Monday, March 30, 2009

ശാസ്ത്രത്തെ രക്ഷിച്ച ഇലക്ഷന്‍ .....

നിയെന്തുചെയ്യും ? കൈകൊണ്ട് താടിക്കു കൊടുത്ത കുത്ത് മാറ്റാതെതന്നെ സഹജീവികള്‍ക്ക് പരസ്പരം കൊസ്ത്യന്‍ മാര്‍ക്കുകള്‍ കൈമാറിക്കൊണ്ട് അവര്‍ കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു....

ആ പഞ്ചാംഗ ( അഞ്ചു പേരടങ്ങുന്ന എന്നു മലയാളം) സംഘത്തിന്റെ കാരണവരായ കേശവനാശാന്‍ തലയില്‍ കൈവച്ചുകൊണ്ടാണ് താഴെ കാണുന്ന സംഗതി അരുളിയത്

“ദൈവമേ ഈ നില്‍ക്കുന്ന കിഴക്കേതില്‍ ചാക്കോ മകന്‍ മാത്തച്ചനെ എങ്ങിനെയെങ്കിലുമൊന്നു ചിരിപ്പിച്ചു തരണേ.... അതല്ലാ എങ്കില്‍ നിനക്കറിയാലോ.... കെട്ടിവെച്ചകാശിന്റെ കൂടെ എവിടുന്നോ ഉണ്ടാക്കിയെടുത്ത മാനവും പടിയിറങ്ങും.....”

കേശവനാശാന്റെ പ്രാര്‍ത്ഥനകൊണ്ടൊന്നും നോ ഫലം !!! മാത്തച്ചന്‍ ചിരിക്കുന്നില്ല...

ജനസമ്മതി നേടിയ ചാക്കോ മകന്‍ മാത്തച്ചനെ ഇലക്ഷനു നിര്‍ത്തിയത് നാട്ടിലെ മുതലാളി കം ഫയങ്കരനായ കേശവനാശാന്റെ ബുദ്ധിയില്‍ ഒരിക്കല്‍ ഹാലജന്‍ ബള്‍ബുകത്തിയതിന്റെ അനന്തരഫലമായിട്ടാണ്... അതിനു കാരണങ്ങള്‍ നിരവധിയാണുതാനും!

ഒരു രാഷ്ട്രീയ നേതാവിനുള്ള എല്ലാ ലക്ഷണങ്ങളുമൊത്തിണങ്ങിയ മാത്തച്ചന്‍ ഇന്നേവരേ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുംതന്നെ മെമ്പര്‍ഷിപ്പെടുത്തിട്ടില്ലാ എന്നതും കേശവനാശാന്‍ മനസ്സിലാക്കിയിരുന്നു എന്നതാണ് നാട്ടിലെ റിപ്പോര്‍ട്ടര്‍മാരുടെ കണ്ടുപിടുത്തം...

ഒരിക്കല്‍ പൊട്ടന്‍പാറയില്‍ നിന്നും വനിതാ ഹോസ്റ്റല്‍മുക്കു വഴി തന്റെ ക്ലാസ്മേറ്റ് സരസുവിന്റെ വീട്ടിലേക്കു (ചുമ്മാ) വരികയായിരുന്നു മാത്തച്ചന്‍ , അപ്പോഴാണ് മാത്തച്ചന്റെ ഉടുമുണ്ടില്‍ ചെളിതെറിപ്പിച്ചുകൊണ്ട് വിലാസിനി ബസ്സ് അതുവഴി കടന്നു പോയത്!!

ചെളിതെറിപ്പിച്ച വിലാസിനി ബസ്സിനോടുള്ള അമര്‍ഷംകാരണം ചെളിപറ്റിയ മുണ്ടു ബഹിഷ്കരിച്ചു വലിച്ചെറിഞ്ഞ ശേഷം പൂര്‍ണ്ണ സ്വതന്ത്രനായി വനിതാ ഹോസ്റ്റല്‍ മുക്കിലൂടെ നടന്ന് സരസുവിന്റെ വസതിയിലെത്തി തന്റെ തൊലിക്കട്ടി ഒരിക്കല്‍ തെളിയിച്ച് ജനസമ്മതി നേടിയിട്ടുണ്ട് നമ്മുടെ മാത്തച്ചന്‍ !!


സംഭവത്തിനു സാക്ഷികളായ നാല്പത്തിരണ്ടു വനിതകള്‍ സാക്ഷിയാവാന്‍ കഴിയാത്ത നിര്‍ഭാഗ്യ വനിതകളിലേക്കു വാര്‍ത്ത കൈമാറിയപ്പോള്‍ വനിതാ ഹോസ്റ്റലിലെ മേല്‍നോട്ടം വഹിക്കുന്ന വലിയ വനിതയ്ക്കു കലി കയറി... തല്‍ഫലമായി വനിതകളുടെ അടിയന്തിരയോഗം വിളിച്ചുകൂട്ടി ...മേലില്‍ ഇത്രയ്ക്കു സ്വതന്ത്രമായി ഒരാളും ഇനി ഹോസ്റ്റലിനു മുന്‍പിലൂടെ നടക്കരുത് എന്ന തീരുമാനവുമായി മാത്തച്ചനെതിരേ അവര്‍ കൊടിപിടിച്ചു. സംഗതി രൂക്ഷമായി. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ചാകരയായി..

ഒടുവില്‍ മാത്തച്ചനെ ജനമധ്യത്തില്‍ വെച്ച് വിജാരണചെയ്യാന്‍ തീരുമാനിച്ചു ...

സല്‍ഗുണ സമ്പന്നനും, നിത്യകന്യകനുമായ താന്‍ ഒരിക്കലും അങ്ങിനെ ചെയ്തിട്ടില്ലെന്നും കണ്ടുനിന്ന വനിതകള്‍ക്ക് തിമിരത്തിന്റെ തുടക്കമാണെന്നും പറഞ്ഞ് വാദിച്ചശേഷം വിതുമ്പിക്കരഞ്ഞ മാത്തച്ചന്‍ വാദിയെ പിടിച്ച് പ്രതിയാക്കിയപ്പോള്‍ ‍...... ആടിനെ പട്ടിയാക്കാനും പട്ടിയെ കുട്ടിയാക്കാനും ആ കുട്ടിയെ വിറ്റ് പുട്ടടിക്കാനുമുള്ള കഴിവിലും മാത്തച്ചന്‍ ജനസമ്മതി നേടി .........

പിന്നെ അത്യാവശ്യത്തിനു മതിലു ചാട്ടവും, ചെറിയതോതിലുള്ള വലിയ മോഷണങ്ങളും, ഇടയ്ക്കിടയ്ക്കുള്ള കാലുമാറ്റവുമൊക്കെയുള്ള മാത്തച്ചന്‍ പല തരത്തിലുമുള്ള ജനസമ്മതി വാരിക്കൂട്ടിയ മഹാത്മാവാണ് ...

ഇത്രയൊക്കെ ജനസമ്മതിയുള്ള മാത്തച്ചന്‍ ഇലക്ഷനു നിന്നില്ലാ എങ്കില്‍ ഈ ഇന്ത്യാ രാജ്യത്ത് പിന്നെയാരെയാ വിശ്വസിച്ചു സ്ഥാനാര്‍ത്ഥിയാക്കുക. എന്ന ചിന്തയുടെ പുറത്താണ് കേശവനാശാന്‍ മാത്തച്ചനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചതും മൂത്തമകന്‍ അന്റാര്‍ട്ടിക്കയില്‍നിന്നും എസ്റ്റേറ്റുവാങ്ങിക്കാനയച്ച കാശെടുത്ത് സ്വയം മാത്തച്ചനുവേണ്ടി കെട്ടിവെച്ചതും!!!

വ്യത്യസ്ഥനായ മാത്തച്ചനെ സത്യത്തിലാരും തിരിച്ചറിഞ്ഞിരുന്നില്ലാ എങ്കിലും മത്സരിക്കാന്‍ തീരുമാനിച്ചതോടെ മൊത്തത്തില്‍ പലരും തിരിച്ചറിഞ്ഞുകൊണ്ടിരുന്നു........

മാത്തച്ചനിലെ കഴിവുകള്‍ തിരിച്ചറിഞ്ഞ പലരും മാത്തച്ചനുവേണ്ടി പിടിവലി കൂട്ടിക്കൊണ്ടിരുന്നു

ഇടത്തുനിന്നും , വലത്തുനിന്നും എന്നുവേണ്ട നടുക്ക്നിന്നുപോലും മാത്തച്ചനുവേണ്ടിയുള്ള പിടിവലികള്‍ ഒരു ഭാഗത്ത് മുറുകിക്കൊണ്ടിരുന്നു... മാത്തച്ചന്റെ വീട്ടില്‍ തലയില്‍ മുണ്ടിട്ട പലരും കയറിത്തുടങ്ങിയെങ്കിലും മാത്തച്ചന്‍ ഒരിടത്തേക്കും ചായാതെ ഉറച്ചുനിന്നു....

പക്ഷേ ഇന്നു കേശവനാശാനെ ബാധിച്ച പ്രശ്നം അതൊന്നുമല്ല

നാട്ടിലെ അറിയപ്പെട്ട(?) നാലാളുകളെയും കൂട്ടി ഇലക്ഷനു പോസ്റ്ററടിക്കാന്‍ മാത്തച്ചന്റെ ക്ലോസപ്പെടുക്കുക എന്ന ലക്ഷ്യവുമായി സ്റ്റുഡിയോയില്‍ വന്നതായിരുന്നു കേശവനാശാനും സംഘവും....

ഫോട്ടോ ഗ്രാഫര്‍ ഷുക്കൂര്‍ മാത്തച്ചന്റെ മുന്‍പില്‍ ക്യാമറയുമായി സ്റ്റാര്‍ട്ട് ....ആക്ഷന്‍ ‍..... കട്ട് ..... പറഞ്ഞശേഷന്‍ സ്മൈല്‍ പ്ലീസ്... എന്നുംകൂടി പറഞ്ഞു.

ജീവിതത്തില്‍ ഇന്നുവരേ ചിരിച്ചിട്ടില്ലാത്ത മാത്തച്ചനുണ്ടോ ഇസ്മൈലുവരുന്നു?!! മാത്തച്ചന്‍ ശ്രമിച്ചു നോക്കി ... നടക്കുന്നില്ല .... വീണ്ടും വീണ്ടും ശ്രമിച്ചു .... നോ രക്ഷ.... കേശവനാശാന്‍ തലയില്‍ കൈ വെച്ചു.... വലാ രക്ഷ

ഇലക്ഷന്റെ പോസ്റ്ററില്‍ ചിരിക്കാത്ത ഒരു തൊലിക്കട്ടിയും ഇന്നുവരേ കണ്ടുപിടിച്ചിട്ടില്ലാ എന്ന ശാസ്ത്രത്തിനാണ് ഇവിടെ തെറ്റുപറ്റിയത്..... ശാസ്ത്രസത്യം എങ്ങിനെയെങ്കിലും തെളിയിച്ചേ പറ്റൂ..... ഇത്രയ്ക്കു ജനസമ്മതിയുള്ള മാത്തച്ചന്‍ ഒരു ചിരിയുടെ കാര്യത്തില്‍ മാത്രം പരാജിതനാവരുത്.............

കേശവനാശാന്‍ നിന്ന നില്പില്‍ നിന്നുകൊണ്ട് രണ്ടുചാട്ടം ചാടിയ ശേഷം ഇനാം പ്രഖ്യാപിച്ചു

“ മാത്തച്ചനെ ചിരിപ്പിക്കുന്നവര്‍ക്ക് മാത്തച്ചന്റെ പി.ഏ ആവാനുള്ള അവസരത്തോടൊപ്പം ഇരുന്നൂറ്റി ഇരുപത് വാഗ്ദാനങ്ങള്‍ ഫ്രീയും നല്‍കുന്നതായിരിക്കും....”

പി.ഏ എന്നു കേട്ടതും മാത്തച്ചനെ ചിരിപ്പിക്കാന്‍ ജനം സ്റ്റുഡിയോയില്‍ ഇടിച്ചുകയറി..... പലരും പലതും ചെയ്തുനോക്കിയെങ്കിലും പക്ഷെ മാത്തച്ചനു കുലുക്കമില്ല.

മിമിക്രികാണിച്ച നാണപ്പനെ മാത്തച്ചന്‍ കണ്ണുരുട്ടിക്കാണിച്ചു, തുണിപൊക്കിക്കാണിച്ച ചാത്തുണ്ണിയെ “മനുഷ്യനെ കരയിപ്പിക്കുന്നോടാ” എന്നു ചോദിച്ച് ഓടിച്ചു വിട്ടു.. പിന്നേയും പലരും പലതും കാണിച്ചുകൊണ്ടിരുന്നു.... പക്ഷെ ചിരിമാത്രം വന്നില്ല..

“ഈ നാട്ടില്‍ ചിരിപ്പിക്കാന്‍ പറ്റിയ ഒരുത്തനുമില്ലേ എന്റീശ്വരാ.......... ശാസ്ത്രം തോറ്റുപോയല്ലോ ദൈവമേ ...” ഇതും പറഞ്ഞ് കേശവനാശാന്‍ തന്റെ നെഞ്ചിനിട്ട് ആഞ്ഞടിച്ചുതുടങ്ങിയപ്പോള്‍ ജനങ്ങള്‍ പിരിഞ്ഞുപോയിത്തുടങ്ങി.

അവസാനം ചിരി കാത്തുകാത്ത് മടുത്ത കേശവനാശാനും സ്റ്റുടിയോയുടെ പടിയിറങ്ങിത്തുടങ്ങി..

പെട്ടന്നാണ് സ്റ്റുഡിയോയില്‍ നിന്നും മാത്തച്ചന്‍ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നതു കേട്ടത് . കേട്ടപാതി കേള്‍ക്കാത്തപാതി ക്യാമറാമാന്‍ ഉടന്‍ തന്നെ “ സ്റ്റാര്‍ട്ട്.. ആക്ഷന്‍ ... കട്ട്....” എന്നു രംഗം ക്ലോസപ്പിലാക്കി ..... എന്തരോ....

ചിരികേട്ടോടിവന്ന കേശവനാശാനു സ്ഥലകാലബോധം വരാന്‍ രണ്ടു മിനിറ്റ് സമയമെടുത്തു... കണ്ണുകള്‍ തിരുമ്മിയും സ്വന്തം കൈക്കു കടിച്ചും സംഗതി സത്യമാണെന്നുറപ്പു വരുത്തിയ കേശവനാശാന്‍ നിറകണ്ണുകളോടെ മാത്തച്ചനെ കെട്ടിപ്പിടിച്ചുകൊണ്ടു ചോദിച്ചു...

“ ന്റെ കുട്ടിക്ക് എങ്ങിനെ ചിരിവന്നു?!!!”

ഇതുകേട്ട മാത്തച്ചന്‍ വീണ്ടും പൊട്ടിച്ചിരിച്ചു.... എന്നിട്ട് സ്റ്റുഡിയോയുടെ ജാലകത്തിലൂടെ ഒരു ദിക്കിലേക്കു കൈ ചൂണ്ടി....

മാത്തച്ചന്‍ ചൂണ്ടിയ ദിക്കിലേക്കുനോക്കിയ കേശവനാശാനും പൊട്ടിപ്പൊട്ടിച്ചിരിച്ചുപോയി....

തെങ്ങുകയറ്റത്തൊഴിലിനു പോകുന്നത് പുറത്തുപറയാന്‍ കൊള്ളാത്ത എന്തരോ ലതാണെന്നുള്ള പുതുതലമുറയുടെ കണ്ടുപിടുത്തം കാരണം തേങ്ങയിടാന്‍ ആളെകിട്ടാതെവന്നപ്പോള്‍ മുളകുകറി കൂട്ടി ജീവിതം കഴിച്ചുവരികയായിരുന്ന നാണിയമ്മൂമ്മയുടെ ഒരേയൊരു തെങ്ങില്‍ വലിഞ്ഞുകയറി തേങ്ങയിട്ടുകൊടുത്തുകൊണ്ട് വോട്ടുചോദിക്കുന്ന, കാറില്‍ പോലും മര്യാദയ്ക്കു കയറാനറിയാത്ത ഏതോ രാഷ്ട്രീയനേതാവിന്റെ ദയനീയ മുഖമായിരുന്നു അവിടെ കണ്ടത് .. .

നേതാവിന്റെ ദയനീയതയുടെ ദയനീയത കണ്ട അവിടെ കൂടിനിന്ന എല്ലാവരും പൊട്ടിച്ചിരിച്ചു !!!

കേശവനാശാന്‍ ഉറക്കെ വിളിച്ചുപറഞ്ഞു

“ നേതാവു രക്ഷിച്ചു .... ശാസ്ത്രം ജയിച്ചു.....”