Saturday, May 7, 2011

ഒരു എയര്‍ പ്രണയം!!

ന്റെ എല്ലാമെല്ലാമായ ലൂസി അറിയുന്നതിന് ,

നമ്മള്‍ തമ്മില്‍ കണ്ടിട്ടു ഇത് എത്രാമത്തെ ദിവസമാണെന്ന് നിനക്കറിയാമോ.... അത്യാധുനികമായി മൊബൈല്‍ഫോണില്‍ നിന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍  നീയും മൊബൈലും പരിധിയും കടന്നു അതിനപ്പുറമെത്തിയെന്നറിയാന്‍ കഴിഞ്ഞതുകൊണ്ടാണ് പ്രാചീന ബന്ധപ്പെടല്‍ രീതിയില്‍ ഞാന്‍ ഈ എഴുത്തെഴുതുന്നത് ..

നാട്ടിലൂടെ റോഡ് റോളര്‍ പറപ്പിച്ചു നടന്നിരുന്ന  ഞാന്‍  വിമാനം ‘വിറപ്പിച്ചു’ പറത്തുന്ന പൈലറ്റായത് എന്റെ പിതാജിയുടെ മടിയില്‍ പണമുള്ളതുകൊണ്ടു മാത്രമായിരുന്നുവെന്നത് നിന്നോടു ഞാന്‍ മറച്ചുവച്ചിട്ടില്ലല്ലോ.

ചില പുല്ലന്മാര്‍ ഓരോരൊ ലൈസെന്‍സിനു വേണ്ടി കുത്തിയിരുന്നു പഠിക്കുന്നത് കാണുമ്പോള്‍ ഞാന്‍ ചിരിച്ചു ചിരിച്ചു ചാവാറുണ്ട്. ങാ അതൊക്കെപ്പോട്ടെ ...

ഞങ്ങള്‍ എയറിന്ത്യന്‍ ഡ്രൈവര്‍മാര്‍ സമരം തുടങ്ങിയത് നിനക്കറിയാമല്ലോ അല്ലേ ? ഇതെല്ലാം ശമ്പളം കൂട്ടാനും മറ്റുമാണെന്നാണ് ചില മണ്ടന്മാര്‍ കരുതിയിരിക്കുന്നത്!

സത്യം നിന്നോട് പറയാമല്ലോ ലൂസീ ... സത്യത്തില്‍ ഞങ്ങള്‍ സമരം തുടങ്ങിയത് മാനസിക പിരിമുറുക്കത്തില്‍ നിന്നും മോചിതരാവാന്‍ വേണ്ടി മാത്രമാണ് ...

ആയിരക്കണക്കിന് പ്രവാസികളും ദേശീയ വാസികളുമെല്ലാം നമ്മുടെ വിമാനവും കാത്തിരുന്നു കാത്തിരുന്നു വിമാനക്കമ്പനിക്കാരുമായി അടിയുണ്ടാക്കി തല്ലിച്ചാവുന്നത് കാണാന്‍ എന്തൊരു ഹരമാനെന്നോ ... എന്തൊരു ലഹരിയാണെന്നോ...

ഇതൊന്നും പറഞ്ഞാല്‍ നിനക്ക് മനസ്സിലാവില്ല മോളെ അതിന്റെയൊരു സുഖം അനുഭവിച്ചറിയുകതന്നെ വേണം ... അതിനു ഞങ്ങളേപ്പോലെ  പുണ്യം ചെയ്യണം ...

വിമാനം വൈകിയതില  യാത്രക്കാരുടെ എതിര്‍പ്പില്‍നിന്നുകിട്ടുന്ന ആ ഒരു ലഹരിയുന്ടല്ലോ അതു ആനമയക്കിയില്‍ കഞ്ചാവിട്ടു വാറ്റിയാലും കിട്ടില്ല മോളെ ...

ഒരിക്കല്‍ നീ ചെന്നൈയിലുണ്ടെന്നെനിക്കു ഫോണ്‍ ചെയ്തപ്പോള്‍ നിന്റെയടുത്തെത്താന്‍ ഞാന്‍ എന്തൊക്കെ റിസ്കാണെടുത്തതെന്നു നിനക്കു വല്ല ഓര്‍മ്മയുമുണ്ടോ? അന്നു എന്റെ ഇന്റര്‍നാഷണല്‍ മൊബൈലിലേക്കു നിന്റെ റോമിംഗ് മിസ്സ്കാള്‍ വന്നപ്പോള്‍ ഞാന്‍ ഗള്‍ഫിലെ എയര്‍പോര്‍ട്ടില്‍ വിമാനം സ്റ്റാര്‍ട്ടു ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അന്നു ഒറ്റക്കൈകൊണ്ടു വിമാനമോടിച്ചുകൊണ്ടാണു നിനക്കു ഞാന്‍ തിരിച്ചു വിളിച്ചത് ...

 ചെന്നെയില്‍ നില്‍ക്കുന്ന നിന്റെയടുത്തെത്താന്‍ കോഴിക്കോട്ടേയ്ക്കു വിമാനം പറത്തുന്ന ഞാനെങ്ങനെയെത്തുമെന്നാലോചിച്ച്  വിധിയെ പഴിച്ചു വിതുമ്പലൊതുക്കിയ  എന്നെ എന്റെ കോപൈലറ്റു കോതമംഗലം കുട്ടപ്പന്‍ ചേട്ടനായിരുന്നു സമാധാനിപ്പിച്ചത് .


കുട്ടപ്പന്‍ ചേട്ടനെന്ന ദൈവം പറഞ്ഞതുകേട്ട് കോഴിക്കോടു വിമാനത്താവളത്തിലെ റണ്‍ വേ കാണാനില്ലെന്നും പറഞ്ഞുകൊണ്ട് ഞാന്‍ ചെന്നൈയിലേക്കു വിമാനം തിരിച്ചുവിടുകയായിരുന്നു. അന്നും യാത്രക്കാര്‍ കിടന്നുകളികളിക്കുന്നതും വിമാനക്കമ്പനിക്കാര്‍ നടന്നു പാടുപെടുന്നതുമടക്കം ഒരുപാടു ലഹരികളെനിക്കു കിട്ടുകയും, ഡ്യൂട്ടി ടൈം കഴിഞ്ഞതുകൊണ്ടു ഞാന്‍  ഇനി ഇരുപത്തിനാലു മണിക്കൂര്‍ കഴിയാതെ വിമാനം പറത്തില്ലാ എന്നു പറഞ്ഞു എല്ലാവരേയും ഞെട്ടിച്ചുകൊണ്ട്   നിന്റെയരികിലേയ്ക്കു ഒഴുകിയൊഴുകിയെത്തിയതുമെല്ലാം ഇന്നു നടന്നപോലെ ഞാന്‍ ഓര്‍മ്മിക്കുന്നു.

എങ്കിലും എന്റെ ലൂസി നിന്റെ വല്യമ്മയുടെ പ്രായമുള്ള എയര്‍ ഹോസ്റ്റസ് പങ്കജകുമാരിയോടു ഞാന്‍ കുശലം പറഞ്ഞതിനു നീ അന്നു മുഖം വീര്‍പ്പിച്ചതു ഒട്ടും ശരിയായില്ല ... ഒന്നുമില്ലേലും വെറും  ഡൊമസ്റ്റിക് വിമാനത്തിലെ എയര്‍ ഹോസ്റ്റസായ നിന്നെ ഇന്റര്‍നാഷണലിലേയ്ക്കു, അതും ഞാന്‍ ഡ്രൈവു ചെയ്യുന്ന വിമാനത്തിലേയ്ക്കു മാറ്റിച്ചതു ഞാനൊരുത്തനായിരുന്നു എന്നതെങ്കിലും നീ ഓര്‍ക്കണമായിരുന്നു .

നിനക്കോര്‍മ്മയുണ്ടോ, ഒരിക്കല്‍ വിമാനം ലാന്റു ചെയ്യുമ്പോള്‍ നീയെന്നെ കടക്കണ്ണാല്‍ നോക്കിയതും, ധൈര്യമുണ്ടെങ്കില്‍ വിമാനം മലര്‍ത്തിപ്പറത്താമോ എന്നുചോദിച്ചതും, അന്നു ലാന്റുന്ന വിമാനം മലര്‍ത്താന്‍ നോക്കിയപ്പോള്‍  വിമാനം മൂക്കുകുത്തിയതും ഏതോ മണ്ടന്‍ അന്വേഷകന്‍ വന്നു വിമാനത്താവളത്തിന്റെ വിസ്തീര്‍ണ്ണത്തിന്റെ ഘടനയിലുണ്ടായ സങ്കീര്‍ണ്ണമായ വിള്ളലില്‍ മുഴച്ചുനില്‍ക്കുന്ന റണ്‍ വേയുടെ ഗതിയേ കുറ്റം പറഞ്ഞതും, കേസില്‍ കുടുങ്ങാതെ  ഞാന്‍ രക്ഷപ്പെട്ടതുമെല്ലാം ഇന്നലെ നടന്നപോലെ തോന്നുന്നു ... എനിക്കു ചിരിവരുന്നു ലൂസിയേ...

എന്നാലും ഈ കിഴങ്ങന്മാര്‍ സമരം നടത്തിയപ്പോള്‍ സത്യത്തില്‍ വെട്ടിലായതു നമ്മളാണു ലൂസി ... ഞാന്‍ ഉഗാണ്ടയില്‍(?) വിമാനമിറക്കിയപ്പോഴല്ലായിരുന്നോ എയര്‍ ഇന്ത്യന്‍ ഡ്രൈവര്‍മാരുടെ പണിമുടക്കു വന്നതു .... അന്നുനീ ഒരു ഗള്‍ഫു വിമാനത്തിലായിരുന്നു.

 പണിമുടക്കില്‍ ജനങ്ങള്‍ വലയുന്നതിന്റെ ആ ഒരു കുളിര്‍മ്മയൊക്കെ അനുഭവിക്കുന്നുണ്ടെങ്കിലും നിന്നെ കാണാത്തതിലുള്ള ഒരു ‘ഇത്’ എനിക്കു ഭയങ്കരമായ ഒരു ‘അതു’ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു....

 പല തവണ ഞാനും എന്നേപ്പോലെ വെട്ടിലായിപ്പോയ പലരും സമരം നിര്‍ത്താന്‍ പരിശ്രമിച്ചതാണു പക്ഷേ ഒരാവേശത്തിനു തുടങ്ങിപ്പോയല്ലോ ....

നമ്മുടെ കോതമംഗലം കുട്ടപ്പന്‍ ചേട്ടനുണ്ടല്ലോ ലൂസി .. അങ്ങേര്‍ക്കു നൊസ്സാ നൊസ്സ് ... പൈലറ്റുമാരുസമരം തുടങ്ങിയപ്പോള്‍ അങ്ങേര്‍ക്കു പഴയ മീങ്കച്ചവടം തുടങ്ങിയാലോ എന്നൊരു പൂതി ...

അല്ലേലും വിമാനമോടിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്കുള്ള അങ്ങേരുടെ കൂയ് .. കൂയ് കൂവല്‍  എനിക്കു ഉറക്കം വരാതിരിക്കാന്‍ വളരെ ഉപകാരമാവാറുണ്ടെന്നതു മീങ്കച്ചവടത്തോടുള്ള എന്റെ ആദരവും ബഹുമാനവും  കൂട്ടുന്നതാണു. കോ പൈലറ്റു എന്നതിലുപരി കൂ പൈലറ്റെന്നാണു ആ മഹാനുഭാവനു ചേര്‍ന്ന ഔദ്യോഗിക നാമം.

ലൂസി.. എന്നാലും അന്നു നീ ബ്രിട്ടീഷ് എയര്‍ലൈന്‍സില്‍ വന്ന സായിപ്പു പൈലറ്റിനോടും അയാളുടെ ഇന്ത്യന്‍ കാമുകി നാടന്‍ മദാമ്മയോടും ഹോട്ടലില്‍ വെച്ചുകാണിച്ച ഔപചാരികത അല്പം കൂടിപ്പോയില്ലേ എന്നെനിക്കു തോന്നി. സംഗതി അവര്‍ നമ്മുടെ അതിഥികളൊക്കെത്തന്നെയാണ്‍് ... പണ്ടു നമ്മേ അടിമകളാക്കിയിരുന്നതു ഈ കുരുത്തം കെട്ടവരാണെന്നതുകൂടി നീയോര്‍ക്കണമായിരുന്നു ....  സാരമില്ല ഒരു പറ്റു ഏതു ലൂസിക്കും പറ്റും....  ഇനി അവരെ ക്കാണുമ്പോള്‍ മിണ്ടരുതു.

എന്തുതന്നെയായാലും നേര്‍ച്ചകള്‍ക്കൊടുവില്‍ സമരമവസാനിച്ചപ്പോള്‍ വിമാനവും പറത്തി ഞാന്‍ വന്നതു അന്നു നീ ഡ്യൂട്ടിക്കെത്തുമെന്നു കരുതിയായിരുന്നു ... പക്ഷേ വിധിയാണൊ അല്ലെങ്കില്‍ വല്ല യാത്രക്കാരന്റെയും പഴിയാണൊ ചതിച്ചതെന്നറിയില്ല ... നീ വന്നില്ല

 നീ ഡ്യൂട്ടിയിലില്ലാത്ത വിമാനമെനിക്കു അസാധുവായ ബാലറ്റുപേപ്പറുപോലെയാണു ലൂസിയേ.. സത്യത്തില്‍ വിമാനം പറത്താന് മനസ്സുവരുന്നില്ല എന്റെ ലൂസീ ... വിമാനം പറത്താന്‍ കഴിയാത്തതുകൊണ്ട് ഇന്നലെ ഞാന്‍ വിമാനത്തില്‍ ചുണ്ടെലിയെക്കണ്ടെന്നൊരു കാച്ചങ്ങു കാച്ചി.....

എന്നാ ബഹളമായിരുന്നു ... പോലീസും പട്ടാളവും തേങ്ങാക്കുലയുമൊക്കെ കാട്ടിക്കൂട്ടിയതു ... ഹോ ശരിക്കും മനസ്സു നിറഞ്ഞുപോയി... വിമാനത്തില്‍ പുകകണ്ടു എന്നൊക്കെ ഞാന്‍ ഇടയ്ക്കു കാച്ചാറുള്ളതു നിനക്കും അറിയാവുന്നതാണല്ലൊ..

അതൊക്കെ എന്തെങ്കിലുമാവട്ടെ എനിക്കു നിന്നെ കാണാന്‍ മുട്ടിയിട്ടു വയ്യ മോളേ ...
അതുകൊണ്ട് എത്രയും വേഗം മറുപടി കിട്ടുമെന്നു പ്രതീക്ഷിച്ചു വിമാനത്തില്‍ കുന്തിച്ചിരിക്കുന്ന  നിന്റെ കെ.കെ. അന്തപ്പന്‍ ഏലിയാസ് അന്തു

  NB: കഴിയുമെങ്കില്‍ മറുപടി പോസ്റ്റിലയച്ചു കാശുകളയുന്നതിനുപകരം നീ കയ്യോടെ കൊണ്ടുവന്നാലും മതി..
*******
ദിവസങ്ങള്‍ക്കുള്ളില്‍ ലൂസി എഴുതിയ മറുപടി കം രജിസ്ട്രേഡ് ലറ്റര്‍ അന്തപ്പന്‍ ഒപ്പിട്ടു വാങ്ങി ഇങ്ങനെ വായിച്ചു.
******

പ്രേമം കുത്തിനിറച്ച അന്തുച്ചായാ,

കത്തുകിട്ടി, അന്തുച്ചായന്‍ വിഷമിച്ചിരിക്കുന്നതോര്‍ത്തപ്പോള്‍ ശരിക്കും ഞാന്‍ പൊട്ടിച്ചിരിച്ചുപോയി . അച്ചായന്‍ വിഷമിക്കുമ്പോള്‍ ഇഞ്ചിതിന്ന കൊരങ്ങനെയാണെനിക്കോര്‍മ്മവരിക. എനിക്കു ചിരി ഇനിയും വരുന്നുണ്ടു കേട്ടോ...

വളരെ പ്രതീക്ഷയോടെയായിരുന്നു  സമരം തുടങ്ങിയ ദിവസം ഒരു നീണ്ട അവധിയുമെടുത്ത് ഞാനും മുങ്ങിയത് .. നമുക്കുരണ്ടുപേര്‍ക്കും ‘സമരദിവസങ്ങളിലെ ഓര്‍മ്മകള്‍ ’ എന്ന പുസ്തകം അച്ചടിച്ചിറക്കാന്‍ തക്കവണ്ണം അനുഭവങ്ങളുണ്ടാക്കാന്‍ വേണ്ടിത്തന്നെയായിരുന്നു അച്ചായന്റെ ഈ ലൂസി ലീവെടുത്തത് ...

നമ്മെ ചതിച്ചതു വിധിയോ, പഴിയോ ഒന്നുമല്ല അച്ചായാ..  കാലമാടനായ എന്റെ അയല്‍വാസി ഗള്‍ഫു വര്‍ക്കിയായിരുന്നു ...
 ഒരിക്കല്‍ എന്നെ ഇടംകണ്ണിട്ടുനോക്കി ഗോഷ്ടികാണിച്ചു വിമാനമോടിച്ച്  വിമാനം നിന്നു കുലുങ്ങിയപ്പോള്‍  പരിഭ്രമിച്ച യാത്രക്കാരോടു ... വിമാനം ചുഴലിയില്‍ കുടുങ്ങിയതാണെന്നു കള്ളം പറഞ്ഞു യാത്രക്കാരെ സമാധാനിപ്പിച്ച ഒരു ദിവസമില്ലായിരുന്നോ? ആ കാളദിവസമ്പോലെ ഞാനോര്‍ക്കുന്നു എന്റെ അവസാന ഡ്യൂട്ടി ദിവസവും.

അന്നൊരു നശിച്ച ദിവസമായിരുന്നു ... ആ വിമാനത്തില്‍ യാത്രചെയ്ത ഗള്‍ഫു വര്‍ക്കിയാണു  എന്റെ തന്തശ്രീ മാത്തുക്കുട്ടിക്കു വെറും മുപ്പതു മില്ലി മിലിട്രിക്കുവേണ്ടി എന്നെ ഒറ്റിക്കൊടുത്തതു ...

എയര്‍ ഹോസ്റ്റസ് എന്നൊക്കെപ്പറഞ്ഞാല്‍ അപ്പച്ചന്‍ കരുതിയതു വിമാനത്തിലെ സകല ജോലിക്കാരെയും ക്ഷ- ഞ്ഞ- ക്കു എന്നൊക്കെ എഴുതിക്കുന്ന ജോലിയാണെന്നാ....
ഞാന്‍ കള്ളു വിളമ്പാനും യാത്രക്കാരുടെ എച്ചില്‍ പാത്രമെടുക്കാനുമൊക്കെയാണു വിമാനത്തില്‍ ജോലിക്കു കയറിയതെന്നു ആ തെണ്ടി വര്‍ക്കി വിവരിച്ചപ്പോള്‍ ... കോടിപ്പോയ അഭിമാനത്തെയോര്‍ത്തു അപ്പച്ചനൊരലര്‍ച്ചയായിരുന്നു ......

 “ മോളേ ലൂ‍ൂ‍ൂ‍ൂ‍ൂ സീ‍ീ‍ീ‍ീ‍ീ‍ീ...”

അന്നുമുതല്‍ ഞാന്‍ ജോലിക്കു രാജികൊടുത്തുവെന്നുമാത്രമല്ല അപ്പച്ചന്റെ വകേലൊരു കുടുമ്പക്കാരനും എസ്റ്റേറ്റു മുതലാളിയുമായ  പോത്തു തോമയ്ക്കു കഴുത്തു നീട്ടിയും കൊടുത്തു.

എങ്കിലും മുകളിലൂടെ ചീറിപ്പായുന്ന വിമാനത്തിന്റെ മൂളല്‍ കേട്ടാല്‍ , എന്തിനേറെ പറയണം രാത്രിയില്‍ മൂളിപ്പറക്കുന്ന വണ്ടിന്റെ മൂളല്‍ കേട്ടാല്‍പോലും ഞാന്‍ അച്ചായനെ ഓര്‍ത്തു കണ്ണൂനീര്‍ വാര്‍ക്കാറുണ്ട്.. ഇപ്പോള്‍ ‘ആകാശത്തിലെ കൂത്താട്ടം’ എന്ന ഒരു പുസ്തകമെഴുതാന്‍ ശ്രമിക്കുകയാണു ഞാന്‍.

ഇത്രയുമെഴുതിക്കൊണ്ട് അച്ചായന്റെ റേഞ്ചുവിട്ടുപോയ സ്വന്തം ലൂസി

********
കത്തുവായിച്ച അന്തപ്പന്‍ ചിന്തിക്കുകയായായിരുന്നു ... സത്യത്തില്‍ ഈ സമരം കൊണ്ട് പൈലറ്റുമാര്‍ക്കു പലതും നഷ്ടപ്പെടുകയല്ലായിരുന്നോ .... അതോ ലൂസിക്കു പകരം ജോയിന്‍ ചെയ്ത സിസിലിയെ കൊണ്ടുത്തരികയായിരുന്നോ....

അതൊക്കെപ്പോട്ടെ  എന്തുതന്നെയായാലും ലൂസി വണ്ടിനെക്കണ്ടു കരഞ്ഞാലും  ഭൂമിയില്‍ സുനാമിയല്ല അവന്റെ അപ്പൂപ്പന്‍ വന്നു താണ്ഡവമാടിയാല്പോലും ഞങ്ങള്‍ ആകാശത്തുള്ളവര്‍ വിമാനത്തിന്റെ ചിറകൊടിച്ചിട്ടെങ്കിലും യാത്രക്കാരെക്കൊണ്ടു  ക്ലൈ.. ക്ലാ .. ക്ലും..‌ഋ. എന്നു വരപ്പിച്ചിരിക്കും........... ഇതു സത്തിയം ... .സത്തിയം വീണ്ടും സത്തിയം....