എന്റെ പ്രിയപ്പെട്ടവളായിരുന്ന ശ്യാമളേ....
ഇങ്ങിനെയൊരു കത്ത്, അതും ഞാനയച്ചത്!! ഇതു നീ പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്നെനിക്കറിയാം നിന്റെ കയ്യില്‍ ഇതു കിട്ടുമ്പോള്‍ നിന്റെ മുഖത്തു മിന്നിമറയുന്ന ‘ലാസ്യഭാവങ്ങള്‍ ’ എന്തായിരിക്കുമെന്നെനിക്കു നല്ല നിശ്ചയമുണ്ട് . എനിക്കു പുല്ലാ... ങാ...
കൂട്ടുകാരികളുമൊത്ത് അന്നു നീ കുണുങ്ങിക്കുണുങ്ങി നടന്നുവരുന്നതിന്റെ ഭംഗി ഒന്നുകൊണ്ടു മാത്രമായിരുന്നു നിന്നെയങ്ങു പ്രേമിച്ചേക്കാമെന്ന് ഞാന്‍ തീരുമാനിച്ചത് .. പക്ഷേ എന്തുകൊണ്ടോ നിന്നോടതു നേരിട്ടു പ്രകടിപ്പിക്കാനുള്ള ഒരു ‘ഇതു’കൊണ്ടായിരുന്നല്ലോ എന്റെ വലം കൈ എന്നു നാട്ടുകാര്‍ വിളിച്ചു പോന്നിരുന്ന കോങ്കണ്ണന്‍ പുഷ്കരനെ ഞാന്‍ നമുക്കിടയിലെ ഇടനിലക്കാരനായി നിയമിച്ചത്.
പക്ഷേ സായിപ്പിനെ കണ്ടപ്പോള്‍ ചിലരൊക്കെ ‘ലതു’ മറക്കുമെന്നു പണ്ടാരാണ്ടു പറഞ്ഞപോലെ നിന്നേക്കണ്ടപ്പോള്‍ ഞാന്‍ സ്ഥിരമായി അവനു വാങ്ങിക്കൊടുത്തുകൊണ്ടിരുന്ന ബീഫും പൊറോട്ടയും വരേ അവന്‍ മറന്നുകളഞ്ഞില്ലേ, ആ പരമ ചെറ്റ.... അവനെപ്പറ്റി വിവരിക്കാന്‍ എനിക്കു വാക്കുകള്‍ കിട്ടുന്നില്ലല്ലോ എന്റീശ്വരാ...
നിനക്കു തരാനാണെന്നുപറഞ്ഞ് എത്രയെത്ര ഇഞ്ചിമിട്ടായികളും , പുളിയച്ചാറുകളുമാണെന്നോ ആ ചെകുത്താന്‍ എന്നില്‍ നിന്നും വാങ്ങിച്ചു കൊണ്ടുപോയത് !! ഇതൊന്നും നിനക്കു കിട്ടിയിരുന്നില്ലാ എന്നു ഞാനറിയുമ്പോഴേയ്ക്കും നീ അശ്വതി ബസ്സിലെ ഡ്രൈവര്‍ കുമാരന്റെ രണ്ടു കൊച്ചുങ്ങളെ പ്രസവിച്ചു കഴിഞ്ഞിരുന്നു.
ഇപ്പഴും എന്റെ വീട്ടില്‍ ഞാന്‍ സൂക്ഷിച്ചുവച്ച എന്റെ കണക്കുപുസ്തകം മറിച്ചു നോക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ഈറനണിയാറുണ്ട് എന്ന സത്യവും ഞാന്‍ നിന്നില്‍ നിന്നും ഒളിക്കുന്നില്ല .. മൊത്തം ഇരുനൂറ്റി നാല്പത്തിരണ്ടു ഇഞ്ചി മിട്ടായികളും അറുപതു സെറ്റ് കരിവളകളും ... ഇതു തരുന്നതിന്റെ കൂലിയായി കോങ്കണ്ണന്‍ പുഷ്കരനു വാങ്ങിച്ചുകൊടുത്ത കണക്കില്ലാത്ത പൊറോട്ടയും ബീഫുമടക്കം പത്തിരുനൂറു പോത്തിനെ വാങ്ങാനുള്ള കാശ് ഞാന്‍ ചിലവാക്കിയിട്ടുണ്ട് ...
ഇത്രയും വര്‍ഷംകൊണ്ട് അതിന്റെ പലിശയും കൂട്ടുപലിശയും ചേര്‍ത്ത് ഞാനൊന്നു കൂട്ടിനോക്കിയപ്പോള്‍ സത്യം പറയാലോ, എന്റെ ഇടനെഞ്ചില്‍ നിന്നും ആരോ ചവിട്ടുനാടകം കളിക്കുമ്പോലെയൊരു തോന്നല്‍...!
എനിക്കറിയാം ഈ കത്തു വായിക്കുമ്പോള്‍ നിനക്കെന്നോടു അസഹ്യമായ അനുകമ്പതോന്നുമെന്നും മേപ്പടി പലിശയിനത്തിലേയ്ക്കായി ഒരു തുക നീയെനിക്കു മണിയോര്‍ഡറായി അയച്ചുതരുമെന്നും!
അല്ലേലും നീ തെറ്റുകാരിയാണെന്നു ഞാന്‍ പറയില്ല ...അന്നെനിക്കു ചിലവായതിന്റെ പലിശയും മുതലും തരുന്നതോടെ നമ്മുടെ ഇടപാടു തീരുകയും ചെയ്യും .. എങ്കിലും നമ്മളൊക്കെ ‘ശുദ്ധഹൃദയമുള്ള’ മനുഷ്യരായിപ്പോയില്ലേ ശ്യാമളേ..
അവന്‍, ആ നാറി പുഷ്കരന്‍ നിന്റെയടുത്തുവന്നു സംസാരിക്കുന്നതും നീ ടൂത്തുബ്രഷുപോലും തൊടിയിക്കാതെ പരിശുദ്ധമാക്കിവച്ച നിന്റെ വായതുറന്നു ആര്‍ത്തട്ടഹസിച്ചു ചിരിക്കുന്നതുമെല്ലാം ഞാന്‍ അകലെനിന്നും നോക്കി കോള്‍മയില്‍ കൊള്ളാറുണ്ടായിരുന്നുവെന്നത് നിനക്കറിയാമോ? ഒരിക്കല്‍ ഞാന്‍ കോള്‍മയില്‍കൊള്ളുമ്പോഴായിരുന്നല്ലോ അടുത്തുള്ള ഓടയില്‍ ഞാന്‍ തലയും കുത്തി വീണത് ... എനിക്കു നല്ല ഓര്‍മ്മയുണ്ട് ...
അന്നു മൊബൈല്‍ ഫോണ്‍ നിലവില്‍ വരാതിരുന്നതുകൊണ്ടാണ് എന്റെ ഓടയിലെ സാഹസങ്ങള്‍ പുറം ലോകമറിയാതെ പോയതും, ഞാന്‍ കത്തെഴുതി നിനക്കു വിവരിച്ചുതരേണ്ടി വന്നതും ...
അതവിടെ നില്‍ക്കട്ടെ .... പിന്നെ ഞാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം നിന്റെ അഡ്രസ്സു തപ്പിയെടുത്ത് ഇങ്ങനെയൊരു കത്തെഴുതുന്നതിന്റെ പിന്നില്‍ പഴയ കാശ് ഈടാക്കാനാണെന്നു നീ കരുതിയിട്ടുണ്ടാവും , അതിനുമാത്രം ക്രൂരനൊന്നുമല്ല ഒരു ലോല ഹൃദയവും താങ്ങി നടക്കുന്ന ഈ ഞാന്‍.
അന്നു സംഭവിച്ച ഒരു തുണിയുടുക്കാത്ത സത്യം നിന്നെ അറിയിക്കാന്‍ വേണ്ടിക്കൂടിയാണു ഞാനിതെഴുതുന്നത്.... അതു കേള്‍ക്കുമ്പോള്‍ നീ ഞെട്ടരുത് പ്ലീസ്...
അന്നു കോങ്കണ്ണന്‍പുഷ്കരന്‍ നിന്നോടു ഞാന്‍ പറയാന്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായിത്തന്നെ പറഞ്ഞിരുന്നുവെന്നും ഇഞ്ചിമിട്ടായിയും , കരിവളകളും കൃത്യമായെത്തിച്ചിരുന്നുവെന്നും എനിക്കറിയാം .... ആ മിട്ടായി ‘കൃത്യമായി’ എത്തിക്കാതെ വല്ല കാക്കയ്ക്കും ഇട്ടുകൊടുത്തിരുന്നെങ്കില്‍ പുഷ്കരന്‍ എന്റെ ഹിറ്റ്ലിസ്റ്റില്‍ സ്ഥാനം പിടിക്കുമായിരുന്നില്ല...
അതിനു പകരം അവനെന്നെ കൊലയ്ക്കു കൊടുക്കുകയല്ലായിരുന്നോ .... ?അല്ലായിരുന്നെങ്കില്‍ നിന്റെ മുഖത്തുനോക്കിയവന്‍ സംസാരിച്ചതിനു പകരം നിന്റെ കൂട്ടുകാരിയും ഇപ്പോള്‍ എന്റെ പിള്ളാരെ പെറ്റുകൂട്ടുന്നവളുമായ പൂതനഅമ്മിണിയുടെ മുഖത്തുനോക്കി സംസാരിച്ചിരുന്നെങ്കില്‍ അവളെ ഞാന്‍ കെട്ടേണ്ടി വരില്ലായിരുന്നല്ലോ ...
അന്നു നിന്റെ മുഖത്തുനോക്കിപ്പറഞ്ഞ കാര്യങ്ങളത്രയും ‘അമ്മിണി’യോടാണെന്നു നിങ്ങളെല്ലാവരും തെറ്റിദ്ധരിച്ചതിനു കാരണം അവറ്റെ മുടിഞ്ഞ കോങ്കണ്ണു തന്നെയാണെന്നെനിക്കു മനസ്സിലാകുമ്പോഴേയ്ക്കും വളരെ വൈകിയിരുന്നു...
എന്നെ മാത്രമേ കല്യാണം കഴിക്കുമെന്നു വീട്ടില്‍ ശാഠ്യം പിടിച്ച അമ്മിണിയുടെ തങ്കപ്പെട്ട തന്തപ്പടി ഇടിവാള്‍ വാസു എന്റെ കൊലവള്ളിക്കുപിടിച്ചു “ കെട്ടഡാ... താലീ...” എന്നലറിയപ്പോള്‍ മറ്റെന്തിലും വലുതായിരുന്നല്ലോ എന്റെ കൊലവള്ളി ... അതെനിക്കുതന്നെ വിട്ടുകിട്ടാന്‍ വേണ്ടി ഞാനാ സാഹസം ചെയ്തു.....
പക്ഷേ പൊതുവേ ഭാഗ്യം കമ്മിയായ എനിക്കു ഇന്നും അതു തിരിച്ചുകിട്ടിയിട്ടില്ല.. അന്നു കൊലവള്ളി പിടിച്ചുവച്ചതു തന്തയായിരുന്നെങ്കില്‍ ഇന്നു മകളതില്‍ അമ്മിപ്പിള്ളകൊണ്ട് കാന്താരിമുളകരച്ചു കളിക്കുകയാ.... ഞാന്‍ തേങ്ങുകയാണു ശ്യാമളേ ... ഇപ്പോള്‍ ശൂ... എന്നൊരു ഒച്ചയുണ്ടായി, അതെന്റെ ഹൃദയത്തിന്റെ ഏതോ ഒരു മൂലയില്‍ നിന്നാണ്...
കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ വല്ല പാപവും ചെയ്തിട്ടുണ്ടാവുമെന്നു സമാധാനിച്ചുകൊണ്ടാണു ആത്മഹത്യ ചെയ്യാതെ പിടിച്ചു നില്‍ക്കുന്നത്... അതു മാത്രമല്ല എനിക്കു സന്തോഷിക്കാന്‍ മറ്റൊരു സന്തോഷവാര്‍ത്തകൂടിയുണ്ടായി ....
നമ്മുടെ കാശിന്റെ കണക്കു നിന്നെയൊന്നു എഴുതിയറിയിക്കാന്‍ നിന്റെ അഡ്രസ്സു തപ്പി ഞാന്‍ നിന്റെ കെട്ടിയോന്‍ ഡ്രൈവര്‍ കുമാരന്റെ പുളിമടയിലായിരുന്നു എത്തിപ്പെട്ടത്... ഞാന്‍ അഡ്രസ്സു ചോദിച്ചപ്പോള്‍ അങ്ങേര്‍ പ്രതീക്ഷയോടെയായിരുന്നു എന്നെ നോക്കിയത് ...
നിന്നെ ഞാന്‍ കൊണ്ടുപോവുകയാണെങ്കില്‍ കൂടെ ഒരു കുപ്പി ജോണി വാക്കര്‍ ഫ്രീയായും തരാമെന്ന് ആ മഹാമനുഷ്യന്‍ പറഞ്ഞു .... പക്ഷേ അഡ്രസ്സുമാത്രം മതിയെന്നു പറഞ്ഞപ്പോള്‍ പ്രതീക്ഷതെറ്റിയ ആ മനുഷ്യജീവി അവിടെ കുഴഞ്ഞു വീഴുകയായിരുന്നു ... അതിനു കാരണം ടൂത്തുബ്രഷു തൊടിയിക്കാതെ പരിശുദ്ധമാക്കിവച്ച നിന്റെ ‘തൊള്ള’യാണെന്നെനിക്കറിയാം .... എനിക്കു സന്തോഷമായി ... വരാനിരുന്നത് വഴിയിലെ കുഴിയില്‍ ചാടിപ്പോയല്ലോ...
കുഴഞ്ഞുവീണ കുമാരന്റെ വായില്‍ ഒരുകവിള്‍ വോഡ്ക്കായും കമഴ്ത്തി ഞാന്‍ തിരിഞ്ഞു നടന്നു .....
ഇത്രയൊക്കെ ഹൃദയസ്പര്‍ശിയായ ഈ എഴുത്തുകൊണ്ടുള്ള എന്റെ പ്രതീക്ഷകള്‍ നീ തെറ്റിക്കില്ലെന്നുതന്നെ ഉറപ്പിച്ചുകൊണ്ട് , നിന്റ്റേതാവണമെന്നു കൊതിച്ചിരുന്ന നിന്റേതല്ലാത്ത വി.കെ നാണപ്പന്‍ ചേട്ടന്‍
എന്‍. ബി: നിന്റെ പണം കിട്ടുമെന്നപ്രതീക്ഷയില്‍ ഞാന്‍ ബെല്ലാരിയിലെ അണ്ണാച്ചിക്കു ഇരുനൂറു പോത്തിനു അഡ്വാന്‍സ് കൊടുത്തിട്ടുണ്ട് ... എന്നെ ചതിക്കരുത് പ്ലീസ്...