Tuesday, October 28, 2008

ഏലിയാമ്മയുടെ മെഴുകുതിരി..

ഡീ ഏല്യാമ്മേ .... ഒന്നിങ്ങോട്ട് വന്നേടീ..”
“എന്നതാ മനുഷ്യാ കാലത്തെ കിടന്ന് കാറുന്നത് ...”

റിയാലിറ്റി ഷോയിലെ ആട്ടമറിയാത്ത പാട്ടുകാരന്‍ കൊച്ച് കണ്ണീരോടെ വിട വാങ്ങുന്ന രംഗത്തിന് സാക്ഷ്യം വഹിക്കുന്ന ഏലിയാമ്മയ്ക്ക് കണവന്‍ വര്‍ഗ്ഗീസ്മാപ്പിളയുടെ പതിനായിരം വാട്ട്സിലുള്ള കാറല്‍ അത്രയ്ക്കങ്ങു പിടിച്ചില്ല.

“എന്നതാ മനുഷ്യാ .. എന്തുപറ്റി?”
“നീയിതു കണ്ടോടീ...”


കണവന്‍ ചൂണ്ടിപ്പിടിച്ച വിരല്‍ ലക്ഷ്യ്മിടുന്ന ദിക്കിലേക്കു നോക്കിയ ഏല്യാമ്മ “എന്റീശോയേ....” എന്നുവിളിച്ച് അകത്തുപോയി എന്തോ ഒരു പൊതിയുമെടുത്ത് ഇറങ്ങി ഒറ്റയോട്ടം.


ഏല്യാമ്മയുടെ ഓട്ടം കണ്ട് അയല്‍‌വാസി വിറകു വെട്ടുകാരന്‍ പത്രോസും കൂടെയോടിയപ്പോള്‍ പത്രോസിന്റെ ഭാര്യ മേരിക്കുട്ടിയും തന്റെ കുട്ടികളുടെ അപ്പച്ചന്റെ പിന്നാലെ വച്ചുപിടിച്ചു.
പിന്നീട് സകല നാട്ടിലും നടക്കുന്നപോലെ അതൊരു കൂട്ടയോട്ടമായിമാറി. കണ്ടവര്‍ കണ്ടവര്‍ ഏലിയാമ്മയുടെ പിന്നാലെ ഓട്ടത്തിനുകൂടി.


ഓടിയോടി കുരിശുപള്ളിയ്ക്കടുത്തെത്തിയ ഏല്യാമ്മ മാതാവിനു രണ്ട് മെഴുകുതിരിയും കത്തിച്ച് ഒന്നും സംഭവിക്കാത്തപോലെ തിരിച്ചു നടന്നു.
കൂടെയോടിയ നാട്ടുകാര്‍ ഏലിയാമ്മയുടെ ചുറ്റും കൂടി.
ഏലിയാമ്മയ്ക്ക് അത്ഭുതം “ഇതെന്നാ മാതാവെ.. എന്റെ പിന്നാലെ ആള്‍ക്കൂട്ടം?!!”


തിരിഞ്ഞോടാന്‍ ഭാവിച്ച ഏലിയാമ്മച്ചേടത്തിയെ നാട്ടിലെ സാത്താന്റെ സന്തതി മാത്തുക്കുട്ടി പിടിച്ചു നിര്‍ത്തി.

“എന്നതാ ഏലിയാമ്മെ രണ്ടു മെഴുകുതിരികത്തിയ്ക്കാനാണൊ നീ നോമിനേഷന്‍ കൊടുക്കാന്‍ നേതാക്കളോടുന്നപോലെ ഓടിയത്?..”


“അല്ല മാത്തുക്കുട്ടീ, എനിയ്ക്കറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ ഇതറിയാനാണൊ നാട്ടുകാരായ നാട്ടുകാരെല്ലാം കുറ്റിയും പറിച്ച് എന്റെ പിന്നാലെ കൂടിയത്...” ഇതുപറഞ്ഞതും ഏല്യാമ്മ പൊട്ടിച്ചിരിച്ചു.അതുകേട്ടു പേടിച്ച കൊച്ചുകുട്ടികള്‍ ഓടിയോളിച്ചു. മുതിര്‍ന്നവര്‍ വരുന്നത് വരട്ടെ എന്ന രീതിയിലങ്ങു സഹിച്ചുനിന്നു.


ചിരിയുടെ ഇളക്കം നിന്നപ്പോള്‍ ഏലിയാമ്മ ഏങ്ങലോടെ പറഞ്ഞുതുടങ്ങി.
“ അതേ.. അടുത്ത വീട്ടിലെ അന്നാമ്മയുടെ പുന്നാര മോന്‍ കുരുത്തം കെട്ട ജോയിക്കുട്ടിയുടെ തലയില്‍ ഇടിത്തീ വീണാല്‍ ഒരു പത്ത് മെഴുകുതിരി മാതാവിനു കത്തിച്ചോളാമേ എന്ന് ഞാന്‍ നേര്‍ച്ച നേര്‍ന്നിരുന്നു. പക്ഷെ ഇടിത്തീയ്ക്ക് പകരം ജോയിക്കുട്ടിയുടെ തലയില്‍ തേങ്ങാ വീഴുന്നത് കണ്ടതും പത്ത് മെഴുകുതിരിയില്‍ നിന്നും രണ്ടെണ്ണമെടുത്ത് മാതാവിനു കത്തിയ്ക്കാമെന്നു കരുതി ഓടിയതാ.” ( കാര്യം നിസ്സാരം)


ഇതു കേട്ടതും ആള്‍ക്കൂട്ടത്തില്‍ നിന്നും ജോയിച്ചന്റെ അമ്മച്ചി അന്നാമ്മച്ചേടത്തി സ്വന്തം നെഞ്ചിങ്കൂടിനിട്ട് ആഞ്ഞടിച്ചു. നാട്ടുകാര്‍ ഓരോ ഇടിയുടെയും എണ്ണം പിടിച്ചുകൊണ്ടിരുന്നു . ഒന്നേ.. രണ്ടേ.. മൂന്നേ...


തലയില്‍ തേങ്ങാവീണു സാരമായി പരിക്കുപറ്റിയ ജോയിക്കുട്ടിയെ ആരൊക്കെയോ ചേര്‍ന്ന് ഹോസ്പിറ്റലിലെത്തിച്ചു. ജോയിക്കുട്ടിയുടെ അവസാന ശ്വാസം കണ്ടെന്നവകാശപ്പെടാന്‍ ബന്ധുമിത്ര ശത്രുവാദികള്‍ ശ്വാസമടക്കി ഹോസ്പിറ്റലിന്റെ വരാന്തയില്‍ കുത്തിയിരിപ്പു തുടങ്ങി.


ജോയിക്കുട്ടിയുടെ തലയില്‍ തേങ്ങാ വീണ പ്രശ്നം നാട്ടില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായി .

തെങ്ങു ചതിക്കില്ലാ എന്നു പ്രസംഗിച്ചു നടന്ന നാട്ടിലെ ചിന്തകനെ ആരൊക്കെയോ ചേര്‍ന്ന് തെങ്ങിനു മേലെ പിടിച്ചു കെട്ടി. നീട്ടി വളര്‍ത്തിയ താടിയും മുടിയും പിഴുതെറിഞ്ഞ് മുഷിഞ്ഞ വസ്ത്രങ്ങള്‍ക്കു പകരം കഞ്ഞിപ്പശയിലിട്ടു പുഴുങ്ങിയെടുത്ത ഖദറിട്ടുകൊടുത്ത ശേഷം ഒരു താക്കീതും കൊടുത്തു വിട്ടു. (കള്ളം പറയുന്നവനു പറ്റിയ വേഷം)


നാട്ടുകാരുടെ താക്കീതും കയ്യിലെടുത്ത് ഖദറുമിട്ട് നടന്ന ചിന്തകന്‍ മുദ്രാവാക്യങ്ങള്‍ മാറിമാറി വിളിച്ചപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് നമ്മുടെ ചിന്തകനും ഒരു കസേരയിട്ടുകൊടുത്തു. കിട്ടിയ കസേരയില്‍നിന്നും എഴുന്നേല്‍ക്കാതെതന്നെ ചിന്തകന്‍ ജോയിക്കുട്ടിയെ ചതിച്ച തെങ്ങുകള്‍ വെട്ടിമാറ്റാന്‍ ഉത്തരവിറക്കി.


പ്രതിപക്ഷം ഇളകിമറിഞ്ഞു തെങ്ങു വെട്ടിമാറ്റിയാല്‍ ഭാവിയില്‍ നാട്ടില്‍ നിന്നും തെങ്ങിന്‍ പാലങ്ങള്‍ അപ്രത്യക്ഷമാകുമെന്ന ഭീതി ജനങ്ങളെ പറഞ്ഞു മനസ്സിലാക്കി. മാത്രമല്ല മഴമേഘങ്ങളെ തടഞ്ഞു നിര്‍ത്തി മഴ തരുന്നതും തെങ്ങായത്കൊണ്ട് തെങ്ങുകളില്ലാത്ത കാരണം മഴയെങ്ങാനും പെയ്യാതെ വന്നാല്‍ പാലില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയാതെ പാവം ക്ഷീരകര്‍ഷകര്‍ പട്ടിണിയിലാകുമെന്ന ദുരന്ത സത്യവും ജനങ്ങളെ ബോധ്യപ്പെടുത്തി.


മാസങ്ങള്‍ കഴിഞ്ഞിട്ടും തലയില്‍ തേങ്ങാ വീണ ജോയിക്കുട്ടിക്കു ബോധം നഹി.


ചിന്തകന്റെ നേതൃത്വത്തില്‍ ഭരണ പക്ഷം തെങ്ങു മുറിച്ചു മാറ്റലില്‍ തന്നെ ഉറച്ചു നിന്നു. കേരളത്തിലെ ചെറുപ്പക്കാര്‍ ഇനി എന്തു വിശ്വസിച്ച് തെങ്ങു നിറഞ്ഞ കേരളത്തിലൂടെ സഞ്ചരിക്കും? തൊണ്ടിനുപോലും വിലയില്ലാത്ത തേങ്ങകള്‍ കുന്നുകൂടിയാല്‍ എന്തായിരിക്കും കേരളത്തിന്റെ അവസ്ഥ? വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ടിന്നിലടച്ച ഇളനീര്‍ ആന്റ് തേങ്ങാച്ചമ്മന്തി ഇറക്കി വെക്കാന്‍ സ്ഥലമില്ലാതെ വരില്ലെ? സ്ഥലം മുടക്കികളായ തേങ്ങകള്‍ കേരള ജനതയെ ഇനിയും പട്ടിണിക്കിടാതെയിരിക്കണമെങ്കില്‍ മാര്‍ഗ്ഗമൊന്നേയുള്ളൂ. തെങ്ങുകള്‍ കേരളത്തില്‍ നിന്നും ഇല്ലാതാവണം.


ചര്‍ച്ചകളും വട്ടമേശസമ്മേളനങ്ങളും കളറില്‍ മുക്കിയ സ്വദേശി വിദേശികളെ കാലിയാക്കിക്കൊണ്ടിരുന്നു. പക്ഷെ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല എങ്കിലും ഹര്‍ത്താലുകളും , കല്ലേറുകളും മുറപോലെ നടന്നുകൊണ്ടിരുന്നു.


പക്ഷേ അപ്പോഴും തേങ്ങാ തലയില്‍ വീണ മുറിവുമായി നമ്മുടെ ജോയിക്കുട്ടി ആശുപത്രിയില്‍ കോമായില്‍ മയങ്ങുകയാണ്. കൂടെ ആശുപത്രി വരാന്തയില്‍ ജോയിക്കുട്ടിയെ വെള്ളയില്‍ പൊതിയുന്ന ദിവസവും കാത്ത് ബന്ധുക്കള്‍ കം ശത്രുക്കളും കുത്തിയിരിക്കുന്നു.


തെങ്ങു മുറിച്ചുമാറ്റുന്നതിനുള്ള കോടാലി തന്റെ ഭാര്യയുടെ (ഇട)വകയിലുള്ള അമ്മാവന്റെ മകന്റെ കോടാലിക്കമ്പനിയില്‍നിന്നുതന്നെ വാങ്ങണമെന്ന ഘടകകക്ഷി നേതാവിന്റെ ആവശ്യം കണ്ടില്ലെന്നു നടിച്ചാല്‍ മന്ത്രിസഭ കാണില്ലാ എന്ന ബോധോദയം കൊണ്ട് ഭരണകക്ഷി നേതാവ് കോടാലി വാങ്ങാനുള്ള പണത്തിനു ഖജനാവില്‍ കോലിട്ടിളക്കിക്കൊണ്ട് ഉത്തരവിറക്കി. “ആരവിടെ......”
കോടാലികള്‍ കെട്ടുകളായി ഇറങ്ങിത്തുടങ്ങി. സര്‍ക്കാറാപ്പീസിനു മുന്‍പില്‍ക്കിടന്ന് കോടാലികള്‍ മഴയും, മഞ്ഞും കൊണ്ട് തുരുമ്പെടുത്തിട്ടും ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല.


അവസാനം അവരെത്തി. അതെ അവര്‍ തന്നെ, കേരളത്തിലെ പ്രശ്നത്തിനു പരിഹാരം കാണാന്‍ ബുദ്ധി രാക്ഷസനായ സായിപ്പും കൂടെ മദാമ്മയുടെ ഓമനയായ പട്ടിക്കുട്ടിയും.


പട്ടിക്കുട്ടിയെ മുന്‍പില്‍ നിര്‍ത്തി ചതുരമേശയ്ക്കു ചുറ്റും , ഭരണപക്ഷത്തിന്റേയും പ്രതി പക്ഷത്തിന്റെയും സമാധാന ചര്‍ച്ചകള്‍ നടന്നു. സായിപ്പിന്റെ കൈപിടിച്ചു പലരും പലപ്രാവശ്യം കുലുക്കിയപ്പോള്‍ സായിപ്പിന്റെ ഫുത്തി വികസിച്ചു കേരളമണ്ണിന്റെ മര്‍മ്മത്തുതന്നെ പൊട്ടിവീണു.


തേങ്ങ വീണു പരിക്കുപറ്റുന്നതില്‍നിന്നും രക്ഷനേടാന്‍ തെങ്ങു മുറിക്കേണ്ട ആവശ്യമില്ല എന്ന കണ്ടുപിടുത്തം പ്രതിപക്ഷത്തിന്റെ നാവിനെ കമന്റ് മോഡറേഷനിട്ടു കുരുക്കി . ഇനിമുതല്‍ കേരളത്തിലെ വോട്ടര്‍മ്മാര്‍ തേങ്ങാ സ്പെഷ്യല്‍ ഹെല്‍മെറ്റ് ധരിക്കുക. ഹെല്‍മെറ്റ് ധരിക്കാത്തവരെ പിരിവിട്ടു പിടിക്കാന്‍ പോലീസുകാര്‍ ഉണ്ടയില്ലാത്ത തോക്കുകളുമായി നാട്ടുവഴികളില്‍ പതിയിരിക്കുക എന്ന തീരുമാനവുമായി ചതുരമേശ സമ്മേളനം മദാമ്മയുടെ പട്ടിക്കുട്ടിയുടെ രണ്ട് ഓരിയിടലോടെ പിരിച്ചുവിട്ടു.


സായിപ്പിന്റെ വിദേശകമ്പനിയിലെ ഹെല്‍മെറ്റുകള്‍ കെട്ടുകളായി കേരളനാട്ടിലിറങ്ങി. പകരം കിട്ടിയ കുറേ കെട്ടുകള്‍ ഭരണപക്ഷത്തിന്റെയും , പ്രതിപക്ഷത്തിന്റെയും വിദേശ നിക്ഷേപങ്ങളിലും ഇറങ്ങി.
നാട്ടുകാരായ നാട്ടുകാരെല്ലാം തലയില്‍ ഹെല്‍മെറ്റുമായി നടത്തം തുടങ്ങി. ഹെല്‍മെറ്റു വെക്കാത്തവരെ തിരഞ്ഞുപിടിച്ച് പോക്കറ്റുതപ്പാന്‍ നിയമപാലകരുമിറങ്ങിയപ്പോള്‍ ജനങ്ങള്‍ക്ക് സന്തോഷം വിത്ത് സമാധാനം. ( കഞ്ഞിവെള്ളം കിട്ടിയില്ലെങ്കിലെന്ത് ഹെല്‍മെറ്റുണ്ടല്ലൊ).

*********

കോമയില്‍ കിടന്ന നമ്മുടെ ജോണിക്കുട്ടി ഒരു സുപ്രഭാതത്തില്‍ ബന്ധുക്കള്‍ കം ശത്രുക്കളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു. തന്നെ ബന്ധിച്ച ഗ്ലൂക്കോസ് കുപ്പികളെ തട്ടിമാറ്റി ഇറങ്ങി ഓടി. പിന്നാലെ ബന്ധുക്കള്‍ കം ശത്രുക്കളും.
ലൂസിക്കുട്ടിയുടെ വീട്ടിലെ മതിലു ചാടി ഓടി പരിചയമുള്ള ജോണിക്കുട്ടിയുടെ പിന്നാ‍ലെയോടിയ ബന്ധുക്കളും സകല നാട്ടുകാരും തളര്‍ന്നവശരായി.


വിലക്കയറ്റം വരുന്ന കാലത്ത് വിലകൂട്ടി വില്‍ക്കാന്‍ അരിച്ചാക്കുകള്‍ കൂട്ടിയിട്ട ഗോഡൌണും പിന്നിട്ട് ജോണിക്കുട്ടി ശരം വിട്ടപോലെ ഓടുകയാണ്.

ജോണിക്കുട്ടിയുടെ അമ്മച്ചി അന്നാമ്മക്കുട്ടി തന്റെ നെഞ്ചിങ്കൂടിന് വീണ്ടും ആഞ്ഞടിച്ചു ഓട്ടത്തിനിടയില്‍ നാട്ടുകാര്‍ അത് കൌണ്ട് ചെയ്തുകൊണ്ടിരുന്നു.

ജോണീക്കുട്ടി, ഏലിയാമ്മയുടെ വീടു ലക്ഷ്യമാക്കി ഓടുന്നത് കണ്ടപ്പോള്‍ തന്നെ തന്റെ തലയില്‍ ഇടിത്തീവീഴാന്‍ മാതാവിനു മെഴുകുതിരി കത്തിച്ച ഏലിയാമ്മയുടെ രക്തം ജോണിക്കുട്ടി എടുത്ത് കുപ്പിയിലാക്കുമെന്ന കാര്യം ഉറപ്പായി.


തന്റെ വീടിനു നേരെ ചീറിപ്പാഞ്ഞുവരുന്ന ജോണിക്കുട്ടിയേയും സംഘത്തിനേയും കണ്ട ഏലിയാമ്മച്ചേടത്തി അടുക്കള വാതില്‍ വഴി പുറത്തു കടക്കാന്‍ ഒരു ശ്രമം നടത്തിയതാണ് പക്ഷേ ജോണിക്കുട്ടി അപ്പോഴേക്കും പിന്നില്‍ നിന്നും ഏലിയാമ്മയെ കടന്നു പിടിച്ചിരുന്നു.


ജോണിക്കുട്ടിയുടെ ചോരക്കണ്ണുകളില്‍നിന്നും തീപാറുന്നത് കണ്ട ഏലിയാമ്മ മരണത്തിനു തൊട്ടു മുന്‍പുള്ള പ്രാര്‍ത്ഥന മനസ്സില്‍ ചൊല്ലിക്കൊണ്ട് പറഞ്ഞു.

“മോനെ ജോണിക്കുട്ടീ ഏലിയാമ്മ ച്ചേടത്തിക്ക് ഒരു പറ്റു പറ്റിയതാടാ ഇനി മേലില്‍ മാതാവിനു മെഴുകുതിരി നേരില്ലേ.......”


ജോണിക്കുട്ടി അട്ടഹസിച്ചു“മെഴുകുതിരി നേരില്ലെ നീ.. പരട്ട കിളവീ.... ഇനിയും മെഴുകുതിരി നേരണം പത്ത് മെഴുകുതിരിയല്ല പതിനായിരം മെഴുകുതിരി അതിനുള്ള കാശ് ഈ ജോണിക്കുട്ടി തരും”


വീടിനു ചുറ്റും തടിച്ചുകൂടിയ ജനസാഗരത്തിനു സംശയം, അല്ല അവരതങ്ങ് ഉറപ്പിച്ചു ..... ജോണിക്കുട്ടിയുടെ തലയില്‍ തേങ്ങ വീണതു മുതല്‍ ലവിടെ സാത്താന്‍ കയറിയങ്ങ് പൊറുതി തുടങ്ങി. ആരൊക്കെയോ വിളിച്ചു പറഞ്ഞു
“ഏലിയാമ്മേ കുരിശെടുത്ത് സാത്താനു നേരെ പിടി”
ഏലിയാമ്മ കുരിശുപോയിട്ട് പൊട്ടിവന്ന അരിശം പോലും പുറത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.


ഇതൊന്നും കാര്യമാക്കാതെ ജോണിക്കുട്ടി തന്റെ അലറല്‍ തുടര്‍ന്നു....
“നീ മാതാവിനു മെഴുകുതിരി നേര്‍ന്നാല്‍ ഫലമുണ്ടാകും .. അത്കൊണ്ട് നമ്മുടെ രൂപയുടെ കുത്തനെ ഉയര്‍ന്ന മൂല്യം താഴേക്കു വരാന്‍ പതിനായിരം മെഴുകുതിരി നേരണം മെഴുകുതിരി ഞാന്‍ തരും....”


ഇതു കേട്ടപ്പോള്‍ ഏല്യാമ്മച്ചേടത്തിയുടെ വിരുന്നിനുപോയ ശ്വാസം തിരിച്ചെത്തി .... ശ്വാസം ആഞ്ഞുവലിച്ച ഏലിയാമ്മച്ചി ജോണിക്കുട്ടിയോട് ന്യായമായ ഒരു ചോദ്യം ചോദിച്ചു.

“എന്നാത്തിനാ ജോണിക്കുട്ട്യേ രൂപയുടെ മൂല്യം കുറയ്ക്കുന്നത്?”

“ ഹഹ ചേടത്തീ എന്റെ ഇച്ചായന്‍ അങ്ങ് ഗള്‍ഫീന്നയക്കുന്ന പണത്തില്‍ നിന്നും അടിച്ചുമാറ്റിയല്ലായൊ പ്രത്യേകിച്ചു ജോലിയൊന്നുമില്ലാത്ത ഞാന്‍ അങ്ങു കഞ്ഞിവെള്ളം കുടിക്കുന്നത്?”

“ അതിന്?”

“ഇപ്പോ രൂപയുടെ മൂല്യം കൂടിയത്കാരണം ഇച്ചായന്‍ പണമയക്കുന്നകാര്യത്തിലും മൂല്യ നിര്‍ണ്ണയം നടത്തി...”


അങ്ങിനെ ഒടിച്ചു മടക്കിപ്പറഞ്ഞാല്‍ പതിനായിരം മെഴുകുതിരി നമ്മുടെ ഏലിയാമ്മ നേര്‍ന്നതും രൂപയുടെ മൂല്യം ശടപ്ടേന്ന് താഴോട്ടു പതിച്ചു.
ജോണിക്കുട്ടി തന്റെ കരാറു പ്രകാരം പതിനായിരം മെഴുകുതിരിക്കു പകരം പതിനായിരത്തൊന്നു മെഴുകുതിരി ഏലിയാമ്മയ്ക്ക് വാങ്ങിച്ചുകൊടുത്തു.


രൂപയുടെ മൂല്യമിടിഞ്ഞപ്പോള്‍ ഫോറിന്‍ പണം ഇടുക്കി ഡാമില്‍ നിന്നും ഒഴുക്കിക്കളയുന്ന ( ചുമ്മാ ഒരു രസത്തിന്) വെള്ളപ്പാച്ചില്‍ പോലെ നാട്ടിലേക്കൊഴുകാന്‍ തുടങ്ങി.


ഷെയര്‍മാര്‍ക്കറ്റില്‍ സമ്പാദ്യമത്രയും കുത്തിത്റ്റിരുകിയ ഔസേപ്പ് മാപ്പിള ബോധം കെട്ടപ്പോള്‍ മിച്ചം വന്ന പുരയിടത്തിന് അവകാശികളായ ആരൊക്കെയോ ആശുപത്രിയിലേക്കു കെട്ടിയെടുത്തു.


കഞ്ഞിവെക്കാനുള്ള അരിയുടെ വില മാര്‍ക്കറ്റ് ഇടിഞ്ഞാലും വല്ലവനും കെട്ടിപ്പൊക്കിയാലും താഴോട്ട് വരാത്തതിനാല്‍ പാടത്ത് പണിക്കുപോകുന്ന ദേവസ്യയും മക്കളും പഴയപോലെ കൂര്‍ക്കം വലിച്ചുറങ്ങി.


അന്നു മുതല്‍ ജോണിക്കുട്ടിയോടുള്ള ശത്രുത അവസാനിപ്പിച്ച നമ്മുടെ ഏല്യാമ്മച്ചേടത്തി ഇനി വല്ല ഇടിത്തീയും വീഴുകയാണെങ്കില്‍ നാട്ടുകാരുടെ മൊത്തം തലയില്‍ വീഴാന്‍ മാതാവിനുമുന്‍പില്‍ കത്തിച്ചത് ഇരുന്നൂറ്റി ഇരുപത്തിനാലര മെഴുകുതിരി!!!!!!!!!!

34 comments:

രസികന്‍ said...

അവസാനം അവരെത്തി. അതെ അവര്‍ തന്നെ, കേരളത്തിലെ പ്രശ്നത്തിനു പരിഹാരം കാണാന്‍ ബുദ്ധി രാക്ഷസനായ സായിപ്പും കൂടെ മദാമ്മയുടെ ഓമനയായ പട്ടിക്കുട്ടിയും.

ബീരാന്‍ കുട്ടി said...

രസികൻ,
ബെസ്റ്റ്‌ കണ്ണാ, ബെസ്സ്‌,

അലക്കൽ അസ്സലായി,
ഇനിയിപ്പോ, നമ്മുടെ രാഷ്ട്രിയക്കാരുടെ തലയിൽ, ഇടിതീ, അല്ല, വല്ല കൊട്ടതേങ്ങയും വീഴാൻ ഞാനും ഏലിയാമ്മ ചേടത്തിയെ കാണുവാൻ പോകുവാ.

ഇത്തിരി മെഴുക്‌തിരി കളഞെച്ചാലും, കാര്യം നടക്കുവല്ലോ.

ചിലർക്കൊക്കെ കൊള്ളും....

രസിക മന്ത്രങ്ങൾ വരട്ടെ.

നരിക്കുന്നൻ said...

‘നാട്ടുകാരുടെ മൊത്തം തലയില്‍ വീഴാന്‍ മാതാവിനുമുന്‍പില്‍ കത്തിച്ചത് ഇരുന്നൂറ്റി ഇരുപത്തിനാലര മെഴുകുതിരി!!!!!!!!!!‘

അതെന്താ രസികാ ഒരു അര?

തികച്ചും രസകരമായി തന്നെ ഒരു വലിയ കാര്യം വീണ്ടും പറഞ്ഞിരിക്കുന്നു രസികൻ. ഈ പോസ്റ്റിന് സാക്ഷിയായി ഇവിടെ ബാങ്കുകളിൽ പുറത്തേക്ക് നീളുന്ന നീണ്ട ക്യൂ കാണാം. ഇന്ത്യൻ മൂല്യം തകരണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയാണ് പ്രവാസി. 3 മാസം മുമ്പത്തേക്കാൾ 10000 രൂപക്ക് ഇന്ന് 1200 രൂപ ലാഭം കിട്ടും. ഒന്നിന്റെ നാശം മറ്റൊന്നിന് വളമാകുന്നതെങ്ങനെയെന്ന് രസികന്റെ ശൈലിയിൽ പറഞ്ഞ് ഫലിപ്പിച്ചിരിക്കുന്നു.

ശ്രീ said...

മെഴുകുതിരി പ്രയോഗം കൊള്ളാം.

sv said...

കലക്കി മാഷെ.....

ആശംസകള്‍....

Anil cheleri kumaran said...

കൊള്ളാം.

പ്രയാസി said...

“തെങ്ങു ചതിക്കില്ലാ എന്നു പ്രസംഗിച്ചു നടന്ന നാട്ടിലെ ചിന്തകനെ ആരൊക്കെയോ ചേര്‍ന്ന് തെങ്ങിനു മേലെ പിടിച്ചു കെട്ടി. നീട്ടി വളര്‍ത്തിയ താടിയും മുടിയും പിഴുതെറിഞ്ഞ് മുഷിഞ്ഞ വസ്ത്രങ്ങള്‍ക്കു പകരം കഞ്ഞിപ്പശയിലിട്ടു പുഴുങ്ങിയെടുത്ത ഖദറിട്ടുകൊടുത്ത ശേഷം ഒരു താക്കീതും കൊടുത്തു വിട്ടു. (കള്ളം പറയുന്നവനു പറ്റിയ വേഷം)“

ജോര്‍..ജോര്‍..:)

അശ്വതി/Aswathy said...

നല്ല പോസ്റ്റ്.
ആശംസകള്‍.കാര്യമായ കാര്യം കളി ആയി പറഞ്ഞ രീതി ഒത്തിരി നന്നായി .

ജിജ സുബ്രഹ്മണ്യൻ said...

ചിരിച്ച് ചിരിച്ച് മതിയായീ.ഏലിയാമ്മ പുരാണം കലക്കീ..ഈ ഐഡിയകളൊക്കെ ഇത്ര രസകരമായി അവതരിപ്പിക്കുന്നല്ലോ..

ഇരുന്നൂറ്റി ഇരുപത്തിനാലര മെഴുകുതിരി കലക്കീ!!

saju john said...

ഏലിയാമ്മയുടെ മെഴുകുതിരി എന്നൊക്കെ കേട്ടപ്പോള്‍ വളരെ ഉഷാറായി വന്നതാണ് വായിക്കാന്‍.....

തിരിച്ച്പൊവുന്നത് ഒരു വെടിക്കെട്ട് വായിച്ച് രസിച്ച സന്തോഷത്തിലും.

Jayasree Lakshmy Kumar said...

നല്ല അസ്സലു പൊസ്റ്റ്. കൊടു കൈ

BS Madai said...

രസികാ,
നന്നായിരിക്കുന്നു. ഒരുപാടു ഏരിയ കവര്‍ ചെയ്തിട്ടുണ്ട് - നല്ലൊരു satire വായിച്ച് സംതൃപ്തി - അഭിനന്ദനങ്ങള്‍

അരുണ്‍ കരിമുട്ടം said...

മൊത്തത്തില്‍ രസികന്‍.ഇഷ്ടപ്പെട്ട ഒരു വാചകം ഉണ്ട്,
"തെങ്ങു ചതിക്കില്ലാ എന്നു പ്രസംഗിച്ചു നടന്ന നാട്ടിലെ ചിന്തകനെ ആരൊക്കെയോ ചേര്‍ന്ന് തെങ്ങിനു മേലെ പിടിച്ചു കെട്ടി"

ബഷീർ said...

ഒരുപാട്‌ സംഭവകുംഭവങ്ങള്‍ (അര്‍ത്ഥം ചോദിയ്ക്കരുത്‌ ) ഉള്‍കൊള്ളിച്ചു കൊണ്ടുള്ള മെഴുക്തിരി പോസ്റ്റ്‌ ജോര്‍.. എന്നാലും ഖദറിനിട്ടും ഒരു കൊട്ട്‌ .. പിന്നെ ആ കുരിശ്‌ പോയിട്ട്‌ അരിശം പോലും വരാത്ത അവസ്ഥയുണ്ടല്ലോ അത്‌ കലക്കി. പിന്നെ ഒരു രസത്തിനു ഇപ്പോള്‍ എല്ലാവരു കൂടി ഒഴുക്കുന്ന പൈസ. അതിന്റെ കാര്യം പോക്കാണെന്ന് പറയേണ്ടതില്ല രസികാ. ..

OTസി.ബി.ഐ. കലക്കി

ബിന്ദു കെ പി said...

നല്ല പോസ്റ്റ് രസികാ. ഗൗരവമുള്ള ഒരുപാട് കാര്യങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.
പിന്നെ ആ “ഇരുന്നൂറ്റി ഇരുപത്തിനാലര മെഴുകുതിരി”യുടെ ഗുട്ടൻസ് പിടികിട്ടിയില്ല കേട്ടോ.

smitha adharsh said...

അത് ശരി..അപ്പൊ,അങ്ങനെയാണ് അപ്പൊ റിയാലിന്റെ മൂല്യം കുത്തനെ കൂടിയത്.എന്നാലും,അന്നമ്മ ചേടത്തി ഇങ്ങനെ നെഞ്ചിന്‍ കൂട് തന്നത്താന്‍ ഇടിച്ചു തകര്‍ക്കണ്ടായിരുന്നു...
പോസ്റ്റ്,കിടിലന്‍..കിക്കിടിലന്‍!

ഒരു സ്നേഹിതന്‍ said...

രസികന്‍ പതിവു തെറ്റിച്ചില്ല...
കാലിക പ്രാധാന്യമുള്ള പോസ്റ്റ്..
വളരെ ഇഷ്ടപ്പെട്ടു, ആശംസകള്‍...

അലി കരിപ്പുര്‍ said...

ചിരിച്ച് മറിഞു, ഈ രസികന്റെ ഒരു താമാശ.

എന്നാലും ഇനിയും മൊഴുകിതിരികൾ കത്തട്ടെ. ഇപ്പോൾ റേറ്റ് കൂടുന്നു, ആരെങ്കിലും അഴിമതി നടത്തിയോ?

ഇരുപത്തിനാലര മെഴുകുതിരി!!!!!!!!!!
ഇതെന്ത് കണക്ക്, കണക്കിൽ ഞാൻ പണ്ടെ കണക്കാ.

കനല്‍ said...

കലക്കി!!!

കിണ്ണന്‍ പോസ്റ്റ്!

അഭിനന്ദനങ്ങള്‍!

Unknown said...

രസികാ. ഏലിയാമ്മ ചേടത്തി നന്നായി രസിപ്പിച്ചു.
എന്താ എഴുത്ത്

രസികന്‍ said...

ബീരാന്‍ജീ: ഇനി കൈക്കൂലിയും കൊണ്ട് ഏലിയാമ്മയെ കണ്ടാല്‍ മതി
വന്നതിനും കമന്റിട്ടതിനും നന്ദി
നരിക്കുന്നന്‍: സത്യമാണു താങ്കള്‍ പറഞ്ഞത് ഒന്നിന്റെ നാശം മറ്റൊന്നിനു വളമകും
വന്നതിനും കമന്റിട്ടതിനും നന്ദി
ശ്രീക്കുട്ടാ: വന്നതിനും കമന്റിട്ടതിനും നന്ദി
SV : വന്നതിനും കമന്റിട്ടതിനും നന്ദി
കുമാരന്‍: വന്നതിനും കമന്റിട്ടതിനും നന്ദി

പ്രയാസി: വന്നതിനും കമന്റിട്ടതിനും നന്ദി

അശ്വതി: വന്നതിനും കമന്റിട്ടതിനും നന്ദി

കാന്താരിജീ: ഹഹ മെഴുകുതിരിയുടെ രഹസ്യം മറ്റൊന്നുമല്ല മൊത്തം ഇരുന്നൂറ്റി ഇരുപത്തഞ്ച് മെഴുകുതിരിയുണ്ടായിരുന്നു അതില്‍ നിന്നും അര മെഴുകുതിരി ഏലിയാമ്മയുടെ ഭര്‍ത്താവ് വര്‍ഗ്ഗീസ് മാപിള കട്ടെടുത്ത് ഏല്യാമ്മയ്ക്കു നല്ലബുദ്ധി തോന്നിക്കാന്‍ മാതാവിന്നു കത്തിച്ചതാണ്.
വന്നതിനും കമന്റിട്ടതിനും നന്ദി.

നട്ടപിരാന്തന്‍ ജീ: വന്നതിനും സന്തോഷിച്ചതിനും നന്ദിയുണ്ട് കമന്റിട്ടതിനും നന്ദി

ലക്ഷ്മി: വന്നതിനും കമന്റിട്ടതിനും നന്ദി
BS Madai : വന്നതിനും കമന്റിട്ടതിനും നന്ദി

രസികന്‍ said...

അരുണ്‍: വന്നതിനും കമന്റിട്ടതിനും നന്ദി

ബഷീര്‍ജീ: അര്‍ത്ഥം എനിയ്ക്കു കിട്ടി കുംഭത്തിലെ സംഭവങ്ങള്‍ എന്നല്ലെ ഹഹഹ..
പിന്നെ പണം കടം വാങ്ങിയിട്ടെങ്കിലും അയക്കാനുള്ള തിരക്ക് ഇവിടെ ഒരു നിത്യ സംഭവമായിരിക്കുന്നു.
വന്നതിനും കമന്റിട്ടതിനും നന്ദി.

ബിന്ദു ജീ: ആ മെഴുകുതിരിയുടെ രഹസ്യം മുകളില്‍ കാന്താരീസിനുള്ള മറുപടിയില്‍ പറഞ്ഞിട്ടുണ്ട്
വന്നതിനും കമന്റിട്ടതിനും നന്ദി.
സ്മിതാജീ: ഏലിയാമ്മയ്ക്കു വെവരമുള്ളത്കൊണ്ടാണ് സ്വയം ഇടിച്ചത് അല്ലാതെ നാട്ടുകാരെക്കൊണ്ട് ഇടിപ്പിച്ചാലുള്ള അവസ്ഥയൊന്നോര്‍ത്തു നോക്കിക്കേ (ഏലിയാമ്മ വെറും പേരില്‍ മാത്രം ബാക്കിയാകും )
വന്നതിനും കമന്റിട്ടതിനും നന്ദി.

സ്നേഹിതന്‍: വന്നതിനും കമന്റിട്ടതിനും നന്ദി

അലി കരിപ്പൂര്‍: ഹഹ മെഴുകുതിരിയുടെ രഹസ്യം കാന്താരിക്കുട്ടിക്കുള്ള മറുപടിയില്‍ പറഞ്ഞിട്ടുണ്ട്
വന്നതിനും കമന്റിട്ടതിനും നന്ദി.

കനല്‍ : വന്നതിനും കമന്റിട്ടതിനും നന്ദി

അനൂപ് ജീ: വന്നതിനും കമന്റിട്ടതിനും നന്ദി

ആയിഷ said...

രസികൻ

ആളുകളെ ചിരിപ്പിച്ച് കൊല്ലാനാ പരിപാടിയല്ലെ.

ഏലിയാമ്മ ചേടത്തിയോട്, മെഴുകുതിരിയുടെ എണ്ണം കൂട്ടാൻ പറയണെ.

സുല്‍ |Sul said...

കിടിത്സ് രസികാ.
-സുല്‍

ഗീത said...

“കേരളത്തിലെ പ്രശ്നത്തിനു പരിഹാരം കാണാന്‍ ബുദ്ധി രാക്ഷസനായ സായിപ്പും കൂടെ മദാമ്മയുടെ ഓമനയായ പട്ടിക്കുട്ടിയും..” അതു പിന്നെ അങ്ങനെ തന്ന്യല്ലോ വേണ്ടത്?
കേരളത്തിലുള്ളോര്‍ക്ക് എന്നാ പുത്തീരിക്കുണു?
ഞാനും മെഴുകുതിരി നേരാന്‍ പൂവ്വാ. ഈ രസികന്റെ രസികന്‍ പോസ്റ്റുകള്‍ എന്നും വായിക്കാനൊക്കണേ എന്നു പ്രാര്‍ത്ഥിച്ച്..

രസികന്‍ said...

ആയിശാ: ഹഹ ഏലിയാമ്മച്ചേടത്തിയോട് രണ്ടു മെഴുകുതിരികൂടി കത്തിക്കാന്‍ പറയാം എന്താ സന്തോഷായൊ
വന്നതിനും കമന്റിട്ടതിനും നന്ദി

സുല്‍ ജീ: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

ഗീതേച്ചീ : അതങ്ങിനെത്തന്നെയാണല്ലൊ കേരളത്തിലെ കര്‍ഷകന്റെ പ്രശ്നത്തെ പറ്റി പഠിക്കാന്‍ ഇവിടെനിന്നും വിദേശത്തേയ്ക്കു പോകുന്നവരുമുണ്ടല്ലൊ . പിന്നെ എനിയ്ക്കു വേണ്ടി മെഴുകുതിരി കത്തിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

ബിനോയ്//HariNav said...

രസികോ ഞാന്‍ ഫാനായി!! ഇനി തൊടാത്ത വിഷയം ഒന്നുമില്ലല്ലോ ഈ പോസ്റ്റില്‍.

OAB/ഒഎബി said...

ഏലിയാമയുടെ മെഴുകുതിരിക്ക് സറ്വ്വ സ്തോത്രം. നാട്ടിലേക്ക് വരുംപോൾ അയച്ച പൈസക്ക് പ്രതീക്ഷിച്ചതിലും അധികം കിട്ടിയതിനാൽ കുട്ടികൾക്ക് വെറുതെ ഓടിച്ച് കളിക്കാൻ ഒരു മാതിരി കാറ് വാങ്ങിക്കൊടുത്തെടെ. അതാണല്ലൊ ഇപ്പോൾ നാട്ടിലെ ടോയ്സ്.
ആക്ഷേപ ഹാസ്യം കുറിക്ക് കൊണ്ടു മോനെ....
നന്ദിയോടെ ഒഎബി.

ഉപാസന || Upasana said...

വലിയ രസമൊന്നുമില്ലെങ്കിലും വായിച്ചിരിയ്ക്കാം.
:-)
ഉപാസന

നിലാവ്‌ said...

ഗിഡിലൻ തമ്പ്രാ...ഗിഡിലൻ....

Pongummoodan said...

രസികാ,

തലക്കെട്ട് വായിച്ചപ്പോൾ തെറ്റിദ്ധരിച്ചു. :)
കൊള്ളാം.

hi said...

ugran

kannan nair edapally said...

"ഏലിയാമ്മയുടെ മെഴുകുതിരി.."
കൊള്ളാം .././........

kannan nair edapally said...

"ഏലിയാമ്മയുടെ മെഴുകുതിരി.."കൊള്ളാം .....';/.