മണ്ണെണ്ണവിളക്കിന്റെ നാളം എരിഞ്ഞടങ്ങിയപ്പോള്‍ തന്റെ മുന്നിലിരുന്ന പുസ്തകം അടച്ചുവച്ചശേഷം ജനലിലൂടെ അരിച്ചിറങ്ങിയ അരണ്ട നിലാവെളിച്ചത്തില്‍ തപ്പിത്തടഞ്ഞുകൊണ്ടയാള്‍ പതുക്കെ എഴുന്നേറ്റു ..
മുറിയുടെ ഒരു കോണില്‍ ഭദ്രമായടച്ചുവച്ച തകരപ്പെട്ടിയില്‍ നിന്നും കുറച്ചു ബീഡിക്കുറ്റികളും, മണ്ണെണ്ണവിളക്കിനുകൂട്ടായി വച്ചിരുന്ന തീപ്പെട്ടിയുമെടുത്തുകൊണ്ടയാള്‍ മെല്ലെ വീടിനു പുറത്തിറങ്ങി.
എങ്ങുനിന്നോ വീശിയടിക്കുന്ന തണുത്തകാറ്റില്‍ മഴവരുന്നതിന്റെ ധ്വനിയുണ്ടായിരുന്നെങ്കിലും ഓലക്കീറുകൊണ്ട് തന്റെ കുടിലിന്റെ വാതില്‍ മറച്ചുകൊണ്ടയാള്‍ ഇരുളിലൂടെ നടന്നു ...
ഏകദേശം ആറടിയോളം ഉയരമുള്ള അയാള്‍ക്ക് വയസ്സ് എഴുപതുകഴിഞ്ഞെങ്കിലും കണ്ണുകളിലെ തീക്ഷ്ണത മങ്ങിയിരുന്നില്ല ... സിരകളില്‍ നരബാധിച്ചിട്ടുണ്ടെങ്കിലും നല്ല ഉറച്ച ശരീരമായിരുന്നു അയാളുടേത്... വര്‍ഷങ്ങളായി അദ്ധ്വാനിച്ചു ജീവിച്ചതിന്റെ ക്ഷീണഭാവം അയാളില്‍ വ്യക്തമായിരുന്നു.
ഒറ്റക്കൈലി മാത്രമുടുത്തുകൊണ്ട് ഒരു മേല്‍മുണ്ടു പോലുമെടുക്കാതെ, വീശിയടിക്കുന്ന തണുത്തകാറ്റിനെപ്പോലും വകവെയ്ക്കാതെ ഈ പാതിരാകഴിഞ്ഞ നേരത്തെങ്ങോട്ടാണയാള്‍ പോകുന്നത്... ?
നല്ല നിലാവുള്ളതുകൊണ്ട് വഴി കണ്ടുപിടിക്കാന്‍ അയാള്‍ക്കു വല്ലാതെ ബുദ്ധിമുട്ടേണ്ടി വന്നില്ല .. കുറച്ചു ദൂരം ചെന്നപ്പോള്‍ തന്റെ മടിക്കുത്തിലൊളിപ്പിച്ചുവെച്ച കുറ്റിബീഡിയെടുത്തു ചുണ്ടില്‍ വെച്ചശേഷം കാറ്റിനോടു പൊരുതാനെന്നവണ്ണം തീപ്പെട്ടിയുരച്ചു ... ബീഡിക്കു തീകൊളുത്തുന്നതില്‍ അയാളുടെ വൈദഗ്ധ്യം തെളിയിക്കും വിധം അത്ഭുതകരമായയാള്‍ ബീഡി കത്തിച്ചുകൊണ്ട് രണ്ടുമൂന്നു കവിള്‍ പുക ഉള്ളിലേക്കെടുത്തശേഷം ആശ്വാസം വന്നപോലെ തന്റെ നടപ്പിനു വേഗം കൂട്ടി...
എങ്ങുനിന്നോ ഓരിയിടുന്ന പട്ടിയുടെ ശബ്ദമോ... രാത്രിയുടെ നിശബ്ദതയ്ക്കു ഭംഗം വരുത്തുന്ന മൂങ്ങയുടെ മൂളലോ ഒന്നും തന്നെ അയാളെ അലോസരപ്പെടുത്തിയില്ല. താനും ആ രാത്രിയുടെ ഒരു ഭാഗമാണെന്നവണ്ണം അയാളുടെ നടപ്പിനു വേഗം കൂടിക്കൂടിവന്നു..
വള്ളിക്കുടിലുകളും കടന്ന് വിജനമായ ഒരു സ്ഥലത്തെത്തിയപ്പോള്‍ ആരെയോ പ്രതീക്ഷിച്ചിട്ടെന്നവണ്ണം അയാള്‍ ചുറ്റും കണ്ണോടിച്ചുകൊണ്ടിരുന്നു . അങ്ങകലെയായി ഒരു നുറുങ്ങുവെട്ടം കണ്ടതും അയാള്‍ അതിനെ ലക്ഷ്യമാക്കി തന്റെ നടപ്പു തുടര്‍ന്നു .... വെട്ടത്തിലേയ്ക്കെത്താന്‍ പ്രതീക്ഷിച്ചതിലും ദൂരമുണ്ടെന്നു മനസ്സിലാക്കിയതുകൊണ്ടായിരിക്കണം അയാള്‍ അടുത്ത ബീഡിക്കുറ്റിക്കു തീ കൊളുത്തിയത്...
കാറ്റിനു വേഗതയേറിക്കൊണ്ടിരുന്നെന്നു മാത്രമല്ല ചാറ്റല്‍ മഴയും തുടങ്ങിയിരുന്നു .. ഉദിച്ചുനിന്ന നിലാവിനും മങ്ങല്‍ തുടങ്ങിയതൊന്നും അയാളില്‍ ചലനമുണ്ടാക്കിയില്ല...
തെല്ലകലെയായി കണ്ട വൈദ്യുത വിളക്കിന്റെ നുറുങ്ങുവെട്ടത്തിനടുത്തായയാളെ
അവിടെനിന്നും ഏതോ ഒരു വാഹനം ഓടിമറയുന്നതിന്റെ ശബ്ദം വ്യക്തമായി കേള്‍ക്കാമായിരുന്നു ....
വൈദ്യുതി വിളക്കില്‍ നിന്നും വരുന്ന വെളിച്ചത്തിനുമപ്പുറത്തായി ചപ്പുചവറുകള്‍ നിക്ഷേപിക്കാന്‍ ആരൊക്കെയോ കുത്തിയുണ്ടാക്കിയ മുഷിഞ്ഞ ഗന്ധം പരത്തുന്ന കുഴിയിലേക്കയാള്‍ ആയാസപ്പെട്ടിറങ്ങുമ്പോള്‍ അയാള്‍ക്കു മുന്‍പേ അവകാശം സ്ഥാപിച്ച ഏതൊക്കെയോ ജന്തുക്കള്‍ ഓടിമറഞ്ഞു....
വെളിച്ചം ശരിക്കും കുഴിയിലേക്കു പതിക്കും വിധം തെരുവുവിളക്കു സ്ഥാപിച്ചിരുന്നതുകൊണ്ട് അയാള്ക്ക് അന്നത്തേയ്ക്കുള്ള ഭക്ഷണം പൊതിഞ്ഞെടുക്കാനും മാത്രമല്ല ഏതാനും സിഗരറ്റു കുറ്റികളും ബീഡിക്കുറ്റികളുംകൂടി പെറുക്കിയെടുക്കാനും കഴിഞ്ഞു ....
അകലെയുള്ള പഞ്ചനക്ഷത്ര ഹോട്ടലിലെ നിശാക്ലബ്ബുകളില്‍ ഇനിയും വിളക്കുകളണഞ്ഞിരുന്നില്ല...
അയാള്‍ കുഴിയില്‍ നിന്നും ആയാസപ്പെട്ടു വലിഞ്ഞു കയറി പതുക്കെ തലയുയര്‍ത്തിയപ്പോള്‍ മുന്‍പില്‍ ഒരു രൂപം നില്‍ക്കുന്നു ... ഒരു നിലവിളി അയാളുടെ തൊണ്ടയില്‍ കുരുങ്ങിനിന്നു ... സൂക്ഷിച്ചു നോക്കിയപ്പോള്‍ പത്തിരുപത്തിമൂന്നു വയസ്സു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയാണതെന്നയാള്‍ക്കു മനസ്സിലായി .. അയാള്‍ തരിച്ചു നില്‍ക്കേ അവളയാളെ കെട്ടിപ്പിടിച്ചുകൊണ്ട് ഉച്ചത്തില്‍ നിലവിളിച്ചു .... “അച്ഛാ......”
അയാളവളെ സൂക്ഷിച്ചു നോക്കി .. അതെ തന്റെ ഇളയമകള്‍ ... അവളെത്ര വലുതായിരിക്കുന്നു ..... താന്‍ അന്നു നാടുവിട്ടു വരുമ്പോള്‍ അവള്‍ക്കു പത്തുവയസ്സു പ്രായം വരും ... ഇന്നവള്‍ വളര്‍ന്നു ഒത്ത ഒരു പെണ്ണായിരിക്കുന്നു...
“മോളെ ... നീ... നീയെങ്ങിനെ ... ഇവിടെ.. യെത്തി...” അയാളുടെ വാക്കുകള്‍ ഇടറിയിരുന്നു...
താന്‍ ജേര്‍ണലിസത്തിനു പഠിക്കുകയാണെന്നും , രാത്രിയുടെ മറവില്‍ മാലിന്യങ്ങള്‍ അശാസ്ത്രീയമായി പുറന്തള്ളുന്നത് വെളിച്ചത്തുകൊണ്ടുവരാനാണു രാത്രിയില്‍ ഇവിടെ വന്നതെന്നും അവള്‍ അയാളെ പറഞ്ഞു മനസ്സിലാക്കി ...
“അപ്പോള്‍ നീ തനിച്ചാണോ...?”
“അല്ല എന്റെ കൂടെ ക്യാമറാ മാനും ഉണ്ട് ...” അകലെ ഒരു ബൈക്കില്‍ ചാരി നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനുനേരെ കൈ ചൂണ്ടിക്കൊണ്ട് അവള്‍ തുടര്‍ന്നു “ മാലിന്യം തള്ളാന്‍ കൊണ്ടുവരുന്ന വണ്ടിയെ ഫോളോ ചെയ്തു വന്നതാ ഞങ്ങള്‍ ... മാലിന്യവണ്ടി പോയപ്പോള്‍ ഞങ്ങളും തിരിക്കാനിരുന്നതാ .... അപ്പോഴാ .. ഞാന്‍ .. അച്ഛനെ......” അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി ....
“എന്നാ ലും എനിക്കെന്റെ മോളെ ഒരു നോക്കു കാണാന്‍ കഴിഞ്ഞല്ലോ ... ചേച്ചിക്കും ചേട്ടനുമൊക്കെ സുഖമല്ലെ... ”
“ചേട്ടന്‍ സ്റ്റേറ്റ്സിലാ.... ചേച്ചി മെഡിക്കല്‍ കോളേജില്‍ ഡോക്ടറായി പ്രാക്റ്റീസു ചെയ്യുന്നു ... ”
അയാള്‍ പിന്നേയും എന്തോ ചോദിക്കാനായി തുനിയുകയും പിന്നെ ഒരു നെടുവീര്‍പ്പോടെ അതു വേണ്ടെന്നു വെക്കുകയും ചെയ്തു....
“അച്ഛനെ കണ്ട കാര്യം അമ്മയറിഞ്ഞാല്‍ ..... ” അവള്‍ വാക്കുകള്‍ മുഴുമിപ്പിച്ചില്ല.
“എനിക്കറിയാം മോളെ .... മോള്‍ക്കു തോന്നുന്നുണ്ടോ അച്ഛന്‍ നിങ്ങളോടു തെറ്റു ചെയ്തിട്ടുണ്ടെന്ന്?”
“ഇല്ല വേറെയാര്‍ക്കറിയില്ലെങ്കിലും എനിക്കറിയാം എന്റെയച്ഛനെ .... ”
*****
വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഒരു തിരുവോണദിനം പ്രവാസ ജീവിതം മതിയാക്കി അയാള്‍ നാട്ടിലെത്തിയിട്ടു അന്നത്തേയ്ക്ക് ഇരുപത്തിയെട്ടു ദിവസം കഴിഞ്ഞിരിക്കുന്നു. മരുഭൂമിയിലെ ചുടുകാറ്റിനും കുളിര്‍മയുണ്ടെന്നു അയാള്‍ക്കു തോന്നാന്‍ കാരണം ഒരുനാള്‍ പ്രിയപ്പെട്ടവരുടെകൂടെ ഇതേപോലെ നാട്ടില്‍ ഓണമാഘോഷിക്കുന്ന ദിനത്തെക്കുറിച്ചുള്ള കിനാവുകളായിരുന്നു.
എയര്‍ കണ്ടീഷന്‍ ചെയ്യാത്ത കുടുസുമുറിയില്‍ സ്വന്തമായുള്ള ആറടിക്കട്ടിലില്‍ തലചായ്ക്കുമ്പോള്‍ .. സ്വന്തം മണ്ണിലേക്കു തിരിച്ചുപോകുന്ന ദിനമായിരുന്നില്ലേ എന്നും സ്വപ്നം കണ്ടിരുന്നത് ....?
തിരുവോണത്തിനു കുട്ടികളോടൊപ്പമിരുന്നു സദ്യകഴിച്ചു വയറിലുമുപരി തന്റെ മനസ്സു നിറച്ചുകൊണ്ടയാള്‍ പുറത്തേക്കിറങ്ങുമ്പോള്‍ ഇളയമകളേയും കൂടെ കൂട്ടാന്‍ മറന്നിരുന്നില്ല...
പഴയ കൂട്ടുകാരുടെയെല്ലാം വീടുകളില്‍ ഒരു കൊച്ചു സന്ദര്‍ശനം നടത്തിയപ്പോഴേയ്ക്കും സന്ധ്യമയങ്ങിയിരുന്നു...
തിരിച്ചു വീട്ടിലെത്തിയപ്പോള്‍ അവിടമാകെ ബഹളം ... കുറേ ചെറുപ്പക്കാരും ചെറുപ്പക്കാരികളും കൂടിയിരിക്കുന്നു ..
“അവരെല്ലാം ചേട്ടന്റെയും ചേച്ചിയുടെയും ഫ്രണ്ട്സാ....” മകള്‍ അയാളുടെ ആകാം ക്ഷയ്ക്കു വിരാമമിട്ടു.
നേരെ വീട്ടിലേക്കു കയറിയപ്പോള്‍ അയാള്‍ക്കു പരിചയമില്ലാത്ത പലതുമവിടെ നടക്കുന്നതയാള്‍ക്കു കാണാന്‍ സാധിച്ചു ... കോളേജു പിള്ളേര്‍ മദ്യക്കുപ്പികള്‍ പൊട്ടിച്ചതയാള്‍ കാണാത്തപോലെ നടിച്ചെങ്കിലും ഒരുവന്‍ തന്റെ മകളുടെ കൈക്കു പിടിച്ചതയാള്‍ക്കു സഹിച്ചില്ല.
“ഛീ .. കൈ വിടെടാ...”
അയാളലറി
“ഹേയ് ... ഇയാളേതാ....” ഒരുവന്‍
“ങാ .. ഇതെന്റെ ഡാഡിയാ... അങ്ങേര്‍ക്കു വിവരമില്ലാ ... നീ ക്ഷമി ...” സ്വന്തം പെങ്ങളെ കയറിപ്പിടിച്ചവനോട് തന്റെ മകന്‍ പ്രതികരിച്ചതയാള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നതുകൊണ്ടുമാത്രമായിരുന്നില്ല തന്റെ മകന്‍ തനിക്കന്യനല്ലാ എന്നുള്ളതുകൊണ്ടുകൂടിയായിരുന്
പക്ഷേ ... അവനയാളെ പിടിച്ചുതള്ളുകയും ... പിന്നീടു പറഞ്ഞ തെറി വാക്കുകളയാള്‍ക്കു പുതുമയുള്ളതായിരുന്നു ..... അപ്പോഴാണു അയാളുടെ ഭാര്യ രംഗത്തുവന്നത് ...
“നീയിതു കണ്ടില്ലേ.....”
“കണ്ടു ഞാനെല്ലാം കണ്ടു .... ബോധമില്ലാത്ത നിങ്ങളുടെ പെരുമാറ്റം ഞാന്‍ കണ്ടു .... സ്വന്തം മക്കളെ കൂട്ടുകാരുടെ മുന്‍പില്‍ വെച്ചപമാനിച്ചിരിക്കുന്നു... നിങ്ങളുടെ പഴയ വൃത്തികെട്ട ജീവിതം പോലെയല്ല ഇന്നത്തെ പിള്ളേര്‍ ... ”
“നീയെന്താടീ പറഞ്ഞത് .. നമ്മുടെ മക്കള്‍ വഴിതെറ്റുന്നതിനെ ന്യായീകരിക്കുന്നോ ... ഇതിനാണൊ ഞാന്‍ ഗള്‍ഫില്‍ ചെന്നു ചോര നീരാക്കിയത്?.”
“ചോര നീരാക്കി പോലും .... ഇതേ എന്റെ പേരിലുള്ള വീടും സ്ഥലവുമാ ... ഇവിടെ എന്തു നടക്കണമെന്നു ഞാന്‍ തീരുമാനിക്കും .... നിങ്ങള്‍ ഗള്‍ഫില്‍ സുഖിച്ചു ജീവിച്ചിട്ട് എന്നുമൊരു കഷ്ടപ്പാടിന്റെ കഥപറയും ....... ഇതേ ഞാന്‍ പണിയിച്ച വീടാ ... പണമയച്ചുതന്നെന്നല്ലാതെ ... ഒരു വീടുപണിയിക്കുന്നതിന്റെയോ.. മക്കളെ വളര്‍ത്തുന്നതിന്റെയോ അദ്ധ്വാനമൊന്നും നിങ്ങള്‍ക്കറിയേണ്ടല്ലോ..... എന്നിട്ടിപ്പോ ഒള്ള ജോലിയും കളഞ്ഞു വന്നിരിക്കുന്നു..... മനുഷ്യനെ നാണം കെടുത്താന്‍ ”
അവള്‍ പറഞ്ഞതിനൊന്നുമയാള്‍ മറുപടി പറഞ്ഞില്ല....
അളവറ്റു സ്നേഹിച്ചിരുന്നവരുടെ സ്നേഹം പോലും അളന്നുതൂക്കിയതായിരുന്നെന്ന സത്യം എന്നും കൂടെയുണ്ടാവുമെന്നു കരുതിയ പത്നിയുടെ പേരിലെടുത്ത വീട്ടില്‍ നിന്നും ആട്ടിയിറക്കപ്പെട്ടപ്പോള്‍ അയാള്‍ക്കു മനസ്സിലായി... സ്വന്തം കുഞ്ഞുങ്ങളുടെ മനസ്സു പോലും വെറുത്തുപോകത്തക്കവണ്ണം എന്തു തെറ്റാണു താന്‍ ചെയ്തതെന്നയാള്‍ക്ക് ഇന്നും അജ്ഞാതമാണ്‍്.
അവര്‍ക്കുണ്ണാനുമുടുക്കാനുമുള്ള വകതേടി കടല്‍ കടന്നതും, പൊരിവെയിലത്തു എരിയുന്ന വയറ് മുറുക്കിക്കെട്ടി പണിയെടുത്തതും, പ്രിയപ്പെട്ടവരുടെ ജീവിതം ഒന്നൊന്നായി രക്ഷപ്പെടുത്തിയതും അയാളിലൂടെ ഒരു മിന്നല്‍ കണക്കെ കടന്നുപോയി...
ഒടുവില്‍ അവസാനമായിട്ടൊന്നു വിശ്രമിക്കാന്‍ ,സ്വന്തം നാടിന്റെ ഗന്ധമേറ്റുറങ്ങാന്‍ എല്ലാമവസാനിപ്പിച്ചു മടങ്ങിയ തനിക്കു എല്ലാമുണ്ടെന്നു കരുതിയ താന്‍ വിഡ്ഢിയാവുകയായിരുന്നു .... വിയര്‍പ്പുതുള്ളികളുടെ ഫലം മറ്റുള്ളവരുടെ പേരില്‍ ഉരുക്കൂട്ടിവെച്ചപ്പോള്‍ അതവര്‍ക്കു സ്വന്തമായിത്തീര്‍ന്നിരുന്നു.
മാസാമ്മാസം പണമയക്കാന്‍ കഴിയാത്ത, പച്ചയായ മനുഷ്യനുനല്‍കാന്‍ ഇവിടെ ഒരു പുഞ്ചിരിപോലുമില്ലെന്നു മനസ്സിലാക്കിയ അയാള്‍ അങ്ങകലേയ്ക്കു നടന്നകലുകയായിരുന്നു.
ആത്മഹത്യചെയ്യാന്മാത്രം ഭീരുവല്ലാത്തതുകൊണ്ട് ആളൊഴിഞ്ഞ കോണിലെ കുടിലില്‍ അയാള്‍ ഇന്നും ജീവിക്കുന്നു... ആരോടും കൈ നീട്ടാതെ ... ആരേയും വേദനിപ്പിക്കാതെ....
അകലെ നക്ഷത്രഹോട്ടലുകളില്‍നിന്നും പുറം തള്ളുന്ന ഉച്ചിഷ്ടവും ഏതാനും മുറിയന്‍ ബീഡികളും അയാള്‍ക്കു ജീവിക്കാന്‍ ധാരാളം !!
*******
‘എന്താ അച്ഛാ ആലോചിക്കുന്നത്?’ എന്ന മകളുടെ ശബ്ദമാണയാളെ ചിന്തയില്‍ നിന്നുമുണര്‍ത്തിയത്
“ഒന്നുമില്ല....ഓരോന്നോര്ക്കു
അച്ഛനെയും കൊണ്ടേ താന്‍ പോകുമെന്ന അവളുടെ വാക്കുകള്‍ അയാള്‍ കേട്ടില്ലെന്നു നടിച്ചു
“അച്ഛന്‍ വരുന്നില്ല ... മോള്‍ക്ക് അച്ഛനെ കാണണമെന്നു തോന്നുമ്പോള്‍ ഇവിടെ വന്നാല്‍ മതി .. അച്ഛനിവിടെ മനസ്സമാധാനത്തോടെയാണു ജീവിക്കുന്നത് ... ”
ഇത്രയും പറഞ്ഞുകൊണ്ട് തിരിച്ചു തന്റെ കുടിലിനെ ലക്ഷ്യമാക്കി നടക്കുമ്പോള്‍ അറിയാതെ വിതുമ്പിപ്പോയ അയാളുടെ കവിളിലൂടെയൊലിച്ചിറങ്ങിയ കണ്ണുനീരൊപ്പാന്‍ മഴ ശക്തിയായി പെയ്തുതുടങ്ങിയിരുന്നു.