Wednesday, July 14, 2010

പെട്രോളില്‍ ചാലിച്ച കത്ത്...


സ്നേഹം നിറച്ചുവെച്ച  അച്ഛാ അച്ഛന്റെ വിധിയെന്നു നാട്ടുകാര്‍ വിധിയെഴുതിയ അമ്മേ , നിങ്ങള്‍ രണ്ടുപേരുടെയും അതിലുപരി നാട്ടുകാരുടെയും  ഒടുക്കത്തെ ആഗ്രഹത്തിനൊടുവില്‍ ഞാന്‍ ഗള്‍ഫുമണലില്‍ കാലുകുത്തി .  ഞാന്‍ ഗള്‍ഫില്‍ തന്നെയാണു വന്നിറങ്ങിയതെന്ന് ഒന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ .

നാടുകടന്ന് പത്തുമാസത്തിനു ശേഷമാണോടാ തെണ്ടീ നീ ഒരെഴുത്തയയ്ക്കുന്നത് എന്നതായിരിക്കും ഇപ്പോള്‍ അച്ഛന്റെ മനസ്സിലൂടെ കടന്നുപോയത്  എനിക്കറിയാം കൊച്ചുകള്ളാ.. അച്ഛാ...

എന്നെ ഗള്‍ഫിലേക്കു ‘നന്നാവാന്‍’ വേണ്ടി കടത്തിവിടുമ്പോള്‍ ഞാന്‍ നന്നാവുന്നതിലുമുപരി അച്ഛനു നന്നാവാം എന്ന ഒരു ഹിഡണ്‍ അജണ്ടയുണ്ടായിരുന്നുവെന്നതും എനിക്കറിയാമായിരുന്നു. ഹിഹി ഞാനാരാ മോന്‍.

പിന്നെ നാട്ടുകാരായ പരമതെണ്ടികളേ നിങ്ങക്ക് കൂടി വായിക്കാനാണു ഞാനിതെഴുതുന്നത് . നിങ്ങള്‍ കരുതുന്നുണ്ടാകും ഞാന്‍ നാടുവിട്ടതോടുകൂടി നാടു അങ്ങു പടര്‍ന്നു പന്തലിച്ചു പൂത്തു കുലച്ചു നില്‍ക്കുമെന്നു. അനുഭവിക്കുമെടാ നാട്ടുകാരെ നിങ്ങള്‍ അനുഭവിക്കും.

 ഇവിടെനിന്നും ചാക്കുകണക്കിനു പച്ചക്കറികളും ലിറ്ററുകണക്കിനു പെട്രോളും കള്ളക്കടത്തുകടത്തിക്കൊണ്ടു ഒരു നാള്‍ ഞാന്‍   ക്ലാര്‍ക്സിന്റെ ഷൂസുമിട്ടുകൊണ്ടു നാട്ടില്‍  കാലുകൊണ്ടു കുത്തും . അന്ന് എന്റെ പിറകേ ഒരു തുള്ളി പെട്രോളുതാ , ഒരു അല്ലി ഉള്ളിതാ, ഒരു നുള്ള് തക്കാളി താ എന്നൊക്കെ പറഞ്ഞുകൊണ്ടു വന്നേക്കരുത്.

കേരളം എന്ന വാക്കു  കേള്‍ക്കുമ്പോള്‍ ഇപ്പോഴെനിക്കു പുഛമാണു പുഛം! നിങ്ങള്‍ കേരളീയര്‍ എന്തുണ്ടാക്കി ? സ്വന്തമെന്നുപറയാന്‍ കേവലം ഒരു ഹര്‍ത്താലല്ലാതെ എന്തുണ്ടു നിങ്ങള്‍ക്ക് ?! ഒരു നാലുവരിപ്പാത എന്നത് നിങ്ങളുടെ വെറും ചിറകൊടിഞ്ഞു തൂങ്ങിയാടുന്ന കിനാവുകളല്ലേ? നൂറ്റി അറുപത് സ്പീഡ് നിങ്ങളുടെ കാറിന്റെ സ്പീഡോമീറ്ററിനു സങ്കല്പിക്കാന്‍ കഴിയുമോ?  ഞങ്ങളെ തോപ്പിക്കാന്‍ നിങ്ങള്‍  എന്തൊക്കെ പുകിലായിരുന്നു കാട്ടിക്കൂട്ടിയിരുന്നത് . കടലില്‍ പോകുന്നൂ കുഴികുത്തുന്നൂ  , ക്രൂഡോയിലു തിരയുന്നൂ ... പെട്രോളിന്റെ വില നിയന്ത്രിക്കുന്നൂ  ഹോ....

ഇപ്പോഴെന്തായി വില ‘നിയന്ത്രിച്ചു’ കഴിഞ്ഞോ? ഇപ്പോള്‍  ഉപ്പുതൊട്ടു കര്‍പ്പൂരം വരേയുള്ളതിന്റെ വില പെട്രോളു നിയന്ത്രിച്ചുകഴിഞ്ഞില്ലേ?! നിങ്ങള്‍ക്കൊക്കെ ഇതുതന്നെ വേണം ... ഗള്‍ഫില്‍നിന്നും വരുന്ന പണവും നോക്കി മെയ്യനങ്ങാതെ ജീവിച്ചോ ...  പാടങ്ങള്‍ നികത്തി  അരിമില്ലു തുടങ്ങിയപ്പോള്‍  അരിമില്ലില്‍ ഒലത്താനുള്ള അരി അങ്ങു ആന്ധ്രായില്‍ നിന്നും ബര്‍മ്മായില്‍നിന്നും വരേ വരുത്തേണ്ട ഗതിവന്നില്ലേ?

പച്ചക്കറികള്‍ അന്യനാട്ടില്‍ നിന്നും അന്യായവിലക്കു വാങ്ങേണ്ടിവന്നപ്പോള്‍ സന്തോഷമായിക്കാണുമല്ലോ? നാട്ടുകാരുടെ കുറ്റവും അമേരിക്കന്‍ പ്രസിഡണ്ടിന്റെ അലമാരയുടെ വലിപ്പവും പ്രസംഗിച്ചു നടക്കുന്ന സമയം കൊണ്ട്  സ്വന്തമായി ഒരു വാഴയെങ്കിലും ഉണ്ടാക്കിയിരുന്നെങ്കില്‍ പുട്ടിനുകൂട്ടിയെങ്കിലും അടിക്കാമായിരുന്നല്ലോ ഉവ്വോ?

എങ്ങിനെ എളുപ്പം പണക്കാരനാകാമെന്നു തലപുകയ്ക്കുന്ന സമയം കൊണ്ട് പത്തുറബ്ബര്‍ തൈ നട്ടിരുന്നെങ്കില്‍ ആധാരം പണയം വെയ്ക്കാതെ തന്നെ മില്‍മയുടെ പാക്കറ്റുപാലു വാങ്ങി നിങ്ങള്‍ക്കു പാല്പായസം  വെയ്ക്കാമായിരുന്നില്ലേ ....  എന്തേ ഇതൊന്നും ചെയ്തില്ല?

നിരന്തരം വില കുതിച്ചുയരുന്ന സ്വര്‍ണ്ണം കഴിച്ചാല്‍ നിങ്ങളെയൊക്കെ വിശപ്പു മാറുമോ? അഞ്ചു രൂപയ്ക്കു ഗതിയുള്ളവന്‍ പത്തുരൂപയ്ക്കു സ്വര്‍ണ്ണം കടം വാങ്ങി സൂക്ഷിക്കുന്നുണ്ടല്ലോ ..  എന്നു നിങ്ങള്‍ സ്വര്‍ണ്ണത്തിനോടുള്ള ആക്രാന്തം നിര്‍ത്തുന്നുവോ അന്നുതൊട്ടു നിങ്ങള്‍ നന്നാവാനും തുടങ്ങും.
ഇപ്പോല്‍ മനസ്സിലായിക്കാണുമല്ലോ എല്ലാം... ഒന്നും വേണ്ടായിരുന്നൂന്നു തോന്നുന്നില്ലേ ഇപ്പോള്‍ ? ഇനി പാശ്ചാതപിച്ചിട്ടു കാര്യമില്ല മക്കളേ...

അന്നു പലിശക്കാരന്‍ മാത്തപ്പന്റെ ലോക്കറുപൊളിച്ച് നാട്ടുകാരായ നിങ്ങള്‍ പണയംവെച്ച ഉപയോഗശൂന്യമായ സ്വര്‍ണ്ണമെടുത്ത് നിങ്ങള്‍ക്കു വേണ്ടി ഒരു വന്‍ പച്ചക്കറി വിത്ത് പശു ഫാം തുടങ്ങാനൊരുങ്ങിയ എന്നെ നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലേ... അതൊക്കെപ്പോട്ടെ എന്റെ കൂട്ടുകാരന്‍ തുരപ്പന്‍ വാസുവിനു ലോക്കറു പൊളിച്ചതിന്റെ കൂലികൊടുക്കാന്‍ പോലും നിങ്ങളനുവദിച്ചോ? 

സദാചാരവും പ്രസംഗിച്ചുനടന്നോ തെണ്ടികളേ ... വയനാട്ടിലെവിടേയോ സ്വര്‍ണ്ണം കുഴിച്ചെടുക്കാന്‍ തുടങ്ങിയെന്നുകേട്ടു ... ഇനി സ്വര്‍ണ്ണത്തിനു വില കുറഞ്ഞു സ്വര്‍ണ്ണത്തിന്റെ ഉലക്കവരേ മാര്‍ക്കറ്റിലിറങ്ങാന്‍ തുടങ്ങിയാല്‍ നീയൊക്കെ പഠിക്കും ... അന്നു ഞാനൊരു ചിരിയും ചിരിക്കും.

എങ്കിലും അതൊക്കെ ഞാന്‍ സഹിച്ചു പൊറുത്തു .  കള്ളന്മാരുടെ ശല്യമുള്ള നമ്മുടെ നാട്ടില്‍ക്കൂടി കിലോക്കണക്കിനു സ്വര്‍ണ്ണവുമിട്ടോണ്ടു പോകുന്ന രമണിയക്കയുടെ പത്തുപവന്റെ മാല പൊട്ടിച്ച് ഭദ്രമായി ബാങ്കില്‍ പണയം വെച്ചതിനായിരുന്നല്ലോ മഹാപാപികളേ നിങ്ങളെല്ലാവരും കൂടി എന്നെ തല്ലിച്ചതച്ചതും പോലീസിലേല്പിച്ചതും. എന്നിട്ടും മതിവരാത്തതുകൊണ്ടല്ലേ ഒരു സാമൂഹ്യസേവകനായ എന്നെ നിങ്ങള്‍ പിരിവെടുത്തുകൊണ്ട്   കാട്ടറബിയുടെ ഒട്ടകത്തിനേ നോക്കാനുള്ള വിസയുമെടുത്ത്തന്ന് കടലുകടത്തിവിട്ടത്...

പക്ഷേ ദൈവമുണ്ട് മക്കളേ ദൈവമുണ്ട് .... അതുകൊണ്ടല്ലേ ഞാന്‍  ഒട്ടക വളര്‍ത്തുകേന്ദ്രത്തില്‍ കാലുകുത്തിയതിന്റെ പിറ്റേദിവസംതന്നെ ഇത്തപ്പഴം കഴിച്ചു വയറിളക്കം വന്ന എന്റെ അറബി ആശുപത്രിയിലാത്. (ഈ അറബികള്‍ അങ്ങിനെയാ ചുമ്മാ ഈത്തപ്പഴമൊക്കെ വലിച്ചുവാരി തിന്നുകളയും അല്ല പിന്നെ) അതുകൊണ്ടായിരുന്നല്ലോ  അറബിയുടെ കെട്ടിയോളെ ഒട്ടകക്കാലില്‍ കെട്ടിയിടാനും അറബിയുടെ പണപ്പെട്ടിയെടുത്ത് ‘നന്നാവാന്‍ ’ എനിക്കു അവസരം ലഭിച്ചതും....

ഹോ ആ സുന്ദര നിമിഷങ്ങളെന്നെ ഇന്നും പുളകം കൊള്ളിക്കുന്നു. പിന്നീട് ‘നന്നായ’ എനിക്കു ഇന്നു ബിസിനസ്സ് സ്ഥാപനങ്ങളുണ്ട് സമൂഹത്തില്‍ സ്ഥാനമുണ്ട്, മാനമുണ്ട് ... മനസ്സില്‍ കളങ്കമില്ലാത്തവരെ ദൈവം തുണയ്ക്കുമെന്നത് ഈയവസരത്തിലെങ്കിലും നിങ്ങള്‍ മനസ്സിലാക്കണം .

 പിന്നെ വേറെയൊരു കാര്യം ഇവിടെ ധാരാളം പെട്രോളുണ്ടെന്നു മാത്രമല്ല നിങ്ങളുടെയൊക്കെ നാട്ടിലെ പകുതിവിലയ്ക്ക് നിത്യോപയോഗ സാധനങ്ങളും കിട്ടാനുണ്ട്....

കേരളത്തില്‍ പെട്രോളിനു വിലകൂടി , ബസ്ചാര്‍ജും കൂടിക്കൂടി പണ്ടാരടങ്ങി പട്ടിണികിടന്ന്  തമ്മില്‍ തല്ലി  നിങ്ങളെല്ലാം മൂക്കു കൊണ്ട്   ക്ലാ ക്ലീ ക്ലൂ  ക്ലൌ എന്ന്  വരയ്ക്കട്ടേയെന്നാശംസിച്ചുകൊണ്ട് തല്‍ക്കാലം ഈ കത്തു ചുരുക്കുന്നു.

എന്ന്  പണ്ടു നിങ്ങളുടെയെല്ലാമായിരുന്ന ഭൈരവന്‍ . കെ.കെ (ഒപ്പ്)

“ ജയ് എണ്ണക്കമ്പനി ”

NB: ഈ കത്തിന്റെ ഫ്രം അഡ്രസ്സുനോക്കി ഗള്‍ഫുമണിക്കായി ഒരു തെണ്ടിയും ഇങ്ങോട്ടു കത്തെഴുതി ചുമ്മാ സ്റ്റാമ്പിന്റെ കാശുകളയേണ്ട എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം ഞാന്‍ കത്തില്‍ ഫ്രം വെച്ചത് ഞാനൊരു ഫ്രം ഒക്കെയുള്ളവനാണെന്നു നിങ്ങള്‍ക്കൊക്കെ മനസ്സിലായിക്കോട്ടെയെന്നുകരുതിക്കൊണ്ടുമാത്രമാണെന്നതുകൂടി ഓര്‍മ്മിപ്പിക്കട്ടെ.

30 comments:

രസികന്‍ said...

എന്നെ ഗള്‍ഫിലേക്കു ‘നന്നാവാന്‍’ വേണ്ടി കടത്തിവിടുമ്പോള്‍ ഞാന്‍ നന്നാവുന്നതിലുമുപരി അച്ഛനു നന്നാവാം എന്ന ഒരു ഹിഡണ്‍ അജണ്ടയുണ്ടായിരുന്നുവെന്നതും എനിക്കറിയാമായിരുന്നു.

ഉണ്ടാപ്രി said...

എവിടായിരുന്നു പേടീരോഗയ്യരെ ഇത്ര നാള്‍..

Anil cheleri kumaran said...

കൊള്ളാം ഭൈരവാ,, നിന്റെ രണ്ടാം വരവ്‌.

ബീരാന്‍ കുട്ടി said...

രസികാ,

അതാണ്‌ മോനെ അത്‌.

പറയേണ്ടത്‌, പറയേണ്ട സമയത്ത്‌, പറയാൻ പറ്റിയില്ലെങ്കിലും, പറഞ്ഞല്ലോ. മതി, അത്‌ മതി.

പിന്നെ, സ്വന്തമായിട്ടോരു എണ്ണ കമ്പനി തുടങ്ങിയകാര്യം ഞാൻ അറിഞ്ഞു.

മേലിൽ, ഏതെങ്കിലും ഊപ്പന്മാർ വന്ന് ഉമ്മാക്കി കാണിച്ചാൽ, അതിന്‌ നീ ബ്ലോഗ്‌ പൂട്ടിയാൽ, അമ്മച്ചിയാണെ, നിന്നെ ഞാൻ പെട്രോളിൽ മുക്കി കൊല്ലും.

തിരിച്ചുവരവിന്‌ ആശംസകൾ.

ഒരു യാത്രികന്‍ said...

രസിപ്പിച്ചല്ലോ രസികാ....എല്ലാരേയും തെറി വിളിച്ചപ്പോ സമാധാനമായി കാണും ഇല്ലേ........സസ്നേഹം

Naushu said...

കൊള്ളാം

ശ്രീ said...

കൊള്ളാം മാഷേ. ഇവിടെയൊക്കെ ഉണ്ടല്ലേ?

വി.എ || V.A said...

എങ്ങനെ പണക്കാരനാകാമെന്ന് കുറേനാളായി ചിന്തിക്കുന്നു.കത്തിൽ ഫ്രം വച്ചതു നന്നായി.അടുത്ത പണി ഭൈരവന്റെ എണ്ണക്കമ്പനി... ഹാ...ഹാ.... തൊരപ്പൻ തൊമ്മി.

ആളവന്‍താന്‍ said...

"സ്വന്തമെന്നുപറയാന്‍ കേവലം ഒരു ഹര്‍ത്താലല്ലാതെ എന്തുണ്ടു നിങ്ങള്‍ക്ക് ?!"...... ഹ ഹ ഹ കൊള്ളാം അത് കൊള്ളാം. ഇടക്ക് ഇറങ്ങിഷ്ട്ടാ. ഇങ്ങോട്ടും

ഒഴാക്കന്‍. said...

"എന്നു നിങ്ങള്‍ സ്വര്‍ണ്ണത്തിനോടുള്ള ആക്രാന്തം നിര്‍ത്തുന്നുവോ അന്നുതൊട്ടു നിങ്ങള്‍ നന്നാവാനും തുടങ്ങും." അത് കലക്കി!

ഇതെവിടാരുന്നു കുറെ ആയല്ലോ കണ്ടിട്ട്

ബഷീർ said...

രസികാ,

പെട്രൊളിനു ഇന്ന് ഇവിടെ (യു.എ.ഇ )വില കൂട്ടി. 20 ഫിൽ‌സ് ലിറ്ററിനു കൂടും :(

പിന്നെ നാട്ടുകാരുടെ കൈക്ക് പണിയാക്കുമെന്നാ തോന്നുന്നത്..

രോഷം നന്നായി. ഹർത്താലുള്ളത് കൊണ്ട് അഭിമാനിക്കാം കേരളീയന് .ഹല്ല പിന്നെ

ബഷീർ said...

O.T

എവിടെയായിരുന്നു ഇതുവരെ ? അറബി പിടിച്ച് ഒട്ടകക്കാലിൽ കെട്ടിയിട്ടോ ?

പട്ടേപ്പാടം റാംജി said...

രോഷം നന്നായിട്ടുണ്ട്.
ആശംസകള്‍.

രസികന്‍ said...

ഉണ്ടാപ്രീ:- ഒന്നും പറയേണ്ട എന്റെ ഉണ്ടാപ്രീ.. ഇവിടെ വന്നതിനും അന്വേഷിച്ചതിനും ഒരു നന്ദി അങ്ങട് പിട്ക്യാ ...

കുമാര്‍ ജീ:- ഹിഹിഹി ഇവിടെയൊക്കെയ് ഉണ്ട് അല്ലേ ..

ബീരാന്‍ ജീ:- ബേണ്ടാ .. ബേണ്ടാ .. ഹിഹി ..... നന്ദി

യാത്രികാ:- എന്തോരു സമാധാനം ഹോ ആശ്വാസമായി :)

നൌഷു:- താങ്ക്യൂ

ശ്രീ:- നോം ഒരു ചിന്ന ഇടവേളയിലായിരുന്നു കുട്ട്യേ വന്നതിനു പ്രത്യേകം നന്ദി

വി.എ:- എങ്ങിനേയും പണക്കാരനാകാമെന്നു ഇപ്പോള്‍ തിരിഞ്ചല്ലോ :) നന്ദി

ആളവന്താന്‍ :- ഇനി ഇറങ്ങാം നന്ദി

ഒഴാക്കന്‍:- ഒരു ഇടവേളയിലായിരുന്നു (ചുമ്മാ) നന്ദീ

ബഷീര്‍ ജീ :- യെസ് ... അല്‍ ഒട്ടഹകാ വ കാലുനാ‍ാ എന്നാണല്ലോ ... നന്ദി

രസികന്‍ said...

റാംജീ :- വന്നതിനു ഒത്തിരി നന്ദി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സന്തോഷായി.ചുമ്മാ ഒന്ന് വന്നു നോക്കിയതാ. പുളിച്ച തെറി കേള്‍ക്കാന്‍ സാധിച്ചു.
നിങ്ങള്‍ എന്ത് പറഞ്ഞാലും നുമ്മ ഇങ്ങിനെ തന്നെ.ഇതിനേക്കാള്‍ വല്യ തെറി എത്ര കേട്ടതാ.ഹല്ലാ പിന്നെ.

നരിക്കുന്നൻ said...

എനിക്ക് രോമാഞ്ചകുഞ്ചകമണിയുന്നു രസികാ.... നീ രണ്ടാമതും ഈ പെട്രോൾ ടാങ്കില് പണ്ടാരടങ്ങിയതിനല്ല... നീയിതൊക്കെ എവിടെന്ന് പടിച്ചു. വിദ്യാഭ്യാസമില്ലങ്കിലും വിവരക്കേടിനൊരു കുറവുമില്ലന്ന് നിന്റെ പ്രോഫയലിൽ കണ്ടപ്പോൾ ഇത്രക്ക് വിവരം ഉണ്ടെന്ന് കരുതിയില്ല. അപ്പോൾ നുണപറഞ്ഞതാല്ലേ..? ഗള്ളൻ... പെട്രോളിൽ ചാലിച്ച കത്തെന്ന് കണ്ടപ്പോൾ രസികന്റെ രണ്ടാവരവ് കരയിപ്പിക്കാനാണോ എന്ന് കരുതിയാ വായിച്ചത്... ഇത് പക്ഷേ ഭൈരവാ നീ പുലിയാ കെട്ടോ... രണ്ടാം വരവ് ഗംഭീരമായി... വലിച്ച് ചീന്തി കശക്കിയെറിഞ്ഞില്ലേ... ഹർത്താലിന്റെ സ്വന്തം നാടേ ഈ പ്രവാസിയോട് പൊറുത്താലും...

സസ്നേഹം
നരി

mini//മിനി said...

രണ്ടാം വരവ് നന്നായിട്ടുണ്ട്.

അരുണ്‍ കരിമുട്ടം said...

തിരിച്ചുള്ള വരവും, ആ വരവിന്‍റെ ഒരു ലിതും എന്നെ ആഹ്ലാദ കോലാഹലന്‍ ആക്കുന്നു :)
തിരക്കായിരുന്നു മാഷേ, ഇപ്പോഴാ കണ്ടത്

OAB/ഒഎബി said...

പെട്രോളീള്‍ ചാലിച്ച രോഷം കുറേയതികം കേട്ടു.
നാട്ടുകാര്‍ കേള്‍ക്കേന്തതായ കുറേ കാര്യങ്ങള്‍ (തമാശയായി)പറഞ്ഞതിഷ്ടമായി.
ഇനിയും പറയാന്‍ ഇവിടെ വേണം കെട്ടൊ.

OAB/ഒഎബി said...

കഴിഞ്ഞ വര്‍ഷകാലം:
അന്ന് കുറേ വെള്ളപ്പൊക്കത്തിന്റെ ഫോട്ടൊ ഇട്ടിരുന്നു. അതിന് ശേഷം കണ്ടില്ല. ഞാന്‍ കരുതി ആ വെള്ളപ്പാച്ചിലില്‍
ഒലിച്ച് പോയിക്കാണുമെന്നായിരുന്നു.

രസികന്‍ said...

ഇസ്മായില്‍ കുറുമ്പടി :- സന്തോഷമായല്ലോ ഹി ഹി :)

നരീ:- എനിക്കു ഒരു ഒന്നൊന്നര ഒന്നേമുക്കാല്‍ വെവരമാ എനിക്കു വയ്യ ഹഹ :)

മിനിചേച്ചി:- നന്ദി

അരുണ്‍ :- ഹിഹി അങ്ങിനെ ഞാന്‍ വീണ്ടും ലിവിടെയെത്തി :)

ഒ.എ.ബീ :- ഇനി ഇവിടെയൊക്കെയുണ്ടാകും .. അന്നു വെള്ളപ്പൊക്കത്തില്‍ മുങ്ങിയതാ ഹഹ :)

ഹംസ said...

രസികാ അച്ഛനും നാട്ടുകാര്‍ക്കും നീ അയച്ച കത്ത് വായിക്കാന്‍ വൈകിപ്പോയി.

നന്നായി രസികാ നന്നായി.. ആ ഹംക്ക് കേരളീയര്‍ക്ക് അങ്ങനെ തന്നെ പണികൊടുക്കണം .

ദിവസത്തില്‍ 6 മണിക്കൂര്‍ ജോലിയില്‍ 4 മണിക്കൂര്‍ റെസ്റ്റെടുക്കുന്ന അവര്‍ക്ക് 18 മണിക്കൂര്‍ ജോലി എടുക്കുന്ന ഗല്‍ഫുകാരെ പുച്ചം. സ്വന്തമായി ഹര്‍ത്താലല്ലാതെ എന്തു ചുണ്ണാമ്പാ അവര്‍ക്കുള്ളത് . അത് ഒരു ഒന്ന് ഒന്നര ചോദ്യം തന്നയാ

ഇങ്ങനെ കുറിക്ക് കൊള്ളുന്ന നല്ല കത്തുകള്‍ (കുത്തുകള്‍) ഇനിയും പ്രതീക്ഷിക്കുന്നു

yousufpa said...

പാടങ്ങള്‍ നികത്തി അരിമില്ലു തുടങ്ങിയപ്പോള്‍ അരിമില്ലില്‍ ഒലത്താനുള്ള അരി അങ്ങു ആന്ധ്രായില്‍ നിന്നും ബര്‍മ്മായില്‍നിന്നും വരേ വരുത്തേണ്ട ഗതിവന്നില്ലേ?
അടിച്ചു പൊളിച്ചു രസികാ.ചിലതൊക്കെ വായനക്കാരന്റെ തലക്ക് പിടിക്കണമെങ്കിൽ ഇതുപോലുള്ള എഴുത്തുകൾ അനിവാര്യമാണ്‌ തീർച്ചയായും താങ്കൾ അഭിനന്ദനം അർഹിക്കുന്നു. എല്ലാ വിധ ആശംസകളൂം.

നവാസ് കല്ലേരി... said...

ഹ ഹാ ...കലക്കി ...
ഇത് തിരിച്ചു വരവാ എന്നൊക്കെ കണ്ടു ...
ഞമ്മള്‍ പുതിയ ആളാ ട്ടോ ...
കുറിക്കു കൊള്ളുന്ന പ്രയോഗങ്ങള്‍ ...
ആശംസകള്‍ വീണ്ടും കാണാം ..

രസികന്‍ said...

ഹംസാജീ :- ഇനിയും പ്രതീക്ഷിക്കാം :) വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി വീണ്ടും പ്രതീക്ഷിക്കുന്നു

യൂസുഫ് :- വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി വീണ്ടും പ്രതീക്ഷിക്കുന്നു

നവാസ് :- വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി വീണ്ടും പ്രതീക്ഷിക്കുന്നു

ഒരു സ്നേഹിതന്‍ said...

പാടങ്ങള്‍ നികത്തി അരിമില്ലു തുടങ്ങിയപ്പോള്‍ അരിമില്ലില്‍ ഒലത്താനുള്ള അരി അങ്ങു ആന്ധ്രായില്‍ നിന്നും ബര്‍മ്മായില്‍നിന്നും വരേ വരുത്തേണ്ട ഗതിവന്നില്ലേ?

രസികന്‍ said...

സ്നേഹിതന്‍ നന്ദി

Fayas said...

ഹ അടിപൊളി !! മലയാളികളായ ഓരോ ആര്‍ത്തിപണ്ടാരങ്ങള്‍ക്ക് വായിക്കാനുള്ള കത്ത്..

രസികന്‍ said...

ഫിലിം പൂക്കള്‍ :- നന്ദി :)