Saturday, February 28, 2009

ബൂലോകത്തെ കള്ളന്മാര്‍...

സികന്‍ എന്ന നാമത്തില്‍ രണ്ടായിരത്തിയെട്ട് മെയ് മാസത്തിലാണ് ഞാന്‍ ബ്ലോഗ് തുടങ്ങിയത്. അതുമുതല്‍ ബ്ലോഗില്‍ സജീവവുമായിരുന്നു. പല നല്ല ബ്ലോഗുകള്‍ വായിക്കാനും, പലരുമായിട്ടും പരിചയപ്പെടാനും കഴിഞ്ഞു എന്നത് വലിയ ഒരു നേട്ടമായി ഞാന്‍ കരുതുന്നു. ഇപ്പോള്‍ കുറച്ചു കാലമായി പോസ്റ്റിടാനും അതുപോലെ മറ്റു ബ്ലോഗുകള്‍ വായിക്കുന്നതിലും പണ്ടത്തെപ്പോലെ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലാ എന്നത് സത്യമാണ്. എങ്കിലും സമയം കിട്ടുമ്പോള്‍ ബ്ലോഗുകള്‍ വായിക്കാറുണ്ട് പോസ്റ്റുകളിടാറുമുണ്ട്.

ഇന്നലെ എന്റെ ഒരു ബ്ലോഗിംഗ് സുഹൃത്തിന്റെ ഒരു ഈമെയില്‍ സന്ദേശത്തെത്തുടര്‍ന്നാണ് ഞാന്‍ ഇങ്ങനെയൊരു പോസ്റ്റിടുന്നത്.

“സുഖമെന്ന് കരുതട്ടെ.

താങ്കളുടെ ടീച്ചറ്ക്ക് ഒരു പ്രേമ ലേഖനം എന്ന് പോസ്റ്റ് ഇത്തിരി കുഞ്ഞൻ എന്ന് പേരിട്ടൊരു ബ്ലോഗിൽ കണ്ടല്ലൊ...?????“ എന്നായിരുന്നു ആ സന്ദേശം. ഇതേതുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ദേകിടക്കുന്നു .... ഇത്തിരി കുഞ്ഞന്റെ തോളില്‍ തൂങ്ങി “ടീച്ചര്‍ക്കൊരു പ്രേമലേഖനം” എന്ന എന്റെ പോസ്റ്റ്!!!!

ഇത്തിരിക്കുഞ്ഞന്‍ എന്ന ബ്ലോഗറോടെനിക്കു പറയാനുള്ളത്

സ്വന്തമായിട്ട് വല്ലതുമെഴുതി കഴിവു തെളിയിക്കൂ എന്നാണ് . അല്ലാതെ മറ്റുള്ളവന്റേ പോസ്റ്റ് കട്ടെടുത്ത് സ്വന്തം ബ്ലോഗിലിട്ടു പൂശുന്നതില്‍ വലിയ കേമത്തമൊന്നുമില്ല. ബ്ലോഗ് നാലാളു ശ്രദ്ധിക്കുക എന്നതിലുപരി സ്വന്തം കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്നതിനുകൂടി പ്രാധാന്യം നല്‍കണം.

ഇന്ന് ഇത്തിരി കുഞ്ഞന്റെ ബ്ലോഗില്‍ നിന്നും എന്റെ പോസ്റ്റ് അയാള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട് അതുകൊണ്ടുതന്നെ ഇവിടെ ഒരു ലിങ്ക് കൊടുത്ത് അയാള്‍ക്കൊരു പബ്ലിസിറ്റി കൊടുക്കാന്‍ തല്‍ക്കാലം ഞാനാഗ്രഹിക്കുന്നില്ല.

ഇതേ തുടര്‍ന്നാണ് എന്റെ പോസ്റ്റുകള്‍ എവിടെയൊക്കെ ആരുടെയൊക്കെ വിലാസത്തില്‍ വിലസുന്നുണ്ട് എന്ന ചെറിയ ഒരു അന്വേഷണം നടത്തിയത്.

അപ്പോഴാണ് ‘ മലയാളം ഫണ്‍ ‘ എന്ന പേരിലുള്ള കള്ളന്മാരുടെ ഗോഡൌണിനെപ്പറ്റി അറിയാന്‍ കഴിഞ്ഞത് പലരുടേയും സൃഷ്ടികള്‍ മോഷ്ടിച്ചെടുത്ത് സ്വന്തം ലേബലൊട്ടിച്ച് ഒരു ഉളുപ്പുമില്ലാതെ ഈ മൈല്‍ വഴിയും മറ്റും പ്രചരിപ്പിക്കാനുള്ള സംവിധാനവും ചെയ്തുവെച്ചിട്ടുണ്ട് ഇതില്‍ ... കൂട്ടത്തില്‍ എന്റെ “ ടീച്ചര്‍ക്കൊരു പ്രേമലേഖനം” എന്ന പോസ്റ്റ് “പ്രിയപ്പെട്ട ടീച്ചര്‍ക്കുള്ള പ്രേമലേഖനം” എന്നപേരില്‍ അവിടെ മലയാളം ഫണ്ണില്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ അവരുടെ പരസ്യവും പതിപ്പിച്ച് കുളിപ്പിച്ച് നിര്‍ത്തിയിട്ടുണ്ട്.. ഇതാ ഇവിടെ ക്ലിക്കിയാല്‍ തൊണ്ടിമുതലുകള്‍ കണ്ടെത്താം. നിങ്ങള്‍ തന്നെ പറ ഇവനെയൊക്കെ എന്തു ചെയ്യണം?

****************
ഒരിക്കല്‍ എന്റെ ഒരു കൂട്ടുകാരന് ഞാന്‍ ശ്രീ ബെര്‍ളി തോമസിന്റെ ബ്ലോഗിന്റെ ലിങ്ക് അയച്ചുകൊടുത്തു. അതു വായിച്ച എന്റെ കൂട്ടുകാരന്‍ പറഞ്ഞത് ഇങ്ങിനെയായിരുന്നു.

“ഹും ഇതാണൊ നീ പറഞ്ഞ വലിയ സംഭവം ബ്ലോഗ്? “ ... ബെര്‍ളിയുടെ ബ്ലോഗിനെ ഇങ്ങിനെ പുഛിക്കാനുള്ള കാരണം തിരക്കിയപ്പോള്‍ അവന്‍ പറയുകയാ..

“ ഈ മൈലിലൂടെയും മറ്റും ആളുകള്‍ വായിച്ചു മടുത്ത സംഭവങ്ങളെല്ലാമെടുത്ത് പോസ്റ്റാക്കുന്ന വിരുതനല്ലേ ബെര്‍ളി?”

അവന്റെ മറുപടി കേട്ട ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി .... പിന്നീടു ഒന്നു രണ്ടു പൊട്ടിച്ചിരിക്കു ശേഷം ബെര്‍ളിയുടെ പല കഥകളും പലരും കട്ടുകൊണ്ടുപോയി ഇമൈല്‍ വഴിയും എന്തിനു ആനുകാലികങ്ങളില്‍ വരേ പ്രസിദ്ധപ്പെടുത്തി കയ്യടി വാങ്ങിക്കുന്ന കഥ ഞാനവനു പറഞ്ഞു കൊടുക്കുകയുണ്ടായി. അതില്‍ പിന്നെ ബെര്‍ളി കട്ടെടുത്ത് പോസ്റ്റുകയാണെന്ന സംശയം എന്റെ കൂട്ടുകാരനെ പിടികൂടിയിട്ടില്ല.

ആ സംഭവം ഇവിടെ ഇപ്പോള്‍ ഞാനോര്‍ക്കുകയാണ് (ചുമ്മാ). ഇന്നെനിക്കു മനസ്സിലായി നമ്മുടെപോസ്റ്റുകള്‍ മറ്റൊരുവന്‍ കട്ടുകൊണ്ടുപോയി കയ്യടി വാങ്ങിക്കുന്നതിന്റെ വിഷമം... ( ബൂലോകത്ത് ഇതിനുമുന്‍പും പലരുടേയും കഥകള്‍ പല സ്ഥലത്തും കോപ്പിയടിച്ച് പലരും കയ്യടി വാങ്ങിയിട്ടുണ്ട് എന്ന സത്യം നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്)

ഞാനൊരിക്കല്‍ക്കൂടി ചോദിക്കട്ടെ ഈ വിരുതന്മാരെ നാം എന്തു വിളിക്കണം? നാളെ നമ്മുടെ ഓരോരുത്തരുടേയും സൃഷ്ടികള്‍ക്കുനേരെ ചൂണ്ടിക്കൊണ്ട് ‘ഇതു ഞങ്ങള്‍ ഇമൈല്‍ വഴി വായിച്ചിട്ടുള്ളതാ അതു നീ അടിച്ചു മാറ്റിയതല്ലേ‘ എന്ന ചോദ്യം വന്നാല്‍ നാമെന്തു ചെയ്യും ?

കട്ടുകൊണ്ടുപോയവന്‍ വല്ല മാതൃഭൂമിയിലോ... മനോരമയിലോ ഇട്ടിരുന്നെങ്കില്‍ ( ചുമ്മാ ഒരു ആഗ്രഹം പറഞ്ഞതാ) നമുക്കൊരു ഗായും മായും ( ഗമ) ഉണ്ടാവുമായിരുന്നു .... “ ദോണ്ടെഡേ.... ലത് നമ്മടെ സൃഷ്ടി അടിച്ചോണ്ടുപോയതാ..” എന്നെങ്കിലും പറഞ്ഞു സമാധാനിക്കാമായിരുന്ന. ഇവിടെ പോങ്ങുമ്മൂടന്റെ ‘ സ്റ്റാര്‍ട്ട്... കണ്ടന്റ് തെഫ്റ്റ്. പ്ലീസ്! ‘ എന്ന പോസ്റ്റിനെയാണെനിക്കോര്‍മ്മവന്നത് ....


ഏതായാലും പോസ്റ്റ് കട്ടുകൊണ്ടുപോയി ... അത് ഗോഡൌണില്‍ നിന്നും ഇമൈലിലേക്കും മറ്റും മലയാളം ഫണ്ണിന്റെ ലേബലൊട്ടിച്ച് കയറ്റിയയക്കുമ്പോള്‍ ഒരു ചെറിയ കോണിലെങ്കിലും ഈ പാവം സൃഷ്ടാവിന്റെ ലിങ്ക് കൊടുത്തിരുന്നെങ്കില്‍ എന്നു വെറുതേ ആഗ്രഹിച്ചതില്‍ തെറ്റുണ്ടോ? .... ങാ.. വരാനുള്ളത് ജെ.സി.ബിയും പിടിച്ചു വരുമല്ലോ.....

പ്രിയ മലയാളം ഫണിന്റെ മുതലാളീ ഇതിന്റെ പേരില്‍ ഞാന്‍ ബ്ലോഗിനു കരിയോയിലും പാമോയിലുമൊന്നും പൂശുന്നില്ല പക്ഷേ താങ്കള്‍ ചെയ്തത് ഒന്നാംതരം ചെറ്റത്തരമാണെന്ന് ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നു.
ബാക്കി സഹ ബ്ലോഗേഴ്സിനും വായനക്കാര്‍ക്കും വിടുന്നു ... സസ്നേഹം രസികന്‍ ..

29 comments:

രസികന്‍ said...

ഞാനൊരിക്കല്‍ക്കൂടി ചോദിക്കട്ടെ ഈ വിരുതന്മാരെ നാം എന്തു വിളിക്കണം? നാളെ നമ്മുടെ ഓരോരുത്തരുടേയും സൃഷ്ടികള്‍ക്കുനേരെ ചൂണ്ടിക്കൊണ്ട് ‘ഇതു ഞങ്ങള്‍ ഇമൈല്‍ വഴി വായിച്ചിട്ടുള്ളതാ അതു നീ അടിച്ചു മാറ്റിയതല്ലേ‘ എന്ന ചോദ്യം വന്നാല്‍ നാമെന്തു ചെയ്യും ?

ചാണക്യന്‍ said...

കഷ്ടം, ഇവനെയൊക്കെ എന്ത് ചെയ്യാന്‍..

നാണവും മാനവുമുള്ള മലയാളം ഫണിന്റെ മൊയലാളീ..ഇത് കണ്ടെങ്കിലും തറ പരിപാടി വച്ച് നിര്‍ത്ത്....

നരിക്കുന്നൻ said...

ഒരുപാട് നാളുകൾക്ക് ശേഷം മലയാളം ബ്ലോഗിന്റെ വാതിലൊന്ന് തള്ളിത്തൊറന്ന് വന്നപ്പോ ദാ കെടക്കുണു കള്ളൻസ്.

ബൂലോഗത്തെ കള്ളൻ മാരെ കുറിച്ച് ഒരുപാട് നാം കേട്ടതാണ്. പലരും അതിനെ വിമർശിച്ച് എഴുതിയിട്ടുണ്ട്. മോഷണവും ഒരു കല എന്ന നിലയിൽ ഇപ്പോഴും ഈ മോഷണം നടത്തി ജീവിക്കുന്നവർ ഇവിടെ ഉണ്ടെന്ന് അറിയാം. എങ്കിലും മലയാളം ഫൺ പോലെ ഇത്ര വലിയൊരു കായംകുളം കൊച്ചുണ്ണിയെ കുറിച്ച് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു. അതിഉള്ളതെല്ലാം മോഷണം ആണെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.

കള്ളന്മാർക്കെതിരെ ഈ സമരത്തിൽ രസികന് ഞാൻ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.

ഇനിയും എഴുത്ത് തുടരൂ...

പകല്‍കിനാവന്‍ | daYdreaMer said...

ഇനിയിപ്പോ നേപ്പാളില്‍ നിന്നും കുറെ അണ്ണന്മാരെ ടോര്‍ച്ചും കത്തിയുമായി ബൂലോകത്തേക്ക് ഇറക്കി വിടേണ്ടി വരും ഇങ്ങനെ പോയാ... !!

അല്‍ഭുത കുട്ടി said...

കള്ളന്‍ മാര്‍ വീണ്ടും രംഗത്ത്. എന്താ ചെയ്യുക.വെറുമൊരു മോഷ്ടാവായ അവരെ നിങ്ങള്‍ കള്ളന്മാരെന്ന് വിളിക്കാതിരിക്കൂ. ഒരു ലിംഗം എങ്കിലും കൊടുത്തിരുന്നെങ്കില്‍ എന്ന് ഞാനും പറയുന്നു. ബെര്‍ളി തോമസ് ചെയ്തപോലെ പേജിന് എന്തൊ ഒരു ഹിക്മത്ത് ചെയ്ത് കോപ്പി ചെയ്യാന്‍ പറ്റാത്ത കോലത്തില്‍ ആക്കിയാല്‍ മതിയല്ലോ.

Typist | എഴുത്തുകാരി said...

ബൂലോഗം ഉള്ളിടത്തോളം കാലം ഈ മോഷണവും തുടരും. ഇതിനു മുന്‍പ് ഇതുപോലെയുണ്ടായപ്പോള്‍ നമ്മളെല്ലാം കൂടി എത്ര പ്രതിഷേധിച്ചു, പ്രതികരിച്ചു, കരിവാരം ആഘോഷിച്ചു, എന്നിട്ടെന്തുണ്ടായി?, നാണമില്ലാത്തവന്മാര്‍ മോഷണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

Unknown said...

അത്താഴം മുടക്കാന്‍ നീര്‍കോലിയായാലും മതിയല്ലോ!
കുഞ്ഞന്‍ ഇത്തിരിയാണെങ്കിലും .... കയ്യിലിരിപ്പു മോശമില്ലല്ലോ!

Unknown said...
This comment has been removed by the author.
P R Reghunath said...

ബ്ലോഗുകള്‍ സര്‍ഗപരമെന്നു ചിലര്‍ തിരിച്ചറിയുന്നില്ല. അവരാണ് മോഷ്ടാക്കള്‍. പിന്നെ, മൌലികത എന്നൊന്നില്ലെന്ന് എം.എന്‍. വിജയന്‍ മാഷ്‌ പറഞ്ഞിട്ടുണ്ട് .

രസികന്‍ said...

ചാണക്യന്‍: ചിലര്‍ അങ്ങിനെയാ ...

വന്നതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദിയുണ്ട്

നരിക്കുന്നന്‍: എന്തു ചെയ്യാനാ.... വന്നതിനും സമരത്തിനു പിന്തുണ നല്‍കിയതിനും വളരെ നന്ദി

പകല്‍ കിനാവന്‍: നേപ്പാളിലെ അണ്ണന്മാരുടെ കത്തിവരേ അടിച്ചു കൊണ്ടുപോകും :)
വന്നതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി

അല്‍ഭുതകുട്ടി: കക്കാന്‍ പഠിച്ചവന്‍ എന്തു ഹിക്മത്ത് ചെയ്താലും കട്ടുകൊണ്ട്പോകും
വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

എഴുത്തുകാരി: ശരിയാണ് മോഷണത്തിനു ഇന്നും ഒരു കുറവുമില്ല
വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

സാബിത്ത്: ലവന്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട് ( ചിലപ്പോള്‍ തുടക്കക്കാരനായതുകൊണ്ട് പറ്റിയതണെന്നു തോനുന്നു (?)) വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

രഘുനാഥ്: താങ്കള്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്
വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

തോന്ന്യാസി said...

മലയാളം ഫണ്ണിന്റെ മോഡറേറ്റര്‍ക്ക് ഞാനൊരിയ്ക്കല്‍ ഒരു പോസ്റ്റിന്റെ (സെനു ഈപ്പന്‍ തോമ്മസിന്റെ ആണെന്ന് തോന്നുന്നു) ലിങ്ക് വച്ച് ഒരു മെയില്‍ അയച്ചിരുന്നു. നോ മറുപടി,നോ മാറ്റംസ്....

പക്ഷേ ഈയിടെഒരു മെയിലിനു താഴെ അതിന്റെ യഥാര്‍ത്ഥ രചയിതാവിന്റെ പേര് കൊടുത്ത്, അദ്ദേഹത്തിന്റെ ബ്ലോഗില്‍ നിന്നും എടുത്തത് എന്ന് ക്രെഡിറ്റ് കൊടുത്തുകണ്ടിരുന്നു. എന്തായാലും താങ്കള്‍ ടീച്ചര്‍ക്കെഴുതിയ കത്തും എനിക്ക് മ.ഫ മെയിലില്‍ നിന്ന് ലഭിയ്ക്കുകയുണ്ടായി

Unknown said...

രസികാ കള്ളന്മാർ എന്തു വേണമെങ്കിലും കാട്ടട്ടേ അവർക്കു പിന്നാലെ പോകണ്ട

Anil cheleri kumaran said...

താങ്കളുടെ വിഷമത്തില്‍ ഞാനും പങ്കു ചേരുന്നു.

ഒരു സ്നേഹിതന്‍ said...

ഇവരെ ഒക്കെ എന്ത് വിളിക്കാന്‍,?? മലയാളം ബ്ലോഗിലെ ഒരു ഫുലിയുടെ ചോദ്യമാണ് ഓര്‍മ്മ വരുന്നത്. “ഇവനൊക്കെ വല്ലവന്റെയും കൊച്ചിന്റെ അച്ചനാണെന്നു പറഞ്ഞ് നടക്കാന്‍ നാണമില്ലെ”

രസികന്‍ said...

തോന്ന്യസീ : രചയിതാവിന്റെ പേരോ ലിങ്കോ കൊടുക്കുകയാണെങ്കില്‍ ഒരു വിരോധവുമില്ല പക്ഷെ ഇതില്‍ അവരുടെ സൈറ്റിന്റെ പരസ്യമാണ് മുഴുക്കെ പതിപ്പിച്ചിരിക്കുന്നത് ... എന്തു ചെയ്യാനാ ആല്ലേ?
വന്നതിനു നന്ദി

അനൂപ്: അവര്‍ക്കു പിന്നാലെ പോകുന്നതില്‍ അര്‍ത്ഥമില്ല എങ്കിലും നമ്മുടെ കഥ കണ്ട് നാളെ മറ്റൊരാള്‍ നമ്മള്‍ അടിച്ചുമാറ്റിയതാണെന്നു പറയരുതല്ലോ ....

വന്നതിനു നന്ദി

കുമാര്‍ജീ: വളരെ നന്ദിയുണ്ട് താങ്കളുഇടെ സപ്പോര്‍ട്ടിന്

സ്നേഹിതന്‍: സത്യമാണ് എന്തു ചെയ്യാനാ ലോകം അങ്ങിനെയായിപ്പോയി ..... നന്ദി

ഹരീഷ് തൊടുപുഴ said...

ഒരു സ്നേഹിതന്റെ കമെന്റിനു താഴെ ഒരു ഒപ്പ്..

OAB/ഒഎബി said...

പാവം കള്ളന്മാറ്... ഉല്പാദനശേഷിയില്ലാത്തവനാരാണേ.
തൽക്കൽത്തേക്ക് ആ ചെറ്റകൾക്ക് മാപ്പ് കൊടുക്കാം അല്ലേ.
ഞനാലോചിക്കുവാ...വരാനുള്ളത് ജെസിബിയല്ല ഒഎബിയും പിടിച്ച് വരാതിരിക്കാൻ എന്താ വഴി?

ശ്രീ said...

കുറേ നാളായി കാണാറില്ലല്ലോ എന്ന് ഓര്‍ത്തതേയുള്ളൂ...

കള്ളന്മാരെ കൊണ്ട് തോറ്റല്ലോ...

രസികന്‍ said...

ഹരീഷ് : താങ്കള്‍ പറഞ്ഞതു ശരിയാണ് ... ഞാനും ഒരു ഒപ്പിടുന്നു :) നന്ദി

ഓ.ഏ.ബി . ബരാനിള്ളത് ഒ.ഏ.ബിയും പിടിച്ച് എപ്പൊ ബന്നൂന്നു ചോയിച്ചാമത് അങ്ങനെയാണ് ഒരു ഒ.ഏ.ബി ഡയറിക്കുറിപ്പ് ഒണ്ടായത് ... :) നന്ദി

ശ്രീ: ഈ കള്ളന്മാരെക്കൊണ്ട് തോറ്റെന്നേ :) നന്ദി

ullas said...

ഞാന്‍ "നികൃഷ്ട ബ്ലോഗന്മാര്‍ "' എന്ന പേരില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു .താങ്കള്‍ ശ്രദ്ധിച്ചു കാണുമോ എന്നറിയില്ല . സമയമുണ്ടെങ്കില്‍ വായിച്ചു നോക്കാം .

അരുണ്‍ കരിമുട്ടം said...

സ്വന്തമായി കുഞ്ഞുണ്ടാത്തവര്‍ ഒരു കുഞ്ഞിനെ ദത്തെടുത്തോട്ടെ,പക്ഷേ ഇങ്ങനെ മോഷ്ടിച്ച് കൊണ്ട് പോയാലോ?
തുണി ഉരീ ഇവനെ യൊക്കെ മുള്ളുമുരിക്കില്‍്‍ കയറ്റണം

രസികന്‍ said...

ullas : താങ്കളുടെ പോസ്റ്റ് വായിച്ചു ... അതില്‍ പറഞ്ഞത് ശരിയെന്നു സമ്മതിക്കുന്നു പക്ഷേ ഒരു ബ്ലോഗറുടെ പോസ്റ്റ് മറ്റൊരാള്‍ അടിച്ചുമാറ്റുന്നതിനെപറ്റി താങ്കളുടെ അഭിപ്രായമെന്താണ് ? നന്ദി

അരുണ്‍: വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി

Bindhu Unny said...

ഉളുപ്പില്ലാതെ ഇങ്ങനെ കോപ്പിയടിക്കാന്‍ തൊലിക്കട്ടി മാത്രം മതി. :-)

smitha adharsh said...

അപ്പൊ,ഈ പണി ഇപ്പഴും നിര്‍താത്തവര്‍ ഉണ്ട് അല്ലെ?
മോഷ്ടിക്കുന്നവരോട് സഹതാപം മാത്രം.മറ്റുള്ളവരുടെ അധ്വാനം കൊയ്തെങ്കിലും അവര്‍ ജീവിക്കട്ടെ.നാണമില്ലാതവര്‍ക്കും ജീവിക്കണ്ടേ രസികന്‍ ചേട്ടാ?

രസികന്‍ said...

ബിന്ദുജീ ആന്‍ഡ് സ്മിതാജീ നന്ദി

ജെ പി വെട്ടിയാട്ടില്‍ said...

വായിക്കാനെന്തൊരു രസം
മനൊഹരമായ ലേ ഔട്ട്
ബ്ലോഗ് കാണാന്‍ നല്ല ചന്തം...
സ്ക്രോള്‍ മെസ്സേജ് ഇടുന്ന വിധം പഠിപ്പിച്ചുതരാമോ?

വ്ആശംസകള്‍

please record your presence
and join
http://trichurblogclub.blogspot.com/

ബഷീർ said...

രസികൻ,

ഇതിപ്പോൾ പതിവായിരിക്കുന്നു വല്ലവന്റെയും അടിച്ച്മാറ്റി സ്വന്തമാക്കി ഞെളിയാൻ നാണമില്ലാണ്ടായാൽ എന്ത്‌ ചെയ്യും..

ശ്രീഇടമൺ said...

കോഴിക്കള്ളന്‍,
തേങ്ങാക്കള്ളന്‍,
മാലക്കള്ളന്‍ തുടങ്ങിയ പ്രസിദ്ധ കള്ളന്മാരുടെയിടയിലേക്ക് ഇതാ പുതിയൊരു കള്ളന്‍...”ബ്ലോഗ് കള്ളന്‍“

പരമകഷ്ട്ടം...ഇവനെയൊക്കെ @#$%^@#$%^#$%$%^$^$%^$%^&*^#$%&( ചെയ്യണം

Abv Kavilpad said...

പ്രിയ രസികന്‍...ചിരിക്കുടുക്കയില്‍ താങ്കളുടെ "ടീചെര്‍ക്കൊരു പ്രേമലേഖനം"മലപ്പുറംകാക്ക എന്ന പേരുള്ള ഒരു അംഗം "രക്ഷിതാവിന്റെ കത്ത്"എന്ന പേരില്‍ പോസ്റ്റു ചെയ്തിരുന്നു.അത് കാക്കയുടെ സ്വന്തം സൃഷ്ട്ടിയെന്നു തെറ്റിധരിച്ച് ഞാന്‍ ആ സാധനം കാക്കയുടെ പേരില്‍ കലാകേരളം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി.ഇന്നലെയാണ് ഈ കഥയുടെ യഥാര്‍ത്ഥ രചയിതാവ് താന്കളാനെന്നുള്ള സത്യം എനിക്ക് മനസ്സിലായത്‌..ആദ്യമായി ഈ കഥയ്ക്ക് ആത്മാര്‍തമായി അറിയിച്ചു കൊള്ളട്ടെ.താങ്കളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ട്..ഒപ്പം സൌഹൃദവും ആഗ്രഹിക്കുന്നു.ചിരിക്കുടുക്ക എന്ന ഗ്രൂപ്പിലേക്ക് താങ്കളെ ആദരപൂര്‍വം ക്ഷണിക്കുന്നു.രസികന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന താങ്കളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചിരിക്കുടുക്കയിലും കലാകെരളത്തിലും പങ്കുവയ്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.വൈകിയാണെങ്കിലും ഇത്രക്കും രസികനായ ഒരാളെ കണ്ടെതാനായത്തില്‍ സന്തോഷമുണ്ട്....ആശംസകള്‍