Saturday, August 30, 2008

റംസാനിലെ കദീശുമ്മ




റംസാനിൽ കദീശുമ്മ ബിസിയാണ്‌. കെട്ടിയോന്‍ കുഞ്ഞിപ്പോക്കർ കിടന്നു കാറിയാൽ പോലും കദീശുമ്മക്ക്‌ ചെവികേള്‍ക്കില്ല.
" അല്ല കദീശോ റമളാനിൽ അന്റെ കാത്‌ കോർക്ക്‌ വച്ച്‌ അടക്കലാണൊ"
"ഇങ്ങളൊന്ന്‌ മിണ്ടാണ്ടിരിക്കി മന്‍ഷനെ . മനുസന്‌ ഇബടെ നിന്ന്‌ തിരിയാം സമയല്ല . അപ്പോളാ ഓരോ ബിളി . കദീശോ പോത്തിനെ കെട്ടിയോ. കദീശോ പറമ്പിൽ വീണ തേങ്ങയെടുത്തോ? അസർ ബാങ്കിന്റെ സമയം എപ്പളാ............ ഇങ്ങളെ ഓരോ ശോദ്യങ്ങള്‌"

ഇതുകേട്ട്‌ കുഞ്ഞിപ്പോക്കർ ചിരിക്കും

" ഇങ്ങള്‍ ചിരിച്ചോളീ .. റമളാന്‍ നോമ്പാ വരുന്നത്‌ .. പത്തിരിക്കുള്ള അരി പൊടിക്കണം , മുളക്‌, മല്ലി എന്നിവ പൊടിക്കണം അങ്ങനെ ഒരുപാടൊരുപാട്‌ പണികളുണ്ട്‌ ഇതൊന്നും പറഞ്ഞാൽ ഇങ്ങൾക്ക്‌ മനസ്സിലാകില്ല "

റംസാനിലെ പകലിൽ പച്ചവെള്ളം കദീശുമ്മ കൊടുക്കില്ല എന്നൊരു പരാതി പുറത്തു ചാടാതെ കുഞ്ഞിപ്പോക്കറിന്റെ ഉള്ളിൽ കിടന്നു കറങ്ങുന്നുണ്ട്‌.


മടിയന്മാരുടെ ദേശീയ നേതാവും, വിശപ്പിന്റെ അസുഖം കൊണ്ട്‌ വലയുന്നവനുമായ കുഞ്ഞിപ്പോക്കർക്ക്‌ റംസാന്‍ മാസം കമന്റ്കിട്ടാത്ത പോസ്റ്റ്‌ പോലെയാണ്‌.

കുഞ്ഞിപ്പോക്കർ തന്റെ ചെറുപ്പകാലത്തിലേക്ക്‌ ഇരുന്നയിരുപ്പിൽ ഒറ്റ ഊളിയിടൽ വെച്ചുകൊടുത്തു.
പഴയ പള്ളിയിലെ കടഞ്ഞെടുത്ത ചിത്രപ്പണികള്‍ നിറഞ്ഞ തൂണുകളും, വുളു ചെയ്യാൻ ( ശുദ്ധിവരുത്താൻ) പണിയിച്ച ചെറിയ കുളവും അതിൽ കളിച്ചു നടക്കുന്ന മീനുകളും എല്ലാം കുഞ്ഞിപ്പോക്കറിന്റെ മനസ്സിൽ ഓടിയെത്തി.

അന്നു പതിനൊന്നു വയസ്സു പ്രായമുള്ള കുഞ്ഞിപ്പോക്കർ ഒന്നിടവിട്ട്‌ നോമ്പ്‌ നോൽക്കുമായിരുന്നു. അന്നത്തെ ഏക ആശ്രയം പള്ളിയിലെ പായൽ നിറഞ്ഞ കുളത്തിലെ വെള്ളമായിരുന്നു. മുഖം കഴുകുകയാണെന്ന വ്യാജേന ചുറ്റുപാടും വീക്ഷിച്ച്‌ മതിവരുവോളം വെള്ളവും കോരിക്കുടിച്ച്‌ പണ്ട്‌ കവി പാടിയപോലെ." എന്ത്‌ മതിരമെന്നോതുവാന്‍ മോകം..."
എന്നൊരു പാട്ടും പാടി ഒറ്റ നടത്തമുണ്ട്‌ ഇന്നു കഴിഞ്ഞപോലെ എല്ലാം കുഞ്ഞിപ്പോക്കർ ഓർക്കുന്നു.


ദിനങ്ങള്‍ വീണ്ടും കൊഴിഞ്ഞുകൊണ്ടിരുന്നു റംസാന്‍ മാസപ്പിറവി കണ്ടതായി ആകാശവാണിയിലെ തല തെറിച്ചവന്‍ പറഞ്ഞപ്പോള്‍ തലയും കുത്തി വീണത്‌ കുഞ്ഞിപ്പോക്കറിന്റെ മനസ്സിലെ ഉച്ചയൂണിന്റെ പായസത്തിന്റെ മധുരമായിരുന്നു.

കദീശുമ്മ അടുക്കളയിൽ തിരക്കിട്ട പണിയിലാണ്‌. റംസാനിൽ പുലർച്ചെ ബാംങ്കു കൊടുക്കുന്നതിനു മുന്‍പ്‌ കഴിക്കാനുള്ള വകകള്‍ തയ്യാറാക്കണം. നോമ്പ്‌ തുറക്കാനുള്ള പലഹാരങ്ങള്‍ ഉണ്ടാക്കണം.
പാത്തുമ്മയുടെ റംസാനിലെ ഒരു ദിവസം ഇങ്ങനെ പോകുന്നു.

രാത്രി രണ്ടുമണിക്കു തുടങ്ങും പുലർച്ചക്കുള്ള ഫുഡിനു , കുത്തരിയുടെയും മോട്ടാ അരിയുടെയും ചോർ , ഉപ്പേരി , പപ്പടം , ചപ്പാത്തി പുതിയാപ്പിളമാർ വരുന്ന ദിവസത്തിലാണെങ്കിൽ മൂത്തമോളുടെ പുതിയാപ്ലക്കു നെയ്ച്ചോർ, രണ്ടാമത്തെ മകളുടേതിനു ബിരിയാനി ( നാടന്‍ കോഴി മസ്റ്റ്‌ ). പിന്നെയുള്ള മകളുടെ ഹസ്സിനു കോഴിമുട്ട ഒലത്തിയതില്ലാ എങ്കിൽ തൊണ്ടയിൽ ക്കിടന്നു ചോറു പണി മുടക്കും പോലും ( ഭാര്യ വീട്ടിൽ നിന്നു മാത്രം). പിന്നീയു മുണ്ട്‌ വിഭവങ്ങള്‍.
ഒടുക്കത്തെ (ഇളയ) മകളുടെ കെട്ടിയോനു മീങ്കറി പറ്റില്ല. ആട്ടിറച്ചിയും കട്ടന്‍ ചായയുമില്ലാ എങ്കിൽ പൊളിയുന്നത്‌ സ്വന്തം ഇളയ മകളുടെ പുറം .
അപ്പോള്‍ ഇട്ട അച്ചാറില്ലെങ്കിൽ ഒറ്റമോന്‍ ജബ്ബാറിനു ചോറു വേണ്ട ( എറിഞ്ഞുടക്കാന്‍ വല്ല മൺകലവും കിട്ടിയാൽ മതി).
അങ്ങിനെ പലഹാരങ്ങളായ പലഹാരങ്ങളെല്ലാം കദീശുമ്മ ഒറ്റയ്ക്കിരുന്നു ഉണ്ടാക്കും.
സഹായത്തിനു മക്കളെ വിളിച്ചാൽ കെട്ടിയവന്റെ വീട്ടിൽനിന്നും സ്വന്തം വീട്ടിൽ വരുന്നത്‌ കുറച്ചു വിശ്രമിക്കാനാ എന്നായിരിക്കും മറുപടി. കൂട്ടത്തിൽ ഇതുംകൂടി പറയും."ഈ ഉമ്മക്ക്‌ എന്നാ പടച്ചോനെ മനുസ്യന്റെ കഷ്ടപ്പാടു മനസ്സിലാകുക?" ( ശരിയാണ്‌ അറയിലെ സ്പ്രിംഗ്‌ ആക്ഷനുള്ള കട്ടിലിൽ വെട്ടിയിട്ട വാഴപോലെ കിടന്നുറങ്ങാനും ഉണ്ടേ കുറച്ചു കഷ്ടപ്പാട്‌)
എല്ലാം കേട്ടിട്ടും ചുണ്ടിൽ വിരിഞ്ഞ ചിരി വിടാതെ കദീശ തന്റെ കുക്കിംഗ്‌ തുടരും.
പുലർച്ച ഭക്ഷണ ശേഷം എല്ലാവരും ഏമ്പക്കം വിട്ടുറങ്ങുമ്പോള്‍ അടുക്കളയിലെ പാത്രങ്ങള്‍ കഴുകി വെക്കുന്ന തിരക്കിലായിരിക്കും നമ്മുടെ കദീശ.
പാത്രം മോറൽ യജ്ഞം കഴിയുമ്പോള്‍ മണി ക്ലോക്കിൽ മണി എട്ടടിക്കും.
വിശാലമായ മുറ്റമടി , വീട്‌ അടിച്ചു തുടക്കൽ, പല്ലു തേപ്പ്‌ , അലക്കൽ ( വിത്ത്‌ മക്കളുടെ പുതിയാപ്ലമാരുടെ കോണകം), കുളി എല്ലാം കഴിയുമ്പോള്‍ മണി ഉച്ചകഴിഞ്ഞു രണ്ട്‌.
പിന്നീട്‌ നോമ്പു തുറക്കാനുള്ള വിഭവങ്ങള്‍ ഒരുക്കുന്ന പണിയായി.

പഴമ്പൊരി , പത്തിരി , പൂരി, കോഴിക്കറി ( നാടൻ) , മട്ടൻ കറി , മട്ടൻ സൂപ്പ്‌, ചപ്പാത്തി, പായസം , കഞ്ഞി , കപ്പ പുഴുങ്ങിയത്‌, മീൻ വറുത്തത്‌, ഇറച്ചി പണ്ടാരമടക്കിയത്‌, പതിനാറടിയന്തിരം കഴിച്ച അവിലോസുണ്ട ..... ഇങ്ങനെ അറബിക്കടലും കടന്നു പോകുന്നു പട്ടിക.
നോമ്പു തുറകഴിഞ്ഞു രാത്രി ഭക്ഷണമായ ജീരകക്കഞ്ഞി, പത്തിരി , മുട്ട മറിച്ചത്‌ തിരിച്ചത്‌ ഉരുട്ടിയത്‌, തുടങ്ങി പതിനാറുവക ഉണ്ടാക്കണം , ഇതെല്ലാം കഴിഞ്ഞു എല്ലാവരുടെ തുരു വയറുകളും നിറപ്പിച്ച്‌ പാത്രവും മോറി ക്ലോക്കിൽ നോക്കുമ്പോള്‍. സമയന്‍ നമ്മുടെ രാത്രി രണ്ടുമണി.

വീണ്ടും പുലർച്ചച്ചോറിനുള്ള ഫുഡ്‌ മേക്കിംഗ്‌........ഇതിനിടയിൽ ( മറ്റുള്ളവരെ തീറ്റിക്കാനുള്ള പരിശ്രമത്തിനിടയിൽ എന്നു സാരം) വിശ്രമിക്കാൻ കദീശുമ്മ മറന്നുപോയി എന്നത്‌ പ്രപഞ്ച സത്യങ്ങളിൽ ഒന്ന്‌.


കദീശുമ്മയിലേക്കു നമുക്കു മടങ്ങി വരാം അതിനുമുൻപ്‌ കുഞ്ഞിപ്പോക്കർ എന്തു ചെയ്യുന്നു എന്നൊന്ന്‌ എത്തിനോക്കണമല്ലൊ.
നോമ്പിന്റെ ദിവസം നട്ടുച്ചസമയത്ത്‌ തലേ ദിവസം രാത്രി കഴിച്ച കോഴിക്കറിയും , നെയ്ച്ചോറുമെല്ലാം കുഞ്ഞിപ്പോക്കറിന്റെ മുൻപിൽ വന്നു ഭരത നാട്യം കളിക്കാൻ തുടങ്ങി.
പള്ളിയിൽ പോകാൻ നീട്ടിയകാലുകൾ മറ്റേതോ ദിക്കിനെ ലക്ഷ്യമാക്കി കുഞ്ഞിപ്പോക്കറിനെയും വഹിച്ചു നടന്നു.
അവസാനം "ഹോട്ടൽ കല്ലു വെട്ടുകുഴി" ബ്രാക്കറ്റിൽ ( റംസാൻ സ്പെഷൽ ) എന്നെഴുതിയ ബോർഡിനു മുൻപിലെത്തിയ കുഞ്ഞിപ്പോക്കറിന്റെ കാലുകള്‍ നാണിച്ചു നിന്നു.


അരയിൽ കെട്ടിയ തോർത്തെടുത്ത്‌ തലവഴി മൂടി കല്ലു വെട്ടു കുഴിയിൽ പുറത്തു നിന്നും കാണാതിരിക്കാൻ ഫുള്‍ സെറ്റപ്പിൽ മറച്ചുണ്ടാക്കിയ ഭോജന ശാലയുടെ പടവുകളിറങ്ങി.
അവിടെ ഒരു മൂലക്കിരുന്നു. മങ്ങിയ വെളിച്ചത്തിൽ പല ഇരുണ്ട മുഖങ്ങളും വെട്ടി വിഴുങ്ങുന്ന കഴ്ചകണ്ട്‌ കുഞ്ഞിപ്പോക്കർ ഒന്നുകൂടി സൂക്ഷിച്ചുനോക്കി.
നോമ്പിന്റെ മഹത്വം വിളമ്പുന്ന നാട്ടിലെ പല മാന്യന്മാരും വെട്ടി വലിച്ചു വിഴുങ്ങുന്നു.
കുഞ്ഞിപ്പോക്കറിനു സമാധാനം സംതൃപ്തി .. കാരണം നാലുപേരറിഞ്ഞാൽ കൂട്ടിനു ഒരു വൻ പട തന്നെയുണ്ടല്ലോ.
അങ്ങിനെ നാരായണന്റെ കല്ലുവെട്ട്കുഴിയിൽ നിന്നും കഴിച്ച പച്ചരിച്ചോറും സാമ്പാറും , ഹലുവയും ഒരു ഏമ്പക്കമാക്കി പുറത്തുവിട്ട്‌ കുഞ്ഞിപ്പോക്കർ തലവഴി മുണ്ടിടാതെ ഞെളിഞ്ഞു നടന്നു.
വീട്ടിൽ ചെന്ന്‌ കുഞ്ഞിപ്പോക്കർ ക്ഷീണമഭിനയിച്ച്‌ ഒറ്റക്കിടത്തം. കദീശുമ്മ വന്നുനോക്കുമ്പോള്‍ കണവനു ബോധം നഹി.
വിശപ്പിന്റെ അസുഖം കൂടിയിട്ടുണ്ടാവും എന്നു കരുതിയ കദീശുമ്മ വീട്ടിലെ ആരുടെയും കണ്ണിൽ പെടാതെ പൊടിയരിക്കഞ്ഞി തന്റെ കണവനു കൊണ്ടുക്കൊടുത്തു.
" വേണ്ട കദീശൂ നോറ്റ നോമ്പ്‌ മുറിക്കാൻ പാടില്ല . വിശപ്പ്‌ എങ്ങിനെയെങ്കിലും ഞാൻ സഹിച്ചുകൊള്ളാം" സാഹിത്യത്തിൽ ഇത്രയും പറഞ്ഞ്‌ കുഞ്ഞിപ്പോക്കർ രണ്ടു ശ്വാസം ആഞ്ഞുവിട്ടു.


നോമ്പു നോൽക്കാൻ മടിയുണ്ടായിരുന്ന തന്റെ സ്വന്തം പുതിയാപ്ലയിൽ വന്ന മാറ്റം കദീശയിൽ പുളകിത കഞ്ചുക കുഞ്ചക പുഞ്ചപ്പാടമുണ്ടാക്കി ( ഇതിന്റെ അർത്ഥം മാത്രം ചോദിക്കരുത്‌).
കുഞ്ഞിപ്പോക്കരിൽ വീണ്ടും ഒരു ഏമ്പക്കവുംകൂടി വരുത്തി.


പലഹാരങ്ങളുണ്ടാക്കുന്ന തിരക്കിൽ കദീശുമ്മ നമസ്കരിക്കാൻ മറന്നുപോയിരുന്നു. വിശുദ്ധ ഖുറാൻ തൊട്ടു നോക്കാൻ പോലും സമയമുണ്ടായിരുന്നില്ല. പക്ഷേ തീറ്റ മത്സരം നടത്താനല്ല റംസാനിലെ വ്രതം എന്നത്‌ കദീശക്കറിയില്ലായിരുന്നു.


പകൽ ഭക്ഷണം വെടിയുകയും രാത്രിയിൽ ആവശ്യമായ ഭക്ഷണം മാത്രം കഴിക്കുകയും , അനാവശ്യ സംസാരങ്ങള്‍ , പ്രവർത്തികള്‍ , എന്നിവ ഒഴിവാക്കുകയും , ആരാധനകളിൽ മുഴുകുകയും ചെയ്താൽ മാത്രമെ റംസാനിലെ നോമ്പ്‌ പൂർണ്ണമാവുകയുള്ളൂ എന്നറിയാത്ത എത്രയെത്ര കദീശമാർ, കുഞ്ഞിപ്പോക്കറുകള്‍ നമ്മുടെ നാട്ടിലുണ്ട്‌. നോമ്പു തുറക്കുമ്പോള്‍ വിഴുങ്ങുന്നതിൽ അളവു കുറയാതിരിക്കാൻ വേണ്ടിയല്ലെ അറിയാവുന്ന പലരും കദീശമാരെ പറഞ്ഞു മനസ്സിലാക്കാൻ മടിക്കുന്നത്‌?
വാൽക്കഷണം: എല്ലാവരും ഇങ്ങനെയാണ്‌ എന്നു ഞാൻ ഒരിക്കലും പറയുന്നില്ല പക്ഷെ ഇങ്ങനെയുള്ള ചിലരെ കണ്ടില്ലെന്നു നടിക്കാനും കഴിയുന്നില്ല. കുട്ടികളെ ചെറു പ്രായത്തിൽ തന്നെ അവർക്കു കഴിയുന്ന രീതിയിൽ നോമ്പനുഷ്ടിക്കാൻ ( തുടക്കത്തിൽ പകുതി ദിവസം ഇങ്ങനെ കഴിയുന്ന രീതിയിൽ) പരിശീലിപ്പിച്ചാൽ മുതിർന്നാൽ അവർക്കതൊരു ഭാരമാവില്ല.
ഏവർക്കും റംസാൻ ആശംസകള്‍

38 comments:

രസികന്‍ said...

ദിനങ്ങള്‍ വീണ്ടും കൊഴിഞ്ഞുകൊണ്ടിരുന്നു റംസാന്‍ മാസപ്പിറവി കണ്ടതായി ആകാശവാണിയിലെ തല തെറിച്ചവന്‍ പറഞ്ഞപ്പോള്‍ തലയും കുത്തി വീണത്‌ കുഞ്ഞിപ്പോക്കറിന്റെ മനസ്സിലെ ഉച്ചയൂണിന്റെ പായസത്തിന്റെ മധുരമായിരുന്നു.

അല്ഫോന്‍സക്കുട്ടി said...

നോമ്പിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളൊക്കെ ഇതോടെ മാറി കിട്ടി.

നരിക്കുന്നൻ said...

അതെ, ഇത്തരം കതീശുമ്മമാർ സമൂഹത്തിൽ കൂടുതലാണ്. അല്ഫോൺസക്കുട്ടി പറഞ്ഞതു പോലെയുള്ള ഒരു തെറ്റിദ്ധാരണ സമൂഹത്തിൽ ഉണ്ടാക്കിയത് ഇത്തരം കതീശുമ്മമാരാണ്... നോമ്പിനെ കുറിച്ച് ഒരു വിവരവുമില്ലാത്ത അല്ലങ്കിൽ വിവരം ഉണ്ടാകരുതെന്ന് മനപ്പൂർവ്വം ചിന്തിക്കുന്ന ചില തിറ്റപ്പണ്ടാരങ്ങളാൺ ഇത്തരം തെറ്റിദ്ധാരണകൾ പരത്തുന്നത്.

റമദാൻ മാസമായാൽ പണ്ട് നമുക്ക് ഒരു നനച്ച് കുളിയുണ്ടായിരുന്നു. [വീടൊക്കെ വീടൊക്കെ വൃത്തിയാക്കി, പാറോത്തിന്റെ ഇല ശേഖരിച്ച്‌ (എന്താണ്‌ പാറോത്തിന്റെ ഇലയെന്ന് ഞാൻ മറന്നിരിക്കുന്നു.) വാതിലും ജനലും, തുടങ്ങി എല്ലാ ഫർണ്ണിച്ചറുകളും ഉരച്ച്‌ കഴുകി, എല്ലാ തുണികളും അലക്കി തേച്ച്‌ ആരാധനക്കായി മനസ്സും വീടും സജ്ജമാകുന്ന ഒരു നോമ്പിന്റെ തലേ ദിവസം ഉണ്ടായിരുന്നു, പണ്ട്‌. ഇന്ന് ഒരു മാസം മുമ്പ്‌ തന്നെ ശേഖരണം തുടങ്ങി. പാറോത്തിന്റെ ഇലയല്ല. വൈവിദ്യമാർന്ന ഭക്ഷണം കൊണ്ട്‌ കൂട്ടുകുടുബങ്ങളേയും, അയൽക്കാരേയും, നാട്ടുകാരേയും അബരപ്പിക്കാൻ മത്സരിക്കുന്ന ഒരു സമൂഹമായി അധപതിച്ചിരിക്കുന്നു.

വിശപ്പിന്റെ ശക്തിയെന്തെന്ന് അറിയാൻ റമദാൻ മാസത്തിലെ വൃതം നിർബന്ധമാക്കിയത്‌ ഭക്ഷണ മേള നടത്താനെന്ന് തെറ്റിദ്ധരിച്ച്‌ പോയിരിക്കുന്നു ഈ സമൂഹം. പുലർച്ചേ കഴിച്ച ബിരിയാണിയും, നെയ്ച്ചോറും, കോഴിക്കറിയും ഒക്കെ ശരീരത്തിൽ നിന്ന് ദഹിച്ച്‌ തുടങ്ങുന്നതിന്‌ മുമ്പെ പത്തിരിയും കോഴിക്കറിയും കൂട്ടി നോമ്പ്‌ തുറക്കുന്നവർക്ക്‌ എങ്ങനെ വിശപ്പിന്റെ വില മനസ്സിലാകും...

ഈ പോസ്റ്റ്‌ വളരെ പ്രസക്തമാണ്‌ രസികൻ...

അഭിനന്ദനങ്ങൾ...

എന്റേയും കുടുബത്തിന്റേയും റമസാൻ ആശംസകൾ....

അനില്‍@ബ്ലോഗ് // anil said...

രസികന്‍,

പ്രസക്തമായ പോറ്റ്. ജബ്ബാര്‍ മാഷും ഒരു സൂചന ഇട്ടിരുന്നു,പക്ഷെ അതു എക്സ്ട്രീമാണ്.

നോമ്പു കാലമായാല്‍ പിന്നെ എനിക്കു സുഖമാണ് , എല്ലായിടത്തു നോമ്പുതുറക്കാന്‍ വിളിക്കും. നാലുമണിക്കെ ചായ കഴിഞ്ഞുള്ള ബ്രേക്ക് തുറക്കാന്‍ ഞാനും കൂടും. ഭാര്യ വരാറില്ല.

ഇനി രാഷ്ടീയക്കാര്‍ക്കു സുഖമല്ലെ !!
പുതിയ ബന്ധങ്ങള്‍ ഉരുത്തിരിയും, ഇഫ്താര്‍ പാര്‍ട്ടികള്‍ കെങ്കേമമാകും.

പരിശുദ്ധിയുടെ ഒരു റംസാന്‍ കാലം ആശംസിക്കുന്നു.

പ്രയാസി said...

തമാശരൂപേണ വലിയൊരു സത്യം പറഞ്ഞു..

പോസ്റ്റ് നന്നായി..:)

ഹ്യദയവിശുദ്ധിയുടെ ഒരു റമദാന്‍ ആശംസിക്കുന്നു..

PIN said...

സഹനവും,ത്യാഗവും വളർത്തി അന്യനെ സഹായിക്കുന്നതിനുമുള്ള മനോഭാവം പരിപോഷിപ്പിക്കുന്നതിനും,ദരിദ്രന്റെ അവസ്ഥയും,വിശപ്പിന്റെ വിളിയും മനസ്സിലാക്കി,ലൗകികസുഖങ്ങളിൽ നിന്നും അടർത്തി മാറ്റപ്പെട്ട മനുഷ്യനെ ദൈവത്തിങ്ങലേയ്ക്ക്‌ ഉയർത്തുന്നതിനുള്ള പുണ്യ അനുഷ്ടാനങ്ങൾ ആണല്ലോ റംസ്സൻ കൊണ്ട്‌ അർത്ഥമാകുന്നത്‌.


പക്ഷേ എന്തിനു പോവഴികൾ കണ്ടെത്തുന്ന മനുഷ്യൻ, ഈ കാര്യത്തിലും അവന്റേതായ്‌ അനുഷ്ടാനരീതികൾ മെനഞ്ഞെടുത്തിരിക്കുന്നു. പകൽ പണിയെടുക്കാതെയും, രാത്രിയിൽ ആവോളം ആഘോഷിക്കുന്നതിനുമുള്ള ഒരു സീസ്സൺ ഫെസ്റ്റിവൽ ആക്കി മാറ്റിയിരിക്കുന്നു ആ പുണ്യമാസത്തെ.

പല്ലിന്റെ അസുഖവും, ഉദരരോഗങ്ങളും ഏറ്റവും കൂടുതൽ ഉണ്ടാകുന്നത്‌ ഈ സമയത്താണ്‌ എന്ന് ഒരു ഗൾഫ്‌ സർവ്വേ വെളിപ്പെടുത്തിയിരുന്നു. നമ്മുടെ നാട്ടിലും സ്ഥിതി ഭിന്നമല്ല.

ചൈതന്യം നഷ്ടമാകാത്ത ഒരു പരിശുദ്ധ റംസ്സാന്റെ ആശംസകൾ ഏവർക്കും നേർന്നുകൊള്ളുന്നു....

ബിന്ദു കെ പി said...

വളരെ പ്രസക്തമായ പോസ്റ്റ് രസികാ.നരിക്കുന്നന്റെ കമന്റും നന്നായി

അക്ഷരത്തെറ്റ് said...

ramzan special post is too goood
Eid specialum pradeekshikkunnu
@ Ramzan ashamsakal@

രസികന്‍ said...

അൽഫോൺസക്കുട്ടി: ഒരുപാടു തെറ്റിദ്ധാരണകൾ നോമ്പിനെക്കുറിച്ച് ഉണ്ട്
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
അൽഫോൺസക്കുട്ടിക്കും കുടുമ്പത്തിനും എന്റെയും കുടുംബത്തിന്റെയും റംസാൻ ആശംസകൾ

നരിക്കുന്നൻ: വിശപ്പിന്റെ വില അതറിയാത്തവനു മനസ്സിലാക്കിക്കൊടുക്കാൻ കൂടി വേണ്ടിയാണു റംസാനിലെ നോമ്പ് , അത് ഭക്ഷണത്തിന്റെ അമിത ഉപയോഗത്തിനുവേണ്ടിയാക്കുന്നു ഇന്ന് താങ്കളുടെ കമന്റും നന്നായി
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
താങ്കൾക്കും കുടുമ്പത്തിനും എന്റേയും കുടുബത്തിന്റേയും റമസാൻ ആശംസകൾ....

അനിൽ : ശരിയാ അനിൽമാഷെ രാഷ്ട്രീയക്കാരും ഇഫ്താർ വിരുന്നിന്റെ പേരിൽ മുതലെടുപ്പുകൾ നടത്തുന്നു
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
താങ്കൾക്കും കുടുമ്പത്തിനും എന്റേയും കുടുബത്തിന്റേയും റമസാൻ ആശംസകൾ....

പ്രയാസി: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
താങ്കൾക്കും കുടുമ്പത്തിനും എന്റെയും കുടുംബത്തിന്റെയും റംസാൻ ആശംസകൾ

PIN : പച്ചയായ സത്യമാണു താങ്കൾ പറഞ്ഞത്
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
താങ്കൾക്കും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും റംസാൻ ആശംസകൾ

ബിന്ദു: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
ബിന്ദുവിനും കുടുമ്പത്തിനും എന്റെയും കുടുംബത്തിന്റെയും റംസാൻ ആശംസകൾ

അക്ഷരത്തെറ്റ്: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
അക്ഷരത്തെറ്റിനും കുടുമ്പത്തിനും എന്റെയും കുടുംബത്തിന്റെയും റംസാൻ ആശംസകൾ

കുഞ്ഞന്‍ said...

രസിക രസിക രാജാവേ.....

എന്റെയും കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ റംസാന്‍ ആശംസകള്‍..!

പോസ്റ്റില്‍ നിന്നും ഇത്തിരി മാറി....

പിന്നെ ഇതിലെ കദീശുമ്മയെ വാ‍യിച്ചപ്പോള്‍ സത്യമായും എനിക്ക് എന്റെ അമ്മയെ ഓര്‍മ്മ വന്നു. ഇത്രയും പലഹാരങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും ഞങ്ങളഞ്ചു മക്കള്‍ക്കു വേണ്ട ആഹാരവും അച്ഛന് ജോലിക്കു പോകുമ്പോഴേക്കും പലഹാരം ഉണ്ടാക്കുന്നതും, പോത്തിനും പശുവിനും കൊപ്രവെള്ളം കൊടുക്കുന്നതും തൊഴുത്ത് വൃത്തിയാക്കുന്നതും പശുവിനെ കറക്കുന്നതും പിന്നെ മുറ്റമടിക്കല്‍ എല്ലാവരുടെയും തുണി കഴുകല്‍ എന്നിവക്ക് പുറമെ പാടത്ത് പണിയെടുക്കുന്നവര്‍ക്കു വേണ്ടി സമയാസമയങ്ങളില്‍ ആഹാരം എത്തിക്കുകയും, അതും പോരാഞ്ഞ് വിറകിനു വേണ്ടി പറമ്പില്‍ വീണു കിടക്കുന്ന മടലും കമ്പുകളും മറ്റും വെട്ടി ശരിയാക്കി വയ്ക്കുകയും ചെയ്യുന്ന അമ്മ. ആ അമ്മയെ കുറ്റപ്പെടുത്തുവാന്‍ അച്ഛനൊഴിച്ച് ഞങ്ങളെല്ലാവരും..! പാവം അമ്മ..ഒന്നു മാത്രം അമ്മക്കറിയാമായിരുന്നൊള്ളു ആരെയും ബുദ്ധിമുട്ടിക്കരുത് അവരെല്ലാം ആണുങ്ങള്‍..ഈയൊരു കാഴ്ചപ്പാട് വച്ചു പുലര്‍ത്തുന്ന ഒത്തിരി അമ്മമാര്‍ പണ്ടുണ്ടായിരുന്നു.

ആഹാരത്തിനു വേണ്ടിയാണ് നോമ്പ് നോക്കുന്നതെന്ന് ചുറ്റും കണ്ണോടിക്കുമ്പോള്‍ കാണാം. അത് കാലത്തിന്റെ മാറ്റം, സമ്പന്നന്മാര്‍ ചെയ്തിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ കടം വാങ്ങിയിട്ടാണെങ്കിലും സാധാരണക്കാര്‍ ചെയ്യുന്നു..

അങ്ങേ വീട്ടില്‍ ടിവി മേടിച്ചു
അങ്ങേ വീട്ടീല്‍ കാറു മേടിച്ചൂ
അങ്ങേ വീട്ടില്‍...

OAB/ഒഎബി said...

കുട്ടികളായ ഞങ്ങള്‍ രണ്ട് പത്തിരി ഏറെ കിട്ടുമെന്ന് കരുതി മാത്രം നോമ്പ് നോറ്റിരുന്നു. അതിനിടയില്‍ പേരക്ക മുതല്‍ കിട്ടാവുന്ന പഴങ്ങള്‍ ആരും കാണാതെ അകത്താക്കും. പിന്നെ പറഞ്ഞ പോലെ പള്ളി ഔളിലെ വെള്ളവും.

ഇന്ന് നോമ്പ് മാസം കഴിഞ്ഞാല്‍ നമ്മുടെ നാട്ടിലുള്ളവരൊക്കെയും എട്ട് പത്ത് കിലോ തൂക്കം കൂടും.
ഇന്നത്തെ റമളാനില്‍
മധുര,എണ്ണ,നെയ്,പഴ,വിഭവങ്ങള് മേശപ്പുറത്ത് നിരത്തിയത് കണ്ടാല്‍ വല്ല എക്സിബിഷനും നടക്കുന്നോ എന്ന് തോന്നും. അത് കണ്ട് ശരിയായ നോമ്പ് എന്തെന്നറിയാത്തവറ് വിചാരിക്കുന്നതെന്താ..?
പകല്‍ പട്ടിണി കിടന്നാലെന്താ, അതിന്റെ പത്തിരട്ടിയല്ലെ ബാക്കിയുള്ള സമയം മുസ്ലിങ്ങള്‍ അകത്താക്കുന്നത്. സത്യത്തില്‍ മറ്റുള്ളവന്റെ വിശപ്പെന്തെന്നറിഞ്ഞ് ദാനധറ്മങ്ങള്‍ അധികരിപ്പിച്ചും പതിനൊന്ന് മാസം തിന്ന് കൂട്ടിയ കോളസ്റ്റ്രോള്‍ ഒന്ന് കുറഞ്ഞ് തന്റെ ധുറ്വ്യയം മനസ്സിലാക്കി ഒരു നല്ല നടപ്പിനുള്ള പരിശീലനം നേടേണ്ട നമ്മള്‍ എവിടെ എത്തി നില്‍കുന്നു? ആരോട് പറയാന്‍. കുഞ്ഞന്‍ മാഷ് പറഞ്ഞ പോലെ നമ്മള്‍ അയല്‍ പക്കത്തേക്ക് എത്തി നോക്കുന്നു. അവിടെ സല്‍കാരത്തിന്‍ പതിനാറ് വിഭവങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ സല്‍കാരത്തിന്‍ പത്നെട്ടെണ്ണം തന്നെ വേണമെന്ന് നമ്മളുടെ വീട്ടുകാരുടെ നിറബന്ധത്തിന്‍ വഴങ്ങി ങാഹാ..അവനത്രക്കായൊ അവന്റെതിലും എന്റേത് വലുതാകണം എന്ന ഒരു വാശിയോടെ നമ്മളും കടം വാങ്ങി കാശയച്ച് കൊടുക്കുന്നു.
ഇനിയെങ്കിലും സ്വയം നന്നവാന്‍ തീരുമാനിക്കുക.
മത്സരങ്ങള്‍ക്കുള്ളതല്ല നോമ്പ്.

വിഷയം നന്നായതില്‍ അഭിനന്ദനങ്ങള്‍ അറ്പ്പിക്കുന്നു.

രസികനും വായനക്കാറ്ക്കും റമളാന്‍ ആശംസകള്‍.

Sameer Thikkodi said...

കദീശുമ്മയുടെ റമദാന്‍... അല്ല.. റമദാനിലെ കദീശുമ്മ” നമ്മുടെ ചുറ്റുപാടും ഇത്തരം കദീശുമ്മമാര്‍ ഏറെയാണു. ദുന്‍ യാവിനെ അതിജീവിക്കാന്‍ ദീനിനെ പുല്‍കുന്ന; അല്ലെങ്കില്‍ ദീനിലെ കര്‍മ്മങ്ങള്‍ കൊണ്ട് അതുദ്ദേശിക്കുന്ന ഫലം അറിയാതെ ഇത്തരം തിരക്കുകളിലൂടെ അവയെ വ്യര്‍ഥമാക്കുന്നതിന്റെ നല്ല ഉദാഹരണം.
മാത്രമല്ല; നമ്മുടെ നാട്ടിലും, പ്രത്യേകിച്ച് പ്രവാസികള്‍ക്കിടയിലും ഇന്ന് നടക്കുന്ന ഇഫ്താര്‍ മാമാംഗം ഒരു പുനര്‍ വിചിന്തനത്തിനു വിധേയമാക്കേണ്ടിയിരിക്കുന്നു. വീടുകളില്‍ നോമ്പ് തുറക്കുവാന്‍ നല്ല സൌകര്യമുള്ള ഒരു പറ്റം ആളുകളെ ഭൌതിക ലാഭങ്ങള്‍ക്ക് വേണ്ടി ഒരുമിച്ച് കൂട്ടി പാര്‍ട്ടി നടത്തുന്ന (ഇഫ്താര്‍) പ്രവണത ഇന്നു വര്‍ധിച്ചു വരുന്നു. ഇത്തരം പ്രവണതകളെയും താങ്കള്‍ വിഷയീകരിക്കേണ്ടിയിരിക്കുന്നു. അതിനായി ചിലവഴിക്കുന്ന സംഖ്യ പാവങ്ങള്‍ക്ക് നല്‍കിയാല്‍ ലഭ്യമാവുന്ന പുണ്യം നാം സൌകര്യ പൂര്‍വ്വം മറക്കുന്നു.

നാം ഇനിയും മാറേണ്ടിയിരിക്കുന്നു...
مبارك عليكم الشهر رمضان و كل عام انتم بخير
നന്ദിയോടെ,
സമീര്‍ തിക്കോടി

smitha adharsh said...

വ്രത ശുദ്ധിയോടെ നോമ്പ് എടുക്കുന്നവരെ മാത്രമെ ഞാന്‍ എന്‍റെ നാട്ടില്‍ കണ്ടിട്ടുള്ളു...ഇവിടെ ദോഹയില്‍ വന്നു അല്ഫോന്സകുട്ടി പറഞ്ഞപോലെ ആ തെറ്റിധാരണ മാറിക്കിട്ടി.ഒരിക്കല്‍ ഞങ്ങള്‍ക്കും കിട്ടി,അവരുടെ നോമ്പ് മുറിക്കല്‍ ചടങ്ങിലെ ഒരു പങ്ക്...ഒരു അറബി മാമന്‍ തന്നയച്ച " വെറും" അഞ്ചു കോഴി പൊരിച്ചതും,പേരറിയാത്ത കുറെ "കറുമുറു സാധനങ്ങള്‍",രണ്ടു കുട്ടകം ബിരിയാണി,ഫെവികോള്‍ കൂട്ടിക്കുഴച്ചു പരത്തിയപോലത്തെ പത്തിരുപതു "കുബ്ബൂസ്"...പിന്നെയും വേറെ എന്തൊക്കെയോ..???
അന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി,ഇവരൊക്കെ തിന്നാന്‍ വേണ്ടിയാണ് നോമ്പ് എടുക്കുന്നത് എന്ന്..

Lathika subhash said...

ഇങ്ങനെ എത്ര കദീശുമ്മമാര്‍...
സമയോചിതമായ പോസ്റ്റ്.നന്നായി.
വൃതം എന്നത് വ്രതം എന്നാക്കുമല്ലോ.
എല്ലാവര്‍ക്കും റംസാന്‍ ആശംസകള്‍.

അജ്ഞാതന്‍ said...
This comment has been removed by the author.
അജ്ഞാതന്‍ said...

പോസ്റ്റ് നന്നായിരിക്കുന്നു....നോമ്പിന്റെ മഹത്വം നമ്മുടെ സമൂഹം പണ്ടെ മറന്നിരിക്കുന്നു...ഇന്ന് അത് വെറും ഒരു ചടങ്ങു മാത്രം...പലരും ഇന്നു നോമ്പ് നോക്കുന്നത് [അഭിനയിക്കുന്നത്] വൈകുന്നേരം കഴിക്കാന്‍ പോകുന്ന ആഹാരത്തെ കുറിച്ചാലോച്ചിച്ചാണെന്നു തോന്നുന്നു.

വിശപ്പിന്റെ വില അറിയാന്‍ ,പട്ടിണി കിടക്കുന്നവന്റെ കഷ്ടപ്പാടറിയാന്‍ വേണ്ടി അനുഷ്ടിക്കാന്‍ പറഞ്ഞ നോമ്പ് ഇന്നു വെറും “ഭക്ഷണമേള” ആക്കി മാറ്റിയതില്‍ നമ്മുക്ക് അഭിമാനിക്കാം

ജിജ സുബ്രഹ്മണ്യൻ said...

തമാശയുടെ മേമ്പൊടി ചേര്‍ത്ത് വലിയൊരു സത്യം പറഞ്ഞു.എങ്കിലും എല്ലാവരും കുഞ്ഞിപ്പോക്കര്‍മാരല്ല..ആരാധനയോടെ വ്രതശുദ്ധിയോടെ നൊയമ്പു നോക്കുന്ന മുസ്ലിംസിനെ എനിക്കറിയാം..പലപ്പോഴും അവരോടൊപ്പം നോമ്പു നോല്‍ക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടൂണ്ട് എങ്കിലും അതു സാധിച്ചിട്ടില്ല എന്നു ഖേദ പൂര്‍വ്വം പറയട്ടെ.മനുഷ്യരുടെ വേദനയും ദുഖവും മനസ്സിലാക്കാന്‍ ഈ വ്രതാനുഷ്ഠാനം കൊണ്ട് കഴിയട്ടെ..എല്ലാ മുസ്ലിം സഹോദരങ്ങള്‍ക്കും റംസാന്‍ ആശംസകള്‍

രസികന്‍ said...

കുഞ്ഞൻ : പറഞ്ഞത് ശരിയാണ് മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കുന്നതാണ് നമ്മൾ മലയാളികൾക്കു പറ്റിയ ഏറ്റവും വലിയ പറ്റ് . അവരൊക്കെ അങ്ങിനെ ചെയ്യുമ്പോൾ നമ്മൾ മോശമാകരുതല്ലൊ എന്ന ചിന്തയായിരിക്കും കടം വാങ്ങി പത്രാസുകാട്ടുന്ന സ്വഭാവം മലയാളിയിൽ കടന്നു കൂടാൻ കാരണം.
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
താങ്കൾക്കും കുടുമ്പത്തിനും റംസാൻ ആശംസകൾ
കുഞ്ഞന്റെ അമ്മയ്ക്ക് ഒരു സ്പെഷ്യൽ ആശംസകൾ അറിയിക്കണം

ഒ.ഏ.ബീ. : താങ്കളുടെ കാഴ്ചപ്പാടും ശരിയാണ് . എന്തിനാണ് നോമ്പ് എന്നതിലുള്ള അറിവില്ലായ്മയാണ് പലരും അനാവശ്യ ചിലവുകൾ വരുത്തുന്നതിന്റെയും , വലിച്ചുവാരിക്കഴിക്കുന്നതിന്റെയും കാരണം . വിശപ്പിന്റെ വില പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ മനസ്സിലാക്കണം എന്നൊരു സന്ദേശംകൂടി റംസാൻ നൽകുന്നുണ്ട്.
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
താങ്കൾക്കും കുടുമ്പത്തിനും റംസാൻ ആശംസകൾ

സമീർ: ശരിയാണ് പാവപ്പെട്ടവനു നൽകാതെ, സ്വയം സമൂഹത്തിൽ വലിപ്പം പെരുപ്പിച്ചു കാണിക്കാൻ ഇഫ്താർ വിരുന്നുകൾ ഒരുപാടു നടക്കാറുണ്ട്. പണത്തിന്റെ കൊഴുപ്പുകാണിക്കാനും , മറ്റുള്ളവരെ അനുകരിക്കാനുമുള്ള ശ്രമത്തിനിടയിൽ എത്രയെത്ര ഭക്ഷണ സാധനങ്ങളാണ് വേസ്റ്റാകുന്നത്? നമ്മൾ വെറുതെ കളയുന്നതിന്റെ ഒരംശമെങ്കിലും പാവപ്പെട്ടവനു നൽകിയാൽ അതല്ലെ ഏറ്റവും മഹത്തായ പുണ്യം!!
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
താങ്കൾക്കും കുടുമ്പത്തിനും റംസാൻ ആശംസകൾ


സ്മിത: നോമ്പിനെപ്പറ്റി ഒരുപാട് തെറ്റിധാരണകൾ ഇന്നുണ്ട്. മിതമായ ഭക്ഷണമല്ലാതെ വലിച്ചു വാരിക്കഴിക്കാൻ ഒരിക്കലും പറയുന്നില്ല പക്ഷെ പലർക്കും അതേപ്പറ്റി അറിയില്ലാ എന്നതാണു സത്യം. വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
സ്മിതയ്ക്കും കുടുമ്പത്തിനും റംസാൻ ആശംസകൾ


ലതി: തെറ്റു തിരുത്തിത്തന്നതിനു ഒരുപാടു നന്ദിയുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
ലതിക്കും കുടുമ്പത്തിനും റംസാൻ ആശംസകൾ


അജ്ഞാതൻ: ശരിക്കും ഇന്ന് നോമ്പ് ഒരു ഭക്ഷ്ണമേളയായിട്ടണു കൊണ്ടാടുന്നത് . പക്ഷെ അതിന്റെ പരിശുദ്ധിയോടെ അനുഷ്ടിക്കുന്നവരുമുണ്ട് എന്നതും സത്യമാണ്
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
താങ്കൾക്കും കുടുമ്പത്തിനും റംസാൻ ആശംസകൾ

കാന്താരിക്കുട്ടി: നൊയമ്പിനെ അതിന്റെ മഹത്വം ഉൾക്കൊണ്ട് അനുഷ്ടിക്കുന്ന ഒത്തിരി ഒത്തിരി ആളുകളെ എനിക്കുമറിയാം പക്ഷെ ചിലർ അതൊരു ഭക്ഷണ മേളയാക്കി മാറ്റുമ്പോൽ പുതിയ തലമുറ കണ്ടു പഠിക്കുന്നതും ഇതുതന്നെയല്ലെ? കാന്താരിക്കുട്ടി പറഞ്ഞപോലെ മനുഷ്യരുടെ വേദനയും ദുഖവും മനസ്സിലാക്കാന്‍ ഈ വ്രതാനുഷ്ഠാനം കൊണ്ട് കഴിയട്ടെ
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
കാന്താരിക്കുട്ടിക്കും കുടുമ്പത്തിനും റംസാൻ ആശംസകൾ

Unknown said...

കദീസുമ്മയിലൂടെ രസികന്‍ ഒന്നാന്തരം ആക്ഷേപഹാ സ്യമാണ് ചെയ്തത്.നാട്ടുനടപ്പുകളുടേയും മാമൂലുകളുടേയും പിന്നാലെ മനുഷ്യകുലത്തിന്‍് മാതൃകയാകേണ്ട ഒരു ഉത്തമ
(മാദ്ധ്യമ)സമുദായം പോകുന്നതിന്റെ നേര്‍ക്കാഴ്ച. അനുഷ്ടാനങ്ങള്‍ മറ്റുള്ളവരെ കാണിക്കാന്‍ മാത്രമുള്ള ജീവനില്ലാത്ത ചടങ്ങുകള്‍....
വിശുദ്ധിയുടെ രാജപാതയിലൂടെ മുന്നേറാന്‍ നാഥന്‍ താങ്ക
ളെയും കുടുംബത്തേയും സഹായിക്കട്ടെ.
(മുഹമ്മദ് മൂസ-അബുദബി)

ശ്രീ said...

തമാശ കലര്‍ത്തി എഴുതിയതാണെങ്കിലും എഴുതിയതില്‍ കാര്യമുണ്ട്. പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

Ramya said...

രസികനു എന്റെയും കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ റംസാന്‍ ആശംസകള്‍.
വളരെ നന്നായിരിക്കുന്നു. ചെറുപ്പ കാലത് ഹൗളില്‍ നിന്ന് വെള്ളം കുടിചത് ഞാന്‍ മാത്രമാണ് എന്ന് വിചാരിച് ഇത് വരെ ആരൊടും ഞാന്‍ ആ കാര്യള്‍ ഒന്നും പറഞിരുന്നില്ല ഇനി ധൈര്യമായി പറയാമല്ലൊ.....

Ramya said...

രസികനു എന്റെയും കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ റംസാന്‍ ആശംസകള്‍.
വളരെ നന്നായിരിക്കുന്നു. ചെറുപ്പ കാലത് ഹൗളില്‍ നിന്ന് വെള്ളം കുടിചത് ഞാന്‍ മാത്രമാണ് എന്ന് വിചാരിച് ഇത് വരെ ആരൊടും ഞാന്‍ ആ കാര്യള്‍ ഒന്നും പറഞിരുന്നില്ല ഇനി ധൈര്യമായി പറയാമല്ലൊ.....

Kichu $ Chinnu | കിച്ചു $ ചിന്നു said...

റംസാന്‍ ആശംസകള്‍.. രസികാ..
പിന്നെ ഒരു സഹായം... ആ റംസാനിലെ കദീശുമ്മ റ്റൈറ്റില്‍ ഉണ്ടാക്കിയ ഫോണ്ട്സ് എവിടുന്നാ ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടുക എന്നൊന്ന് പറഞ്ഞ് തരാമോ? ഞാന്‍ കുറേ ദിവസായി ഇത്തിരി സ്റ്റൈലിഷ് മലയാളം ഫോണ്ട്സ് തപ്പി നടക്കാരുന്നു

siva // ശിവ said...

ഇതൊക്കെ അനുഷ്ഠിക്കുന്ന കൂട്ടുകാരൊന്നും എനിക്ക് ഇല്ല...ആയതിനാലാവാം ഇതൊക്കെ വായിച്ച അറിവുകളേ എനിക്ക് ഉള്ളൂ...ഈ പ്പൊസ്റ്റും കമന്റുകളും ഇത് കുറെ അധികം മനസ്സിലാക്കാന്‍ സഹായകമായി...

Typist | എഴുത്തുകാരി said...

നര്‍മ്മത്തില്‍ ചാലിച്ച സത്യങ്ങള്‍. റംസാന്‍ ആശംസകള്‍.

രസികന്‍ said...

മുഹമ്മദ് മൂസ-: നന്ദി നോമ്പിനെപറ്റി ഒരുപാട് തെറ്റിദ്ധാരണകൾ ഇന്നുണ്ട്
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
റമസാൻ ആശംസകൾ....
ശ്രീ : ശരിയാണ് . വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
റമസാൻ ആശംസകൾ....

അർഷാദ്: ഇപ്പോൾ മനസ്സിലായില്ലെ വെള്ളം കുടിയിൽ ഒരുപാട് കൂട്ടുകാർ ഉണ്ടെന്ന്
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
റമസാൻ ആശംസകൾ....
കിച്ചു $ ചിന്നു : റംസാൻ ആശംസകൾ പിന്നെ ഫോണ്ട്സ് ഞാൻ മെയിൽ അയച്ചിട്ടുണ്ട് കെട്ടൊ

ശിവ: നന്ദി : വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
റമസാൻ ആശംസകൾ....
എഴുത്തുകാരി: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
റമസാൻ ആശംസകൾ....

ഗീത said...

പാവം കതീശുമ്മ. എന്നാലും കതീശുമ്മയെ ദൈവം ശപിക്കില്ല. പ്രാര്‍ത്ഥിച്ചില്ലെങ്കിലും, കതീശുമ്മ എല്ലുമുറിയെ പണിയെടുക്കുന്നില്ലേ, ഇരിയും ശരണവുമില്ലാതെ. കഠിനാദ്ധ്വാനവും പ്രാര്‍ത്ഥനക്കു തുല്യം തന്നെ, ഈശ്വരനത് ഇഷ്ടവും തന്നെ.

Anil cheleri kumaran said...

''കുഞ്ഞിപ്പോക്കർക്ക്‌ റംസാന്‍ മാസം കമന്റ്കിട്ടാത്ത പോസ്റ്റ്‌ പോലെയാണ്‌.''
അതു കലക്കി!!

Joker said...

അടുക്കള കരിയോട് അങ്കം വെട്റ്റി എണ്ണമില്ലാത്ത വിഭവങ്ങള്‍ ഒരിക്കുന്ന കദീശുമ്മമാരും ഈ മാസത്തെ ആഘോഷിക്കുകയാണ് .അവര്‍ ബഹുമാനിക്കുകയാണ്.ഇതൊന്നും ഇല്ലെങ്കില്‍ പിന്നെ നമ്മുടെയൊക്കെ നോമ്പുകാലം എങ്ങനെ പൂര്‍ണമാകും.

നല്ല ശൈലി, തുടരൂ

കനല്‍ said...

ഏറെ ഇഷ്ടപെട്ടു ഈ പോസ്റ്റ്.

പറയേണ്ടത് തന്നെ പറഞ്ഞിരിക്കുന്നു.
“നീയൊക്കെ പകലു കഴിക്കാതെ രാത്രികഴിക്കുന്നു.
ഞങ്ങള്‍ രാത്രി കഴിക്കാതെ പകലു കഴിക്കുന്നു. ഇത്രയുമല്ലേ വ്യത്യാസം?” മറ്റൊരു മതസ്ഥനായ എന്റെ സുഹ്യത്തിന് എന്നെ ഇങ്ങനെ പരിഹസിക്കാന്‍ പ്രേരിപ്പിച്ചത് നമ്മുടെ സമൂഹത്തിന്റെ ഈ അവസ്ഥയാവും. അത് ഭംഗിയായി അവതരിപ്പിച്ച രസികന് അഭിനന്ദനങ്ങള്‍

ഒരു സ്നേഹിതന്‍ said...

ചെറിയ ഒരു ഇടവേള കാരണം ഇവിടെ വരാന്‍ വൈകിപ്പോയി. റംസാനിലെ കദീശുമ്മ കണ്ടപ്പോള്‍ മനസ്സു കൊണ്ടു പറയണമെന്നാഗ്രഹിച്ചത്‌ രസികന്‍ രസകരമായ രീതിയില്‍ പറഞ്ഞിരിക്കുന്നു,
സഹനത്തിന്റെയും ത്യാഗത്തിന്റെയും റമളാന്‍ ഇന്ന് സല്‍കാരങ്ങളുടെയും ആര്‍ഭാടങ്ങളുടെയും ഉത്സവമായിരിക്കുകയാണു, റമളാനിലെ കതീശുമ്മയിലൂടെ രസികന്‍ അവതരിപ്പിച്ച പച്ചയായ സത്യം ഇന്നിന്റെ യാഥാര്‍ത്ത്യത്തെ ഓര്‍മ്മപ്പെടുത്തി....

രസികനും... കൂടെ എല്ലാ ബ്ലോഗര്‍മ്മാര്‍ക്കും സ്നേഹത്തിന്റെ നന്മ നിറഞ്ഞ റംസാന്‍ ആശംസകള്‍...

രസികന്‍ said...

ഗീതേച്ചീ: അതു ശരിയാണ് പക്ഷെ എന്തിനുവേണ്ടിയാണ് , ആർക്കുവേണ്ടിയാണ് എല്ലുമുറിയെ പണീയെടുക്കുന്നത്??? നിങ്ങൾ അമിതാഹാരമുണ്ടാക്കി അനാവശ്യമായി ചിലവഴിക്കണമെന്ന് ദൈവം പറഞ്ഞിട്ടില്ലല്ലോ. പണ്ടുമുതൽ നമ്മുടെ കേരളത്തിൽ ആരോ കൊണ്ടുവന്ന രീതിയാണ് റംസാനിൽ അനാവശ്യ ആഹാര രീതി. ഇങ്ങനെ കഷ്ടപ്പെടുന്ന പാവം കദീശുമ്മമാരെ രക്ഷിക്കാൻ കഴിയില്ലാ എങ്കിലും അവരെപറ്റി പറയാനെങ്കിലും കഴിഞ്ഞതിൽ ഞാൻ തൃപ്തനാണ്.
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
റംസാൻ ആശംസകൾ

കുമാരൻ മാഷെ: വന്നതിനും കമന്റിയതിനും നന്ദിയുണ്ട്
റംസാൻ ആശംസകൾ

ജോക്കർ: റംസാനിലെ സൽക്കാരങ്ങൾ കുടുംബ ബന്ധങ്ങൾ ചേർക്കാൻ വേണ്ടിയായിരിക്കും പഴയആളുകൾ വച്ചു പുലർത്തിയിരുന്നത് പക്ഷെ അത് ഇന്നൊരു ഭക്ഷണമേളയാക്കി മാറ്റിയിരിക്കുകയാണ്.
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്
റംസാൻ ആശംസകൾ

കനൽ : താങ്കളുടെ കൂട്ടുകാരൻ പറഞ്ഞതിൽ എന്താണു തെറ്റ്? ശരിയല്ലെ പകൽ ഭക്ഷണം വെടിയുന്നുണ്ടെങ്കിൽ രാത്രി അതിന്റെ ഇരട്ടി കഴിക്കുന്നില്ലെ? ഭക്ഷണം കഴിക്കുന്നതിനെ ഞാൻ കുറ്റം പറയുന്നില്ല പക്ഷെ അനാവശ്യമായി ചിലവഴിക്കുന്നതിനും റംസാൻ മാസം അതിന്റെ മഹത്വം ഉൾക്കൊള്ളാതെ വെറും ഭക്ഷണത്തിനു വേണ്ടി മാത്രമാക്കി ചിലർ മാറ്റിവെക്കുന്നതും കാണുമ്പോൾ തോനുന്നത് ചെറിയ ആക്ഷേപ ഹാസ്യ രൂപത്തിൽ അവതരിപ്പിച്ചു എന്നു മാത്രം .
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്
റംസാൻ ആശംസകൾ

സ്നേഹിതൻ: ശരിയാണു താങ്കൾ പറഞ്ഞത്. അനാവശ്യ ചിലവിന്റെ മാസമാക്കി മാറ്റി ഇന്നു പലരും റംസാൻ മാസത്തെ എന്നതിൽ ഖേതമുണ്ട്.
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്
റംസാൻ ആശംസകൾ

പിരിക്കുട്ടി said...

pakse ee nombu thurannal...
athikam vibhavangal onnum kazhikkan patathilla....
vellam kudikkumbale thalarum athu kazhinju randu manikkoor kazhinju cheriya oru foodinge pattathullu....
10 kollamayi nobedukkunna orala njaan enikkingane yanu mattullavarkkum angineyokke thanne akum...alle? avo...

പിരിക്കുട്ടി said...

athokke ppotte...
ente atham chithira vannu kanutto...

Cm Shakeer said...

രസികന്റെ കഥകള്‍ വായിക്കാന്‍ രസമുണ്ട്.പ്രൊഫൈല്‍ വായിച്ച് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.സത്യത്തില്‍ ഞാന്‍ ബ്ലോഗിങ്ങിനെ കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ ഇത് പോലെ ആത്മകഥാംശമുള്ള കഥകള്‍ എഴുതണം എന്നായിരുന്നു ഉദ്ദേശ്ശിച്ചിരുന്നത്. പക്ഷെ തുടങ്ങിയപ്പോള്‍ അതൊരു ഫോട്ടോ- ബ്ലൊഗ് ആയി.എഴുത്തിനേക്കാള്‍ എളുപ്പമാണത്.‘റംസാനിലെ കതീശുമ്മയുടെ കഥ‘ ചിരിക്കൊപ്പം ചിന്തിക്കാനും വക നല്‍കുന്നുണ്ട്.
നന്മകള്‍ നേരുന്നു...

ബഷീർ said...

രസികന്‍

യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയായി ഈ പോസ്റ്റ്‌. നിരവദി കദീശുമ്മമാര്‍ ഇങ്ങിനെ ഇന്നും നരകിക്കുന്നുണ്ടെന്നതാണു വസ്ഥുത. അവര്‍ക്ക്‌ അല്ലാഹു നോമ്പിന്റെ എല്ലാ പ്രതിഫലവും നല്‍കട്ടെ. പക്ഷെ കദീശുമ്മമാരെ കദീശുമ്മമാരായി തന്നെ നില നിര്‍ത്തുന്ന പോക്കര്‍മാരും മക്കളും മരുമക്കളും... അവരുടെ വ്രതം .. ആ കാര്യം പറയാതിരിക്കുന്നതാവും നല്ലത്‌..

എല്ലാ ആശംസകളും

രസികന്‍ said...

പിരിക്കുട്ടി: നോമ്പ് തുറക്കുന്ന സമയത്ത് വലിച്ചു വാരിക്കശ്ഴിക്കാൻ പലർക്കും കഴിയില്ല, അപ്പോൾ ഉണ്ടാക്കിയ അനാവശ്യ ഭക്ഷണങ്ങളത്രയും വെറുതെയവും
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
റംസാൻ ആശംസകൾ

ഷക്കീർ ഭായ്: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
റംസാൻ ആശംസകൾ

ബഷീർ ജി: ശരിയാണ് അവരുടെ കാര്യം പറയാതിരിക്കുകയ നല്ലത്
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
റംസാൻ ആശംസകൾ

Abdul Salam Muhammad said...

പോസ്റ്റ് വളരെ നന്നായി.. പാവം കദീശുമ്മമാര്‍ ഈകണ്ട പണിയൊക്കെ എടുത്തിട്ടും കുറ്റം മാത്രം ബാക്കി...!!!