Tuesday, October 28, 2008

ഏലിയാമ്മയുടെ മെഴുകുതിരി..

ഡീ ഏല്യാമ്മേ .... ഒന്നിങ്ങോട്ട് വന്നേടീ..”
“എന്നതാ മനുഷ്യാ കാലത്തെ കിടന്ന് കാറുന്നത് ...”

റിയാലിറ്റി ഷോയിലെ ആട്ടമറിയാത്ത പാട്ടുകാരന്‍ കൊച്ച് കണ്ണീരോടെ വിട വാങ്ങുന്ന രംഗത്തിന് സാക്ഷ്യം വഹിക്കുന്ന ഏലിയാമ്മയ്ക്ക് കണവന്‍ വര്‍ഗ്ഗീസ്മാപ്പിളയുടെ പതിനായിരം വാട്ട്സിലുള്ള കാറല്‍ അത്രയ്ക്കങ്ങു പിടിച്ചില്ല.

“എന്നതാ മനുഷ്യാ .. എന്തുപറ്റി?”
“നീയിതു കണ്ടോടീ...”


കണവന്‍ ചൂണ്ടിപ്പിടിച്ച വിരല്‍ ലക്ഷ്യ്മിടുന്ന ദിക്കിലേക്കു നോക്കിയ ഏല്യാമ്മ “എന്റീശോയേ....” എന്നുവിളിച്ച് അകത്തുപോയി എന്തോ ഒരു പൊതിയുമെടുത്ത് ഇറങ്ങി ഒറ്റയോട്ടം.


ഏല്യാമ്മയുടെ ഓട്ടം കണ്ട് അയല്‍‌വാസി വിറകു വെട്ടുകാരന്‍ പത്രോസും കൂടെയോടിയപ്പോള്‍ പത്രോസിന്റെ ഭാര്യ മേരിക്കുട്ടിയും തന്റെ കുട്ടികളുടെ അപ്പച്ചന്റെ പിന്നാലെ വച്ചുപിടിച്ചു.
പിന്നീട് സകല നാട്ടിലും നടക്കുന്നപോലെ അതൊരു കൂട്ടയോട്ടമായിമാറി. കണ്ടവര്‍ കണ്ടവര്‍ ഏലിയാമ്മയുടെ പിന്നാലെ ഓട്ടത്തിനുകൂടി.


ഓടിയോടി കുരിശുപള്ളിയ്ക്കടുത്തെത്തിയ ഏല്യാമ്മ മാതാവിനു രണ്ട് മെഴുകുതിരിയും കത്തിച്ച് ഒന്നും സംഭവിക്കാത്തപോലെ തിരിച്ചു നടന്നു.
കൂടെയോടിയ നാട്ടുകാര്‍ ഏലിയാമ്മയുടെ ചുറ്റും കൂടി.
ഏലിയാമ്മയ്ക്ക് അത്ഭുതം “ഇതെന്നാ മാതാവെ.. എന്റെ പിന്നാലെ ആള്‍ക്കൂട്ടം?!!”


തിരിഞ്ഞോടാന്‍ ഭാവിച്ച ഏലിയാമ്മച്ചേടത്തിയെ നാട്ടിലെ സാത്താന്റെ സന്തതി മാത്തുക്കുട്ടി പിടിച്ചു നിര്‍ത്തി.

“എന്നതാ ഏലിയാമ്മെ രണ്ടു മെഴുകുതിരികത്തിയ്ക്കാനാണൊ നീ നോമിനേഷന്‍ കൊടുക്കാന്‍ നേതാക്കളോടുന്നപോലെ ഓടിയത്?..”


“അല്ല മാത്തുക്കുട്ടീ, എനിയ്ക്കറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ ഇതറിയാനാണൊ നാട്ടുകാരായ നാട്ടുകാരെല്ലാം കുറ്റിയും പറിച്ച് എന്റെ പിന്നാലെ കൂടിയത്...” ഇതുപറഞ്ഞതും ഏല്യാമ്മ പൊട്ടിച്ചിരിച്ചു.അതുകേട്ടു പേടിച്ച കൊച്ചുകുട്ടികള്‍ ഓടിയോളിച്ചു. മുതിര്‍ന്നവര്‍ വരുന്നത് വരട്ടെ എന്ന രീതിയിലങ്ങു സഹിച്ചുനിന്നു.


ചിരിയുടെ ഇളക്കം നിന്നപ്പോള്‍ ഏലിയാമ്മ ഏങ്ങലോടെ പറഞ്ഞുതുടങ്ങി.
“ അതേ.. അടുത്ത വീട്ടിലെ അന്നാമ്മയുടെ പുന്നാര മോന്‍ കുരുത്തം കെട്ട ജോയിക്കുട്ടിയുടെ തലയില്‍ ഇടിത്തീ വീണാല്‍ ഒരു പത്ത് മെഴുകുതിരി മാതാവിനു കത്തിച്ചോളാമേ എന്ന് ഞാന്‍ നേര്‍ച്ച നേര്‍ന്നിരുന്നു. പക്ഷെ ഇടിത്തീയ്ക്ക് പകരം ജോയിക്കുട്ടിയുടെ തലയില്‍ തേങ്ങാ വീഴുന്നത് കണ്ടതും പത്ത് മെഴുകുതിരിയില്‍ നിന്നും രണ്ടെണ്ണമെടുത്ത് മാതാവിനു കത്തിയ്ക്കാമെന്നു കരുതി ഓടിയതാ.” ( കാര്യം നിസ്സാരം)


ഇതു കേട്ടതും ആള്‍ക്കൂട്ടത്തില്‍ നിന്നും ജോയിച്ചന്റെ അമ്മച്ചി അന്നാമ്മച്ചേടത്തി സ്വന്തം നെഞ്ചിങ്കൂടിനിട്ട് ആഞ്ഞടിച്ചു. നാട്ടുകാര്‍ ഓരോ ഇടിയുടെയും എണ്ണം പിടിച്ചുകൊണ്ടിരുന്നു . ഒന്നേ.. രണ്ടേ.. മൂന്നേ...


തലയില്‍ തേങ്ങാവീണു സാരമായി പരിക്കുപറ്റിയ ജോയിക്കുട്ടിയെ ആരൊക്കെയോ ചേര്‍ന്ന് ഹോസ്പിറ്റലിലെത്തിച്ചു. ജോയിക്കുട്ടിയുടെ അവസാന ശ്വാസം കണ്ടെന്നവകാശപ്പെടാന്‍ ബന്ധുമിത്ര ശത്രുവാദികള്‍ ശ്വാസമടക്കി ഹോസ്പിറ്റലിന്റെ വരാന്തയില്‍ കുത്തിയിരിപ്പു തുടങ്ങി.


ജോയിക്കുട്ടിയുടെ തലയില്‍ തേങ്ങാ വീണ പ്രശ്നം നാട്ടില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായി .

തെങ്ങു ചതിക്കില്ലാ എന്നു പ്രസംഗിച്ചു നടന്ന നാട്ടിലെ ചിന്തകനെ ആരൊക്കെയോ ചേര്‍ന്ന് തെങ്ങിനു മേലെ പിടിച്ചു കെട്ടി. നീട്ടി വളര്‍ത്തിയ താടിയും മുടിയും പിഴുതെറിഞ്ഞ് മുഷിഞ്ഞ വസ്ത്രങ്ങള്‍ക്കു പകരം കഞ്ഞിപ്പശയിലിട്ടു പുഴുങ്ങിയെടുത്ത ഖദറിട്ടുകൊടുത്ത ശേഷം ഒരു താക്കീതും കൊടുത്തു വിട്ടു. (കള്ളം പറയുന്നവനു പറ്റിയ വേഷം)


നാട്ടുകാരുടെ താക്കീതും കയ്യിലെടുത്ത് ഖദറുമിട്ട് നടന്ന ചിന്തകന്‍ മുദ്രാവാക്യങ്ങള്‍ മാറിമാറി വിളിച്ചപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് നമ്മുടെ ചിന്തകനും ഒരു കസേരയിട്ടുകൊടുത്തു. കിട്ടിയ കസേരയില്‍നിന്നും എഴുന്നേല്‍ക്കാതെതന്നെ ചിന്തകന്‍ ജോയിക്കുട്ടിയെ ചതിച്ച തെങ്ങുകള്‍ വെട്ടിമാറ്റാന്‍ ഉത്തരവിറക്കി.


പ്രതിപക്ഷം ഇളകിമറിഞ്ഞു തെങ്ങു വെട്ടിമാറ്റിയാല്‍ ഭാവിയില്‍ നാട്ടില്‍ നിന്നും തെങ്ങിന്‍ പാലങ്ങള്‍ അപ്രത്യക്ഷമാകുമെന്ന ഭീതി ജനങ്ങളെ പറഞ്ഞു മനസ്സിലാക്കി. മാത്രമല്ല മഴമേഘങ്ങളെ തടഞ്ഞു നിര്‍ത്തി മഴ തരുന്നതും തെങ്ങായത്കൊണ്ട് തെങ്ങുകളില്ലാത്ത കാരണം മഴയെങ്ങാനും പെയ്യാതെ വന്നാല്‍ പാലില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയാതെ പാവം ക്ഷീരകര്‍ഷകര്‍ പട്ടിണിയിലാകുമെന്ന ദുരന്ത സത്യവും ജനങ്ങളെ ബോധ്യപ്പെടുത്തി.


മാസങ്ങള്‍ കഴിഞ്ഞിട്ടും തലയില്‍ തേങ്ങാ വീണ ജോയിക്കുട്ടിക്കു ബോധം നഹി.


ചിന്തകന്റെ നേതൃത്വത്തില്‍ ഭരണ പക്ഷം തെങ്ങു മുറിച്ചു മാറ്റലില്‍ തന്നെ ഉറച്ചു നിന്നു. കേരളത്തിലെ ചെറുപ്പക്കാര്‍ ഇനി എന്തു വിശ്വസിച്ച് തെങ്ങു നിറഞ്ഞ കേരളത്തിലൂടെ സഞ്ചരിക്കും? തൊണ്ടിനുപോലും വിലയില്ലാത്ത തേങ്ങകള്‍ കുന്നുകൂടിയാല്‍ എന്തായിരിക്കും കേരളത്തിന്റെ അവസ്ഥ? വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ടിന്നിലടച്ച ഇളനീര്‍ ആന്റ് തേങ്ങാച്ചമ്മന്തി ഇറക്കി വെക്കാന്‍ സ്ഥലമില്ലാതെ വരില്ലെ? സ്ഥലം മുടക്കികളായ തേങ്ങകള്‍ കേരള ജനതയെ ഇനിയും പട്ടിണിക്കിടാതെയിരിക്കണമെങ്കില്‍ മാര്‍ഗ്ഗമൊന്നേയുള്ളൂ. തെങ്ങുകള്‍ കേരളത്തില്‍ നിന്നും ഇല്ലാതാവണം.


ചര്‍ച്ചകളും വട്ടമേശസമ്മേളനങ്ങളും കളറില്‍ മുക്കിയ സ്വദേശി വിദേശികളെ കാലിയാക്കിക്കൊണ്ടിരുന്നു. പക്ഷെ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല എങ്കിലും ഹര്‍ത്താലുകളും , കല്ലേറുകളും മുറപോലെ നടന്നുകൊണ്ടിരുന്നു.


പക്ഷേ അപ്പോഴും തേങ്ങാ തലയില്‍ വീണ മുറിവുമായി നമ്മുടെ ജോയിക്കുട്ടി ആശുപത്രിയില്‍ കോമായില്‍ മയങ്ങുകയാണ്. കൂടെ ആശുപത്രി വരാന്തയില്‍ ജോയിക്കുട്ടിയെ വെള്ളയില്‍ പൊതിയുന്ന ദിവസവും കാത്ത് ബന്ധുക്കള്‍ കം ശത്രുക്കളും കുത്തിയിരിക്കുന്നു.


തെങ്ങു മുറിച്ചുമാറ്റുന്നതിനുള്ള കോടാലി തന്റെ ഭാര്യയുടെ (ഇട)വകയിലുള്ള അമ്മാവന്റെ മകന്റെ കോടാലിക്കമ്പനിയില്‍നിന്നുതന്നെ വാങ്ങണമെന്ന ഘടകകക്ഷി നേതാവിന്റെ ആവശ്യം കണ്ടില്ലെന്നു നടിച്ചാല്‍ മന്ത്രിസഭ കാണില്ലാ എന്ന ബോധോദയം കൊണ്ട് ഭരണകക്ഷി നേതാവ് കോടാലി വാങ്ങാനുള്ള പണത്തിനു ഖജനാവില്‍ കോലിട്ടിളക്കിക്കൊണ്ട് ഉത്തരവിറക്കി. “ആരവിടെ......”
കോടാലികള്‍ കെട്ടുകളായി ഇറങ്ങിത്തുടങ്ങി. സര്‍ക്കാറാപ്പീസിനു മുന്‍പില്‍ക്കിടന്ന് കോടാലികള്‍ മഴയും, മഞ്ഞും കൊണ്ട് തുരുമ്പെടുത്തിട്ടും ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല.


അവസാനം അവരെത്തി. അതെ അവര്‍ തന്നെ, കേരളത്തിലെ പ്രശ്നത്തിനു പരിഹാരം കാണാന്‍ ബുദ്ധി രാക്ഷസനായ സായിപ്പും കൂടെ മദാമ്മയുടെ ഓമനയായ പട്ടിക്കുട്ടിയും.


പട്ടിക്കുട്ടിയെ മുന്‍പില്‍ നിര്‍ത്തി ചതുരമേശയ്ക്കു ചുറ്റും , ഭരണപക്ഷത്തിന്റേയും പ്രതി പക്ഷത്തിന്റെയും സമാധാന ചര്‍ച്ചകള്‍ നടന്നു. സായിപ്പിന്റെ കൈപിടിച്ചു പലരും പലപ്രാവശ്യം കുലുക്കിയപ്പോള്‍ സായിപ്പിന്റെ ഫുത്തി വികസിച്ചു കേരളമണ്ണിന്റെ മര്‍മ്മത്തുതന്നെ പൊട്ടിവീണു.


തേങ്ങ വീണു പരിക്കുപറ്റുന്നതില്‍നിന്നും രക്ഷനേടാന്‍ തെങ്ങു മുറിക്കേണ്ട ആവശ്യമില്ല എന്ന കണ്ടുപിടുത്തം പ്രതിപക്ഷത്തിന്റെ നാവിനെ കമന്റ് മോഡറേഷനിട്ടു കുരുക്കി . ഇനിമുതല്‍ കേരളത്തിലെ വോട്ടര്‍മ്മാര്‍ തേങ്ങാ സ്പെഷ്യല്‍ ഹെല്‍മെറ്റ് ധരിക്കുക. ഹെല്‍മെറ്റ് ധരിക്കാത്തവരെ പിരിവിട്ടു പിടിക്കാന്‍ പോലീസുകാര്‍ ഉണ്ടയില്ലാത്ത തോക്കുകളുമായി നാട്ടുവഴികളില്‍ പതിയിരിക്കുക എന്ന തീരുമാനവുമായി ചതുരമേശ സമ്മേളനം മദാമ്മയുടെ പട്ടിക്കുട്ടിയുടെ രണ്ട് ഓരിയിടലോടെ പിരിച്ചുവിട്ടു.


സായിപ്പിന്റെ വിദേശകമ്പനിയിലെ ഹെല്‍മെറ്റുകള്‍ കെട്ടുകളായി കേരളനാട്ടിലിറങ്ങി. പകരം കിട്ടിയ കുറേ കെട്ടുകള്‍ ഭരണപക്ഷത്തിന്റെയും , പ്രതിപക്ഷത്തിന്റെയും വിദേശ നിക്ഷേപങ്ങളിലും ഇറങ്ങി.
നാട്ടുകാരായ നാട്ടുകാരെല്ലാം തലയില്‍ ഹെല്‍മെറ്റുമായി നടത്തം തുടങ്ങി. ഹെല്‍മെറ്റു വെക്കാത്തവരെ തിരഞ്ഞുപിടിച്ച് പോക്കറ്റുതപ്പാന്‍ നിയമപാലകരുമിറങ്ങിയപ്പോള്‍ ജനങ്ങള്‍ക്ക് സന്തോഷം വിത്ത് സമാധാനം. ( കഞ്ഞിവെള്ളം കിട്ടിയില്ലെങ്കിലെന്ത് ഹെല്‍മെറ്റുണ്ടല്ലൊ).

*********

കോമയില്‍ കിടന്ന നമ്മുടെ ജോണിക്കുട്ടി ഒരു സുപ്രഭാതത്തില്‍ ബന്ധുക്കള്‍ കം ശത്രുക്കളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു. തന്നെ ബന്ധിച്ച ഗ്ലൂക്കോസ് കുപ്പികളെ തട്ടിമാറ്റി ഇറങ്ങി ഓടി. പിന്നാലെ ബന്ധുക്കള്‍ കം ശത്രുക്കളും.
ലൂസിക്കുട്ടിയുടെ വീട്ടിലെ മതിലു ചാടി ഓടി പരിചയമുള്ള ജോണിക്കുട്ടിയുടെ പിന്നാ‍ലെയോടിയ ബന്ധുക്കളും സകല നാട്ടുകാരും തളര്‍ന്നവശരായി.


വിലക്കയറ്റം വരുന്ന കാലത്ത് വിലകൂട്ടി വില്‍ക്കാന്‍ അരിച്ചാക്കുകള്‍ കൂട്ടിയിട്ട ഗോഡൌണും പിന്നിട്ട് ജോണിക്കുട്ടി ശരം വിട്ടപോലെ ഓടുകയാണ്.

ജോണിക്കുട്ടിയുടെ അമ്മച്ചി അന്നാമ്മക്കുട്ടി തന്റെ നെഞ്ചിങ്കൂടിന് വീണ്ടും ആഞ്ഞടിച്ചു ഓട്ടത്തിനിടയില്‍ നാട്ടുകാര്‍ അത് കൌണ്ട് ചെയ്തുകൊണ്ടിരുന്നു.

ജോണീക്കുട്ടി, ഏലിയാമ്മയുടെ വീടു ലക്ഷ്യമാക്കി ഓടുന്നത് കണ്ടപ്പോള്‍ തന്നെ തന്റെ തലയില്‍ ഇടിത്തീവീഴാന്‍ മാതാവിനു മെഴുകുതിരി കത്തിച്ച ഏലിയാമ്മയുടെ രക്തം ജോണിക്കുട്ടി എടുത്ത് കുപ്പിയിലാക്കുമെന്ന കാര്യം ഉറപ്പായി.


തന്റെ വീടിനു നേരെ ചീറിപ്പാഞ്ഞുവരുന്ന ജോണിക്കുട്ടിയേയും സംഘത്തിനേയും കണ്ട ഏലിയാമ്മച്ചേടത്തി അടുക്കള വാതില്‍ വഴി പുറത്തു കടക്കാന്‍ ഒരു ശ്രമം നടത്തിയതാണ് പക്ഷേ ജോണിക്കുട്ടി അപ്പോഴേക്കും പിന്നില്‍ നിന്നും ഏലിയാമ്മയെ കടന്നു പിടിച്ചിരുന്നു.


ജോണിക്കുട്ടിയുടെ ചോരക്കണ്ണുകളില്‍നിന്നും തീപാറുന്നത് കണ്ട ഏലിയാമ്മ മരണത്തിനു തൊട്ടു മുന്‍പുള്ള പ്രാര്‍ത്ഥന മനസ്സില്‍ ചൊല്ലിക്കൊണ്ട് പറഞ്ഞു.

“മോനെ ജോണിക്കുട്ടീ ഏലിയാമ്മ ച്ചേടത്തിക്ക് ഒരു പറ്റു പറ്റിയതാടാ ഇനി മേലില്‍ മാതാവിനു മെഴുകുതിരി നേരില്ലേ.......”


ജോണിക്കുട്ടി അട്ടഹസിച്ചു“മെഴുകുതിരി നേരില്ലെ നീ.. പരട്ട കിളവീ.... ഇനിയും മെഴുകുതിരി നേരണം പത്ത് മെഴുകുതിരിയല്ല പതിനായിരം മെഴുകുതിരി അതിനുള്ള കാശ് ഈ ജോണിക്കുട്ടി തരും”


വീടിനു ചുറ്റും തടിച്ചുകൂടിയ ജനസാഗരത്തിനു സംശയം, അല്ല അവരതങ്ങ് ഉറപ്പിച്ചു ..... ജോണിക്കുട്ടിയുടെ തലയില്‍ തേങ്ങ വീണതു മുതല്‍ ലവിടെ സാത്താന്‍ കയറിയങ്ങ് പൊറുതി തുടങ്ങി. ആരൊക്കെയോ വിളിച്ചു പറഞ്ഞു
“ഏലിയാമ്മേ കുരിശെടുത്ത് സാത്താനു നേരെ പിടി”
ഏലിയാമ്മ കുരിശുപോയിട്ട് പൊട്ടിവന്ന അരിശം പോലും പുറത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.


ഇതൊന്നും കാര്യമാക്കാതെ ജോണിക്കുട്ടി തന്റെ അലറല്‍ തുടര്‍ന്നു....
“നീ മാതാവിനു മെഴുകുതിരി നേര്‍ന്നാല്‍ ഫലമുണ്ടാകും .. അത്കൊണ്ട് നമ്മുടെ രൂപയുടെ കുത്തനെ ഉയര്‍ന്ന മൂല്യം താഴേക്കു വരാന്‍ പതിനായിരം മെഴുകുതിരി നേരണം മെഴുകുതിരി ഞാന്‍ തരും....”


ഇതു കേട്ടപ്പോള്‍ ഏല്യാമ്മച്ചേടത്തിയുടെ വിരുന്നിനുപോയ ശ്വാസം തിരിച്ചെത്തി .... ശ്വാസം ആഞ്ഞുവലിച്ച ഏലിയാമ്മച്ചി ജോണിക്കുട്ടിയോട് ന്യായമായ ഒരു ചോദ്യം ചോദിച്ചു.

“എന്നാത്തിനാ ജോണിക്കുട്ട്യേ രൂപയുടെ മൂല്യം കുറയ്ക്കുന്നത്?”

“ ഹഹ ചേടത്തീ എന്റെ ഇച്ചായന്‍ അങ്ങ് ഗള്‍ഫീന്നയക്കുന്ന പണത്തില്‍ നിന്നും അടിച്ചുമാറ്റിയല്ലായൊ പ്രത്യേകിച്ചു ജോലിയൊന്നുമില്ലാത്ത ഞാന്‍ അങ്ങു കഞ്ഞിവെള്ളം കുടിക്കുന്നത്?”

“ അതിന്?”

“ഇപ്പോ രൂപയുടെ മൂല്യം കൂടിയത്കാരണം ഇച്ചായന്‍ പണമയക്കുന്നകാര്യത്തിലും മൂല്യ നിര്‍ണ്ണയം നടത്തി...”


അങ്ങിനെ ഒടിച്ചു മടക്കിപ്പറഞ്ഞാല്‍ പതിനായിരം മെഴുകുതിരി നമ്മുടെ ഏലിയാമ്മ നേര്‍ന്നതും രൂപയുടെ മൂല്യം ശടപ്ടേന്ന് താഴോട്ടു പതിച്ചു.
ജോണിക്കുട്ടി തന്റെ കരാറു പ്രകാരം പതിനായിരം മെഴുകുതിരിക്കു പകരം പതിനായിരത്തൊന്നു മെഴുകുതിരി ഏലിയാമ്മയ്ക്ക് വാങ്ങിച്ചുകൊടുത്തു.


രൂപയുടെ മൂല്യമിടിഞ്ഞപ്പോള്‍ ഫോറിന്‍ പണം ഇടുക്കി ഡാമില്‍ നിന്നും ഒഴുക്കിക്കളയുന്ന ( ചുമ്മാ ഒരു രസത്തിന്) വെള്ളപ്പാച്ചില്‍ പോലെ നാട്ടിലേക്കൊഴുകാന്‍ തുടങ്ങി.


ഷെയര്‍മാര്‍ക്കറ്റില്‍ സമ്പാദ്യമത്രയും കുത്തിത്റ്റിരുകിയ ഔസേപ്പ് മാപ്പിള ബോധം കെട്ടപ്പോള്‍ മിച്ചം വന്ന പുരയിടത്തിന് അവകാശികളായ ആരൊക്കെയോ ആശുപത്രിയിലേക്കു കെട്ടിയെടുത്തു.


കഞ്ഞിവെക്കാനുള്ള അരിയുടെ വില മാര്‍ക്കറ്റ് ഇടിഞ്ഞാലും വല്ലവനും കെട്ടിപ്പൊക്കിയാലും താഴോട്ട് വരാത്തതിനാല്‍ പാടത്ത് പണിക്കുപോകുന്ന ദേവസ്യയും മക്കളും പഴയപോലെ കൂര്‍ക്കം വലിച്ചുറങ്ങി.


അന്നു മുതല്‍ ജോണിക്കുട്ടിയോടുള്ള ശത്രുത അവസാനിപ്പിച്ച നമ്മുടെ ഏല്യാമ്മച്ചേടത്തി ഇനി വല്ല ഇടിത്തീയും വീഴുകയാണെങ്കില്‍ നാട്ടുകാരുടെ മൊത്തം തലയില്‍ വീഴാന്‍ മാതാവിനുമുന്‍പില്‍ കത്തിച്ചത് ഇരുന്നൂറ്റി ഇരുപത്തിനാലര മെഴുകുതിരി!!!!!!!!!!

Monday, October 13, 2008

വെളിച്ചം കിട്ടിയ വേലു...

പെണ്ണുകെട്ടണം, പെണ്ണുകെട്ടണം എന്നത്‌ അന്തേരിയുടെ തെരുവിലൂടെയൊഴുകുന്ന അഴുക്കുവെള്ളത്തില്‍ നോക്കി നാട്ടിലെ ഉണക്കത്തോടുകള്‍ കിനാവുകാണുന്ന ഇരുപത്തി ഒന്‍പതുകാരന്‍ വേലുവിന്റെ അടക്കം കിട്ടാത്ത ആഗ്രഹങ്ങളിലൊന്നാണ്‌.
ബോംബായിലെ പെണ്‍പിള്ളേര്‍ക്കൊന്നും കേരള പെണ്‍കൊടികളുടെ അത്ര ചന്തം പോര എന്ന കണ്ടുപിടുത്തം പതിമൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തോന്നിയിരുന്നെങ്കിലെന്ന ചിന്തയാണ്‌ വേലുവിനെ വീണ്ടും വര്‍ഷങ്ങള്‍ പിന്നിലേക്കെത്തിച്ചതു.
വേലുവിനു അന്ന്‌ വയസ്സ്‌ പതിനാറ്‌, അഞ്ചാം ക്ലാസ്സിലെ കാരണവര്‍ ,പരിചയ സമ്പന്നന്‍(ഓരോ ക്ലാസ്സിലും കുറേ കാലത്തെ എക്സ്പീരിയന്‍സ്‌) എം.ബി.ബി.എസു കാരന്‍ (മെംബര്‍ ഓഫ്‌ ബാക്ക്‌ ബെഞ്ച്‌ സ്റ്റുഡന്റസ്‌) എക്സ്ട്രാ........... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിശേഷണത്തിനുടമയാണ്‌ നമ്മുടെ വേലു.
ആയിടയ്ക്കാണ്‌ ഒരു മഹാ സംഭവം സ്കൂളില്‍ നടക്കുന്നത്‌. പലിശക്കാരന്‍ കേശവനാശാരിയുടെ മൂത്ത മകള്‍ ( എന്നു പറഞ്ഞാല്‍ കെട്ടിച്ചയക്കാന്‍ മൂപ്പെത്തിയത്‌ എന്ന്‌ മീനിംഗ്‌) ദാക്ഷായണി എന്തൊക്കെയോ പരീക്ഷയ്ക്കും തുടര്‍ന്നുള്ള പരീക്ഷണങ്ങള്‍ക്കുമൊടുവില്‍ അദ്ധ്യാപഹയിയായി ആ
സ്കൂളിലേക്ക്‌ കാലെടുത്ത്‌ കുത്തി.
ദാക്ഷായണിക്കു വയസ്സില്‍ മൂപ്പ്‌ കൂടുതലാണെങ്കിലും നടപ്പില്‍ ചെറുപ്പമായിരുന്നു. മത്തങ്ങ വെട്ടിയിട്ട പോലുള്ള കണ്ണുകളും, കുറ്റിച്ചൂലിനു ചൊറി പിടിച്ചപോലുള്ള കൂന്തലും, നൂറ്റിപ്പത്തിന്റെ ബള്‍ബിനെ പിന്നിലാക്കുന്ന പല്ലുകളും, വദനത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന എണ്ണിയാലൊടുങ്ങാത്ത കുണ്ടും കുഴികളും, ഹൈഹീല്‍ ചപ്പലില്‍ കയറി ബാലന്‍സു ചെയ്തുള്ള ആ നടത്തവും സ്കൂളിലെ അമ്പത്തിയൊന്നുകഴിഞ്ഞ കേളുമാഷിനുപോലും ഇളക്കം കൊടുക്കുന്നതായിരുന്നു.
അതുകൊണ്ടുതന്നെയാണ്‌ ദിവസവും താമസിച്ചുവരുന്ന ദാക്ഷായണിയ്ക്കു മാത്രം ഹെഡ്മാസ്റ്റര്‍
ഒപ്പിടാനുള്ള അനുവാദം കൊടുക്കുന്നത്‌ എന്നൊരു സംശാരമില്ലാതില്ല. പക്ഷേ അര്‍ദ്ധ സെഞ്ചുറിയടിച്ച
ത്രേസ്യാമ്മടീച്ചര്‍ക്ക്‌ വൈകിയ ഓരോമിനിറ്റിനുംവെച്ച്‌ പലിശയും ചേര്‍ത്ത്‌ ഹെഡ്മാസ്റ്ററുടെ മുറുകാതെ കിടക്കുന്ന മുറുക്കാന്‍ നിറഞ്ഞ വായില്‍നിന്നും പച്ചയായ മലയാളം വാക്കുകള്‍ കേള്‍ക്കുമായിരുന്നു. ഈ കാര്യത്തില്‍ ത്രേസ്യാമ്മടീച്ചര്‍ക്ക്‌ മുറുവും മുറുപ്പുമുണ്ടെങ്കിലും പുറത്തുകാണിക്കല്‍ നഹിയാണ്.
ദിവസങ്ങള്‍ കടന്നുപോയി എല്ലാ ചെറുപ്പക്കാരെയും പോലെ നമ്മുടെ വേലുവിന്റെ ഖല്‍ബിലും ഒരാശ പൂത്തുലഞ്ഞാടി. സംഗതി ക്ലാസ്സ്‌ അഞ്ചാണെങ്കിലും പ്രായം പെണ്ണുകെട്ടാന്‍ ചിന്തിക്കാറായല്ലോ. വേലുവിന്റെ സമപ്രായക്കാര്‍ക്ക്‌ ആളൊന്നിനു രണ്ടുവീതമാണ്‌ കാമുകിമാര്‍.ആ ഒരൊറ്റക്കാരണത്തിന്റെ പുറത്താണ്‌ അദ്ധ്യാപഹയി ദാക്ഷായണിയ്ക്ക്‌ തനിക്കറിയാവുന്ന ഭാഷയില്‍ പ്രേമലേഖനമെഴുതിയതും സ്റ്റാഫ്‌ റൂമില്‍ വെച്ചുതന്നെ കൈമാറിയതും!
പ്രേമലേഖനം കണ്ട ദാക്ഷായണി ഉറഞ്ഞുതുള്ളല്‍ പോരാത്തതുകൊണ്ട്‌ കലിയുംകൂടി കൂട്ടിത്തുള്ളി
ഹൈഹീലില്‍നിന്നും ബാലന്‍സുതെറ്റി മറിഞ്ഞുവീണു.
ദാക്ഷായണിയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ മത്സരിച്ചോടിവന്ന അദ്ധ്യാപകരുടെ സംഘത്തിപെട്ട പോക്കരുമാഷാണ്‌ ആ കുറിപ്പുകണ്ടതും ഉറക്കെ ഇങ്ങനെ വായിച്ചതും.
"ഇന്റെ കരള്‍ കഷണമെ , അന്നെ കണ്ടത്‌ മൊതല്‍ ഇന്റെ മന്‍സില്‍ ലൈനാക്കണം , ലൈനാക്കണം എന്ന്‌ മോകം. അന്റെ അച്ഛന്‍ പട്ടിക്കഴുവേറി മോന്‍ ആശാരി പലിശ
കേശവനറിയാതെ നമ്മള്‍ക്ക്‌ നൂന്‍ഷോക്ക്‌ പോണം. ടിക്കറ്റ്‌ എട്ക്കാന്‍ പയിസയും തല്‍ക്കാലം നീ കൊണ്ടുവരണം. അത്‌ എന്റെ അക്കൗണ്ടില്‍ എയുതിബച്ചാല്‍ മതി അത്രയും തുഹ സ്ത്രീധനത്തില്‍ നിന്നും ഞാന്‍ കുറയ്ക്കുന്നുണ്ട്‌എന്ന്‌ അന്റെ സൊന്തം വേലുവേട്ടന്‍ ( ഒപ്പ്‌)"
പ്രഥമ പ്രേമലേഖനത്തിലെ ബെസ്റ്റ്‌ വരികള്‍ കണ്ട പോക്കരുമാഷും കൂടെ ദാക്ഷായണിയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ തിക്കും തിരക്കും കൂട്ടുന്ന മറ്റുമാഷുമ്മാരും ഒന്നിച്ച്‌ ഞെട്ടിയത്‌
ഒരുതവണയാണെന്നുകരുതിയെങ്കില്‍ നമുക്കു തെറ്റി. അവരവിടെ കിടന്നു ഞെട്ടട്ടെ നമുക്ക്‌ തല്‍ക്കാലം വേലുവിനെ പിന്‍ തുടരാം.
അന്ന്‌ വൈകുന്നേരം ദാക്ഷായണിയോടുള്ള അരിശവും പ്രേമം ചീറ്റിയതിലുള്ള നിരാശയുമെല്ലാം പെറുക്കി ചുരുട്ടിക്കൂട്ടിക്കൊണ്ടാണ്‌ വേലു വീട്ടിലെത്തിയത്‌. പക്ഷെ വിധി അവിടേയും വേലുവിനെ തോല്‍പ്പിക്കുകയായിരുന്നു കാരണം ദിവസംതോറും സ്കൂള്‍ വിട്ടയുടന്‍ കഴിച്ചുവരുന്ന ചോറിനും മത്തിക്കറിക്കും കൂടെ കടിച്ചു തിന്നാന്‍ ഒണക്കമീന്‍ നഹി . സ്വന്തം മാതാജി ജാനുവിനോട്‌ ഒരായിരത്തി ഇരുപത്‌ തവണപറഞ്ഞതാണ്‌ ഒണക്കമീനില്ലാതെ ചോറു തന്നുപോകരുതെന്ന്‌ .
പിന്നീട്‌ മത്തിക്കറിയുടെ ചട്ടിയെടുത്ത്‌ പട്ടിക്കൂടിനുനേരെയും ചോറിന്റെ കലമെടുത്ത്‌ കിണറിനുനേരെയും വലിച്ചെറിഞ്ഞ്‌ കയ്യും വീശി ഒറ്റ നടത്തമായിരുന്നു.ആ നടത്തം കള്ളവണ്ടികയറി ബോംബെയിലെ തെരുവുകളിലെത്തിച്ചു. പട്ടിണിയും പരിവട്ടവും ജീവിതത്തിലാദ്യമായി രുചിച്ചപ്പോള്‍ മോശണത്തിലും തുടര്‍ന്ന്‌ അന്തേരിയിലെ ഗുണ്ടാ സംഘത്തില്‍ ചേര്‍ന്ന്‌ കള്ളക്കടത്തുകാരന്റെ വലംകൈയാകുന്നതിലുമെത്തിച്ചു. നാലു ചക്രം കയ്യില്‍ വരാന്‍ തുടങ്ങിയപ്പോഴേക്കും വര്‍ഷം
പതിമൂന്ന്‌ കഴിഞ്ഞിരുന്നു.
അങ്ങിനെ പതിമൂന്നു വര്‍ഷത്തെ തികഞ്ഞ ബോംബേവാസത്തിനൊടുവില്‍ വേലു കോട്ടും സൂട്ടും വാങ്ങി മലയാളിമങ്കയെ കെട്ടുക എന്ന ഏക ലക്ഷ്യവുമായി നാട്ടിലേക്കു ടിക്കെറ്റെടുത്തു ( ഇന്നു വേലുവിനു കള്ളവണ്ടി കയറേണ്ട ആവശ്യമില്ല ).
മലയാളമണ്ണിലെ അഴുക്കു നിറഞ്ഞ റെയില്‍ വേ സ്റ്റേഷനില്‍ കാലുകുത്തുമ്പോള്‍ ചെറുതായിട്ട്‌ മനസ്സൊന്നിടറിയത്‌ ആരും കാണാതിരിക്കാന്‍ പോക്കറ്റില്‍ കൈ തിരുകി അഡ്ജസ്റ്റ്ചെയ്തു.
നഗരത്തില്‍ പതിമൂന്നു വര്‍ഷങ്ങള്‍ക്കൊണ്ട്‌ വന്ന മാറ്റങ്ങള്‍ അവിശ്വസനീയമായിരുന്നു.
ആകാശത്തിനു താങ്ങുകൊടുക്കുന്ന വമ്പന്‍ കെട്ടിടങ്ങള്‍ മുതല്‍ മത്സരിച്ചോടുന്ന വിദേശവാഹനങ്ങള്‍വരെ കണ്ടപ്പോള്‍ വേലു തികച്ചും " സപ്നോംകി സിന്തകീ ഹേ ഹീ ഹോ ഹാ കതം ഹോജായകാ....." എന്നായിപ്പോയി.
ഒരു ടാക്സിവിളിച്ച്‌ വേലു തന്റെ ഗ്രാമത്തിലേക്കു തിരിച്ചു.പണ്ടത്തെ പല പഞ്ചായത്ത്‌ കിണറുകളും മണ്ണിട്ടുമൂടി അതിനുമുകളില്‍ താറിട്ട റോഡ്പണിത ശേഷം കുടിവെള്ളത്തിനായി സമരംചെയ്യുന്ന സമര സേനാനികളെയും , പുഴയ്ക്ക്‌ കുറുകെ പണിത പാലത്തിനുപയോഗിച്ച സിമന്റിന്റെ അളവിനെച്ചൊല്ലി തര്‍ക്കിക്കുന്ന പ്രമാണിമാരെയുമെല്ലാം കടന്ന്‌ തന്റെ പഴയ കുടിലിന്റെ സ്ഥാനത്ത്‌ കിടക്കുന്ന ബിഗ്‌ മാളികയുടെ മുന്‍പില്‍ വേലു ചാടിയിറങ്ങി.
നാടിനു വന്ന മാറ്റം തന്റെ വീടിനും വരുത്തിയിട്ടുണ്ട് എന്നതില്‍ അഭിമാനപുളകിതകഞ്ചുകനായ വേലു ഓടി വീട്ടില്‍ ചെന്നു ബെല്ലടിച്ചു. അകത്തുനിന്നും വന്ന അപരിചിതരോട്‌ തന്റെ മാതാപിതാക്കളെപ്പറ്റി അന്വേഷിച്ച വേലു ശരിയ്ക്കും ഞെട്ടി.റിയലെസ്റ്റേറ്റ്‌ മാഫിയ കിട്ടാവുന്നതില്‍ ഏറ്റവും വലിയ
മോഹന വില നല്‍കിയപ്പോള്‍ തന്റെ സ്ഥലവും, വീടും വേലുവിന്റെ പിതാജി ശ്രീമാന്‍ കോരന്‍ അവര്‍ക്കു കൈമാറുകയായിരുന്നു. പിന്നിട്‌ കയ്യില്‍ വന്ന പണക്കെട്ടുകളുമായി വീടും പറമ്പുമെടുക്കാന്‍
പോയപ്പോഴാണ്‌ നാട്ടിലെ സ്ഥലങ്ങളുടെ പൊള്ളുന്ന വില മനസ്സിലായതും ബോധം വീണതും.
അവസാനം പഴയ ഇരുപത്‌ സെന്റിനും വീടിനും പകരം പത്തു സെന്റില്‍ പണിത ഒരു കൊച്ചു കുടിലില്‍ രാത്രി മാനത്തു തെളിഞ്ഞുവരുന്ന നക്ഷത്രക്കുട്ടന്മാരുടെ കണക്കും നോക്കിക്കഴിയുകയാണ്‌ പിതാജി,മാതാജി സഹോദരീ സഹോദരങ്ങള്‍ !!
കുടിലിലേക്കു കയറിയ വേലുവിനെ പൊട്ടിക്കരഞ്ഞ്‌ സ്വീകരിച്ചാനയിക്കപ്പെട്ടു. പതിമൂന്നുവര്‍ഷത്തെ പരിഭവങ്ങള്‍ മാതാജി ഒന്നൊന്നായി അഴിച്ചുകൊണ്ടിരുന്നു. തന്റെ ഒരു വയസ്സിനു ഇളയ അനിയച്ചാര്‍ പെണ്ണുകെട്ടി കുട്ടി ഒന്നായി എന്ന സത്യം അവിടെ കണ്ട പെണ്‍കോലത്തെ കണ്ടപ്പോള്‍ മനസ്സിലായി.
ദിവസം നാലു കഴിഞ്ഞപ്പോള്‍ തനിക്കു പെണ്ണൊന്നുകെട്ടണം എന്ന തന്റെ അടക്കമില്ലാത്ത ആഗ്രഹം വേലു പതുക്കെ തൊടുത്തു വിട്ടു.അതു പിതാജി കോരജിയുടെ മര്‍മ്മത്തുതന്നെ കൊണ്ടു. തന്റെ രണ്ടാമത്തെ മകന്റെ ഫാര്യയെനോക്കി കോരജി അലറി.
" നിനക്കറിയോ ഈ നായിന്റെ മോളെ എന്റെ മോനെക്കൊണ്ട്‌ കെട്ടിച്ചതു ഇരുപത്തിയഞ്ച്‌ ചാക്ക്‌ മണലും അഞ്ചുപവനും തരാമെന്നു പറഞ്ഞിട്ടായിരുന്നു"
ഇരുപത്തിയഞ്ചു ചാക്ക്‌ മണലോ????!!!!വേലുവിനു ഒന്നും പിടികിട്ടിയില്ല മൂപ്പര്‌ പതിമൂന്നു വര്‍ഷമായിട്ട്‌ ബോംബയിലെ അന്തേരിയിലും , ധാരാവിയിലുമൊക്കെയായിരുന്നല്ലോ കേരളത്തില്‍ സ്വര്‍ണ്ണത്തെക്കാള്‍ വിലയാണ്‌ മണലിന്‌ എന്ന കാര്യം മൂപ്പര്‍ക്കറിയില്ലല്ലോ. മണലില്‍ കളിക്കുന്ന കുട്ടികളെ നോക്കി തൊണ്ണൂറ്റി ഒന്‍പതുകാരന്‍ " ഡാ അപ്പുറത്ത്‌ കൂട്ടിയിട്ട സിമന്റിലെങ്ങാനും പോയിക്കളിക്കെടാ" എന്നു പറഞ്ഞതിനെക്കുറിച്ചും വേലുവിനു വിവരമില്ലല്ലോ.
പിന്നീടാണു കാര്യങ്ങള്‍ മനസ്സിലായത്‌. അനിയന്റെ ഭാര്യവീട്ടുകാര്‍ അഞ്ചു ചാക്ക്‌ മണലുക്കൂടി സ്ത്രീധന ബാക്കി കൊടുക്കാനുണ്ട്പോലും. പകരം അഞ്ചു പവന്‍ സ്വര്‍ണ്ണം തരാമെന്നുപറഞ്ഞിട്ടും കോരജീ സമ്മതിക്കുന്നില്ല.ബോംബയിലെ കടപ്പുറത്തുനിന്നും ഒരുചാക്ക്‌ മണലുകൊണ്ടുവരാത്തതിലുള്ള ഡ്ഢിത്തമോര്‍ത്ത്‌ വേലു കുന്തിച്ചിരുന്നുപോയി. അവസാനം ഉറക്കെപ്പൊട്ടിച്ചിരിച്ചു.
നാട്ടിലൂടെയുള്ള കാഴ്ചകള്‍കാണാന്‍ വേലു മുണ്ടും മുറുക്കി നടന്നു. കീശയുടെ വലിപ്പമളക്കാന്‍ പണ്ട്‌ വാങ്ങിച്ചുതന്ന നാരങ്ങാമിഠായിയുടെ എണ്ണം ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ കുറെ ബാല്യകാല സഖാക്കളും കൂടെക്കൂടി. (സഖികള്‍ പണ്ടേ വേലുവിനില്ലായിരുന്നല്ലോ).
പണ്ടത്തെ ദാക്ഷായണിട്ടീച്ചറുടെ തന്തപ്പടി പലിശ കേശവന്റെ വീട്ടിനടുത്തെത്തിയപ്പോള്‍, പ്രഥമ പ്രണയത്തിന്റെ ഓര്‍മ്മ പുതുക്കാനെന്നവണ്ണം നെടുവീര്‍പ്പിട്ട മൂക്കിന്റെ കൂട്ടുപിടിച്ച്‌ കണ്ണുകള്‍ അവളെ പരതിയപ്പോള്‍, ദാക്ഷായണിയെ കണ്ടില്ലാ എങ്കിലും അവളുടെ തന്തപ്പടി പണം പലിശയ്ക്ക്‌
കൊടുക്കുമ്പോള്‍ ഈടുവാങ്ങിയ മണല്‍ച്ചാക്കുകളുടെ കൂമ്പാരം കണ്ടു തൃപ്തനായ വേലു തന്റെ നാടിന്റെ
ഇന്നത്തെ നിലയും വിലയുമോര്‍ത്ത്‌ പുളകിതനായി.
ട്യൂട്ടോറിയല്‍ കോളേജിന്റെ ലൈനടിമുക്കും കഴിഞ്ഞുള്ള വളവു തിരിഞ്ഞതും അകലെനിന്നും ഒരു രൂപം പതുക്കെ നടന്നുവരുന്നതു കണ്ടു.വേലുവും സംഘവും സൂക്ഷിച്ചുനോക്കി. എവിടെയോ നല്ല പരിചയമുള്ള രൂപം.വേലു തന്റെ മെമ്മറിയില്‍ പന്തംകൊളുത്തി പരതാന്‍ തുടങ്ങിയപ്പോള്‍, പോക്കറ്റിന്റെ അളവുനോക്കാന്‍ കൂടെ വന്ന ദേവസ്യയാണു സംഗതിപറഞ്ഞത്‌."വേലുവേ ലത്
അന്റെ പയേ ദാശായണിയാ........."
വേലുവിലെ കാമുകന്‍ കണ്ണുംതിരുമ്മി എഴുന്നേറ്റു പണ്ട്‌ കള്ളില്‍ വീണ എലിയെപ്പോലെയിരുന്ന തന്റെ കാമുകിയുടെ രൂപം ഇന്ന്‌ കരിമ്പിന്‍ ചണ്ടിപോലെയായത്‌ വേലുവില്‍ അദ്ഭുതം സൃഷ്ടിച്ചു. കാമുഹി അടുത്തുവന്നു കാമുകന്റെയും കാമുകിയുടെയും കണ്ണുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു " ടമാ ര്‍ ര്‍
​...." (ഇതായിരുന്നു ഇടിയുടെ ശബ്ദരേഖ).
കാമുകി കണ്ണുകള്‍ക്കൊണ്ടൊരു പോസ്റ്റിട്ടു. തന്റെ പഴയ കാലത്തിന്റെ പുതിയ പോസ്റ്റ്‌!!ആ മത്തങ്ങാക്കണ്ണുകളില്‍ നീരുറവപൊട്ടിയൊലിച്ചു തന്നെക്കാളും എട്ടുവയസ്സിനു ഇളയതായ വേലുവിനെ അവള്‍ ആഞ്ഞു വിളിച്ചു " എന്റെ വേലുവേട്ടാ​‍ാ...."
വേലുവേട്ടന്‍ പുളകംകൊണ്ട്‌ വീണ്ടും " സപ്നോംകി സിന്തകീ......." ആയി മാറി.
അങ്ങിനെ കാമുകി കഥ പറഞ്ഞുതുടങ്ങി, അതെ അവള്‍ കരിമ്പിന്‍ ചണ്ടിയായ കഥ!
വേലു ബോംബെയ്ക്ക്‌ കള്ളവണ്ടി കയറിയ കാലം. സ്കൂളില്‍ പുതുതായി വന്ന ഡ്രോയിംഗ്‌ മാഷും
ദാക്ഷായണിയും തമ്മില്‍ ലതായി ... അങ്ങിനെ ലത് പടര്‍ന്ന്‌ പന്തലിച്ച്‌ പടു വൃക്ഷമായിമാറി. ഇതിനിടയില്‍ ദാക്ഷായണിയുടെ പിതാജി കം രക്ഷകര്‍ത്താജി ആശാരിക്കേശവന്‍ വൃക്ഷത്തിനു കോടാലിവെയ്ക്കാനായി നാട്ടിലെ പണക്കാരനും സ്വര്‍ണ്ണപ്പല്ല്‌ കെട്ടിച്ചവനും പ്രായത്തില്‍ തന്റെ ഒപ്പത്തിനൊപ്പം നില്‍ക്കുന്നവനുമായ കണാരുവിനെക്കൊണ്ടു ദാക്ഷായണിയെ കെട്ടിക്കാന്‍ തീരുമാനിച്ചു.തീരുമാനം ദാക്ഷായണിയെ അറിയിച്ചു. പക്ഷെ ഡ്രോയിംഗ്‌ മാഷിന്റെ പ്രേമം പടുവൃക്ഷമായി മാറിയ ദാക്ഷായണിയുടെ ഉള്ളില്‍ അപ്പോഴേക്കുമൊരു വൃക്ഷത്തൈ മുളച്ചുതുടങ്ങിയിരുന്നു.ഈ സത്യമറിഞ്ഞ കേശവന്‍ അലറി
"മോളേ......"
"അച്ഛാ........." അവര്‍ കുറേസമയം പരസ്പരം ഇങ്ങിനെ അലറിക്കൊണ്ടിരുന്നു.
അവസാനം അവള്‍ ആ തീരുമാനമെടുത്തു. അങ്ങിനെ എടുത്തതീരുമാനവും കയ്യിലെടുത്ത്‌ കാമുകന്‍ ഡ്രോയിംഗ്‌ മാഷും കാമുകി ദാക്ഷായണിയും ഒരു ചന്ദ്രവെളിച്ചത്തില്‍ കേരളം വിട്ടു.
കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉണ്ണിപിറന്നു. കര്‍ക്കടകവും - കന്നിയും വീണ്ടും വന്നത്‌ രണ്ടുണ്ണികള്‍ക്ക് കൂടി പിറക്കാന്‍ വഴിയൊരുക്കിയപ്പോള്‍ ഡ്രോയിംഗ്‌ മാഷ്‌ അയല്‍പക്കത്തു താമസിച്ചിരുന്ന കാര്‍ത്ത്യായനിയെയുംകൊണ്ട്‌ കള്ളവണ്ടി കയറി.
ഒടുവില്‍ ദാക്ഷായണി പിറന്നമണ്ണില്‍ത്തന്നെ തിരിച്ചെത്തി. ദാക്ഷായണിയ്ക്കും മൂന്നുമക്കള്‍ക്കും ചിലവിനുകൊടുത്താല്‍ ചിലവുമാത്രമല്ലാതെ വരവൊന്നുമുണ്ടാവില്ല എന്ന തിരിച്ചറിവുകാരണം ദാക്ഷായണിയുടെ പിതാശ്രീ കേശവന്‍ ദാക്ഷായണിയെ വീട്ടില്‍നിന്നും ഇറക്കിവിട്ടു.
അവസാനം ഗതികെട്ട ദാക്ഷായണി ഒരു കരുണയുമില്ലാത്ത നാട്ടുകാരുടെ കാരുണ്യത്തിലാണു ജീവിക്കുന്നത്‌ .ഇതാണ്‌ ദാക്ഷായണിയുടെ കഥ .
കഥകേട്ട വേലുക്കാമുകന്‍ ഇരുന്നിടത്തേക്കുനോക്കിയ ദാക്ഷായണിക്ക്‌ വേലുവിന്റെ കേവലം ഒരു പൊടിപോലും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഇരുന്നിടം ശൂന്യം.
അപ്പോഴേക്കും മണല്‍ച്ചാക്കുകളുടെ ബലത്തില്‍ പുതിയൊരു ബന്ധം പറഞ്ഞുറപ്പിക്കാന്‍ തലയ്ക്കു വെളിവുകിട്ടിയ നമ്മുടെ വേലു, ബ്രോക്കര്‍ കുഞ്ഞാണ്ടിയെയുംകൊണ്ട്‌ പാലക്കാട്ടേയ്ക്ക്‌ ബസ്സുകയറിയിരുന്നു.
ദാക്ഷായണി തന്റെ അന്നത്തെ കാരുണ്യവാനെത്തേടിയും യാത്രയായി.

Monday, October 6, 2008

ബ്ലോഗ് തപ്പിയ ബ്ലോഗര്‍ (ഓടിവരണേ)

ആരെങ്കിലും എറിഞ്ഞുടച്ച വല്ല തേങ്ങാക്കഷണവും കിട്ടുമോന്നറിയാൻ ബൂലോഗപറമ്പിലൂടെ കറങ്ങുന്ന കറക്കത്തിൽ തലപോയ തെങ്ങുകളും, ഇല്ലാത്ത തലയ്ക്കു പകരം ഫോറിൻ തല പിടിപ്പിച്ച കവുങ്ങുകളും , കൊടുംകാറ്റിൽ ഇളകാത്ത തേങ്ങാക്കുലകളും അങ്ങിനെ ഒടുക്കമില്ലാത്ത പലതും കണ്ടുകൊണ്ടിരിക്കുകയാണ്‌ .
എന്തിനേറെ പറയണം നമ്മുടെ സ്വന്തം ഉണ്ണിയാർച്ചയെ ലൈനടിച്ചു നടന്ന ഫ്രാഡ്‌ ചന്തുവിനെപ്പോലും കാണാൻ കഴിഞ്ഞു . അതെ ആ ചന്തു തന്നെ പണ്ട്‌ ബിരിയാനിയിലെ ബീഫ്‌ പൊട്ടിച്ചു തിന്നാൻ ചുറ്റിക പണിതുനൽകിയ കൊല്ലനിട്ടു പണീതവൻ ചന്തു.
ഞങ്ങൾ പുലിയുടെ കുടുംബമാണെന്ന് വീമ്പിന്റെ കൂടെ വമ്പും പറഞ്ഞ്‌ ഒരെലിയെപ്പോലും പിടിച്ച ചരിത്രം നഹിയായ പൂച്ചക്കുട്ടന്മാർ പരസ്പരം കടിച്ചുക്‌Iറുന്ന കാഴ്ചകണ്ടിട്ടും കണ്ടില്ലെന്നുനടിച്ചു.

കഷ്ടിച്ചു സൃഷ്ടിച്ച സൃഷ്ടികളെ കപ്പടാമീശവച്ച പെമ്പിള്ളേർ കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയിൽ ഒണക്കമീനിനൊപ്പം വിറ്റു കയ്യടി വാങ്ങിയപ്പോൾ നെഞ്ചത്തടിച്ചു കരഞ്ഞ സൃഷ്ടികർത്താക്കളെകണ്ടപ്പോൾ ഞാനീ നാട്ടുകാരനേയല്ലെന്നുപറഞ്ഞു തടിയൂരി. ഒരു പറമ്പിൽ ചെന്നപ്പോൾ ചിരിച്ചു ചിരിച്ച്‌ മണ്ണുകപ്പിയപ്പോൾ അതിന്റെ ഉടമസ്ഥൻ " ചിരിച്ചോ പക്ഷേ ഒരു തരി മണ്ണുപോലും കപ്പരുത്‌ " എന്നുപറഞ്ഞ്‌ കൺനുരുട്ടിയപ്പോൾ തിരിച്ചുരുട്ടാൻ ഒരു മണ്ടരിപിടിച്ച തേങ്ങപോലും കിട്ടാതെ മടങ്ങി.

തന്റെ തിരഞ്ഞെടുത്ത പതിനായിരത്തി ഇരുപത്തിയാറര മണ്ടത്തരങ്ങൾ കൃഷിചെയ്യുന്ന കർഷകന്റെ അടുത്തെത്തിയപ്പോൾ അയാൾ മോരുവെള്ളം തന്നു സ്വീകരിച്ചിരുത്തി ( മോരുകുടിച്ചിട്ടെന്കിലും കെട്ടടങ്ങട്ടെ എന്നു കരുതിക്കാണും)
പിന്നേയും നീണ്ടുകിടക്കുന്ന പല പറമ്പുകളിലും കയറി കപ്പ , മുളക്‌, ബ്രോസ്റ്റഡ്‌,പായസം, തുടങ്ങിയ വഹകൾ രുചിച്ചുനോക്കുകയും അടുത്ത പറമ്പുകളിൽ നിന്നും വന്ന പാട്ടുകേട്ട്‌ ഉറക്കം വന്നപ്പോൾ പണ്ടെന്നോ കുഴിച്ചിട്ട കാമുകിയുടെ ചരിത്രം മാന്തിയെടുത്ത്‌ അടുപ്പത്ത്‌ വെക്കാതെ പാകപ്പെടുത്തി രുചിച്ചുനോക്കിയ ഒരു പറമ്പ്കാരന്റെ നിലവിളി വന്ന ഉറക്കത്തെ പിന്നിൽ ഉലക്കയുമായി നിൽക്കുന്ന അയാളുടെ കണവിയുടെ കണ്ണിൽപ്പെടാതെ തിരിച്ചയച്ചു.
പറമ്പിൽ വേലികെട്ടുന്നതും വേലിചാടുന്നതും തുടങ്ങി മരംകേറ്റം വരെ പഠിപ്പിക്കുന്ന റ്റ്യൂഷൻ സെന്ററിന്റെ അടുത്തെത്തിയപ്പോൾ ഫീസില്ലാതെ ഓസിനു ക്ലാസിൽ ഒളിഞ്ഞുനോക്കുന്ന ആരൊക്കെയോ ഓടി മറഞ്ഞു.
ഇനിയുമെന്തെല്ലാം കാഴ്ചകൾ കിടക്കുന്നു!!!
നട്ടുച്ച സമയത്ത്‌ ഒരു പെൻ ടോർച്ച്‌ പോലുമെടുക്കാതെ ഒറ്റയ്ക്ക്‌ ചന്തയ്ക്ക്‌ പോയവൻ എന്ന് എന്റെ ധൈര്യത്തെപ്പറ്റി നാട്ടിലെ ഏതോ തൊഴിലില്ലാക്കവികൾ പാടിപ്പുകഴ്ത്തിയപ്പോൾ എനിക്ക്‌ പുളകമുണ്ടായെങ്കിലും അത്‌ ഒരു പറമ്പ്‌ വിലയ്ക്കെടുക്കുന്നതിൽ എന്നെകൊണ്ടെത്തിക്കും എന്നു ഞാൻ കരുതിയില്ല.
പഴയയൊരു താപ്പാന കുത്തിനടക്കാനും ( പിച്ചവെയ്ക്കുമ്പോൾ) , കുത്തി നോക്കാനും (നോവിക്കാതെ) കമ്പില്ലാത്ത ഒരു വടിയും കയ്യിൽത്തന്ന് അയൽ പറമ്പുകാരെയൊക്കെ പരിചയപ്പെടുത്തിയ ശേഷം എങ്ങോ ഓടി മറഞ്ഞു.
കാലചക്രം കാലനുവേണ്ടി കറങ്ങിയകറക്കത്തിന്റെ ഒഴുക്കിൽകിടന്ന് എന്റെ പറമ്പിലും കളകളുടെ കൂടെ വിളകളും വളർന്നു.
എങ്കിലും പുതിയ കാഴ്ചകൾ തേടിയുള്ള യാത്ര തുടർന്നുകൊണ്ടിരുന്നു. അപ്പോഴാണ്‌ പുതിയൊരു പറമ്പിലെ പച്ചപിടിച്ച മരത്തിൽ സുഗന്ധമുള്ള പൂക്കൾ തഴച്ചു വളരുന്നത്‌ കണ്ട്‌ നോക്കി നിന്നുപോയത്‌.
എന്റെ ബ്ലോഗായ ബ്ലോഗു തപ്പൽ യജ്ഞത്തിനിടയിൽ പുതിയൊരു നല്ല ബ്ലോഗ്‌ ശ്രദ്ധയിൽപ്പെട്ടത്‌ എനിക്കിഷ്ടമായപ്പോൾ നിങ്ങൾക്കും ഇഷ്ടമാകുമെന്ന് കരുതി. നിങ്ങളുംകൂടി ഒന്നു നോക്കൂ ഇതാ ഇതിലെ ആ ബ്ലോഗിലേക്ക്‌ കടക്കാം.