Saturday, April 4, 2009

സാമ്പത്തികമാന്ദ്യം പരിഹരിച്ചു!!

ന്റാര്‍ട്ടിക്കയിലെ മരത്തണലിലിരുന്നുകൊണ്ട്(?) പലതും ആലോചിച്ചു കൂട്ടുന്നതിനിടയിലാണ് ഓസ്‌വേലായുധന്‍ ലോകസാമ്പത്തികമാന്ദ്യത്തെപ്പറ്റിയും ചിന്തിച്ചത് !!. സംഗതി കളിക്കുന്ന കളിയല്ല വളരെ ഗൌരവമുള്ള സബ്ജക്ടാണ്...

അന്റാര്‍ട്ടിക്കയിലെ തെരുവുകളിലെ പെപ്സിയുടെ ബോട്ടിലില്‍ തുടങ്ങി അവിടത്തുകാര്‍(?) ഉപയോഗിച്ചു വലിച്ചെറിയുന്ന പോളിത്തീന്‍ കവറുകള്‍ വരേയുള്ള സംഗതികള്‍ പെറുക്കിയെടുത്ത് വമ്പന്‍ ആക്രിക്കച്ചവട ബിസിനസ്സ് നടത്തി വരികയായിരുന്നു വേലായുധന്‍ . (ഇനി അന്റാര്‍ട്ടിക്കയില്‍ പെപ്സിയുണ്ടോ അത് തണുപ്പിച്ചാണൊ കഴിക്കുന്നത് എന്നൊന്നും ചോദിച്ചേക്കല്ലെ ഈ വക കാര്യങ്ങള്‍ എനിക്ക് ഇപ്പഴും അനന്തം അജ്ഞാതമാണ്).

ഓസ്‌വേലായുധനെപറ്റി ചുരുക്കിപ്പറയുകയാണെങ്കില്‍ ആളൊരു സര്‍വ്വകലാഭല്ലവന്‍ തന്നെയാണ് .. അച്ഛന്‍ രമേശ് പണിക്കര്‍ അറിയപ്പെട്ട കൈനോട്ട വിദഗ്ദനായിരുന്നു... ഭൂതം, ഭാവി തുടങ്ങിയ കാര്യങ്ങളെകുറിച്ച് വര്‍ത്തമാനം പറയാന്‍ രമേശ് പണിക്കരെ കവച്ചുവെക്കുന്ന ഒരാളും തന്നെ ഇന്നേവരേ ആ നാട്ടില്‍ കാലുകുത്തിയിട്ടില്ലാ എന്നാണ് ചരിത്ര ഗവേഷണം നടത്തുന്ന മാക്രിഅന്ത്രു നമ്മെ പഠിപ്പിക്കുന്നത്.

രമേശ്പണിക്കര്‍ അറിയപ്പെട്ട കൈനോട്ട വിദഗ്ദനായിരുന്നെങ്കില്‍ ഒരേയൊരു ആണ്‍‌തരിയായ വേലായുധന്‍ അറിയപ്പെട്ട വായ്നോട്ട വിദഗ്ദനുമായിരുന്നു! അറിയപ്പെടാത്ത പല നോട്ടങ്ങളിലും വേലായുധന്‍ വൈദഗ്ദ്യം തെളിയിച്ചിട്ടുണ്ട് എന്നതും ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും.

അച്ഛന്റെ കുലത്തൊഴിലായ കൈനോട്ടത്തില്‍ വേലായുധനു വിശ്വാസമില്ലായിരുന്നു എന്നു മാത്രമല്ല സ്കൂളില്‍ പഠിക്കുമ്പോള്‍ അച്ഛന്റെ തൊഴിലെന്താണെന്നുള്ള ചോദ്യം സഹപാഠികള്‍ തൊടുത്തുവിട്ടാല്‍ “പരിശോധന” എന്ന ഒഴുക്കന്‍ മറുപടിയില്‍ തടിയൂരുക വേലായുധനു പതിവായിരുന്നു.

ഈ അച്ഛനു വല്ല ഡോക്ടറോ , എഞ്ചിനിയറോ ആയിട്ടു ജനിച്ചാല്‍ പോരായിരുന്നോ എന്ന് പലതവണ ചിന്തിച്ചിരുന്നിട്ടുണ്ട് പൊതുവേ ചിന്തകനായ നമ്മുടെ വേലായുധന്‍ .

സര്‍ക്കാറിന്റെ കാരുണ്യം കൊണ്ട് ഒരു വിധം പത്താം ക്ലാസില്‍ കയറിപ്പറ്റിയ വേലായുധന്റെ ചിന്തയില്‍ സഹപാഠികളായ പെണ്‍കുട്ടികള്‍ മുടിയില്‍ റിബന്‍ കെട്ടിയിട്ടുണ്ടോ? മ്യൂസിക്കിന്റെ ടീച്ചര്‍ ഏതു തരം പൌഡറാണുപയോഗിക്കുന്നത് ? ഒന്‍പതാം ക്ലാസിലെ ജാനകി എന്നെത്തന്നെയാണൊ നോക്കുന്നത് ? എന്റെ സൌന്ദര്യം കാരണമല്ലേ ക്ലാസ്സിലെ മിടുക്കിക്കുട്ടി നയനസുകുമാരന്‍ എന്നെ നോക്കി പണ്ട് പുഞ്ചിരിച്ചത് ? തുടങ്ങി ആ പ്രായത്തിലുള്ള കുട്ടികള്‍ ചിന്തിച്ചു തലപുണ്ണാക്കിയിരുന്ന ഒരു കാര്യവും ചിന്തിച്ച് വേലായുധന്‍ തലയില്‍ പുണ്ണാക്കാക്കിയിരുന്നില്ല.

പിന്നെയോ? അച്ഛന്റെ കുലത്തൊഴിലായ കൈനോട്ടം ചെയ്തു ജീവിക്കേണ്ടി വരുമോ എന്ന ചിന്തയായിരുനു സധാ വേലായുധനെ അലട്ടിയിരുന്നത്. കൈനോട്ടക്കാരനാവുന്നതിലും നല്ലത് വല്ല പാണ്ടിലോറിക്കും തലവെക്കുന്നതാണെന്നുവരേ ചിന്തിച്ചുകൂട്ടിയിട്ടുണ്ട് വേലായുധന്‍ .

അങ്ങിനെയിരിക്കുമ്പോഴാണ് വേലായുധന്റെ സഹപാഠികളായ അയമുയും, ചന്തുവും നാടുവിടാന്‍ തീരുമാനിച്ചവിവരം വേലായുധനുമായി പങ്കുവെക്കുന്നത് ... പത്താംക്ലാസിലെ മലയാള പദ്യം മനഃപ്പാഠമാക്കുന്നതിലും നല്ലത് നാടുവിടലാണെന്ന കണ്ടുപിടുത്തമായിരുന്നു അവരെ ആ തീരുമാനത്തിലെത്തിച്ചത്.

കുലത്തൊഴില്‍ ചെയ്യുന്നതില്‍ നിന്നും രക്ഷനേടാന്‍ ഇതുതന്നെ മാര്‍ഗ്ഗമെന്നു മനസ്സിലാക്കിയ വേലായുധനും അവരുടെകൂടെ നാടുവിടാന്‍ തീരുമാനിച്ചു.

അങ്ങിനെ മൂവര്‍ സംഘം മദ്രാസിനു കള്ളവണ്ടികയറി ....

കാലങ്ങള്‍ വരുത്തിയ മാറ്റത്തില്‍ വേലായുധന്‍ നല്ല ഒരു ആക്രിക്കച്ചവടക്കാരനായി മാറിയിരുന്നു.

ആയിടയ്ക്കാണ് ദുബായില്‍ നിന്നും ഒരു അറബി വഴിതെറ്റി മദ്രാസിലെത്തുന്നത് .... വെള്ളത്തിനു ദാഹിച്ച അറബി വേലായുധന്റെ ആക്രിക്കടയുടെ തൊട്ടടുത്ത കടയില്‍ നിന്നും നാരങ്ങാസോഡ കഴിക്കുമ്പോഴായിരുന്നു വേലായുധനും ആക്രിക്കച്ചവടവും അറബിയുടെ ശ്രദ്ധയില്‍പ്പെട്ടത്!!


ദുബായിലും പരീക്ഷിക്കാവുന്ന ഒരു വന്‍ ബിസിനസ്സ് ലതാണ് ആക്രിക്കച്ചവടം എന്ന് അറബി മനസ്സിലാക്കുന്നു! ഉടനെ തന്നെ “ അല്‍ വ്ഹല്‍ ഹിക്കാത്തിക്കും വ്ഹാലക...” എന്നു പറഞ്ഞുകൊണ്ട് വേലായുധനു ഒരു വിസയെടുത്തു കൊടുത്തു ( ഹിഹി പോക്കറ്റിലിട്ടു നടക്കുകയല്ലേ വിസ!!).

അങ്ങിനെ അറബിയുടെകൂടെ ദുബായിലുമെത്തി നമ്മുടെ നായകന്‍ ...

വേലായുധനെ മാനേജറാക്കി തുടങ്ങിയ “അല്‍ ദുബായ് വ ഇല്‍ ആക്രിയ്യൂന്‍ ” എന്ന കമ്പനി അന്താരാഷ്ട്ര മാര്‍ക്കറ്റുകള്‍ പിടിച്ചടക്കാന്‍ അധികം താമസം വന്നില്ല.

ഒരിക്കല്‍ മാനേജര്‍ വേലായുധന്‍ തന്റെ സ്വന്തം നാട്ടിലേക്ക് കത്തെഴുതി ... പിതാവിനു വര്‍ഷങ്ങള്‍ക്കു ശേഷമെഴുതിയ കത്തിന്റെകൂടെ കുറച്ചു കുഴല്‍പ്പണം ഉടന്‍ വീട്ടിലെത്തുമെന്ന അറിയിപ്പുമുണ്ടായിരുന്നു.

അച്ഛന്റെ കുലത്തൊഴില്‍ നിര്‍ത്തുകയാണെങ്കില്‍ മാസാമ്മാസം നല്ലൊരു തുക അയച്ചുതരാമെന്നുപറയാനും വേലായുധന്‍ മറന്നില്ല .....
പണത്തിനുവേണ്ടി തന്റെ കുലത്തൊഴില്‍ അടിയറവുവെക്കാന്‍ രമേശ്പണിക്കര്‍ തയ്യാറായിരുന്നില്ലാ എങ്കിലും വീട്ടിലെ പട്ടിണിക്കോലങ്ങള്‍ക്കു മുന്‍പില്‍ അതിനു തയ്യാറായ അയാള്‍ താന്‍ കുലത്തൊഴില്‍ നിര്‍ത്തിയതായി പത്തുരൂപയുടെ മുദ്രക്കടലാസിലെഴുതി ദുബായിലേക്കയച്ചുകൊടുക്കുമ്പോള്‍ പൊടിഞ്ഞ കണ്ണുനീര്‍ ആരും കാണാതെ പതുക്കെ തുടച്ചു.

വേലായുധന്‍ വീട്ടിലേക്കു പണമയച്ചുതുടങ്ങി പട്ടിണിമാറി, കാലം കറങ്ങി.....

ഒരിക്കല്‍ അന്റാര്‍ട്ടിക്കയിലെ ആക്രിക്കച്ചവടസാധ്യത പഠിച്ചെടുക്കാന്‍ വേലായുധന്റെകൂടെ ഗള്‍ഫിന്റെ പടിയിറങ്ങിപ്പുറപ്പെട്ടതായിരുന്നു അറബി...

അന്റാര്‍ട്ടിക്കയിലെ പല സ്ഥലങ്ങളിലും സാധ്യതകള്‍ നോക്കിനടക്കുന്നതിനിടയില്‍ തിരിഞ്ഞുനോക്കിയ അറബിക്ക് വേലായുധന്റെ പൊടിപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വേലായുധന്‍ മുങ്ങി!!!!!!!

അറബിയില്‍ നിന്നും മുങ്ങിയ വേലായുധന്‍ അന്റാര്‍ട്ടിക്കയില്‍ വന്‍ ബിസിനസ്സ് സാമ്രാജ്യംതന്നെ പടുത്തുയര്‍ത്തി (?!!).

അങ്ങിനെ കഴിയുമ്പോഴാണ് സാമ്പത്തിക മാന്ദ്യംകാരണം പലതും സംഭവിക്കുന്നു എന്നൊരു ന്യൂസ് കാര്യകാരണസഹിതമില്ലാതെ വേലായുധന്റെ ചെവിയിലെത്തുന്നത്.

ഒരു രക്ഷയുമില്ലാ........................... സാമ്പത്തിക മാന്ദ്യം............................. ആളുകള്‍ തങ്ങള്‍ വലിച്ചെറിയുന്ന സാധനങ്ങള്‍ എങ്ങിനെ ഉപയോഗപ്പെടുത്താം എന്നുവരേ ചിന്തിച്ചു തുടങ്ങിയപ്പോള്‍ ഉപയോഗമില്ലാത്ത ഒന്നുംതന്നെ ഇല്ലാതായി..... വേസ്റ്റ്ബാസ്കറ്റുകളിലും മറ്റും സാധനങ്ങളുടെ മാന്ദ്യം.... ലോകമൊട്ടുക്കും സര്‍വ്വത്ര മാന്ദ്യം ..... ആക്രി സാധനങ്ങളുടെ അഭാവം ആക്രിക്കച്ചവടം കുത്തനെ ഇടിഞ്ഞു.... ആക്രിക്കച്ചവടക്കാര്‍ മാന്ദ്യം കാരണം പട്ടിണിയിലായിത്തുടങ്ങി..... ആക്രിത്തൊഴിലാളികള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിത്തുടങ്ങി.....

വേലായുധന്‍ വീണ്ടും ചിന്തകനായി മാറി .... സാമ്പത്തിക മാന്ദ്യത്തിനെ എങ്ങിനെയെങ്കിലും മറികടക്കണം ..... ഇരുന്നും കിടന്നും തലകുത്തിനിന്നും ആലോചിച്ചു നാളുകള്‍ കഴിച്ചു....

അങ്ങിനെയിരിക്കേ ഒരു ദിവസം തന്റെ പഴയ ബ്രീഫ്കേസ് പൊടിതട്ടി മിനുക്കി വെക്കുകയായിരുന്ന വേലായുധന്റെ കണ്ണുകള്‍ പൊടിപിടിച്ച ഒരു പഴയ കവറില്‍ ചെന്നുടക്കിനിന്നു....

കവര്‍ തുറന്നപ്പോള്‍ കണ്ടത് പണ്ട് അച്ഛന്‍ “ ഇനി മുതല്‍ ഒരു കാരണവശാലും കെ.സി രമേശ് പണിക്കര്‍ എന്ന കാട്ടു ചേമ്പില്‍ കണാരുപ്പണിക്കര്‍ മകന്‍ രമേശ്പ്പണിക്കര്‍ കൈനോട്ടം നടത്തുകയില്ലാ എന്ന് ഇതിനാല്‍ ഉറപ്പു തരുന്നു ഒപ്പ്...” എന്നെഴുതിയയച്ച പത്തുരൂപയുടെ മുദ്രക്കടലാസായിരുന്നു ...

മുദ്രക്കടലാസു കണ്ടപ്പോള്‍ വേലായുധനിലെ ‘ബിസിനസ് പുത്തി’ വാലുപൊക്കി .... അതേ ഇനിയതുതന്നെയേ രക്ഷയുള്ളൂ ... കൈനോട്ടം !!!

സാമ്പത്തികമാന്ദ്യം പിടിപെട്ട് നാട്ടില്‍ അലഞ്ഞു തിരിയുന്നവര്‍ തങ്ങളുടെ ഭാവിയെപ്പറ്റി ചിന്തിച്ച് ചിന്തിച്ച് തലപുണ്ണാക്കുന്ന സമയമായിരിക്കും ഇത് . ഭാവിയറിയാന്‍ ഒരേയൊരു മാര്‍ഗ്ഗം ..... കൈനോട്ടം ...... ഹസ്തരേഖാശാസ്ത്രം പഠിച്ചവര്‍ക്ക് ഇത് കൊയ്ത്തുകാലമായിരിക്കുമെന്ന് വേലായുധനിലെ ബിസിനസ്സ് മൈന്റ് മന്ത്രിച്ചുകൊണ്ടിരുന്നു.

അച്ഛന്റെ കുലത്തൊഴിലായ കൈനോട്ടം പഠിച്ചെടുക്കുക എന്ന ലക്ഷ്യം നിറവേറ്റാന്‍ അന്റാര്‍ട്ടിക്കയോട് സലാം പറഞ്ഞ വേലായുധന്‍ വര്‍ഷങ്ങള്‍ക്കു ശേഷം കേരളനാട്ടില്‍ കാലുകുത്തി...

കൈനോട്ടം പഠിച്ചെടുക്കാന്‍ അച്ഛന്റെ കാലില്‍ വീഴാന്‍ വരേ വേലായുധന്‍ തയ്യാറാണ് പിന്നെ “കൈനോട്ടക്കാരന്‍ “ എന്ന് ആളുകള്‍ വിളിക്കുന്നത് വേലായുധനു പണ്ടേ ഇഷ്ടമല്ലായിരുന്നല്ലോ അതിനും പരിഹാരം കണ്ടശേഷമാണ് വേലായുധന്‍ ഇറങ്ങിപ്പുറപ്പെട്ടത്.

കൈനോട്ടക്കാരന്‍ എന്നത് “ഹസ്തരേഖാ ശാസ്ത്രജ്നന്‍ “ എന്നാക്കി മാറ്റിയാല്‍ ബാര്‍ബറെ ബ്യൂട്ടീഷന്‍ എന്നു വിളിക്കുമ്പോള്‍ തോന്നുന്ന ഒരു കുളിരൊക്കെ വരില്ലേ എന്നൊക്കെ ചിന്തിച്ചുകൂട്ടിക്കൊണ്ടാണ് തന്റെ വീടിനുമുന്‍പില്‍ വേലായുധന്‍ ടാക്സിയില്‍ നിന്നുമിറങ്ങിയത്....

വീട്ടിനുമുന്‍പില്‍ തടിച്ചുകൂടിയ നാട്ടുകാരിലൊരുവനെ മാറ്റിനിര്‍ത്തി വേലായുധന്‍ കാര്യമന്വേഷിച്ചപ്പോള്‍ അയാള്‍ ഇങ്ങനെ പറഞ്ഞു...

“അപ്പോള്‍ അറിഞ്ഞില്ലെ ? രമേശ്പണിക്കര്‍ ഇന്നു വെളുപ്പിനു പാമ്പുകടിയേറ്റു മരിച്ചു ...... ങാ.... ഇന്നലേയും പറഞ്ഞിരുന്നുപോലും ഏതോ ഒരാപത്ത് വരാനുണ്ടെന്ന്....................”

(തന്നെത്തേടി വരാനിരുന്ന ആപത്ത് വരുന്നതിനുമുന്‍പേതന്നെ രമേശ്പണിക്കര്‍ മുകളിലോട്ടു പോയി എന്നു സാരം.......)

ഇതുകേട്ട വേലായുധന്‍ തലയില്‍ കൈവെച്ചുകൊണ്ടുപറഞ്ഞു

“സാമ്പത്തികമാന്ദ്യം ഇനിയെങ്ങിനെ പരിഹരിക്കുമെന്റീശ്വരാ.... ഈ ചതി എന്നോടു വേണ്ടായിരുന്നു...............”

ഇതും പറഞ്ഞ് വേലായുധന്‍ മാന്ദ്യം പരിഹരിക്കാന്‍ പുതിയ വഴിയന്വേഷിച്ചുകൊണ്ട് പിതാവിനുള്ള പരിഹാരക്രിയപോലും ചെയ്യാതെ വന്ന ടാക്സിയില്‍ തന്നെ തിരിച്ചുകയറി .

നാം കാണുന്നത് ഒരേയൊരു മാന്ദ്യം ! സാ‍മ്പത്തികമാന്ദ്യം!!

21 comments:

രസികന്‍ said...

വേലായുധനെ മാനേജറാക്കി തുടങ്ങിയ “അല്‍ ദുബായ് വ ഇല്‍ ആക്രിയ്യൂന്‍ ” എന്ന കമ്പനി അന്താരാഷ്ട്ര മാര്‍ക്കറ്റുകള്‍ പിടിച്ചടക്കാന്‍ അധികം താമസം വന്നില്ല.

Unknown said...

veruthe kothipikkalle rasika ie mandyathil mookodinju vinu kidakkukayanu njaan

ഏറനാടന്‍ said...

കൊള്ളാല്ലൊ രസികന്‍ കഥകള്‍! വൈകിയാണേലും ഇനി എല്ലാം വായിക്കാന്‍ പ്ലാനിട്ടു. നൈസ് നരേഷന്‍.

ബീരാന്‍ കുട്ടി said...

രസികാ,

എന്റെ മാന്ദ്യത്തിന്‌ വല്ല പരിഹാരവുമുണ്ടോ എന്നറിയാൻ രമേസ്‌ പണിക്കരെയും അന്വേഷിച്ച്‌ നടക്കുകയായിരുന്നു ഞാൻ. അയാൾ പോയി അല്ലെ.

ഭൂതം ഭാവിയിൽ വർത്തമാനം പറയുമെന്ന് കേട്ടിട്ടുണ്ട്‌. അതിപ്പോ ബ്ലോഗിലും കണ്ടു. ഇനി എപ്പോ നേരിട്ട്‌ കണുമോ ആവോ?

ചാണക്യന്‍ said...

കഥാകഥന രീതി നന്നായി...

രസികന്‍ said...

അനൂപ് ജീ: വേലായുധനെപ്പോലുള്ള ചിന്തകന്മാരും നമുക്കിടയില്‍ ഉണ്ടെന്നു പറയാന്‍ ഒരു ഉദാഹരണം പറഞ്ഞൂന്നു മാത്രം :) .... നന്ദി

ഏറൂ ജീ : വളരെ നന്ദിയുണ്ട്

ബീരാന്‍ ജീ : നേരിട്ടു കണ്ടാല്‍ ഭൂതം വര്‍ത്തമാനം പറയാന്‍ ഭാവി വരേ കാത്തുനിന്നോളണമെന്നില്ല നന്ദി

ചാണക്യന്‍ ജീ : വളരെ നന്ദി

പാവപ്പെട്ടവൻ said...

അറിയപ്പെടാത്ത പല നോട്ടങ്ങളിലും വേലായുധന്‍ വൈദഗ്ദ്യം തെളിയിച്ചിട്ടുണ്ട് എന്നതും ചരിത്രം .

വേലായുധനെ നമുക്ക് അമേരിക്കലേക്ക് അയച്ചാലോ ഒരു പക്ഷെ മാന്ദ്യം പരിഹരിച്ചേക്കും

Anil cheleri kumaran said...

രസായിട്ടുണ്ട് ബോസ്സ്...
ശൈലിയും‌ ഏറെ ഇഷ്ടമായി...

ബഷീർ said...

പരിഹരിച്ചല്ലോ.. അത് മതി..

എന്നാലും വഴിതെറ്റി അറബി മദ്രാസിലെത്തിയത് സഹിക്കാൻ കഴിയുന്നില്ല. രസികാ..

അരുണ്‍ കരിമുട്ടം said...

പൊന്നു രസികാ,
പിന്നെയും വന്നോ?പറയേണ്ടേ...
അടുപ്പിച്ച് മൂന്ന് പോസ്റ്റുകള്‍!!!
തത്ക്കാലത്തേക്ക് ഇല്ല എന്ന് പറഞ്ഞതിനാല്‍ ഞാന്‍ ഈ ഭാഗത്തേക്ക് വരാറേയില്ലാരുന്നു.ഇന്ന് വെറുതേ കേറീയതാ.
ഒരു ഗ്യാപ്പ് കഴിഞ്ഞപ്പോള്‍ ഒരു പാട് പുരോഗമിച്ചിട്ടുണ്ട്.
നന്നായിരിക്കുന്നു(രണ്ട് പോസ്റ്റും ഏപ്രില്‍ഫൂളും.ഹി..ഹി..)

നരിക്കുന്നൻ said...

എന്താ വേലായുധന് കുലത്തൊഴില് ഏറ്റെടുത്ത് അന്റാർട്ടിക്കയിലേക്ക് പറക്കാരുന്നില്ലേ. മൊത്തത്തിലുള്ള ഈ മാന്ദ്യം തീർന്നോന്നറിയാൻ വേലായുധനെ ഞാനും തിരയുകയാ....

അന്താരാഷ്ട്ര മാർക്കറ്റ് പിടിച്ചടക്കിയ ആ അൽ ദുബായ് വ ഇൽ ആക്രിയ്യൂൻ സൂപ്പറായി കെട്ടോ. അതിന്റെ ഒരു ഏജൻസി ഞമ്മക്കും കിട്ടുമോ ആവോ?

രസികന്‍ said...

പാവപ്പെട്ടവന്‍ , കുമാര്‍ജീ, ബഷീര്‍ജീ , അരുണ്‍ , നരീ നന്ദി ( ഇവിടെ സമയമാന്ദ്യമാണ് )

കാട്ടിപ്പരുത്തി said...

വേലായുധന്‌ ഇത് ഞാന്‍ മുന്‍കൂട്ടി അറിഞ്ഞു വന്നതാണെന്നൊരു പ്രസ്താവന അടിച്ചിറക്കിയിരുന്നുവെങ്കില്‍ അച്ചന്റെ മരണം നന്നായി മാര്‍കെറ്റ് ചെയ്യാമായാരുന്നു- വെറുതെ തിരിച്ചു പോയി ഒരു സാധ്യത കളഞ്ഞു കുളിച്ചു- ഇവിടെ വേലായുധന്‌ കച്ചവടകണ്ണ്‌ നഷ്ടപെട്ടു-പാവം മാന്ദ്യം കാരണമാവാം-
ശൈലി കൊള്ളാം - അഭിനന്ദനങ്ങള്‍

ഹന്‍ല്ലലത്ത് Hanllalath said...

പോസ്റ്റ്‌ ഇഷ്ടപ്പെട്ടു...

ബഷീർ said...

രസികൻ,

പുതിയ പോസ്റ്റ് സാമ്പത്തിക മാന്ദ്യം കാരണം ഇല്ലാതായോ. ?

രസികന്‍ said...

കാട്ടിപ്പരുത്തി: ശരിയാ ഇങ്ങനെയും ഒരു ക്ലൈമാക്സുണ്ടാക്കാമായിരുന്നു അല്ലേ നന്ദി

hAnLLaLaTh : നന്ദി

ബഷീര്‍ജീ: ഹി ഹി മൊത്തത്തില്‍ മാന്ദ്യമാണല്ലോ :) അടി..ങാ ...

ഹരിശ്രീ said...

ഹ...ഹ... കൊള്ളാം...

:)

Ramya said...

രസികാ കൊള്ളാം റിയദില്‍ ആണോ? എവിടെ ആണ്?‍

രസികന്‍ said...

ഹരിശ്രീ : നന്ദി

അര്‍ഷാദ്: യെസ് റിയാദില്‍ ആണ് ... നന്ദി

കണ്ണനുണ്ണി said...

രസകരമായ എഴുത്ത് മാഷെ..കഥ അസ്സലായിട്ടോ.. വേലായുധന്‍ വല്ല IIM ഇലും പഠിച്ചിരുന്നെങ്കില്‍ എന്തായേനെ സ്ഥിതി.. കര്‍ത്താവേ

Muralee Mukundan , ബിലാത്തിപട്ടണം said...

വേലാണ്ടിയെന്നു പറഞ്ഞാൽ മലയാളി
രസികത്വമെന്നു പറഞ്ഞാൽ രസികൻ