Wednesday, December 31, 2008

ന്യൂഇയര്‍ കത്തും, പിന്നെയൊരു കുത്തും..


പ്രിയപ്പെട്ട ഡോക്ടര്‍ ,
എന്റെ ആരാധനാ മൂര്‍ത്തി ശ്രീനിവാസന്റെ തളത്തില്‍ ദിനേശനടക്കം ഒരുപാടാളുകളുടെ കുഴഞ്ഞു മറിഞ്ഞ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ട അങ്ങയുടെ സമക്ഷത്തിലേക്ക് ഈ കത്ത് എഴുതുമ്പോള്‍ ഒരു മുന്നറിയിപ്പു കൂടി ഞാന്‍ അറിയിക്കുകയാണ് .

തളത്തില്‍ ദിനേശനെഴുതിയ കത്തിനു മറുപടി കൊടുക്കാതെ ഒഴിഞ്ഞുമാറി ആദ്യരാത്രി എന്ന കിരാത രാത്രിയിലേക്കു അദ്ധേഹത്തെ തള്ളി വിട്ടപോലെ എന്റെ കത്തിനും മറുപടി തരാതിരിക്കാനാണു ഭാവമെങ്കില്‍ സ്വന്തമായൊരു ബ്ലോഗും അതിനു വല്ലവന്റേയും കമ്പ്യൂട്ടറിന്റെ താങ്ങുമുള്ള ഞാന്‍ , ഡോക്ടറെ കുടുംബസമേതം അതിലിട്ടു ചുട്ടു കൊല്ലുമെന്ന സന്തോഷവാര്‍ത്തയും ഈ എഴുത്തിലൂടെ അറിയിക്കാന്‍ താല്പര്യപ്പെടുകയാണ്. മാത്രമല്ല, എന്നെപ്പോലെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും തരണം ചെയ്യാന്‍ പെടാപ്പാടുപെടുന്ന അനേകായിരം ഇരുകാലികള്‍ക്കു വേണ്ടിക്കൂടിയാണ് ഞാനീ കത്തെഴുതുന്നത് എന്നും കൂടി ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു.

ഒരു സര്‍ക്കാറുദ്യോഗസ്ഥനായ ഞാന്‍ ജോലിയില്‍ കയറി പതിനാറടിയന്തിരത്തിന്റെ അന്നുതന്നെ ലോംഗ് ലീവെടുത്ത് എണ്ണപ്പാടത്തിലേക്കു വിമാനം കയറിയതാണ്.

ലക്ഷക്കണക്കിനാളുകള്‍ തൊഴിലില്ലാതെ ‘തൊഴിലില്ലാ വേദനയുമായി’ നടക്കുന്ന സമയത്ത് കിട്ടിയ ജോലി ചെയ്യാതെ ( തിന്നുകയും തീറ്റിക്കുകയും ചെയ്യാതെ) എന്തിനാണെ....ഡാ.... നീ ഗള്‍ഫിലേക്കു പോകുന്നത് എന്നു എന്റെ മുഖത്തു നോക്കി ചോദിച്ച കള്ളത്തിരുമാടി കം അസൂയക്കാരനായ എന്റെ ഗാന്ധിയനായ ഗുരുവിനെ ഞാന്‍ ഇവിടെ സ്മരിക്കുകയാണ്. ചര്‍ക്കയില്‍ പിരിച്ചെടുത്ത നൂലുകൊണ്ട് തയ്ച്ച ജൂബ്ബായുമിട്ടുകൊണ്ട് വെറുതേ ഉപദേശവുമായി നടന്നാല്‍ ഗാന്ധിയനായി എന്നാണങ്ങേരുടെ വെപ്പ്.

രണ്ടായിരത്തി എട്ട് എന്ന ഠാ വട്ടത്തില്‍ നിന്നും കയറുപൊട്ടിച്ച് ചാടാനിരിക്കുന്ന ഈ അവസാനദിനത്തില്‍ എണ്ണപ്പാടത്തിലെത്തിയിട്ടു വര്‍ഷങ്ങള്‍ പിന്നിടുന്നു എന്ന സത്യം ഞാന്‍ ഡോക്ടറില്‍ നിന്നും മറച്ചു വെയ്ക്കാനാഗ്രഹിക്കുന്നില്ല. ഒരിക്കല്‍ ഇവിടെ പൂത്തു നില്‍ക്കുന്ന ഈത്തപ്പന കണ്ട് സ്വര്‍ണ്ണമരമാണെന്നു തെറ്റിദ്ധരിച്ച് വലിഞ്ഞു കയറുന്നതു കണ്ട എന്നെ ഒരു അറബി അടിച്ചു താഴെയിറക്കിയതിനു ശേഷം എനിക്ക് അറബികളെ വെറുപ്പാണ്, അറപ്പാണ്. അതു മാത്രമല്ല അറബികളെ വെറുക്കാനുള്ള കാരണം, പണ്ടു ജോലി ചെയ്തിരുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു പ്ലാസ്മാ ടി വി വാങ്ങിക്കണം എന്ന ഭയങ്കര അത്യാവശ്യം വന്നപ്പോള്‍ കുറച്ചു റിയാലെടുത്തു എന്ന നിസ്സാര കുറ്റത്തിന് എടുത്തപണം തിരിച്ചു വാങ്ങി നാലഞ്ചു തുപ്പും തന്നു എന്നെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതും ഒരു അറബിയായിരുന്നു.


എന്റെ ചരിത്രം പറഞ്ഞ് ഞാന്‍ ഡോക്ടറുടേ വിലപ്പെട്ട സമയം കവര്‍ന്നെടുക്കുന്നില്ല എങ്കിലും എന്റെ പ്രശ്നത്തിനു പരിഹാരം കാണണമെങ്കില്‍ കുറച്ചു ചരിത്രം കൂടി ഡോക്ടറോട് എഴുതി അറിയിക്കണം എന്നത് പ്രൈവറ്റ് ഹോസ്പിറ്റലിലെ നഴ്സ് ലൂസി ‘ഏതോ ഒരു വേളയില്‍’ പറഞ്ഞതുകൊണ്ടാണ് എഴുതുന്നത്.

സൂപ്പര്‍മാര്‍ക്കറ്റിലെ കാശുവാങ്ങി പെട്ടിയിലിടുന്ന ജോലി പുല്ലുപോലെ വലിച്ചെറിഞ്ഞുപോന്ന ഞാന്‍ പിന്നീട് എന്റെ സ്വന്തം അളിയന്റെ റൂമിലായിരുന്നു താമസിച്ചിരുന്നത് . അളിയന്‍ വാങ്ങിക്കുന്ന ഡ്രസ്സുകള്‍ അളിയനേക്കാളും ഇണങ്ങുന്നത് എനിക്കാണെന്നു മനസ്സിലായതുകൊണ്ടു മാത്രമാണ് ഞാന്‍ അതെടുത്ത് ധരിച്ചത്. പക്ഷെ മഹാ തോന്ന്യാസിയും, പരമചെറ്റയുമായ അളിയന് അതു പിടിക്കുന്നില്ലാ എന്നെനിക്കറിയാം എന്നാലും ഞാനതൊക്കെ സഹിച്ചാണ് അയാളുടെ ഡ്രസ്സുകളണിയുന്നത്. അയാളുടെ പെങ്ങളെ കല്യാണം കഴിക്കുക എന്ന മഹാസംഭവം ചെയ്ത എന്നെ അയാള്‍ റൂമിലിട്ടു നിരന്തരം പീഡിപ്പിക്കുകയായിരുന്നു ഡോക്ടര്‍... ഇതെഴുതുമ്പോള്‍ അടര്‍ന്നു വീണ കണ്ണുനീര്‍ത്തുള്ളികള്‍ കൊണ്ടാണ് ഏതാനും വരികള്‍ മായ്ഞ്ഞ് പോയത് എന്നും ഓര്‍മ്മപ്പെടുത്തുന്നു.

നാലു നേരം കഴിക്കാന്‍ ചിക്കനും , കുബ്ബൂസും , നെയ്ച്ചോറും തരുമെന്നല്ലാതെ മാസത്തില്‍ നല്ല തുക വരുമാനമുള്ള ആ തെണ്ടി ഒരു റിയാല്‍പോലും എനിക്കു തരാറില്ലാ എന്നത് എന്നെ മാനസികമായി വളരെ തളര്‍ത്തി ഡോക്ടര്‍.. ഒന്നുമില്ലേലും ഞാന്‍ അയാളുടെ പെങ്ങളെ കെട്ടിയ ആളല്ലെ... ആര്‍ക്കു വേണം അവന്റെ ഭക്ഷണം ..... അതുകൊണ്ടുമാത്രമാണ് അവന്റെ, ആ ചെറ്റയുടെ മേശ കുത്തിത്തുരന്ന് അതില്‍ അവന്‍ അവന്റെ ഇളയ പെങ്ങളെ കെട്ടിക്കാന്‍ വാങ്ങിവെച്ച സ്വര്‍ണ്ണ ബിസ്കറ്റുമെടുത്ത് ഞാന്‍ മുങ്ങിയത്.

എനിക്കറിയാം ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് .. ഞാന്‍ പൊതുവെ ഒരു ശുദ്ധനാണ് .. അതുകൊണ്ടാണല്ലോ ആരോടും ഇന്നുവരേ ഒരു തെറ്റും ചെയ്യാത്ത എന്നെ എല്ലാവരും ആട്ടിയോടിക്കുന്നത്... ഇതെല്ലാമോര്‍ത്തപ്പോള്‍ ഒരിക്കല്‍ ഞാന്‍ മരിച്ചുകളയാന്‍ വരേ തീരുമാനിച്ചതായിരുന്നു. തൂങ്ങി മരിക്കാന്‍ കഴുത്തില്‍ കയറു കുരുക്കിയ സമയത്താണ് എനിക്ക് എന്റെ ഭാര്യയെ ഓര്‍മ്മവന്നത്.... അതുകൊണ്ട് അന്നു ഞാന്‍ മരണത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ വിധവാപെന്‍ഷനും വാങ്ങി അവള്‍ അയല്‍‌വാസി വാസുവിന്റെ കൂടെ സുഖിച്ചു ജീവിക്കും എന്ന സത്യമാണ് എന്നെ മരണത്തില്‍ നിന്നും പിന്തിരിപ്പിച്ചത് എന്നതു ഞാന്‍ ഡോക്ടറോട് ഒളിക്കുന്നില്ല.

നാട്ടില്‍ സര്‍ക്കാറുദ്യോഗസ്ഥനായ ഞാന്‍ വല്ല കൊടിയും പിടിച്ച് പണിമുടക്കും നടത്തി ജീവിക്കുന്നതിനു പകരം ഈ മണലാരണ്യത്തില്‍ വന്നു വിയര്‍പ്പൊഴുക്കേണ്ട വല്ല ആവശ്യവുമുണ്ടോ എന്ന് പല പ്രാവശ്യം ചിന്തിച്ചതാണ്.

അളിയനില്‍ നിന്നും അടിച്ചുമാറ്റിയ സ്വര്‍ണ്ണബിസ്കറ്റുകള്‍ പാവപ്പെട്ട ലൂസിക്ക് പലതവണയായി ദാനം ചെയ്തു തീര്‍ന്നപ്പോള്‍ ഭക്ഷണം വരേ കഴിക്കാതെ നടക്കുന്ന സമയത്തായിരുന്നു നാട്ടില്‍ നിന്നും ഭാര്യയുടെ ഒരു വിളി... അവള്‍ക്ക് പലചരക്കുകടയിലെ പറ്റു തീര്‍ക്കാന്‍ കാശുവേണം പോലും ... ഞാനൊരു ശുദ്ധനും പാവവുമായതുകൊണ്ടല്ലേ ഡോക്ടര്‍ അവള്‍ എന്നെ നിരന്തരം കാശിനു വിളിച്ചു ശല്യം ചെയ്യുന്നത്? ഒന്നുമില്ലേലും അഞ്ചു ലക്ഷവും ഇരുനൂറു സീ.സി. ബൈക്കും വാങ്ങി അവളെ ഞാന്‍ കല്യാണം കഴിച്ചില്ലേ? ആ എന്നോടാണവള്‍...... ഇപ്പോള്‍ നിറഞ്ഞുതൂവിയ കണ്ണുനീര്‍ ഞാന്‍ കത്തില്‍ വീഴാതെ വേസ്റ്റ് ബാസ്കറ്റിലേക്കൊഴിച്ചതാണ്‌...

ദേഷ്യം വന്ന ഞാന്‍ അവളോടു പറഞ്ഞു പലചരക്കുകാരനോട് ചെരയ്ക്കാന്‍ പോകാന്‍ പറ .. എന്ന് . പിന്നീടിതുവരേ പലചരക്കുകടയില്‍ക്കൊടുക്കാന്‍ പണത്തിനായി അവള്‍ വിളിച്ചിട്ടില്ല.... പണമില്ലാതെ എന്തെടുത്തുകൊടുത്ത് കടം വീട്ടി എന്നറിയില്ലാ എങ്കിലും എനിക്കിപ്പോള്‍ മനസ്സമാധാനമുണ്ട്....

ഇത്രയും പ്രശ്നങ്ങളുടെ ഇടയില്‍ നട്ടം തിരിയുന്ന എനിക്ക് ജീവന്‍ പിടിച്ചു നിര്‍ത്താന്‍ ഒരു ജോലി അത്യാവശ്യമായിരുന്നു. അങ്ങിനെയാണ് ഞാന്‍ വീണ്ടും മറ്റൊരു അറബിയുടെ ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെത്തുന്നത്.

ദിവസവും ആടുകള്‍ക്ക് പുല്ലുകൊടുക്കുക , പിണ്ണാക്ക് കലക്കിക്കൊടുക്കുക പിന്നേയും എന്തരോ..... ജോലികള്‍ ചെയ്തുചെയ്തെനിക്കു മടുത്തു. ഇതെല്ലാം അറബിക്കു ചെയ്താലെന്താ?.... കേരളത്തിലെങ്ങാനുമായിരുന്നെങ്കില്‍ തൊഴിലാളി പീഡനത്തിനെതിരെ മിനിമം രണ്ടു ഹര്‍ത്താലെങ്കിലും നടത്തി ആടുവളര്‍ത്തല്‍ കേന്ദ്രം പൂട്ടിച്ച് താക്കോലെടുത്ത് അറബിക്കടലിലെറിയാമായിരുന്നു.

എന്തിനാണ് ഈ മുതലാളിമാര്‍ പാവപ്പെട്ട തൊഴിലാളികളെ ജോലിതന്ന് പീഡിപ്പിക്കുന്നത് എന്ന് എനിക്കിപ്പഴും മനസ്സിലാകുന്നില്ല... അവര്‍ മെയ്യനങ്ങുന്നുണ്ടൊ? ... കാലിന്റെ മുകളില്‍ കാലും കയറ്റിവെച്ച് മടിയനായി ഇരിക്കുന്ന അറബിയെക്കണ്ടാല്‍ കിങ്കോങിനെയാണെനിക്കോര്‍മ്മ വരിക..

അതിലും കഷ്ടമാണ് കമ്പനിയിലെ കണക്കപ്പിള്ളയായ കോട്ടയം കുര്യച്ചന്റെ കാര്യമോര്‍ക്കുമ്പോള്‍ .... എന്നേപ്പോലുള്ള പാവം തൊഴിലാളികള്‍ ആടിനു പിണ്ണാക്കും ഒലക്കയുടെ മൂടും കലക്കി കഷ്ടപ്പെടുമ്പോള്‍ കമ്പ്യൂട്ടറിനു മുന്‍പിലിരുന്ന് കണക്കു കൂട്ടുക മാത്രം ചെയ്യുന്ന അവന് ഞങ്ങളുടെ ഇരട്ടി ശമ്പളം കൊടുക്കും ... ഒന്നുമില്ലേല്‍ അവന്‍ മലയാളിയല്ലേ.........തെണ്ടി.... അവനു പറയാന്‍ മേലായിരുന്നോ തനിക്കും ബാക്കി തൊഴിലാളികളുടെ അതേ ശമ്പളമോ അതില്‍ കുറവോ മതിയെന്ന്......

നമ്മള്‍ പോറ്റി വളര്‍ത്തുന്ന ആടിനെ അറബി നല്ല വിലയ്ക്കു വില്‍ക്കുന്നു, ആ കാശ് അവന്‍ ദിവസംതോറും പോക്കറ്റിലിടുന്നു... നമുക്കു മാസത്തില്‍ മാത്രം ശമ്പളവും... നെഞ്ചു പൊട്ടിപ്പോകും ഡോക്ടര്‍ .... ഈ ക്രൂരതകള്‍ കാണുമ്പോള്‍ ഏതു കൊച്ചു കുട്ടിയും വാവിട്ടു കരഞ്ഞു പോകും..... എനിക്കു വീണ്ടും കണ്ണുനീര്‍ വരുന്നു ഡോക്ടര്‍....

ഇത്രയുമെഴുതിയതു വായിച്ച് ഡോക്ടര്‍ കണ്ണുനീരുതുടയ്ക്കുകയായിരിക്കുമെന്നു കരുതിക്കൊണ്ട് ഞാനെന്റെ യഥാര്‍ത്ഥ പ്രശ്നത്തിലേക്കു കടക്കുകയാണ്. ഈ പ്രശ്നം വന്നപ്പോള്‍ വീണ്ടും ഞാന്‍ മരിക്കാനൊരുങ്ങിയതാണ്. പക്ഷേ ഏതോ ഒരദൃശ്യ ശക്തി(?) എന്നെ അതില്‍ നിന്നും പിന്‍തിരിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ മാസം ശമ്പളം വാങ്ങിക്കാന്‍ ചെന്നപ്പോഴാണ് സംഗതികളുടെ തുടക്കം... അറബി എനിക്കു മാത്രം ശമ്പളം തന്നില്ല... മറ്റുള്ളവരെല്ലാം ശമ്പളം വാങ്ങി റിയാലുകളെണ്ണുന്ന കാഴ്ച്ച കണ്ടപ്പോള്‍ എനിക്കു സഹിച്ചില്ല.... എനിക്കു ശമ്പളം കിട്ടാത്തതിലും വലിയ സങ്കടം തോന്നിയത് മറ്റുള്ളവര്‍ക്കു കിട്ടുന്നത് കണ്ടപ്പോഴായിരുന്നു.....

സങ്കടം കൊണ്ട് സഹികെട്ട ഞാന്‍ എന്റെ നെഞ്ചിങ്കൂടിനിട്ട് അടിച്ചാല്‍ എനിക്കു വേദനിക്കില്ലേ എന്നു മനസ്സിലാക്കിയതുകൊണ്ടായിരുന്നു അടുത്തുണ്ടായിരുന്ന ബംഗാളിയുടെ നെഞ്ചിനിട്ടു ആഞ്ഞു ചവിട്ടിയത്. പക്ഷേ അവന്‍ കരാട്ടെയില്‍ കുങ്ഫൂ എടുത്തവനായിരുന്നു. അതുകൊണ്ടാണല്ലൊ ശുദ്ധനും പാവവുമായ എന്നെ അവന്‍ ഇഞ്ചപ്പരുവമാക്കിയത്.

ഇതെല്ലാം നോക്കി നിന്ന മലയാളികളായ ഒരു തെണ്ടിപോലും എന്നെ തിരിഞ്ഞു നോക്കിയില്ലാ എന്നത് എനിക്കു വീണ്ടും സങ്കടമുണ്ടാക്കി.... എനിക്കു ശമ്പളം തരാത്തതില്‍ പ്രതിഷേധിച്ച് ഒരു പന്തംകൊളുത്തിജാഥ അറബിയുടെ വീട്ടിലേക്കു നയിക്കാന്‍ ഞാനൊരുങ്ങിയതാണ്..... പക്ഷേ ഒറ്റ മലയാളി പോലും................

ഒടുവില്‍ അറബിയെക്കണ്ട് എന്റെ തടഞ്ഞുവെച്ച ശമ്പളം വാങ്ങിക്കാനും അതിന്റെ കാരണമറിയാനുമായിരുന്നു അറബിയുടെ വീട്ടുവാതില്‍ക്കല്‍ ഞാനെത്തിയത്. അപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം ഞാന്‍ മനസ്സിലാക്കിയത്....... പാവം എന്റെ അറബി ഒരു മനോരോഗിയാണു ഡോക്ടര്‍... (കണ്ണുനീര്‍)..

എനിക്കു ശമ്പളം തരാത്തതിന്റെ കാരണം ചോദിച്ച എന്നോടയാള്‍ പറയുകയാ.... എല്ലാ ദിവസവും ജോലിക്കു വരുന്നവനേ ശമ്പളമുള്ളു എന്ന്..... അതൊക്കെ തൊഴിലാളിയുടെ സൌകര്യമല്ലേ എന്നു ചോദിച്ച എന്റെ മുഖത്തവന്‍ കാര്‍ക്കിച്ചു തുപ്പി..... അല്ലേലും അവനും അവന്റെ ഒരു ഡസണ്‍ മക്കള്‍ക്കുംകൂടി ചെയ്യാനുള്ള ജോലിമാത്രമല്ലേ കമ്പനിയിലുള്ളൂ..... വെറുതെയെന്തിനാ പാവം തൊഴിലാളികളെ കഷ്ടപ്പെടുത്തുന്നത്?!!! ശമ്പളം കൃത്യമായിത്തന്നെ ഞങ്ങള്‍ വാങ്ങിക്കുന്നുണ്ടല്ലോ...

എന്നെപ്പറ്റി പറഞ്ഞാല്‍ ശമ്പളം തരുന്ന ദിവസമൊഴിച്ച് ബാക്കി ദിവസങ്ങളില്‍ ജോലിക്കു പോകുന്നതെനിക്കിഷ്ടമല്ല.. അതുകൊണ്ടു മാത്രമാണ് ശമ്പളദിവസത്തില്‍ മാത്രം ഞാന്‍ ഹാജറാകുന്നത്. അതൊരു കുറ്റമാണൊ ഡോക്ടര്‍?..... ജോലി ചെയ്തില്ലാ എങ്കിലും കൃത്യമായി കൂലികൊടുക്കുക എന്നത് മുതലാളിയുടേയും വാങ്ങുക എന്നത് ലോകം മുഴുവനുമുള്ള തൊഴിലാളികളുടെയും അവകാശമല്ലെ ഡോക്ടര്‍? ങാ... കേരളത്തിലെങ്ങാനുമാവേണ്ടിയിരുന്നു ....

കൂലികൊടുക്കുന്ന ദിവസംമാത്രം ജോലിക്കുവരുന്നവനു കൂലിയില്ലാ എന്ന് പ്രഖ്യാപിച്ച അറബിയുടെ മാനസിക നില നേരെയാക്കാന്‍ ദയവായി നല്ല ഒരു പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഒരു മറുപടിക്കായി കാത്തു നില്‍ക്കുന്നു. അല്ലാ എങ്കില്‍ എന്റെ മാനസിക നില തെറ്റിപ്പോകുമോ എന്നുവരെ ഞാന്‍ ഭയപ്പെടുന്നു... പ്ലീസ് ഡോക്ടര്‍ ഡോക്ടര്‍ക്കുകൂടി വേണ്ടിയാണു ഞാന്‍ പറയുന്നത് .... പ്ലീസ് ..... അല്ലാ എങ്കില്‍ അറിയാമല്ലോ.... ഡോക്ടറെയും കുടുംബത്തിനെയും ഞാന്‍ ബ്ലോഗിലിട്ട്.....ങാ‍ാ‍..................................

ഇങ്ങനെയൊക്കെയാണെങ്കിലും ഡോക്ടര്‍, എന്റെ പ്രശ്നത്തിനു പരിഹാരം കാണുകയാണെങ്കില്‍ തമിഴ്നാട്ടില്‍ ഡോക്ടറുടെ പേരില്‍ ഒരു ആരാധനാലയം സാക്ഷാല്‍ ഞാന്‍ പണികഴിപ്പിക്കുമെന്നുംകൂടി അറിയിച്ചുകൊണ്ടും, കത്ത് നീണ്ടുപോയതില്‍ ഒരിക്കല്‍ക്കൂടി ക്ഷമാപണം നടത്തിക്കൊണ്ടും സ്വന്തം ടിന്റുമോന്‍ (ഒപ്പ്) പിന്നെ ഒരു കുത്ത്. ’

ടിന്റുമോന്റെ കത്തു വായിച്ച വാരികയിലെ ലൈംഗിക കം മനശാസ്ത്ര പംക്തി കൈകാര്യം ചെയ്തു വിടുന്ന കോരപ്പന്‍ അന്തം വിട്ട് പൊട്ടിച്ചിരിച്ചു..... പണ്ട് ആക്രിക്കച്ചവടവും , നാടകുത്തും ചെയ്ത് അരിവാങ്ങിച്ചിരുന്ന കോരപ്പന്‍ ഇതിലും വലിയ ഭീഷണികള്‍ കേട്ടതാണ്....
“അവനങ്ങ് ശുട്ടു കൊല്ലും പോലും...............അവനേക്കാളും വലിയ പ്രാന്തമ്മാരുടെ പ്രശ്നങ്ങള്‍ സോള്‍വ് ചെയ്ത ... എന്നോടാ കളി....”

ഇതും പറഞ്ഞ് ന്യൂയറിനു പൂസ്സായി മറ്റുള്ളവന്റെ നെഞ്ചത്തു വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ കൊണ്ടുവെച്ച കളറു ചേര്‍ത്ത് വിദേശിലേബലൊട്ടിച്ച സ്വദേശിയെ വായിലേക്ക് കമഴ്ത്തിക്കൊണ്ട് ടിന്റുമോന്റെ കത്തെടുത്ത് ചവറ്റുകുട്ടയിലിട്ടശേഷം അടുത്ത കത്തിന്റെ കവര്‍ പൊട്ടിച്ചു........

അതില്‍ ഇങ്ങനെ എഴുതിയിരുന്നു “ ഡാ കോരപ്പാ .... നീയെന്നാടാ ഡോക്ടറായത്..... നീയാണ് ലൈംഗിക കം മനശ്ശാസ്ത്ര പംക്തി കൈകാര്യം ചെയ്യുന്നത് എന്നറിഞ്ഞു തന്നെയാ ഞാനീ കത്തെഴുതുന്നത് .... നീ ഡോക്ടറാണെങ്കില്‍ ഞാന്‍ ജില്ലാ കലക്ടറാണെടാ.... ഈ ന്യൂ ഇയറിനെങ്കിലും കുടിച്ചു ലക്കുകെടാതെ വീട്ടിലെത്തിക്കോണം .... അല്ലെങ്കില്‍ ... ങാ....

എന്ന് നിന്റെ നാലു പിള്ളേരുടെ തള്ളയും നീ താലിമുറുക്കി കൊല്ലാന്‍ നോക്കിയവളുമായ മാധവി. ഒപ്പ്. കൂടെ ഒരു ഹാപ്പി ന്യൂ ഇയറും പിടിച്ചോ ..”

ഇതും കൂടി കണ്ട കോരപ്പന്‍ കുപ്പിയില്‍ അവശേഷിച്ചവനെക്കൂടി ഒറ്റവലിക്കു കാലിയാക്കി ...

കഴിഞ്ഞ ക്രിസ്മസിനും , ന്യൂ ഇയറിനും വീട്ടില്‍ പോവാതെ ടൈപിസ്റ്റ് കം അസിസ്റ്റന്റായ മിസ് രുദ്രാണിയുടെ വീട്ടിലിരുന്ന് ‘ഭാര്യയെ ഒതുക്കാനുള്ള പതിനായിരത്തിയൊന്ന് കുറുക്കുവഴികള്‍ ’ എന്ന മഹാഗ്രന്ഥത്തിന്റെ ക്ലൈമാക്സെഴുതിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നല്ലോ മാധവിയുടെ ആങ്ങളമാരായ കൊട്ടേഷന്‍ ദാസപ്പനും, ഇരുമ്പ് ലോനപ്പനും കോരപ്പനെയിട്ട് ഒതുക്കിയത്...

പലരുടെ പ്രശ്നങ്ങള്‍ക്കും പല നിര്‍ദ്ദേശങ്ങളും നല്‍കി പരിഹാരം കണ്ട തനിക്കു വാരികയിലെ അവധി ദിവസങ്ങളില്‍ നേരെ വീട്ടിലെത്തിക്കൊള്ളണം എന്ന മാധവിയുടെ കല്പനയ്ക്കു മാത്രം പരിഹാരം കാണാന്‍ കഴിയില്ലാ എന്നുമനസ്സിലാക്കിയ കോരപ്പന്‍ , വാരികയിലെ ‘എന്തരോ കം വീണ്ടുമെന്തരോ’ പംക്തിയും അടച്ചുപൂട്ടി അടുത്ത ബസ്സിനു തന്നെ ന്യൂഇയര്‍ ആഘോഷിക്കാന്‍ സ്വന്തം ഭാര്യ മാധവിയുടെ വീട്ടിലേക്കു വച്ചു പിടിച്ചു.

ഹാപ്പി ന്യൂഇയര്‍....

Monday, December 22, 2008

തോമാച്ചന്റെ ക്രിസ്മസ്...

തോമാച്ചായനു ജോലി കിട്ടിയേ.... നമ്മുടെ തോമാച്ചായനു ജോലി കിട്ടിയേ....”നാട്ടിലെ വികൃതിക്കുട്ടന്‍ കുട്ടപ്പായി വിളിച്ചു പറയുന്നത് കേട്ടാണ് കോരച്ചായന്‍ സംഗതിയറിയുന്നത് . ജോലിയില്ലാതെ തെണ്ടി നടക്കുന്ന പരോപകാരി തോമായും അങ്ങിനെ ജോലിക്കാരനായി.

“ഇനിയെങ്കിലും കുടുംബത്തേല് നാലു കാശു വരുമല്ലോ...” കോരച്ചായന്‍ ഇരുന്ന ഇരിപ്പില്‍ നിന്നും ഒരടി രണ്ടിഞ്ചുയര്‍ന്ന ശേഷം വീണ്ടും ഇരിപ്പിടത്തിലിരുന്നുകൊണ്ട് തന്റെ സന്തോഷം പ്രകടിപ്പിച്ചു.

കോരച്ചായന്റെ മൂത്ത സന്തതിയായ തോമാച്ചനെ പരിചയമില്ലാത്ത ഒരു പെണ്മണിപോലും ആ നാട്ടിലോ അയല്‍ നാട്ടിലോ ഇല്ലാ എന്നാണ് റബ്ബറു വെട്ടുന്ന ദേവസ്യക്കുട്ടി മീന്‍‌കാരി മറിയയുടെ കാതില്‍ പറഞ്ഞത്.

സ്വന്തമായിട്ടുള്ള പെണ്‍പിള്ളയെയും അതില്‍ തോമാച്ചനും കൂടി ഷെയറുള്ള പിള്ളാരെയും നോക്കുന്നതിലുമധികം മറ്റുള്ളവര്‍ക്കുള്ള പെണ്‍പിള്ളാരെ നോക്കിക്കളയുന്നു എന്നാണ് വിവരമില്ലാത്ത നാട്ടുകാര്‍ തോമാച്ചനെപ്പറ്റി പറയുന്നത് . നാട്ടുകാര്‍ക്ക് വിവരമില്ലാത്തത് തോമാച്ചന്റെ കുറ്റമല്ലല്ലോ.
കൂട്ടിനാരുമില്ലാതെ പേടിച്ചു ഒറ്റയ്ക്കു കഴിയുന്ന മേരിക്കുട്ടിക്ക് തന്റെ സ്വന്തം പിള്ളാരെയും കെട്ട്യോളെയും തനിച്ചാക്കി വന്നു കാവല്‍ കിടന്നാണ് ആദര്‍ശധീരനായ തോമാച്ചന്‍ സേവനമനുഷ്ടിക്കുന്നത് (ഇതെല്ലാം നാട്ടുകാര്‍ മനസ്സിലാക്കുന്നില്ലല്ലോ കര്‍ത്താവെ...).

ഇനി എല്ലാ ദിവസവും മേരിയുടെ പേടിമാറ്റാന്‍ കാവലിരിക്കാന്‍ പറ്റുമോ? കഷ്ടപ്പെടുകയും പേടിക്കുകയും ചെയ്യുന്ന അനേകം സഹോദരിമാരില്ലെ? അങ്ങിനെ ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ തോമാച്ചന്‍ ഒറ്റയ്ക്കു പേടിച്ചു കഴിയുന്നവരുടെ അത്താണിയായി മാറി ‘പരോപകാരി തോമ’ എന്ന പേരും സമ്പാദിച്ചു.

“പേടിത്തൂറികളുടെ കണ്ണീരൊപ്പുന്ന ഒരു പുണ്യാളന്‍ “ എന്നും പറഞ്ഞ് മീങ്കാരി മറിയ “ഫൂ.....” എന്നു നീട്ടിത്തുപ്പിയത് മുറുക്കാന്‍ വായില്‍ക്കിടന്ന് കവിഞ്ഞിട്ടാണെന്ന് കരുതി തോമാച്ചനതങ്ങു ക്ഷമിച്ചുകളഞ്ഞു. മറിയയോട് ക്ഷമിക്കുകയല്ലാതെ വേറെ വഴിയില്ലതാനും. കാരണം കയ്യിലുള്ള മീന്‍ വെട്ടുന്ന കത്തിയേക്കാള്‍ മൂര്‍ച്ചയുള്ള ഒരൊന്നൊന്നര നാക്കാണല്ലോ ദൈവംതമ്പുരാന്‍ മറിയയ്ക്കു കനിഞ്ഞു നല്‍കിയത്.

ജോലി കിട്ടിയ പരോപകാരി തോമ എന്ന തോമാച്ചന്‍ തനിക്കു ജോലികിട്ടിയ ദുഃഖസത്യം സഹിക്കവയ്യാതെ ബാറിലിരുന്ന് പൊട്ടിപ്പൊട്ടിക്കരഞ്ഞു. പണം കടം തന്നു സഹായിച്ച തെണ്ടികളോട് ജോലികിട്ടിയാലുടനെ വീട്ടിക്കൊള്ളാം എന്നു പറഞ്ഞതു മാത്രമായിരുന്നില്ല കാരണം, താന്‍ ജോലികിട്ടി അങ്ങു നഗരത്തിലേക്കു പോയാല്‍ ‘പരോപകാരം’ ചെയ്യാന്‍ കഴിയില്ലല്ലോ എന്നത് പ്രധാന കാരണമായിരുന്നു.

ഏതായാലും കിലോമീറ്ററുകള്‍ അകലെയുള്ള നഗരത്തിലേക്ക് കണ്ണീരും കയ്യുമായി പരോപകാരി തോമ വണ്ടി കയറി.
ജോലി വേണ്ടെന്നു വെച്ചാലെന്താ എന്നു വരേ ചിന്തിച്ചതായിരുന്നു നമ്മുടെ തോമാച്ചന്‍ ‍. പക്ഷെ ജോലി കിട്ടിയ കാര്യം ആ എരണം കെട്ട കുട്ടപ്പായി നാട്ടിലാകെ പാട്ടാക്കിക്കഴിഞ്ഞില്ലേ... ഇനി നാട്ടില്‍ നില്‍ക്കാന്‍ നാട്ടുകാരു സമ്മതിക്കുമോ.... അല്ലേലും തന്നെ എങ്ങിനെയെങ്കിലും കെട്ടു കെട്ടിക്കാനാണല്ലൊ നാട്ടുകാരുടെ പ്ലാന്‍ .

ഗള്‍ഫു നാടുകളിലേക്ക് പുട്ട് വിത്ത് കടല മുതല്‍ ഉപ്പുമാവ് ഭരണിവരേ കയറ്റിയയക്കുന്ന കയറ്റിറക്കു സ്ഥാപനത്തിന്റെ വാതില്‍ക്കല്‍ ചെന്ന തോമാച്ചനോട് അന്നു തന്നെ ജോലിയില്‍ പ്രവേശിച്ചു കൊള്ളാന്‍ ഉത്തരവാദിത്വപ്പെട്ട ആരോ ഉത്തരവിറക്കി.

കയറ്റിറക്കിലെ പ്രധാന കുക്കിന്റെ (ക്യാപ്റ്റന്‍ കുക്ക്) അസിസ്റ്റന്റ് കുക്കായിട്ടാണ് തോമാച്ചനെ കമ്പനി പോസ്റ്റ് ചെയ്തത് . പുതിയ അസിസ്റ്റന്റിനെ ക്യാപ്റ്റന്‍ രാജപ്പന്‍ നിറകണ്ണുകളോടെ സ്വീകരിച്ചു ( ക്യാപ്റ്റന്‍ അപ്പോള്‍ ഉള്ളിയരിയുകയായിരുന്നു).

നാട്ടില്‍ നിന്നും ശിലായുഗത്തിന്റെ തൊട്ടടുത്ത യുഗത്തില്‍ വംശനാശം സംഭവിച്ച കാട്ടുചേമ്പു കറി, ഉണക്ക മത്തി വറുത്തത്, തുടങ്ങി പതിനായിരത്തൊന്ന് തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് പുത്തന്‍ ട്രൌസറുടുപ്പിച്ച് ഗള്‍ഫിലേക്കു പറക്കാന്‍ തയ്യാറെടുപ്പിക്കുന്ന കാഴ്ചയാണ് അവിടമാകെ കാണാന്‍ കഴിഞ്ഞത്.

ഒരു ഭാഗത്ത് അര്‍ദ്ധചന്ദ്രന്റെ ആകൃതിയിലുള്ള പലതരം പലഹാരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. അതിനു തൊട്ടടുത്തു തന്നെ നക്ഷത്രാകൃതിയിലുള്ള പലഹാരങ്ങളും ‘ഓം’ എന്നെഴുതി പ്രത്യേകം പൊരിച്ചെടുത്ത പലഹാരങ്ങളും കാണാന്‍ കഴിഞ്ഞു.

പലഹാരങ്ങളിലെ കൌതുകം കണ്ട് വായ മലര്‍ക്കെ തുറന്നു പിടിച്ച തോമാച്ചനോട് ക്യാപ്റ്റന്‍ രാജപ്പന്‍ പറഞ്ഞു.
“ഇതാണ് സീസണ്‍ പലഹാരങ്ങള്‍, അതായത് ഓരോ മതത്തിന്റെ ആഘോഷ വേളകളില്‍ കയറ്റിയയക്കാനുള്ളവ എന്നു മലയാളം ....”
“ ഓ ... “
താന്‍ വന്നു പെട്ടത് ഒരു വിചിത്ര ലോകത്തായിട്ടു തോന്നി തോമാച്ചന് . ഇവിടെയായിരിക്കും ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ ( എന്തൊരു മതസൌഹാര്‍ദ്ദം, എന്തൊരു ഒത്തൊരുമ).

കമ്പനിയില്‍ ഭക്ഷ്യ സാധനങ്ങള്‍ക്കു പുറമെ ചകിരി, പരുത്തിക്കുരു , നാടന്‍ ഉലക്ക വിത്ത് ഉരല്‍ മുതല്‍ ക്രിസ്മസ് ട്രീ അന്‍ഡ് സ്റ്റാര്‍ വരെ കയറ്റിയയക്കുന്നുണ്ട് എന്ന കാര്യവും ക്യാപ്റ്റന്‍ പറഞ്ഞപ്പോഴാണ് തോമാച്ചന്‍ ക്യാപ്റ്റന്റെ തലയില്‍ ഒളിപ്പിച്ചു വെച്ച വിവരത്തിനെക്കുറിച്ചോര്‍ത്ത് പുളകിത......ലതായത്.

അമേരിക്ക , യൂറോപ്പ് , മിഡില്‍ ഈസ്റ്റ് , അന്റാര്‍ട്ടിക്ക , തുടങ്ങിയ സ്ഥലങ്ങളിലുള്ള മലയാളികള്‍ ആരെയെങ്കിലും തല്ലിക്കൊല്ലാന്‍ ഉലക്ക കിട്ടാതെ വലയരുതല്ലോ........

ചന്ദ്രനില്‍നിന്നും പുറത്തു വന്ന ചിത്രത്തില്‍ അവിടെ വലിയ ഗര്‍ത്തങ്ങളുണ്ടെന്ന സത്യമറിഞ്ഞ് സങ്കടപ്പെട്ട് അഞ്ചാറു നടുക്കം നടുങ്ങിയ ശേഷം ചന്ദ്രനിലെ കുണ്ടും കുഴിയും തൂര്‍ക്കാന്‍ നാട്ടിലെ കിണറുകള്‍ നിറഞ്ഞ റോഡിലൂടെ ആളുകളെ ഓടിച്ചിട്ടു പിടിച്ച് പിരിവു നടത്തുന്ന നേതാക്കളെ തല്ലിക്കൊല്ലാന്‍ തന്നെ ഇവിടെ ഉലക്കയ്ക്ക് ക്ഷാമമാണെന്നത് വേറേകാര്യം. എന്നാലും പ്രവാസികള്‍ ഉലക്ക വാങ്ങി പണ്ടാരടങ്ങട്ടെ.

ക്യാപ്റ്റന്റെ അസിസ്റ്റന്റ് ജോലി ചെയ്ത് ക്ഷീണിച്ച തോമാച്ചന്‍ ജീവിതത്തിലാദ്യമായി സ്വയം ഉണ്ടാക്കിയ ചായ രുചിയില്ലാഞ്ഞിട്ടും ആര്‍ത്തിയോടെ വലിച്ച് കുടിച്ച് ഉറങ്ങാന്‍ കിടന്നപ്പോഴാണ് തന്റെ സഖി ആലീസിന്റെ ചായയുടെ രുചിയെപ്പറ്റിയോര്‍ത്തത്. മറ്റെവിടെയെങ്കിലും കിടന്നുറങ്ങുമ്പോള്‍ ഒരിക്കലും ഓര്‍മ്മയില്‍ വരാതിരുന്ന മക്കളുടെ മുഖങ്ങളും തോമാച്ചന്റെ മനസ്സില്‍ ഓടിയെത്തി.

ദിവസങ്ങള്‍ കടന്നുപോയപ്പോള്‍ ജോലിത്തിരക്കു കാരണം തോമാച്ചന് മറ്റൊന്നിനെക്കുറിച്ചും ഓര്‍ക്കാന്‍ സമയമില്ലാതായി. എന്തിനേറെ പറയണം ഇടയ്ക്കിടയ്ക്ക് പരോപകാരം ചെയ്യാന്‍ മനസ്സു കിടന്ന് തുള്ളുന്നതാണ്, പക്ഷേ നഗരമല്ലിയോ നമ്മളു നാട്ടിന്‍ പുറത്തു ചെയ്യുന്നപോലെ അങ്ങിനെയങ്ങ് പരോപകാരം ചെയ്യാന്‍ പറ്റില്ലല്ലൊ.

ക്യാപ്റ്റന്‍ രാജപ്പന്‍ ഫാമിലിയായിട്ടാണു നഗരത്തിലെ ഫ്ലാറ്റില്‍ താമസം. ഒരു ദിവസം ഉണക്കമീന്‍ ചമ്മന്തിയുടെ കുറിപ്പ് ഫ്ലാറ്റില്‍ നിന്നും കൊണ്ടുവരാന്‍ മറന്ന ക്യാപ്റ്റന്‍ തന്റെ അസിസ്റ്റന്റായ തോമാച്ചനെയാണ് കുറിപ്പെടുത്ത് കൊണ്ടുവരാനുള്ള ദൌത്യമേല്‍പ്പിച്ചത്.

ക്യാപ്റ്റന്റെ പിള്ളാരുടെ അമ്മ തങ്കമ്മയുടെ കയ്യില്‍നിന്നും കുറിപ്പു വാങ്ങാന്‍ കുട്ടിക്കൂറാ പൌഡറില്‍ ഒരു കോട്ടിംഗ് നടത്തിയ ശേഷമാണ് പരോപകാരി തോമാച്ചന്‍ ഫ്ലാറ്റിലെത്തിയത് . നേരെ ചെന്നു വാതിലിനു മുട്ടി ശല്യം ചെയ്യുന്നതിലും നല്ലതല്ലെ, അഞ്ചാം നിലയിലെ പിറകുവശത്തുള്ള ജനലിന്റെ കൊളുത്തുമാറ്റി അകത്തു കയറുന്നത് എന്ന ഉപകാര ചിന്തയാണ് തോമാച്ചനെ പിറകുവശത്തെത്തിച്ചതും ജനലിനു തുരുമ്പിച്ച അഴികളുണ്ട് എന്ന സത്യം മനസ്സിലായി അതി ശക്തമായി ഞെട്ടിയതും ഞെട്ടലിന്റെ ആഘാതത്തില്‍ പിടിവിട്ട് അഞ്ചാം നിലയുടെ താഴേക്ക്..................

ഭാഗ്യം തോമാച്ചന്റെ തൊട്ടു പിന്നാലെയായത്കൊണ്ടുമാ‍ത്രമാണ് വീഴുന്ന വീഴ്ചയില്‍ നാലാം നിലയില്‍ തൂങ്ങിക്കിടന്ന കമ്പിയില്‍ തോമാച്ചന്റെ ജീന്‍സ് കൊളുത്തിയത്.

അവിടെ തൂങ്ങിക്കിടന്നാടുമ്പോള്‍ സ്വര്‍ഗ്ഗവും , നരകവും, ഇതിനിടയിലുള്ള നമ്മുടെ പാര്‍ളിമെന്റുമെല്ലാം നേരില്‍കണ്ട തോമാച്ചന്‍ ആര്‍ത്തു വിളിച്ചു. ആര്‍പ്പുവിളി കേട്ട ആരൊക്കെയോ ചേര്‍ന്ന് തോമാച്ചനെ രക്ഷപ്പെടുത്തി ഹോസ്പിറ്റലിലെത്തിച്ചു. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട തോമാച്ചനു അതൊരു പുനര്‍ജന്മമായിരുന്നു.

ഈ സംഭവത്തിനു ശേഷം തോമാച്ചന്‍ പാടെ മാറുകയായിരുന്നു. ‘പരോപകാരത്തിനു’ പകരം ജനങ്ങള്‍ക്ക് ഉപകാരം ചെയ്യാന്‍ തോമാച്ചന്‍ പഠിച്ചു. പള്ളിയില്‍ മഴയത്തുപോലും കയറിനിന്നിട്ടില്ലാത്ത തോമാച്ചന്‍ കുര്‍ബാനകളില്‍ പങ്കെടുത്തു തുടങ്ങി. തോമാച്ചന്‍ എന്ന പരോപകാരി പതുക്കെ തോമാച്ചനെന്ന മനുഷ്യനായിത്തുടങ്ങുകയായിരുന്നു.

ഈ ക്രിസ്തുമസ്സിനു ഭാര്യയോടും പിള്ളാരോടും കൂടെ ചിലവഴിക്കണം എന്ന് ജീവിതത്തിലാദ്യമായി തീരുമാനമെടുത്ത തോമാച്ചന്‍ ലീവിന്നപേക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട മേലുദ്യോഗസ്തന്റെയടുത്തു(?) ചെന്നപ്പോഴാണ് ന്യൂ ഇയറിനു ന്യൂയോര്‍ക്കിലേക്കു കയറ്റിയയക്കാനുള്ള മത്തിക്കറിയുടെ പാക്കിംഗ് കഴിഞ്ഞിട്ടില്ലാ എന്നു മനസ്സിലായതും അതുകൊണ്ട് ക്രിസ്തുമസ്സിന് ഹാഫ് ഡേ ലീവല്ലാതെ ലീവു കിട്ടില്ലാ എന്ന പരമസത്യമറിഞ്ഞതും.

അപ്പച്ചന്‍ ക്രിസ്തുമസ്സിനു വരുന്നതും കാത്തിരിക്കുന്ന മക്കളുടെ മുഖം മനസ്സില്‍ വന്ന തോമാച്ചന്‍ തന്റെ നിറഞ്ഞ കണ്ണുകള്‍ ആരും കാണാതെ തുടച്ചുകളഞ്ഞു. അന്നു രാത്രി കിടക്കുമ്പോള്‍ തലയിണയില്‍ മുഖമമര്‍ത്തി കരച്ചിലടക്കുന്ന തോമാച്ചന്റെ മുഖം സഹമുറിയന്‍ കുഞ്ഞാപ്പുവിനു കാണാന്‍ കഴിഞ്ഞില്ല.

താന്‍ പണ്ടു ചെയ്തു കൂട്ടിയ ‘പരോപകാരങ്ങളോര്‍ത്ത്’ പാശ്ചാത്താപം വന്ന തോമാച്ചന്‍ ഈ ക്രിസ്തുമസ്സിനു മുന്‍പുതന്നെ അച്ചനെ ചെന്നുകണ്ട് കുമ്പസരിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ , തന്റെ അനിയത്തി ഇരുപതുകാരി ലൂസി ഒരിക്കല്‍ കുമ്പസരിക്കാന്‍ പോകുമ്പോള്‍ അപ്പച്ചന്‍ പറഞ്ഞ കാര്യമാണോര്‍മ്മയില്‍ വന്നത്.

കുമ്പസരിക്കാന്‍ പോകുന്ന ലൂസിയെ നോക്കി അപ്പച്ചന്‍ പറഞ്ഞു“എടീ ... നിക്ക് ... ഞാനും കൂടെ വരാം ... ഇക്കാലത്ത് പള്ളിയിലൊക്കെ പെമ്പിള്ളാര് ഒറ്റയ്ക്ക് പോകാന്‍ പാടില്ല... അവിടെയെല്ലാം അച്ചന്മാരും കൊച്ചച്ചന്മാരുമുണ്ടാകും ..... എങ്ങിനെ വിശ്വസിക്കും... പത്രങ്ങളിലൊക്കെ എന്തൊക്കെ വാര്‍ത്തകളാ കാണുന്നത് ”

ഇതു കേട്ട ലൂസി അപ്പച്ചനെ അടിമുടി നോക്കിക്കൊണ്ട് മൈക്കു കിട്ടിയ രാഷ്ട്രീയക്കാരനെപ്പോലെ തിരിച്ചടിച്ചു .

“ അങ്ങിനെയാണെങ്കില്‍ അപ്പച്ചന്റെ കൂടെ ഞാനെങ്ങിനെ വിശ്വസിച്ച് ഒറ്റയ്ക്കു വരും? ......സ്വന്തം മകളെ കാമത്തിനിരയാക്കിയ എത്രയെത്ര അപ്പന്മാരുടെ കഥയാ പത്രത്തില്‍ വരുന്നത്? അപ്പച്ചാ ആരെങ്കിലും എന്തെങ്കിലും ചെയ്തെന്നു വെച്ച് ലോകത്തുള്ളവരെല്ലാം അതുപോലെയാണെന്നു ചിത്രീകരിക്കരുത്.........”

ആരോടും മറുത്തൊരു വാക്കു പറയാത്ത, കര്‍ത്താവിനു നിരക്കാത്ത ഒരു കാര്യവും ഇന്നുവരെ ചെയ്തിട്ടില്ലാത്ത, സല്‍ഗുണ സമ്പന്നയെന്ന് പേരുകേട്ട തന്റെ മകള്‍ ലൂസി പറഞ്ഞതു കേട്ട് മാനത്തുനോക്കി വായ തുറന്നു പിടിച്ച സമയത്ത് അതില്‍ കയറിക്കൂടിയ ഈച്ചയെ ഓടിക്കാന്‍ പാടുപെട്ട അപ്പച്ചന്റെ മുഖം മനസ്സില്‍ ഒരു നിമിഷത്തേക്ക് തങ്ങി നിന്നു.

എല്ലാമോര്‍ത്തുകൊണ്ട് ക്രിസ്മസിന്റെ തലേദിവസം വികാരിയെ കണ്ട് കുമ്പസരിക്കാന്‍ പള്ളിയിലേക്കു പോകുന്ന വഴി തന്റെ മക്കളുടെ പ്രായമുള്ള കുട്ടികള്‍ അവരുടെ മാതാപിതാക്കളുടെ കൂടെ ക്രിസ്മസ് കേയ്ക്കുകളും മറ്റും വാങ്ങി പോകുന്ന കാഴ്ചകണ്ടപ്പോള്‍ ഒരു നിമിഷം നോക്കിനിന്നുപോയി തോമാച്ചന്‍ .

നെടുവീര്‍പ്പിട്ട്കൊണ്ട് വീണ്ടും മുമ്പോട്ടുതന്നെ നടന്ന് റോഡ് മുറിച്ചു കടക്കുമ്പോഴാണതു സംഭവിച്ചത്. എതിരെനിന്നും നിയന്ത്രണം വിട്ടു വന്ന ഒരു ടിപ്പര്‍ ലോറി ( ട്രിപ്പിനു കാശായതുകൊണ്ട് ട്രിപ്പുകൂട്ടാനോടുന്ന അവര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട കാലം എന്നേ കഴിഞ്ഞു ) തോമാച്ചനെ ഇടിച്ചു തെറിപ്പിച്ചുകൊണ്ട് കടന്നുപോയി.

***************

സാരമായ പരിക്കുകളോടെ ആരൊക്കെയോ ചേര്‍ന്ന് ഹോസ്പിറ്റലിലെത്തിച്ച തോമാച്ചനെ പിറ്റേ ദിവസം ഐ.സി.യു വില്‍ നിന്നും വാര്‍ഡിലേക്കു മാറ്റി. ചുറ്റും കൂടി നിന്ന തന്റെ സഹ പ്രവര്‍ത്തകരെ മാറിമാറി നോക്കിയ ശേഷം തോമാച്ചന്‍ പതുക്കെ ചോദിച്ചു

“ഇന്നു ക്രിസ്മസ്സാ അല്ലിയോ...?”

“അതെ തോമാച്ചാ... അധികം സംസാരിക്കരുതെന്നാ ഡോക്ടര്‍ പറഞ്ഞത്”

“ അതേയോ... വീട്ടില്‍ അറിയിച്ചായിരുന്നോ..”

“ഇല്ലാ ... ഈ ദിവസം ഇങ്ങനെയൊരു വാര്‍ത്ത അവരെ അറിയിക്കേണ്ട എന്നു തോന്നി... ”

“നന്നായി.... ”

അപ്പോഴാണ് തോമാച്ചന്റെ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്തത്
തോമാച്ചന്റെ വീട്ടില്‍ നിന്നും വന്ന കോളെടുത്ത് ആരോ അയാളുടെ ചെവിയില്‍ വെച്ചു കൊടുത്തു

“ഹലോ... പപ്പാ....”

മറു തലയ്ക്കല്‍ ഇളയ മകള്‍

“ ഹ.. ഹലോ .... മോളൂ...”

“ ഹാപ്പി ക്രിസ്മസ്സ് പപ്പാ.... ”
“ ഹ .... ഹാ ... ഹാപ്പി ക്രിസ്സ് മസ്സ്...” ഇതു പറയുമ്പോള്‍ അയാളുടെ തൊണ്ടയിറുക മാത്രമല്ല കണ്ണുകള്‍ നിറയുകയും ചെയ്തിരുന്നു......

ലോകമെമ്പാടുമുള്ള ജനങ്ങള്‍ ആഘോഷങ്ങളുടെ ലഹരിയില്‍ മതിമറക്കുമ്പോള്‍, ഒന്നിനും കഴിയാതെ തനിച്ചായിപ്പോകുന്ന ഒരുപാടു ജന്മങ്ങള്‍ക്കു മുന്‍പില്‍ ഈ കഥ സമര്‍പ്പിക്കുന്നതോടൊപ്പം ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.....

Sunday, December 14, 2008

ആദ്യരാത്രിയിലെ പൊട്ടിച്ചിരി...

ബ്രോക്കര്‍ കുഞ്ഞാണ്ടി തോണ്ടി വിളിച്ചപ്പോഴാണ് വേലുവിനു താനിപ്പോള്‍ ബസ്സിന്റെ സൈഡു സീറ്റിലിരിക്കുകയാണെന്ന ബോധമുദിച്ചത്. യാത്രയ്ക്കിടയില്‍ സിനിമാറ്റിക്ക് കളിച്ച മുടികള്‍ മാടിയൊതുക്കി പതുക്കെ പാലക്കാടു സ്റ്റാന്‍ഡില്‍ കാലുകുത്തി.


ഹോട്ടലില്‍ കയറി ബ്രോക്കര്‍ കുഞ്ഞാണ്ടിയുടെ വയറിന്റെ വലിപ്പം അളന്നപ്പോള്‍ ഇനിയും അളന്നാല്‍ ചിലപ്പോള്‍ ഹോട്ടലിലെ പാത്രങ്ങളുടെയും , കക്കൂസിന്റെയും അളവു താനെടുക്കേണ്ടിവരുമെന്ന ചിന്ത വന്നതുകൊണ്ടാവണം വേലു വീണ്ടും ഒരു കുറ്റി പുട്ടിനുകൂടി ഓര്‍ഡര്‍ കൊടുത്ത കുഞ്ഞാണ്ടിയുടെ കൈക്കു പിടിച്ച് ഹോട്ടലിനു പുറത്തു കടന്നത്.


വേലുവിന്റെ പ്രഥമ പെണ്ണുകാണല്‍ സുദിനമാണിന്ന് , സ്വന്തം നാട്ടില്‍നിന്നും തൊട്ടടുത്ത നാടുകളില്‍ നിന്നും തങ്ങളുടെ മക്കളുടെ ഭാവി പരീക്ഷിക്കാന്‍ ഒരു രക്ഷിതാവും തയ്യാറാവില്ലാ എന്ന തിരിച്ചറിവാണ് കിലോമീറ്ററുകള്‍ താണ്ടി പെണ്ണുകാണാന്‍ ബ്രോക്കറും, വേലുവും പാലക്കാട്ടെ കുഗ്രാമത്തെ ലക്ഷ്യമിട്ടു ബസ്സ് കയറാന്‍ കാരണമായത്.


കുഗ്രാമത്തിലേക്കുള്ള ബസ്സിന്റെ ബോര്‍ഡ് ബ്രോക്കര്‍ കുഞ്ഞാണ്ടി തന്റെ ഫ്യൂസാവാറായ കണ്ണുകൊണ്ട് തപ്പിത്തടഞ്ഞ് വായിച്ചെടുത്തതിനു കാരണം തന്റെ കൂടെയുള്ള ചെറുക്കന്‍ വേലു അഞ്ചാം ക്ലാസ്സ് ബിരുദാനന്തര ബിരുദം കഴിഞ്ഞിട്ട് പതിമൂന്ന് വര്‍ഷം കഴിഞ്ഞു എന്നതൊന്നുമാത്രമാണ്.


രണ്ടുപേരും ഒരു വിധം പാലക്കാടന്‍ ചൂടുകാറ്റും ആസ്വദിച്ച് കുഗ്രാമത്തിലേക്കുള്ള യാത്ര തുടരുമ്പോള്‍ ബ്രോക്കറുടെ മുന്‍പില്‍ തന്റെ ഡിമാന്റുകള്‍ നിരത്തുകയായിരുന്നു സ്ത്രീധന വിരോധിയായ വിരുതന്‍ വേലു.


സ്ത്രീധനം വാങ്ങുന്നതിനോട് വേലുവിനു എന്നും എതിര്‍പ്പാണ്, അതു വാങ്ങുന്നവരെ അറപ്പാണ് വെറുപ്പാണ്. അതുകൊണ്ടാണ് സ്ത്രീധനം വാങ്ങാതെയുള്ള തന്റെ നിസ്സാര ഡിമാന്റ് പ്രകാരം പെണ്ണിനെ കെട്ടിക്കൊള്ളാം എന്ന തീരുമാനം വേലുവെടുത്തതും അത് ബ്രോക്കര്‍ കുഞ്ഞാണ്ടിയുടെ ചെവിയില്‍ പറഞ്ഞതും.


വേലുവിനു പ്രത്യേകിച്ചു ഡിമാന്റുകളൊന്നുമില്ല. പെണ്ണു വെളുത്തു മെലിഞ്ഞ് സുന്ദരിയായിരിക്കണം, വിദ്യാഭ്യാസം ഇച്ചിരി കൂടിപ്പോയാലും കുഴപ്പമില്ലാ എങ്കിലും പനങ്കുല പോലുള്ള മുടിയുണ്ടായിരിക്കണം (പനങ്കുലയില്‍ നിന്നും കള്ളു ചെത്താനാണോ എന്നൊന്നും ചോദിച്ചേക്കരുത്) , പ്രായം ഇരുപതില്‍ കവിയാന്‍ പാടില്ല (പ്രായം മാത്രം) ഇത്രയും ഡിമാന്റുകളെ പെണ്ണിനെക്കുറിച്ചു വേലുവിനുള്ളു. പിന്നെ പെണ്ണിന്റെ കൂടെ പെണ്‍ വീട്ടുകാര്‍ കല്ല്യാണക്കുറിയടിക്കാന്‍ പ്രസ്സില്‍ കൊടുക്കേണ്ട കാശുമുതല്‍ ദേഹണ്ണക്കാരനു ദേഹത്തു പുരട്ടാനുള്ള കുഴമ്പിന്റെ കാശുവരേ കൊടുത്തിരിക്കണം. പിന്നെ ഒരു നൂറ്റിപതിനൊന്നര പവന്‍ സ്വര്‍ണ്ണവും ഒരു മാതിരി മാരുതി കാറും അതിനു പെട്രോളടിക്കാന്‍ കുറച്ച് (അഞ്ചു ലക്ഷം) രൂപയും അവര്‍ കൊടുക്കണം. പക്ഷെ സ്ത്രീധനമായി ഒരു രൂപപോലും കൊടുത്തു പോകരുത് കാരണം വേലുവൊരു സ്ത്രീധന വിരോധിയാണല്ലൊ.


ചാണകക്കുഴിയില്‍ ചാടിച്ചത്ത കോവാലന്റെ ഓര്‍മ്മയ്ക്കായി കെട്ടിയുണ്ടാക്കിയ ബസ്റ്റോപ്പിനടുത്ത് ബസ്സിറങ്ങിയ വേലുവും ബ്രോക്കറും ഇനിയെങ്ങോട്ട് എന്ന ചിന്തയില്‍ മാനത്തു നോക്കിനിന്നു.


അപ്പോഴാണ് അകലെനിന്നും ഒരു ജുബ്ബയും മുണ്ടും ചുറ്റിയ രൂപം കാറ്റിലൂടെ ഒഴുകി വരുന്നത് അവരുടെ കണ്ണില്‍ പെട്ടത്. ബ്രോക്കറെ കണ്ട രൂപം വെറ്റിലക്കറയുള്ള തന്റെ പല്ലുകാട്ടിച്ചിരിച്ച് വേലുവിനെ ചൂണ്ടി “ ഇതാണൊ ചെക്കന്‍ ‍....” എന്നൊരു ചോദ്യവും ചോദിച്ചു.


“അതെ ഇതു തന്നെ ചെക്കന്‍ , ആശാന്‍ വരാന്‍ ഇശ്ശി വൈക്യോ?..... ഉവ്വോ....”


“ വൈക്വേ.... ഹേയ് .... നിങ്ങള്‍ ബസ്സിറങ്ങുന്നത് കണ്ട് ഞാന്‍ ഓടി വന്നതല്ലെ.... ഞാനാരാ മോന്‍ .....



കാരണവരും പെണ്ണിന്റെ അമ്മാവനുമായ കേളുവാശാന്‍ , വൈകിയത് മൂന്നാനും ചെറുക്കനുമാണെന്നുള്ള സത്യം വെട്ടിത്തുറന്നങ്ങു പറഞ്ഞു.



“ കുറേ നടക്കാനുണ്ടോ ആശാനെ?” ബ്രോക്കര്‍ കുഞ്ഞാണ്ടി തന്റെ ആണിയുള്ള കാലു വേച്ചുവെച്ചുകൊണ്ട് ചോദിച്ചു



“ഹേയ് ഇല്ലെന്നേ നമ്മുടെ വിലാസിനിയുടെ വീടിനടുത്തു തന്നെയാ.......”



“ഈ .. വിലാസിനിയുടെ വീട്ടിലേക്ക് കുറേയുണ്ടോ......”


“ഇല്ലെന്നെ ഇവിടെയടുത്താ ഒരു രണ്ടുകിലോമീറ്റര്‍ നടന്നാല്‍ കോന്തന്‍പാറയായി കോന്തന്‍ പാറയില്‍ നിന്നും ഒരു കിലോമീറ്റര്‍ കൂടി നടന്നാല്‍ മതി”


“ഓ ഇവിടെയടുത്താണല്ലെ...?” കേളുവാശാനോടുള്ള അമര്‍ഷം ഈ ചോദ്യത്തിലൊതുക്കി നമ്മുടെ ബ്രോക്കര്‍.


പക്ഷെ പെണ്ണുകാണുമ്പോള്‍ എന്തൊക്കെ ചോദിക്കണം , എവിടെതുടങ്ങണം എന്നുള്ള ചിന്തയില്‍ പുളകിതനായി നടക്കുകയായിരുന്ന വേലു ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.


ഒരു വിധം മണവാളനും സംഘവും മണവാട്ടിയുടെ വീട്ടിലെത്തി.


കൊട്ടാരം പോലുള്ള വീട്...... വലിയ തൊഴുത്തില്‍ കെട്ടിയിരിക്കുന്ന വെളുത്ത് മെലിഞ്ഞ ആന അവരുടെ പ്രൌഢി വിളിച്ചറിയിച്ചുകൊണ്ടിരുന്നു. വേലുവിനെ വേലിക്കരികില്‍ നിന്നുകൊണ്ട് അയലത്തുകാരിപ്പെണ്ണുങ്ങള്‍ ഒളിഞ്ഞുനോക്കി.... കടക്കണ്ണെറിഞ്ഞുടച്ചുകൊണ്ടിരുന്നു.


പൊതുവെ അവിടുത്തെ ഭൂമിശാസ്ത്രം വേലുവിനങ്ങു പിടിച്ചു. ഇനി ഇവിടെ നിന്നും പെണ്ണു കിട്ടിയില്ലെങ്കിലും വല്ല ആനപ്പാപ്പാനായിട്ടെങ്കിലും ഒരു പോസ്റ്റ് തരപ്പെട്ടാല്‍ മതിയായിരുന്നു എന്നായി വേലുവിന്റെ ചിന്ത.


ബ്രോക്കറും വേലുവും അതിഥികള്‍ക്കുള്ള പ്രത്യേക മുറിയില്‍ ആസനസ്ഥരായി.... പലതരം അലങ്കാര വസ്തുക്കള്‍ നിറച്ച ആ മുറിയില്‍ ഒരു റിസപ്ഷനുമുണ്ടായിരുന്നു.. മൊത്തത്തില്‍ ഒരു ഓഫീസിന്റെ പ്രതീതി...


പെട്ടന്നാണ് സുന്ദരിക്കോതയായ നാരായണിക്കുട്ടി രണ്ടു ഗ്ലാസ്സ് ചായയുമായി പ്രത്യക്ഷപ്പെട്ടത്. വേലു അടി മുടി നോക്കി ....... സുന്ദരിതന്നെ.... വെളുത്ത് മെലിഞ്ഞ് അഭിഷേക് ബച്ചന്റെ പെമ്പിറന്നോത്തിയുടെ രൂപം, പനങ്കുലപോലുള്ള കേശത്തിനു ഭംഗികൂട്ടിക്കൊണ്ട് മുല്ലപ്പൂ ചൂടി അലങ്കരിച്ചിരിക്കുന്നു. പിന്നെയും എന്തരോ....... മൊത്തത്തില്‍ വേലുവിനു പെണ്ണിനെയങ്ങു പിടിച്ചു.


“ ഇതാണ് എന്റെ അനന്തിരവള്‍ നാരായണിക്കുട്ടി ....... ഞങ്ങള്‍ നാരൂ എന്നു വിളിക്കും ... ഇവളു മിടുക്കിയാ മിടു മിടുക്കി.... ഇവളുടെ മിടുക്കു കാരണമാ ഇക്കാണുന്ന സ്വത്തുക്കളെല്ലാമുണ്ടായത്.....................”


അമ്മാവന്റെ പുകഴ്ത്തലില്‍ ഇക്കിളിയായിട്ടെന്നവണ്ണം നാരൂ ഒന്നിളകിച്ചിരിച്ചു..
നാരായണിക്കുട്ടിയുടെ ചായയ്ക്കുപിന്നാലെ അമ്മ അമ്മിണിയമ്മ കൊണ്ടുവെച്ച ജിലേബി കഴിക്കണോ പെണ്ണിന്റെ മുഖത്തു നിന്നും കണ്ണെടുക്കണോ എന്ന കാര്യത്തില്‍ ഒരു നിമിഷത്തേയ്ക്ക് വേലു കണ്‍ഫ്യൂഷനായിപ്പോയി.


ങാ... പെണ്ണിനെ പിന്നേയും കാണാം പക്ഷേ ജിലേബി ഇപ്പഴല്ലേ കിട്ടൂ എന്ന ഒരേയൊരു കാരണം കൊണ്ട് മാത്രം വേലു ജിലേബിപ്പാത്രത്തില്‍ കയ്യിട്ടു തന്റെ കണ്‍ഫ്യൂഷന്‍ തീര്‍ത്തു.


“ ചെക്കനും പെണ്ണിനും വല്ലതും സംസാരിക്കാനുണ്ടെങ്കില്‍ ആവാം......” അമ്മാവന്‍ ഉത്തരവു പുറപ്പെടുവിച്ചത് കാലിയായിക്കൊണ്ടിരിക്കുന്ന ജിലേബിപ്പാത്രത്തില്‍ നോക്കിയായിരുന്നില്ലേ എന്ന കാര്യത്തിലുള്ള സംശയം തല്‍ക്കാലം മാറ്റിനിര്‍ത്തി പെണ്ണിന്റെ നാക്കിന്റെ നീളമളക്കാന്‍ വേലു പെണ്ണിന്റെ റൂമില്‍ കയറി.


കസേരയില്‍ കാലിന്മേല്‍ കാലു കേറ്റി ഇരിക്കുകയായിരുന്ന നാരായണിക്കുട്ടി എന്ന നാരൂ വേലുവിന്റെ വരവു കണ്ടതും നാണത്തിന്റെ ആധിഖ്യം മൂലം തന്റെ കാലിന്റെ തള്ളവിരലുകൊണ്ട് അടുത്തുകണ്ട മേശയ്ക്കു മുകളില്‍ എന്തരോ വരച്ചു.


അങ്ങിനെ അവരുടെ കണ്ണുകള്‍ കഥയും, കവിതയും കഥാപ്രസംഗവും വിരിയിച്ചു .......... തന്റെ ഇരട്ടി വിദ്യാഭ്യാസമുള്ള ( പത്താം ക്ലാസ് സെക്കന്റ് ഇയര്‍) നാരായണിക്കുട്ടിയെ വേളികഴിക്കാന്‍ സ്ത്രീധന വിരോധിയായ വേലു നൂറ്റിപ്പതിനൊന്നരപവനിന്റെയും മാരുതിക്കാര്‍ വിത്ത് പെട്രോള്‍ കാശ് ആന്റ് കല്യാണച്ചിലവ് എന്നിവയുടെ പുറത്ത് സമ്മതം മൂളി “ ഗര്‍..ര്‍ .ര്‍ .ര്‍ ര്‍ ര്‍ ...”


തന്റെ മകന്‍ സ്ത്രീധനമായി ഒരു ചാക്ക് മണല്‍ പോലും വാങ്ങാതെയാണ് കല്യാണം കഴിക്കുന്നത് എന്ന വാര്‍ത്ത വേലുവിന്റെ പിതാജി കോരജിയെ തളര്‍ത്തി...


കോരജി അലറി....“സ്ത്രീ ധനമില്ലാതെ ഒരു കുട്ടിപോലും ഇവിടെ കയറിപ്പോകരുത്...........”


കോരജി തന്റെ മനോവിഷമം കൊണ്ട് പറഞ്ഞതാണെങ്കിലും പറഞ്ഞത് വല്ല ചാനലുകാരുമറിഞ്ഞാലുള്ള വിന കം പുലിവാലോര്‍ത്തുകൊണ്ട് കോരജിയുടെ വായ മക്കള്‍ ആന്‍ഡ് മരുമകള്‍ തോര്‍ത്തിട്ടു മൂടിക്കെട്ടി...


കാരണം കുട്ടിയെ പട്ടിയാക്കുന്ന കാലമാണല്ലൊ...... ഇതായിരിക്കും കലികാലവും കഴിഞ്ഞുള്ള കലിപ്പുകാലം.


അങ്ങിനെ വിവാദങ്ങള്‍ക്കൊടുവില്‍ ആ ദിവസവും വന്നെത്തി ......... വേലുവിന്റെ കല്യാണ ദിവസം.
ചൈനയില്‍നിന്നും വരുത്തിയ പ്രത്യേക വാഴയിലയില്‍ സദ്യവിളമ്പി തീറ്റ മത്സരത്തിനു തിരികൊളുത്തി...... വിളിച്ചവരും വിളിക്കാത്തവരും സദ്യയുണ്ട് അവരവരുടെ പാട്ടിനു പോകുന്നതിനിടയിലെപ്പഴോ അതും സംഭവിച്ചു. മറ്റൊന്നുമല്ല വേലുവിന്റെ താലികെട്ട് എന്ന ലളിതമായ ചടങ്ങ്.


ശല്യക്കാരായ ബന്ധുമിത്രാദികളെ ഒരു വിധം പറഞ്ഞു വിട്ട ശേഷം വേലു തന്റെ ആദ്യരാത്രിയെ വരവേല്‍ക്കാന്‍ എന്തിനും തയ്യാറായി തന്റെ മുറിയില്‍ ഇരിപ്പുറപ്പിച്ചു.


സമയം ഇഴഞ്ഞു നീങ്ങി ...വേലു ക്ലോക്കിന്റെ സൂചി തിരിച്ചു വെയ്ക്കണോ എന്നുവരെ ചിന്തിച്ചുപോയ നിമിഷങ്ങളായിരുന്നു അത്.


അതാ ... വാതില്‍ക്കല്‍ പാദസരത്തിന്റെ ശബ്ദം കേള്‍പ്പിച്ചുകൊണ്ട് അവള്‍ വരുന്നു.... തന്റെ എല്ലാമെല്ലാമായ നാരായണീക്കുട്ടി അലിയാസ് നാരൂ...


കയ്യില്‍ ഒരു കപ്പ് ഐസ്ക്രീമുമായി അവള്‍ മന്ദം മന്ദം നടന്നു വരികയാണ്.


വേലുവിനു നാണമായി ..... എന്തു പറയണം.... എന്തു ചോദിക്കണം...... പേരു ചോദിച്ചാലോ?..... അയ്യേ അതു മോശമല്ലെ... കല്യാണക്കുറിയില്‍ പേര് അച്ചടിച്ചു വെച്ചിട്ടുള്ളതല്ലെ......


അപ്പോഴാണ് പാലിനു പകരം തന്റെ പ്രിയതമ ഐസ്ക്രീമാണു കൊണ്ടുവന്നത് എന്ന സത്യം വേലുവിനു മനസ്സിലായത് .... ഉടനെ തന്നെ സംസാരിച്ചു തുടങ്ങാന്‍ ഒരു വിഷയം കിട്ടിയ സന്തോഷത്തില്‍ വേലു ചോദിച്ചു.


“എന്താ പാലില്ലേ?.... എന്തിനാ ഈ ഐസ്ക്രീം....? “


“ഓ... പാലൊക്കെ ഇപ്പോ ഔട്ട് ഓഫ് ഫാഷനല്ലേ? അല്ലേലും ഈ ആദ്യരാത്രിയിലൊക്കെ എനിക്കു ഐസ്ക്രീമാ ശീലം “


“ആദ്യരാത്രിയില്‍ ശീലമൊ?.........”


“അല്ലാ... പൊതുവേ എനിക്ക് ഐസ്ക്രീമാ ഇഷ്ടം എന്നു പറയുകയായിരുന്നു...”


ഐസ്ക്രീമെങ്കില്‍ ഐസ്ക്രീം ..... വേലു ഒറ്റയിരിപ്പിനകത്താക്കിയ ശേഷം ബാക്കി ഐസ്ക്രീമിനു കാത്തു നിന്ന നാരായണിക്കുട്ടിയോട് ഒരു സോറി കം ഗുഡ്നൈറ്റ് പറഞ്ഞ വേലു തലേദിവസം ഉറക്കൊഴിഞ്ഞ ക്ഷീണത്തില്‍ ഉറങ്ങിപ്പോയി.


പോത്തുപോലെ കിടന്നുറങ്ങുന്ന വേലുവിനെ നോക്കി ഒരു പരിഹാസച്ചിരി ചിരിച്ച നാരായണിക്കുട്ടി തന്റെ പനംകുല വെപ്പുമുടി അഴിച്ച് ഹാംഗറിലിട്ടശേഷം രണ്ടു നെടുവീര്‍പ്പിട്ട് പേനരിക്കുന്ന തന്റെ തലയില്‍ ആഞ്ഞു മാന്തി....


കാലിയായ ഐസ്ക്രീം കപ്പില്‍ നോക്കിയപ്പോള്‍ നാരായണീക്കുട്ടിയെ പലതും ഓര്‍മ്മിപ്പിച്ചു. അച്ഛന്‍ പഴഞ്ചനായ അമ്മയെ വിട്ട് പുത്തന്‍ അമ്മയെ തേടിപ്പോയപ്പോള്‍ പട്ടിണി സഹിക്കവയ്യാതെ നഗരത്തില്‍ അലഞ്ഞു തിരിഞ്ഞ തന്നെ ആരോ പട്ടിണി മാറ്റാന്‍ ഐസ്ക്രീം പാര്‍ലറില്‍ കയറ്റി ഐസ്ക്രീം വാങ്ങിച്ചു തന്നതും , പിന്നീട് അയാളെപ്പോലുള്ള പലരുടേയും പട്ടിണി താന്‍ മാറ്റിയതും, ആന, തോട്ടി മുതല്‍ രണ്ടു നില മാളികവരെ സ്വന്തമാക്കിയെങ്കിലും ഒരു ഭര്‍ത്താവിനെ തനിക്കു കിട്ടില്ലാ എന്ന സത്യം നാട്ടുകാര്‍ വിളിച്ചു പറഞ്ഞപ്പോള്‍ മറുനാട്ടുകാരനായ ഒരു ഭര്‍ത്താവിനെ വിലക്കെടുത്തതും മറ്റും ഓര്‍മ്മയിലൂടെ മിന്നിമറഞ്ഞപ്പോള്‍ പണമുണ്ടെങ്കില്‍ എന്തും വിലയ്ക്കു കിട്ടുമെന്ന പുഛഭാവമായിരുന്നു അവളുടെ മുഖത്ത്. കാരണം പുതിയ അമ്മയെ തേടിപ്പോയ അച്ഛന്റെ കൈയിലും പണമുണ്ടായിരുന്നല്ലൊ.


എല്ലാമോര്‍ത്തുകൊണ്ട് നാരായണിക്കുട്ടി നാലഞ്ചു ചാട്ടം ചാടിയ ശേഷം പൊട്ടിപ്പൊട്ടിച്ചിരിച്ചു. ഇതൊന്നുമറിയാതെ കൂര്‍ക്കംവലിച്ചുറങ്ങുകയായിരുന്നു നമ്മുടെ വേലു.


വേലു നല്ല ഉറക്കമാണെന്ന് ഒന്നുകൂടി ഉറപ്പു വരുത്തിയ നാരായണിക്കുട്ടി ബാത്ത്‌റൂമില്‍ ചെന്ന് തന്റെ ശരീരമാസകലം തേച്ചു പിടിപ്പിച്ച ക്രീമുകളും വെളുത്ത പൊടിയും കഴുകിക്കളഞ്ഞ് കണ്ണാടിയില്‍ തന്റെ സ്വത സിദ്ധമായ രൂപം കണ്ട് ആര്‍ത്തട്ടഹസിച്ച് ഓടിച്ചെന്ന് കിടന്നു. പെട്ടന്ന് ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന വേലു തന്റെ അരികില്‍ കിടക്കുന്ന താടകരൂപം കണ്ട് വീണ്ടും ബോധം കെട്ടു മലര്‍ന്നടിച്ചു വീണു.
*************************
സമൂഹത്തില്‍ ഇത്തരം നാരായണിക്കുട്ടികളെയും, വേലുമാരെയും ധാരാളം കാണാന്‍ സാധിക്കും .
മറ്റുള്ളവരുടെ മുന്‍പില്‍ സ്ത്രീധനത്തെ (സ്ത്രീധനം പോലുള്ള പല അനാചാരങ്ങളെയും) ശക്തമായെതിര്‍ക്കുകയും രഹസ്യമായോ അതല്ലാ എങ്കില്‍ വേറെ എന്തെങ്കിലും പേരിലോ സ്ത്രീധനത്തുക അടിച്ചെടുക്കുകയും ചെയ്യുന്ന വിരുതന്മാരെ നാം കാണാറില്ലേ? ആണ്‍‌മക്കളെ വളര്‍ത്തുമ്പോള്‍ ഭാവിയില്‍ കൈവരുന്ന സ്ത്രീധനത്തുക സ്വപ്നം കാണുന്ന മാതാപിതാക്കളെ നാം കണ്ടിട്ടില്ലേ?

നാരായണിക്കുട്ടിയെ പോലുള്ളവര്‍ സമൂഹത്തില്‍ എങ്ങിനെയുണ്ടാകുന്നു? അവര്‍ ഒരിക്കല്‍ ചെയ്ത തെറ്റ് (ചിലപ്പോള്‍ അരച്ചാ‍ണ്‍ വയറിനു വേണ്ടി ചെയ്തതാണെങ്കില്‍ പോലും) വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമെന്താണ്? ഒരാളെ ചീത്തയായി മുദ്രകുത്തപ്പെടുമ്പോള്‍ അയാളെ നല്ല വഴിയിലേക്കു നയിക്കാന്‍ ആരെങ്കിലും ശ്രമിക്കാറുണ്ടോ?

ഈ കഥയുടെ ഒന്നാം ഭാഗം കണ്ടിട്ടില്ലാത്തവര്‍ ഇവിടെ ക്ലിക്കുക

Monday, December 1, 2008

കോഴിത്തമ്പുരാന്‍...

ശുംഭോതര വര്‍മ്മ ‘കോഴി’ത്തമ്പുരാന്‍ പള്ളിയുറക്കം കഴിഞ്ഞു കോട്ടുവാ ഒന്നുരണ്ടു തവണ ആഞ്ഞു വിട്ട ശേഷം വാടകക്കൊട്ടാരത്തിന്റെ അടുക്കളയില്‍ ചെന്ന് ആര്‍ത്തിയോടെ നോക്കി മഹാറാണി നാണിത്തമ്പുരാട്ടിയോടു വിളിച്ചു ചോദിച്ചു.

“എട്യേ...... ചായയില്ലേട്യേ.......”

“ചായ .......കൊല്ലും ഞാന്‍ .. രാജാവാണുപോലും രാജാവ്. അയല്‍ രാജ്യങ്ങളിലെ രാജപത്നിമാര്‍ റോഡ്‌റോയിസിലും, ബെന്‍സിലുമെല്ലാം വിലസുമ്പോള്‍ ഇവിടെയുള്ള പ്രീമിയര്‍ പത്മിനിയില്‍ കയറി എഴുന്നള്ളുന്ന മഹാറാണിയായ എന്നെ ഈ നാട്ടിലെ പെണ്ണുങ്ങള്‍ പുഛത്തോടെയാണു നോക്കുന്നത് ... ഇതുവല്ലതുമറിയാമൊ നിങ്ങള്‍ക്ക്..?”

ഒരു ഗ്ലാസ്സ് ചായ കിട്ടണമെങ്കില്‍ മഹാരാജാവായ താന്‍ എന്തെല്ലാം കേള്‍ക്കണം, എന്തെല്ലാം സഹിക്കണം എന്ന ചിന്തകള്‍ കൂടിക്കൂടി വന്നപ്പോള്‍ കൊട്ടാരം ചായക്കാരിയുടെ നേരെ കണ്ണുരുട്ടാന്‍ പുറപ്പെട്ടതായിരുന്നു രാജാവ് .. പക്ഷെ രാജന്‍ അതങ്ങു ക്ഷമിച്ചു കാരണം, പണ്ടൊരിക്കല്‍ കണ്ണുരുട്ടിയതിന് രാജ്യത്തിലെ ചായയിടല്‍ തൊഴിലാളി യൂണിയന്‍ സമരം ചെയ്ത് കൊട്ടാരം മതിലുകള്‍ ചവിട്ടിപ്പൊളിച്ചതും, കൊട്ടാരം തൊഴുത്തുകളിലെ കാലികളെ അഴിച്ചുകൊണ്ടുപോയി തൊഴുത്തു ‘കാലി’ത്തൊഴുത്താക്കിയതും എല്ലാം ഒരു മിന്നായം പോലെ മനസ്സില്‍ ഓടിയെത്തിയതായിരുന്നു.

രാവിലേയുള്ള കട്ടന്‍ കിട്ടാത്തതില്‍ മനം നൊന്ത് കൊട്ടാരത്തിലെ ചാരു കസേരയിലിരിക്കുമ്പോഴാണ് ചിന്തകള്‍ ഓരോന്നായി മഹാരാജാവിനെ വേട്ടയാടിയത്.

മാസങ്ങള്‍ക്കു മുന്‍പ് രാജ്യത്തെ പട്ടിണിമാറ്റണമെന്നുപറഞ്ഞ് രാജ്യത്തുള്ള കര്‍ഷകര്‍ കൃഷി നിര്‍ത്തി വെച്ചു സമരം നടത്തിയപ്പോള്‍ മഹാരാജാവ്‌ തന്റെ തിരുവയറിന്റെ കാളിച്ച മാറ്റാന്‍ ഖജനാവിന്റെ അടിത്തട്ടില്‍ തപ്പുന്ന സമയത്താണ് പിന്നില്‍ നിന്നും ആരോ തോണ്ടി വിളിച്ചത്. തിരിഞ്ഞുനോക്കിയ രാജാവിന്റെ മുന്‍പില്‍ കൊട്ടാരം വിദൂഷകന്‍ ആനക്കൊമ്പില്‍ രവി നിന്നു ചിരിക്കുന്നു.

“എന്തുവാടെ കിടന്നു ചിരിക്കുന്നത്?...” രാജാവിന് ആകാംക്ഷ , അത്യാഗ്രഹം വിത്ത് ആക്രാന്തം പിന്നെ എന്തരോ.......

“വെറുതേ ഖജനാവില്‍ തപ്പി സമയം കളയേണ്ട രാജാവെ, ഉണ്ടായിരുന്നതെല്ലാം അങ്ങയുടെ പ്രൈവറ്റ് സെക്രട്ടറി കം ഡ്രൈവര്‍ പുഷ്കരന്‍ പെറുക്കിയെടുത്തു.”

“പുഷ്കരാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ......”രാജാവ് അലറി ......രാജാവിനെയും രാജ്യത്തിനെയും വിലക്കെടുക്കാനുള്ള സമ്പാദ്യം രാജാവിന്റെ തണലില്‍ നിന്നുതന്നെയുണ്ടാക്കിയ പി.എ കം ഡ്രൈവര്‍ പുഷ്കരന്‍ മാസപ്പിരിവിനു പോയതായതുകൊണ്ട് രാജാവിന്റെ അലറല്‍ കേട്ടില്ല.....

ഖജനാവിന്റെ ഡ്യൂപ്ലിക്കറ്റ് ചാവിയുണ്ടാക്കിയ മന്ത്രിപുംഗവനും പിരിവിനു പോയതായിരിക്കണം ..... ങാ... എല്ലാം പല്ലുകടിച്ചു സഹിക്കുക എന്നല്ലാതെ അഖിലലോക രാജാവു യൂണിയന്‍ എന്ന ഒന്ന് ഇതുവരെ ഉടലെടുത്തിട്ടില്ലാത്തതുകൊണ്ട് പാവപ്പെട്ട രാജാക്കന്മാര്‍ക്ക് ഒന്നിനും നിവൃത്തിയില്ലല്ലൊ.

തന്റെ വയറു കത്തുന്നതു അണയ്ക്കാന്‍ തല്‍ക്കാലം എന്തു ചെയ്യും എന്നു കൊട്ടാരം വിദൂഷകനുമായി ചര്‍ച്ച നടത്തിയതിന്റെ ഫലമായാണ് കൊട്ടാരം വൈദ്യരുടെ അടുക്കളയില്‍ തലയിലൂടെ മുണ്ടിട്ട രാജാവും , വിദൂഷകനും വലിഞ്ഞു കയറിയത്. അവിടെ നിന്നും മതി വരുവോളം കപ്പയും മത്തിക്കറിയും വെട്ടിവിഴുങ്ങിയ രാജാവ് അറിയാതെ ഒരു ഏമ്പക്കം വിട്ടതാണെല്ലാറ്റിനും കാരണമായത്. വൈദ്യര്‍ ഏതോ മരുന്നു പരീക്ഷിച്ചു നോക്കാന്‍ കൊണ്ടുവന്ന ചെറുപ്പക്കാരനെ പാട്ടുപാടി(?) ഉറക്കുകയായിരുന്ന വൈദ്യ പത്നി ഏമ്പക്കത്തിന്റെ ശബ്ദം കേട്ടു അടുക്കളയില്‍ ഓടിയെത്തി. രാജാവിനെയും , വിദൂഷകനെയും കയ്യോടെ പിടികൂടി ......

സംഗതി നാറ്റക്കേസാ‍വാതിരിക്കാന്‍ തന്റെ കൊട്ടാരംതന്നെ വൈദ്യ പത്നിക്കെഴുതിക്കൊടുത്ത മഹാരാജാവ് അതേകൊട്ടാരത്തില്‍ വൈദ്യ പത്നിക്കു മാസാമാസം വാടകകൊടുത്താണു കഴിയുന്നത്. പക്ഷെ ഇതൊന്നും കൊട്ടാരം വിദൂഷകനല്ലാതെ ഇരു ചെവിയറിഞ്ഞിട്ടില്ല എന്നത് പരമരഹസ്യമാണെന്നു് കൊട്ടാരം വിദൂഷകന്‍ നാടായ നാടെല്ലാം പറഞ്ഞു പരത്തി.

എല്ലാം ഓര്‍ത്തുകൊണ്ട് ചാരുകസേരയിലിരുന്ന മഹാരാജാവു നെടുവീര്‍പ്പിട്ടുകൊണ്ട് ഖജനാവിനു സമമായ തന്റെ തിരുവയറും തടവി സ്വല്പമൊന്നു മയങ്ങിപ്പോയി.

ഈ സമയത്താണ് രാജകുമാരിയും കവയിത്രിയും കല്യാണം കഴിക്കാന്‍ മൂപ്പെത്തിയവളുമായ കുമാരി സരസു തന്റെ നൂറ്റൊന്നു കവിതകളില്‍ നിന്നും തിരഞ്ഞെടുത്ത ഏതാനും വരികള്‍ മൂളിക്കൊണ്ട് ( വാക്കുകളായി പുറത്തു വന്നാല്‍ നാട്ടുകാരുടെ വക തന്റെ നെടും പുറത്തു കിട്ടുമെന്നറിയാവുന്നത് കൊണ്ട്) കൊട്ടാരത്തിന്റെ ഉമ്മറത്തെത്തിയപ്പോഴാണ് അച്ഛന്‍ തമ്പുരാന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നതുകണ്ടത്.

അച്ഛനുറങ്ങുന്ന വീട്ടില്‍ ഇപ്പോള്‍ തന്റെ കൂടെ തന്റെ ഗുരു കൊട്ടാരം കവി ചട്ടമ്പിരമേശനുമുണ്ടായിരുന്നെങ്കിലെന്നു ചിന്തിച്ച് കൊട്ടാര വാതില്‍ക്കലേക്കു നോക്കിയ രാജകുമാരി ഞെട്ടി.

അതാ മന്ത്രിപുംഗവന്റെയും , കൊട്ടാരം പി.ഏ ( പിന്നില്‍ നിന്ന് അലക്കുന്നവന്‍ ) യുടെയും കൂടെ രണ്ടു ഭീകരര്‍ എ.കെ.നാല്‍പ്പത്തേഴുമായി കൊട്ടാരത്തിനെ ലക്ഷ്യമാക്കി വരുന്നു.

കുമാരി ഞെട്ടി എന്നു മാത്രമല്ല ഉറങ്ങിക്കിടന്ന മഹാരാജാവിനെ കുലുക്കി വിളിക്കുകയും ചെയ്തു.
ഭീകരരെക്കണ്ട രാജാവ് ഞെട്ടിവിറച്ചപ്പോള്‍ മന്തി പുങ്കവന്‍ സമാധാനിപ്പിച്ചു .“പ്രഭോ .... ഈ പാവം ഭീകരര്‍ അങ്ങയെ കൊല്ലാന്‍ വന്നതല്ല മറിച്ച് രക്ഷിക്കാന്‍ വന്നതാ.....”

“നമ്മെ രക്ഷിക്കാനൊ?!!!”

“ അതേ രാജന്‍ .... അങ്ങേക്ക് അങ്ങയുടേതെന്നു പറയപ്പെടുന്ന ഏകപുത്രി സരസു കുമാരിയെ കല്യാണം കഴിപ്പിച്ചയയ്ക്കേണ്ടേ?”

“ വേണം, പക്ഷെ അവളെ വേളി കഴിക്കണമെങ്കില്‍ അയല്‍ രാജ്യത്തെ രാജകുമാരന് ഒരു ക്രോറിന്റെ ഫ്ലാറ്റ് അങ്ങു ദുഫായിലോ .. അതല്ലാ എങ്കില്‍ തുല്യ വിലയ്ക്കുള്ള ഒരു വില്ല അങ്ങു കാസര്‍ക്കോട്ടോ വേണമെന്നല്ലെ പറഞ്ഞത് . അതും പോരാഞ്ഞ് കല്യാണക്കുറികൊടുക്കാന്‍ പോവാന്‍ ഒരു റോയല്‍ ലിമോസിന്‍ കാറുംകൂടി വേണമെന്നാണവന്റെ ഡിമാന്റ്. അല്ലാ എങ്കില്‍ വല്ല പാട്ടുകച്ചേരിയിലും സമ്മാനം വാങ്ങിയ ഏതെങ്കിലും പെണ്‍കുട്ടിയെ അവനങ്ങു കെട്ടും പോലും. ഇതെല്ലാം ഞാനെവിടുന്നെടുത്തുകൊടുക്കും മന്ത്രീ...?”

“തളരരുത് രാജന്‍ തളരരുത്..... അതിനല്ലേ ഈ ഫീകരര്‍ വന്നിരിക്കുന്നത് ...... കുമാരിയുടെ വിവാഹം നടക്കുക തന്നെ ചെയ്യും ”

“ഉവ്വോ ..... എങ്കില്‍ കയറിയിരിക്കൂ ഭീകര കുട്ടികളെ......”

തങ്ങളുടെ പുറത്തു ചുമന്നു കൊണ്ടുവന്ന വലിയ ഒരു ചാക്കുനിറച്ചു കുത്തിത്തിരുകിയ പണം രാജാവിനു മുന്‍പില്‍ കാഴ്ചവെച്ച ഭീകരര്‍ രാജാവിനെ വണങ്ങി നിന്നു. ആയിരത്തിന്റെ നോട്ടുകള്‍ തന്നെ തുറിച്ചുനോക്കുന്നതുകണ്ട രാജാതിരാജന്‍ തന്റെ സ്വന്തം ചെവി പിടിച്ചു പിരിച്ചു നോക്കി . “ ഉവ്വ് വേദനിക്കുന്നുണ്ട്...... അപ്പോ സ്വപ്നമല്ല...”

സ്വപ്നം കാണുന്ന രാജാവിനെ തോക്കിന്റെ പാത്തികൊണ്ട് തോണ്ടിയ ഭീകരന്മാരിലൊരാള്‍ രാജാവു തങ്ങള്‍ക്കു ചെയ്തു തരേണ്ട പ്രത്യുപകാരത്തെപ്പറ്റി രാജാവിനോട് ഇങ്ങനെ വിവരിച്ചുകൊടുത്തു.

“ ലോകത്തിലെ സകല കാര്യങ്ങള്‍ക്കും തീരുമാനമുണ്ടാക്കുക എന്ന ലക്ഷ്യവുമായി ബീഡി വലിച്ച് പുക മൂക്കിലൂടെ വിടുകയും , അമേരിക്കന്‍ പ്രസിഡണ്ടിന്റെ അടുക്കളയിലെ അമ്മിക്കല്ലിന്റെ കളറിനെച്ചൊല്ലിവരേ തര്‍ക്കിച്ച് തമ്മില്‍ കത്തിക്കുത്തുവരെയുണ്ടാക്കുകയും ചെയ്യുന്നവരുടെ കേന്ദ്രമായ സുലൈമാന്റെ ചായക്കട തകര്‍ക്കണം . അതിനുള്ള കോപ്പുകള്‍ മണ്ടങ്കര ഉണക്കത്തോടു വഴി വാഴത്തടിചങ്ങാടത്തില്‍ കൊണ്ടുവരുമ്പോള്‍ തീരദേശഭടന്മാരെ തല്‍ക്കാലം ആ ഭാഗത്തു നിന്നും നീക്കം ചെയ്യണം . അതല്ലാ എങ്കില്‍ അവര്‍ക്കു കണ്ണു മൂടിക്കെട്ടാന്‍ ഓരോ കറുത്ത തുണി നല്‍കിയാലും മതി. ”

ഡിമാന്റു കേട്ട രാജാവ് ‘ശുംഭോതര വര്‍മ്മ കോഴിത്തമ്പുരാന്‍ ‍’ പണച്ചാക്കിനെ നോക്കി നാവില്‍ പൊട്ടിയ വെള്ളം അടക്കിനിര്‍ത്തിയ ശേഷം തീരദേശഭടന്മാരെ ഒതുക്കാനും സുലൈമാന്റെ ചായക്കട തകര്‍ക്കാനുമുള്ള അനുമതി പുറപ്പെടുവിച്ചു.

ഭീകരര്‍ ആര്‍ത്തു ചിരിച്ചു “ ഹി..ഹി.ഹി..”

അങ്ങിനെ മാസങ്ങള്‍കൊണ്ട് സുലൈമാന്റെ ചായക്കടയും പരിസരവും വീക്ഷിച്ച് ഭൂമിശാസ്ത്രവും , ജന്തുശാസ്ത്രവും പഠിച്ച ശേഷം ഭീകരര്‍ ചായക്കടയില്‍ ഇരച്ചു കയറി....
കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ചിട്ടു. എങ്ങും പരിഭ്രാന്തി ..... അങ്കലാപ്പ്.....അമ്പരപ്പ്............
രാജ്യമൊട്ടുക്കും ഭീതി ............ ചായക്കടയില്‍ ഇരച്ചു കയറിയ ഭീകരരെപിടിക്കാന്‍ രാജ ഭടന്മാരെത്തി ... ഭടന്മാരുടെ നീക്കങ്ങള്‍ വാര്‍ത്തയുടെ ആളുകള്‍ അപ്പപ്പോള്‍ തന്നെ ഭീകരരെ ലൈവായി അറിയിച്ചുകൊണ്ടിരുന്നു. ഭീകരരെ കൊന്നൊടുക്കിയ ഭടന്മാര്‍ വന്നിടത്തേക്കു തന്നെ തിരിച്ചുപോയി..................... വാര്‍ത്തകളുടെ ആള്‍ക്കാര്‍ക്ക് അതുമൊരുവാര്‍ത്തയായി!!

“ സര്‍ ഇതാണു കഥ .... ഇനി ക്ലൈമാക്സ്കൂടി എഴുതാനുണ്ട്..”

ഇത്രയും പറഞ്ഞുകൊണ്ട് കഥയെഴുതുന്ന പണി ചെയ്തു ജീവിക്കുന്ന കട്ടപ്പന ദാസപ്പന്‍ സിനിമാ സംവിധായകന്‍ പി.കെ ചന്ദ്രുവിന്റെ മുന്‍പില്‍ വിയര്‍ത്തു നിന്നു ......

പി.കെ ചന്ദ്രു കട്ടപ്പന ദാസപ്പനെ അടിമുടി നോക്കി തരിച്ചു നിന്നു പോയി. അതു കണ്ട കട്ടപ്പന ദാസപ്പന്‍ ഇടയ്ക്കു മുറിഞ്ഞ വാചകങ്ങള്‍ തുടര്‍ന്നു.

“ സാര്‍, സാറ് ഇത്രയും നല്ല ഒരു കഥ ഇതിനു മുന്‍പ് കേട്ടിട്ടില്ലാ അല്ലേ? അതല്ലേ തരിച്ചു നില്‍ക്കുന്നത്? ഇനി ക്ലൈമാക്സ് കൂടി പറയട്ടേ സാര്‍”

“ ഭാ‍ാ‍ാ‍ാ‍ാ ........ ക്ലൈമാക്സ് പറഞ്ഞാല്‍ ദ്രോഹീ .. നിന്റെ ക്ലൈമാക്സു, ഞാന്‍ തീര്‍ക്കും ...... കഥയും കൊണ്ടു വന്നിരിക്കുന്നു മനുഷ്യനെ മിനക്കെടുത്താന്‍ .......... ഏതു സമയത്താണു ദൈവമെ എനിക്കു സംവിധായകനാവാന്‍ തോന്നിയത്................”

“അവന്റെ കഥയ്ക്കെന്താ ഒരു കുഴപ്പം? തോക്കിനു തോക്കില്ലേ? അടിപിടിക്ക് അടിപിടിയില്ലെ? തെറിവിളിക്കു തെറിവിളിയുമുണ്ട് അതുകൊണ്ട് സുരേഷ്ഗോപിയെ നായകനാക്കി ഈ പടമെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.......”എണ്ണപ്പാടത്തിലദ്ധ്വാനിച്ച വിയര്‍പ്പിന്റെ വിലകള്‍ പടം പിടിച്ചു തീര്‍ക്കാനെത്തിയ സുരേഷ് ഗോപിച്ചേട്ടന്റെ ഫാനായ പ്രൊഡ്യൂസര്‍ കുഞ്ഞപ്പന്‍ ചേട്ടന്‍ സൊംവിധായകന്റെ മുന്‍പില്‍ തന്റെ ഉറച്ച വാക്കുകള്‍ പുറത്തുവിട്ട ശേഷം ഇങ്ങനെ കൂടി പറഞ്ഞു

“ ഈ കഥയില്‍ സുരേഷ് ഗോപിയെ നായകനാക്കി പടമെടുക്കുന്നില്ലാ എങ്കില്‍ ഞാന്‍ പണവും കൊണ്ട് എന്റെ വഴിക്കു പോകും ഷിറ്റ്............”

ഇതുകേട്ട സംവിധായകന്‍ പി.കെ ചന്ദ്രു കഥയില്‍ കാര്യമില്ലാ, ചോദ്യവുമില്ലാ നമുക്കും കിട്ടണം മണീസ് എന്ന വിലയേറിയ സിനിമാ മന്ത്രം മനസ്സില്‍ ധ്യാനിച്ച് കട്ടപ്പന ദാസപ്പന്റെ ‘കോഴിത്തമ്പുരാന്‍ ‘ സിനിമയാക്കാന്‍ ഷിറ്റടിച്ചു പാസ്സാക്കി.

********************
ഓ.ടൊ: നമ്മുടെ സുരക്ഷാ പാളിച്ചയും അതുപോലെതന്നെ മാധ്യമങ്ങള്‍ ലൈവായി നമ്മുടെ കമാന്റോകളുടെ നീക്കങ്ങള്‍ പുറത്തു വിട്ടത് ഏറെക്കുറെ അവരുടെ നീക്കങ്ങള്‍ മനസ്സിലാക്കാന്‍ ഭീകരര്‍ക്കു സഹായമായില്ലയോ? എന്നതും പിന്നെ ഇതിനെയെല്ലാം തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് വളച്ചൊടിച്ച് (കെട്ടുകഥയാക്കി) ഒരു സിനിമാ പിടിച്ച് കാശുണ്ടാക്കാന്‍ ഭാവിയില്‍ ശ്രമം നടക്കും എന്നതും ഹാസ്യ രൂപത്തില്‍ അവതരിപ്പിച്ചു എന്നു മാത്രം....