Saturday, June 28, 2008

അവറാന്റെ ഭര്‍ത്താവ് ..!!

"മാന്യ മഹാജനങ്ങളെ നാട്ടുകാരെ വോട്ടര്‍മ്മാരെ ഈ നാട്ടിലെ അമ്മമാരെ അമ്മൂമമാരെ "
പുഷ്കരന്റെ കോളാമ്പി സ്പീകര്‍ നാട്ടിലെ സൗണ്ട്‌ എഞ്ചിനിയര്‍ കം കല്യാണ ബ്രോക്കര്‍ മമ്മുവിന്റെ ശബ്ദം കാര്‍ക്കിച്ചു തുപ്പി.
അതു കേട്ടുകൊണ്ട്‌ തന്നെയാവണം " ഇവനൊക്കെ വേറെ പണിയൊന്നുമില്ലെ" എന്നു ചോദിച്ചുകൊണ്ട്‌ സൂര്യന്‍ നേരത്തെ തന്നെ മൊഹം കാണിച്ചത്‌
മണ്ടങ്കര ഗ്രാമത്തിലെ ഒരു ദിവസത്തിനു അങ്ങിനെ കര്‍ട്ടന്‍ പൊങ്ങി
പണിയില്ലാത്ത പരിഷ്കാരികള്‍ രാവിലെതന്നെ ഉടുത്തൊരുങ്ങി പരദൂഷണ വാര്‍ത്തകള്‍ ചോര്‍ത്താന്‍ നമ്മുടെ സാക്ഷാല്‍ പരദൂഷണം പിള്ളയുടെ ബാര്‍ബര്‍ ഷോപ്പിലേക്കു നടത്തം തുടങ്ങി.
ഭര്‍ത്താവിനു അന്തിക്കള്ളു മോന്താനുള്ള കാശുണ്ടാക്കാന്‍ കൂലിപ്പണിക്കു പോകുന്ന പെണ്‍പിള്ളകളെ നോക്കി വെള്ളമിറക്കാന്‍ നാട്ടിലെ സകല പഞ്ചാരക്കുട്ടപ്പന്മാരും അണി നിരന്നു ( കൂട്ടത്തില്‍ സകല കെളവന്മാരും, അതുമാത്രം സങ്ങതി രഹസ്യമാണു കേട്ടൊ)
മണ്ടങ്കരയെ കൂവിയുണര്‍ത്തുന്ന അയമുവിന്റെ മീന്‍ വണ്ടിയും എത്തി
നാട്ടിലെ സകല തെങ്ങുകളും കവുങ്ങുകളും, എന്തിനേറെ പറയണം ഇലക്ട്രിക്‌ പോസ്റ്റുകള്‍ പോലും ഇലക്ഷനു നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പല്ലിളിച്ചു കാട്ടുന്ന ചിത്രമുള്ള പോസ്റ്ററുകര്‍ കൊണ്ട്‌ നാണം മറച്ചുനിന്നു ( ഇനി ഞങ്ങള്‍ക്ക്‌ എന്തു നാണം എന്നു കേശവന്റെ വീട്ടിലെ കവുങ്ങ്‌ ഉള്ളില്‍ പറഞ്ഞത്‌ ഈയുള്ളവനായിട്ട്‌ പരസ്യപ്പെടുത്തുന്നില്ല)
ഇതാണു ഇപ്പോള്‍ മണ്ടങ്കരയുടെ സ്ഥിതി

ഓ പറയാന്‍ മറന്നു പോയി- ഒണങ്ങിയ തോടും, കാക്കകളുടെ കള കള ശബ്ദവും, തെരുവു പട്ടികളുടെ ഓരിയിടലുകളും , മണ്ടരിപിടിച്ച തെങ്ങുകളും, ചുണ്ടെലി പിടിച്ച തവളകളും അടങ്ങുന്ന സസ്യ ശ്യാമള, കോമള , മാധവി , മൂധേവി യാണു നമ്മുടെ മണ്ടങ്കര
കഥ ഇവിടെ തുടങ്ങുന്നു..
---------------

തൊട്ടടുത്ത രാജ്യങ്ങളിലെ പോലെ തന്നെ മണ്ടങ്കര രാജ്യത്തും പഞ്ചായത്ത്‌ ഇലക്ഷന്‍ തുടങ്ങുകയാണു മണ്ടങ്കര വനിതാ വാര്‍ഡ്‌ ആയത്‌ കൊണ്ട്‌ അടുത്ത രാജ്യത്തിലെ വനിതകള്‍ മണ്ടങ്കരയിലെ വനിതകളെ അസൂയയോടെയാണു നോക്കുന്നത്‌ ( രണ്ടു കണ്ണു പോരാത്തതു കൊണ്ടായിരിക്കും അസൂയയെയും കൂട്ടു പിടിച്ചു നോക്കുന്നത്‌. ആ .. കഥയില്‍ കൊസ്റ്റ്യന്‍ ഇല്ലല്ലൊ)
മണ്ടങ്കരയിലെ ഇടത്തും, വലത്തും, നടുക്കും ഒക്കെയുള്ള വനിതാ സ്ഥാനാര്‍ത്ഥികളുടെ അടുപ്പില്‍ തീ പുകഞ്ഞിട്ടു ദിവസം പത്ത്‌ ( കാരണം അവര്‍ ഇലക്ഷനു നിന്നതോടെ വീട്ടില്‍ പുകയില്ലാത്ത അടുപ്പുകള്‍ വാങ്ങി )
പാര്‍ട്ടി പ്രവര്‍ത്ത്നത്തിനുള്ള ബക്കറ്റ്‌ പിരിവുകള്‍ ഒരു മുടക്കവുമില്ലാതെ തകൃതിയില്‍ നടന്നു കൊണ്ടിരുന്നു ---------------------

മത്സരിക്കുന്നത്‌ മൂന്നു വനിതകള്‍ തമ്മില്‍ നമ്മുടെ ( നാട്ടുകാരുടെയും) പാത്തുമ്മ എന്ന സാക്ഷാൽ പാത്തു ഒരു വശത്ത്‌ ( ഇടതും വലതും ഇതു വരെക്കും എനിക്കു തിരിചചറിയാന്‍ കഴിയാത്തത്‌ കൊണ്ട്‌ അതു മാത്രം ചോദിക്കരുത്‌ കാരണം കഥയിൽ............................)

മറു വശത്ത്‌ ഏശണി ദാശായണി
പിന്നെ മറ്റൊരുവശത്ത്‌ വെട്ടുകത്തി അയ്ശുമ്മ ( അയ്ശുമ്മാന്റെ നാവിന്റെ നീളം അളന്നാല്‍ വെട്ടുകത്തി എന്നല്ല കൊടുവാള്‍ എന്നു വിളിച്ചാലും മതിയാകില്ല)
നാട്ടിലെ ഏക മൈക്ക്‌ സെറ്റിനുടമ പുഷ്കരനും സൗണ്ട്‌ എഞ്ചിനിയര്‍ ( കം ബ്രോക്കര്‍) മമ്മുവിനും ഇതു കൊയ്ത്തുകാലം
.................
ലോകത്ത്‌ വല്ല പുതിയ സംഭവവും ഞാനറിയാതെ നടന്നു കഴിഞ്ഞോ എന്നറിയാന്‍ വീണ്ടും സുലൈമാന്റെ ചായക്കടയില്‍ എത്തിയതാണു ഞാന്‍
സുലൈമാന്റെ കടയിലെ ഉണ്ടമ്പൊരി പൊട്ടിച്ചു കഴിക്കാന്‍ നാട്ടിലെ ഒരു കൂട്ടം "പുത്തി ജീവികള്‍" ചുറ്റികക്കു വേണ്ടി അടിപിടി കൂട്ടുന്നു
മറ്റൊരു വശത്ത്‌ സുലൈമാന്റെ നേതൃത്വത്തില്‍ ചൂടു പിടിച്ച ചര്‍ച്ച നടക്കുന്നു ( ഉച്ചക്കു ഊ ണിനു കഴിഞ്ഞ ആഴ്ച്ചത്തെ മീന്‍ കറി ചൂടാക്കിയാൽ മതിയൊ അതൊ രണ്ടാഴ്ച്ച മുന്‍പ്‌ ബാക്കി വന്ന സാമ്പാറു തന്നെ എഡിറ്റു ചെയ്യണൊ)
പിന്നെ വേറൊരു വശത്ത്‌ ( ഏകദേശം ചായക്കടയുടെ തെക്കു വെടക്കു വശം വടക്ക്‌ എന്നും പറയാം ) എന്റെ സ്വന്തം തോഴന്‍ മൊയ്തീന്‍ കുഞ്ഞിന്റെ അദ്ധ്യക്ഷതയിലാണു മറ്റൊരു ചര്‍ച്ചക്കു അരങ്ങേറ്റം കുറിച്ചത്‌

വിഷയം പാത്തുവിന്റെ ജയ പരാജയങ്ങള്‍
" ഞമ്മളെ പാത്തു ജയിക്കും, ഓക്ക്‌ അയ്നൊക്കള്ള ബിബരണ്ട്‌ ഒന്നൂല്ലേല്‍ ഓളു രണ്ടാംക്ലാസ്സ്‌ ജയിച്ച്ട്ടുണ്ടല്ലൊ "നാട്ടിലെ അരപ്പിരിയന്‍ പോക്കര്‍ തട്ടിവിട്ടു
മുഴുപ്പിരിയന്മാര്‍ കേട്ടുനിന്നു, മാത്രമല്ല ഒന്നും മനസ്സിലാവാതെ തല രണ്ടു പ്രാവശ്യം ഇളക്കുകയും ചെയ്തു ഇതു മാത്രം നോക്കിനിന്ന ഹാജ്യാര്‍ക്കു പിടിച്ചില്ല
പ ഠേ...
പോക്കരുടെ കരണക്കുറ്റി നോക്കി ഹജ്യാര്‍ ഒന്നു പൊട്ടിച്ചു
" ഹമുക്കെ ആ ബട്ക്ക്‌ ജയിക്കണമ്ന്നു അനക്ക്‌ എന്താ ഇത്ര പൂതി?"

പാത്തുവിനോടുള്ള അരിശം ഹാജ്യാരുടെ തൊണ്ടയില്‍ കിടന്നു റിയാലിറ്റി ഷോ തുടങ്ങി

ഹാജ്യാര്‍ക്ക്‌ എന്തിനാ പാത്തുവിനൊട്‌ ഇത്ര അരിശം? സത്യമായിട്ടും എനിക്കറിയില്ല അത്‌ പാത്തുവും ഹാജ്യാരും തമ്മിലുള്ള വല്ല പരമ രഹസ്യവും ആയിരിക്കും ഏതായാലും ഒന്നറിയാം അവര്‍ കീരി ആന്‍ഡ്‌ പാമ്പ്‌ ആണു
അകലെനിന്നും ഒരു വാഹനം ചായക്കടയെ ലക്ഷ്യമാക്കി വരുന്നത്‌ കണ്ണില്‍പെട്ടതും എല്ലാവരും നിശബ്ദരായി
" നാട്ടുകാരെ പ്രിയപ്പെട്ടവരെ, ഞമ്മളെ നാടിന്റെ പൊന്നോമന മോള്‍, ഞമ്മളെ പാത്തുമോള്‍ ഇതാ ഈ വാഗനത്തിന്റെ തൊട്ടു പൊറകില്‍ നിങ്ങള്‍ എല്ലാരോടും വോട്ടു ശോയിക്കാന്‍ ബരുന്നു "\

സൗണ്ട്‌ എഞ്ചിനിയർ ഇത്രയും കോളാമ്പിയിലൂടെ വിളിച്ചു പറഞ്ഞു കിതച്ചു
പാത്തുവിനെ ഒരു നോക്കു കാണാന്‍ ആ നാട്ടിലെ സകല ചൊറികുത്തികളും തിങ്ങി നിറഞ്ഞു
തുറന്ന വാഹനത്തില്‍ അതിലും കൂടുതല്‍ മലര്‍ത്തി തുറന്നു പിടിച്ച വായയുമായി പാത്തുവും സംഘവും ജനങ്ങളോട്‌ കൈ കൂപ്പിയും, കൈ വീശിയും അകലെ നിന്നും വരുന്ന കാഴ്ച ഒരു കാഴ്ച്ചതന്നെയാണു
പാത്തുവിന്റെ കയ്യില്‍ മുറുക്കിപിടിച്ചത്‌ മറ്റൊന്നുമല്ല പാർട്ടിയുടെ ചിഹ്നം സാക്ഷാല്‍ ചിരവ തന്നെ ആയിരുന്നു
തൊട്ടടുത്ത്‌ തന്നെ ചിരവയെ ഇടംകണ്ണിട്ടു ബഹുമാനാദരവോടെ നോക്കിക്കൊണ്ട്‌ പാത്തുവിന്റെ കണവന്‍ അവറാനുമുണ്ട്‌
ഞങ്ങള്‍ കഴുത സാഗരത്തിന്റെ അടുത്തെത്തിയതും പുതിയ ബ്ലോഗു കണ്ട ബ്ലോഗ്‌ കള്ളന്മാരെ പോലെ ആര്‍ത്തിയോടെ ഇരട്ട എഞ്ചിന്‍ ഘടിപ്പിച്ച തുറന്ന വാഹനം ഒറ്റ നില്‍പ്പ്‌
തുറന്ന വാഹനത്തിന്റെ ഇരട്ട എഞ്ചിനുകളായ കാളകള്‍ പരസ്പരം നോക്കി ( നമ്മളിതെത്ര കണ്ടതാ എന്ന അര്‍ത്ഥം എനിക്കു മാത്രം മനസ്സിലായി ഞാന്‍ കാളകളെ നോക്കി കണ്ണിറുക്കി)
ഇതുവരെ ഹാലിളകിയ ഹാജ്യാരുടെ നാവു ചുരുണ്ട്‌ മടങ്ങി കാശിക്കു പോയി
തുറന്ന വാഹനത്തിന്റെ തുറക്കാത്ത വാതില്‍ തള്ളിത്തുറന്നു നമ്മുടെ ( നാട്ടുകാരുടെയും ) പാത്തു ഉരുണ്ട്‌ ഇറങ്ങി
നാട്ടിലെ മണ്ണുണ്ണികള്‍ ആര്‍ത്തു വിളിച്ചു

"നമ്മുടെ പാത്തു സിന്ദാബാദ്‌ വീണ്ടും വീണ്ടും നമ്മുടെ പാത്തു സിന്ദാബാദ്‌"
സൗണ്ട്‌ എഞ്ചിനിയര്‍ മൈക്‌ പാത്തുവിനു കൈമാറി ഒരു മൂലയില്‍ മാറി നിന്നു
നമ്മുടെ പാത്തു സംസാരിക്കാന്‍ തുടങ്ങുകയാണു ജനം കാതുകള്‍ കത്തിയില്ലാതെ കൂര്‍പ്പിച്ചുകൊണ്ടിരുന്നു
" അസ്സലാമു അലൈകും, ഞമ്മളെ നാട്ട്‌ ലെ പഹയന്മാരെ , പഹയി കളെ "

ഇതു കേട്ടതും സഹോദരന്മാരെ സഹോദരിമാരെ എന്ന് നൂറ്റി പതിനാറുവട്ടം പറഞ്ഞു പാത്തുവിനു പഠിപ്പിച്ചു കൊടുത്ത അന്ത്രു ചായക്കാരന്‍ സുലൈമാനോട്‌ ഒരു സോഡക്ക്‌ പറഞ്ഞു
ഇത്‌ ഇങ്ങനെ പോയാല്‍ ഒരു സോഡയില്‍ തീരില്ല എന്നറിയാവുന്ന സുലൈമാന്‍ ഒരു പെട്ടി സോഡ കൊണ്ടുവന്നു
പാത്തുവിന്റെ പ്രഭാഷണം തുടര്‍ന്നുകൊണ്ടിരുന്നു
" ഞമ്മളെ നാട്ട്‌ ലെ എല്ലാ ഹംക്ക്‌ കളും ഞമ്മക്ക്‌ ബോട്ട്‌ ചെയ്യണം ഇപ്പളാണു ഞമ്മക്ക്‌ ഒരു കാര്യം പുടികിട്ടീത്‌ "
എന്താ പാത്തുവിനു പിടികിട്ടിയത്‌ എന്നറിയാന്‍ ഞങ്ങള്‍ ശ്രോതാക്കള്‍ അക്ഷമരായി
" ഞമ്മക്കു പുടികിട്ടീത്‌ എന്താന്നു ബച്ചാലു ഞമ്മളെ ചെരവ ഒണ്ടല്ലൊ അത്‌ തേങ്ങ ചെരണ്ടാന്‍ മാത്രമല്ല ബോട്ട്‌ ചെയ്യാനും കൂടി പറ്റൂന്ന്"
പാത്തുവിന്റെ അറിവിനുമുന്‍പില്‍ താന്‍ ഒന്നുമല്ല എന്നു നാട്ടിലെ പരിഷ്കാരി മമ്മൂഞ്ഞ്‌ മൂക്കത്ത്‌ വിരല്‍ വച്ചു സമ്മതിച്ചു
പാത്തുവിന്റെ ശബ്ദം വീണ്ടും മുഴങ്ങി
" പിന്ന ഒരു കാര്യണ്ട്‌, ഇങ്ങളെല്ലാരുംകൂടി ഞമ്മളെ ജയിപ്പിച്ചാല്‍ എല്ലാരെ ബീട്ടിലും ഓരൊ ആട്ടിന്‍ കൂട്‌ പണിയിച്ചുതരും "
ആടിന്റെ കാര്യം പറഞ്ഞതും പാത്തുമ്മ വിതുമ്പി അത്‌ മൈകിലൂടെ അലർച്ചയായി പുറത്തുവന്നു തുറന്ന വാഹനത്തില്‍ ചിരവയില്‍ നിന്നും കണ്ണെടുക്കാതെ അന്തിച്ചു നില്‍ക്കുന്ന സ്വന്തം കണവന്‍ അവറാനെ നോക്കി പാത്തു വാചാലയായി
" ഇങ്ങക്കറിയോ ഞമ്മളെ പുത്യാപ്ല ഈ നിക്കണ ഹംക്‌ ഞമ്മളെ ബീട്ടില ആടിനെ പട്ടിണിക്കിടും "
ഹംക്‌ എന്നു കേട്ടതും ഒതുങ്ങി നിന്ന പാത്തുവിന്റെ കണവന്‍ അവറാനിലെ പുലി പുറത്തു ചാടി അവറാന്‍ അലറി
" അന്റെ വാപ്പ ഒറ്റക്കണ്ണന്‍ മൊയ്തൂട്ടി ആണെടി ഹംക്‌"ഇതു പറഞ്ഞതും പാത്തുവിന്റെ കരണക്കുട്ടിക്കു രണ്ടു പൊട്ടിച്ചതും ഒരുമിച്ചായിരുന്നു
ജനസാഗരം ശ്വാസം അടക്കിപ്പിടിച്ചു.

മൈക്കിന്റെ ഉടമ പുഷ്കരൻ പാത്തുവിന്റെ കൈയില്‍ നിന്നും തന്റെ പണിയായുധമായ മൈക്‌ കൈക്കലാകി
പാത്തു അവറാന്റെ സ്വന്തമായിരുന്നെങ്കിലും കയ്യിലുണ്ടായിരുന്ന മൈക്കു പുഷ്കരന്റെ മാത്രം ആയിരുന്നല്ലൊ
അവറാന്‍ പാത്തുവിന്റെ പുറത്തുള്ള കൈകൊട്ടിക്കളി തുടര്‍ന്നു കൊണ്ടിരുന്നു അവറാന്‍ കൊലവിളി നടത്തി ഇരുപത്തഞ്ചു വര്‍ഷം അവറാന്‍ അടക്കിപ്പിടിച്ചതെല്ലാം പുറത്തുവന്നു
" അനക്ക്‌ എനി ബോട്ടിനു നിക്കണോഡീ ബലാലെ"
" ഞമ്മക്ക്‌ ബോട്ടും ബേണ്ട ഒരു കുന്തവും ബേണ്ടേ"
" അനക്ക്‌ ആട്ന ബേണോ"
" ഞമ്മക്ക്‌ ആടിന ബേണ്ടായേ എനിമുതൽ ആട്‌ ബിരിയാനി പോലും ഞമ്മളു കയിക്കൂലേ............................"
ഒരുവിധം അടങ്ങിയ അവറാന്‍ പാത്തുവിനെയും കൊണ്ട്‌ തുറന്ന വാഹനത്തിന്റെ പടിയിറങ്ങി

*****************

മണ്ടങ്കരയിലെ അടുത്ത വിശേഷമറിയാന്‍ സൂര്യന്‍ പഞ്ചായത്ത്‌ കിണറിനു പിന്നില്‍ നിന്നും ഒളിഞ്ഞു നോക്കി
ഞാന്‍ സുലൈമാന്റെ ചായക്കടയിലും സ്ഥാനം കണ്ടെത്തി
പാത്തുവിനു പകരം ഇലക്ഷനു നിന്ന സുലൈഖ ടീചര്‍ വന്‍ ഭൂരിപക്ഷതോടെ ജയിച്ചു
സുലൈമാന്‍ ചായയില്‍ വിരലിട്ടിളക്കുമ്പോഴാണു ആ കാഴ്ച്ചകണ്ടത്‌
അകലെ നിന്നും രണ്ടുപേര്‍ നടന്നു വരുന്നു
യുവമിഥുനങ്ങളേപ്പോലെ കുണുങ്ങി കിണുങ്ങി വന്നുകൊണ്ടിരുന്നത്‌ മറ്റാരുമായിരുന്നില്ല നമ്മുടെ നായിക പാത്തുമ്മയും ഭാര്യ (ക്ഷമിക്കണം - പണ്ടു പാത്തുവിന്റെ ഭാര്യയായിരുന്നെങ്കിലും ഇപ്പോള്‍ ഭര്‍ത്താവായി മാറിയ) അവറാനുമായിരുന്നു

ഈ കാലമത്രയും അവറാന്റെ മുന്നില്‍ നടന്നിരുന്ന നമ്മുടെയും നാട്ടുകാരുടെയും പാത്തു ഇപ്പോള്‍ അവറാന്റെ മാത്രം പാത്തുവായി അവറാന്റെ പിന്നില്‍ അവറാന്‍ പറഞ്ഞ 'പയത്തു' പുളിച്ച തമാശ കേട്ട്‌ ചിരിവരാതെ ചിരിച്ചുകൊണ്ട്‌ തലയും താഴ്ത്തി നടന്നു വരുന്നു
സുലൈമാന്റെ ചായക്കടയിലെ പൊറൊട്ട കടിച്ച്‌ സ്വന്തം പല്ലിനോട്‌ യുദ്ധം ചെയ്യുന്ന ഒരു ധീര യൊദ്ധാവ്‌ വിളിച്ചു ചോദിച്ചു
" അല്ലാ ഇപ്പൊ ആരാ എലക്ഷനിൽ ജയിച്ചത്‌ , സുലൈഖ ടീച്ചറൊ , അതൊ പാത്തുവൊ? "ഇതുകേട്ട സുലൈമാനാണു പറഞ്ഞത്‌ " ഈ രണ്ട്‌ ഹംക്കുകളുമല്ല ഞമ്മളെ അവറാനാ ജയിച്ചത്‌ "
--------- ശുഭം ----------
ഇതിന്റെ ഒന്നാം ഭാഗം കണ്ടിട്ടില്ലാത്തവര്‍ ഇവിടെ ക്ലിക്കുക

Monday, June 23, 2008

തണുത്തകാറ്റിലെ പ്രണയം...

നല്ല തണുത്ത കാറ്റ്‌ പകുതി തുറന്നിട്ട ജനല്‍ പാളികള്‍ക്കുള്ളിലൂടെ അരിച്ചുവന്നപ്പോള്‍ ഒന്നുകൂടി പുതപ്പിനുള്ളിലേക്കു ഒതുങ്ങിക്കൂടി.
സമയം വളരെ വൈകിയിരിക്കുന്നു ഇന്നു ലീവ്‌ എടുത്താലോ ഓര്‍ത്തപ്പൊള്‍ ചിരി വന്നു എനിക്കു ലീവൊ ? നല്ല തമാശ തന്നെ
............
പത്തുമിനിറ്റിനുള്ളില്‍ എല്ലാ പ്രാഥമിക കൃത്യങ്ങളും കഴിചെന്നു വരുത്തി പ്രിയ തോഴന്‍ കാമറയെ തോളില്‍ തൂക്കി പതുക്കെ നടന്നു ഇന്നു ബൈക്കു വേണ്ട കാരണം നടന്നു പോക്കില്‍ ഒരു സുഖം ഉണ്ടെന്നു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണല്ലൊ എനിക്കു മനസ്സിലായത്‌
............
അന്നു ഒരു ശനിയാഴ്ച യായിരുന്നു പതിവുപോലെ കാമറയും കൊണ്ടു സവാരിതുടങ്ങാന്‍ പൊകുമ്പോഴാണു ബൈക്ക്‌ തലെ ദിവസം പഞ്ചറായതും അയല്‍ക്കാരന്‍ തമിഴന്‍ പയ്യനെ പഞ്ചറടിപ്പിക്കാന്‍ കൊണ്ട്പോകാന്‍ ഏല്‍പിചതും എല്ലാം ഓര്‍മ്മവന്നത്‌
അവന്റെ ഉറക്കം കഴിഞ്ഞിട്ടു വേണ്ടി വരും
ഏതായാലും ഇന്നു നടക്കാം
ഒരുപാടു സഞ്ചാരികളുടെ പാദസ്പര്‍ശംകൊണ്ട ഊട്ടിയിലെ വീഥികളിലൂടെ സഞ്ചരിക്കുമ്പോള്‍ പുതുതായി വരുന്ന സഞ്ചാരികളെ കുറിച്ചായിരുന്നൊ അതൊ വീട്ടില്‍ അഛ്ചനു മരുന്നു വാങ്ങിക്കാനും, ഗോപാലന്റെ കടയിലെ പറ്റു തീര്‍ക്കാനും വെണ്ടി മണിയോഡറിനു കാത്തിരിക്കുന്ന അമ്മെയെ കുറിച്ചായിരുന്നൊ ഓര്‍ത്തിരുന്നത്‌ ?
അറിയില്ല ഇതൊക്കെ ആയിരുന്നല്ലൊ എന്റെ ചിന്തയില്‍ സധാരണ ഉണ്ടായിരുനത്‌ !
വെയിലിനു ശക്തികൂടി വരുന്നെങ്കിലും തണുപ്പിനു കാര്യമായ മാറ്റമൊന്നുമില്ല
"മലയാളിയാണൊ?"എന്നശബ്ദമാണു എന്നെ ഉണര്‍ത്തിയത്‌ എന്റെ മുന്‍പില്‍ ഒരു പെണ്‍കുട്ടി നില്‍ക്കുന്നു ഒറ്റ നൊട്ടത്തില്‍ തന്നെ അറിയാം ഏതോ കശുള്ള വീട്ടിലെ പെണ്‍കുട്ടിയാണെന്ന്‌
അതെ മലയാളിയാണു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ക്ക്‌ എന്തോ ആശ്വാസമായപോലെ തോന്നി
അവള്‍ അപ്പനും അമ്മക്കും ഒരെ ഒരു മോള്‍ ആണെന്നും ഊട്ടിയില്‍ സ്കൂള്‍ വെകെഷന്‍ ആഘോഷിക്കാന്‍ ഫാമിലി ഒന്നിച്ചു വന്നതാണെന്നും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു
അഛചനും അമ്മയും എവിടെ എന്നു ചോതിച്ചപ്പോള്‍ " ഓ അവരുടെ സ്വര്‍ഗ്ഗത്തില്‍ നമ്മളെന്തിനാ കട്ടുറുമ്പാകുന്നത്‌" എന്നായിരുന്നു അവളുടെ മറുപടി
പിന്നേയും അവള്‍ എന്തൊക്കെയൊ സംസാരിച്ചുകൊണ്ടിരുന്നു
അവള്‍ ഒരു മാസക്കാലം ഇവിടെ ഉണ്ടാകുമെന്നും അവള്‍ക്കു മഞ്ഞു വീഴുന്നത്‌ കാണാന്‍ വളരെ ഇഷ്ടമാണെന്നും എല്ലാം
അവളോട്‌ സംസാരിച്ചു പിരിയുമ്പോള്‍ വളരെ വൈകിയിരുന്നു പിന്നീടുള്ള ചിന്തകള്‍ അവളെകുറിച്ചായി അന്നു എന്തോ സഞ്ചാരികളെ തേടിയുള്ള എന്റെ അലച്ചില്‍ വേണ്ട എന്നു വെച്ചു നെരത്തെ തന്നെ റൂമില്‍ തിരിച്ചെത്തി
പിന്നീട്‌ ഞങ്ങളുടെ കൂടിക്കാഴ്ച്ച ഒരു പതിവായി അവള്‍ അധിക സമയം എന്റെ കൂടെ ചിലവഴിക്കാറില്ലാ എങ്കിലും അവളെ കാണാത്ത ദിവസങ്ങള്‍ എനിക്കു ഓര്‍ക്കാന്‍ കഴിയുമായിരുന്നില്ല
അവള്‍ എന്നെപറ്റി ചൊദിച്ചപ്പോള്‍ ഞാന്‍ വെറും ഒരു tourist ഗൈഡാണെന്നു പറയാന്‍ എനിക്കു മടിയായിരുന്നു
അതായിരിക്കും ഞാന്‍ കേരളത്തിലെ ഒരു വ്യവസായിയുടെ ഏക മകനാണെന്നും ഇവിടെ അവധിക്കാലം ചിലവഴിക്കാന്‍ വന്നതാണെന്നും അവളോടു പറയാന്‍ പ്രേരിപ്പിച്ചത്‌
.................

എന്തൊക്കെയൊ ചിന്തിച്ചു നടന്നപ്പോള്‍ " ഹേയ്‌ ഇവിടെയൊന്നുമല്ലെ " എന്ന അവളുടെ നിഷ്കളങ്കമായ ചോദ്യമാണു എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്‌
" ഇവിടെ തന്നെയാ വെറുതെ എന്തൊക്കെയൊ ഓര്‍ത്തു പോയി"
"എന്താ ഇത്ര ഓര്‍ക്കാന്‍ ? "അവള്‍ ഒരു കള്ള ചിരിയോടെ ചോദിച്ചു
" പണ്ടൊക്കെ അമ്മയെ കുറിച്ചായിരുന്നു ഓര്‍ത്തിരുന്നത്‌ ഇപ്പോള്‍ അതിനു സമയം കിട്ടാറില്ലല്ലോ എന്നു ഓര്‍ത്തതാ"
എന്റെ വാക്കുകള്‍ കെട്ട അവള്‍ പൊട്ടി ച്ചിരിച്ചു അവള്‍ക്കറിയാമായിരുന്നു എന്റെ മനസ്സില്‍ മുഴുവന്‍ അവളാണെന്നു
പെട്ടന്നാണു ഒരു കാര്‍ വന്നു മുന്‍പില്‍ നിര്‍ത്തിയത്‌ അവളുടെ മുഖത്ത്‌ പേടിയുടെ നിഴല്‍ ഞാന്‍ കണ്ടു കാറില്‍ ഉണ്ടായിരുന്ന തൈകിളവന്റെ നേരെ നോക്കി " അത്‌ എന്റെ പപ്പയാണു " എന്നു പറഞ്ഞ്‌ അവള്‍ കാറില്‍ ഓടിക്കയറി
ഞാന്‍ ഓര്‍ക്കാറുണ്ട്‌ അവള്‍ ഒരിക്കലും എന്നെ അവളുടെ ഫ്ലാറ്റില്ലേക്ക്‌ ക്ഷണിച്ചിട്ടില്ല , പപ്പയെയും മമ്മിയെയും പരിചയപ്പെടുത്താന്‍ തുനിഞ്ഞിട്ടില്ല പേടികൊണ്ടായിരിക്കും
............

" ഹല്ലൊ രവി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടൊ? " ആരാ ഊട്ടിയില്‍ എന്നെ പേരെടുത്ത്‌ വിളിക്കാന്‍ എന്നു കരുതി തിരിഞ്ഞു നൊക്കിയപ്പോള്‍
ഒരു നാല്‍പതുകാരന്‍ ല്‍നല്‍ക്കുന്നു ഒന്നുകൂടി നൊക്കിയപ്പോഴാണു എനിക്കു ആളെ മനസ്സിലായത്‌
മൂന്നു മാസങ്ങള്‍ക്കു മുന്‍പു പരിചയപ്പെട്ടിരുന്ന ഒരു സഞ്ചാരി, വര്‍മ്മ സാര്‍ അന്ന് ഇവിടെ വന്നപ്പോള്‍ ഞാന്‍ ആയിരുന്നല്ലൊ ഗൈഡ്
വർമ്മ സാര്‍ ഇവിടെ വരുന്നത്‌ ഊട്ടിയുടെ മാത്രം ഭംഗി ആസ്വദിക്കാനല്ല വേറെ പലതും ഊട്ടിയില്‍ നിന്നും പ്രതീക്ഷിച്ചിട്ടാണെന്ന് എനിക്കു അന്നു മനസ്സിലായിട്ടുണ്ട്‌
ഞാന്‍ വര്‍മ്മ സാറിനെ തിരിച്ചു വിഷ്‌ ചയ്തു
" രവി ഇന്നു ഫ്രീ ആണൊ ? "
" ഇനി ഫ്രീ അല്ല എങ്കിലും വര്‍മ്മ സാറിനു വെണ്ടി ഞാന്‍ ഫ്രീയാവില്ലെ?"എന്റെ മറുപടി അദ്ധേഹത്തിനെ സുഖിപ്പിച്ചു കാണണം
-------------
ഞങ്ങള്‍ പല സ്ഥലങ്ങളും ചുറ്റിക്കറങ്ങി അവസാനം വര്‍മ്മ സാര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി
" ഹല്ലൊ വര്‍മ്മാജി " വര്‍മ്മസാറിനെ ഒരു തൈകിളവൻ വിഷ്‌ ചൈതു
ഇയാളെ ഞാന്‍ എവിടെയൊ കണ്ടിട്ടുണ്ടല്ലൊ എവിടെയാണെന്നു എനിക്കു ഒരു പിടിയും കിട്ടുന്നില്ല
അപ്പൊഴാണു ഒരു പെണ്‍കുട്ടി അവിടേക്കു വന്നത്‌ അവള്‍ കിളവന്റെ കൈക്കു പിടിച്ചു
അത്‌ അവള്‍ ആയിരുന്നു എന്റെ .....
അല്ല ഞാന്‍ ദിവസവും സംസാരിക്കുന്ന എന്റെ.........
ഇപ്പോഴാണു എനിക്കു കിളവനെ പിടി കിട്ടിയത്‌ അത്‌ അവളുടെ പപ്പയായിരുന്നു അവള്‍ എന്നെ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു പപ്പയെ അത്രക്കു പേടിയായിരിക്കും
കിളവനോട്‌ എന്തൊക്കെയൊ സംസാരിച്ച വര്‍മ്മസാറും ഞാനും restaurant ലെക്കു പോയി സാറു എന്റെ അനുവാദത്തിനു കാത്തു നില്‍ക്കാതെ എന്തൊക്കെയൊ ഓര്‍ഡര്‍ ചെയ്തു
എന്റെ മനസ്സില്‍ അപ്പോള്‍ അവളെ കുറിച്ചുള്ള ചിന്തയായിരുന്നു നിഷ്കളങ്കമായ കണ്ണുകളുള്ള ആ പെൺകുട്ടി എന്റെ മനസ്സില്‍ അത്രക്കു ഇടം പിടിച്ചിരുന്നു
അവളെ കുറിച്ച്‌ കൂടുതല്‍ അറിയാനുള്ള ആകാംശകാരണം ഞാന്‍ വര്‍മ്മ സാറിനോട്‌ ചോദിച്ചു
" ആരായിരുന്നു അയാള്‍"
" ആരു?"
" സാറിനോട്‌ കുറച്ചു മുന്‍പ്‌ സംസാരിച്ചയാള്‍"
" ഓ .... അയാളൊ എന്റെ ഒരു നാട്ടുകാരനാ അയാള്‍ക്ക്‌ വേറെ പണിയൊന്നുമില്ല ഇതു തന്നയാ പണി "" ഏത്‌?"
" ഇപ്പോള്‍ കൂടെ ഒരു call girl നെ കണ്ടില്ലെ അതു തന്നെ. അയാളുടെ മകളുടെ പ്രായം പോലുമില്ല ഛെ...."
വര്‍മ്മസാര്‍ എന്തൊക്കെയൊ പിറുപിറുത്തുകൊണ്ടിരുന്നു
പിന്നീട്‌ ഞാന്‍ ഒന്നും കേട്ടിരുന്നില്ല എന്റെ യുള്ളില്‍ വര്‍മ്മ സാറിന്റെ വാക്കുകള്‍ പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു
" ഇപ്പോള്‍ കൂടെ ഒരു call girl നെ കണ്ടില്ലെ അതു തന്നെ.
അയാളുടെ മകളുടെ പ്രായം പോലുമില്ല ഛെ...."

Wednesday, June 11, 2008

പാത്തുവിന്‍റെ ഓട്ടം ..!!


"കേട്ടവര്‍ കേട്ടവര്‍ ഓടുകയാണ് ........... ആരെങ്കിലും വരുന്നെങ്കില്‍ വാ "

ഓസിനു പത്രം വായിക്കാനും നാട്ടിലെ ആകാശവാണികളുടെ ന്യുസ് പിടിച്ചെടുക്കാനും വേണ്ടി സുലൈമാന്റെ ചായക്കടയില്‍ കയറിയ എന്നെയും ഓടുവാന്‍ പ്രേരിപ്പിച്ചത് കര്‍ണ്ണ കഠോരമായ ഈ ശബ്ദമാണ്.

സുലൈമന്റെ വിരല്‍ കഴുകിയ ചായ പകുതി മാത്രം കുടിച്ചവരും , കുടിക്കാത്തവരും , കുടിച്ചു കൊണ്ടിരിക്കുന്നവരും എന്തിന് സുലൈമാന്‍ പോലും കാര്യം വിത്ത് കാരണമറിയാതെതന്നെ ഞങ്ങളുടെ ഓട്ടത്തില്‍ പങ്കെടുത്തു വമ്പിച്ച വിജയമാക്കിത്തന്നു .

ഓട്ടത്തിന്‍റെ ഏതോ ഒരു ഇടവേള സമയത്ത്  സുലൈമാന്‍ തന്നെയാണ്  പ്രസക്തമായ ആ ചോദ്യം ചോദിച്ചത്!

"അല്ല ഞമ്മള്‍ എന്തിനാ ഓടണത് "

ഓ പറഞ്ഞപോലെ അത് ആരുമോര്‍ത്തില്ലല്ലോ!! എല്ലാവരും അടുതുള്ളവരുടെ മൂക്കിലേക്ക് നോക്കിനിന്നെന്നല്ലാതെ ആരുമാരും ഒന്നും മിണ്ടുന്നില്ല.

" ആരട ഓടാന്‍ പറഞ്ഞത് പിടിചു കെട്ടിനെടാ ഓനെ " ഓട്ടത്തിനിടയില്‍ ചെരിപ്പിന്റെ വാറ് നഷ്ടപ്പെട്ടതിലുള്ള സങ്കടം പേട്ടുകോരപ്പന്‍ അലറിത്തീര്ത്തു

കൊരപ്പന്റെ അലര്‍ച്ചയാകും മാന്യമഹാ ജനങ്ങളോട് ഓടാന്‍ പറഞ്ഞ മൊയ്തീന്‍കുഞ്ഞിനെ ബഹുജന മധ്യത്തിലെത്തിച്ചത്.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞത് കേട്ട പാതി കേള്ക്കാത്ത പാതി ഓടിയവര്‍ ബഹുജന പിന്തുണയോടെ " നല്ല പിള്ള " പട്ടം കിട്ടിയ ബഹുമാനപ്പെട്ടവരായിയെന്നു മാത്രമല്ല ഓടാന്‍ പറഞ്ഞപ്പോള്‍ താന്‍ പറഞ്ഞതെന്ത് എന്ന് തികച്ചു കേള്‍ക്കാതെ ഓടുന്ന ജനത്തിന്റെ പിന്നാലെ കാര്യം പറഞ്ഞു മനസ്സിലാക്കാനോടിയ മൊയ്തീന്‍ കുഞ്ഞു ദുഷ്ടനും ചതിയനുമായി എന്നത്  മൊയ്തീന്‍ കുഞ്ഞിനു ചിരിയാണ് വരുത്തിയത് കാരണം ഭൂമി ഉരുണ്ടതു തന്നെയാണ്.

ബഹുജന മധ്യത്തില്‍ മൊയ്തീന്‍ കുഞ്ഞിനെ നാട്ടിലെ മുഖം മൂടികള്‍ ചോദ്യം ചെയ്തു

" ഇജ്ജെന്തിനാണ്ടാ ഓടാന്‍ പറഞ്ഞത് .... ഇജ്ജ്‌ പറയുംപോളേക്കും ഓടാന്‍ ഞങ്ങളെന്താ കളുതകളോ? "

നാട്ടു പ്രമാണിയായ ഹാജിയാരുടെ ചോദ്യത്തിന് " അതെ " എന്ന മറുപടി തല്‍കാലം മൊയ്തീന്‍ കുഞ്ഞു മനസ്സില്‍ ഒതുക്കിക്കൊണ്ട് ( മൊയ്തീന്‍ കുഞ്ഞിനെ കു‌ടുതല്‍ അറിയുന്നവര്‍ മൊയ്തീന്‍ എന്നാണ് വിളിക്കുന്നത് ഇപ്പോള്‍ കുറച്ചു പരിചയപ്പെട്ട സ്ഥിതിക്ക് നമുക്കും അങ്ങിനെ വിളിയ്ക്കാം ) പറഞ്ഞു തുടങ്ങി കാര്യ കാരണങ്ങള്‍

" പ്രിയപ്പെട്ട നാട്ടുകാരെ വോട്ടിന്‍റെ സമയത്തു മാത്രം പുറത്തു ചാടുന്ന രാഷ്ട്രീയ നേതാക്കളെ , ചൊറിയും കുത്തി നില്ക്കുന്ന കുട്ടികളെ , അമ്മ മാരെ അമ്മാവന്‍ മാരെ അമ്മാവികളെ , അമ്മായി അമ്മമാര്‍ക്കു വേണ്ടി മക്കള്‍ മിന്നു കെട്ടി കൊണ്ടു വന്ന മരുമക്കളെ , നിശബ്ദരായി നില്ക്കാന്‍ വിധിക്കപ്പെട്ട അമ്മായി അപ്പന്മാരെ , പിന്നെ നാട്ടിലുള്ള സകല കോന്തന്മാരെ കോന്തികളെ "

മൊയ്തീന്‍റെ സാഹിത്യ വാചകങ്ങള്‍ ചപ്പുചവറുകള്‍ വലിച്ചെറിയാന്‍ പഞ്ചായത്ത്‌ പണിതു നല്കിയ പഞ്ചായത്ത്‌ കിണറിന്റെ ഭിത്തിയില്‍ തട്ടി പ്രതിധ്വനിച്ചു

" കോന്തികളെ ളെ ളെ ളെ ളെ ളെ ളെ ................"

കേട്ടവര്‍ ഒന്നും മനസ്സിലാകാതെ കയ്യടിച്ചുകൊണ്ടിരുന്നു. കയ്യടി പ്രോത്സാഹനമായപ്പോള്‍ മൊയ്തീന്‍ തുടര്‍ന്നു.

" ഞാന്‍ ആരോടും ഓടാന്‍ പറഞ്ഞിട്ടില്ല നമ്മുടെ സ്വന്തം ബാര്ബറും ഈ നാട്ടിലെ ആകാശ വാണി പ്രസിഡണ്ടു മായ നാരതന്‍പിള്ളയുടെ ബാര്ബര്‍ഷാപ്പില് വെച്ച്, നാട്ടുകാരുടെ സൈക്കോളജിയറിയാത്ത ഈയുള്ളവന്‍ അറിയാതെ പറഞ്ഞുപോയി "

മൊയ്ദീന്‍ കുഞ്ഞിന്റെ ആമുഖപ്രസംഗം അതിരുകവിഞ്ഞൊഴുകാന്‍ തുടങ്ങിയപ്പോള്‍ ഹാജ്യാരുടെ ക്ഷമ വടിയും കുത്തി വടക്കോട്ട്‌ പോയി.  " ഇജ്ജെന്താ പറഞ്ഞത് ഒന്നു പറഞ്ഞു തൊലക്കെട ന്‍റെ മൊയ്തീനെ "

" ങ്ങളൊന്നു അടങ്ങി ന്‍റെ ആജ്യാരെ " മൊയ്തീന്‍റെ ക്ഷമയും വടിയും കുത്തി എഴുന്നേറ്റപ്പോള്‍ ഇതുവരെ ശുദ്ധ മലയാളത്തില്‍ പറഞ്ഞ മൊയ്തീന്‍റെ "മാതൃ ഭാഷ" വരാന്‍ തുടങ്ങിയെങ്കിലും ശുദ്ധി വരുത്തിയ മലയാളത്തില്‍ തന്നെ തുടര്‍ന്നു.

"നാരതന്‍പിള്ളയുടെ ബാര്‍ബര്‍ ഷാപ്പില്‍ വല്ല വാര്‍ത്തകളും കിട്ടുമോന്ന് അറിയാനാണ് ഞാന്‍ കയറിയത് അല്ലാതെ മുടി വെട്ടിക്കാനും , ഷേവ് ചെയ്യാനും ജീവനില്‍ കൊതിയുള്ള ആരും അവിടെ കയറാറില്ലാ എന്നത് ജാംബവാന്‍റെ മുടി വെട്ടി എന്ന് അവകാശപ്പെടുന്ന കത്രിക കൊണ്ടു മുടി വെട്ടിയതിന്‍റെ സുഖവും , സിനിമാ നടന്‍ തിക്കുറുഷിയുടെ അമ്മായി അപ്പന്റെ മുഖം ഷേവ് ചെയ്തു എന്ന പാരമ്പര്യമുള്ള ബ്ളേഡ് കൊണ്ടു ഷേവ് ചെയ്താല്‍ കിട്ടുന്ന ആനന്ദവും അനുഭവിച്ചറിഞ്ഞവര്ക്ക് അറിയാം

ഏതായാലും ഞാന്‍ നീട്ടി പറയുന്നില്ല അവിടെ നിന്നും എനിക്ക് കിട്ടിയ വാര്ത്ത ഞാന്‍ എന്റെ കൂട്ടു കാരന്‍ എന്ന് അവകാശപ്പെടുന്നവനും , നാട്ടുകാരുടെ കണ്ണിലെ കരടുമായ ശ്രീമാന്‍ ചേക്കുവിനോട് ഇങ്ങനെ പറഞ്ഞു

‘എടാ ചേക്കു നീയറിഞ്ഞോ നമ്മുടെ അവറാന്റെ ഭാര്യ പാത്തുമ്മ ഇലക്ഷന് മത്സരിക്കാന്‍ പോകുന്നു , അവരുടെ വീട്ടില്‍ പത്രക്കാരും ടി വിക്കാരുമൊക്കെ വന്നിട്ടുണ്ട് ’

ടി വി എന്ന് കേട്ടതും (സിനിമയില്‍ അഭിനയിക്കാന്‍ ഒന്നു വെളുത്തു കിട്ടാന്‍ വേണ്ടി വെളുത്ത കുമ്മായവും , പുള്ളിയുള്ള കോഴിയുടെ പുള്ളിയില്ലാത്ത മുട്ടയും , കറുത്ത പശുവിന്റെ വെളുവെളുത്ത പാലും കൂടി കുഴച്ച് തേച്ചു കുളിക്കുന്ന ) ചേക്കുവാണ് എല്ലാവരെയും വിളിച്ച് ഓടിയത് . അവനിപ്പോള്‍ പാത്തുമ്മയുടെ വീട്ടിലെത്തിക്കാണും! "

ഇത്രയും പറഞ്ഞു മൊയ്തീന്‍ തന്റെ വാക്കുകള്‍ ഉപസംഹരിച്ചുകൊണ്ട് കാതടപ്പിക്കുന്ന കരഘോഷങ്ങള്‍ക്കായി കാതുകള്‍ കൂര്‍പ്പിച്ചുവെച്ചു.

............................................


പ്രസംഗം കഴിഞ്ഞു മുഖം തുടച്ചുകൊണ്ട് തന്റെ ചുറ്റും കൂടിയ ജന സാഗരത്തെ നോകിയ മൊയ്തീന്‍ തുടരെത്തുടരെ രണ്ടു ഞെട്ടല്‍ കൂടി ഞെട്ടിപ്പോയി! കാരണം ആടു കിടന്നിടത്ത് പൂട പോയിട്ട്‌ ആട്ടിന്‍ കാട്ടം പോലുമില്ല എന്ന് പറഞ്ഞപോലെ ശൂന്യമായിരുന്നു അവിടം!!

അവിടെ ബാക്കിയായിപ്പോയ  സാക്ഷാല്‍ ഈ ഞാന്‍ തന്നെയാണ്    മൊയ്തീന്റെ പ്രസംഗത്തില്‍ ടി വി എന്ന് കേട്ടതും സകല പെരുവയറന്മാരും , ഒട്ടിയ വയറന്മാരും പാത്തുമ്മയുടെ വീട്ടിലേക്ക് വച്ചു പിടിച്ചു എന്ന കൊടും സത്യം മൊയ്തീനു വിവരിച്ചുകൊടുത്തത്.

................................

അങ്ങിനെയാണ് മൊയ്തീനെയും കൂട്ടി ഞാനും പാത്തുമ്മയുടെ വീട്ടിലെത്തുന്നത്.

അവിടെ ടി വി ക്കാരെയും ശ്രീമതി പാത്തുമ്മയെയും ഒരു നോക്ക് കാണാന്‍ ജനങ്ങള്‍ തിക്കിന്റെ കൂടെ തിരക്കും കൂടി കൂട്ടിക്കലര്‍ത്തുന്നുണ്ടായിരുന്നു.............

ഒരു വിധത്തിലാണ് ഞാനും മൊയ്തീനും പാത്തുമ്മയുടെ ഉമ്മറത്തെത്തിയത് . അവിടെ പത്രക്കാര്‍ , ടി വി കാര്‍ , തുടങ്ങിയ എല്ലാ കാറുകളും പാത്തുവിനോട് ചോദ്യങ്ങള്‍ ചോദിക്കുന്ന തിരക്കിലാണ്.

ഒരു പഹയന്റെ ചോദ്യം

" കെട്ടി വച്ചത് ( കാശ് ) തിരിച്ചു കിട്ടും എന്ന് ഉറപ്പുണ്ടോ "

പാത്തുമ്മാക്കുണ്ടോ മറുപടിക്ക് പഞ്ഞം !!! അവര്‍ ഇങ്ങിനെ പറഞ്ഞു...

" കെട്ടി ബച്ചത് ഞമ്മള്‍ തിരിച്ചു തന്നെ കെട്ടും അത് ആര് ബന്ന് പറഞ്ഞാലും ഞമ്മക്ക് കുന്തമാ "

പിന്നില്‍ ഭയഭക്തിയോടെ നിന്നിരുന്ന കണവന്‍ അവറാനെ നോക്കി നമ്മുടെ സ്വന്തം, അല്ല നാടുകാരുടെകൂടി സ്വന്തം പാത്തു തുടര്‍ന്നു

" ഈ മന്സനോട് ഞമ്മള് പറയല്‍ ഉണ്ട് ആടിനെ കെട്ടുമ്പോള്‍ തിരിച്ചു കെട്ടണോന്ന്. ഇന്നു ബരെ തിരിച്ചു കെട്ടിയിട്ടുണ്ടോന്നു ഇങ്ങളുതന്നെ ശോയിച്ചു നോക്കി!! ങ്ങളെ ഈ ഫോട്ടം പിടിക്കല്‍ കയിയട്ടെ ആടിനെ ഞമ്മള് തന്നെ തിരിച്ചു കെട്ടും "

പോത്തിനോട്‌ വേദമോതിയാല്‍ ചിലപ്പോള്‍ പോത്തിന് മനസ്സിലായാലും പാത്തുവിനോട് ചോദ്യം ചോദിച്ചാല്‍ ചോടിച്ചവന്‍ തന്നെ പോത്താവും എന്ന് മനസ്സിലകിയിട്ടും മറ്റൊരു കൊടും പഹയന്‍ അടുത്ത ചോദ്യവും ചോദിച്ചു.

" രാഷ്ട്രീയത്തില്‍ വരാനുണ്ടായ കാരണം എന്താണ് " ( രണ്ടാം ക്ലാസ്സില്‍ രണ്ടു കൊല്ലം പഠിച്ചു എന്ന കാരമാണ് എന്നത് അറിഞ്ഞു കൊണ്ടു തന്നെ ആവണം ആ ദുഷ്ടന്‍ ഈ ചോദ്യം ചോദിച്ചത് )

ചോദ്യം കേട്ട പാത്തു കുലുങ്ങിയോ? ഇല്ലേ ഇല്ല..

" അതിലേക്ക് ബരാനുള്ള കാരണം ഞ്മ്മളെ ആടിനെ തിരിച്ച് കെട്ടിയ ഞ്മ്മളെ കെട്ടിയോന്‍ തന്നെയാ "

" ഓഹോ ഭര്‍ത്താവാണ് പ്രചോദനം അല്ലെ ? "

" അത് മൂപ്പരോട്  തന്നെ ശോയികണം ശോദന ഇന്‍ഡോ ഇല്ലേ എന്ന് "

മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം ചോദ്യം ചോദിച്ച തങ്ങളുടെ ഭാഗത്തും തെറ്റുണ്ടെന്നു മനസ്സിലായതിനാലാവണം  ടി വി , പത്രം , കുന്തം , കൊടചക്രം ഈ വക സാധനങ്ങളെല്ലാം അവരവരുടെ മാളങ്ങളിലേക്ക് കൂടും കുടുക്കയും കൊണ്ടു മുങ്ങിയത്!

.......................................

എങ്കിലും എനിക്ക് ഒരേ ഒരു സംശയം ബാക്കിയായി ഇന്നലെവരേ ആടിന്റെ പിറകേ നടന്ന പാത്തുമ്മ എങ്ങിനെ രാഷ്ട്രീയത്തിലെത്തി?

അതിന്റെ പൊരുള്‍ വളരെ കഷ്ടപ്പാടോടെയാണെങ്കിലും ബുദ്ധിമുട്ടി  ഞാന്‍ കണ്ടുപിടിച്ചു.
.............................................

അന്നു സാക്ഷരതാ ക്ലാസില്‍ (ഈ കഥ നടന്നിട്ട് കാലം കുറേ ആയി) പോകാന്‍ വൈകിയതുകൊണ്ടായിരുന്നു രാവിലെത്തന്നെ ആടിനെ കെട്ടാന്‍  അവറാനെ പറഞ്ഞയച്ചത് ...

ആടിനെ കെട്ടാന്‍ പോയ അവറാന്‍ അടുത്ത വീടിലെ ആമിനയെ കെട്ടുന്ന കാര്യമാലോചിച്ച്  ചിന്തകനായി മാറിയപ്പോള്‍ ആടിനെ കെട്ടിയിടാന്‍ മറന്നുപോയി.

ആടിനെ കെട്ടാന്‍ മറന്നത് അവറാന്റെ കുറ്റമല്ല! കെട്ടിയിടാത്ത ആട്  പാത്തുവിന്റെതന്നെ  പച്ചക്കറി തോട്ടത്തില്‍ കയറി എല്ലാം തിന്നു നശിപ്പിച്ചു. അതും അവറാന്റെ കുറ്റമല്ല!!

പിന്നെ എന്താ അവറാന്റെ കുറ്റം ?

ആ ......

അവറാനു തന്നെ അറിയില്ല പിന്നെയാണോ ................ ( കഥയില്‍ ചോദ്യവും ഇല്ല )

ആടു പച്ചക്കറി നശിപ്പിച്ചത്‌ അവറാന്‍ കണ്ടില്ല എങ്കിലും പാത്തുമ്മ കണ്ടുപിടിച്ചുകളഞ്ഞിരുന്നു.

പിന്നീട് അവറാന്‍ കണ്ടത് തന്റെ നേരെ ചിരവയുമായി പാഞ്ഞു വരുന്ന പാത്തുവിനെയാണ് . ഇടവഴികളും , അത്ര ഇടമില്ലാത്ത വഴികളും താണ്ടി അവറാന്‍ ഓട്ടം തുടര്‍ന്നു................

അവറാന്റെ പിന്നാലെതന്നെ വച്ചുകാച്ചുകയാണ് ഹാലിളകിയ നമ്മുടെ നായിക പാത്തു എന്ന പാത്തുമ്മയും !!!!!

....................................

" ഒടിക്കും ഞങ്ങള്‍ ഇടിക്കും ഞങ്ങള്‍ "

"സിന്താബാദ് ..... സിന്താബാ ..... "

"കട്ടിട്ടാണേലും ഭരിക്കും ഞങ്ങള്‍ "

"സിന്താബാദ് ..... സിന്താബാ ..... ""

" നാട്ടുകാരെ വോട്ടര്മാരെ" ( പൊട്ടന്മാരെ മണ്ടന്മാരെ )

അകലെ നിന്നും വരുന്ന ഏതോ കസേരക്കളി  (രാഷ്ട്രീയപ്പാര്ട്ടിയുടെ) ജാഥ കണ്ട അവറാന്‍ ഒന്നും നോകാതെ എടുത്തു ചാടി ജാഥ മുറിച്ചു കടന്നു ഓടി തന്‍റെ  ലൈഫ് സുരക്ഷിതമാക്കി.

പക്ഷെ പിറകില്‍ മന്ത്രിമാരുടെ ബ്രേക്കി ല്ലാത്ത കാറ് പോലെ കയ്യില്‍ ചിരവയുമായി ചീറിവന്ന പാത്തു  മറുപുറം കടക്കാന്‍ കഴിയാതെ ജാഥയുടെ നടുക്കു പെട്ടു പോയി.

അവിടെയെല്ലാം അവറാനെ തിരഞ്ഞു കൊണ്ടിരുന്ന നമ്മുടെ ( നാടുകാരുടെയും ) പാത്തു ജാഥയുടെ മുന്‍പില്‍ തന്നെ സ്ഥാനം പിടിച്ചു.

ഇതു കണ്ടു നിന്നിരുന്ന ചോട്ടാ നേതാക്കള്‍ ആവേശം മൂത്ത് ആര്‍ത്തു വിളിച്ചു.

"നമ്മുടെ പാത്തു സിന്ദാബാത് "

പാത്തുവിനെ മാലയിട്ടു സ്വീകരിച്ചു (പലരും, പലവട്ടം )...............

അവസാനം ചോട്ടാ നേതാക്കള്‍  ‘പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ പാത്തുവിനെ പാര്‍ട്ടി തിരഞ്ഞെടുത്തു ’ എന്ന വാര്‍ത്ത നാട്ടിലാകെ നോട്ടീസടിച്ചു വിതരണം നടത്തി.

എന്നിട്ടും പാത്തുവിനു മനസ്സിലായില്ല തന്‍റെ കയ്യിലുണ്ടായിരുന്ന ചിരവയായിരുന്നു പാര്‍ട്ടിയുടെ ചിഹ്നം എന്ന് !!!

ഈ കഥയുടെ ബാക്കി ഇവിടെ വായിക്കാം

Wednesday, June 4, 2008

കാരക്ക മരം


പ്രവാസ ജീവിയായ എന്‍റെ ഒരു ദിവസം ഇങ്ങനെ തുടങ്ങുന്നു


പ്രഭാത പ്രാര്‍ത്ഥനയോടെ


"ഇവിടുത്തെ എണ്ണക്കിണറുകള് വറ്റി വരണ്ടു ഉണങ്ങി ഇല്ലാതാവണേ .....

പകരം എന്റെ വീട്ടിലെ കിണറുകള്‍ പെട്രോള്‍ കൊണ്ടു നിറക്കേണമേ ....

ഒരു കാരണവശാലും എന്റെ അയല്‍വാസി അന്ത്രുവിന്റെ കിണറ്റില്‍ പെട്രോള്‍ പോയിട്ട്‌ മണ്ണെണ്ണ പോലും നല്‍കിയേക്കരുതേ ..."
-----------------------------

ഇവിടെ പെട്രോള്‍ ഇല്ലാതായിട്ടു വേണം എന്റെ അറബിയെ ഒരു വിസ കൊടുത്ത് ഇന്ത്യയില്‍ കൊണ്ടുവരാന്‍

എന്നിട്ട് വേണം നാട്ടിലെ തെങ്ങ് കയറുന്നവരെ ഒക്കെ പിരിച്ചു വിട്ടു അറബിയെ കണ്ണുരുട്ടി പേടിപ്പിച്ച് തെങ്ങിന്റെ മണ്ടയില്‍ കയറ്റാന്‍ .

ആ ദുഷ്ടനെ ഒരു പ്രാവശ്യം തെങ്ങില്‍ കയറ്റിയാല്‍ പോര ഒരേതെങ്ങില്‍ തന്നെ അഞ്ചു പ്രാവശ്യമെങ്കിലും കയറ്റണം.

എന്നാലെ എനിക്ക് മനസ്സമാധാനമെന്ന സംഗതി ലഭിക്കയുള്ളൂ. മലയാളം പറഞ്ഞിട്ടു മനസ്സിലാവാത്ത അറബിയെ മലയാളം പഠിക്കുന്നത് വരെ ഇവിടുത്തെ കപ്പ മാത്രം കൊടുത്ത് പട്ടിണിക്കിടണം.. ഹല്ലപിന്നെ...

---------------------------

എന്റെ അയല്‍വാസി അന്ത്രു വിനോട് എനിക്ക് അരിശം കൂടി കൂടി വന്നതെല്ലാം പെറുക്കിയെടുത്ത് ഒരു വശത്ത് കുന്നു കൂട്ടി വച്ചിട്ടുണ്ട് .അതിന് മതിയായ കാരണവുമുണ്ട്.
പ്രവാസ ജീവിയായ അന്ത്രു നാട്ടില്‍ വരുമ്പോള്‍, അസൂയ ചാലിച്ച കൊതിയോടെ കണ്കുളിര്‍ക്കെ നോക്കി നിന്നിട്ടുണ്ട് ഈ സാക്ഷാല്‍ ഞാന്‍ .
ചുണ്ടില്‍ കടിച്ചു പിടിച്ച വിറകു കൊള്ളിയും , കൂളിംഗ്‌ ഗ്ലാസ് കണ്ണടയും , തടിച്ചു ചുവന്ന കവിളും ( പണ്ട് അന്ത്രുവിന്റെ കവിള്‍ കേരളത്തിലെ ഹൈവേ പോലെ ആയിരുന്നു ) , ചാടിയ കുടവയര്‍ പൊതിഞ്ഞു കെട്ടിയ ഷര്ട്ടിനു മുകളില്‍ മറ്റൊരു ഷര്‍ട്ടും , കഴുത്തില്‍ തൂങ്ങി കിടക്കുന്ന കോണകവും , കാല് ശരായിയും , പുള്ളി ചെരിപ്പും ..................

അങ്ങിനെ നീണ്ടു പോകുന്നു അന്ത്രുവിന്റെ വിശേഷണങ്ങള്‍ ..

നാട്ടു പ്രമാണിയായ ഹാജിയാരുടെ പറമ്പില്‍ നിന്നും തേങ്ങാ മോഷ്ടിച്ച് മുങ്ങിയശേഷം ഗള്‍ഫില്‍ പൊങ്ങിയ അന്ത്രുവിനെ അതെല്ലാം മറന്നു ഹാജിയാര്‍ നാടന്‍ കൊഴിബിരിയാനി വച്ചു സല്കരിക്കുന്നു ............

അന്ത്രു ഗള്‍ഫനായതിനു ശേഷം കൈവന്ന സൌഭാഗ്യങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ വയ്യാത്തവിധം കഠിനമായിരുന്നു.

അന്ത്രുവിനെ കണ്ടു കൊതിച്ചു ഹലാക്കിലായ ഞാന്‍ എങ്ങിനേയെങ്കിലും ഗള്‍ഫില്‍ കാലുകുത്തണമെന്ന ഉറച്ച തീരുമാനമെടുത്തു . ആ തീരുമാനം പുരയിടത്തിന്‍റെ ആധാരം വെട്ടുകത്തിഅവറാന്റെ മേശയിലെത്തിച്ചെന്നു മാത്രമല്ല  എന്നെ ഗള്‍ഫിലുമെത്തിച്ചു ................
------------------------

അറബിയുടെ കാരക്കത്തോട്ടത്തില്‍ (ഈത്തപ്പനത്തോട്ടം) ഇരുന്നു നാട്ടിലെ പുട്ടും കടലയും സ്വപ്നം കാണുമ്പോള്‍ പതിവായി അന്ത്രുവിനെക്കുറിച്ചും ഓര്‍ക്കും ദുഷ്ടന്‍......

ഇവിടെ ഒട്ടകത്തിന്റെ ചാണകം വാരുന്ന പണിയുള്ള അവന്‍ കൂളിങ് ഗ്ലാസ് , ഒവര്‍കോട്ട് എന്നിവ അടുത്ത റൂമിലെ രാമുവിന്‍റെത് കടം വാങ്ങിയായിരുന്നു നാട്ടില്‍ വന്നിരുന്നത് !!!!!!!!!!!!!!!....

പിന്നെ കുടവയര്‍, അത് ഇവിടുത്തെ പള്ളികളില്‍ ഫ്രീ കിട്ടുന്ന തണുത്ത വെള്ളവും വില കുറഞ്ഞ ഒണക്ക കാരക്കയും നാലുനേരം വെട്ടി വിഴുങ്ങിയിട്ട് കിട്ടിയതാണ്!

പിന്നീട് എന്റെ ഗവേഷണം അന്ത്രുവിനു തുടുത്ത , ചുവന്ന കവിള്‍ എങ്ങിനെ കിട്ടി എന്നതായിരുന്നു. ഇവിടുത്തെ മൂട്ടയുടെ കടി കൊണ്ടാല്‍ കവിള്‍ ച്ചുവക്കുക മാത്രമല്ല മത്തങ്ങാ പോലെ ആകുമെന്നത്എന്‍റെ കവിള്‍ തുടുതപ്പോഴാണ് മനസ്സിലായത് .

---------------------

എന്‍ന്റെ അറബിയുടെ മുന്‍പില്‍ എങ്ങിനെ എങ്കിലും നല്ല പണിക്കാരനാവുക എന്നതായിരുന്നു എന്റെ അടുത്ത ലക്ഷ്യം.

കാരണം അറബികള്‍ വാരിക്കോരി കൊടുക്കുന്നവരാനല്ലോ.

എന്‍ന്റെ കൂടെ ജോലി ചെയ്യുന്ന ബംഗാളി കാരക്ക മരത്തില്‍ നിന്നും അടര്‍ത്തിയിടുന്ന കാരക്ക വാരി ചാക്കില്‍ കെട്ടുന്ന പണിയായിരുന്നു എനിക്ക്.

ഒരു ദിവസം പണി നിരീക്ഷിക്കാന്‍ വന്ന അറബിയുടെ പ്രീതി പിടിച്ചു പറ്റാന്‍  തീരുമാനിച്ച ഞാന്‍ പിന്നീട് ഒന്നും ആലോചിച്ചില്ല വലിയ ഒരു കാരക്ക മരം തന്നെ നോക്കി കൈകാലുകളുടെ വേദന നോക്കാതെ വലിഞ്ഞു കയറി


അറബി സന്തോഷം കൊണ്ടു തുള്ളി ചാടി ..... “ അല്‍ കുല്‍ .. വ ഹലാക്കീന്‍ .. ലില്‍  ... ഹംക്കീന്‍.... ഔ ജാഹിലൂന്‍..”


ഞാന്‍ താഴെ ഇറങ്ങാന്‍ കാത്തു നിന്ന അവന്‍ ഓടി വന്നു കെട്ടി പ്പിടിച്ചു സന്തോഷം കൊണ്ടു അവന്റെ നാറുന്ന വായയുടെ ആ ഒരു ഇതുപോലും ഞാന്‍ അറിഞ്ഞില്ല.


"നീ ആണെടാ യഥാര്‍ത്ഥ പണിക്കാരന്‍ ! നീ മിടുക്കനാണ് "


അറബി ഇതു പറയുമ്പോള്‍ ഇടം കണ്ണിട്ടു ഞാന്‍ ബംഗാളിയെ നോക്കി അവന്‍ ഏതാണ്ട് കളഞ്ഞു പോയ ബംഗാളിയെ പോലെ കുന്തിച്ചു നില്ക്കുന്നുണ്ടായിരുന്നെങ്കിലും എവിടെയോ ഒരു ചിരി ഒളിപ്പിച്ചു വച്ചപോലെയും എനിക്കു തോന്നി.


അറബി അനുമോദനം തുടര്‍ന്നു കൊണ്ടിരുന്നു " നീ മിടുക്കന്‍ തന്നെ. അതുകൊണ്ട് ഇന്നു മുതല്‍ കാരക്ക മരത്തില്‍ നീ കയറിയാല്‍ മതി ബംഗാളി കാരക്ക ചാക്കില്‍ പെറുക്കിയിടട്ടെ "


പിന്നീട് ബംഗാളിയുടെ മുഖത്ത് നോക്കാതെ തന്നെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു ചുണ്ടു കോട്ടിയുള്ള അവന്റെ ചിരിയുടെ പൊരുള്‍ !!!......................