു
കിടന്നുറങ്ങുന്നവർ എഴുന്നേറ്റപ്പോള്‍ ബഹളമായി പുതിയ ആളെ കണ്ടപ്പോള്‍ പൊട്ടിച്ചിരികളായിഒരു മീശക്കാരന്‍ വന്നു എന്നെ തൊട്ടുനോക്കി ( അയാള്‍ നിധിയില്ലാത്ത ഭൂതമായിരിക്കും )
അതിനിടയില്‍ ഹമീദിന്റെ നേതൃത്വത്തില്‍ ഞാന്‍ കൊണ്ടുവന്ന പെട്ടി പൊളിക്കല്‍ ചടങ്ങ് തുടങ്ങി
എന്റെ പെട്ടിയില്‍ ഈത്തപ്പഴത്തിന്റെ പൊതികണ്ട ഹമീദ് രണ്ടടി പിന്നോട്ട് മാറി, മീശക്കാരന്‍ ഭൂതം തമ്പാക്ക് നിറച്ച വായ കാണിച്ച് പെരുമ്പറ കൊട്ടുന്നപോലെ പൊട്ടിച്ചിരിച്ചു
മടി പിടിച്ചു മറ്റുള്ളവര്‍ കൊണ്ടു വരുന്നത് തിന്ന് റൂമില്‍ കഴിഞ്ഞുകൂടുന്ന കോലാപ്പി മൂക്കത്തു വിരല്‍ വെച്ചു
അടുത്ത റൂമുകളില്‍നിന്നും ആളുകള്‍ കൂട്ടം കൂട്ടമായി വന്നു എനിക്കു ചുറ്റും വൾഞ്ഞുനിന്നു
ഒടുവില്‍ മീശക്കാരന്‍ വിളിച്ചു പറഞ്ഞു "ഈത്തപ്പഴത്തിന്റെ നാട്ടിലേക്ക് ഈത്തപ്പഴം കൊണ്ടുവന്ന ഇവന്‍ കേരളത്തിലേക്ക് നാളികേരം കൊണ്ടുപോകുമല്ലൊ ഹാ ഹാ ഹാ "
ഇതിനിടയില്‍ ഹമീദ് തന്റെ കണവി കൊടുത്തയച്ച ചോക്ലേറ്റ് പൊതിയുമായി മുങ്ങിയിരുന്നു
അങ്ങോട്ടു പോയതിലും വേഗതയില്‍ തിരിച്ചുവന്ന ഹമീദ് എന്റെ നേരെ നോക്കി അലറി
" എടാ പരമദ്രോഹി ഇതിലുണ്ടായിരുന്ന ചോക്കലേറ്റ് കഷണം എന്തുചെയ്തു? "അവന്‍ വിറക്കുകയാണു, ശരിയാണു അതില്‍ ഒരു കഷണം ചോക്കലേറ്റ് ഉണ്ടായിരുന്നു. മുഴുവന്‍ ഇല്ലാത്തത് കൊണ്ട് ഞാന്‍ നാട്ടില്‍ നിന്നും എടുത്തു കളഞ്ഞിരുന്നു.
അവന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്ന ചോക്കലേറ്റ് പെട്ടി പൊട്ടിച്ചുനോക്കാന്‍ കാരണം എന്റെ വകയിലുള്ള എക്സ് ഗള്‍ഫ് അമ്മാവനായിരുന്നു . നമ്മളു കുറേ വിമാനത്തില്‍ കയറിയതാ എന്നു തെളിയിക്കാന്‍ അങ്ങേര്‍ പറഞ്ഞു
" ആരെന്തു കൊണ്ടുവന്നാലും പൊട്ടിച്ചു നോക്കിയിട്ടേ കൊണ്ടുപോകാവൂ. ചിലപ്പോള്‍ ബ്രൗണ്‍ ഷുഗറും മറ്റും കാണും" ഞാന്‍ ഇതുവരെ കണ്ട ഷുഗറുകളെല്ലാം വെളുത്തതായിരുന്നു ബ്രൗണ്‍ കാണാനുള്ള ആവേശവുംകൂടിയാണു ഹമീദിന്റെ പെട്ടിയും ഞാന്‍ പൊട്ടിച്ചു പരിശോധിക്കാൻ കാരണം.
അപ്പോഴാണു ഒരുപാടു ചോക്കലേറ്റിന്റെ കൂടെ ഒരു കഷണം ചോക്കലേറ്റും കണ്ടത് . അത് എടുത്ത് കളഞ്ഞത് ഇവിടെ ഒരു ഗൾഫ് യുദ്ധത്തിനു കാരണമാവുമെന്ന് എനിക്കറിയില്ലായിരുന്നു.
ഹമീദ് എന്റെ നേരെ വിറയ്ക്കുന്ന വിരലുകള്‍ ചൂണ്ടി വികാരാധീനനായി
"നിനക്കറിയില്ല അതിന്റെ വില"
"എത്രയാ ഹമീദെ?" കളങ്കം ലവലേശം ചേര്‍ക്കാത്ത എന്റെ ചോദ്യം ഹമീദിന്റെ വിറയല്‍ ഒരു കോമരം തുള്ളലാക്കി മാറ്റി.
പിന്നീടാണു ആ ചോക്കലേറ്റിന്റെ വില ഞാനറിഞ്ഞത് ഹമീദിന്റെ കണവി മൈമൂന പകുതി കടിച്ച് തിന്ന് ( ചിലപ്പോൾ കടിച്ചു തുപ്പിക്കാണും) അതിന്റെ പകുതി തന്റെ കണവനു കൊടുത്തയച്ചതായിരുന്നു.
ഈ കാരണം കൊണ്ട് ഹമീദിന്റെ റൂമില്‍ ശാപ്പാടടിച്ച് അധികനാള്‍ തങ്ങാന്‍ കഴിഞ്ഞില്ല. എന്റെ എക്സ് ഗള്‍ഫ് അമ്മാവാ അങ്ങയുടെ ഒരു ബ്രൗൺ ഷുഗര്‍ വരുത്തിയ ഒരു വിനയേ.... അങ്ങു വല്ലതും അറിയുന്നുണ്ടോ?
ദിനങ്ങള്‍ കൊഴിഞ്ഞുപോയി. പല കരിംഭൂതങ്ങളുടെയടുത്തും ജോലി നോക്കി എല്ലാവര്‍ക്കും എന്നെ പിടിച്ചു പക്ഷെ എനിക്കു അവരെയൊന്നും പിടിച്ചില്ല കാരണം കാശുകിട്ടണേല്‍ പണിയെടുക്കണാം പോലും പണിയെടുക്കാനാണേല്‍ ഇങ്ങോട്ടു വരുമോ?!!
നാട്ടിൽനിന്നും കൊണ്ടുവന്ന കണ്ടൈനറുകള്‍ ഓരോ നാട്ടുകാരന്റെയും റൂമില്‍ എത്തിച്ചുകൊടുത്തു
പത്തു വര്‍ഷമായിട്ടും നാട്ടില്‍ വരാത്ത പോക്കറിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ ഒരു നാട്ടുകാരന്‍ പറഞ്ഞുതന്ന വിവരം വെച്ച് പോക്കറിന്റെ സുഖവാസ കേന്ദ്രവും ലക്ഷ്യമാക്കിയുള്ള നടത്തത്തിനൊടുവില്‍, ആടുകളോട് സംസാരിച്ച് അവരുടെ തോഴനായി കീറിയ ടെന്റില്‍ ക്ഴിഞ്ഞു കൂടുന്ന പോക്കറിനെ കണ്ടപ്പോള്‍ പോക്കറിന്റെ മകൻ കോളെജില്‍ പോവാന്‍ വാങ്ങിച്ച പുതിയ മോഡൽ ബൈക്കിനെക്കുറിച്ചും ഓര്‍ത്തുപോയി .
തന്റെ വീട്ടില്‍ നിന്നും എന്റെ കയ്യില്‍ കൊടുത്തയച്ച കണ്ടൈനറിലുണ്ടായിരുന്ന ഏത്തപ്പഴങ്ങള്‍ ആർത്തിയോടെ കഴിക്കുന്ന പോക്കറിന്റെ കണ്ണില്‍നിന്നും അടര്‍ന്നു വീണ തുള്ളികള്‍ നിലം പതിക്കുന്നതിനുമുന്‍പുതന്നെ ആവിയായിപ്പോയി.
പോക്കറിനോട് സലാം പറഞ്ഞു പിരിഞ്ഞ ഞാന്‍ പല നാട്ടുകാര്‍ക്കും കണ്ടൈനറുകള്‍ കൈമാറുമ്പോള്‍ പലതിനും സാക്ഷിയായി
സ്വർണ്ണനിധിക്കുള്ള എന്റെ അലച്ചിലില്‍ പനിപിടിച്ചു ആശുപത്രിയില്‍ കയറിയപ്പോള്‍ അവിടുത്തെ ഡോക്ടറെ കണ്ടപ്പോഴാണു എനിക്കു മനസ്സിലായത് നാട്ടിലെ മരുന്നു ഷാപ്പില്‍ മരുന്നെടുത്തു കൊടുത്തവന്‍ ഇവിടുത്തെ സർജ്ജനാണെന്ന്. (കള്ള സർട്ടിഫിക്കറ്റ് തല തിരിച്ചു വായിച്ച് പുളകിതനായ വല്ല അറബിയും നിയമിച്ചതാകണം) അതോടെ മരുന്നില്ലാതെ തന്നെ എന്റെ പനി കാശിക്കു വച്ചു പിടിച്ചു.
നാട്ടിൽനിന്നും വരുമ്പോൾ പലരും കൈമണി തന്നത് തീര്‍ന്നപ്പോള്‍ അതുവരെ വയറ്റിലേക്കു നിർഗ്ഗളിച്ചുകൊണ്ടിരുന്ന കപ്സ, പെപ്സി, കബാബ്, ബ്രോസ്റ്റഡ് ചിക്കന്‍ എന്നിവ ഒണക്ക കുബ്ബൂസിനായി വഴിമാറിക്കൊടുത്തു.
അതും നിലച്ചപ്പോള്‍ വയറു യുദ്ധം തുടങ്ങി യുദ്ധം എന്നെ ഒരു കമ്പനിയിലെ ലേബര്‍പ്പണിയിലുമെത്തിച്ചു.
ആദ്യ ദിവസം തന്നെ കറുത്തു തടിച്ച സുഡാനി മാനേജരുടെ കരണക്കുറ്റി നോക്കിയൊന്നു കൊടുക്കാന്‍ തോന്നിയതാണു.
സുഡാനില്‍ നിന്നും ആടിനെ മേയ്ക്കുന്നതിനുള്ള സർട്ടിഫിക്കറ്റും കരസ്ഥമാക്കി കള്ളക്കപ്പല്‍ കയറി ഇവിടെയെത്തി അറബിയുടെ മാനേജരായി സുഖിച്ചു കഴിയുന്ന അവനിട്ട് ഒന്നു കൊടുത്താൽ അവൻ തിരിച്ചു തല്ലുമ്പോള്‍ഞങ്ങള്‍ എല്ലാ ഇന്ത്യക്കാരും സഹോദരീസഹോദരന്മാരാണെന്നും എന്നെ അടിച്ചാൽ എന്റെ സഹോദരങ്ങള്‍ നോക്കി നില്‍ക്കില്ലാ എന്നും(നോക്കി ഇരിക്കും കാരണം നിന്നാൽ കാലു വേദനിക്കുമല്ലൊ), ബന്തും ഹർത്താലും നടത്തിയ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ഞങ്ങള്‍ കഴിയുമെങ്കില്‍ ഒരു ഭാരതബന്ത് തന്നെ നടത്തുമെന്നും അറബിയറിയാത്ത ഞാന്‍ പറഞ്ഞാല്‍ അവനു മനസ്സിലായിക്കൊള്ളണമെന്നില്ല.
കമ്പനി തന്ന അക്കമഡേഷനില്‍ ചെന്നു വിശ്രമിക്കുമ്പോൾഎയര്‍പ്പോര്‍ട്ടില്‍നിന്നും വരുന്ന വഴി ഇനി ഈ ജന്മത്തു നാട്ടിലേക്കില്ല എന്നു കരുതിയ ഞാന്‍ നാട്ടിലെ കേശവൻപിള്ളയുടെ ഹോട്ടലിലെ ഗ്ലാസ്സുകള്‍ വീണ്ടും സ്വപ്നം കണ്ടു തുടങ്ങി.
അറബി മുതലാളിയുടെ കാറു തുടയ്ക്കുമ്പോള്‍ അറുത്ത കൈക്ക് ഉപ്പു തേയ്ക്കാത്ത അവന്റെ കാറില്‍ മണലു കൂട്ടി തുടച്ചത് മനപ്പൂര്‍വ്വമായിരുന്നെങ്കില് അതു കണ്ട അറബി കഴുത്തിനു പിടിച്ചു മുഖത്ത് രണ്ട് തുപ്പും തന്നു പറഞ്ഞു വിട്ടതും മനപ്പൂര്‍വ്വമായിരുന്നു.
ഭൂതങ്ങളെ കണ്ടു കണ്ട് ഞാന്‍ മടുത്തു പക്ഷെ സ്വർണ്ണ നിധി മാത്രം കിട്ടിയില്ല. എന്നിട്ടും നിധിയും തേടിയുള്ള യാത്ര ഞാന്‍ നിറുത്തിയില്ല.
അറബി കഴുത്തിനു പിടിച്ചു തള്ളിയ അന്നു തുടങ്ങിയതാണു മരുഭൂമിയിലൂടെയുള്ള 'നിധി വേട്ട'
നേരം ഇരുട്ടിത്തുടങ്ങി, ലക്ഷ്യമില്ലാതെ നടന്ന എനിക്കു വിശപ്പും ദാഹവും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .
പരന്നു കിടക്കുന്ന മരുഭൂമിയില്‍ അകലെ ഒരു പൊട്ടുപോലെ കണ്ട വെളിച്ചവും ലക്ഷ്യമാക്കി നടന്നു. നിധിയായിരിക്കും പാവം ഭുതം കാവല്‍ നിന്നു മടുത്തുകാണും ഞാന്‍ നടത്തത്തിനു വെകത കൂട്ടി.
അവസാനം കുറേ ടെന്റുകളും അതിനു ചുറ്റും ഒട്ടകങ്ങളെ കെട്ടിയിട്ടതും കണ്ടു
കൊടും ചൂടില്‍ കുറേ മനുഷ്യര്‍ ( അവര്‍ ഏതു നാട്ടുകാരനായാലും ) ഒരു ഫാന്‍ പോലുമില്ലാതെ ടെന്റില്‍ ഒട്ടകങ്ങൾക്കു കാവല്‍കിടക്കുന്ന കാഴ്ച .....
മാസത്തില്‍ ഒന്നോ രണ്ടോ തവണ കെട്ടുകളായി കൊണ്ടുവരുന്ന ഉണക്ക കുബ്ബൂസ് ചൂടാക്കി കഴിച്ച് പരാതിയില്ലാതെ ഉറക്കം നടിച്ച് കിടക്കുന്ന കാഴ്ച്ച .....
ഇതെല്ലാം കണ്ട് നിഴലിനു പിന്നില്‍ നില്‍ക്കുമ്പോഴാണു ആരോ സംസാരിക്കുന്നത് കേട്ടത് ദൈവമെ എന്നെ ആരെങ്കിലുംകണ്ടോ? ഞാന്‍ കേട്ട ശബ്ദം ശ്രദ്ധിച്ചു
അവിടെ കെട്ടിയിടപ്പെട്ട ഒരു ഒട്ടകവും ഒട്ടകത്തിയും തമ്മിലുള്ള സംസാരമായിരുന്നു അത്" നിങ്ങളുടെ തിരുമോന്ത ഇതുവരെ തെളിഞ്ഞു കണ്ടിട്ടില്ലല്ലോ "
ഒട്ടകത്തി കണവനെയിട്ടു അലക്കുകയാണ്
"ഏതുസമയം നോക്കിയാലും നിങ്ങളെന്താ മുഖവും വീര്‍പ്പിച്ചിരിക്കുന്നത്? "
"അതുപറഞ്ഞാല്‍ നിനക്കു മനസ്സിലാവില്ലെടി"
"എന്റെ കണ്ണടയുന്നതിനുമുന്‍പ് നിങ്ങളൊന്നു ചിരിച്ചുകാണാനുള്ള ഭാഗ്യം എനിക്കുണ്ടാവുമൊ?"ഒട്ടകത്തിയുടെ ചോദ്യം കേട്ട ഒട്ടകന്‍ ഒന്നു നെടുവീര്‍പ്പിട്ടു
ആരോ ഉറക്കെ കരയുന്ന ശബ്ദം കേട്ടപ്പോള്‍ ഒട്ടകന്റെയും, ഒട്ടകത്തിയുടെയും കൂടെ ഞാനും ചെവി കൂര്‍പ്പിച്ചു
(തുടരും)
ഇതിന്റെ ബാക്കി ഭാഗം ഇവിടെ വായിക്കുക