Tuesday, January 27, 2009

ശൈഖ് അല്‍ ഗുലാമി കുട്ടപ്പന്‍ ...

ലര്‍ച്ചെയുള്ള തണുപ്പിനെ വകവെയ്ക്കാതെയാണ് ജാനുവേച്ചി മുരിങ്ങാമരത്തില്‍ വലിഞ്ഞുകയറിയത്. ശരീരം തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നെങ്കിലും മുരിങ്ങായിലയില്‍ ലക്ഷ്യംവെച്ചിരുന്ന ജാനുവേച്ചി ഇതൊന്നുമറിയുന്നുണ്ടായിരുന്നില്ല.

“ എല്ലാത്തിനും ഞാന്തന്നെ ഓടണല്ലോ ഈശരാ.... ന്റെ കുട്ടപ്പനു മൊരിങ്ങായിലക്കറീന്നു വെച്ചാ ജീവനായിരുന്നല്ലോ.... അതോണ്ട് മാത്രാ .... മൊരിങ്ങന്റെ മോളില്‍ വലിഞ്ഞു കേറിയത്. രാവിലെ ഒറ്റയെണ്ണം എണീക്കൂലാ ..... നാശങ്ങള്‍ ..... ”

ഗള്‍ഫീന്നു വരുന്ന കുട്ടപ്പനു മുരിങ്ങാക്കറിവെയ്ക്കാന്‍ പെടാപ്പാടുപെടുന്ന കുട്ടപ്പന്റെ സ്വന്തം മാതാശ്രീജാനുവേച്ചി രാവിലെ എണീക്കാതെ പോത്തുപോലെ കിടന്നുറങ്ങുന്ന ഇരട്ടക്കുട്ടികള്‍ മിന്നു ആ‍ന്‍ഡ് പൊന്നുവിനെ ശപിച്ച രംഗമാണു നമ്മള്‍ കണ്ടത്. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ജാനുവേച്ചിക്ക് ദുര്‍വ്വാസാവ്ജാനു എന്ന ഒരിരട്ടപ്പേര്‍ നാട്ടിലാകെ കിടന്നു കറങ്ങുന്നുണ്ട്.

രണ്ടേരണ്ടുമാസംമുന്‍പ് ഗള്‍ഫിലേക്കു പറന്ന കുട്ടപ്പന്‍ ഇപ്പോള്‍ വലിയ നിലയിലാണെന്നാണ് ജനസംസാരം. അതിനു മതിയായ കാരണമായിട്ടാണല്ലൊ ഗള്‍ഫിലെത്തി രണ്ടുമാസത്തിനുള്ളില്‍ത്തന്നെ അറബി സ്വന്തം പോക്കറ്റില്‍നിന്നും കാശെടുത്ത് റ്റിക്കറ്റുമെടുത്തുകൊടുത്ത് കുട്ടപ്പനു ലീവനുവദിച്ചത്.

കുട്ടപ്പന്റെ വരവറിഞ്ഞതില്‍ കിടന്നിട്ടുറക്കംവരാതെ സമയമെണ്ണിനീക്കുന്ന മറ്റൊരാത്മാവുകൂടി ആ നാട്ടില്‍ ജീവിച്ചിരിപ്പുണ്ട്. പണ്ട് കുട്ടപ്പന്‍ കൊടുത്ത അഞ്ചിന്റെ മഞ്ച് വിത്ത് പ്രേമക്കത്ത് വലിച്ചെറിഞ്ഞ് കലിതുള്ളിയ സാക്ഷാല്‍ അമ്മിണിക്കുട്ടിയായിരുന്നു അത്. വെറും കുട്ടപ്പന്‍ ഇന്ന് ഗള്‍ഫുകാരന്‍ കുട്ടപ്പനായി മാറിയപ്പോള്‍ എല്ലാം മറക്കാനും പൊറുക്കാനും തയ്യാറായ അമ്മിണിക്കുട്ടി കുട്ടപ്പനൊരു ജീവിതം കൊടുക്കാനും തയ്യാറായിരുന്നു. അതിനു കുട്ടപ്പന്റെ മുഖത്ത്പരന്നുകിടക്കുന്ന വസൂരിക്കലയോ ജന്മനായുള്ള മൂക്കൊലിപ്പോ ഒന്നും അവള്‍ക്കൊരു തടസവുമായിരുന്നില്ല.

ചുരുക്കിപ്പറയട്ടെ .... കുട്ടപ്പന്‍ വരുന്നെന്നുകേട്ടപ്പോള്‍ മുതല്‍ ജാനുവേച്ചിയുടെയും, അമ്മിണിക്കുട്ടിയുടേയും കൂടെ ആ നാട്ടിലെ സകല കെട്ടുപ്രായമെത്തിയ പെണ്‍കുട്ടികളുടെ പിതാക്കന്മാരും ഉറക്കമിളച്ചു കാത്തിരിക്കാന്‍ തുടങ്ങി.

***************

രണ്ടു മാസങ്ങള്‍ക്കുമുന്‍പ് കുട്ടപ്പനും കൂടെ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള പത്ത് ഗള്‍ഫുകാമികളുംകൂടി ഗള്‍ഫുമണലില്‍ കാലുകുത്തിയപ്പോള്‍ അവരെ സ്വീകരിക്കാനെത്തിയ അറബിമുതലാളിയുടെ ഡ്രൈവറെക്കണ്ടതും കുട്ടപ്പന്‍ ഓടിച്ചെന്നു കെട്ടിപ്പിടിച്ചൊരു മുത്തം കൊടുത്തു. കാരണം ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നതിനുപകരം അറബികള്‍ ആളുകളെ വിഷ് ചെയ്യുന്നത് കെട്ടിപ്പിടിച്ചുകൊണ്ടാണെന്നൊരു കേട്ടറിവുണ്ടായിരുന്നു നമ്മുടെ കുട്ടപ്പന്.

കുട്ടപ്പന്‍ മുത്തം കൊടുക്കുന്നതുകണ്ടതും കുട്ടപ്പന്റെകൂടെ വന്ന ബാക്കി പത്താളുകളും ഡ്രൈവറെപ്പിടിച്ചു മുത്തി........ പേടിച്ചു വിറച്ച ഡ്രൈവര്‍ ജീവനുംകൊണ്ടോടിയപ്പോള്‍ അറബിമുതലാളി നേരിട്ടുവന്നുകൊണ്ടാണ് അവരെ കമ്പനിയിലെത്തിച്ചത്.

ബുദ്ധിയുടെ കാര്യത്തില്‍ മലയാളികളെ കവച്ചുവെയ്ക്കാന്‍ ലോകത്ത് ഒരു എരപ്പാളിയും ജനിച്ചിട്ടില്ലാ എന്ന് ഗള്‍ഫിലെ ചായക്കടകളിലും കവലകളിലുമിരുന്നു അറബികള്‍ വെടിപറയുന്നത് കേട്ടതുകൊണ്ടാണ് അറബിമുതലാളി പുതുതായി പതിനൊന്നുമലയാളികളെ വിസയും ടിക്കറ്റും സ്വയം വഹിച്ചുകൊണ്ട് എന്തും സഹിക്കാന്‍ തയ്യാറായി ഗള്‍ഫിലെത്തിച്ചത്.

ചൈനയില്‍ നിന്നും വരുന്ന ഇലക്ട്രോണിക്ക് ആന്‍ഡ് ഇലക്ട്രിക്ക് ഉപകരണങ്ങളെ മെയ്ഡ് ഇന്‍ ജപ്പാനില്‍ത്തുടങ്ങി മെയ്ഡ് ഇന്‍ അന്റാര്‍ട്ടിക്കവരേയാക്കിമാറ്റുന്ന കമ്പനിയായിരുന്നു അറബിമുതലാളിയുടേത്.

കമ്പനി അസിസ്റ്റന്റ്മാനേജര്‍ തസ്തിക ധന്യമാക്കിക്കൊണ്ട് തന്റെ സീറ്റിലിരുന്ന് അടുത്തുള്ള കോളാമ്പിയിലേക്ക് മുറുക്കിത്തുപ്പുകയായിരുന്ന രണ്ടാം ക്ലാസ് കം ഗുസ്തി ബിരുദധാരി കുഞ്ഞിപ്പോക്കര്‍ കുട്ടപ്പനെയും സംഘത്തിനെയും കണ്ടപ്പോള്‍ തന്റെ കൂളിംഗ് ഗ്ലാസ്സ് കണ്ണാടിയുടെ ലെവല്‍ ഉറപ്പുവരുത്തിയ ശേഷം മുഖത്തൊരു ഗൌരവവും ഫിറ്റു ചെയ്തു.

കുട്ടപ്പനും സംഘവും കമ്പനിയിലാകെ കിടന്നുകറങ്ങി.... ആരൊക്കെയോ നോക്കിച്ചിരിക്കുന്നു .... ചിലര്‍ മസിലുപിടിക്കുന്നു....... ചിലര്‍ മൂക്കത്തു വിരല്‍ വെക്കുന്നു......

ഇതെല്ലാം കണ്ട കുട്ടപ്പനു കലികയറി .. അറബിമുതലാളിയുടെ ഓഫീസ് മുറിയിലേക്കോടിക്കയറിയ കുട്ടപ്പന്‍ മുതലാളിയോട് ‘ഇംഗ്ലീഷില്‍’ തട്ടിക്കയറി.
“തിസ് ഈസ് വാട്ട്........ വാട്ട്.. ഈസ് തിസ് ..... വാട്ട് ദിസ് ആന്ഡ് ദിസ് വാട്ട് ബിക്കോസ് ..... ദിസ് ഈസ് ദിസ് ആന്ഡ് വാട്ട്................”

കുട്ടപ്പന്റെ ഇംഗ്ലീഷുകേട്ട അറബി കോരിത്തരിച്ചുപോയി ..... ഇംഗ്ലീഷറിയാവുന്നവനുവേണ്ടി ഒഴിച്ചിട്ടിരിക്കുകയായിരുന്ന മാനേജര്‍പോസ്റ്റില്‍ അപ്പോള്‍ത്തന്നെ കുട്ടപ്പന്‍ നിയമിതനായി. അതോടുകൂടി കുട്ടപ്പന്‍ കമ്പനിയുടെ ആള്‍ ഇന്‍ ആളുമായി.

കുട്ടപ്പനോടുള്ള ബഹുമാനാദരവുകാരണം തന്റെ വീടിനോട് തൊട്ടുകിടക്കുന്ന ഔട്ട്‌ഹൌസില്‍ത്തന്നെ താമസസൌകര്യം ഏര്‍പ്പെടുത്തിക്കൊടുത്ത അറബി കുട്ടപ്പനെ ഓമനയോടെ “ ശൈഖ് അല്‍ ഗുലാമി കുത്തപ്പന്‍ “ എന്ന് ഓമനപ്പേരിട്ടു വിളിച്ചപ്പോള്‍ സാക്ഷാല്‍ കുട്ടപ്പന്‍ ശൈഖ് അല്‍ ഗുലാമി കുട്ടപ്പനായി മാറുകയായിരുന്നു.

സന്തോഷം നിറഞ്ഞ ദിനങ്ങള്‍ കടന്നുപോയി. കുട്ടപ്പന്റെ നാട്ടിലുള്ള അക്കൌണ്ടില്‍ അറബിയുടെ സന്തോഷങ്ങളുടെ പങ്കു നിറഞ്ഞുതുടങ്ങി.

ഒരു ദിവസം കുട്ടപ്പനു ഡിന്നറുമായിച്ചെന്ന അറബിയുടെ ‘എല്ലാമെല്ലാമായ’ ഇന്തോനേഷ്യക്കാരി വേലക്കാരിയെ കാണാതായപ്പോള്‍ അന്വേഷിച്ചു ചെന്ന അറബി ആ രംഗം കണ്ടു ഞെട്ടി.... വേലക്കാരിയെ “ശൈഖ് കുട്ടപ്പന്‍ ” അറേബ്യന്‍ ശൈലിയില്‍ ‘വിഷ്’ ചെയ്തുകൊണ്ട് ഇംഗ്ലീഷ് പഠിപ്പിക്കുന്നു. വേറെ എന്തും സഹിക്കാനും പൊറുക്കാനും തയ്യാറുള്ള മഹാമനസ്കനായ അറബി ..... വേലക്കാരി കൈവിട്ടുപോകുന്നകാര്യം മാത്രം സഹിക്കുമായിരുന്നില്ല.

പിറ്റേന്നുതന്നെ കുട്ടപ്പന്റെ മാനേജര്‍ കം ആള്‍ ഇന്‍ ആള്‍ സേവനം മതിയാക്കിയശേഷം എക്സിറ്റടിച്ച് അറബി സ്വന്തം ചിലവില്‍ ടിക്കറ്റുമെടുത്തുകൊടുത്ത ശേഷം “ അല്‍ ഗല്‍കുലാഹിസില്‍ ഹുലാമികം (മേല്ലാല്‍ ഗള്‍ഫില്‍ കണ്ടുപോകരുത്...)” എന്നൊരു താക്കീതും കൊടുത്തു.

അങ്ങിനെയാണ് ഓട്ടപ്പറമ്പില്‍ ഓ.പി കുട്ടപ്പന്‍ എന്ന ശൈഖ് അല്‍ ഗുലാമി കുട്ടപ്പന്‍ നാട്ടില്‍ വരുന്നൂ എന്ന ‘സംഗതിവാര്‍ത്താഹ’ നാട്ടിലാകെ പാട്ടായത്.

*************

കുട്ടപ്പനെ സ്വീകരിക്കാന്‍ സ്വയംതീരുമാനമെടുത്തശേഷം വാടകയ്ക്ക് ‘ഹര്‍ത്താല്‍ സ്പെഷ്യല്‍ പ്രീമിയര്‍ പത്മിനിയും’ വിളിച്ചുകൊണ്ടാണ് കുട്ടപ്പന്റെ കളിത്തോഴന്‍ പോത്തന്‍പോക്കര്‍ എയര്‍പ്പോര്‍ട്ടിലെത്തിയത്.

ഹര്‍ത്താല്‍ദിനത്തെ മറികടക്കാന്‍കഴിവുള്ള കേരളത്തിലെ ഏക വാഹനമാണ് ഡോക്ടറുടെ സ്റ്റിക്കറൊട്ടിച്ച പ്രീമിയര്‍ പത്മിനി. കാരണം പാല്‍, പത്രം, തുടങ്ങിയവപോലെ ഹര്‍ത്താല്‍ ബാധിക്കാത്ത സാധനങ്ങളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന ഒന്നാണല്ലോ ഡോക്ക്ടറുടെ സ്റ്റിക്കര്‍.
വലിയ രണ്ടു പെട്ടികളിട്ട ഉന്തുവണ്ടിയുമുരുട്ടിക്കൊണ്ട് തപ്പിത്തടഞ്ഞുകൊണ്ടായിരുന്നു ശൈഖ് അല്‍ ഗുലാമി നടന്നുവന്നത്. കാരണം മുഖത്തൊരു കറുത്ത കണ്ണടഫിറ്റ് ചെയ്തതുകൊണ്ട് ഒന്നും വ്യക്തമായിരുന്നില്ല.

ഇടയ്ക്കെപ്പോഴോ കണ്ണടമാറ്റി ചുറ്റും വീക്ഷിച്ചപ്പോഴാണ് എവിടെയോ ആരുടേയോ വായില്‍നോക്കിയിരിക്കുന്ന പോത്തന്‍പോക്കറിനെ കണ്ടത് .തന്റെ ബാല്യകാലകൂട്ടുകാരനും പണ്ട് സ്ഥിരമായി നാരങ്ങാമിഠായി ബാലേട്ടന്റെ കടയില്‍ നിന്നും അടിച്ചുമാറ്റി തന്റെ വിശപ്പടക്കാന്‍ സഹായിച്ചിരുന്നവനുമായ പോക്കറിനെക്കണ്ട കുട്ടപ്പന്‍ അറേബ്യന്‍ സ്റ്റൈലില്‍ കെട്ടിപ്പിടിച്ചശേഷം മുത്തം കൊടുക്കാനോങ്ങിയപ്പോള്‍ അറബിയും ഇന്തോനേഷ്യയും അന്റാര്‍ട്ടിക്കയുമെല്ലാം മനസ്സില്‍ കിടന്നു കോമരം തുള്ളി. പിന്നെ ആ ശ്രമമങ്ങുപേക്ഷിച്ചു.

പെട്ടികളെല്ലാം ഹര്‍ത്താല്‍സ്പെഷ്യല്‍വാഹനത്തിന്റെ മുകളില്‍ത്തന്നെ വച്ചുകെട്ടിയ ശേഷം അവര്‍ കുട്ടപ്പന്റെ വീടിനെ ലക്ഷ്യമാക്കി പറന്നു (അതും പ്രീമിയര്‍ പത്മിനിയില്‍ ഉം..).
കേരളത്തനിമ വിളിച്ചോതിക്കൊണ്ട് അടഞ്ഞകടകളും ഒഴിഞ്ഞറോഡുകളും കണ്ട കുട്ടപ്പന്‍ പോക്കറിനോടു ചോദിച്ചു.

“ഇന്നും ഹര്‍ത്താലാണല്ലേ... പോക്കര്‍... ഹോ... നോട്ട് സഹിക്കബിള്‍ .... ഏസിയില്ലാത്ത കാറും .... കാര്യമില്ലാത്ത ഹര്‍ത്താലും എങ്ങിനെ സഹിക്കുന്നു നിങ്ങള്‍ കേരളിയര്‍... പരയൂ പോക്കര്‍ പരയൂ.... ഇന്നത്തെ ഹര്‍ത്താല്‍ എന്തിനു വേണ്ടിയാ...?”

“ ഇന്നത്തെ ഹര്‍ത്താല്‍ സര്‍ക്കാരുവക തെങ്ങുകയറ്റയന്ത്രം കര്‍ഷകര്‍ക്കു വിതരണം ചെയ്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ ബാര്‍ബര്‍ അസോസിയേഷന്‍ നടത്തുന്ന ഹര്‍ത്താലാണ്”

“ തെങ്ങുകയറ്റയന്ത്രവും ബാര്‍ബര്‍മാരും തമ്മില്‍? ”

“ ഹഹഹ എന്തു ബന്ധം എന്നായിരിക്കും !! അതായത് തെങ്ങുകയറ്റതൊഴിലാളികള്‍ക്കു കൂലികൊടുത്ത് പട്ടിണിയിലായ കേരകര്‍ഷകരുടെ പട്ടിണിമാറ്റാന്‍ തെങ്ങുകയറ്റയന്ത്രം കൊണ്ടുവന്നപ്പോള്‍ തൊഴിലില്ലാതായ തെങ്ങുകയറ്റത്തൊഴിലാളികള്‍ താടിവളര്‍ത്തി പ്രതിഷേധസമരം തുടങ്ങി.

തെങ്ങുകയറ്റത്തൊഴിലാളികളുടെ താടിവളര്‍ത്തല്‍സമരം കേരകര്‍ഷകനെ ബാധിച്ചില്ലാ എങ്കിലും നാട്ടിലെ ബാര്‍ബറന്മാര്‍ പണിയില്ലാതെ പട്ടിണിയിലായിപ്പോയെന്നുപറഞ്ഞ് ഏതോ ടീവീക്കാരന്‍പയ്യന്‍ ഇലക്ഷന്‍ കാലമല്ലാത്തതിനാല്‍ പട്ടിണിയും പരിവട്ടവുമായിക്കഴിയുന്ന ആദിവാസിക്കോളനിയില്‍ച്ചെന്ന് പടം പിടിച്ചശേഷം ഇവരെല്ലാം യാതനയനുഭവിക്കുന്ന ബാര്‍ബറന്മാരാണെന്നുംപറഞ്ഞ് വാര്‍ത്തയുണ്ടാക്കി.

ഇതേത്തുടര്‍ന്നാണ് കേരളത്തിലെ ബാര്‍ബര്‍മാര്‍ ഒന്നടങ്കമിളകിയതും തങ്ങള്‍ പട്ടിണിയിലാണെന്നുപറഞ്ഞ് ലക്ഷങ്ങള്‍ ചിലവിട്ട് സമ്മേളനം വിളിച്ചുകൂട്ടിയതും, സമ്മേളനത്തില്‍ വെച്ച് ഹര്‍ത്താലാചരിക്കാന്‍ തീരുമാനമെടുത്തതും.

... അങ്ങിനെയാണ് ബാര്‍ബര്‍മാരുടെ ഹര്‍ത്താലിനു തുടക്കം കുറിച്ചത് ... ഇക്കണക്കിനുപോയാല്‍ ഹര്‍ത്താലു നടത്താന്‍ ഡേറ്റു കിട്ടാതെ വരുമ്പോള്‍ അതിനെതിരെയൊരര്‍ത്താലു നടത്താന്‍ വിദേശത്തുപോവേണ്ട ഗതികേടുവരുമെന്റെ കുട്ടപ്പോ.. ”

“ ഹോ അറബിയില്‍ അല്‍ കുത്സായ്ം ബില്‍ ഹല്‍ ഹുലാഹിക എന്നു പറഞ്ഞപോലെയാ‍ായി .... നോട്ട് സഹിക്കബിള്‍..”

****************

പ്രീമിയര്‍ പത്മിനി നേരെ കുട്ടപ്പന്റെ വീട്ടിനുമുമ്പില്‍ വന്നു നിന്നു. കുട്ടപ്പനെ ഒരു നോക്കുകാണാന്‍ നാട്ടുകാര്‍ ആകാംക്ഷാഭരിതരായി വഴിയോരങ്ങളില്‍സ്ഥാനമുറപ്പിച്ചു . അവരുടെ ആകാംക്ഷയ്ക്കു വിരാമമിട്ടുകൊണ്ട് കുട്ടപ്പന്‍ ചാടിയിറങ്ങി.

“ ഹോ.... നാടാകെ മാറിപ്പോയി ...... കണ്‍കുളിര്‍ക്കെ എന്റെ ഗ്രാമഭംഗിയൊന്നാസ്വതിക്കട്ടെ.....” (അതും രണ്ടു മാസംകൊണ്ട്!!!!!)

രണ്ടുമാസം മകനെക്കാണാതിരുന്ന വിഷമം സഹിക്കവയ്യാതെ ജാനുവേച്ചി മകനെ കെട്ടിപ്പിടിച്ചലറി

“കുട്ടപ്പാ നീ വല്ലാണ്ട് മാറിപ്പോയ്യല്ലോ ... “

“അതെ മതര്‍ ... നിങ്ങളും മാറീ... എവിടെ എന്റെ ട്വിന്‍സായ സിസ്റ്റേര്‍സ്....”

“എന്തോന്നാ മോനെ...”

“എന്റെ പെങ്ങന്മാരെവിടേ.........”

അങ്ങിനെ കുട്ടപ്പന്‍ എല്ലാവരേയുമന്വേഷിച്ചു തന്നെകാണാന്‍വന്ന നാട്ടുകാരെയും നാട്ടുകാരികളെയും കണ്ടപ്പോള്‍ ഇന്തോനേഷ്യ പാടെ മറന്ന കുട്ടപ്പന്‍ അവരെ അറേബ്യന്‍ സ്റ്റൈലില്‍ ‘വിഷ്’ ചെയ്യാനും മറന്നില്ല.

നാട്ടുകാരകന്നപ്പോള്‍ ജാ‍നുവേച്ചി കുട്ടപ്പനിഷ്ടമായിരുന്ന മുരിങ്ങയിലക്കറിയും കപ്പപുഴുങ്ങിയതും കൊണ്ടുവെച്ചു.

മുരിങ്ങയിലക്കറിയിലേക്ക് ഇമവെട്ടാതെ ഒരു നിമിഷം നോക്കിനിന്ന കുട്ടപ്പന്‍ തന്റെ മാതാജിയോട് ചോദിച്ചു.

“മതര്‍ജീ എന്താ ഈ കറിയില്‍ പച്ചിലകള്‍ പൊങ്ങിക്കിടക്കുന്നത്? യേ ക്യാഹെ ... ഹം ആപ് കോന്‍ ഹൈ.... ദില്‍ തൊ പാഗല്‍ ഹൈ“

രണ്ടേ രണ്ടുമാസം ഗള്‍ഫില്‍ പോയിനിന്ന കുട്ടപ്പന്‍ ഒരുകാലത്ത് ജീവന്റെ ജീവനായിരുന്ന മുരിങ്ങയിലയുടെ പേരുപോലും മറന്നുപോയിട്ടുണ്ടെങ്കില്‍ രണ്ടുവര്‍ഷം പോയിനിന്നാല്‍ പെറ്റതള്ളയെ നോക്കി ഏതാ ഈ വിറകുകൊള്ളി അടുപ്പില്‍ വെക്കാതെ കുത്തിനിര്‍ത്തിയത്
എന്നുചോദിക്കില്ലേയെന്ന ചിന്തവന്നപ്പോള്‍ ജാനുവേച്ചിയിലെ ദുര്‍വ്വാസാവു വീണ്ടുംപുറത്തു ചാടി.

“ കറിയില്‍ പൊങ്ങിക്കെടക്കണത് അന്റെ അമ്മേന്റെ നായര് ........ വേണേ നക്കിക്കോ ....... അല്ലേല് എങ്ങോട്ടാന്ന് വെച്ചാ പോയ്ക്കോ ........രാവിലെ മന്‍ഷന്‍ മരത്തില്‍ കയറി ഒടിച്ച മുരിങ്ങയില അനക്ക് മനസ്സിലായില്ല അല്ലേ ....... അന്റൊരു അല്‍തൊ പാഹല്‍ ഹൊ..“

കലിതുള്ളിയ ജാനുവേച്ചി വീട്ടിനു പിറകില്‍ ചാരിവെച്ച ഉലക്കയെടുത്തുകൊണ്ടോടിവന്ന് കുട്ടപ്പനു നേരെ ഓങ്ങി എന്നിട്ടു ചോദിച്ചു ..

“എന്താടാ കറിയില്‍ക്കിടക്കുന്നത്............”

ഉലക്കയിലും അതില്‍ പിടിച്ച അമ്മയുടെ പിടിയും നോക്കിക്കൊണ്ട് കുട്ടപ്പന്‍ പറഞ്ഞു
“ഇത് മ്മളെ മൊരിങ്ങേന്റെ എലയല്ലേ അമ്മേ ..... “

“ ഞാനാരാടാ അന്റെ?.... എന്താ മതാര്‍ജിയോ മൊറാര്‍ജിയോ എന്താ...”

“ങ്ങള് ന്റെ അമ്മല്ലേ അമ്മേ.... പൊന്നാര അമ്മച്ചി....”

“ന്നാല് അമ്മന്റെ മോന്‍ മൊരിങ്ങാക്കറിയും കൂട്ടി കപ്പകയിക്ക്..”

കപ്പയും മുരിങ്ങായിലക്കറിയും കാലിയാകുന്നതുവരെ ഉലക്കയില്‍ നിന്നും പിടിവിട്ടില്ലാ നമ്മുടെ ജാനു.
അതില്‍പ്പിന്നെ കുട്ടപ്പന്‍ ഇംഗ്ലീഷും, അറബിയും പോയിട്ട് മലയാളം പോലും മര്യാദയ്ക്കു പറഞ്ഞിട്ടില്ല.
അങ്ങിനെ ശൈഖ് അല്‍ ഗുലാമി കുട്ടപ്പന്‍ വീണ്ടും ഓട്ടപ്പറമ്പില്‍ ഓ.പി.കുട്ടപ്പനായി മാറി

അമ്പലപ്പറമ്പിലും കല്യാണവീട്ടിലുമൊക്കെയായി ഇപ്പഴും കറങ്ങി നടക്കുന്നു. ഗള്‍ഫുകാരനായ കുട്ടപ്പനെ കൊതിച്ച അമ്മിണിക്കുട്ടി ഗള്‍ഫുകാരനല്ലാത്ത കുട്ടപ്പനില്‍ ജീവിതം പരീക്ഷിച്ച് പരീക്ഷണം നേരിടാന്‍ തയ്യാറല്ലാത്തതുകൊണ്ട് മറ്റൊരു ഗള്‍ഫുകാരനെ തിരഞ്ഞെടുത്ത് അയാള്‍ക്കൊരു ജീവിതം കൊടുത്തശേഷം അയാളുടെ ജീവിതമേ ഇല്ലാതാക്കിക്കൊണ്ട് അയാളുടെ അറബിയെയുംകെട്ടി ഗള്‍ഫില്‍ സുഖമായി ജീവിക്കുന്നു.

ഇതി വാര്‍ത്താഹ...!

Wednesday, January 14, 2009

മമ്മൂട്ടി ബ്ലോഗി.. സുലൈമാന്‍ പ്ലോഗി...

മ്മറത്തെ ചാരു കസേരയില്‍ നിന്നും മുറ്റത്തേയ്ക്ക് നീട്ടിത്തുപ്പിയാല്‍ അത് ബിയ്യാത്തുവിന്റെ ചങ്കില്‍ കോലിട്ടു കുത്തിയിളക്കി അവളുടെ നാക്കിന്റെ എല്ലിന്റെ അളവ് നാട്ടുകാരെ മുഴുവന്‍ അറിയിക്കുന്നതിനു സമമാണെന്നു മനസ്സിലാക്കിയ കാരണമൊന്നുകൊണ്ടു മാത്രമാണ് ഹൈദ്രൂസ് മുറ്റവും കടന്ന് അയല്‍ക്കാരന്‍ പോക്കരുടെ പറമ്പിലേക്ക് ആഞ്ഞു തുപ്പിയത്.

ചാറ്റല്‍മഴയുണ്ടെങ്കിലും അത് കൊള്ളുക എന്നത് ‘കവിഹൃദയമുള്ള’ ഹൈദ്രോസിനെ സംബന്ധിച്ചേടത്തോളം ഒരു സുഖമുള്ള ഏര്‍പ്പാടാണ്.

ഹൃദയത്തിനു കാര്യമായ ‘എന്തരോ’ തകരാറുപറ്റിയ ഹൈദ്രോസിനു പുഴക്കടവിലെ മാവില്‍ നിന്നും വീണു മരിച്ച മഹാകവി അല്‍ക്കുല്‍ത്ത് ജബ്ബാറിന്റെ ഹൃദയമെടുത്ത് തുന്നിപ്പിടിപ്പിച്ചതുമുതലാണ് പ്രകൃതിയിലേക്കിറങ്ങിയോടുക, കവിതയെഴുതുക..., ചാക്കു ബിസിനസ്സിന്റെ കണക്കു ബുക്കില്‍ കഥയെഴുതി കണക്കില്ലാതാക്കുക തുടങ്ങിയ വിചിത്ര സ്വഭാവങ്ങള്‍ ഉടലെടുത്തത്.

കുളക്കടവിലെ പ്ലാവിനു മുകളിലിരുന്നു കഥാപ്രസംഗമെഴുതുകയും , പുഴക്കടവിലെ മാവിനുമുകളിലിരുന്നു കവിതയെഴുതുകയും ചെയ്തിരുന്ന മഹാകവി അല്‍ക്കുല്‍ത്ത് ജബ്ബാര്‍ എല്ലാ മാസവും ഒന്നാം തിയ്യതിതന്നെ കുളിക്കുന്ന കൂട്ടത്തിലായിരുന്നുവെങ്കില്‍, ‘കവിഹൃദയം’ കിട്ടിയ ഹൈദ്രൂസ് ദിവസവും കുളിച്ച് പല്ലു തേച്ച് (ചില)കവികളുടെ മാനംതന്നെ കളയുന്ന കൂട്ടത്തിലായിരുന്നു എന്നൊരു ചെറിയ പൊരുത്തക്കേട് കണ്ടില്ലെന്നു നടിക്കാന്‍ കഴിയുന്നില്ല.

രാവിലത്തെ മുറുക്കിത്തുപ്പലും തുടര്‍ന്നുള്ള പോത്തിനെ അഴിച്ചുകെട്ടലും കഴിഞ്ഞപ്പോള്‍ ആട്ടിന്‍പാലൊഴിച്ച ചായയും പത്തിരിയും ബിയ്യാത്തുവിന്റെ എണ്ണം തെറ്റിച്ചുകൊണ്ട് വെട്ടി വിഴുങ്ങിയ ശേഷം മേല്‍ മുണ്ടെടുത്ത് തോളിലിട്ടശേഷം തകര്‍ത്തു പെയ്യുന്ന മഴയിലൂടെ ആ കവിഹൃദയന്‍ കുടചൂടാമന്നനായി ഇറങ്ങി നടന്നു.

വഴിയോരത്തുള്ള ഒണക്ക മരക്കുറ്റിയോടും കളകളംപൊഴിക്കുന്ന കാക്കക്കൂട്ടത്തിനോടും കിന്നാരം പറഞ്ഞു നടന്നു നീങ്ങുന്ന കവിഹൃദയന്‍ഹൈദ്രോസിനെ കണ്ട നാട്ടുകാര്‍ പതിവുപോലെ അന്നും മൂക്കത്തു വിരല്‍ വെച്ചു.

ഒരുകാലത്ത് ഹൈദ്രോസിന്റെ എല്ലാമെല്ലാമായിരുന്ന ആയിശുമ്മ ആ പോക്കുകണ്ട് പതിവില്ലാതെ മൂക്കുപിഴിഞ്ഞു.... (മഴക്കാലമല്ലേ മൂക്കൊലിപ്പായിരിക്കും.. പാവം..)“ഹോ... ഹെന്ത് ശുചായിയായി നടന്ന മന്‍ഷനായിരുന്നു... ആ ബിയ്യാത്തൂനെ കെട്ടിയമൊതല് തൊടങ്ങിയതാ ... എന്തോരം മരുന്ന് കുടിച്ചു ... ” ആരോടെന്നില്ലാതെ വിളിച്ചു പറയുമ്പോഴും തന്റെ കാമുകനെ അടിച്ചെടുത്ത ബിയ്യാത്തുവിനോടുള്ള അമര്‍ഷം ആയിശുമ്മയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടു.

പക്ഷേ തന്റെ ചുറ്റിലും സംഭവിക്കുന്നതൊന്നുമറിയാതെ പ്രകൃതിയില്‍ ലയിച്ചു നടക്കുകയായിരുന്നു ഹൈദ്രോസ്. കക്ഷത്തില്‍ ചുരുട്ടിവെച്ച പുത്തന്‍കുടയെ ലതറിന്റെ കുടയെന്നപോലെ മഴനനയ്ക്കാതെ സ്വയം മഴനനഞ്ഞ് സുലൈമാന്റെ ചായക്കടയിലെത്തി കടുപ്പത്തിലൊരു സുലൈമാനിക്കോര്‍ഡര്‍ കൊടുത്ത ശേഷം ചുറ്റുപാടുമൊന്നു വീക്ഷിച്ചു.

ആരൊക്കെയോ തന്റെ നേരെ തുറിച്ചുനോക്കുന്നതുകണ്ടപ്പോള്‍ തനിക്കു കണ്ണു തട്ടാതിരിക്കാന്‍ ഒരു മുന്‍‌കരുതലെന്നോണം ഹൈദ്രോസ് ചായക്കടയ്ക്കു വെളിയിലേക്ക് കാറിത്തുപ്പി. പക്ഷെ തൊട്ടടുത്ത ബെഞ്ചിലിരുന്ന് പാലൊഴിച്ച ചായ മോന്തിക്കുടിച്ചുകൊണ്ടിരുന്ന ഹാജ്യാര്‍ക്കതത്രയ്ക്കങ്ങു പിടിച്ചില്ലാ, എന്നു മാത്രമല്ല തന്റെ പ്രതിഷേധ സൂചകമായി പാല്‍ച്ചായഗ്ലാസ്സ് ഡസ്കില്‍ ശക്തിയായിടിച്ചു നിര്‍ത്തുകയും ചെയ്തു.

പ്രതിഷേധമറിയിക്കുന്നത് ഹാജ്യാരുടെ ആവശ്യമാണെങ്കിലും പ്രകടിപ്പിക്കാനുപയോഗിച്ച ഗ്ലാസ്സ് ചായക്കടക്കാരന്‍ സുലൈമാന്റെ അത്യാവശ്യത്തിനുള്ളതായിരുന്നല്ലൊ. ഈയൊരു കാരണം കൊണ്ടുമാത്രമാണ് സുലൈമാന്‍ ഹാജ്യാര്‍ക്കു കൊടുക്കാന്‍ ഇനിയിവിടെ ഗ്ലാസ്സും ചായയുമില്ലാ എന്ന് ഉറക്കെ പ്രഖ്യാപിച്ചത്..

നാളെമുതല്‍ ഹാജ്യാരോട് വേറെ ചായക്കട നോക്കിക്കൊള്ളുവാനുള്ള ഒരു ‘സാരോപദേശം’ കൊടുക്കാനും സുലൈമാന്‍ മറന്നില്ല.

സുലൈമാന്‍ ചെയ്ത ചതിക്കു താന്‍ പകരം വീട്ടുമെന്ന് ചായക്കടയിലെ പുരാവസ്തു ഉണ്ടമ്പൊരിയില്‍ത്തൊട്ട് സത്യം ചെയ്ത ഹാജ്യാര്‍ നിയമസഭയില്‍ നിന്നും ഇറങ്ങിയോടുന്ന ജനനായകനെപ്പോലെ ഇറങ്ങി നടന്നു.

വെട്ടിവിഴുങ്ങിയ ശേഷം കടം പറയാത്ത ഏക കസ്റ്റമറായ ഹാജ്യാരോട് പെട്ടന്നൊരാവേശത്തിന്റെ പുറത്ത് അങ്ങിനെ പെരുമാറിയതിലുള്ള ദുഃഖം-കം-അരിശം സുലൈമാനെ ഒരു പുലിയാക്കിമാറ്റി. പുലിയായിമാറിയ സുലൈമാന്‍ ഹൈദ്രോസിന്റെ ഷര്‍ട്ടിനു കുത്തിപ്പിടിച്ചുകൊണ്ട് അലറി.

“ കള്ള ഹംക്കേ .... രാബിലെ കടം കുടിക്കാന്‍ ബരും .... ഇബടെ ബരുന്ന മന്‍ഷന്മാരെ ഓടിക്കാന്‍ ഓരോ ബേല ഒപ്പിക്കേം ചെയ്യും .... അന്ന ഞമ്മള് ശുടും ഹംക്കേ .... ”

സുലൈമാനിലെ പുലി കടുവയായി പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍ അതുവരെ രംഗം കണ്ട് കണ്ണു കുളിര്‍പ്പിക്കുകയായിരുന്ന മറ്റു കടംകുടിയന്മാര്‍ സുലൈമാനെ പിടിച്ചു നിര്‍ത്തി.

“സുലൈമാനെ ഇജ്ജ് ഓന തല്ലിക്കൊല്ലണ്ട, ഹാജ്യാരു പോയങ്കില് പോട്ടെ .... ഇജ്ജ് ബേജാറാബണ്ട അന്റെ കടേന്ന് ചായ കുടിക്കാന്‍ ഞമ്മളൊക്കെ ഇബടെ ഇല്ലെ.... ങാ... പിന്നെ ഒരു കുറ്റി പുട്ടും നാലു വായക്കയും ഒരു സുലൈമാനിയും ആ പറ്റിലെയുതിക്കോ...”

ഇത്രയും പറഞ്ഞ് സുലൈമാന്റെ കോപത്തില്‍ സോപ്പുപത ഒഴിച്ചശേഷം ബ്രോക്കര്‍-കം-സൌണ്ട് എഞ്ചിനീയര്‍ മമ്മു ഇറങ്ങി നടന്നു. സോപ്പിന്റെ പതയില്‍ സ്വല്പം പതം വന്ന സുലൈമാന്‍ നീട്ടിയൊരു ശ്വാസം വിട്ടു, കൂടെ ഹൈദ്രോസിന്റെ ഷര്‍ട്ടിലെ പിടുത്തവും.

**************

സുലൈമാനോടുള്ള അരിശം പെണ്ണുമ്പിള്ള സൈനുവിനോടു തീര്‍ത്തിട്ടും ബാക്കിയായ ഹാജ്യാര്‍ ഹാലിളകി തെക്കുവടക്കു നടക്കാന്‍ തുടങ്ങി. പറമ്പില്‍ നിറഞ്ഞുനിന്ന വാഴകള്‍ ഹാജ്യാരുടെ കൊടുവാളിന്റെ മൂര്‍ച്ചയില്‍ നാണംകെട്ട് നിലം‌പതിച്ചു..

ഈ സംഭവത്തിനു ശേഷം കവിഹൃദയന്‍ ഹൈദ്രോസും സുലൈമാന്റെ വര്‍ഗ്ഗശത്രുവായി മാറി എന്നത് പ്രത്യേകം പറയുന്നില്ല .... വലിയ ശത്രുവിനെ ഒതുക്കാന്‍ ചെറിയ (വളരെച്ചെറിയ) ശത്രുവിന്റെ കൂട്ടുപിടിക്കാം എന്ന തത്വമാണ് ഹൈദ്രോസിനേയും ഹാജ്യാരെയും ഒന്നിപ്പിച്ചത്. അങ്ങിനെ ഹൈദ്രോസ് ഹാജ്യാരിലങ്ങു ലയിച്ചു. ലയനസമ്മേളനവേദി ഹാജ്യാരുടെ സ്വന്തം വീട്ടില്‍ത്തന്നെയായിരുന്നു.

തങ്ങളുടെ വര്‍ഗ്ഗശത്രുവിനെ ഒതുക്കാന്‍ വഴികളാലോചിച്ചുകൊണ്ട് ഹാജ്യാരും ഹൈദ്രോസും തുടരെത്തുടരെ രഹസ്യ യോഗങ്ങള്‍ ചേര്‍ന്നുകൊണ്ടേയിരുന്നു. ദിവസംതോറുമുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലായെങ്കിലും ചര്‍ച്ചാവേദിയായ ഹാജ്യാരുടെ വീട്ടിലെ പലഹാരങ്ങളുടെ നിറഭരണികള്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി തരണം ചെയ്യാന്‍ കഴിയാതെ കാലിയായിക്കൊണ്ടിരുന്നു. ഹാജ്യാരുടെ പത്നി സൈനുവില്‍ അതൊരു ഗ്രൂപ്പുവഴക്കിനു കാരണമാക്കിയിട്ടുണ്ടെങ്കിലും ഹാജ്യാരുടെ നയതന്ത്രപരമായ ( ഹെന്റമ്മോ..) ഇടപെടല്‍ കാരണം അടക്കം കിട്ടിയതാണ്.

ഒരുദിവസം രാവിലെ ബാത്ത്‌റൂമില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഹാജ്യാര്‍ എന്തോ ശബ്ദം കേട്ടു ചെവി വട്ടം പിടിച്ചു. ഹാജ്യാരുടെ സല്പുത്രനും നാട്ടുകാരുടെ സ്വൈരംകെടുത്തിയുമായ ബഷീര്‍ ന്യൂസ്പേപ്പറിലെ അക്ഷരങ്ങള്‍ പെറുക്കിയെടുക്കുന്ന ശബ്ദമായിരുന്നു അത്.

ബഷീറിന്റെ തൊണ്ടയില്‍ നിന്നും വന്ന അന്നത്തെ ഹോട്ട്ന്യൂസ് കേട്ട ഹാജ്യാര്‍ നാലു പ്രാവശ്യം വാവിട്ടു കരഞ്ഞശേഷം സന്തോഷമടക്കാന്‍ കഴിയാതെ “ജൂറേക്കാ.... ഞമ്മളെ ജൂറേക്കാ....” എന്നും വിളിച്ച് അഴിഞ്ഞുപോയ തോര്‍ത്തുപോലുമുടുക്കാന്‍ മറന്ന് വീടിനു ചുറ്റും ഓടിനടന്നു.

ഹാജ്യാരുടെ ഭാര്യ സൈനു നെഞ്ചത്തടിച്ചു നിലവിളിച്ചപ്പോള്‍ ഓടിക്കൂടിയ നാട്ടുകാര്‍ ഹാജ്യാരുടെ ഓട്ടമൊരു മഹോത്സവമാക്കിമാറ്റി .... ആരൊക്കെയോ ഹാജ്യാരെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

രംഗം കാണാന്‍ ഓടിക്കൂടിയ കൊച്ചുകുട്ടികളെ അവരുടെ തള്ളമാര്‍ രംഗത്തുനിന്നും മാറ്റിനിര്‍ത്തി. സമയം കടന്നുപോയി, സൂര്യന്‍ തന്റെ റഗുലേറ്റര്‍ അഡ്ജസ്റ്റുചെയ്തുകൊണ്ടിരുന്നു.

ഒരുപാ‍ടുകിടന്നോടിയശേഷം പരിസരബോധം വന്ന ഹാജ്യാര്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും കവിഹൃദയന്‍ ഹൈദ്രോസിന്റെ കൈക്കുപിടിച്ചുകൊണ്ട് തന്റെ റൂമില്‍ക്കയറി സാക്ഷാല്‍ സാക്ഷയിട്ടു.
ഹൈദ്രോസിന്റെ ശവമെടുക്കാന്‍ നാട്ടുകാര്‍ അക്ഷമരായി കാത്തുനിന്നു.

ഹാജ്യാരുടെ ചെയ്തികള്‍കണ്ട് കിടുംകിടുംകിടാന്നുവിറച്ചുകൊണ്ടിരുന്ന ഹൈദ്രോസ് മരിക്കാന്‍ തയ്യാറായിനിന്നുകൊണ്ട് കണ്ണടച്ചുപിടിച്ചുനിന്ന് വാ പൊളിച്ചു. ഇതുകണ്ട ഹാജ്യാര്‍ വീണ്ടും നാലു പ്രാവശ്യം‌കൂടി പൊട്ടിച്ചിരിച്ചശേഷം ഹൈദ്രോസിനോട് പറഞ്ഞു.

“ഹെടാ ഹൈദ്രൂ ഞമ്മക്ക് ഓനെ...... ആ ഇബ്‌ലീസ് സുലൈമാനെ ഒതുക്കാനുള്ള ബയി കിട്ടിയെടാ‍ാ........ അയിന്റെ സന്തോസത്തില്‍ ഞമ്മള് കൊറച്ച് ഓവറായിപ്പോയതല്ലേ.... ഇജ്ജ് ബേജാറാബല്ലാ...”

“ എന്തു ബയിയാ ഹാജ്യാരെ......”“ ഇന്ന് രാബിലെ ഞമ്മളെ ബസീറ് പത്രം ബായിക്ക്ന്നത് കേട്ടപ്പളല്ലേ ഞമ്മക്ക് പുത്തി തെളിഞ്ഞത്...”

“ഇങ്ങളൊന്ന് തെളിച്ച് പറയീന്‍ ഇന്റെ ആജ്യാരെ...”

“ ഇന്ന് പത്രത്തില്‍ ബന്ന ബാര്‍ത്തയാ... ഞമ്മളെ സില്‍മാക്കാരന്‍ മമ്മൂട്ടി പ്ലോഗ് തൊടങ്ങുന്നൂന്ന്..... "
“പ്ലോഗോ?”

“അതേന്നേ ... പണ്ട് ഞമ്മളെ കോച്ചിപ്പിടി സൈതാലി പ്ലോഗ് തൊടങ്ങിയത് അനക്കോര്‍മ്മയില്ലേ ..... അത് ലോട്ടറിയാണെന്ന് ബിജാരിച്ച ഞമ്മക്ക് .... കതേം.. കവിതേം ... കൊടുവാളും കോടാലിയും ഒക്കെ ഇള്ള സ്തലമാണൂന്ന് കമ്പ്യൂട്ടര്‍‌സ്റ്റേഷനിലെ ചെക്കന്‍ പടിപ്പിച്ച് തന്നത് അനക്കോര്‍മ്മയില്ലേ......”

“ഓ... പ്ലോഗ് .... അതില്‍ ഞമ്മളെ കൊറച്ച് കവിതയും ബന്നിരുന്നല്ലോ... ...... കൊറേ പഹേമ്മാര് ... എന്തൊക്കെയോ അയിപ്രായം പറയേം ചെയ്തു .... ഓല് തമ്മില് അതും പറഞ്ഞ് കൊല്ലാക്കൊല നടത്തുന്നതും കണ്ടപ്പോ ഞമ്മള് മെല്ലെ മുങ്ങിയതല്ലേ......”

“അത് തന്നെ ഹൈദ്രോസേ..... ഞമ്മളും കൊറേ ഇത് ബായിച്ചതാ...... അത്കൊണ്ട് തന്നയാ ഞമ്മക്ക് ഇന്ന് രാവിലെ ബയങ്കര ബുത്തി തോന്നിയത് .... ഞമ്മളെ ശത്രു ഹംക്ക് സുലൈമാന്റെ പേരില്‍ ഒരു പ്ലോഗ് തൊടങ്ങുക..... കബിത എയുതിയും ചാക്കിന്റെ കണക്കെയുതിയും അനക്ക് നല്ല പരിശയവുമാണല്ലൊ”

ഇത്രയും പറഞ്ഞ് വീണ്ടും എന്തോ പറയാനോങ്ങിയ ഹാജ്യാരെ മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ അങ്ങേരുടെ കുടവയറിനു മുകളിലൂടെ ഹൈദ്രോസ് കെട്ടിപ്പിടിച്ചു....

“ഇതിലും ബലിയ ഒരു ശിശ്ശ ഓനെനി കൊടുക്കാനില്ല ഇന്റെ ആജ്യാരേ.... ഇങ്ങളൊര് മുത്താണ് മുത്ത് ......ഇങ്ങക്ക് ഞമ്മളൊര് മുത്തംതരട്ടെ..”

***************

ദിനങ്ങള്‍ കടന്നുപോയി. ഒരു ദിവസം രാവിലെതന്നെ സുലൈമാന്റെ ചായക്കടയുടെ മുന്‍പില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ കണ്ട കവിഹൃദയന്‍ഹൈദ്രോസ് അടുത്തുകണ്ട പ്ലാവിന്റെ മറവിലേക്ക് പതുക്കെ മറഞ്ഞു നിന്നു......

ആരൊക്കെയോ കടയുടെ മുന്‍പില്‍ കിടന്ന് അലറുന്നു .... ഒച്ചയെടുക്കുന്നു............
കടയുടെ ഉള്ളിലുള്ള ഉള്ളിച്ചാക്കിനുമുകളിലിരുന്ന് തന്റെ സ്വന്തം താടിക്കൊരു താങ്ങുംകൊടുത്ത് ഒരേ ഇരിപ്പിരിക്കുന്ന സുലൈമാന്‍ ചിന്തിക്കുകയായിരുന്നു....

ഹാജ്യാരും ഹൈദ്രോസും തുടങ്ങിവെച്ച വഴക്കില്‍ ബലിയാടായ തനിക്ക് തരാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ശിക്ഷതന്നെ അവര്‍ തന്നു .....
“അരിശത്തോടെ സുലൈമാന്‍ ” എന്നപേരില്‍ ഒരു ബ്ലോഗ് തുടങ്ങി അതില്‍ അമേരിക്കന്‍ പ്രസിഡണ്ടിന്റെ അടുക്കളയിലെ പഞ്ചസാരച്ചാക്കില്‍ ലേബലൊട്ടിക്കാനുപയോഗിച്ച വിലകുറഞ്ഞ സ്റ്റിക്കറിനേപ്പറ്റിവരേ ചര്‍ച്ച വന്നിരിക്കുന്നു.....

“ ഇതിലും നല്ലത് ഇന്റെ ആജ്യാരേ ഇങ്ങക്ക് ഞമ്മളെ പച്ചയ്ക്കങ്ങ് കത്തിക്കുന്നതല്ലായിരുന്നോ....... ങാ .. ഒരു സമാതാനണ്ട്..... ഞമ്മളെ സില്‍മാക്കാരന്‍ മമ്മൂട്ടിയും പ്ലോഗ് തൊടങ്ങിയിട്ടുണ്ടല്ലോ..... അയിന്റെ പേരില്‍ അപരന്മാരും അപരകളും എറങ്ങി പ്ലോഗിന്റെ പോട്ടോസ്റ്റാറ്റ് പാരഡികളും എറക്കുന്നല്ലൊ ... ഇതെല്ലാം അങ്ങേരും സഹിക്കണല്ലോ. .. “

താമസിയാതെതന്നെ മമ്മൂട്ടിയും ഏതെങ്കിലുമൊരു ഉള്ളിച്ചാക്കിനുമുകളില്‍ താടിക്കുകൈകൊടുത്തിരിക്കേണ്ടിവരുമോ എന്ന ചിന്തയില്‍ കുന്തിച്ചിരുന്നുപോയി നമ്മുടെ സുലൈമാന്‍
**********
മലയാളം ബ്ലോഗിങ്ങിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫിലിം സ്റ്റാര്‍ മമ്മൂട്ടി ബ്ലോഗ് തുടങ്ങിയതില്‍ ഒരു ബ്ലോഗറെന്ന നിലയിലും മലയാളിയെന്നനിലയിലും അഭിമാനിക്കുന്നു എന്ന സത്യം മറച്ചു വെക്കാതെതന്നെ കുറച്ചു കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. എന്നുകരുതി മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങി ഒരു സിനിമാതാരത്തിന്റെയും ഫാനല്ല ഞാന്‍ . (സിനിമയെ സിനിമയായിത്തന്നെ കാണുന്നതോടൊപ്പം കൊള്ളേണ്ടത് കൊള്ളുകയും തള്ളേണ്ടത് തള്ളുകയും ചെയ്യുന്ന ഒരു സാധാരണ സിനിമാ ആസ്വാദകന്‍ എന്നതിലുപരി ഒരു താരത്തിനോടും പ്രത്യേക ഇഷ്ടമോ ആരാധനയോ ഇല്ല എന്നു സാരം. )

സ്വതന്ത്രമാധ്യമമായ ബ്ലോഗില്‍ പോസ്റ്റുകളിലൂടെ അവനവന്റെ നിരൂപണങ്ങളും ചിന്തകളും രേഖപ്പെടുത്തുമ്പോള്‍ വിഭിന്നാഭിപ്രായങ്ങളുമുണ്ടാവും എന്നത് സ്വാഭാവികമാണ്. വായനക്കാരന്റെ അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള സൌകര്യവും ബ്ലോഗിലുണ്ട് എന്നത് എഴുത്തിനെയും അതുപോലെതന്നെ വായനയെയും വളര്‍ത്തുന്നതില്‍ നല്ല ഒരു പങ്കു വഹിക്കുന്നുണ്ട് എന്നത് നമുക്കു കാണാന്‍ കഴിയും.

എഴുത്തുകാരനു തെറ്റുപറ്റിയാല്‍ അല്ലെങ്കില്‍ വായനക്കാരന്‍ മനസ്സിലാക്കിയതില്‍ പൊരുത്തക്കേടുകള്‍ തോന്നിയാല്‍ .... സൌമ്യമായി കമന്റുകളിലൂടെ മനസ്സിലാക്കിക്കൊടുക്കുന്നതിനു പകരം പരസ്പരം കടിച്ചുകീറി അസഭ്യങ്ങള്‍ വിളിച്ചുപറയുന്ന ഒരു പ്രവണതയാണ് ഇന്നു പല പോസ്റ്റുകളിലും, കമന്റുകളിലും നമുക്കു കാണാന്‍ കഴിയുന്നത് എന്നത് ഏറെ ദുഃഖകരമാണ്.

ഭാരതത്തിലെ ഇതരഭാഷകളിലുള്ള ബ്ലോഗുകളിലും മികച്ചു നില്‍ക്കുന്നതാണ് മലയാളംബ്ലോഗുകള്‍ എന്നതില്‍ നാം അഭിമാനിക്കുന്നതോടൊപ്പം അത് നശിക്കാതെയും നശിപ്പിക്കപ്പെടാതെയും സംരക്ഷിക്കേണ്ടത് നമ്മളോരോരുത്തരുടേയും കടമയാണെന്നുകൂടി ഞാന്‍ മനസ്സിലാക്കുന്നു.
********************

മമ്മൂട്ടിയുടെ ബ്ലോഗിനെതുടര്‍ന്നുവന്ന പല പാരഡിബ്ലോഗുകളും കണ്ടപ്പോള്‍ തോന്നിയ കുസൃതിക്ക് ഒരു കൊച്ചു കഥയുടെ താങ്ങുകൊടുത്ത് ഇവിടെ പകര്‍ത്തി എന്നു മാത്രം ......
മാത്രമല്ല മമ്മൂട്ടിയുടെ പേരുകൊണ്ട് തുടങ്ങുന്ന ‘എന്തെങ്കിലും’ ഒരു പോസ്റ്റിട്ട്കൊണ്ട് എന്റെ ബ്ലോഗിനും ഒരു പബ്ലിസിറ്റിയൊക്കെ വരട്ടേന്ന് ആഗ്രഹിക്കുന്നതൊരു തെറ്റാണോ?..........(... ഈ സംഗതി പരമ രഹസ്യമാണു കെട്ടോ...)

ഞാനൊന്നും പറഞ്ഞില്ലേയ്........... അതിനു ഞാനീനാട്ടുകാരനേയല്ലല്ലോ !!!!!........