Thursday, November 13, 2008

ഷേക്സ്പിയര്‍ (നാലാംക്ലാസ്സ് ബ്ലോഗര്‍)


 കാര്യമായിരുന്നു മനുഷ്യന്‍ വല്ല പരസ്യവും കാണുമ്പോഴായിരിക്കും ഇടയ്ക്ക് കൊണ്ട്ചെന്ന് വല്ല വാര്‍ത്തായും, സിനിമായുമൊക്കെയിട്ട് മനുഷ്യനെ ബോറടിപ്പിക്കുകയും, തമ്മിലടിപ്പിക്കുകയുമൊക്കെ ചെയ്യുന്നത്!!.” പരസ്യം കാണുന്നതിനിടയില്‍ കോമഡി പ്രോഗ്രാം വന്നപ്പോള്‍ കോമുക്കുറുപ്പ് ആരോടെന്നില്ലാതെ പിറുപിറുക്കാന്‍ തുടങ്ങി.

കോമുക്കുറുപ്പ് പണ്ടത്തെ ഒതേനക്കുറുപ്പിന്റെ വകയില്‍ ആരൊക്കെയോ ആയിട്ടു വരും. തികഞ്ഞ ഗാന്ധിയന്‍ (കാരണം തലയില്‍ ഒറ്റ മുടിയില്ല). കോമുക്കുറുപ്പിന്റെ തലയില്‍ മുടി വളരാത്തതിനു നാട്ടുകാര്‍ കണ്ടെത്തിയ കാരണം പലതാണ്. പലതിലും കഴമ്പില്ലാതില്ലാ എന്ന സത്യവും കോമുക്കുറുപ്പിനറിയാം.

തികഞ്ഞ കളരിയഭ്യാസിയാണ് കോമുക്കുറുപ്പിന്റെ തന്തപ്പടി രാഘവക്കുറുപ്പ്. പണ്ടൊക്കെ കുറുപ്പന്മാര്‍ പടവാള്‍ കൊണ്ട് പടവെട്ടി കുടുംബം പുലര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് രാഘവക്കുറുപ്പും മക്കളും അരി വാങ്ങുന്നത് കൊടുവാള്‍ കൊണ്ട് കാടുവെട്ടിയാണ് എന്നൊരു വളരെ ചെറിയ മാറ്റം മാത്രം. കോമക്കുറുപ്പിനെക്കൂടാതെ വേറെ മൂന്ന് കുറുപ്പന്മാരും , രണ്ടു കുറുപ്പികളും രാഘവക്കുറുപ്പിന്റെ കളരിപരമ്പര നിലനിര്‍ത്തുന്നുണ്ടായിരുന്നു.

പക്ഷെ കോമക്കുറുപ്പിനൊഴികെ മറ്റെല്ലാവര്‍ക്കും തലയില്‍ മുടിയുണ്ടായിരുന്നു എന്നത് സത്യമാണെങ്കിലും അവര്‍ക്കൊന്നും തലയില്‍ തലച്ചോറില്ലാ എന്നതാണ് കോമുക്കുറുപ്പിന്റെ കണ്ടെത്തല്‍.

അച്ഛന്റെ തൊഴിലായ കാടുവെട്ടലില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്തതിനാലും പണ്ട് നാലാം ക്ലാസ്സ്‌വരെ പഠിച്ചു എന്ന അഹങ്കാരമുള്ളതിനാലും കോമുക്കുറുപ്പ് തൊഴിലിനു പുതിയ മേഖലകള്‍ കണ്ടെത്തുകയായിരുന്നു.

ഇഷ്ടമില്ലാത്ത വിഷയമേതാണെന്നു ചോദിച്ചാല്‍ മലയാളികളുടെ കോമഡിയാണെന്ന സത്യം ഉറക്കത്തില്‍ നിന്നാണെങ്കിലും കുറുപ്പ് ചാടിപ്പറയും.
ആദ്യമാദ്യമൊക്കെ മലയാളം ബ്ലോഗെഴുതി പരീക്ഷിച്ചുനോക്കിയ കോമക്കുറുപ്പ് അവിടെയും കൊമേഡിയന്മാര്‍ വലിഞ്ഞു കയറിയെന്നുകണ്ടപ്പോള്‍ മെല്ലെ തന്റെ ഉള്ളതടിയും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ബ്ലോഗില്‍നിന്നും രക്ഷപ്പെട്ട കോമുക്കുറുപ്പ് പണിയെടുക്കാതെ എങ്ങിനെ ജീവിക്കാം എന്നു ചിന്തിച്ച് ചിന്തിച്ച് താടി നീട്ടി വളര്‍ത്തി (എന്നിട്ടും മുടി വളര്‍ന്നില്ല).


മുടിയില്ലാത്ത കുറുപ്പിനു തൊഴിലും‌കൂടിയില്ലാ എന്നു വന്നാല്‍ കല്യാണം കഴിക്കാന്‍ കുറുപ്പിയെപ്പോയിട്ട് കറുപ്പിയെപ്പോലും കിട്ടില്ലാ എന്ന സത്യം അമ്പത്തിയൊന്നുകാരനായ കോമുക്കുറുപ്പ് മനസ്സിലാക്കിയപ്പോഴേക്കും വളരെ വൈകിയിരുന്നു.


അങ്ങിനെയിരിക്കുമ്പോഴാണൊരുദിവസം കോമുക്കുറുപ്പിന്റെ അഡ്രസ്സില്‍ ആദ്യമായി പോസ്റ്റോഫീസില്‍ ഒരെഴുത്ത്‌വന്നത്. കോമുക്കുറുപ്പിന്റെ ഇളയ അനിയത്തി ജാനുവിനെ ഒരു നോക്കുകാണുക എന്നലക്ഷ്യവുമായി പോസ്റ്റുമാന്‍ കച്ചിത്തുരുമ്പായ എഴുത്തുമെടുത്ത് കോമുക്കുറുപ്പിന്റെ വീടുലക്ഷ്യമാക്കി സൈക്കിള്‍ ആഞ്ഞു ചവിട്ടി.

*********
വിദ്യാസമ്പന്നനായ പണ്ടത്തെനാലാം ക്ലാസ്സുകാരന്‍ കോമുക്കുറുപ്പ് തനിക്കുവന്ന എഴുത്ത് പൊട്ടിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
‘പ്രിയപ്പെട്ട ഷേക്സ്പിയര്‍ കോമുച്ചേട്ടന്‍ വായിച്ചറിയുവാന്‍, അങ്ങയുടെ രണ്ടുകുട്ടികളുടെ അമ്മ വിലാസിനി എഴുതുന്നത്. കോമുച്ചേട്ടന് എഴുതണം എഴുതണം എന്ന മോഹം ഈയടുത്തായി പുറത്തിറങ്ങിയ ‘ഷേക്സ്പിയര്‍ എം.എ. മലയാളം’ എന്ന സിനിമയുടെ വ്യാജസീഡി കണ്ടതുമുതല്‍ എന്റെയുള്ളില്‍ കിടന്നു മുറവിളി കൂട്ടുന്നു. മാത്രമല്ല എന്റെ മനസ്സ് അതുമുതല്‍ ദിവസവും കുറച്ചു സമയം ഫ്ലാഷ്ബാക്കടിക്കാനും തുടങ്ങിയിരിക്കുകയാണ്. ഇതിനു പരിഹാരം കാണാന്‍ ഒരു സംഘടനകളും ശ്രമിക്കുന്നില്ലല്ലോ എന്നതാണ് എന്റെ ഇപ്പഴത്തെ ദുഃഖം.


സിനിമയിലെ നായകന്‍ കട്ടി മീശക്കാരന്‍ പയ്യനെപ്പോലെയായിരുന്നല്ലൊ അന്ന് എന്റെ കോമുച്ചേട്ടന്‍ . അതിലെ നായകന്‍ അനുഭവത്തില്‍ നിന്നും നാടകമെഴുതാന്‍വേണ്ടി അനുഭവമുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോയി താമസിച്ച് നാടകമെഴുതി അതൊരു അനുഭവമായി മാറിയതാണല്ലൊ അതിലെ കഥ. അതുപോലെ പണ്ട് അങ്ങും മലയാളം ബ്ലോഗെഴുതിയിരുന്ന കാലത്താണല്ലൊ നമ്മള്‍ പരിചയപ്പെട്ടത്.


അന്ന് പട്ടാളക്കാരന്റെ ഭാര്യമാരുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസ്സിലാക്കി അനുഭവത്തില്‍നിന്നെടുത്ത് ബ്ലോഗാന്‍ വന്നപ്പോഴാണല്ലൊ എക്സ് മിലിട്രിക്കാരന്റെ ഭാര്യയായ എനിക്കും നിങ്ങള്‍ക്കും തുല്യാവകാശം വിളിച്ചോതിക്കൊണ്ട് രണ്ടുണ്ണികള്‍ പിറന്നത് നമുക്കൊരു അനുഭവമായത്.


വാച്ചുകമ്പനിയിലെ വാച്ചുമാനായ എന്റെ സ്വന്തം ഭര്‍ത്താവ് എക്സ് മിലിട്രിക്കാരന്‍ കുമാ‍രേട്ടന്‍ നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞു വന്ന് പകലു മുഴുവന്‍ കിടന്നുറങ്ങി വീണ്ടും നൈറ്റ്ഡ്യൂട്ടിക്കു പോകുന്ന സമയത്താണല്ലൊ ദൈവം കനിഞ്ഞ് ഇരട്ടക്കുട്ടികളെ തന്നിരിക്കുന്നു എന്ന വാര്‍ത്തയറിഞ്ഞത് . അന്ന് അങ്ങേരുടെ നാവുകള്‍ ദൈവത്തിനു നന്ദിപറഞ്ഞപ്പോള്‍ എന്റെ മനസ്സിലെ നന്ദികാട്ടേണ്ട ദൈവം കോമുച്ചേട്ടനായിരുന്നല്ലൊ.

ങാ.. അതെല്ലാം പഴയ കഥ. പിന്നെ ഞാന്‍ ഈ എഴുത്തെഴുതാനുള്ള മുഖ്യകാരണം ഞാന്‍ ഇന്നൊരു മലയാളം ബ്ലോഗിണിയാണെന്ന സത്യം കോമുച്ചേട്ടനെ അറിയിക്കാനും‌കൂടിയാണ്. അന്ന് കോമഡിയെഴുതുന്ന പിള്ളേര്‍, സത്യം വിളിച്ചുപറയുന്നവന്‍ കള്ളനാണെന്നു പറഞ്ഞു (ആരും സത്യം പറഞ്ഞുപോകരുത്) കൊടുവാളെടുത്ത് കോമുവേട്ടനെ ബ്ലോഗിലിട്ടു ചുട്ടു കൊല്ലാന്‍ നോക്കിയപ്പോഴാണല്ലൊ അങ്ങ് കൊമേഡിയന്മാരുടെ വര്‍ഗ്ഗശത്രുവായിമാറിയത്.

പക്ഷെ എന്തിനാണങ്ങ് ബ്ലോഗെഴുത്ത് നിര്‍ത്തിയത് എന്നതില്‍ പലര്‍ക്കും ഇവിടെ ഇന്നും സംശയം ബാക്കിയാണ്.

എന്റെ കുരുത്തം കെട്ട ആങ്ങളയൊരുത്തനുണ്ടായിരുന്നല്ലൊ നാടകമെഴുത്തുകാരനായ ആട്ടുകല്ലില്‍ രവി . അവന്‍ സകല നാടകനടീനടന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് “ ഞൊണ്ടി തെണ്ടീ’ എന്ന പേരില്‍ പുതിയ ഒരു നാടകത്തിനു രൂപം കൊടുത്തിട്ടുണ്ട്. കോമുച്ചേട്ടന്‍ കേട്ടുകാണും, സ്റ്റേജില്‍ നാടകം കളിക്കുന്ന സമയത്ത് അനേകം നായകന്മാരില്‍ ഒരുവനു കൊടുത്ത ജുബ്ബയ്ക്ക് നീളം കുറച്ചു കൂടിപ്പോയതിന്റെ പേരില്‍ മറ്റവന്മാരുടെ ഫാന്‍സ് അസോസിയേഷന്‍ കേരള ബന്ത് നടത്തിയതും അതുപിന്നെ ഭാരത ബന്തായി മാറിയതും മറ്റും.

നാടകത്തിന്റെ എഴുത്തുകാരന്‍ കം ആള്‍ ഇന്‍ ആള്‍ എന്റെ ആങ്ങളയായതുകൊണ്ട് അതിന്റെ ഒരു പരസ്യം കൊടുക്കാന്‍ കൂടിയാണ് ഞാനൊരു ബ്ലോഗിണിയായത് എന്നൊരു സംസാരവിഷയമില്ലാതില്ല. രാഷ്ട്രീയക്കാരും, മതവാദികളും, യുക്തിവാദികളും തമ്മില്‍ കള്ളനും പോലീസും കളിക്കുന്നതിനിടയിലൂടെ ബ്ലോഗിന്റെ വളയം പിടിക്കുന്നത് ഒരു കിണഞ്ഞ പണിയാണെന്ന് പരക്കെ പലരും പറയുന്നു.


ഹിറ്റുകൂടിപ്പോയി എന്ന കാരണത്താല്‍ ഒരു ബ്ലോഗറെ ആരൊക്കെയോ ചേര്‍ന്ന് തെളിയാതെ കിടന്ന പല കുറ്റങ്ങളും തലയില്‍ കെട്ടിവെച്ച് പച്ചയ്ക്ക് ചുട്ടുകൊല്ലുന്നത് കണ്ടപ്പോള്‍ എന്റെ കോമുവേട്ടാ സത്യത്തില്‍ ഞാന്‍ ചിരിച്ചുപോയി. ചിരിയടക്കാന്‍ കഴിയാത്ത ഞാന്‍ രണ്ടു ദിവസം പനി പിടിച്ചു കിടന്നപ്പോള്‍ “അയ്യോ ചേച്ചി പോവല്ലെ....... അയ്യോ ചേച്ചി പോവല്ലെ.....” എന്നും പറഞ്ഞ് ബൂലോകത്തെ കുട്ടികള്‍ എന്റെ കമന്റ് ബോക്സിനെ ഒരു വേസ്റ്റ്ബോക്സാക്കി മാറ്റി.

എന്റെ കത്ത് കാടുകയറിപ്പോയി എന്നെനിക്കറിയാം. സാരമില്ല നമ്മുടെ ഇരട്ടക്കുട്ടികളെ ഓര്‍ത്ത് കോമുവേട്ടന്‍ അതങ്ങു ക്ഷമിക്കും എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. പിന്നെ കത്തും അതിനു തിരിച്ചുള്ള കുത്തും, അതാണല്ലൊ ഇന്ന് ബൂലോകത്തിന്റെ ഒരു സ്റ്റൈല്‍ .


പിന്നെ കോമുവേട്ടാ, നമ്മുടെ ഇരട്ടക്കുട്ടികള്‍ മുടിവളരാത്ത തലയുമായി മുറ്റത്തുകൂടി ഓടിക്കളിക്കുന്നത് കാണുമ്പോള്‍ എന്റെ ഭര്‍ത്താവിനെ നോക്കി “അച്ഛന്റെ അതേ ഛായ“ എന്ന് അയല്പക്കത്തെ കല്ല്യാണി പറഞ്ഞത് എന്തോ മനസ്സില്‍ വെച്ചുകൊണ്ടാണെന്നത് അവളുടെ ചുണ്ട് കോട്ടിയുള്ള ചിരി കണ്ടാല്‍തന്നെയറിയാം. അല്ലേലും കല്യാണിക്ക് പണ്ടേ അസൂയയാണല്ലൊ.


ഇനിയും ഒരുപാടൊരുപാടെഴുതാനുണ്ടെങ്കിലും കടലാസിനും മഷിക്കും പെട്രോളിന്റെ വിലക്കയറ്റം ബാധിച്ചിട്ടുണ്ട് എന്ന കാരണമൊന്നുകൊണ്ടുമാത്രം മറുപടിക്കു വലിയ പ്രതീക്ഷയൊന്നുമില്ലാതെ തന്നെ കത്ത് ചുരുക്കുന്നു.എന്ന്, സ്വന്തമായിരുന്ന വിലാസിനി ഒപ്പ്. ’


കത്ത്‌വായിച്ച കോമുക്കുറുപ്പിലെ കാമുകന്‍ അണക്കെട്ടുകെട്ടിയിട്ടും തടഞ്ഞുവെക്കാന്‍ കഴിയാതെ കുത്തിയൊഴുകുന്ന വിലാസിനിയുടെ സ്നേഹത്തിനുമുന്‍പില്‍ രോമാഞ്ചകഞ്ചുക പുഞ്ചക ഇഞ്ചികടിച്ച തഞ്ചാവൂര്‍ക്കാരനായിപ്പോയി ... അവസാനം വിലാസിനിക്ക് മറുപടിക്കത്തയച്ചൂ നമ്മുടെ നായകന്‍ ......
നായികയുടെ നിരന്തരമുള്ള മറുപടിക്കത്തുകളും അവളുടെ ഭര്‍ത്താവിന്റെ തുടര്‍ച്ചയായ നൈറ്റ്ഡൂട്ടികളും കോമുക്കുറുപ്പിനെ മരിച്ചു ജീവിക്കുന്ന ആരുടേയോ പേരില്‍ വീണ്ടുമൊരു കൊട്ടത്തേങ്ങയടിച്ച് ഒരു അനോണിബ്ലോഗ് തുടങ്ങുന്നതിലെത്തിച്ചു.

നായികയും നായകനും ബ്ലോഗിലൂടെ മുഖത്തോടു മുഖം നോക്കാതെ പരസ്പരം കമന്റിട്ടുകളിച്ചു .
“ എന്നിട്ടരിശം തീരാത്തവനാ-
പ്പുരയുടെചുറ്റും മണ്ടിനടന്നു..”
എന്നുപറഞ്ഞപോലെ പ്രേമിച്ചു മതിവരാത്ത ആ ‘കിളവ മിഥുനങ്ങള്‍‘ വീണ്ടുമൊരു അനോണിനാമവും‌കൂടി പലിശയ്ക്കെടുത്ത് പുതിയൊരു അഗ്രിതുടങ്ങി . കാരണം ബ്ലോഗന്മാരും ബ്ലോഗിണികളും ഒന്നിച്ചു പറയുന്നു 'അഗ്രി ചതിച്ചു.... അഗ്രി പറ്റിച്ചു...... ഒന്നുകൂടി പോസ്റ്റുന്നു’ ഇതെല്ലാം അഗ്രിക്കിട്ടൊരുചതിവാണെന്നത് രഹസ്യമായ പരസ്യമാണെങ്കിലും. കോമുക്കുറുപ്പും വിലാസിനിച്ചേച്ചിയും തങ്ങളുടെ ‘ചതിക്കാത്ത അഗ്രി..’ എന്ന പുതിയ അഗ്രിഗേറ്ററിന്റെ ഉദ്ഘാടനം അമേരിക്കയില്‍ നിന്നും പ്രത്യേകം ആണവക്കോട്ടിംഗ് നടത്തി ഇറക്കുമതി ചെയ്ത കൊട്ടത്തേങ്ങയടിച്ച് നിര്‍വ്വഹിച്ചു.

ഓ.ടോ: “ഞാനീനാട്ടുകാരനേയല്ലേ....”

Thursday, November 6, 2008

ജബ്ബാറും, ജമീലയും പിന്നെ ജിന്നും...


ഗ്രാ ഗ്രാമാന്തരം ആ വാര്‍ത്ത പരന്നു.. അല്ല പരത്തി, എന്നു പറയുന്നതാവും ഉചിതം ..

മണ്ടങ്കര ഗ്രാമത്തിലെ കുട്ടികളുടെ മനസ്സില്‍ കോറിയിട്ട ചെകുത്താന്റെ രൂപമുള്ളവനും (ചുള്ളന്‍), ധൈര്യത്തിന്റെ കാര്യത്തില്‍ എലിയെക്കണ്ടാല്‍ പോലും പുലിയാണെന്നൊരു വ്യാഖ്യാനവും കൊടുത്ത് ഓടിയൊളിക്കുന്നവനും എന്ന് തുടങ്ങി പല വിശേഷണത്തിലുമവസാനിച്ചേക്കാവുന്ന വിശേഷണങ്ങള്‍ക്കുടമയായ ശ്രീമാന്‍ കോച്ചിപ്പിടി സൈതാലിയും ഒരു ബ്ലോഗറായിരിക്കുന്നു.

വാര്‍ത്ത കേട്ടപാതി കേള്‍ക്കാത്തപാതി ഗ്രാമവാസിയും സുന്ദരിക്കോതയുമായ നമ്മുടെ പാത്തുമ്മ പ്രതികരിച്ചതിങ്ങനെ.

“ ആ സൈതാലി ബല്ലാത്ത പഹേന്‍ തന്നെ, ഹംക്ക്ന് പ്ലോഗ് കിട്ടിയല്ലോ. ഓന്റെ കുര്ത്തക്കേട് എനിയും കൂടും. പയ്സ ഇല്ലാത്ത കാലത്തുതന്നെ ഓനെപ്പേടിച്ച് ബയി നടക്കാന്‍ കയ്യൂല.” എന്തോ ഓര്‍ത്തിട്ടെന്നവണ്ണം കൃത്യം രണ്ടേ രണ്ട് നെടുവീര്‍പ്പിട്ട ശേഷം പാത്തുമ്മ തുടര്‍ന്നു.
“ഞമ്മക്കൊരു കെട്ട്യോന്‍ ഇണ്ട് മൂപ്പര് ‘കേരള പാഗ്യക്കുറി’യേ എട്ക്കൂ. പയ്സ വെറ്തേ കളയാന്നല്ലാണ്ട് ഈ ദുനിയാവില്‍ ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടോ അത്? ആ പയ്സകൊണ്ട് ബല്ല പ്ലോഗ് പാഗ്യക്കുറിയും എട്ത്തിര്ന്നെങ്കില്‍ കോച്ചിപ്പിടിയന്‍ സൈതാലീനെപ്പോലെ ഒന്ന് ബെലസാമായിരുന്നു. ങാ... യോഹം ബേണം യോഹം..”

വീണ്ടും നിര്‍ത്താതെ രണ്ടു നെടുവീര്‍പ്പുകള്‍ക്കുകൂടി വിട്ട ശേഷം പാത്തുമ്മ തന്റെ വാക്കുകള്‍ ഉപസംഹരിച്ചു.

കേട്ടുനിന്നവര്‍ അട്ടത്തുനോക്കി പറഞ്ഞത് ശരിയെന്നു സമ്മതിച്ചു.

സൈതാലിയുടെ കുടിലിനു മുന്‍പില്‍ ജനസാഗരം. സൈതാലി കുരുത്തം കെട്ടവന്‍ എന്നു പറഞ്ഞു നടന്നവര്‍ സൈതാലിയെ വാഴ്ത്തപ്പെട്ടവനാക്കി ആകാശത്തിലേക്കുയര്‍ത്തി.

‘ഗുടിലില്‍ നിന്നും ഗൊട്ടാരത്തിലേക്ക്’ എന്ന പോസ്റ്റര്‍ കം ബാനറുകള്‍ നാടിന്റെ നാനാദിക്കുകളില്‍ ഉയര്‍ന്നു.

കൃത്യം പത്ത് ഇരുപതിനു ഉറക്കമുണരുന്ന സൈതാലി. അന്ന് പതിവിലും നേരത്തെ പത്തെ പതിനഞ്ചിനുതന്നെ ഞെട്ടിയുണര്‍ന്ന് ചാടിയെഴുന്നേറ്റു.
വീടിനു ചുറ്റും നാട്ടുകാര്‍ തടിച്ചു കൂടിയിരിക്കുന്നത് കണ്ടപ്പോള്‍. കാര്യകാരണങ്ങള്‍ മനസ്സിലാകാത്ത സൈതാലി തന്റെ അടച്ചു വെച്ച വായ മലര്‍ക്കെ തുറന്നുപിടിച്ചു.

വരുന്നത് വരട്ടെ എന്നു കരുതി പുറത്തേക്കിറങ്ങിയ സൈതാലിയുടെ നേരെ നാട്ടിലെ സമ്പന്നനും ബിസ്കറ്റിന്റെ കച്ചോടക്കാരനുമായ (ഒണ്‍ലി സിങ്കപ്പൂരിയന്‍ സ്വര്‍ണ്ണം) ഹാജിയാര്‍ നടന്നുവന്നു.

“ഫാ... നായിന്റെ മോനെ...” എന്നു മാത്രം സൈതാലിയെ സംബോധന ചെയ്തു ശീലിച്ച ഹാജ്യാരുടെ നാവുകള്‍ .
“മോനെ സൈതാലീ.....” എന്ന് ഈണത്തില്‍ വിളിച്ചപ്പോള്‍. ജനം കോരിത്തരിച്ചു. സൈതാലി അന്തം വിട്ടു.

സിനിമാക്കാരന്‍ സലീം കുമാര്‍ പറഞ്ഞപോലെ “ പടച്ചോനെ ഞമ്മക്ക് പ്രാന്തായതൊ അതൊ നാട്ട്കാര്‍ക്ക് മൊത്തം പ്രാന്തായതൊ” എന്നു ചിന്തിച്ചു പോയ സൈതാലി ഹാജ്യാരോട് ചോദിച്ചു.

“ഹെന്താ ആജ്യാരെ ഇങ്ങള് നാട്ട്കാരെയും കൊണ്ട് ... ഞമ്മള് ബല്ല രാജ്യദ്രോഹവും ചെയ്തൊ?”

“കള്ളാ അനക്കൊന്നും അറിയൂല്ലാ അല്ലെ?” ഹാജ്യാര്‍ ചുമ്മാ ഒരു കള്ളച്ചിരി ചിരിച്ച്കൊണ്ട് സൈതാലിയുടെ ചന്തിയ്ക്കിട്ട് ഒറ്റയടികൊടുത്തശേഷം ഉമ്മറത്തിരുന്ന തുരുമ്പിച്ച കസേരയിലിരുന്നുകൊണ്ട് തുടര്‍ന്നു.

“അല്ലാ പിന്നെ ഒര് കാര്യം, ഇപ്പം ലോട്ടറി അടിച്ച കായി അന്റെ കയ്യില് ബച്ചാല് അത് അനക്ക് ചെലവാക്കാനറിയൂല്ല, അത് കൊണ്ട് കായി എന്തൊക്കെ ചെയ്യണംന്ന് ഞമ്മള് പറഞ്ഞ തരാം.”

ഇത്രയും പറഞ്ഞ ഹാജ്യാര്‍ ജനസാഗരത്തിലേക്കു നോക്കി ഉറക്കെ വിളിച്ചു.
“എടാ ബസീറേ ഇജ്ജൊന്ന് ഇങ്ങോട്ട് ബന്നേ..”

സാഗരത്തില്‍ നിന്നും തിരകളെ വകഞ്ഞുമാറ്റിക്കൊണ്ട് കറുത്ത കണ്ണടയും ഇന്‍സൈഡും എന്നുവേണ്ട എന്തൊക്കെ അലങ്കാരപ്പണികള്‍ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്ത ബഷീ‍ര്‍ മുന്‍പോട്ട് വന്നു.

ഹാജ്യാരുടെ കക്കാതെ കള്ളനായ ( നാട്ടിലെ ചില പെണ്ണുങ്ങള്‍ വെറുതേ ഒരു രസത്തിനു വിളിയ്ക്കും കള്ളന്‍ എന്ന്) സന്തതി ബഷീറിനെ അറിയാത്തവരാരും ആ നാട്ടിലെ താമസക്കാരായിട്ടില്ല.

സൈതാലിയേയും ബഷീറിനേയും ചേര്‍ത്ത് പിടിച്ചുകൊണ്ട് ഹാജ്യാര്‍ തുടര്‍ന്നു. “ മോനെ സൈതാലീ അന്റെ പണം ഇന്ന് മുതല്‍ എന്റെ മോന്‍ ബസീറു കൈകാര്യം ചെയ്യും .. അനക്ക് ഒരു നല്ല ബീടുണ്ടാക്കണം തുടങ്ങി എല്ലാം എല്ലാം ഇബന്‍ നോക്കും.... പിന്നെ ആ ബ്ലോഗ് ലോട്ടറി ഇബനും‌കൂടി ഒന്ന് ബാങ്ങിക്കൊടുക്കണം പഹേന്‍ രച്ചപ്പെട്ട് പോട്ടെ അടി...ങാ...”

ഇതു കേട്ടപ്പോള്‍ പൊതുവേ മണ്ടനായ സൈതാലിയുടെ മണ്ടയില്‍ ആരൊക്കെയോ ചേര്‍ന്ന് ബള്‍ബു കത്തിച്ചു. തല്‍ഫലമായി താനൊരു ബ്ലോഗറായ ചരിത്രം സൈതാലി ഓര്‍ത്തു. (ബ്ലോഗറായി എന്നു കേട്ടതും ‘ബ്ലോഗ്’ എന്നാല്‍ ഏതോ വലിയ ലോട്ടറിയാണെന്നു ജനമങ്ങു തീരുമാനിച്ചു അല്ല അത് അങ്ങിനെത്തന്നെയാണല്ലൊ.)

ഇപ്പോള്‍ പരലോകത്തെ ഫയലുകളും കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ടു എന്ന വെളിപ്പാടു കാരണം പരലോക ടിക്കറ്റെടുത്തവരെ മാത്രം തിരഞ്ഞു പിടിച്ച് കമ്പ്യൂട്ടറില്‍ ‘മാങ്ങാ പിടുത്തവും’ , ‘തേങ്ങായിടലും’ പഠിപ്പിയ്ക്കാന്‍ സര്‍ക്കാര്‍ സ്ഥാപിച്ച സ്ഥാപനത്തിന്റെ വരാന്തയില്‍ ഒരു ബീഡി വലിക്കാന്‍ കയറിയതായിരുന്നു നമ്മുടെ സൈതാലി. (കള്ളും കുടിച്ച് റോട്ടില്‍ കാര്‍ക്കിച്ചു തുപ്പി വാളു വെച്ചാലും, പണം കൊണ്ട് പുകപരിശോധനയുടെ കടലാസു കൈക്കലാക്കിയവന്റെ വാഹനങ്ങള്‍ വിഷ വാതകം പരത്തി പറന്ന്പോയാലും പൊതുസ്ഥലത്ത് ബീഡി മാത്രം വലിയ്ക്കാന്‍ പാടില്ലല്ലൊ) .

സൈതാലിയെ കണ്ട കമ്പ്യൂട്ടര്‍ അദ്ധ്യാപകന്‍ (പയ്യന്‍) ചെവിയ്ക്കു പിടിച്ചു സൈതാലിയെ കമ്പ്യൂട്ടര്‍ ക്ലാസിലിരുത്തി. കമ്പ്യൂട്ടര്‍ കണ്ട സൈതാലി എന്തോ കണ്ട ആരോ നില്‍ക്കുന്നപോലെ നിന്നുപോയി.

സൈതാലിയുടെ ഫുള്‍ ഡീറ്റൈത്സ് ഡാറ്റാരൂപത്തില്‍ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്ത കമ്പ്യൂട്ടര്‍പയ്യന്‍ സൈതാലിയുടെ പേരില്‍ ഒരു ബ്ലോഗും തുടങ്ങി.

തന്റെ സ്വന്തം പേരില്‍ ബ്ലോഗ് തുടങ്ങിയാല്‍ മുട്ടുകാലു തല്ലിയൊടിക്കാന്‍ ആളുകള്‍ വിമാനം പിടിച്ചു വരും എന്നറിയാവുന്ന പയ്യന്‍ “സൈതാലിയുടെ രോഗം” എന്ന തന്റെ അനോണി ബ്ലോഗിന്റെ ഉദ്ഘാടനം സ്വയം നിര്‍വ്വഹിച്ച ശേഷം നാട്ടിലാകെ നോട്ടീസടിച്ചു പരസ്യം ചെയ്തു. അങ്ങിനെയാണ് കോച്ചിപ്പിടുത്തം സൈതാലി ബ്ലോഗറായത്.

പുലികളുടെ കമന്റ്ബോക്സില്‍ ‘കിടിലന്‍’ കമന്റുകളിട്ട കമ്പ്യൂട്ടര്‍ പയ്യന്റെ ‘സൈതാലിയുടെ രോഗം..’ ബൂലോഗത്ത് ചര്‍ച്ചാ വിഷയമായി..

സൈതാലിയുടെ രോഗത്തില്‍ വന്ന ‘ജബ്ബാറും, ജമീലയും പിന്നെ ജിന്നും...’ എന്ന പുതിയ പോസ്റ്റിന്റെ പരസ്യം കണ്ട് വടിയും കുത്തി ബ്ലോഗിലെത്തിയ വായനക്കാരിയും ബ്ലോഗിണിയുമായ പരപ്പനങ്ങാടി ശാന്ത വായന തുടങ്ങി (ശാന്ത എന്താ വായിക്കുന്നതെന്ന് നമുക്കും ഒന്നു നോക്കാം).

[ ജബ്ബാറും, ജമീലയും പിന്നെ ജിന്നും....

ജബ്ബാറിനെയും ജമീലയെയും അവരുടെ തള്ള ഇരട്ട പെറ്റതായിരുന്നു . അവരുടെ വീട് ഒരു കാടിനടുത്തായിരുന്നു. ഒരു ദിവസം കാട്ടിലൂടെ നടന്നുവരികയായിരുന്ന ജബ്ബാറും, ജമീലയും “അയ്യോ എന്നെ രക്ഷിക്കണേ” എന്ന കരച്ചില്‍ കേട്ടു. അവര്‍ ചുറ്റും നോക്കിയപ്പോള്‍ അകലെ ഒരു കുപ്പി കിടക്കുന്നതു കണ്ടു. കുപ്പിയില്‍ ഒരു ജിന്നിനെ ആരോ അടച്ചു വെച്ചിരിക്കുകയാണ്.

ജബ്ബാറും ജമീലയും കുപ്പിയുടെ കോര്‍ക്ക് തുറന്ന് ജിന്നിനെ സ്വതന്ത്രനാക്കി. കുപ്പിയില്‍ നിന്നും പുറത്തുവന്ന ജിന്ന് തൊട്ടടുത്ത് കിടന്നിരുന്ന തന്റെ ചുവന്ന മുള്ളുവടി കയ്യിലെടുത്തു.

ജമീല ജിന്നിനോട് ചോദിച്ചു “ജിന്നേ ജിന്നേ അന്നെ ആരാ കുപ്പീല്‍ കേറ്റ്യത്??!!”
ഒരു വെളുത്ത താടിവെച്ച മൊല്ലാക്കയും അയാളുടെ കെട്ട്യോളും കുപ്പീല്‍ കേറ്റിയതാണെന്ന് ജിന്ന് അവരോട് പറഞ്ഞു. ജിന്നിന്റെ കയ്യിലുള്ള മുള്ളു വടി ഇല്ലാ എങ്കില്‍ ജിന്നിനു ഒരു ശക്തിയും ഇല്ലാ എന്നും ജിന്ന് അവരോട് പറഞ്ഞു.

താടിവെച്ച മൊല്ലാക്കയുടെ അടിമയായ ചുവന്ന ജിന്ന് കുട്ടിയെപ്പറ്റിയും അവര്‍ക്ക് പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തു. ആ ചുവന്ന ജിന്ന്കുട്ടിയുടെ കുന്തത്തില്‍ കയറിയാണുപോലും മൊല്ലാക്കയും കെട്ട്യോളും സഞ്ചരിക്കുന്നത്.

അങ്ങിനെ ജബ്ബാറും, ജമീലയും പിന്നെ ജിന്നും കൂട്ടുകാരായി.
അവര്‍ക്ക് ജിന്നിനെ എപ്പോള്‍ കാണണമെങ്കിലും “യാ ജിന്ന് വലാ ജിന്ന്” എന്ന മന്ത്രം ചൊല്ലിയാല്‍ മതിയെന്നും പറഞ്ഞ് ജിന്ന് അപ്രത്യക്ഷമായി.

ഇതെല്ലാം ഒളിഞ്ഞുനിന്ന് കൊള്ളക്കാരായ കലന്തങ്കുട്ടിയും, അന്ത്രുവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു മൊല്ലാക്കയുടെ ആളുകളായ അവര്‍ ജമീലയെയും, ജബ്ബാറിനെയും കിഡ്നാപ്പ് ചെയ്തു.

ജമീലയും , ജബ്ബാറും ഒന്നിച്ചു വിളിച്ചു “ യാ‍ാ ജിന്ന് വലാ ജിന്ന്.....”

അതുകേട്ട ജിന്ന് പറന്നു വന്നു. അവരെ രക്ഷിച്ചു. ജമീലയെയും ജബ്ബാറിനേയും തന്റെ ഇരു ചുമലിലു മിരുത്തി ജിന്ന് പറന്നുപോയി. ]

ഇത്രയും വായിച്ച പരപ്പനങ്ങാടി ശാന്ത ബാലരമയ്ക്കും മായാവിക്കും നന്ദി പറഞ്ഞ ശേഷം ബാക്കി കൂടി വായിച്ചു

[ പ്രിയ വായനക്കാരെ ഈ പ്രണയ കഥയുടെ അഭിപ്രായം പ്രതീക്ഷിക്കുന്നതോടൊപ്പം എന്റെ അടുത്ത പോസ്റ്റ് “ജെട്ടിയുടുത്ത എലി...” എന്നതായിരിക്കുമെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു]

ഇതുംകൂടി വായിച്ചപ്പോള്‍ നമ്മുടെ ശാന്ത ബാലരമയ്ക്കും , മായാവിക്കും കൊടുത്ത നന്ദി ബാലമംഗളത്തിനും ഡിങ്കനുംകൂടി കൊടുത്ത ശേഷം കമന്റുകളിലേക്കു നോക്കി.

കല്ലുവെട്ടി: ))))))))) ഠേ((((((((( ഇത്തവണ തേങ്ങ എനിക്കു കിട്ടി.

ബടുക്കൂസ്: ബല്ലാത്തെ എയുത്ത് പഹയാ ഇജ്ജ് പുലിയാ പുലി.

മതിലുചാടി: ചിരിച്ചു ചിരിച്ചു എന്തരോ ആയിപ്പോയി. പക്ഷെ ആ മൊല്ലാക്കയുടെ താടിയുടെ ഭാഗം വായിച്ചപ്പോള്‍ വല്ലാതെ കരഞ്ഞുപോയി.

തെങ്ങില്‍നിന്നും മാങ്ങയിട്ടവന്‍: എനിക്കു വിതുമ്പല്‍ അടക്കാന്‍ കഴിയുന്നില്ല നിങ്ങള്‍ മഹാനാണ് . തള്ളേ എന്തെര് എഴുത്ത്.

ചിരിയന്‍: ഗൊള്ളാം ഗിടിലന്‍‍......

ഇങ്ങനെ നീണ്ടുപോയ കമന്റ്പട്ടികയും വായിച്ച പരപ്പനങ്ങാടി ശാന്ത ഇങ്ങനെ ഒരു പരസ്യക്കമന്റിട്ടു.

പ.ശാന്ത : ചേട്ടന്മാരെ ചേച്ചിമാരെ , മായാവിയെയും ഡിങ്കനെയും പോലെ ഇനിയും ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ ഈ ചെറിയ എളിമയുള്ള ബ്ലോഗും‌കൂടി ഒന്നു നോക്കണെ ഇതാ എന്റെ ലിങ്ക്
www.parappansanda.blog.entharo.com