Monday, September 29, 2008

ടിന്റുമോന്റെ നാല്പതാം വയസ്സ് ...


ന്റെ കയ്യിലും കാലിലും എന്നുവേണ്ട ശരീരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഒട്ടിപ്പിടിച്ച മൂട്ടക്കുട്ടന്മാരെ സഹതാപത്തോടെ നോക്കിക്കൊണ്ട്‌ ടിന്റുമോൻ മൊഴിഞ്ഞു .
" പ്രിയപ്പെട്ട സഹജീവികളേ കിടക്കയിലെ മൂട്ടക്കുട്ടന്മാരെ നിങ്ങൾ ഇനി അപ്പുറം ചുരുണ്ട്‌ മൂടികിടക്കുന്ന കോലാപ്പ്‌ ഇ അവറാൻ, പെൻസിൽ ചാത്തുക്കുട്ടി തുടങ്ങിയ മഹത്‌ വ്യക്തികളുടെ രക്തങ്ങളും കുടിച്ചു പ്രിശീലിക്കണം. ഓ​‍ാ... നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അത്‌ രകതമല്ലല്ലോ "
ടിന്റുമോന്റെ സൂക്തങ്ങൾ ക്ഷമയോടെ ശ്രവിക്കുന്ന മൂട്ടക്കുട്ടന്മാർ തങ്ങൾക്കെന്തോ ആപത്ത്‌ വരാൻ പോകുന്നു എന്ന സൂചന തള്ളിക്കളയുന്നില്ലേങ്കിലും ടിന്റുമോന്റെ പഞ്ചസാര -കം- കൊളസ്ട്രോൾ നിറഞ്ഞ ചുവന്ന പാനീയം ആവോളം നുകരുകയാണ്‌
ടിന്റുമോൻ തന്റെ മഹത്‌ വചനങ്ങൾ തുടർന്നു
" കോഴി ബിരിയാനി , തന്തൂരിച്ചിക്കൻ ( ചങ്കൂരി) , നെയ്ച്ചോർ , മട്ടന്മസാല, തനി കോഴിക്കോടൻ ഹലുവ , മത്തിക്കറി, ഓ.ഏ.ബി സോറി കെ.എഫ്‌.സി ചിക്കൻ ബ്രോസ്റ്റഡ്‌, ചുട്ട കോഴി, പുഴുങ്ങിയ ഒട്ടകം, ചാവു കഴിച്ച പോത്തിറച്ചി.. എക്സ്ട്രാ.... എക്സ്ട്രാ... കഴിച്ച്‌ കഴിച്ച്‌ കൊഴുത്തിരിക്കുന്ന എന്റെ രക്തത്തിനെ ചക്കരക്കള്ള്‌ എന്ന ഓമനപ്പേരിൽ വിളിക്കുമ്പോൾ ഒണക്കക്കുബ്ബൂസ്‌ , പച്ചയായ വെള്ളം , അതിലും പച്ചയായ മോരുകറി കം നാടൻ കഞ്ഞി കുടിച്ച്‌ ബിരിയാനി കഴിക്കാനുള്ള ആഗ്രഹത്തെ പച്ചക്ക്‌ കുഴിച്ചുമൂടിയിട്ട്‌ കിട്ടുന്ന പണം ചാകുമ്പോൾ ശവപ്പെട്ടി അലങ്കരിക്കാൻ കരുതിവെക്കുന്ന ( വെട്ടിയിട്ട കൈക്ക്‌ ശകലം ഉപ്പെടുത്തിട്ട്‌ പുളി വരുത്താൻ മടിക്കുന്ന എന്നു സാരം) അവറാന്റെയും , ചാത്തുക്കുട്ടിയുടെയും രക്തത്തെ കാടിവെള്ളം എന്ന്‌ വിളിക്കുന്നത്‌ കുറച്ചു കടന്നുപോയില്ലേ എന്നെനിക്കു സംശയമില്ലാതില്ല...."
ഇത്രയും പറഞ്ഞ്‌ തിരിഞ്ഞു നോക്കിയ ടിന്റുമോൻ കണ്ടത്‌ ശ്രോതാക്കളായ സകല ശ്രോതാക്കളും രക്തം കുടിച്ച ലഹരിയിൽ ലക്കുകെട്ടുറങ്ങുന്നതാണ്‌
അതുകൊണ്ടുതന്നെ തൽക്കാലം തന്റെ വാക്കുകൾ ഉപസംഹരിച്ച ടിന്റുമോൻ പുതപ്പിനുള്ളിലേക്കു വലിഞ്ഞമർന്ന്‌ സയ്‌ലൻസറൊടിഞ്ഞുപോയ യമഹ പോലെ കൂർക്കം വലിച്ചു തുടങ്ങി .ഇനി നമുക്ക്‌ ടിന്റുമോനെ പരിചയപ്പെടാം. എന്നിട്ടു കഥയിലേക്കു വടിയും കുത്തി ഇറങ്ങാം.
വയസ്സു നാൽപ്പത്‌ കഴിഞ്ഞവനും ഒണക്കപ്പാറ രാജ്യത്തിലെ ( പഞ്ചായത്ത്‌ എന്നു ചുരുക്കിയും പറയാം) ഒരേ ഒരു ഏക പ്രവാസിയുമായ വിദേശി . നാട്ടുകാരായ നാട്ടുകാരുടെ കണ്ണിലെ ഉണ്ണിയപ്പം . നാട്ടിലെ പരിഷ്കാരികളുടെ വിദേശകാര്യ സെക്രട്ടറി, നാട്ടിലെ സുന്ദരിക്കോതകളുടെ മനസ്സിലെ ചന്തുച്ചേകവർ ഇങ്ങനെ നീണ്ടു നീണ്ട്‌ എക്സ്പ്രസ്സ്‌ ഹൈവേയും മൂന്നാറും ഒക്കെ കടന്നു പോകുന്നു ടിന്റുമോന്റെ വിശേഷണങ്ങൾ.
പിന്നെ മറ്റൊരു കാര്യം ഗൾഫിൽ വന്ന്‌ പ്രയാസ ജീവിതം നയിക്കുന്നതിനു മുൻപ്‌ ടിന്റുമോന്റെ പേരിൽ ചെറിയ ഒരു മാറ്റമുണ്ടായിരുന്നു. പി.കെ.കാദറുകുട്ടി എന്ന യഥാർത്ഥ പേരും ഗൾഫുകാരന്റെ പത്രാസും ഇണകളായി മുൻപോട്ടു പോകാൻ മടിച്ചപ്പോൾ ഇഷ്ടൻ പേരങ്ങു മാറ്റി മോഡേൺ പേരായ ടിന്റുമോൻ എന്ന പേരു സ്വീകരിക്കുകയായിരുന്നു.
എന്നാലും നാട്ടിൽ ചെന്നാൽ വിവരമില്ലാത്ത ചില പഹയന്മാരും , പഹയികളും കാദറേ .. കാദറേ എന്നു വിളിയ്ക്കും. അതുകേൾക്കുമ്പോൾ ചൊറിയുന്ന ചൊറിച്ചിൽ പല്ലുകൾ തമ്മിൽ ഇടിപ്പിച്ചങ്ങു സഹിക്കും പാവം നമ്മുടെ ടിന്റുമോൻ. ( നാട്ടിലെ പഹയന്മാർക്കും , പഹയികൾക്കുമറിയില്ലല്ലോ കാദർ എന്ന നാമം ചൊറിച്ചിലുണ്ടാക്കുന്ന കുന്ത്രാണ്ടമാണെന്ന്‌!! അവരുടെ അഭിപ്രായത്തിൽ വളരെ നല്ല ഒരു പേര്‌ അത്രമാത്രം )
ഇതാണ്‌ ടിന്റുമോനെക്കുറിച്ചുള്ള ഒരു ഏകദേശരൂപം . ബാക്കി നമുക്ക്‌ വഴിയേ മനസ്സിലാക്കാം.
അങ്ങിനെ നമ്മുടെ ടിന്റുമോൻ അന്നു വെളുപ്പിന്‌ കോഴികൂവുന്നതിനു മുൻപേ ആ തീരുമാനവുമെടുത്തു. ഈ പെരുന്നാളെങ്കിലും നാട്ടിൽ വച്ചു ആഘോഷിക്കണം.
ഇവിടെ പെരുന്നാൾ ദിവസം നാട്ടിലെ കപ്പയും മത്തിയും സ്വപ്നംകണ്ടുറങ്ങുന്ന വയസ്സു നാൽപതു കഴിഞ്ഞ ടിന്റുമോനെ കൂട്ടുകാർ "ഇന്ന്‌ പെരുന്നാളാണ്‌ പള്ളിയിൽ പോകുന്നില്ലേ ന്റെ ടിന്റുവേ ...." എന്നു ചോദിച്ച്‌ കുലുക്കി വിളിക്കും.
പെരുന്നാളിനെങ്കിലും ഒന്നു കുളിക്കണ്ടേ എന്ന പഴമൊഴി ഏതോ പുതിയ ബ്ലോഗർ പുതുക്കിപ്പറഞ്ഞത്‌ കേട്ടിട്ടുള്ള ടിന്റുമോൻ , കുളി, പല്ലിനെ ബ്രഷിട്ടു നോവിക്കൽ എല്ലാം കഴിച്ച്‌ പള്ളിയിൽ പോകും.
പള്ളിയിൽ സ്ഥലമില്ലാത്ത കാരണം (പെരുന്നാളിന്‌ സകല കലാ വല്ലഭന്മാരും പള്ളിയിൽ വരും) റോട്ടിൽ തുണി വിരിച്ച്‌ നിസ്കരിച്ച്‌ തിരിച്ച്‌ ർർർറൂമിൽ വന്നു കിടന്നുറങ്ങും. ഇവിടുത്തെ പെരുന്നാൾ ഇതിൽ കഴിഞ്ഞു .വല്ലതും കഴിച്ചെങ്കിലായി അല്ലെങ്കിൽ അതും ഉറക്കത്തിന്റെ കൂടെ കൂട്ടിക്കെട്ടും .
ഇങ്ങനെ പെരുന്നാളുകൾ പലതും ഉറക്കത്തിന്റെകൂടെ വടിയും കുത്തിപ്പോയപ്പോഴാണ്‌ ടിന്റുമോന്‌ ഒരു പെരുന്നാളെങ്കിലും നാട്ടിൽ പൊടി പൊടിക്കണം എന്നു തോന്നിയതും തോന്നൽ തോന്ന്യാസിയായ അറബിയുടെ മണ്ടയിലെത്തിച്ചതും മണ്ടൻ അറബി ലീവനുവദിച്ചതും അങ്ങിനെ ടിന്റുമോൻ പെരുന്നാളിനു രണ്ടു ദിവസം മുൻപ്‌ തന്നെ നാട്ടിലെത്തണം എന്നു തീരുമാനിച്ചതും .
വീട്ടുകാരെയും നാട്ടുകാരെയും അറിയിക്കാതെ പെട്ടന്നങ്ങു കടന്നു ചെല്ലാം ലതിലും ഒരു ത്രില്ലുണ്ടെന്നു മനസ്സിലാക്കിയ ടിന്റുമോൻ അത്യാവശ്യം ചില കൂട്ടുകാരോട്‌ മാത്രം പറഞ്ഞ്‌ തടി തപ്പാൻ തീരുമാനിച്ചു.
അങ്ങിനെ ആ ദിവസവും വന്നു മൂട്ടക്കുട്ടന്മാരെ പിരിയുന്ന ദിവസം. മൂട്ടക്കുട്ടന്മാർ വാവിട്ടു കരഞ്ഞു. ചില കുട്ടന്മാർ അടക്കംകൊടുക്കാൻ കഴിയാത്ത കരച്ചിലുമായി അടുത്ത ർർറൂമുകളിലേക്ക്‌ അടക്കമില്ലാതെ ഇടിച്ചുകയറി.
ടിന്റുമോന്റെ കൂട്ടുകാർ ചേർന്ന്‌ നാട്ടിലേക്കുള്ള പെട്ടി കെട്ടി . കൂട്ടത്തിൽ അവരുടെ വക പൊട്ടിയ ചട്ടി, ചീഞ്ഞ കുബ്ബൂസ്‌ എന്നിവ കടത്തി വെക്കാനും മറന്നില്ല.
നാൽപത്‌ കിലോയിൽകൂടിയാൽ എയർ ഇന്ത്യ കാശ്‌ അധികം വാങ്ങിക്കും എന്ന ബോധമുള്ളവനും അവൻ നാട്ടിൽപോകുമ്പോൾ ഒരു അത്തറിന്റെ കുപ്പി കൊണ്ടുപോകാൻ പറഞ്ഞപ്പോൾ അതിന്റെ ഭാരത്തെപ്പറ്റി വാചാലനായവനുമായ അയൽക്കാരൻ ബീരാൻ അവന്റെ വീട്ടിൽ കൊടുക്കാൻ കൊണ്ടുവന്നത്‌ പത്തുകിലോയുടെ സോപ്പ്‌ പൊടി (അവന്റെ ബാപ്പയ്ക്ക്‌ നാട്ടുകാരെ മുഴുവൻ അലക്കി വെളുപ്പിക്കാനായിരിക്കും എന്നത്‌ മനസ്സിൽ മാത്രം പറഞ്ഞു). അവന്റെ അളിയന്റെ മൂത്താപ്പയ്ക്ക്‌ ഒരു പാക്കറ്റ്‌ കാരക്കയും ( അങ്ങേര്‌ കാരക്ക കിട്ടാഞ്ഞിട്ട്‌ പട്ടിണി കിടന്നു മരിക്കാറായിക്കാണും പാവം)
ഇത്രയും ബീരാനും , കൂട്ടത്തിൽ ബാക്കി സഹപ്രവർത്തകരും കൂടി സഹകരിച്ചപ്പോൾ കിലോ എഴുപത്തഞ്ചിലും കവിഞ്ഞു.( അവനവനെക്കൊണ്ട്‌ ചെയ്യാൻ കഴിയുന്നതല്ലേ ചെയ്യാൻ കഴിയൂ)
അങ്ങിനെ മൂട്ടക്കുട്ടന്മാരുടെ നിലവിളി വകവെയ്ക്കാതെ പെട്ടികളും തന്റേതല്ലാത്ത ഭാരങ്ങളും താങ്ങി ഒരു വിധം റിയാദ്‌ എയർപ്പോർട്ടിലെത്തി.
കയ്യിൽ കരുത്തിയ കാശിന്റെ ഒരു ഭാഗം അവിടെ ലഗ്ഗേജിനു കൊടുത്തപ്പോൾ തന്റെ പൂർവ്വ്വ്വ്വ കാമുകിയെക്കുറിച്ച്‌ പോസ്റ്റിട്ടപ്പോൾ വീട്ടിൽ പുകഞ്ഞ 'പൊഹ' കണ്ട ബ്ലോഗറെപ്പോലെ ടിന്റുമോൻ ആഞ്ഞൊരു നെടുവീർപ്പിട്ടു.
പിന്നീട്‌ നമ്മുടെ വീമാനത്തിനായുള്ള കാത്തിരിപ്പായിരുന്നു.
അപ്പോഴാണ്‌ പാറയോട്‌ ചിരട്ട ഗുസ്തിപിടിക്കുന്നത്പോലെയുള്ള ഒരു ശബ്ദം കേട്ടത്‌.
" പ്രിയപ്പെട്ട നാട്ട്കാരെ മലയാളി സകോതരൻ മാരെ "
കറുത്ത്‌ തടിച്ച ഒരു മനുഷ്യൻ അലറുകയാണ്‌
" ഞമ്മളെ വിഇമാനം ബരാന്‍ ഇനിയും പത്ത് മണിക്ക്‌ൂര്‍ കയിയുമെന്നാണ് കേള്‍ക്കുന്നത് അതിനാല്‍ ആര്ക്കെന്കിലും കാപ്പി ബേണമെങ്കിൽ ഇപ്പോ ബാങ്ങണം കൊറച്ചു കയിഞ്ഞാ പച്ച ബെള്ളം കിട്ടൂല്ലാ
സമയം രാത്രിയാണ്‌ എയറിന്ത്യ ചതിയനും, വഞ്ചകനും, ദുഷ്ട ശിരോമണിയുമാണെന്നെല്ലാർക്കുമറിയാം.അതുകൊണ്ടു തന്നെ അതുവരെ സ്വപ്നം കണ്ടിരുന്നവരെല്ലാം കാപ്പിക്കച്ചവടക്കാരന്റെ വാക്കിനു പിന്നാലെ ചെന്ന്‌ . അഞ്ചുറിയാൽ വിലയുള്ള കാപ്പി പത്തുറിയാലിൽ ഒരു പൈസാ കുറയ്ക്കില്ലാ എന്ന കാപ്പിക്കാരന്റെ വാശിക്കുമുൻപിൽ കീഴടങ്ങി.
നമ്മുടെ ടിന്റുമോൻ അനങ്ങിയില്ല . പത്തുറിയാലെന്നാൽ നാട്ടിലെ നൂറ്റി ഇരുപത്‌ രൂപയ്ക്കടുത്ത്‌ വരും നാട്ടിൽ ചെന്നാൽ എത്ര കാപ്പി കുടിക്കാം എന്ന ചിന്തയിൽ പുളകിതനായിരിക്കുകയാണ്‌ ടിന്റു.
കാപ്പിക്കാരന്റെ കാപ്പിപ്പെട്ടകം കാലി. പെട്ടന്ന്‌ എയറിന്ത്യാ യാത്രികൾ യാത്രയ്ക്കൊരുങ്ങാനുള്ള വിളിയാളവും വന്നു. യാത്രികൾ ധ്യാനത്തിൽനിന്നുമുണർന്നു ചുറ്റും നോക്കി.
യാത്രക്കാർ പത്തുമണിക്കൂർ വിമാനം വൈകും എന്നു പറഞ്ഞു പറ്റിച്ച കാപ്പിക്കാരനുവേണ്ടി പരതിയപ്പോഴേക്കും അയാൾ, താൻ എക്സ്പ്രസ്സ്‌ ഹൈവേയുടെ സൈഡിൽ വിലപറഞ്ഞുറപ്പിച്ച പത്തു സെന്റും സ്വപ്നംകണ്ട്‌ എപ്പഴേ മുങ്ങിയിരുന്നു.
വിമാനത്തിലെത്തി പതിവുപോലെ ടിന്റുമോനെയും മറ്റു യാത്രക്കാരെയും വിമാനത്തിലെ അമ്മച്ചിമാർ സ്വീകരിച്ചിരുത്തി.
മുൻപിലെ സീറ്റിലിരിക്കാൻ ഓടിയ ടിന്റുമോനെ വീമാനത്തിന്റെ ഡ്രൈവർ കണ്ണുരുട്ടിപ്പേടിപ്പിച്ചത്കൊണ്ട്‌ അമ്മൂമ കാണിച്ചു തന്ന ഒരു സീറ്റിൽ കരച്ചിലടക്കി ഇരുന്നു.
അങ്ങിനെ കോഴിക്കോട്‌ വിമാനത്താവളത്തിൽ പറന്നു വീണ വിമാനത്തിൽ നിന്നും ചാടിയിറങ്ങി ഓടിയ ടിന്റുമോനെ ആരൊക്കെയോ പൊക്കിയെടുത്ത്‌ ബസ്സിൽ കയറ്റി ( നടക്കാവുന്ന ദൂരം ആവേശം മൂത്ത്‌ ഓടരുത്‌ എന്ന മഹാസത്യം നമ്മുടെ ടിന്റുവിനറിയില്ലല്ലോ).
കസ്റ്റംസും പണ്ടാരടങ്ങലും എല്ലാം കഴിഞ്ഞ്‌ വിയർത്ത്‌ കുളിച്ച്‌ എയർപ്പോർട്ടിനു പുറത്തിറങ്ങിയ ടിന്റുമോൻ ടാക്സിവിളിക്കാൻ ചെന്നു.
ടാക്സിവേണം എന്നു പറഞ്ഞതും ടാക്സിക്കാരൻ ചേട്ടൻ അട്ടം പൊട്ടി നിലം പതിച്ച തേങ്ങാക്കൂട്ടത്തിന്റെ ഒച്ചപോലെ പൊട്ടിപ്പൊട്ടിച്ചിരിച്ചു.
ടിന്റുമോൻ ചിന്തിച്ചു പോയി ഇനി ടാക്സി എന്ന വാക്ക്‌ എയർപ്പോർട്ട്‌ രാജ്യത്ത്‌ മോഹൻലാൽ ചേട്ടൻ പറഞ്ഞപോലെ വല്ല മുത്ത്ഗൗവ്‌ എന്ന അർത്ഥവും വരുന്നതാണൊ?!!!!!!
ടാക്സിച്ചേട്ടൻ ചിരി നിർത്തി ടിന്റുവിന്റെ നേരെ പല്ലിളിച്ചുകൊണ്ട്‌ പറഞ്ഞു .
" താനേതു നാട്ടുകാരനാണെടോ ? ഇത്‌ കേരളമാ കേരളം അതിന്‌ പല തഴക്കവും പഴക്കവും ഒക്കെയുണ്ട്‌ .. ഇന്ന്‌ ഞങ്ങൾ കേരളീയരുടെ നിത്യോത്സവമായ ഹർത്താലാണ്‌"
ഒണക്കപ്പാറ രാജ്യത്ത്‌ പെട്ടിയും തൂക്കി വന്നിറങ്ങുന്നതിന്റെ ഗമ ( സ രി ഗ മ അല്ലാ കെട്ടോ) മനസ്സിൽ കണ്ട ടിന്റുമോന്റെ മനസ്സിൽ ഒരു പന്നിപ്പടക്കം തന്നെ പൊട്ടിവീണു.
വാഹനമോടണമെങ്കിൽ വൈകീട്ട്‌ ആറുമണി കഴിയണം പോലും. ടിന്റു സങ്കടത്തോടെ തന്റെ അരുമകളായ മൂട്ടക്കുട്ടന്മാരെ ഓർത്തുപോയി.
കൊണ്ടുവന്ന പെട്ടികളുടെ കൂമ്പാരത്തിനു മുകളിൽക്കിടന്ന്‌ ടിന്റു ഉറങ്ങിപ്പോയി .
**************
ആരോ തട്ടി വിളിച്ചപ്പോൾ ഉണർന്ന ടിന്റു ഒരു വിധം ഏതോ ഒരു ടാക്സിയിൽ കയറിപ്പറ്റി. നട്ടപ്പാതിരയ്ക്ക്‌ നാട്ടിലിറങ്ങി , കൊണ്ടുവന്ന പെട്ടികൾ നാലാളുകളെ കാണിക്കാത്തതിലുള്ള ദുഃഖം അടക്കിനിർത്തി വീട്ടിൽ ഇറക്കിവെച്ചു.
ഫാദർ വിത്ത്‌ മതർ പിന്നെ അര ഡസൺ അനിയൻ അനിയത്തിമാരും ടിന്റുമോനെ സ്വീകരിച്ചിരുത്തി. എല്ലാവരുടെയും മുഖങ്ങളിൽ അഞ്ചുവർഷങ്ങൾക്കൊണ്ട്‌ മാറിയ മാറ്റങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുമ്പോൾ ആചടങ്ങും സംഭവിച്ചു.
അതുവരെ ചിരിച്ചു കത്തി നിന്ന കറണ്ട്‌ കാശിക്കുപോയി.
" കരണ്ട്‌ പോയാ എനി നേരം ബെളുക്കുമ്പം വന്നെങ്കിലായി " എന്ന ഉമ്മയുടെ വാക്കുകൾ മൂട്ടക്കുട്ടന്മാരെക്കുറിച്ചുള്ള ഓർമ്മകൾ വീണ്ടും കുത്തിയുണർത്തി.
സമയങ്ങൾ കടന്നുപോയി . രാവു പകലിന്റെ വരവുകണ്ട്‌ എങ്ങോ ഓടി മറഞ്ഞു.
അങ്ങിനെ ആ ദിവസവും വന്നു പെരുന്നാളിന്റെ തലേ ദിവസം.
കൃത്രിമ മെയിലാഞ്ചിയിടുന്ന കുട്ടികളും , ആശംസകളുടെ പോസ്റ്ററുകൾ പാർട്ടി തിരിച്ച്‌ കളറുകൾ മാറ്റി പതിക്കുന്ന മുതിർന്നവരും എല്ലാം നിറഞ്ഞ പെരുന്നാൾ രാവിനു കൊഴുപ്പു കൂട്ടാൻ പതിവുപോലെ പവർക്കട്ടുമുണ്ടായിരുന്നു കൂട്ടിന്‌.
നാട്ടിലെ ഏക ഗൾഫുകാരൻ ടിന്റുമോൻ വന്നതറിഞ്ഞ്‌ വീട്ടിൽ തടിച്ചു കൂടിയ ജനങ്ങൾ അദ്ധേഹത്തിന്റെ അനുഗ്രഹം കിട്ടാനായി തിക്കും തിരക്കും കൂട്ടി.
അവസാനം ടിന്റുവിന്റെ അനിയന്മാർ ചേർന്ന്‌ അവിടെ ഒരു ക്യൂ സിസ്റ്റം കൊണ്ടുവരികയായിരുന്നു. അനുഗ്രഹം വരിവരിയായി വാങ്ങി നാട്ടുകാർ സന്തോഷത്തോടെ നടന്നു നീങ്ങിക്കൊണ്ടിരുന്നു. ടിന്റുമോൻ വിയർത്തു കുളിച്ചു .
അപ്പോഴാണ്‌ ആൾക്കൂട്ടത്തിൽനിന്നും ആരോ ഉറക്കെ വിളിച്ചതു
" കാദറേ .. ഗൾഫിൽ സുഹമാണോ..."
ഇതുകേട്ടതും ടിന്റുമോൻ എന്ന പി.കെ.കാദറുകുട്ടി തന്റെ സ്വന്തം നാവ്‌ കടിച്ചു പിടിച്ച്കൊണ്ട്‌ കാദറുകുട്ടി എന്ന പേര്‌ തനിക്കു സമ്പാദിച്ചു തന്ന സ്വന്തം പിതാജിയേയും മാതാജിയേയും തുറിച്ചുനോക്കി.
അവർ ഞങ്ങളീ നാട്ടുകാരേ അല്ലേ എന്ന നിലയിൽ കുന്തിച്ചിരുന്നു.
ക്ലോക്കിന്റെ സൂചികൾ വട്ടത്തിൽ പരക്കം പാഞ്ഞു. നേരം വെളുത്തു. എങ്ങും പെരുന്നാളിന്റെ നിശബ്ദത നിറഞ്ഞു നിന്നിരുന്നു. പണ്ടത്തെപ്പോലെ കലപിലകൂട്ടുന്ന കുട്ടികളില്ല , ഇന്നത്തെ കുട്ടികൾ ഗൗരവമുള്ള ചിന്തകരാണ്‌. ചെറുപ്പക്കാർ പുതിയ സിനിമയ്ക്ക്‌ പോകാനുള്ള ചിന്തയിലാണ്‌ ( താര രാജാക്കന്മാരുടെ പടത്തിന്റെ പേരുപറഞ്ഞ്‌ തമ്മിൽ തമ്മിൽ കണ്ണുരുട്ടിപ്പേടിപ്പിക്കുന്നു) . വയസ്സന്മാരും വയസ്സികളും ഒന്നും മിണ്ടാനില്ലാതെ അന്യരെപ്പോലെ കുത്തിയിരിക്കുന്നു.
സമയമായപ്പോൾ എല്ലാവരും പള്ളിയിൽപോയി ടിന്റുമോനും വച്ചുപിടിച്ചു.
നമസ്കാരം തുടങ്ങിയ കർമ്മങ്ങൾ ചടങ്ങുപോലെ കഴിഞ്ഞു. തിരക്കുള്ള ആൾക്കൂട്ടം നാനാ ദിക്കിനെ ലക്ഷ്യമാക്കി അകന്നുപോയി.
ടിന്റുമോൻ വീട്ടിൽ വന്നു പെരുന്നാൾ സ്പേഷ്യൽ ഫുഡ്കഴിച്ചു. കഴിച്ചു തിരിഞ്ഞു നോക്കിയതും വീട്ടിൽ ഒരു ജീവിയേയും കാണാനില്ല.
അനിയന്മാർ പെരുന്നാൾ ടൂറിനുപോയി , അനിയത്തിമാർ വിരുന്നിനുപോയി, മാതാജി പരദൂഷണം വാർത്തകൾ അപ്ഡേറ്റു ചെയ്യാൻ പോയി, ബാക്കിയായ പിതാജി മകൻ കൊണ്ടുവന്ന ടീഷർട്ടും കാൽശരായിയുമിട്ട്‌ കിളവന്മാർക്കിടയിൽ പത്രാസുകാണിക്കാനും പോയപ്പോൾ , നമ്മുടെ ടിന്റുമോൻ വീട്ടിൽ തികച്ചും ഒറ്റപ്പെട്ടു.
വിയർപ്പിൽ മുങ്ങിയകാരണം കൊതിയോടെ ഫാനിന്റെ സ്വിച്ചിൽ കുത്തിയപ്പോൾ കറണ്ടുമില്ലാ എന്ന സത്യവും മനസ്സിലായി.
ഉറക്കം വരാതെ വിയർത്ത്‌ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ വീണ്ടും ടിന്റുമോന്റെ മനസ്സിൽ ഓടിയെത്തിയത്‌ ഗള്‍ഫില് പെരുന്നാൾ ദിവസത്തിലെ മൂട്ടക്കുട്ടന്മാരോടൊപ്പമുള്ള എല്ലാം മറന്നുള്ള ഉറക്കമായിരുന്നു.
അങ്ങിനെ നാട്ടിൽ പെരുന്നാളു കൂടണം എന്ന ടിന്റുമോന്റെ ആഗ്രഹവും സഫലമായി.
ഏവർക്കും ഈദ് ആശംസകള്‍ .

Saturday, September 20, 2008

നോമ്പ് (ഹൈദര്‍ മകന്‍ നാസര്‍ വക)!!


" ടാ നാസറേ ........ ന്റെ പടച്ചോനെ നോമ്പ്‌ തൊറക്കാൻ നേരത്ത്‌ ഇവനിതെവടേ ?"

കുഞ്ഞീവി കിടന്ന് ഒച്ചവച്ചിട്ടൊന്നും നാസറിനു കൂസലില്ല. അടുത്തവീട്ടിലെ ആമിനയുടെ ആട്‌ പുല്ലു തിന്നുന്നതും നോക്കിയിരിക്കുകയാണവൻ .

അവന്റെ അഭിപ്രായത്തിൽ ശ്രീമാൻ ആട്‌ മഹാഭാഗ്യവാനാണ്‌ ആടിനു നോമ്പില്ലല്ലോ എന്നും പെരുന്നാളല്ലെ പെരുന്നാൾ. നാസറിന്റെ കൂട്ടുകാരുടെ വീട്ടിൽ വർഷത്തിൽ ഒരുമാസമാണു നോമ്പ്‌ എങ്കിൽ നാസറിന്റെ വീട്ടിൽ വർഷത്തിൽ മുന്നൂറ്റി അറുപത്തഞ്ചു ദിവസവും നോമ്പായിരുന്നു എന്ന സത്യം അറിയുന്നവർ നാലേ നാലുപേർ .

നാസറിനും ഉപ്പയ്ക്കും ഉമ്മയ്ക്കും ദൈവത്തിനും മാത്രമെ നോമ്പുകാര്യം അറിയാവൂ എന്നത്‌ മറ്റൊരു സത്യം.
നാസറിനെ നോമ്പ്‌ തുറക്കാൻ കുഞ്ഞീവി വിളിച്ച്‌ തൊണ്ടയിൽ അവശേഷിക്കുന്ന വെള്ളവും വറ്റിക്കുമ്പോഴേക്കും നമുക്ക്‌ നാട്ടിലൂടെ നടന്ന് റംസാൻ കാഴ്ചകൾ കാണാം.

റംസാൻ മാസം വന്നു കഴിഞ്ഞാൽ പിന്നെ പള്ളിയിൽ ആളുകളെ കൊണ്ട്‌ നിറയും പള്ളിയിലെ മൊല്ലാക്കയ്ക്ക്‌ സന്തോഷം, ഹാപ്പി , മനസ്സു നിറയൽ എന്നെല്ലാം പറയാം.

"ഇത്തറേം മൻഷന്മാർ ഇന്നാട്ടിലിണ്ടല്ലോ" സന്തോഷത്തിന്റെ കഠിനമുഹൂർത്തത്തിൽ മൊല്ലാക്ക അറിയാതെ പറഞ്ഞുപോയി.
സംഗതി സത്യവുമാണ്‌ റംസാനല്ലാത്തപ്പോൾ പള്ളിയിലെ ഇമാമും , മൊല്ലാക്കയും പിന്നെ നിശബ്ദതയുടെ സ്വൈരം കെടുത്താൻ നടക്കുന്ന വലിയ ഫാനിന്റെ കറകുറ ശബ്ദവും മാത്രമായിരിക്കും പള്ളിയിലുണ്ടാവുക.

ഭക്തന്മാരായ ഭക്തജനങ്ങളെല്ലാം മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പോയതായിരിക്കും. നിസ്കരിക്കാത്തവനെപ്പറ്റിയും ദാനധർമ്മങ്ങൾ നൽകാത്തവനെപ്പറ്റിയും എട്ടുദിക്കും ഞെട്ടിച്ചു പ്രസംഗിക്കുമ്പോൾ പള്ളിയിൽ വരാനും നിസ്കരിക്കാനും സമയം കിട്ടില്ല എന്നതിനു അവരെ പറഞ്ഞിട്ടു കാര്യമില്ലാ എന്നത്‌ മൊല്ലാക്കയ്ക്കറിയുമോ . മൊല്ലാക്ക വയസ്സനും കണ്ണിനു കാഴ്ചകുറഞ്ഞവനുമല്ലെ.

മൊല്ലാക്കയ്ക്ക്‌ വല്ലതും മിണ്ടിയും പറഞ്ഞുമിരിക്കാൻ പള്ളിയിലെ ഇമാം മാത്രം. ഇമാമിനു വല്ല തൊണ്ടവേദനയും വന്നു പിടിപെട്ടാൽ ഓ ആ കാര്യം മൊല്ലാക്കയ്ക്ക്‌ ഓർക്കാൻ കൂടി കഴിയുമായിരുന്നില്ല.

"പടച്ചോനെ പള്ളിയിലെ ഇമാമിനു ആരോഗ്യം കൊടുക്കണെ കൊടുക്കണെ" എന്നു പ്രാർത്ഥിച്ച്‌ പ്രാർത്ഥിച്ച്‌ സ്വന്തം കാര്യം പറയാൻ മറന്നുപോയതുകൊണ്ടാണ്‌ മൊല്ലാക്ക ഒരിക്കൽ കോഴിവസന്ത പിടിച്ചു കിടന്നത്‌ എന്നൊരു ജനസംസാരമില്ലാതില്ല.
അതൊക്കെ പഴയ കഥ

മൊല്ലാക്കയ്ക്കറിയാം പള്ളിയുടെ പടി കാണാത്ത പലരും റംസാൻ മാസത്തിൽ റംസാൻ സ്പെഷ്യൽ തൊപ്പിയുമിട്ട്‌ പള്ളിയിൽ വരുമെന്നും റംസാൻ ഒരു പകുതിയാകുമ്പോഴേക്കും വേലിയിറക്കം തുടങ്ങുമെന്നും അത്‌ പെരുന്നാൾ ദിവസവും കഴിഞ്ഞാൽ വീണ്ടും മൊല്ലാക്കയെയും , ഇമാമിനെയും , കറ കറ ഫാനിനേയും ഏകാന്തവാസത്തിനു വിടുമെന്നും.
ഇതെല്ലാം കണ്ട്‌ കണ്ട്‌ നെടുവീർപ്പിട്ട്‌ നെടുവീർപ്പിട്ട്‌ മൊല്ലാക്കയ്ക്ക്‌ ഇപ്പോൾ വലിവിന്റെ അസുഖവും തുടങ്ങി .

പള്ളിയുടെ പുറത്തുള്ള ചെറിയ കെട്ടിടത്തിൽ നിന്നും കേട്ട ബഹളത്തെ ലക്ഷ്യമാക്കി വടികുത്തിയ മൊല്ലാക്ക പതുക്കെ നടന്നു.

നാട്ടിലെ (അറിയപ്പെട്ട) പാവങ്ങളുടെ പേരു വിളിച്ച്‌ നാട്ടിലെ പ്രമാണിമാർ കം പണക്കാർ റംസാൻ മാസക്കാലത്തേക്കുള്ള ഉപ്പിൽ തുടങ്ങി കർപ്പൂരം വരെ വ്യാപിച്ചു കിടക്കുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നു . പാവപ്പെട്ടവൻ സന്തോഷമില്ലാതെ വാങ്ങിപ്പോകുന്നു ( കാര്യ കാരണം പിന്നീട്‌ പറയാം).
വടികുത്തിയ മൊല്ലാക്കയ്ക്കും കിട്ടി ഒരു കെട്ട്‌ . മൊല്ലാക്കയ്ക്ക്‌ സന്തോഷം ദൈവത്തിനു സ്തുതി. ആ ഭക്ഷണ സാധനങ്ങൾ കൊണ്ട്‌ വീട്ടിലെ പട്ടിണിയില്ലാത്ത ദിവസങ്ങളും മക്കളുടെ പുഞ്ചിരികളും മൊല്ലാക്കയിൽ ഓടിയെത്തി.

ഭക്ഷണ സാധനങ്ങൾ എടുത്ത്‌ പാവങ്ങളുടെ കയ്യിൽ കൊടുക്കുന്നത്‌ പള്ളിക്കമ്മറ്റിയിലെ പ്രധാനിയും നാട്ടിലെ പ്രമാണിയുമായ ( ഓൺലി പ്രമാണം വരുമാനം നഹി പണം നഹി) ഹൈദർക്കാ.

ഹൈദർക്കാ പണ്ടത്തെ പേരുകേട്ട തറവാടിയായിരുന്നു. അദ്ദേഹത്തിന്റെ ആയകാലത്ത്‌ ചുറ്റിപ്പറ്റി നിന്നവർ ഇന്ന് കോടീശ്വരന്മാരായപ്പോൾ കണ്ടിട്ടും കാണാതെ പോകുന്നു .

പലർക്കും വാരിക്കോരിക്കൊടുക്കുന്ന സ്വഭാവക്കാരനായിരുന്ന ഹൈദർക്കായുടെ കൂടെ നിന്ന് കാലു വാരിയവന്മാരെ തിരിച്ചറിയാനുള്ള കഴിവില്ലാത്തത്കൊണ്ട്‌ കള്ളക്കേസിൽ അകത്തായ ഹൈദർക്കാ ഉള്ളതെല്ലാം വിറ്റു തുലച്ച്‌ ബാക്കിവന്ന മാളിക വീട്ടിൽ ദാരിദ്ര്യം പുറത്തറിയിക്കാതെ തന്റെ പൊന്നോമനമോൻ നാസറിനോടും പ്രിയ സഖി കുഞ്ഞീവിയോടുമൊപ്പം പട്ടിണി മറ്റുള്ളവരെയറിയിക്കാതെ ജീവിച്ചു പോരുന്നു.

നാലുനേരവും ചോറു വെച്ചു കഴിക്കുന്ന നാട്ടിലെ അറിയപ്പെട്ട പാവപ്പെട്ടവർ കൈ നീട്ടുമ്പോൾ ഒരു നേരമ്പോലും വയറു നിറച്ച്‌ കഞ്ഞികുടിക്കാൻ വകുപ്പില്ലാത്ത ഹൈദർക്കാ പലരോടും കടം വാങ്ങിയിട്ടെങ്കിലും പാവപ്പെട്ടവനെ സഹായിക്കാറുണ്ട്‌.
ആ ഹൈദർക്കായുടെ മകൻ നാസറിനെ നോമ്പ്‌ തുറക്കാൻ ഹൈദറുടെ സ്വന്തം ഭാര്യയും നാസറിന്റെ സ്വന്തം ഉമ്മച്ചിയുമായ കുഞ്ഞീവി വിളിക്കുന്ന രംഗമാണ്‌ നമ്മൾ ആദ്യം കണ്ടത്‌.

ഉമ്മയുടേ തൊണ്ടയിലെ വെള്ളം ഏകദേശം വറ്റി എന്നുറപ്പായപ്പോൾ നാസർ ഓടിച്ചെന്നു. കൈകാലുകൾ കഴുകി .
ഉപ്പയുടെയും ഉമ്മയുടെയും കൂടെ നോമ്പ്‌ തുറക്കാൻ പള്ളിയിലെ ബാങ്കും കാത്തുനിന്നു .
ബാങ്ക്‌ കൊടുത്തു, പച്ചവെള്ളം കൊണ്ട്‌ ആ കുടുംബം നോമ്പ്‌ തുറന്നു.
തന്റെ മുന്നിലുള്ള കുറച്ചുമാത്രം വറ്റുള്ള കഞ്ഞി ആർത്തിയോടെ കുടിക്കുമ്പോൾ നാസറിനൊരു സംശയം വന്നു വന്ന സംശയം ചൂടാറാതെ അവൻ ഉമ്മയോടു ചോദിച്ചു.
" ഉമ്മാ ഞമ്മളെ ബഷീറിന്റെ വീട്ടിൽ എന്നും ചോറു വെക്കാറുണ്ടു പോലും നല്ല രസായിരിക്കും അല്ലെ ചോറു തിന്നാൻ ?!!"

ഇതുകേട്ട കുഞ്ഞീവി പൊട്ടിക്കരഞ്ഞ്‌ അടുക്കളയിലേക്കോടിയപ്പോൾ തന്റെ കണ്ണിൽ നിന്നും അടർന്ന് കഞ്ഞിപ്പാത്രത്തിൽ വീണ കണ്ണുനീരിൽ കണ്ണും നട്ട്‌ നിശ്ചലനായിരിക്കുകയായിരുന്നു നമ്മുടെ ഹൈദർക്കാ.

സമയം കടന്നുപോയപ്പോൾ നാസറിനെയും കൂട്ടി ഹൈദർക്കാ പള്ളിയിലേക്കു നടന്നു. സമയം ഇരുട്ട്‌ വീണു തുടങ്ങിയിട്ടുണ്ട്‌. അരണ്ട വെളിച്ചത്തിൽ ആ ഉപ്പയും മകനും നടന്നു നീങ്ങി.
നാട്ടിലെ അറിയപ്പെട്ട പാവപ്പെട്ടവനായ ബീരാന്റെ വീടിനടുത്തെത്തിയപ്പോൾ എന്തോ ബഹളം കേട്ട അവർ അങ്ങോട്ടു ശ്രദ്ധിച്ചു.

ബീരാന്റെ ഫാര്യ ( വേണമെങ്കിൽ ഭാര്യ എന്നും പറയാം) തടിച്ചി സൈനബ ബീരാനോട്‌ യുദ്ധം ചെയ്യുകയാണ്‌
" അല്ല മനുസ്യനെ ഈ നാട്ടിലെ മൊതലാളിമാർക്ക്‌ അരിയും , കോഴിയും , പുട്ടുപൊടിയുമെല്ലാം ഞമ്മക്ക്‌ തരുന്ന സമയം കൊണ്ട്‌ ഒരു അയ്യായിരമൊ , പതിനായിരമൊ തന്നാലെന്താ? "

" അങ്ങനെയൊന്നും പറയല്ല എന്റെ സൈനബാ ഞമ്മൾ പട്ടിണി കെടക്കാതിരിക്കാനല്ലെ ഓര്‌ അതൊക്കെ തരണത്‌?"

" പട്ടീണി തു ഫൂ......."

സൈനബ ഉറഞ്ഞുതുള്ളി ആഞ്ഞുതുപ്പി. തുപ്പലിലെ ചില്ലുകൾ പരിസരത്തു കിടന്നു ചിന്നിച്ചിതറി. എന്നിട്ടു തുടർന്നു.

" പട്ടിണീ .. പട്ടിണീന്നും പറഞ്ഞ്‌ നാട്ടിലെ സകല സംഘടനകളും തരും അരിയും പിണ്ണാക്കും ഒലക്കേടെ മൂടും .. "

എന്നിട്ട്‌ വീട്ടുമുറ്റത്ത്‌ ഒരു ചാക്കിൽ കൂട്ടിക്കെട്ടിയ സാധനങ്ങൾക്കു നേരെ ചൂണ്ടി സൈനബ ഉറഞ്ഞു എന്നുമാത്രമല്ല നാലഞ്ചു തുള്ളലുംകൂടി തുള്ളിത്തീർത്തു എന്നിട്ടു തുടർന്നു.

" കയിഞ്ഞ നോമ്പിനും പെരുന്നാളിനും ഇവടെ പലരും തന്ന് കുന്നു കൂട്ടിയ സാധനങ്ങളാണ്‌ ആ കിടക്കുന്നത്‌ .. ഞമ്മൾ വയറ്‌ നെറച്ച്‌ കയിച്ചിട്ടും ബാക്കി ബന്ന ആ സാധനങ്ങൾ ഇപ്പൊ പൂത്ത്‌ തുടങ്ങി . ഇനി അത്‌ കുയി കുത്തി അതിലിട്ട്‌ മൂടുന്ന പണിയും ഞമ്മക്കല്ലെ..."

ഇതെല്ലാം കേട്ടുനിന്ന ഹൈദറും മകൻ നാസറും കൂടുതൽ കേട്ട്‌ ചെവി കേടുവരുത്താതെ പള്ളിയിലേക്കു വച്ചു പിടിച്ചു.

ഇതൊക്കെയല്ലെ ഇന്നു നാട്ടിൽ നടക്കുന്നത്‌?!!! പാവപ്പെട്ടവനെന്ന ലേബൽ വന്നു പോയവനെ സഹായങ്ങളുടെ കൂമ്പാരംകൊണ്ട്‌ നിറയ്ക്കുമ്പോൾ യഥാർത്ഥ പട്ടിണിക്കാരനായ മുണ്ട്‌ മുറുക്കിയുടുക്കുന്നവനെ മറന്നുപോകുന്നതൊ അതൊ കണ്ടില്ലെന്നു നടിക്കുന്നതൊ? സഹായങ്ങൾ ചെയ്യുമ്പോൾ അത്‌ യഥാർത്ഥ അവകാശിക്കുതന്നെയാണൊ കിട്ടുന്നത്‌ എന്നു നാം ചിന്തിക്കാറുണ്ടൊ? സംഘടനകൾ പണം പിരിച്ചും, പാർട്ടികൾ പണം മറിച്ചും സഹായിക്കാൻ മത്സരിക്കുമ്പോൾ ഹൈദറിനേയും കുടുംബത്തിനേയും പോലുള്ള ഒരുപാട്‌ കുടുംബങ്ങൾ പരാതിയും പരിഭവവുമില്ലാതെ ഇവിടെ ജീവിക്കുന്നു എന്ന സത്യം നമ്മൾ ഓർക്കറുണ്ടോ!!!!!!!!!

പാവങ്ങളെ സഹായിക്കരുത്‌ എന്നൊരിക്കലും ഞാൻ പറയുന്നില്ല. ഒരാൾക്ക്‌ ഒരു സംഘടനയൊ , പാർട്ടിയൊ സഹായങ്ങളെത്തിക്കുമ്പോൾ അതേ ആൾക്കു തന്നെ വീണ്ടും വീണ്ടുമെത്തിക്കാൻ മറ്റുള്ളവരും ശ്രമിക്കുന്നു എന്നതാണു നമുക്കു കാണാൻ കഴിയുന്നത്‌. സമൂഹത്തിന്റെ മുൻപിൽ കൈനീട്ടാൻ മടിയുള്ള എത്രയോ പാവപ്പെട്ട കുടുംബങ്ങൾ നമ്മുടെ കേരളത്തിൽ ഇന്നുണ്ട്‌ എന്നത്‌ നമ്മളിൽ എത്രയാളുകൾക്കറിയാം? നമ്മുടെ മക്കളെല്ലാം വയറു നിറയ്ക്കുമ്പോൾ. നിറയാത്ത വയറിന്റെ വേവലാതികൾ വിളിച്ചു പറയാതെ കണ്ണുനീർ പോലും പുറത്തു കാണിക്കാതെ എല്ലാം ഉള്ളിലൊതുക്കിക്കഴിയുന്ന എത്രയെത്ര കുരുന്നുകൾ നമ്മുടെ നാടുകളിലെല്ലാം ഉണ്ട്‌ എന്നത്‌ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഞാൻ ചോദിക്കട്ടെ. ആരാണു യഥാർത്ഥ മിസ്കീൻ (പാവപ്പെട്ടവൻ)??????!!!

Tuesday, September 9, 2008

കെ.പി നാണപ്പനും മാവേലിയും...


" ണംവന്നോണംവന്നോണം വന്നൂ"
ലോട്ടറിക്കുട്ടപ്പന്റെ കോളാമ്പി സ്പീക്കൾ ഹീറോ സൈക്കിളിന്റെ മണ്ടയിൽ കയറി ഓണപ്പാട്ടു പാടി തകർക്കുകയാണു
ഇടക്ക്‌ ലോട്ടറിക്കുട്ടപ്പന്റെ വക ഓരോ അനൗൺസ്മെന്റും " ഓണം ബംബർ നുറുക്കെടുപ്പ്‌ സോറി നറുക്കെടുപ്പ്‌ നാളെയാണു . അതല്ലങ്കിൽ മറ്റന്നാളാണു വെറും പത്തു രൂപയിൽ ചുരുട്ടി വച്ചിരിക്കുന്ന നിങ്ങളുടെ ഫാഗ്യം കണ്ടിട്ടും കാണാതെ പോകരുത്‌.. ഇവിടെ വരൂ ഇവിടെ വരൂ.. മാവേലിത്തമ്പുരാൻ നാടുകാണാൻ വരുമ്പോൾ എടുക്കുന്ന ഏക ലോട്ടറി ... "

കുട്ടപ്പന്റെ അലറൽ കേട്ടാൽ തോന്നും മാവേലിത്തമ്പുരാൻ ലോട്ടറിയെടുക്കാനാണു പാതാളത്തിൽനിന്നും എല്ലാ കൊല്ലത്തിലും എഴുന്നള്ളുന്നത്‌ എന്ന്.

തൊട്ടപ്പുറത്ത്‌ ഓണം സ്പെഷ്യൽ മൂട്ടപ്പൊടി വിൽക്കുന്ന മാത്തുക്കുട്ടിക്കു കുട്ടപ്പന്റെ ഉച്ചത്തിലുള്ള വിളിച്ചു പറയൽ അത്രയ്ക്കങ്ങു പിടിച്ചില്ല. കുട്ടപ്പന്റെ കോളാമ്പി അടിച്ച്‌ പൊട്ടിക്കുന്ന ഒരു ദിനവും മനസ്സിൽകണ്ട്‌ മാത്തുക്കുട്ടിയും തന്റെ വിൽപ്പന തുടർന്നു.

തെരുവിലെങ്ങും ഓണം വിൽപ്പനകൾ പൊടിപൊടിക്കുകയാണ്‌ .ഏതോ ഇലക്ട്രോണിക്ക്‌ കമ്പനിയുടെ പരസ്യത്തിനു സ്ഥാപിച്ച മാവേലിയുടെ കൂറ്റൻ പടം കണ്ട ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ രണ്ടാംക്ലാസ്സുകാരി തന്റെ വീട്ടിലെ ഒരു കോണിൽ ചുരുണ്ടു കിടക്കുന്ന അപ്പൂപ്പനെ തട്ടി വിളിച്ചു ചോദിച്ചു.
"ആരുടെ പടമാ അപ്പൂപ്പാ അത്‌? അയ്യേ ഷർട്ടിട്ടില്ല "

തന്റെ കൈ കണ്ണിനു മുകളിൽ പുരികത്തിനു ലവൽ ചെയ്തു വച്ച അപ്പൂപ്പൻ പടത്തിനു നേരെ നോക്കി നെടുവീർപ്പിട്ടു ഇത്രയും പറഞ്ഞു
"നിന്റെ ഈ ചോദ്യത്തിനു നിന്നെപ്പറഞ്ഞിട്ടുകാര്യമില്ല മോളെ"

അപ്പൂപ്പൻ പറഞ്ഞത്‌ മനസ്സിലായിട്ടില്ലാ എങ്കിലും എന്തോ മനസ്സിലാക്കിയപോലെ കൊച്ചുമകൾ ടെലിവിഷനിലെ ഓണം സ്പെഷ്യൽ നോൺ വെജ്‌ പാചക മേള കാണുന്ന മമ്മിയുടെ മടിയിൽ കയറിയിരുന്നു.

അപ്പൂപ്പൻ കെ.പി നാണപ്പൻ ഓർക്കുകയായിരുന്നു അന്നത്തെ ഓണത്തിനു തുമ്പപ്പൂ പറിക്കാൻ പോയപ്പോൾ തെക്കേ വീട്ടിലെ പട്ടി ഓടിച്ചിട്ടു കടിച്ചത്‌. അത്തം തുടങ്ങുന്ന അന്നുമുതൽ അച്ഛൻ ശ്രദ്ദിക്കും കുട്ടിപ്പട്ടാളം ഇടുന്ന പൂക്കളം നല്ല ഭംഗിയായിട്ടുണ്ടെങ്കിൽ അന്ന് അച്ഛന്റെ വക സമ്മാനവും ഉണ്ടായിരുന്നു.
പറമ്പുകളിലെല്ലാം കറങ്ങിനടന്ന് ഓണപ്പാട്ടുകൾപാടി നടക്കുമ്പോൾ ഒരു ഉത്സവ പ്രതീതിയായിരുന്നു അന്ന്.
ങാ... എല്ലാം ഓർമ്മകളിൽ ഒതുങ്ങി
കടകളിൽ ഓണം ആഘോഷിക്കുന്നു " മെഘാ ഡിസ്കൗണ്ട്‌ മേള" എന്ന നാമത്തിൽ. എന്തിനു മാവേലിയെ വരെ ഇന്നു പരസ്യ മോഡലാക്കിയില്ലെ?!!
അകലെ നിന്നും കേട്ട ആരവത്തിനു നേരെ കെ.പി നാണപ്പൻ ചെവി കൂർപ്പിച്ചു.

" നമ്മുടെ മാവേലി സിന്താബാദ്‌"
"സിന്താബാദ്‌ സിന്താബാദ്‌..."
ബാന്റ്‌ , ചെണ്ട , കുഴൽ, പോസ്റ്ററുകൾ , ബാനറുകൾ, കട്ടൗട്ടറുകൾ ചായം പൂശിയ കോലങ്ങൾ , മാങ്ങാത്തൊലികൾ, തേങ്ങാക്കുലകൾ എന്നിവയുടെ അകമ്പടിയോടെ ഒരു സംഘം ആളുകൾ ആർപ്പു വിളിയോടെ അടുത്തുവന്നു.

മാവേലിയുടെ കോലംകെട്ടിയ കുടവയറൻ പാശ്ചാത്തല വെസ്റ്റേൺ മ്യൂസിക്കിനനുസരിച്ച്‌ കുച്ചിപ്പുടി കളിക്കുന്നു ( കേരളത്തിലെ റിയാലിറ്റീ ഷോകളുടെ മഹനീയ സംഭാവന).
മാവേലിയുടെ കൂടെനിന്നു തുള്ളുന്നത്‌ കേരള രാഷ്ട്രീയ നേതാക്കളുടെ അപരകോലങ്ങൾ. എങ്ങും ആർപ്പുവിളികൾ, ഓണത്തിന്റെ ലഹരിയിൽ ( ഓണം സ്പെഷ്യൽ ബാറിൽനിന്നും കിട്ടിയ)
യുവാക്കളുടെ തുള്ളൽ പ്രസ്ഥാനം കടന്നുപോകുമ്പോൾ വഴിയരികിൽ തിങ്ങിനിറഞ്ഞ കേരള നാരികൾക്കു നേരെ പറക്കുന്ന ചുംബനങ്ങൾ പറപ്പിക്കാൻ യുവാക്കൾ ജാലിയൻ വാലാബാഗ്‌ തന്നെ നടത്തുകയായിരുന്നു.

അവർ മാവേലി ഫാൻസ്‌ അസോസിയേഷന്റെ ആളുകളാണ്‌ അതെന്ന് തൊട്ടടുത്തുനിന്നവൻ പറഞ്ഞത്‌ കെ.പി നാണപ്പനു ലവലേശം മനസ്സിലായില്ല.

ഏതായാലും ഓണം ഒന്നുകണ്ടുകളയാം എന്നുകരുതി സംഘത്തിന്റെകൂടെക്കൂടിയ കെ.പി നാണപ്പൻ തിരിഞ്ഞുനോക്കിയത്‌ തന്നെ പിന്നിൽ നിന്നും തോണ്ടിയ തെണ്ടിയെ കണ്ടുപിടിക്കാനായിരുന്നു.
തോണ്ടിന്റെ ഉടമസ്ഥനെകണ്ട നാണപ്പൻ ഞെട്ടിപ്പോയി . പിന്നീടു ഞെട്ടലടക്കി ഉറക്കെ വിളിച്ചു "ആർപ്പേയ്‌..........."

നാണപ്പനെ പിന്നിൽ നിന്നും തോണ്ടിയ സാക്ഷാൽ മഹാബലിത്തമ്പുരാൻ നാണപ്പന്റെ വായ പൊത്തിപ്പിടിച്ചുകൊണ്ടുപറഞ്ഞു .
" ഒച്ചവെക്കല്ലെ എന്റെ നാണൂ നമ്മുടെ രൂപം നിനക്കല്ലാതെ മറ്റാർക്കും കാണാൻ കഴിയില്ല"

അങ്ങിനെ കെ.പി.നാണപ്പനും മാവേലിയും മാവേലി ഫാൻസ്‌ ആസോസിയേഷന്റെ ജാഥയുടെ കൂടെക്കൂടി.
റോഡരികിൽ പല പാർട്ടിക്കാരും തീർത്ത കടലാസ്സ്‌ പൂക്കളം കണ്ട മാവേലി ഒന്നു ചിരിച്ചു ( നമ്മളിതെത്ര കണ്ടതാ എന്നനിലയിൽ). നാണപ്പനും കൂടെചിരിച്ചു.
ഓണം മാർക്ക്‌ കുടകൾ ചൂടിയ (കുടക്കമ്പനിയുടെ പരസ്യം) മാവേലിയുടെ വലിയ ചിത്രങ്ങൾ പതിച്ച ബോർഡിനു മുൻപിലെത്തിയ സാക്ഷാൽ മാവേലി തലകുനിച്ചുനിന്നുകൊണ്ട്‌ ഇതിന്റെ പിന്നിലെ തലയെ കുറിച്ചോർത്ത്‌ നെടുവീർപ്പിട്ടു.
അകലെ നിന്നും ഒരു ആരവം കേൾക്കുന്നു

എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. ബാനറുകളും കൊടച്ചക്രവുമായി വരുന്ന ഒരു സംഘം ആളുകൾ മാവേലി ഫാൻസ്‌ അസോസിയേഷന്റെ ജാഥക്കു നേരെ ച്‌Iറിയടുത്തു.
മാവേലിയുടെ തൊട്ടടുത്തുനിന്ന കൊച്ചു മിടുക്കൻ ചീറിയടുക്കുന്നവരുടെ മുന്നിൽ വലിച്ചു പിടിച്ച ബാനറിലെ മലയാളമക്ഷരങ്ങൾ പെറുക്കിയെടുത്ത്‌ ഇങ്ങനെ വായിച്ചു."വാമനൻ ഫാൻസ്‌ അസോസിയേഷൻ"
ഇതുകണ്ട മാവേലിയും നാണപ്പനും പൊട്ടിച്ചിരിച്ചു.
മാവേലി ഫാൻസും , വാമനൻ ഫാൻസും തമ്മിൽ ഏറ്റുമുട്ടി
പൊരിഞ്ഞ അടിപിടി , തല്ല് , കുത്ത്‌ , വാൾപ്പയറ്റ്‌ എക്സ്ട്രാ....

ഇതെല്ലാം കണ്ട മാവേലിയുടെ വയർ നിറഞ്ഞു ഒന്നു കൂടി വീർത്തു . ഇത്തവണയും ഓണത്തല്ലു കെങ്കേമമായി എന്നു കെ.പി നാണപ്പനോട്‌ തിരുമേനി അടക്കം പറഞ്ഞു .
കഴിഞ്ഞതവണത്തെ ഓണത്തിനു മാവേലികണ്ടത്‌ റിയാലിറ്റി ഷോകളിലെ ക്യാമറയ്ക്കു പിന്നിൽനിന്നും ഒന്നാം ക്ലാസ്സുകാരി മത്സരാർത്ഥിയുടെ മാതാപിതാക്കൾ മാർക്കിട്ട കോത്തായത്തുകാരൻ ജഡ്ജിന്റെ മണ്ടക്കിട്ടു പെരുമാറിയത്‌ വമ്പനൊരു കൂട്ടത്തല്ലിനു വകുപ്പുണ്ടാക്കിയതായിരുന്നെങ്കിൽ ഇത്തവണ ഇതാ കണ്മുൻപിൽ ഫാൻസ്‌ അസോസിയേഷനുകൾ തമ്മിൽ ............

ഫാൻസ്‌ അസോസിയേഷൻ രൂപീകരിക്കുന്ന സമയത്ത്‌ മാവേലിത്തമ്പുരാൻ പാതാളത്തിലെ തേക്കുമരച്ചോട്ടിലിരുന്നു കാറ്റുകൊള്ളുകയായിരുന്നു.

നമുക്ക്‌ അസോസിയേഷനുകളുടെ ചരിത്രം ഒന്നു പരിശോധിക്കാം
മാവേലി ഫാൻസ്‌ അസോസിയേഷൻ രൂപീകരിച്ചത്‌ നാട്ടിലെ കോടീശ്വരന്റെ മകൻ രാജപ്പൻ. ( വയസ്സായി വളഞ്ഞുകുത്തി കോടി നടക്കുന്ന ഈശ്വരൻപിള്ളയുടെ മകൻ എന്നു മലയാളം) നട്ടുച്ചക്ക്‌ ചെവിയിൽ തിരുകിയ ചെമ്പരത്തിപ്പൂവും തടവി കിടന്നുറങ്ങിയ നമ്മുടെ രാജപ്പനു ഒരു വിളിയാളമുണ്ടായി. സകല കുറ്റിയ്ക്കും കുളത്തയ്ക്കും ഫാൻസ്‌ ഉള്ള നമ്മുടെ കേരളത്തിൽ എന്തുകൊണ്ട്‌ മാവേലിയ്ക്കുമാത്രം ഒരു ഫാൻസ്‌ അസോസിയേഷൻ ഉണ്ടായിക്കൂടാ? വിളിയാളത്തിലെ ചോദ്യം ന്യായം . സംഗതി നാട്ടിലെ ചായപ്പീടികകളിൽ ചർച്ചയ്ക്കെത്തി. അങ്ങിനെ ഒരു ദിവസം നട്ടുച്ചസമയത്ത്‌ മാവേലി ഫാൻസ്‌ അസോസിയേഷൻ രൂപീകൃതമായി.
പക്ഷെ ഇതെല്ലാം മറ്റൊരാൾക്കിഷ്ടമായിരുന്നില്ല.

മറ്റാരുമായിരുന്നില്ല അത്‌ രാജപ്പന്റെ വർഗ്ഗശത്രുവും മാത്തപ്പന്റെ കള്ളുഷാപ്പിന്റെ ഉറ്റ മിത്രവുമായ സാക്ഷാൽ ദിനേശക്കുറുപ്പായിരുന്നു അത്‌.
അങ്ങിനെ രാജപ്പൻ എന്തു ചെയ്താലും അതിനെതിരു ചെയ്യുക എന്ന കൃത്യവുമായി നടക്കുന്ന ദിനേശക്കുറുപ്പും രൂപീകരിച്ചു ഒരു അസോസിയേഷൻ, അതാണു വാമനൻ അസോസിയേഷൻ.

ഓണത്തല്ലു കാണാൻ വന്ന പോലീസുകാർ തല്ലുകഴിയുന്നതു വരെ കാത്തുനിന്ന ശേഷം സ്ഥിരം ലക്ഷ്യസ്ഥാനമായ ആകാശത്തെ ലക്ഷ്യമാക്കി പൊട്ടിച്ചു അഞ്ചാറു വെടി.

ഫാൻസ്‌ അസോസിയേഷനും ബാക്കി പ്രജകളും പിരിഞ്ഞുപോയപ്പോൾ പോർക്കളത്തിൽ മാവേലിയും കെ.പി. നാണപ്പനും തനിച്ചായി ഇനിയെങ്ങോട്ട്‌ എന്ന ഭാവത്തിൽ നിന്ന കെ.പി. നാണപ്പന്റെ കൈ പിടിച്ച്‌ മാവേലി നടന്നു.

ഉണങ്ങിയ കപ്പത്തോട്ടവും ഗതി കിട്ടാത്ത നെൽപ്പാടവും പിന്നിട്ട്‌ അവർ നടത്തം തുടർന്നു.
അകലെകാണുന്ന പഞ്ചായത്ത്‌ പ്രസിഡണ്ടിന്റെ വീടിനെ ലക്ഷ്യമാക്കി നടക്കുമ്പോൾ മാവേലി കെ.പി യോട്‌ പറഞ്ഞു .

" ഇനി നമ്മൾ രണ്ടുപേരും അദൃശ്യരായിരിക്കും ആർക്കും നമ്മെ കാണാൻ കഴിയില്ല"
അങ്ങിനെ ദൃശ്യരല്ലാത്ത മാവേലി വിത്ത്‌ കെ.പി.നാണപ്പൻ നമ്മുടെ പഞ്ചായത്ത്‌ പ്രസിഡണ്ടിന്റെ വീട്ടുമുറ്റത്തെത്തി.
അവിടെ ഓണത്തിന്റെ ബഹളമായിരുന്നു ടിവിയിലെ ഏതോ പാട്ടു മത്സരത്തിൽ പങ്കെടുക്കുന്ന പ്രസിഡണ്ടിന്റെ മകൾ പങ്കജാക്ഷിയുടെ ( ക്ഷമിക്കണം ടി.വി.യിൽ വന്നപ്പോൾ പേര്‌ പി.കെ.ജാക്ഷു എന്നാക്കി മാറ്റി) ഓണപ്പാട്ട്‌ സ്വന്തം വീട്ടിൽ വച്ചുതന്നെ ടിവിയിൽ പകർത്തുന്നതിന്റെ തിരക്കിലാണു.

കടലാസുപൂക്കളിൽ തീർത്ത വലിയ പൂക്കളം പ്രകാശത്തിൽ വെട്ടിത്തിളങ്ങി. പാശ്ചാത്തലത്തിൽ നിൽക്കുന്ന മാവേലിയുടെ കോലം കെട്ടിയവൻ ഇടക്കു മുഖത്തു വന്ന വിയർപ്പുകണങ്ങൾ ഒപ്പിക്കൊണ്ടിരുന്നു.

ഓണം സ്പെഷൽ വെളുത്ത ടീഷർട്ടും ( ഗോൾഡൻ ബോർഡർ വച്ചിട്ടുള്ള ) വെളുത്ത ജീൻസുമിട്ട തരുണികൾ നൃത്തം ചവിട്ടുന്നു.

ഇതെല്ലാം കഴിഞ്ഞപ്പോൾ പേപ്പർ വാഴയിലയിലെ സദ്യയും കഴിഞ്ഞ്‌ കാടിവെള്ളം കിട്ടാത്ത പോത്തലറുന്നപോലെ ഒരു ഏമ്പക്കവുമിട്ട്‌. സദ്യയുണ്ണാൻ വന്നവർ സ്ഥലം വിട്ടു.

കെ.പി. നാണപ്പൻ മാവേലിയുടെ കണ്ണിലേക്കു നോക്കി മാവേലി കണ്ണിറുക്കിക്കാണിച്ചു. അവർ പലസ്ഥലങ്ങളിലും കറങ്ങി . ബെറ്റ്വച്ചുള്ള വള്ളംകളി മത്സരവും അതിനു ശേഷം വാളുവെച്ചുള്ള വെള്ളമടി മത്സരവും എല്ലാം കണ്ട്‌ മടുത്ത്‌ പിടുത്തംവിട്ട മാവേലിയും കെ.പിയും വൈകുന്നേരത്തോടെ കൂലിപ്പണിക്കാരൻ കോരന്റെ വീട്ടിലുമെത്തി.

തുമ്പപ്പൂവു മുതൽ സകല പൂക്കളും കൊണ്ടുതീർത്ത പൂക്കളത്തിനു ചുറ്റുമിരുന്നു പാട്ടുപാടുന്ന കുട്ടികൾ , ഓണക്കോടിയും സദ്യയ്ക്കുള്ള വട്ടങ്ങളും കൊണ്ടുവരാൻ വൈകിയ അച്ഛൻ ദൂരെനിന്നും വരുന്നതുകണ്ടപ്പോൾ ഓടിച്ചെന്ന് ഒരുപരാതിയുമില്ലാതെ ഓണപ്പാട്ടുപാടി സ്വന്തം അച്ഛനെ വരവേൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ മാവേലി തൃപ്തനായി. ഓണസദ്യയ്ക്കുള്ള മായം ചേർക്കാത്ത വാഴയിലകളും കണ്ട മാവേലി നിറഞ്ഞമനസ്സോടെ കെ.പി. നാണപ്പന്റെ കൈക്കുപിടിച്ച്‌ അവിടെ നിന്നും തിരിച്ചു നടന്നു.

നാണപ്പനോട്‌ ഗുഡ്ബൈപറഞ്ഞ മാവേലി അടുത്ത ഓണത്തിനു ഇനിയെന്തെല്ലാം സഹിക്കണം എന്ന ചിന്തയുമായി നാഷണൽ ഹൈവേയിൽ ചെന്ന് അവിടെ കണ്ട (റോഡില്‍) ഏറ്റവും വലിയ ഒരു കുഴി തിരഞ്ഞെടുത്ത്‌ അതുവഴി പാതാളത്തിലേക്കു വച്ചുപിടിച്ചു.

മാവേലിയോടു സലാം പറഞ്ഞ കെ.പി.നാണപ്പൻ അടുത്ത ഓണമാവുമ്പോഴേക്കും എന്നെയങ്ങെടുത്തെക്കണെ എന്നു പ്രാർത്ഥിച്ചുകൊണ്ട്‌ സ്വന്തം മകനു തീറെഴുതിക്കൊടുത്ത സ്വന്തമല്ലാത്ത വീട്ടിലേക്കും വച്ചുപിടിച്ചു.

ലോട്ടറിക്കുട്ടപ്പന്റെ കോളാമ്പി അപ്പോഴും ആർക്കോവേണ്ടി അലറുന്നുണ്ടായിരുന്നു.

" ഓണംവന്നോണംവന്നോണം വന്നൂ........................."
ഏവർക്കും ഓണാശംസകൾ‍