Monday, January 30, 2012

കരിങ്കൊടിനാട്ടിയ പ്രണയം...


പ്രേമമെന്നത് ഇരട്ടിമധുരമാണ് , കല്‍ക്കണ്ടം തുണ്ടുതുണ്ടാക്കിയതാണ് , പഞ്ചസാര സിറപ്പാക്കിയശേഷം  അതു കട്ടിയാക്കി കട്ടു ചെയ്തെടുത്ത് ഉണക്കിയതാണ് , മണ്ണാങ്കട്ട ഉടച്ച് പിണ്ണാക്കു കലക്കി വച്ചതാണ് എന്നൊക്കെ നാട്ടിലെ പ്രേമകപ്രേമകികള്‍ പാടി നടക്കുകയും, ലൈവായിട്ടും  അത്രതന്നെ ലൈവല്ലാതെയുമൊക്കെയായി പ്രാക്റ്റിക്കത്സും തിയറിറ്റിക്കത്സുമെല്ലാം ആഘോഷപൂര്‍വ്വം   നടത്തിവരികയും ചെയ്യുമ്പോള്‍ ഒരേ ഒരാള്‍ക്കു മാത്രം “പ്രേ ” എന്നു കേട്ടാല്‍ പോലും പേയിളകും!!  കക്ഷി മറ്റാരുമായിരുന്നില്ല,  നാട്ടിലെ മുന്തിയ ഇനം പണക്കാരനും സ്വന്തമായി നാലഞ്ചു ഫാന്‍സിക്കടകള്‍ക്കുടമയുമൊക്കെയായ സാക്ഷാല്‍ ‘പഞ്ചാരസുലൈമാ’നാണ്!!

ഫെബ്രുവരി പതിനാല് എന്ന ലോക പഞ്ചസാരദിനത്തില്‍  കുമാരീകുമാരന്മാര്‍ പരസ്പരം ഹൃദയങ്ങള്‍ക്കൊണ്ട് കൊത്തങ്കല്ലാടിക്കളിക്കുമ്പോള്‍   തന്റെ ഫാന്‍സിക്കടയുടെ മുന്‍പില്‍ നാട്ടിയ കൊടിമരത്തില്‍ പാലപ്പൂവുപൊതിഞ്ഞ കരിങ്കൊടിയുയര്‍ത്തുന്ന ഒരേയൊരു ആദർശവാദി-കം-ധീരനാണു സുലൈമാന്‍ ... !!!

സ്ത്രീയെന്നു കേട്ടാല്‍  കലി കയറി ആഞ്ഞുതുപ്പുന്ന സ്വഭാവമുള്ളതുകൊണ്ട് നാട്ടില്‍ വംശനാശഭീഷണി നേരിടുന്നതും ഒരുകാലത്ത് മലയാളിയുടെ സ്വന്തമായിരുന്നതുമായ  സാക്ഷാല്‍ ‘കോളാമ്പി’യെ  തന്റെ കടയിലെ ഇരിപ്പിടത്തിനു താഴെ ഫിറ്റു ചെയ്യത്തക്കവിധം സ്ത്രീകളെയും പ്രേമത്തിനെയുമൊക്കെ   വെറുക്കുന്നതിനു മതിയായകാരണമെന്താണെന്നു നമുക്കൊന്നു നോക്കാം .

വര്‍ഷങ്ങള്‍ക്കുമുന്‍പാണു സംഗതി നടന്നത് ... എന്നുപറഞ്ഞാല്‍ മൊബൈല്‍ ഫോണിന്റെ റേഞ്ച് ജനകീയമാകുന്നതിനുമൊക്കെ മുന്‍പ്... അന്നു പഞ്ചാരക്കുട്ടപ്പന്‍സ് ആന്‍ഡ് കുട്ടപ്പിമാരുടെ കണ്‍കണ്ട ദൈവത്താനായിരുന്നു നമ്മുടെ സുലൈമാന്‍ !  ഇതുകൊണ്ടുതന്നെ പ്രേമകാര്യത്തില്‍ വീരശൂരപണ്ഡിതനും, അതിഭീകരജ്ഞാനിയുമായ സുലൈമാന്റെ ദര്ശനം കിട്ടാന്‍ ഫാന്‍സിക്കടയുടെ മുന്‍പില്‍ ബീവറേജിനെ പല്ലിളിച്ചുകാട്ടുംവിധത്തിലുള്ള ക്യൂ വായിരുന്നു നാട്ടിലെ ചെറുപ്രായക്കാര്‍ തീര്‍ത്തുകൊണ്ടിരുന്നത് എന്നതില്‍ ലവലേശം അതിശയോക്തിയില്ല.

നാട്ടിലെയും പുറംനാട്ടിലെയും സകല പെണ്‍തരികളുടെയും മേല്‍വിലാസം മനഃപാഠമാക്കിയ സുലൈമാന്റെ ഫാന്‍സിക്കടയില്‍ ഒരിക്കലെങ്കിലും കാലുകുത്തിയിട്ടില്ലാത്ത പെണ്‍കുട്ടികളില്ല എന്നതും പരമമായ മറ്റൊരു സത്യമാണ്‍് ....  അന്നു മൊബൈല്‍ ടവറുകള്‍ ഇന്നത്തെപ്പോലെ  ഇടതൂര്‍ന്നുവളര്‍ന്നുവന്നിട്ടുണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ റേഞ്ചില്ലാത്ത മൊബൈല്‍ഫോണ്‍  പഞ്ചാ‍രയന്ത്രമെന്നപേരില്‍  അറിയപ്പെട്ടു തുടങ്ങിയിട്ടുമുണ്ടായിരുന്നില്ല  ..  ഇതൊക്കെകൊണ്ടുതന്നെയാണ്‍്  പ്രേമിക്കുന്നവര്‍ക്കായി  സുലൈമാന്‍ സ്വന്തം കാശുകൊടുത്ത് സ്വന്തം ഫാന്‍സിയില്‍ സ്വന്തം പേരിലെടുത്ത ലാന്റ്ഫോണ്‍ കണക്ഷന്‍ ഒപ്പിച്ചുവെച്ചതും!  തല്‍ഫലമായി സുലൈമാന്‍ കമിതാക്കളുടെ അന്‍പുള്ളമകനും , കാതല്‍വീരമണിയുമൊക്കെയായി   മാറിയെന്നു പിന്നെ പ്രത്യേകം പറയേണ്ടല്ലോ.

ഏതൊരു കാമുകിക്കും കാമുകനും നട്ടുച്ചസമയത്തുപോലും സുലൈമാന്റെ കടയിലേ ഫോണിലേക്കു വിളിക്കുകയും,  ഫോണിലൂടെ അതുമിതുമൊക്കെ ബാർട്ടര്‍സംവിധാനപ്രകാരം  കൈമാറ്റപ്രക്രിയകള്‍ നടത്തുകയും ചെയ്യാമെന്നത് സുലൈമാന്റെ ഫാന്‍സിക്കട ഇന്റര്‍നാഷണല്‍ ലവലില്‍ അറിയപ്പെടാനും കാരണമായി. (സത്യത്തില്‍ ഈ സംവിധാനം ആണ്‍കുട്ടികളിലും ഉപരിയായി പെണ്‍കുട്ടികള്‍ക്കാണു കൂടുതല്‍ ഉപകരിക്കുന്നത്.  കാരണം പ്രണയത്തിന്റെ ആജീവനാന്ത ശത്രുക്കളായ അഛ്ചന്‍, അമ്മ, അമ്മൂമ്മ, അമ്മൂമ്മേടമ്മ എക്സ്ട്രാകളുടെ  ‘ശല്യങ്ങളില്‍നിന്നും’ രക്ഷയേകിക്കൊണ്ടാണ് സുലൈമാന്റെ ‘ബാർട്ടർഫോണ്‍ ’ അവര്‍ക്കൊരു അത്താണിയായതും!)

ഉദാഹരണം പറഞ്ഞാല്‍ ...   ഒരു കാമുകന്‍ ഏതെങ്കിലും ടെലഫോണ്‍ ബൂത്തിന്റെ ചില്ലിട്ട കൂട്ടിലിരുന്നു സുലൈമാന്റെ ലാന്റ്ഫോണിലേയ്ക്കു വിളിച്ച് പി.കെ. വസന്തകുമാരിയുണ്ടോ എന്നു ചോദിക്കും ... ഉടന്‍ തന്നെ സുലൈമാന്‍ തന്റെ കടയ്ക്കുമുന്‍പിലെ ഷുഗര്‍ സാഗരത്തിലേയ്ക്കു നോക്കി ... പി.കെ. വസന്തകുമാരി എന്നപേര്‍് ഉറക്കെ വിളിക്കും ... തന്റെ വിളിയാളം കാത്ത് എപ്പഴേ ഹാജറായ പി.കെ വസന്തകുമാരി ഹാജര്‍ വെച്ചുകൊണ്ട് ഫോണിനെ ലക്ഷ്യമാക്കി പറന്നടുക്കും .....  പിന്നെ അവരായി അവരുടെ ലോകമായി ... മുറുമുറുപ്പ് ... മൂളല്‍ ... നീട്ടിയുള്ള ശ്വാസം വിടല്‍ ... കുണുങ്ങിച്ചിരികള്‍ ... അങ്ങിനെപോകുന്നു ....

അതേസമയം അക്ഷമരായി പുറത്ത് തങ്ങളുടെ ഊഴത്തിനായി തപസ്സിരിക്കുന്നവരുടെ മുറുമുറുപ്പുകള്‍  ഫാന്‍സിക്കടയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടും ഇരിക്കുമായിരുന്നു.

പക്ഷേ ഇതില്‍ നിന്നെല്ലാം എന്തു മിച്ചമാണ് അന്‍പുള്ള, കണ്‍കണ്ട ദൈവത്തിനു കിട്ടുന്നതെന്നു വെച്ചാല്‍ കാര്യം വളരെവളരെ നിസ്സാരം ... ബ്ലൂട്ടൂത്തും ക്യാമറാ മൊബൈലും പ്രചാരത്തിലില്ലാത്തതുകൊണ്ട്  സുലൈമാനെപ്പോലുള്ള പാവം ഞരമ്പുതൊഴിലാളികള്‍ക്ക്  ഏറെക്കുറേ ആശ്വാസമായിരുന്നു ചോര്‍ത്തിയെടുത്ത ഫോണ്‍ കാളുകള്‍ !

ഫോണ്‍ സന്ദേശങ്ങള്‍  ചോര്‍ത്തിയെടുത്ത്  ഓഡിയോക്കാസറ്റിറക്കുന്നതില്‍ ഡബിള് പി.എച്ച്.ഡി എടുത്ത  കോണ്‍ഫ്രന്‍സു കോള്‍ നടത്തിപ്പുകാരനും  ഞരമ്പുരോഗത്തൊഴിലാളിയൂണിയന്‍ പ്രസിഡണ്ടുമായ  ലോനപ്പനാണ് ഫോണിലൂടെയുള്ള സംഭാഷണം റിക്കാര്‍ഡ് ചെയ്യുന്ന സംഗതിയെപ്പറ്റി സുലൈമാനു ക്ലാസെടുത്ത് കൊടുത്തത് ...  അപ്പോള്‍ത്തന്നെ തലയില്‍ ഹാലജന്‍ മിന്നിക്കത്തിയ സുലൈമാന്‍ ഫാന്‍സിയിലെ ലാന്റ്ഫോണ്‍ ഉപയോഗപ്രദമാക്കാന്‍ തീരുമാനിക്കുകയും, ഒരു ഫോണ്‍ ചോര്‍ത്തല്‍ വിത്ത് റെക്കോര്‍ഡിംഗ് യന്ത്രം രഹസ്യമായി ഫോണില്‍ ഫിറ്റുചെയ്യുകയും ചെയ്തു!

ഓരോ ദിവസവും രാത്രി കടയടച്ചു വീട്ടിലെത്തിയാല്‍ അന്നത്തെ ഇടപാടുകള്‍  കൌണ്ട് ചെയ്തുകൊണ്ട് ആനന്ദ പുളകിതനായിക്കൊണ്ടിരുന്നു നമ്മുടെ സുലൈമാന്‍ ... ഓരോരുത്തരും കൊടുത്തതും വാങ്ങിയതുമായ സംഭവങ്ങളുടെ കൃത്യവിവരം സുലൈമാന്‍ രേഖപ്പെടുത്തി വെക്കാന്‍ മറക്കുമായിരുന്നില്ലാ എങ്കിലും താന്‍ റെക്കോര്‍ഡു ചെയ്തകാര്യം തന്നെയും ദൈവത്തിനേയുമല്ലാതെ മൂന്നാമതൊരാളെ  കേള്‍പ്പിക്കില്ല എന്നതില്‍  സുലൈമാൻ ഭയങ്കര കണിശക്കാരനാണ് ...

കാരണം, തൊട്ടപ്പുറത്തു ഫാന്‍സിക്കടനടത്തുന്ന , ജമാല്, ജബ്ബാര്‍, കുമാര്‍ എന്നിവരടങ്ങുന്ന ത്രിമൂര്‍ത്തികള്‍ സുലൈമാന്റെ ഫാന്‍സിയിലെ തിരക്കുകണ്ട് അസൂയകലര്‍ത്തി നോക്കിയിരിക്കുന്നവരാണ്... എങ്ങിനെയെങ്കിലും സുലൈമാനെ വീഴ്ത്താന്‍ തക്കം നോക്കി നില്‍ക്കുന്നവരുമാണവരെന്നതു സുലൈമാനറിയാം . എങ്ങാനും അവരുടെ ചെവിയിലെത്തിയാല്‍ സകല പണിയും പാളുമെന്നു മാത്രമല്ല... പിന്നെ നാട്ടുകാരു പൊളിച്ചടക്കുകയും ചെയ്യും.

ചുരുക്കിപ്പറയട്ടെ അങ്ങിനെ കാലചക്രം തട്ടിമുട്ടി പവര്‍ക്കട്ടും  തമ്മില്‍ത്തല്ലിച്ചാവലുമൊക്കെ കൊണ്ടാടി ഉരുണ്ടു നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ ,   ഒരു ദിവസം സുലൈമാന്റെ ഫോണില്‍ പരിചയമില്ലാത്ത ഒരു കിളിനാദം മുഴങ്ങി ....

കിളി:  “ഹലോ.. പഞ്ചാരഫാന്‍സിയല്ലേ..?  ”

സുലൈ: “ ഹ ഹലോ അതെ ... ആരാ..”

കിളി : “ ആരാന്നറിഞ്ഞാലെ സംസാരിക്കുമോ..? ”

സുലൈ: “ ഹേയ്.... അതല്ല ആരെയാ വേണ്ടത് ”

കിളി: “ എനിക്കു മുതലാളിയെയാ വേണ്ടത് .. . ? ”

സുലൈ: “ഞാ.. ഞാന്‍ തന്നെയാ .... ”

കിളി: “ ഹോ .. ഞാന്‍ കരുതി വേറെ ആരെങ്കിലും ഫോണെടുത്തെന്ന്  ..എന്നെ ഓര്‍മ്മയുണ്ടാവില്ല അല്ലേ  ...  എനിക്കോര്‍മ്മയുണ്ട് .... വിളിക്കണംന്ന് ഇടയ്ക്കു തോന്നും... അതാ ഇപ്പോ വിളിച്ചത്  ”

സുലൈമാന്‍ ഞെട്ടി.. ഒന്നൊന്നര ഞെട്ടല്‍... കാരണം   പല പെണ്‍കുട്ടികളുമായി സംസാരിക്കാറുണ്ട് ഫാന്‍സിവളകളിട്ടുകൊടുക്കാറുമുണ്ട് ... അതില്‍ ഏതവളാണിവള്‍??

 പലരെയും പ്രേമിപ്പിച്ചും പ്രേമക്ലാസുകൊടുത്തും മാത്രം പരിചയിച്ച സുലൈമാനിതുവരേ സ്വന്തമായിട്ടു പ്രേമിച്ചിരുന്നില്ല എന്നതു പച്ചയായ സത്യമാണ് ... അതുകൊണ്ട് ഒരു പ്രേമമൊക്കെയാവുന്നതില്‍ തെറ്റില്ലെന്നും അയാള്‍ക്കു തോന്നി. .. ഈ സുന്ദരികളെക്കൊണ്ടു തോറ്റു.

കിളി നേരിട്ടു പ്രത്യക്ഷപ്പെട്ടില്ലാ എങ്കിലും നിരന്തരം സുലൈമാനെ വിളിച്ചുകൊണ്ടിരുന്നു . ഇതുവരേ നേരിട്ടു കാണാനൊരവസരം നഹിയാണെങ്കിലും നിരന്തരം   അവരുടെ ഹൃദയങ്ങള്‍ കൂട്ടിമുട്ടി ടെലിഫോണ്‍ തരങ്കങ്ങളിലാടി സിനിമാറ്റിക്കുകളിച്ചുതുടങ്ങി..

സുലൈമാന്‍   വഴിയില്‍ കാണുന്ന സകല പെണ്‍കുട്ടികളെയും തുറിച്ചുനോക്കിക്കൊണ്ടിരിക്കും. അവളാണൊ ... ലവളാണൊ ... ലിവളാണൊ .... വേറെ വല്ല ലവളുമാണൊ ?

 ബട്ട് ... ബോഡിഗാര്‍ഡിലെ നയന്‍സിനെപ്പോലെ ലവള്‍ മാത്രം പ്രത്യക്ഷപ്പെട്ടില്ല....

ആരായിരിക്കും? .... കടയില്‍ വരുന്ന ഏതവളാണാവോ? ഇനി തന്നെ മറ്റുവല്ലിടത്തുനിന്നും കണ്ടിട്ടുള്ളവളാണോ ?  . ഇനി കാമുകനെ നീണ്ട ശ്വാസം വലിച്ച് പറ്റിച്ച്  മഞ്ചു വാങ്ങിപ്പിച്ച് ഉണ്ട മഞ്ചിനു നന്ദി കാണിക്കാത്ത വല്ലവള്‍ക്കും തന്നോടു ലതു തോന്നിയോ? .. പല പല സംശയങ്ങളും സുലൈമാനെ പിടികൂടാന്‍ തുടങ്ങിയെന്നു മാത്രമല്ല, തന്റെ ഞരമ്പുതൊഴിലില്പോലും അയാള്‍ ശ്രദ്ധിക്കാതായി...

ഊണിലുമുറക്കത്തിലും കിളി..കിളി എന്ന ചിന്തമാത്രം .... കിളിയോടു നേരിട്ടു പ്രത്യക്ഷപ്പെടാന്‍ സുലൈമാന്‍ കേണപേക്ഷിച്ചുകൊണ്ടിരുന്നു ... അവസാനം സഹികെട്ടപ്പോള്‍ അവളപേക്ഷ സ്വീകരിച്ചു....ഒപ്പിട്ടു സ്റ്റാമ്പുചെയ്തു പണ്ടാരമടക്കി .

 തന്നെ കണ്ടാല്‍ ഇഷ്ടമല്ലാ എന്ന അര്‍ത്ഥത്തിലുള്ള ഒരു നോട്ടം പോലും തനിക്കു അണ്‍സഹിക്കബിളായിരിക്കുമെന്നും, നാളെ കൃത്യം പതിനൊന്ന് പതിനഞ്ചിനു അവള്‍ ഫാന്‍സിയിലെത്താമെന്നുമൊക്കെ സീകരിച്ച അപേക്ഷയുടെ ഒപ്പിനടിയിലുണ്ടായിരുന്നു.

 ‘ഇന്നു ഫോണ്‍ കേടാണ്’ എന്നു വലിയ ഒരു ബോര്‍ഡെഴുതിത്തൂക്കിയതു കാരണം കസ്റ്റമേഴ്സിന്റെ ശല്യമില്ലാതാക്കാന്‍ കഴിഞ്ഞു . എങ്ങാനും ഫോണ്‍ നന്നായാലോ എന്ന ആശയോടെ വന്നവരെ പതിവുതെറ്റിച്ചു വായയ്ക്കുതാങ്ങാവുന്നതിലുമധികമുള്ള തെറിവിളിച്ച് ഓടിച്ചുവിട്ടു.

  അങ്ങിനെ കുളിക്കുന്നതിനു മുന്‍പും പിന്‍പുമായി നാലുതവണ പല്ലു തേച്ച് , മുഖം കുട്ടിക്കൂറ പൌഡറില്‍ പൊതിഞ്ഞെടുത്ത സുലൈമാന്‍ കാത്തിരുന്നു ... അവള്‍ക്കായി ...

സമയം പത്തായി ... പത്തരയായി ... പതിനൊന്നായി .... സുലൈമാനു വിയര്‍ക്കാന്‍ തുടങ്ങി ... ആദ്യമായിട്ടു കാണുന്നതിന്റെ ഒരു ഇത്  ............ പതിനൊന്നെ പത്തായപ്പോള്‍ കടയിലെ പയ്യനെ വിളിച്ച് അങ്ങ് ദൂരെയുള്ള ഹോട്ടലില്‍ ചെന്ന് പൊറോട്ടയും ബീഫും തട്ടിക്കൊള്ളാന്‍ പറഞ്ഞുകൊണ്ട് നൂറിന്റെ ഒരു നോട്ടുമെടുത്തുകൊടുത്തു  .... കഴിഞ്ഞ ദിവസം അമ്പതു രൂപ കടം ചോദിച്ച തന്നോട് പണം കുഴിച്ചെടുക്കുന്ന യന്ത്രത്തിനു ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട് അതുവന്നിട്ടു  അമ്പതല്ല അയ്യായിരം തരാമെന്നു  പറഞ്ഞ് തന്നെ വിരട്ടിനിര്‍ത്തി തന്റെ നേരെ കൈചൂണ്ടിയ അതേ മുതലാളി  അതേ കൈകൊണ്ട് നൂറുരൂപാ തന്നിരിക്കുന്നു!!  ലോകാവസാനമുണ്ടെന്നു പറയുന്നത് വളരെവലിയൊരു സത്യമാണെന്നു മനസ്സിലായ സന്തോഷത്തില്‍ , കാണുന്നതു സ്വപ്നമല്ലെന്നുറപ്പുവരുത്താന്‍ തന്റെ ചെവിക്കു പിടിച്ചു ടെസ്റ്റടിച്ച  പയ്യന്‍ ഹോട്ടലിലേക്കു വച്ചുപിടിച്ചു ...

 ഇപ്പോള്‍ എല്ലാം സുരക്ഷിതം ... കടയില്‍ സുലൈമാന്‍ മാത്രം .. ഇനി അവള്‍ കൂടി വന്നാല്‍ മതി ....  ബാക്കി ..... ഓഹ്

പതിനൊന്ന് പതിനാലായപ്പോള്‍  അകലെനിന്നും അമ്പതുവയസ്സു തോന്നിക്കുന്ന ഒരു തൈക്കിളവി ഫാന്‍സിക്കു നേരെ കടന്നു വരുന്നു.. അതു  സുലൈമാനില്‍  അതിഭയങ്കരമായ ഒരു ഞെട്ടലുണ്ടാക്കുകതന്നെ ചെയ്തു.  പടച്ചവനേ ഇനി ഈ ഒട്ടകപ്പക്ഷിയെങ്ങാനുമായിരിക്കുമോ താന് കാത്തിരുന്ന കിളി?! കാരണം ഒട്ടകപ്പക്ഷിയുമൊരു കിളിയാണല്ലോ!!  ഛേ.. ഇതായിരിക്കില്ല .. ആയിരിക്കില്ല എന്ന മന്ത്രം നൂറ്റിപ്പത്തു തവണ ഉരുവിട്ട് മസിലുപിടിച്ചു നിന്ന സുലൈമാനെ നോക്കി ഒട്ടകക്കിളി ചിരിച്ചു... സുലൈമാനും ചിരിച്ചുവെങ്കിലും മുക്കാല്‍ ശതമാനം ബോധവും മറഞ്ഞുപോകാന്‍ തുടങ്ങിയിരുന്നു...

സുലൈമാന്റെ ഫാന്‍സിയിലേയ്ക്കു കയറിയ അവള്‍ സ്വയം തന്നെ പരിചയപ്പെടുത്തി

“സാര്‍ ഞാനൊരു എല്‍ . ഐ .സി ഏജന്റാണ് ... ”

കയ്യും കാലുമൊടിഞ്ഞാലും, കണ്ണുപോയാലും കാറ്റുപോയാലുമൊക്കെ കിട്ടാന്‍ പോകുന്ന മണീസിന്റെ കൊതിപ്പിക്കുന്ന കണക്കുകള്‍ സുലൈമാനുമുന്‍പില്‍ നിരത്തിയതുകണ്ടു കൊതിച്ചിട്ടൊന്നുമായിരുന്നില്ല അവള്‍ പറഞ്ഞ കടലാസുകളിലൊക്കെ സുലൈമാന്‍ ഒപ്പിട്ടത്. ഈ മുതുക്കി ഒട്ടകക്കിളിയല്ല താന്‍ കാത്തിരിക്കുന്ന പൈങ്കിളിയെന്നറിഞ്ഞ ഷോക്കില്‍ ഒപ്പിട്ടു പോയതാ... പിന്നേയും എന്തൊക്കെയോ പറഞ്ഞ ഏജന്റ് തന്റെ ബാഗുമായി ഇറങ്ങിനടന്നകന്നതൊന്നും സുലൈമാന്‍ സ്വബോധത്തോടെയായിരുന്നില്ല നോക്കിനിന്നത്...


“ ഹേയ് .... നിങ്ങള്‍ ഇവിടുത്തേ ആളാണൊ?..”  പരിചിതമായ ഒരു ശബ്ദം കേട്ടയാള്‍ ഞെട്ടി തിരിഞ്ഞു നോക്കി ...

സുന്ദരികള്‍ക്കു കൊടിപിടിച്ചു മുന്‍പില്‍നടത്താന്‍ പറ്റിയ ഒരു സുന്ദരി നില്‍ക്കുന്നു ... അതേ ... അതേ ശബ്ദം ... അതേ രാഗം .. അതേ ഇതു കിളിതന്നെ ... ഇതു ഒട്ടകപ്പക്ഷിയോ , മൈനയോ , കാക്കയോ ഒന്നുമല്ല സാക്ഷാല്‍ പഞ്ചവര്‍ണ്ണക്കിളിതന്നെ ....  സുലൈമാന്‍ അന്തംവിട്ടു വീണ്ടും കുന്തത്താനായി പത്തുസെക്കന്റ് വാപൊളിച്ചു നിന്നശേഷം സ്ഥലകാല ബോധം തിരിച്ചെടുത്തു...

“ കി... കിളിയല്ലേ ...”

“അതെ ... എങ്ങിനെ മനസ്സിലായി?..”

“ഹോ.. എത്രനേരെമായി കാത്തിരിക്കുന്നു ... ഇവിടുത്തെ ആളല്ലേ എന്നൊക്കെ ചോദിച്ചു എന്നെ ആക്കിയതാ അല്ലേ ... കള്ളീ ... കള്ളികള്‍ക്ക് കഞ്ഞിവെച്ച് ചമ്മന്തികൂട്ടിക്കൊടുത്തവളേ ... ” സുലൈമാനിലെ കാമുകന്‍ പുറത്തുചാടി പഞ്ചസാരച്ചാക്കിന്റെ കെട്ടഴിച്ചു...

“ഹോ ... നിങ്ങളോടും പറഞ്ഞോ ... എന്നിട്ട് കാത്തിരിക്കുന്ന ആളെവിടെ .... ”

“ആര്‍് ...”

“നിങ്ങളുടെ മൊതലാളി...”

“മൊതലാളിയൊ?  എനിക്കും ഈ കടയ്ക്കും ഒരു മൊതലാളിയേ ഉള്ളു .. അതു സാക്ഷാല്‍ ഞാന്‍ തന്നെയാ... കള്ളീ... ആക്കിയതാ അല്ലേ? ”

“ അപ്പോള്‍ ഇവിടെ അന്നു ഞാന്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന .. വെളുത്തു അല്പം പൊക്കമുള്ള ... ആളല്ലേ ഇതിന്റെ മൊതലാളി...”

“വെളുത്ത് പൊക്കമുള്ള ആളൊ? !!! നീയെന്തൊക്കെയാ കിളീ ഈ പറയുന്നത് ... എന്നെ കളിപ്പിക്കുകയാ അല്ലേ ... ”

സുലൈമാനിലെവിടെയോ ഒരു കരച്ചിലിന്റെ ചിറകടി കേട്ടു തുടങ്ങി

കിളി : “സത്യമാ പറയുന്നത് ... ഞങ്ങളെന്നും ഫോണ്‍ ചെയ്യാറുണ്ട് ... ******* ഇതുതന്നെയല്ലേ ഇവിടുത്തെ നമ്പര്‍ ..”

സുലൈമാൻ : “അതേ... നമ്മളല്ലേ ദിവസവും ഫോണ്‍ ചെയ്യാറ് ... ഇന്നലെ വിളിച്ചപ്പോള്‍ നീ ആക്രാന്തം കൂട്ടി അഞ്ചുനെയ്യപ്പം ഒറ്റയിരുപ്പിനുവിഴുങ്ങിയപ്പോള്‍ തൊണ്ടയില്‍ കുരുങ്ങിയതുമെല്ലാം എന്നോടു പറഞ്ഞില്ലായിരുന്നോ....” സുലൈമാന്‍ ഇപ്പോക്കരയും

കിളി സുലൈമാനിലെ അടയാളവാക്യം തന്റെ സോഴ്സ്കോഡുമായി ഒത്തുനോക്കിയപ്പോള്‍ സെയിം !! ബട്ട് മോന്ത ആന്റ് കളര്‍ വിത്ത് ഉയരം ഇതല്ല !!!

“ അന്നു ഞാന്‍ ഇവിടെ വന്നപ്പോള്‍ എനിക്കു നമ്പര്‍ തന്ന് എന്നോട് വിളിക്കാന്‍ പറഞ്ഞതു വേറെ ആളായിരുന്നല്ലോ ... അയാള്‍ ഇതിന്റെ മുതലാളിയാണെന്നും ... ഇതിന്റെ തൊഴിലാളി അറിയരുതൂന്നും പറഞ്ഞാ തന്നത് ... അയാളെവിടെ...”

“ കുട്ടിപറയുന്ന ആള്‍ക്ക് കവിളില്‍ ഒരു മുറിവിന്റെ പാടുണ്ടോ? ...”

“ഉണ്ട്... ഞാനോര്‍ക്കുന്നുണ്ട് .. ”

“ആ വരുന്ന തെണ്ടിയാണൊ ... നീ പറഞ്ഞ മൊയലാളി... ” അകലെനിന്നും പൊറോട്ടയും ബീഫും ശടേന്നു കഴിച്ച്  സ്നേഹമുള്ള മൊതലാളിയുടെ കടയിലേക്കോടിവരുന്ന തൊഴിലാളിപ്പയ്യനെ ചൂണ്ടിക്കൊണ്ട് സുലൈമാന്‍ ചോദിച്ചു ...

“അതെ..... ”

“ആ തെണ്ടിക്കു കൊടുത്ത എന്റെ നൂറുരൂപാ .... മറ്റേ നായിന്റെ മോള്‍ക്ക് ഒപ്പിട്ടുകൊടുത്ത എന്റെ അവയവങ്ങളുടേയും ജീവന്റേയും വില ....” എന്നൊക്കെ അട്ടഹസിച്ചുകൊണ്ട് സുലൈമാന്‍ കൊലവെറിയനായി ഉറഞ്ഞുതുള്ളാന്‍ തുടങ്ങി... “വൈ..ദിസ് കൊലവെറി..” എന്നു സാന്ദര്‍ഭികമായി ചോദിച്ചുപോയ പയ്യന്റെ കൊലവള്ളിക്കു കുത്തിപ്പിടിച്ചുകൊണ്ട് സുലൈമാന്‍ അലറി

“കള്ള സുവറേ....അന്റെ മയ്യത്തു ഞാനെടുക്കും.... ”

പിന്നീടവിടെ നടന്നതിന്റെ ഓഡിയോ ആന്റ് വീഡിയോ  മനസ്സിലാവണമെങ്കില്‍  ചുമ്മാ തൃശ്ശൂര്‍ പൂരമൊന്നുകണ്ടുകളഞ്ഞാല്‍ മതി എന്നൊന്നും ഞാന്‍ പറയുന്നില്ല  ... അറ്റ്ലീസ്റ്റ് അടുത്തുള്ള ‘അസ്വസ്ഥ’ ആശുപത്രിയുടെ പതിനൊന്നാം വാർഡിലെ പതിന്നാലാം ബെഡിൽ നോക്കിയാൽ മതി. പയ്യനെ ബെഡ്ഡിൽ കിടത്തിയിടത്തൊന്നും സംഗതി നിന്നില്ല  സുലൈമാന്റെ കൊലവെറികണ്ട് അതിലും വലിയ കൊലവെറിപൂണ്ട സാക്ഷാൽ കിളി  തന്റെ ഒന്നര ഡസനോളം വരുന്ന എക്സ്പെയേർഡ് കാമുകന്മാരെ കൊണ്ടുവന്ന് സുലൈമാന്റെ സകല വെറികൾക്കും അറുതിവരുത്തി.

സുന്ദരിയായ പെണ്‍കുട്ടി കടയില്‍ വന്നപ്പോള്‍ സുന്ദരനായ തൊഴിലാളി ഒരു നിമിഷത്തേയ്ക്ക് മുതലാളിയുടെ വേഷംകെട്ടിയതിന്റെ  ഫലമനുഭവിച്ച പാവം സുലൈമാന്‍ അന്നുമുതല്‍ തന്റെ ഫാന്‍സിയുടെ മുന്‍പില്‍ ഒരു കൊടിമരം നാട്ടി എല്ലാ ഫെബ്രുവരി പതിന്നാലിനും കരിങ്കൊടിയുയര്‍ത്താന്‍ മറക്കാറില്ല. എന്നുമാത്രമല്ല, തന്റെ കോളാമ്പിയില്‍ ആഞ്ഞാഞ്ഞു കാര്‍ക്കിച്ചു തുപ്പാനും മറക്കാറില്ല എന്നതു സത്യമാണെങ്കില്‍ , ഇന്നു നാലഞ്ചു ഫാന്‍സിക്കടകള്‍ക്കു മുതലാളിയാണ് സുലൈമാനെങ്കിലും  അവിടെയൊന്നും കാണാന്‍വര്‍ക്കത്തുള്ള ഒറ്റയെണ്ണത്തിനെയും ഇന്നുവരേ ജോലിക്കുനിര്‍ത്തിയിട്ടില്ലാ എന്നത് മറ്റൊരു സത്യമാണ് !!

സത്യമേവ ജയതേ.... ജെയ് പഞ്ചാരദിനം...