Wednesday, July 21, 2010

പാത്തുമ്മയുടെ നീരാളി...


ട്യേയ്  പാത്ത്വോ ഒന്ന് നിക്ക് ന്റെ പാത്ത്വോ... ബയസും പ്രായൌ ഒക്കായില്ലേ ഞമ്മക്ക് അന്റെ ബയ്യില്‍  മുമ്പത്തമാതിരി ഓടാങ്കയ്യൂല ശൈത്താനെ ”

നാലായിരത്തിതൊള്ളായിരത്തിത്തൊണ്ണൂറ്റിയൊന്‍പതര വാട്സില്‍  പാത്തുവിന്റെ ഹസ്ബന്റ് കം രക്ഷാകര്‍ത്താവ് അവറാന്‍ കിടന്നു അണ്ണാക്കിലെ വെള്ളം വറ്റിച്ചിട്ടും പാത്തു കുലുങ്ങിയില്ല . തന്റെ ബാപ്പ പണ്ട് സ്ത്രീധനത്തിന്റെ കൂടെ സമ്മാനിച്ച മുറിയങ്കാലന്‍ ശീലക്കുടയും കക്ഷത്തുവെച്ച് പാത്തു ആഞ്ഞാഞ്ഞു നടക്കുകയാണ്‍് ..

പണ്ട് പഞ്ചായത്ത് ഇലക്ഷനില്‍ പാത്തുവിനെ മാറ്റിനിര്‍ത്തി പ്രസ്തുത സ്ഥാനത്തു നിന്ന് വിജയം വരിച്ച സുലൈഖട്ടീച്ചറുടെ വീടിനുമുന്‍പിലെത്തിയപ്പോള്‍ പതിവുതെറ്റിക്കാതെ അന്നും നീട്ടിയൊന്നു തുപ്പാന്‍ പാത്തു മറന്നില്ലാ എന്നത് പാത്തുവിലെ കൂര്‍മ്മ ബുദ്ധിയെയാണോര്‍മ്മിപ്പിക്കുന്നത് .

ഇന്നു പാത്തു ആളാകെ മാറിപ്പോയിരിക്കുന്നു. ഈ മാറ്റത്തിനു കാരണക്കാരനായ സാക്ഷരതാക്ലാസിലെ ഉസ്താദ് ബാലന്‍ മാഷിനെ കണ്ണിനു മുന്‍പില്‍ കിട്ടാന്‍ കാത്തിരിക്കുകയാണ്‍് അവറാന്‍ 

ഹല്ലപിന്നെ! കള്ള ഹംക്ക് പാത്തുമ്മ അക്ഷരം പഠിച്ച അന്നുമുതല്‍ വീട്ടില്‍ പത്രം വരുത്താന്‍ തുടങ്ങിയെന്നത് കുറച്ചൊക്കെ സഹിക്കാന്‍ പാകത്തിനായിരുന്നെങ്കില്‍ മാസ്സാമ്മാസം പത്രക്കാരനു കാശെണ്ണിക്കൊടുക്കണമെന്നത് ഒട്ടും സഹിക്കാന്‍ കഴിയുമായിരുന്നില്ല അവറാന്‍് .  അല്ലേലും ഈ ‘അച്ചരം പടിച്ചിട്ട് ’ എന്തുകിട്ടാനാ ...

അവറാനു നേട്ടമൊന്നുമില്ലാ എങ്കിലും അക്ഷരം പഠിച്ചതുകൊണ്ട് പാത്തുമ്മയ്ക്കു നേട്ടങ്ങള്‍ പലതായിരുന്നു! പൊന്നിന്റെ വില ദെവസോം കൊറഞ്ഞോന്നു നോക്കാം ... കൊറയണ ദെവസം പുയ്യാപ്ലനെ കഞ്ഞിന്റെ ബെള്ളം കൊടുക്കാണ്ട് പേടിപ്പിച്ച്    പൊന്ന് ബാങ്ങിപ്പിക്കാം

'ഈ വയസ്സു കാലത്തും എന്തിനാ പാത്ത്വോ പൊന്ന്  ' എന്നാരെങ്കിലും ചോദിച്ചാല്‍ പാത്തു ഉടനെത്തന്നെ പറയും “ഞമ്മള്‍് കേരളരാജ്യത്തല്ലേ ന്റെ കദീശോ.. ഞമ്മള്‍് പെണ്ണുങ്ങക്ക് സുബര്‍ക്കം കിട്ടീല്ലെങ്കിലും സൊര്‍ണ്ണം കിട്ട്യാ മത്യല്ലോ അയിന്റൊരു വര്‍ക്കത്ത് ബല്ലാത്ത ഒര്‍് ഇതാ...”


അങ്ങിനെ ഒരു ദിവസം കട്ടന്‍ ചായയുടെ കൂടെ പത്രത്തിലെ ‘കറുത്ത ശൈത്താനച്ചരങ്ങള്‍ ’ പെറുക്കി വായിക്കുമ്പോഴായിരുന്നു പാത്തുമ്മയുടെ കണ്ണില്‍ അതുപെട്ടത് ...

നീരാളി എന്ന ഏതോ ജിന്ന് പറയുന്നതൊക്കെ സത്യമാണുപോലും! .. ആലം ദുനിയാവ് പന്തുകളിപ്പരീക്ഷേല്‍  ഇസ്പയിന്‍ ജയിക്കുംന്ന്  ആ ജിന്ന് പറഞ്ഞത് സത്യായി പോലും!!  ബല്ലാത്തൊരു പഹേന്‍ ജിന്ന് തന്നെ.

 പണ്ടത്തെ പഞ്ചായത്തിലക്ഷനില്‍ നിന്നും പിന്-വാങ്ങേണ്ടിവന്നതിലുള്ള നിരാശയിലുപരി തന്റെ വര്‍ഗ്ഗ ശത്രു സുലൈഖ ജയിച്ചതിലുള്ള അമര്‍ഷം പാത്തുവില്‍ ഇന്നും ചാത്തനേറു നടത്തുന്നുണ്ട് . സുലൈഖയുടെ കാലൊടിക്കാനും കണ്ണുപൊട്ടാനുമെല്ലാം നേര്‍ച്ച നേര്‍ന്ന പണമുണ്ടായിരുന്നെങ്കില്‍ ഇന്നൊരു പഞ്ചായത്തുതന്നെ സ്വന്തമായിട്ടു പാത്തുവിനു വിലയ്കെടുക്കാമയിരുന്നു!

കോഴിമുട്ടയില്‍  കളം വരച്ചുള്ള പരിപാടിയും ചെന്തെങ്ങിന്റെ കരിക്കില്‍ ആണിയടിച്ചുള്ളപരിപാടികളുമെല്ലാം  ചെയ്തുകൊടുത്തു പലരും പാത്തുവില്‍ നിന്നും പണം പിടുങ്ങിയിരുന്നെങ്കിലും അതെല്ലാം സുലൈഖയില്‍ ഏശിയില്ല ... എത്രയെത്ര മുസ്ല്യാമ്മാരെയും സ്വാമിമാരെയും കണ്ടു .... എന്തെല്ലാം കൊടുത്തു ...

ഒരിക്കല്‍ നട്ടപ്പാതിരാ നേരത്ത്  സുലൈഖയെ തളയ്ക്കാനായി പള്ളിക്കാട്ടിലെ കാഞ്ഞിരക്കുറ്റിയില്‍ ആണിയടിക്കാന്‍ ചെന്ന പാത്തുമ്മയെക്കണ്ടു പേടിച്ച പള്ളിയിലെ മുക്രിക്കു ഇന്നും അരവട്ടാണെന്നാണു നാട്ടുകാര്‍ പറയുന്നത് ...  മുക്രി പള്ളിക്കാട്ടില്‍ ജിന്നിനെകണ്ടെന്നോ, ജിന്ന് മുക്രിക്ക് വരം നല്‍കിയെന്നൊക്കെയായി വാര്‍ത്തകള്‍ പലവഴിക്കു പിരിഞ്ഞു നാട്ടില്‍ കറങ്ങിയടിച്ചുനടക്കുന്നുണ്ട്.  മുക്രി പച്ചയായ പാത്തുവിനെയാണു കണ്ടതെന്ന സത്യം പാത്തുവിലും ദൈവത്തിലും മാത്രം ഒതുങ്ങിനിന്നു.

 ഇത്രയൊക്കെ മന്ത്ര തന്ത്രാദികള്‍ ചെയ്തിട്ടും ഇതൊന്നും ഫലിക്കാതിരിക്കാന്‍ സുലൈഖ എന്തു ഉറുക്കാണു (ഏലസ്) കെട്ടുന്നതെന്നത്  പാത്തുവിനു ഇന്നും പാര്‍ട്ടിഫണ്ടില്‍ നിന്നും അപ്രത്യക്ഷമാകുന്ന നോട്ടുകെട്ടുപോലെയാണ്‍്.

ഏതായാലും സുലൈഖക്കെതിരില്‍ നീരാളി ജിന്നിനെ വെച്ച് ഒരു പയറ്റു പയറ്റാന്‍ തന്നെ പാത്തു തീരുമാനിച്ചു.

അങ്ങിനെയാണ്‍് ചാറ്റല്‍ മഴയുണ്ടായിട്ടും മുറിയങ്കാലന്‍ കുട കക്ഷത്തുതന്നെ ഫിറ്റുചെയ്ത് പാത്തു ജര്‍മ്മനിയെ ലക്ഷ്യമാക്കി നടന്നത്. അവിടെയാണല്ലൊ നീരാളിജിന്നിന്റെ താവളം.

“ജര്‍മ്മനീപ്പോണേനു മുമ്പ് ഇച്ച്  കൊറച്ച് കഞ്ഞിന്റെ ബെള്ളം തന്നിട്ട്  പോ ന്റെ പാത്ത്വോ”  പാത്തുവിന്റെ പിറകില്‍നിന്നും അവറാന്‍ ദീനരോദനം പുറപ്പെടുവിച്ചതൊന്നും പാത്തുവിന്റെ ജര്‍മ്മനിയില്‍ ഉടക്കിനിന്ന ചെവിയുടെ ഏഴയലത്തുപോലുമെത്തിയില്ല എന്നതുവാസ്തവം!!

പോകുന്നപോക്കില്‍ അടുത്തവീട്ടിലെ ആമിനയെചെന്നുകണ്ട്   “ആമിനോ ഇജ്ജ് ഞമ്മളെ ആടിനു കൊറച്ച് ബെള്ളം കൊട്ക്കണം  ഞമ്മള്‍് ഒന്ന് ജര്‍മ്മനീപ്പോയിട്ട് ഇപ്പൊ ബരാട്ടോ ” എന്നോര്‍മ്മിപ്പിക്കാനും പാത്തുമ്മ മറന്നില്ല കാരണം ആടും പാത്തുമ്മയും തമ്മിലുള്ള ബന്ധം  അത്രയ്ക്കു ഭയങ്കരമായിരുന്നു.

അങ്ങിനെ ഒരു വിധം ബസ്റ്റോപ്പിലെത്തിയ പാത്തു ജര്‍മ്മനിക്കുള്ള ബസ്സിനായി കുത്തിയിരിപ്പു തുടങ്ങി. പല ബസ്സുകളും കടന്നുപോയി പക്ഷേ അതിലൊന്നും ജര്‍മ്മനി വഴി ഉഗാണ്ട എന്ന ബോര്‍ഡുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ പാത്തുവിന്റെ കാത്തിരിപ്പുംതുടര്‍ന്നുകൊണ്ടിരുന്നു . സുലൈഖയെ തളയ്ക്കാന്‍ കിട്ടുന്ന ഒരു അവസരത്തിനു വേണ്ടി എത്രയും ക്ഷമിക്കാന്‍ പാത്തു തയ്യാറാണ്‍് ..ആയതിനാല്‍ മണിക്കൂറുകളോളം ക്ഷമിച്ചിരുന്നതിന്റെ ഫലമായി ജര്‍മ്മനിയെന്നു ബോര്‍ഡുവെച്ച ഒരു മിനിബസ്സ് വന്നപ്പോള്‍ പാത്തു അതില്‍  പാഞ്ഞുകയറി.

“എവിടേയ്ക്കാ”  കണ്ടക്ടര്‍ ഫുള്‍സ്റ്റൈല്‍ കുട്ടപ്പന്‍ പാത്തുവിനോടു ഈണത്തില്‍ ചോദിച്ചതിനു “ജര്‍മ്മനീക്കാ” എന്നു അതേ രാഗത്തില്‍ പാത്തു മറുപടി പറഞ്ഞപ്പോള്‍ കുട്ടപ്പന്‍ ഞെട്ടിയില്ല കാരണം പാത്തു ചുമ്മാ തമാശിച്ചതാണെന്നങ്ങു കരുതിക്കളഞ്ഞു നമ്മുടെ കണ്ടക്ടര്‍!

പക്ഷേ ഒന്നുകൂടി ഉറപ്പിച്ചു ചോദിച്ചപ്പോള്‍  ഉറപ്പിച്ചുതന്നെ ജര്‍മ്മനിയെന്നു പാത്തുവിന്റെ മറുപടികേട്ട കുട്ടപ്പ്ന്‍ ഞെട്ടി! ഒന്നല്ല ഒന്നൊന്നര വട്ടം !!

“ജര്‍മ്മനിക്കോ ... എന്താ തള്ളേ കുതിരവട്ടത്തേയ്ക്കു പോവാന്‍ സമയമായോ?” കുട്ടപ്പന്റെ ന്യായമായ ചോദ്യം.

“ അന്റെ ഉമ്മാന്റെ ഉമ്മയാടാ തള്ള ...” മറ്റെന്തും സഹിക്കാനും പൊറുക്കാനുമുള്ള എന്തരോ ഉള്ള പാത്തു തള്ളയെന്നു വിളിക്കുന്നതു മാത്രം സഹിക്കില്ല വിത്ത് പൊറുക്കില്ല.

ഇതുകേട്ടുകൊണ്ട്  ബസ്സിലിരുന്ന മാന്യമഹാ ജനങ്ങള്‍ കൌതുകത്തോടെ പാത്തുവിനെ നോക്കി ! ‘ ജര്‍മ്മനിക്കു കുടയും പിടിച്ചിറങ്ങിയിരിക്കുന്നു ’ .... ആരോ പിറുപിറുത്തു

“ ഇജ്ജ് അന്റെ ഉണ്ടക്കണ്ണോണ്ട് നോക്കാണ്ട് ജര്‍മ്മനിക്ക്ള്ള ഇസ്റ്റിക്കറ്റെട് ഹംക്കേ..”  പാത്തു വീണ്ടും ജര്‍മ്മനിയില്‍ത്തന്നെ പിടിമുറുക്കുന്നു. ഇതുകേട്ടവരെല്ലാം പൊട്ടിച്ചിരിച്ചു .. പാത്തുവിനു ഹാലിളകി..  “ ന്റെ ജര്‍മ്മനീലെ ജിന്നേ... ഞമ്മളെ കാക്കണേ.  ” എന്നും പറഞ്ഞ്  കണ്ടക്ടറുടെ മോന്തയ്ക്കിട്ടാഞ്ഞൊന്നു കൊടുത്തു. ജര്‍മ്മനിയും കടന്ന്  അന്റാര്‍ട്ടിക്ക വഴി ഒരു നിമിഷത്തേയ്ക്ക് ശൂന്യാകാശത്തേയ്ക്കെത്തിപ്പോയ കണ്ടക്ടര്‍ക്കു സ്ഥലകാല ബോധം തിരികെവരാന്‍ നിമിഷങ്ങള്‍ കാത്തുനില്‍ക്കേണ്ടി വന്നു.

പാത്തുമ്മയുടെ ജര്‍മ്മനി ബഹളം കാരണം ഏതോ ഒരു സ്റ്റോപ്പില്‍ ബസ്സു നിര്‍ത്തിയിട്ടശേഷം ‘ബുദ്ധിമാനായ’ ഡ്രൈവര്‍ ഒന്നിനുപോയി.. നാട്ടുകാര്‍ ബസ്സിനുചുറ്റും തടിച്ചുകൂടി കാര്യകാരണങ്ങള്‍ ക്യാഹെ ഹും ? യേകോന്‍ ഹൈ ? ങാഹ ഹും !! എന്നെല്ലാം പരസ്പരം ചോദിച്ചുകൊണ്ടിരുന്നു. ആരൊക്കെയോ ചേര്‍ന്ന്  പതിവുതെറ്റിക്കാതെ നമ്മുടെ നാട്ടുമര്യാദ പ്രകാരം ‘ബുദ്ധിയില്ലാത്ത ’ കണ്ടക്ടറെയും കിളിയെയും കിട്ടിയ ചാന്‍സില്‍ നാലഞ്ചു പൂശങ്ങു പൂശി ...

പിന്നീടു വന്നവര്‍ “അനക്കും ഇല്ലേ ഹംക്കുകളേ അമ്മൂമ്മേം അമ്മൂമ്മന്റമ്മേം ഒക്കെ ബീട്ടില്‍ ...” എന്നുപറഞ്ഞുകൊണ്ട്  പൂശല്‍ തുടര്‍ന്നുകൊണ്ടിരുന്നു ...  അവസാനം നാട്ടുകാര്‍ തളര്‍ന്നപ്പോള്‍ പൂശുനിന്നു.  കണ്ടക്ടര്‍ വിത്ത് കിളി ഓക്സിജന്‍ ആഞ്ഞുവലിച്ചു.  ഹാവൂ....

“അല്ലാ എന്താ സംഭവം ???????????”  ഏതോ വിവരം കെട്ടവന്‍ വിളിച്ചു ചോദിച്ചപ്പോഴാണു നാട്ടിലെ വിവരമുള്ള പൂശലുകാര്‍ പരസ്പരം നോക്കിയത്... 

“ശംബവം ഞമ്മള്‍് തന്നെ പറയാ...”  പാത്തുമ്മയുടെ വായിലെ കൊടുവാളിളകിമറഞ്ഞു!   ജനം കാതുകൂര്‍പ്പിച്ചു!!

“ഞമ്മള്‍് ഒന്ന് ജര്‍മ്മനി ബരേ പോയി ബരാന്‍ ഈ കുന്ത്രാണ്ടത്തില്‍ കേറിയതാ . ഇസ്റ്റിക്കറ്റ് ചോയിച്ചപ്പോ ഈ ഹംക്ക്കള്‍ ഞമ്മളെ മക്കാറാക്കി .... ”

“ ജര്‍മ്മനീലേക്കോ ?!!!!    അതും ഈ ബസ്സിലോ????????!!!!!!!!!!!!” കേട്ടുനിന്ന മോനായിക്കു സംശയമങ്ങട്ട് അടക്കാന്‍ കഴിഞ്ഞില്ല

“ ഈ ശൈത്താനിലല്ലാണ്ട് ബേറെ ഏത് ബസ്സാ ഹംക്കേ ജര്‍മ്മനീല്‍ക്ക് ഇള്ളത് .... ഇജ്ജ് കണ്ടിലെ ബോര്‍ഡ് ബെച്ചത്  ജര്‍മ്മനീ സര്‍ക്കാര്‍ ബസ്സ് ന്ന് ...” 

“ ജര്‍മ്മനീന്നു ബോര്‍ഡോ ?!!! ... ഇത്      മെഡിക്കല്‍ കോളേജ് വഴി കോഴിക്കോട് എന്നാണല്ലോ ഇതിന്റേ ബോര്‍ഡ് ....” വിവരമില്ലാത്ത  കുട്ടന്‍ മാഷു തികച്ചും ന്യായമായ കൊസ്ത്യന്‍ പാത്തുവിനു പാസ്സ് ചെയ്തു

“ഇജ്ജ് മാഷാന്നു പറഞ്ഞിട്ട് ന്താ ന്റെ കുട്ടാ അനക്കു ബെബരം ബേണ്ടെ ..... ഇജ്ജ് ആ ബല്യ ബോര്‍ഡ് നോക്ക് എന്നിട്ട്  പറ...  ”

കുട്ടന്മാഷും കൂടെ സകലമാന ജനങ്ങളും പാത്തുചൂണ്ടിക്കാട്ടിയ ബോര്‍ഡിലേക്കു സൂക്ഷിച്ചു നോക്കി . ബസ്സിന്റെ സൈഡില്‍ കെട്ടിയിട്ട ബാനറില്‍  വലുതായിട്ട് ഇങ്ങനെ എഴുതിയിരുന്നു.

“ജെമിനി   സര്‍ക്കസ്   ”

അതിനു താഴെ ചെറുതായിട്ട്  “ദിവസേന നാലുകളികള്‍ ” എന്നുമെഴുതിയിരുന്നു എന്നതും ഫയങ്കരമാണ്‍് !!

ഇതു നോക്കിനിന്ന നാട്ടുകാര്‍ക്കു മനസ്സിലായി പാത്തു ഒരു മഹാ പ്രതിഭയാണെന്നും തങ്ങളെല്ലാം ഭൂമിയിലെ മഹാ മണ്ടന്മാരാണെന്നുമാത്രമല്ല ഇതിനു പാത്തുവിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നും സാക്ഷര കേരളം അതി സുന്ദര കേരളമെന്നാണെന്നുമെല്ലാം..........

നാട്ടുകാര്‍ ഓരോരുത്തരായി വലിഞ്ഞുകൊണ്ടിരുന്ന തക്കം നോക്കി  ഡ്രൈവര്‍ പതുക്കെ വണ്ടിയെടുത്തു. പാത്തുകയറുന്നതിനു മുന്‍പേതന്നെ ജര്‍മ്മനിക്കുള്ള മിനിബസ്സ് കോഴിക്കോട്ടേയ്ക്കു പറന്നു...   ഇതുകണ്ട പാത്തു വിളിച്ചു പറഞ്ഞു ...

“അച്ചരം പടിച്ച ഞമ്മളോടാ മന്‍സന പറ്റിക്കാന്‍ ജര്‍മ്മനീന്നു ബോര്‍ഡ് ബെച്ച്  കളിച്ചണത് ... ഇത്  പത്രത്തില്‍ കണ്ടപോലത്തെ വിസിനസാ  ജര്‍മ്മനീന്ന് ബോര്‍ഡ് ബെച്ച്  മന്‍സമ്മാരെ പറ്റിക്കാന്‍ള്ള വിസിനസ്സ്കിറിക്ക്...”
 (ബിസിനസ്സ് ട്രിക്ക് എന്നു പറഞ്ഞാലും തെറ്റില്ല)

അങ്ങിനെ നീരാളി ജിന്നിനെ തേടിയുള്ള യാത്ര പാതിവഴിയിലുപേക്ഷിച്ച നമ്മുടെയും അതിലുപരി നാട്ടുകാരുടെയും പാത്തു സുലൈഖായെ തകര്‍ക്കാനുള്ള പുതിയ തന്ത്രമാലോചിക്കാന്‍ വീട്ടിലേക്കു മടങ്ങിപ്പോയി  !

വീട്ടിലെത്തിയപ്പോള്‍  ഹസ്ബന്റ്ജി കം രക്ഷാകര്‍ത്താജി അവറാനു കഞ്ഞി കിട്ടിയില്ലെങ്കിലും തന്റെ എല്ലാമെല്ലാമായ ആടിനു ക്ഞ്ഞിവെള്ളം കിട്ടിയെന്നത് പാത്തുവിനെ ആഹ്ലാദ പുളകിത കശ്മല കുശ്മിതയാക്കി !!!!

ധന്യവാര്‍.

Wednesday, July 14, 2010

പെട്രോളില്‍ ചാലിച്ച കത്ത്...


സ്നേഹം നിറച്ചുവെച്ച  അച്ഛാ അച്ഛന്റെ വിധിയെന്നു നാട്ടുകാര്‍ വിധിയെഴുതിയ അമ്മേ , നിങ്ങള്‍ രണ്ടുപേരുടെയും അതിലുപരി നാട്ടുകാരുടെയും  ഒടുക്കത്തെ ആഗ്രഹത്തിനൊടുവില്‍ ഞാന്‍ ഗള്‍ഫുമണലില്‍ കാലുകുത്തി .  ഞാന്‍ ഗള്‍ഫില്‍ തന്നെയാണു വന്നിറങ്ങിയതെന്ന് ഒന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ .

നാടുകടന്ന് പത്തുമാസത്തിനു ശേഷമാണോടാ തെണ്ടീ നീ ഒരെഴുത്തയയ്ക്കുന്നത് എന്നതായിരിക്കും ഇപ്പോള്‍ അച്ഛന്റെ മനസ്സിലൂടെ കടന്നുപോയത്  എനിക്കറിയാം കൊച്ചുകള്ളാ.. അച്ഛാ...

എന്നെ ഗള്‍ഫിലേക്കു ‘നന്നാവാന്‍’ വേണ്ടി കടത്തിവിടുമ്പോള്‍ ഞാന്‍ നന്നാവുന്നതിലുമുപരി അച്ഛനു നന്നാവാം എന്ന ഒരു ഹിഡണ്‍ അജണ്ടയുണ്ടായിരുന്നുവെന്നതും എനിക്കറിയാമായിരുന്നു. ഹിഹി ഞാനാരാ മോന്‍.

പിന്നെ നാട്ടുകാരായ പരമതെണ്ടികളേ നിങ്ങക്ക് കൂടി വായിക്കാനാണു ഞാനിതെഴുതുന്നത് . നിങ്ങള്‍ കരുതുന്നുണ്ടാകും ഞാന്‍ നാടുവിട്ടതോടുകൂടി നാടു അങ്ങു പടര്‍ന്നു പന്തലിച്ചു പൂത്തു കുലച്ചു നില്‍ക്കുമെന്നു. അനുഭവിക്കുമെടാ നാട്ടുകാരെ നിങ്ങള്‍ അനുഭവിക്കും.

 ഇവിടെനിന്നും ചാക്കുകണക്കിനു പച്ചക്കറികളും ലിറ്ററുകണക്കിനു പെട്രോളും കള്ളക്കടത്തുകടത്തിക്കൊണ്ടു ഒരു നാള്‍ ഞാന്‍   ക്ലാര്‍ക്സിന്റെ ഷൂസുമിട്ടുകൊണ്ടു നാട്ടില്‍  കാലുകൊണ്ടു കുത്തും . അന്ന് എന്റെ പിറകേ ഒരു തുള്ളി പെട്രോളുതാ , ഒരു അല്ലി ഉള്ളിതാ, ഒരു നുള്ള് തക്കാളി താ എന്നൊക്കെ പറഞ്ഞുകൊണ്ടു വന്നേക്കരുത്.

കേരളം എന്ന വാക്കു  കേള്‍ക്കുമ്പോള്‍ ഇപ്പോഴെനിക്കു പുഛമാണു പുഛം! നിങ്ങള്‍ കേരളീയര്‍ എന്തുണ്ടാക്കി ? സ്വന്തമെന്നുപറയാന്‍ കേവലം ഒരു ഹര്‍ത്താലല്ലാതെ എന്തുണ്ടു നിങ്ങള്‍ക്ക് ?! ഒരു നാലുവരിപ്പാത എന്നത് നിങ്ങളുടെ വെറും ചിറകൊടിഞ്ഞു തൂങ്ങിയാടുന്ന കിനാവുകളല്ലേ? നൂറ്റി അറുപത് സ്പീഡ് നിങ്ങളുടെ കാറിന്റെ സ്പീഡോമീറ്ററിനു സങ്കല്പിക്കാന്‍ കഴിയുമോ?  ഞങ്ങളെ തോപ്പിക്കാന്‍ നിങ്ങള്‍  എന്തൊക്കെ പുകിലായിരുന്നു കാട്ടിക്കൂട്ടിയിരുന്നത് . കടലില്‍ പോകുന്നൂ കുഴികുത്തുന്നൂ  , ക്രൂഡോയിലു തിരയുന്നൂ ... പെട്രോളിന്റെ വില നിയന്ത്രിക്കുന്നൂ  ഹോ....

ഇപ്പോഴെന്തായി വില ‘നിയന്ത്രിച്ചു’ കഴിഞ്ഞോ? ഇപ്പോള്‍  ഉപ്പുതൊട്ടു കര്‍പ്പൂരം വരേയുള്ളതിന്റെ വില പെട്രോളു നിയന്ത്രിച്ചുകഴിഞ്ഞില്ലേ?! നിങ്ങള്‍ക്കൊക്കെ ഇതുതന്നെ വേണം ... ഗള്‍ഫില്‍നിന്നും വരുന്ന പണവും നോക്കി മെയ്യനങ്ങാതെ ജീവിച്ചോ ...  പാടങ്ങള്‍ നികത്തി  അരിമില്ലു തുടങ്ങിയപ്പോള്‍  അരിമില്ലില്‍ ഒലത്താനുള്ള അരി അങ്ങു ആന്ധ്രായില്‍ നിന്നും ബര്‍മ്മായില്‍നിന്നും വരേ വരുത്തേണ്ട ഗതിവന്നില്ലേ?

പച്ചക്കറികള്‍ അന്യനാട്ടില്‍ നിന്നും അന്യായവിലക്കു വാങ്ങേണ്ടിവന്നപ്പോള്‍ സന്തോഷമായിക്കാണുമല്ലോ? നാട്ടുകാരുടെ കുറ്റവും അമേരിക്കന്‍ പ്രസിഡണ്ടിന്റെ അലമാരയുടെ വലിപ്പവും പ്രസംഗിച്ചു നടക്കുന്ന സമയം കൊണ്ട്  സ്വന്തമായി ഒരു വാഴയെങ്കിലും ഉണ്ടാക്കിയിരുന്നെങ്കില്‍ പുട്ടിനുകൂട്ടിയെങ്കിലും അടിക്കാമായിരുന്നല്ലോ ഉവ്വോ?

എങ്ങിനെ എളുപ്പം പണക്കാരനാകാമെന്നു തലപുകയ്ക്കുന്ന സമയം കൊണ്ട് പത്തുറബ്ബര്‍ തൈ നട്ടിരുന്നെങ്കില്‍ ആധാരം പണയം വെയ്ക്കാതെ തന്നെ മില്‍മയുടെ പാക്കറ്റുപാലു വാങ്ങി നിങ്ങള്‍ക്കു പാല്പായസം  വെയ്ക്കാമായിരുന്നില്ലേ ....  എന്തേ ഇതൊന്നും ചെയ്തില്ല?

നിരന്തരം വില കുതിച്ചുയരുന്ന സ്വര്‍ണ്ണം കഴിച്ചാല്‍ നിങ്ങളെയൊക്കെ വിശപ്പു മാറുമോ? അഞ്ചു രൂപയ്ക്കു ഗതിയുള്ളവന്‍ പത്തുരൂപയ്ക്കു സ്വര്‍ണ്ണം കടം വാങ്ങി സൂക്ഷിക്കുന്നുണ്ടല്ലോ ..  എന്നു നിങ്ങള്‍ സ്വര്‍ണ്ണത്തിനോടുള്ള ആക്രാന്തം നിര്‍ത്തുന്നുവോ അന്നുതൊട്ടു നിങ്ങള്‍ നന്നാവാനും തുടങ്ങും.
ഇപ്പോല്‍ മനസ്സിലായിക്കാണുമല്ലോ എല്ലാം... ഒന്നും വേണ്ടായിരുന്നൂന്നു തോന്നുന്നില്ലേ ഇപ്പോള്‍ ? ഇനി പാശ്ചാതപിച്ചിട്ടു കാര്യമില്ല മക്കളേ...

അന്നു പലിശക്കാരന്‍ മാത്തപ്പന്റെ ലോക്കറുപൊളിച്ച് നാട്ടുകാരായ നിങ്ങള്‍ പണയംവെച്ച ഉപയോഗശൂന്യമായ സ്വര്‍ണ്ണമെടുത്ത് നിങ്ങള്‍ക്കു വേണ്ടി ഒരു വന്‍ പച്ചക്കറി വിത്ത് പശു ഫാം തുടങ്ങാനൊരുങ്ങിയ എന്നെ നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലേ... അതൊക്കെപ്പോട്ടെ എന്റെ കൂട്ടുകാരന്‍ തുരപ്പന്‍ വാസുവിനു ലോക്കറു പൊളിച്ചതിന്റെ കൂലികൊടുക്കാന്‍ പോലും നിങ്ങളനുവദിച്ചോ? 

സദാചാരവും പ്രസംഗിച്ചുനടന്നോ തെണ്ടികളേ ... വയനാട്ടിലെവിടേയോ സ്വര്‍ണ്ണം കുഴിച്ചെടുക്കാന്‍ തുടങ്ങിയെന്നുകേട്ടു ... ഇനി സ്വര്‍ണ്ണത്തിനു വില കുറഞ്ഞു സ്വര്‍ണ്ണത്തിന്റെ ഉലക്കവരേ മാര്‍ക്കറ്റിലിറങ്ങാന്‍ തുടങ്ങിയാല്‍ നീയൊക്കെ പഠിക്കും ... അന്നു ഞാനൊരു ചിരിയും ചിരിക്കും.

എങ്കിലും അതൊക്കെ ഞാന്‍ സഹിച്ചു പൊറുത്തു .  കള്ളന്മാരുടെ ശല്യമുള്ള നമ്മുടെ നാട്ടില്‍ക്കൂടി കിലോക്കണക്കിനു സ്വര്‍ണ്ണവുമിട്ടോണ്ടു പോകുന്ന രമണിയക്കയുടെ പത്തുപവന്റെ മാല പൊട്ടിച്ച് ഭദ്രമായി ബാങ്കില്‍ പണയം വെച്ചതിനായിരുന്നല്ലോ മഹാപാപികളേ നിങ്ങളെല്ലാവരും കൂടി എന്നെ തല്ലിച്ചതച്ചതും പോലീസിലേല്പിച്ചതും. എന്നിട്ടും മതിവരാത്തതുകൊണ്ടല്ലേ ഒരു സാമൂഹ്യസേവകനായ എന്നെ നിങ്ങള്‍ പിരിവെടുത്തുകൊണ്ട്   കാട്ടറബിയുടെ ഒട്ടകത്തിനേ നോക്കാനുള്ള വിസയുമെടുത്ത്തന്ന് കടലുകടത്തിവിട്ടത്...

പക്ഷേ ദൈവമുണ്ട് മക്കളേ ദൈവമുണ്ട് .... അതുകൊണ്ടല്ലേ ഞാന്‍  ഒട്ടക വളര്‍ത്തുകേന്ദ്രത്തില്‍ കാലുകുത്തിയതിന്റെ പിറ്റേദിവസംതന്നെ ഇത്തപ്പഴം കഴിച്ചു വയറിളക്കം വന്ന എന്റെ അറബി ആശുപത്രിയിലാത്. (ഈ അറബികള്‍ അങ്ങിനെയാ ചുമ്മാ ഈത്തപ്പഴമൊക്കെ വലിച്ചുവാരി തിന്നുകളയും അല്ല പിന്നെ) അതുകൊണ്ടായിരുന്നല്ലോ  അറബിയുടെ കെട്ടിയോളെ ഒട്ടകക്കാലില്‍ കെട്ടിയിടാനും അറബിയുടെ പണപ്പെട്ടിയെടുത്ത് ‘നന്നാവാന്‍ ’ എനിക്കു അവസരം ലഭിച്ചതും....

ഹോ ആ സുന്ദര നിമിഷങ്ങളെന്നെ ഇന്നും പുളകം കൊള്ളിക്കുന്നു. പിന്നീട് ‘നന്നായ’ എനിക്കു ഇന്നു ബിസിനസ്സ് സ്ഥാപനങ്ങളുണ്ട് സമൂഹത്തില്‍ സ്ഥാനമുണ്ട്, മാനമുണ്ട് ... മനസ്സില്‍ കളങ്കമില്ലാത്തവരെ ദൈവം തുണയ്ക്കുമെന്നത് ഈയവസരത്തിലെങ്കിലും നിങ്ങള്‍ മനസ്സിലാക്കണം .

 പിന്നെ വേറെയൊരു കാര്യം ഇവിടെ ധാരാളം പെട്രോളുണ്ടെന്നു മാത്രമല്ല നിങ്ങളുടെയൊക്കെ നാട്ടിലെ പകുതിവിലയ്ക്ക് നിത്യോപയോഗ സാധനങ്ങളും കിട്ടാനുണ്ട്....

കേരളത്തില്‍ പെട്രോളിനു വിലകൂടി , ബസ്ചാര്‍ജും കൂടിക്കൂടി പണ്ടാരടങ്ങി പട്ടിണികിടന്ന്  തമ്മില്‍ തല്ലി  നിങ്ങളെല്ലാം മൂക്കു കൊണ്ട്   ക്ലാ ക്ലീ ക്ലൂ  ക്ലൌ എന്ന്  വരയ്ക്കട്ടേയെന്നാശംസിച്ചുകൊണ്ട് തല്‍ക്കാലം ഈ കത്തു ചുരുക്കുന്നു.

എന്ന്  പണ്ടു നിങ്ങളുടെയെല്ലാമായിരുന്ന ഭൈരവന്‍ . കെ.കെ (ഒപ്പ്)

“ ജയ് എണ്ണക്കമ്പനി ”

NB: ഈ കത്തിന്റെ ഫ്രം അഡ്രസ്സുനോക്കി ഗള്‍ഫുമണിക്കായി ഒരു തെണ്ടിയും ഇങ്ങോട്ടു കത്തെഴുതി ചുമ്മാ സ്റ്റാമ്പിന്റെ കാശുകളയേണ്ട എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം ഞാന്‍ കത്തില്‍ ഫ്രം വെച്ചത് ഞാനൊരു ഫ്രം ഒക്കെയുള്ളവനാണെന്നു നിങ്ങള്‍ക്കൊക്കെ മനസ്സിലായിക്കോട്ടെയെന്നുകരുതിക്കൊണ്ടുമാത്രമാണെന്നതുകൂടി ഓര്‍മ്മിപ്പിക്കട്ടെ.