റംസാനിൽ കദീശുമ്മ ബിസിയാണ്. കെട്ടിയോന്‍ കുഞ്ഞിപ്പോക്കർ കിടന്നു കാറിയാൽ പോലും കദീശുമ്മക്ക് ചെവികേള്‍ക്കില്ല.
" അല്ല കദീശോ റമളാനിൽ അന്റെ കാത് കോർക്ക് വച്ച് അടക്കലാണൊ"
"ഇങ്ങളൊന്ന് മിണ്ടാണ്ടിരിക്കി മന്‍ഷനെ . മനുസന് ഇബടെ നിന്ന് തിരിയാം സമയല്ല . അപ്പോളാ ഓരോ ബിളി . കദീശോ പോത്തിനെ കെട്ടിയോ. കദീശോ പറമ്പിൽ വീണ തേങ്ങയെടുത്തോ? അസർ ബാങ്കിന്റെ സമയം എപ്പളാ............ ഇങ്ങളെ ഓരോ ശോദ്യങ്ങള്"
ഇതുകേട്ട് കുഞ്ഞിപ്പോക്കർ ചിരിക്കും
" ഇങ്ങള്‍ ചിരിച്ചോളീ .. റമളാന്‍ നോമ്പാ വരുന്നത് .. പത്തിരിക്കുള്ള അരി പൊടിക്കണം , മുളക്, മല്ലി എന്നിവ പൊടിക്കണം അങ്ങനെ ഒരുപാടൊരുപാട് പണികളുണ്ട് ഇതൊന്നും പറഞ്ഞാൽ ഇങ്ങൾക്ക് മനസ്സിലാകില്ല "
റംസാനിലെ പകലിൽ പച്ചവെള്ളം കദീശുമ്മ കൊടുക്കില്ല എന്നൊരു പരാതി പുറത്തു ചാടാതെ കുഞ്ഞിപ്പോക്കറിന്റെ ഉള്ളിൽ കിടന്നു കറങ്ങുന്നുണ്ട്.
മടിയന്മാരുടെ ദേശീയ നേതാവും, വിശപ്പിന്റെ അസുഖം കൊണ്ട് വലയുന്നവനുമായ കുഞ്ഞിപ്പോക്കർക്ക് റംസാന്‍ മാസം കമന്റ്കിട്ടാത്ത പോസ്റ്റ് പോലെയാണ്.
കുഞ്ഞിപ്പോക്കർ തന്റെ ചെറുപ്പകാലത്തിലേക്ക് ഇരുന്നയിരുപ്പിൽ ഒറ്റ ഊളിയിടൽ വെച്ചുകൊടുത്തു.
പഴയ പള്ളിയിലെ കടഞ്ഞെടുത്ത ചിത്രപ്പണികള്‍ നിറഞ്ഞ തൂണുകളും, വുളു ചെയ്യാൻ ( ശുദ്ധിവരുത്താൻ) പണിയിച്ച ചെറിയ കുളവും അതിൽ കളിച്ചു നടക്കുന്ന മീനുകളും എല്ലാം കുഞ്ഞിപ്പോക്കറിന്റെ മനസ്സിൽ ഓടിയെത്തി.
അന്നു പതിനൊന്നു വയസ്സു പ്രായമുള്ള കുഞ്ഞിപ്പോക്കർ ഒന്നിടവിട്ട് നോമ്പ് നോൽക്കുമായിരുന്നു. അന്നത്തെ ഏക ആശ്രയം പള്ളിയിലെ പായൽ നിറഞ്ഞ കുളത്തിലെ വെള്ളമായിരുന്നു. മുഖം കഴുകുകയാണെന്ന വ്യാജേന ചുറ്റുപാടും വീക്ഷിച്ച് മതിവരുവോളം വെള്ളവും കോരിക്കുടിച്ച് പണ്ട് കവി പാടിയപോലെ." എന്ത് മതിരമെന്നോതുവാന്‍ മോകം..."
എന്നൊരു പാട്ടും പാടി ഒറ്റ നടത്തമുണ്ട് ഇന്നു കഴിഞ്ഞപോലെ എല്ലാം കുഞ്ഞിപ്പോക്കർ ഓർക്കുന്നു.
ദിനങ്ങള്‍ വീണ്ടും കൊഴിഞ്ഞുകൊണ്ടിരുന്നു റംസാന്‍ മാസപ്പിറവി കണ്ടതായി ആകാശവാണിയിലെ തല തെറിച്ചവന്‍ പറഞ്ഞപ്പോള്‍ തലയും കുത്തി വീണത് കുഞ്ഞിപ്പോക്കറിന്റെ മനസ്സിലെ ഉച്ചയൂണിന്റെ പായസത്തിന്റെ മധുരമായിരുന്നു.
കദീശുമ്മ അടുക്കളയിൽ തിരക്കിട്ട പണിയിലാണ്. റംസാനിൽ പുലർച്ചെ ബാംങ്കു കൊടുക്കുന്നതിനു മുന്‍പ് കഴിക്കാനുള്ള വകകള്‍ തയ്യാറാക്കണം. നോമ്പ് തുറക്കാനുള്ള പലഹാരങ്ങള്‍ ഉണ്ടാക്കണം.
പാത്തുമ്മയുടെ റംസാനിലെ ഒരു ദിവസം ഇങ്ങനെ പോകുന്നു.
രാത്രി രണ്ടുമണിക്കു തുടങ്ങും പുലർച്ചക്കുള്ള ഫുഡിനു , കുത്തരിയുടെയും മോട്ടാ അരിയുടെയും ചോർ , ഉപ്പേരി , പപ്പടം , ചപ്പാത്തി പുതിയാപ്പിളമാർ വരുന്ന ദിവസത്തിലാണെങ്കിൽ മൂത്തമോളുടെ പുതിയാപ്ലക്കു നെയ്ച്ചോർ, രണ്ടാമത്തെ മകളുടേതിനു ബിരിയാനി ( നാടന്‍ കോഴി മസ്റ്റ് ). പിന്നെയുള്ള മകളുടെ ഹസ്സിനു കോഴിമുട്ട ഒലത്തിയതില്ലാ എങ്കിൽ തൊണ്ടയിൽ ക്കിടന്നു ചോറു പണി മുടക്കും പോലും ( ഭാര്യ വീട്ടിൽ നിന്നു മാത്രം). പിന്നീയു മുണ്ട് വിഭവങ്ങള്‍.
ഒടുക്കത്തെ (ഇളയ) മകളുടെ കെട്ടിയോനു മീങ്കറി പറ്റില്ല. ആട്ടിറച്ചിയും കട്ടന്‍ ചായയുമില്ലാ എങ്കിൽ പൊളിയുന്നത് സ്വന്തം ഇളയ മകളുടെ പുറം .
അപ്പോള്‍ ഇട്ട അച്ചാറില്ലെങ്കിൽ ഒറ്റമോന്‍ ജബ്ബാറിനു ചോറു വേണ്ട ( എറിഞ്ഞുടക്കാന്‍ വല്ല മൺകലവും കിട്ടിയാൽ മതി).
അങ്ങിനെ പലഹാരങ്ങളായ പലഹാരങ്ങളെല്ലാം കദീശുമ്മ ഒറ്റയ്ക്കിരുന്നു ഉണ്ടാക്കും.
സഹായത്തിനു മക്കളെ വിളിച്ചാൽ കെട്ടിയവന്റെ വീട്ടിൽനിന്നും സ്വന്തം വീട്ടിൽ വരുന്നത് കുറച്ചു വിശ്രമിക്കാനാ എന്നായിരിക്കും മറുപടി. കൂട്ടത്തിൽ ഇതുംകൂടി പറയും."ഈ ഉമ്മക്ക് എന്നാ പടച്ചോനെ മനുസ്യന്റെ കഷ്ടപ്പാടു മനസ്സിലാകുക?" ( ശരിയാണ് അറയിലെ സ്പ്രിംഗ് ആക്ഷനുള്ള കട്ടിലിൽ വെട്ടിയിട്ട വാഴപോലെ കിടന്നുറങ്ങാനും ഉണ്ടേ കുറച്ചു കഷ്ടപ്പാട്)
എല്ലാം കേട്ടിട്ടും ചുണ്ടിൽ വിരിഞ്ഞ ചിരി വിടാതെ കദീശ തന്റെ കുക്കിംഗ് തുടരും.
പുലർച്ച ഭക്ഷണ ശേഷം എല്ലാവരും ഏമ്പക്കം വിട്ടുറങ്ങുമ്പോള്‍ അടുക്കളയിലെ പാത്രങ്ങള്‍ കഴുകി വെക്കുന്ന തിരക്കിലായിരിക്കും നമ്മുടെ കദീശ.
പാത്രം മോറൽ യജ്ഞം കഴിയുമ്പോള്‍ മണി ക്ലോക്കിൽ മണി എട്ടടിക്കും.
വിശാലമായ മുറ്റമടി , വീട് അടിച്ചു തുടക്കൽ, പല്ലു തേപ്പ് , അലക്കൽ ( വിത്ത് മക്കളുടെ പുതിയാപ്ലമാരുടെ കോണകം), കുളി എല്ലാം കഴിയുമ്പോള്‍ മണി ഉച്ചകഴിഞ്ഞു രണ്ട്.
പിന്നീട് നോമ്പു തുറക്കാനുള്ള വിഭവങ്ങള്‍ ഒരുക്കുന്ന പണിയായി.
പഴമ്പൊരി , പത്തിരി , പൂരി, കോഴിക്കറി ( നാടൻ) , മട്ടൻ കറി , മട്ടൻ സൂപ്പ്, ചപ്പാത്തി, പായസം , കഞ്ഞി , കപ്പ പുഴുങ്ങിയത്, മീൻ വറുത്തത്, ഇറച്ചി പണ്ടാരമടക്കിയത്, പതിനാറടിയന്തിരം കഴിച്ച അവിലോസുണ്ട ..... ഇങ്ങനെ അറബിക്കടലും കടന്നു പോകുന്നു പട്ടിക.
നോമ്പു തുറകഴിഞ്ഞു രാത്രി ഭക്ഷണമായ ജീരകക്കഞ്ഞി, പത്തിരി , മുട്ട മറിച്ചത് തിരിച്ചത് ഉരുട്ടിയത്, തുടങ്ങി പതിനാറുവക ഉണ്ടാക്കണം , ഇതെല്ലാം കഴിഞ്ഞു എല്ലാവരുടെ തുരു വയറുകളും നിറപ്പിച്ച് പാത്രവും മോറി ക്ലോക്കിൽ നോക്കുമ്പോള്‍. സമയന്‍ നമ്മുടെ രാത്രി രണ്ടുമണി.
വീണ്ടും പുലർച്ചച്ചോറിനുള്ള ഫുഡ് മേക്കിംഗ്........ഇതിനിടയിൽ ( മറ്റുള്ളവരെ തീറ്റിക്കാനുള്ള പരിശ്രമത്തിനിടയിൽ എന്നു സാരം) വിശ്രമിക്കാൻ കദീശുമ്മ മറന്നുപോയി എന്നത് പ്രപഞ്ച സത്യങ്ങളിൽ ഒന്ന്.
കദീശുമ്മയിലേക്കു നമുക്കു മടങ്ങി വരാം അതിനുമുൻപ് കുഞ്ഞിപ്പോക്കർ എന്തു ചെയ്യുന്നു എന്നൊന്ന് എത്തിനോക്കണമല്ലൊ.
നോമ്പിന്റെ ദിവസം നട്ടുച്ചസമയത്ത് തലേ ദിവസം രാത്രി കഴിച്ച കോഴിക്കറിയും , നെയ്ച്ചോറുമെല്ലാം കുഞ്ഞിപ്പോക്കറിന്റെ മുൻപിൽ വന്നു ഭരത നാട്യം കളിക്കാൻ തുടങ്ങി.
പള്ളിയിൽ പോകാൻ നീട്ടിയകാലുകൾ മറ്റേതോ ദിക്കിനെ ലക്ഷ്യമാക്കി കുഞ്ഞിപ്പോക്കറിനെയും വഹിച്ചു നടന്നു.
അവസാനം "ഹോട്ടൽ കല്ലു വെട്ടുകുഴി" ബ്രാക്കറ്റിൽ ( റംസാൻ സ്പെഷൽ ) എന്നെഴുതിയ ബോർഡിനു മുൻപിലെത്തിയ കുഞ്ഞിപ്പോക്കറിന്റെ കാലുകള്‍ നാണിച്ചു നിന്നു.
അരയിൽ കെട്ടിയ തോർത്തെടുത്ത് തലവഴി മൂടി കല്ലു വെട്ടു കുഴിയിൽ പുറത്തു നിന്നും കാണാതിരിക്കാൻ ഫുള്‍ സെറ്റപ്പിൽ മറച്ചുണ്ടാക്കിയ ഭോജന ശാലയുടെ പടവുകളിറങ്ങി.
അവിടെ ഒരു മൂലക്കിരുന്നു. മങ്ങിയ വെളിച്ചത്തിൽ പല ഇരുണ്ട മുഖങ്ങളും വെട്ടി വിഴുങ്ങുന്ന കഴ്ചകണ്ട് കുഞ്ഞിപ്പോക്കർ ഒന്നുകൂടി സൂക്ഷിച്ചുനോക്കി.
നോമ്പിന്റെ മഹത്വം വിളമ്പുന്ന നാട്ടിലെ പല മാന്യന്മാരും വെട്ടി വലിച്ചു വിഴുങ്ങുന്നു.
കുഞ്ഞിപ്പോക്കറിനു സമാധാനം സംതൃപ്തി .. കാരണം നാലുപേരറിഞ്ഞാൽ കൂട്ടിനു ഒരു വൻ പട തന്നെയുണ്ടല്ലോ.
അങ്ങിനെ നാരായണന്റെ കല്ലുവെട്ട്കുഴിയിൽ നിന്നും കഴിച്ച പച്ചരിച്ചോറും സാമ്പാറും , ഹലുവയും ഒരു ഏമ്പക്കമാക്കി പുറത്തുവിട്ട് കുഞ്ഞിപ്പോക്കർ തലവഴി മുണ്ടിടാതെ ഞെളിഞ്ഞു നടന്നു.
വീട്ടിൽ ചെന്ന് കുഞ്ഞിപ്പോക്കർ ക്ഷീണമഭിനയിച്ച് ഒറ്റക്കിടത്തം. കദീശുമ്മ വന്നുനോക്കുമ്പോള്‍ കണവനു ബോധം നഹി.
വിശപ്പിന്റെ അസുഖം കൂടിയിട്ടുണ്ടാവും എന്നു കരുതിയ കദീശുമ്മ വീട്ടിലെ ആരുടെയും കണ്ണിൽ പെടാതെ പൊടിയരിക്കഞ്ഞി തന്റെ കണവനു കൊണ്ടുക്കൊടുത്തു.
" വേണ്ട കദീശൂ നോറ്റ നോമ്പ് മുറിക്കാൻ പാടില്ല . വിശപ്പ് എങ്ങിനെയെങ്കിലും ഞാൻ സഹിച്ചുകൊള്ളാം" സാഹിത്യത്തിൽ ഇത്രയും പറഞ്ഞ് കുഞ്ഞിപ്പോക്കർ രണ്ടു ശ്വാസം ആഞ്ഞുവിട്ടു.
നോമ്പു നോൽക്കാൻ മടിയുണ്ടായിരുന്ന തന്റെ സ്വന്തം പുതിയാപ്ലയിൽ വന്ന മാറ്റം കദീശയിൽ പുളകിത കഞ്ചുക കുഞ്ചക പുഞ്ചപ്പാടമുണ്ടാക്കി ( ഇതിന്റെ അർത്ഥം മാത്രം ചോദിക്കരുത്).
കുഞ്ഞിപ്പോക്കരിൽ വീണ്ടും ഒരു ഏമ്പക്കവുംകൂടി വരുത്തി.
പലഹാരങ്ങളുണ്ടാക്കുന്ന തിരക്കിൽ കദീശുമ്മ നമസ്കരിക്കാൻ മറന്നുപോയിരുന്നു. വിശുദ്ധ ഖുറാൻ തൊട്ടു നോക്കാൻ പോലും സമയമുണ്ടായിരുന്നില്ല. പക്ഷേ തീറ്റ മത്സരം നടത്താനല്ല റംസാനിലെ വ്രതം എന്നത് കദീശക്കറിയില്ലായിരുന്നു.
പകൽ ഭക്ഷണം വെടിയുകയും രാത്രിയിൽ ആവശ്യമായ ഭക്ഷണം മാത്രം കഴിക്കുകയും , അനാവശ്യ സംസാരങ്ങള്‍ , പ്രവർത്തികള്‍ , എന്നിവ ഒഴിവാക്കുകയും , ആരാധനകളിൽ മുഴുകുകയും ചെയ്താൽ മാത്രമെ റംസാനിലെ നോമ്പ് പൂർണ്ണമാവുകയുള്ളൂ എന്നറിയാത്ത എത്രയെത്ര കദീശമാർ, കുഞ്ഞിപ്പോക്കറുകള്‍ നമ്മുടെ നാട്ടിലുണ്ട്. നോമ്പു തുറക്കുമ്പോള്‍ വിഴുങ്ങുന്നതിൽ അളവു കുറയാതിരിക്കാൻ വേണ്ടിയല്ലെ അറിയാവുന്ന പലരും കദീശമാരെ പറഞ്ഞു മനസ്സിലാക്കാൻ മടിക്കുന്നത്?
വാൽക്കഷണം: എല്ലാവരും ഇങ്ങനെയാണ് എന്നു ഞാൻ ഒരിക്കലും പറയുന്നില്ല പക്ഷെ ഇങ്ങനെയുള്ള ചിലരെ കണ്ടില്ലെന്നു നടിക്കാനും കഴിയുന്നില്ല. കുട്ടികളെ ചെറു പ്രായത്തിൽ തന്നെ അവർക്കു കഴിയുന്ന രീതിയിൽ നോമ്പനുഷ്ടിക്കാൻ ( തുടക്കത്തിൽ പകുതി ദിവസം ഇങ്ങനെ കഴിയുന്ന രീതിയിൽ) പരിശീലിപ്പിച്ചാൽ മുതിർന്നാൽ അവർക്കതൊരു ഭാരമാവില്ല.
ഏവർക്കും റംസാൻ ആശംസകള്‍