
" എടാ നാസറേ ........ ന്റെ പടച്ചോനെ നോമ്പ് തൊറക്കാൻ നേരത്ത് ഇവനിതെവടേ ?"
കുഞ്ഞീവി കിടന്ന് ഒച്ചവച്ചിട്ടൊന്നും നാസറിനു കൂസലില്ല. അടുത്തവീട്ടിലെ ആമിനയുടെ ആട് പുല്ലു തിന്നുന്നതും നോക്കിയിരിക്കുകയാണവൻ .
അവന്റെ അഭിപ്രായത്തിൽ ശ്രീമാൻ ആട് മഹാഭാഗ്യവാനാണ് ആടിനു നോമ്പില്ലല്ലോ എന്നും പെരുന്നാളല്ലെ പെരുന്നാൾ. നാസറിന്റെ കൂട്ടുകാരുടെ വീട്ടിൽ വർഷത്തിൽ ഒരുമാസമാണു നോമ്പ് എങ്കിൽ നാസറിന്റെ വീട്ടിൽ വർഷത്തിൽ മുന്നൂറ്റി അറുപത്തഞ്ചു ദിവസവും നോമ്പായിരുന്നു എന്ന സത്യം അറിയുന്നവർ നാലേ നാലുപേർ .
നാസറിനും ഉപ്പയ്ക്കും ഉമ്മയ്ക്കും ദൈവത്തിനും മാത്രമെ നോമ്പുകാര്യം അറിയാവൂ എന്നത് മറ്റൊരു സത്യം.
നാസറിനെ നോമ്പ് തുറക്കാൻ കുഞ്ഞീവി വിളിച്ച് തൊണ്ടയിൽ അവശേഷിക്കുന്ന വെള്ളവും വറ്റിക്കുമ്പോഴേക്കും നമുക്ക് നാട്ടിലൂടെ നടന്ന് റംസാൻ കാഴ്ചകൾ കാണാം.
റംസാൻ മാസം വന്നു കഴിഞ്ഞാൽ പിന്നെ പള്ളിയിൽ ആളുകളെ കൊണ്ട് നിറയും പള്ളിയിലെ മൊല്ലാക്കയ്ക്ക് സന്തോഷം, ഹാപ്പി , മനസ്സു നിറയൽ എന്നെല്ലാം പറയാം.
"ഇത്തറേം മൻഷന്മാർ ഇന്നാട്ടിലിണ്ടല്ലോ" സന്തോഷത്തിന്റെ കഠിനമുഹൂർത്തത്തിൽ മൊല്ലാക്ക അറിയാതെ പറഞ്ഞുപോയി.
സംഗതി സത്യവുമാണ് റംസാനല്ലാത്തപ്പോൾ പള്ളിയിലെ ഇമാമും , മൊല്ലാക്കയും പിന്നെ നിശബ്ദതയുടെ സ്വൈരം കെടുത്താൻ നടക്കുന്ന വലിയ ഫാനിന്റെ കറകുറ ശബ്ദവും മാത്രമായിരിക്കും പള്ളിയിലുണ്ടാവുക.
ഭക്തന്മാരായ ഭക്തജനങ്ങളെല്ലാം മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പോയതായിരിക്കും. നിസ്കരിക്കാത്തവനെപ്പറ്റിയും ദാനധർമ്മങ്ങൾ നൽകാത്തവനെപ്പറ്റിയും എട്ടുദിക്കും ഞെട്ടിച്ചു പ്രസംഗിക്കുമ്പോൾ പള്ളിയിൽ വരാനും നിസ്കരിക്കാനും സമയം കിട്ടില്ല എന്നതിനു അവരെ പറഞ്ഞിട്ടു കാര്യമില്ലാ എന്നത് മൊല്ലാക്കയ്ക്കറിയുമോ . മൊല്ലാക്ക വയസ്സനും കണ്ണിനു കാഴ്ചകുറഞ്ഞവനുമല്ലെ.
മൊല്ലാക്കയ്ക്ക് വല്ലതും മിണ്ടിയും പറഞ്ഞുമിരിക്കാൻ പള്ളിയിലെ ഇമാം മാത്രം. ഇമാമിനു വല്ല തൊണ്ടവേദനയും വന്നു പിടിപെട്ടാൽ ഓ ആ കാര്യം മൊല്ലാക്കയ്ക്ക് ഓർക്കാൻ കൂടി കഴിയുമായിരുന്നില്ല.
"പടച്ചോനെ പള്ളിയിലെ ഇമാമിനു ആരോഗ്യം കൊടുക്കണെ കൊടുക്കണെ" എന്നു പ്രാർത്ഥിച്ച് പ്രാർത്ഥിച്ച് സ്വന്തം കാര്യം പറയാൻ മറന്നുപോയതുകൊണ്ടാണ് മൊല്ലാക്ക ഒരിക്കൽ കോഴിവസന്ത പിടിച്ചു കിടന്നത് എന്നൊരു ജനസംസാരമില്ലാതില്ല.
അതൊക്കെ പഴയ കഥ
മൊല്ലാക്കയ്ക്കറിയാം പള്ളിയുടെ പടി കാണാത്ത പലരും റംസാൻ മാസത്തിൽ റംസാൻ സ്പെഷ്യൽ തൊപ്പിയുമിട്ട് പള്ളിയിൽ വരുമെന്നും റംസാൻ ഒരു പകുതിയാകുമ്പോഴേക്കും വേലിയിറക്കം തുടങ്ങുമെന്നും അത് പെരുന്നാൾ ദിവസവും കഴിഞ്ഞാൽ വീണ്ടും മൊല്ലാക്കയെയും , ഇമാമിനെയും , കറ കറ ഫാനിനേയും ഏകാന്തവാസത്തിനു വിടുമെന്നും.
ഇതെല്ലാം കണ്ട് കണ്ട് നെടുവീർപ്പിട്ട് നെടുവീർപ്പിട്ട് മൊല്ലാക്കയ്ക്ക് ഇപ്പോൾ വലിവിന്റെ അസുഖവും തുടങ്ങി .
പള്ളിയുടെ പുറത്തുള്ള ചെറിയ കെട്ടിടത്തിൽ നിന്നും കേട്ട ബഹളത്തെ ലക്ഷ്യമാക്കി വടികുത്തിയ മൊല്ലാക്ക പതുക്കെ നടന്നു.
നാട്ടിലെ (അറിയപ്പെട്ട) പാവങ്ങളുടെ പേരു വിളിച്ച് നാട്ടിലെ പ്രമാണിമാർ കം പണക്കാർ റംസാൻ മാസക്കാലത്തേക്കുള്ള ഉപ്പിൽ തുടങ്ങി കർപ്പൂരം വരെ വ്യാപിച്ചു കിടക്കുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നു . പാവപ്പെട്ടവൻ സന്തോഷമില്ലാതെ വാങ്ങിപ്പോകുന്നു ( കാര്യ കാരണം പിന്നീട് പറയാം).
വടികുത്തിയ മൊല്ലാക്കയ്ക്കും കിട്ടി ഒരു കെട്ട് . മൊല്ലാക്കയ്ക്ക് സന്തോഷം ദൈവത്തിനു സ്തുതി. ആ ഭക്ഷണ സാധനങ്ങൾ കൊണ്ട് വീട്ടിലെ പട്ടിണിയില്ലാത്ത ദിവസങ്ങളും മക്കളുടെ പുഞ്ചിരികളും മൊല്ലാക്കയിൽ ഓടിയെത്തി.
ഭക്ഷണ സാധനങ്ങൾ എടുത്ത് പാവങ്ങളുടെ കയ്യിൽ കൊടുക്കുന്നത് പള്ളിക്കമ്മറ്റിയിലെ പ്രധാനിയും നാട്ടിലെ പ്രമാണിയുമായ ( ഓൺലി പ്രമാണം വരുമാനം നഹി പണം നഹി) ഹൈദർക്കാ.
ഹൈദർക്കാ പണ്ടത്തെ പേരുകേട്ട തറവാടിയായിരുന്നു. അദ്ദേഹത്തിന്റെ ആയകാലത്ത് ചുറ്റിപ്പറ്റി നിന്നവർ ഇന്ന് കോടീശ്വരന്മാരായപ്പോൾ കണ്ടിട്ടും കാണാതെ പോകുന്നു .
പലർക്കും വാരിക്കോരിക്കൊടുക്കുന്ന സ്വഭാവക്കാരനായിരുന്ന ഹൈദർക്കായുടെ കൂടെ നിന്ന് കാലു വാരിയവന്മാരെ തിരിച്ചറിയാനുള്ള കഴിവില്ലാത്തത്കൊണ്ട് കള്ളക്കേസിൽ അകത്തായ ഹൈദർക്കാ ഉള്ളതെല്ലാം വിറ്റു തുലച്ച് ബാക്കിവന്ന മാളിക വീട്ടിൽ ദാരിദ്ര്യം പുറത്തറിയിക്കാതെ തന്റെ പൊന്നോമനമോൻ നാസറിനോടും പ്രിയ സഖി കുഞ്ഞീവിയോടുമൊപ്പം പട്ടിണി മറ്റുള്ളവരെയറിയിക്കാതെ ജീവിച്ചു പോരുന്നു.
നാലുനേരവും ചോറു വെച്ചു കഴിക്കുന്ന നാട്ടിലെ അറിയപ്പെട്ട പാവപ്പെട്ടവർ കൈ നീട്ടുമ്പോൾ ഒരു നേരമ്പോലും വയറു നിറച്ച് കഞ്ഞികുടിക്കാൻ വകുപ്പില്ലാത്ത ഹൈദർക്കാ പലരോടും കടം വാങ്ങിയിട്ടെങ്കിലും പാവപ്പെട്ടവനെ സഹായിക്കാറുണ്ട്.
ആ ഹൈദർക്കായുടെ മകൻ നാസറിനെ നോമ്പ് തുറക്കാൻ ഹൈദറുടെ സ്വന്തം ഭാര്യയും നാസറിന്റെ സ്വന്തം ഉമ്മച്ചിയുമായ കുഞ്ഞീവി വിളിക്കുന്ന രംഗമാണ് നമ്മൾ ആദ്യം കണ്ടത്.
ഉമ്മയുടേ തൊണ്ടയിലെ വെള്ളം ഏകദേശം വറ്റി എന്നുറപ്പായപ്പോൾ നാസർ ഓടിച്ചെന്നു. കൈകാലുകൾ കഴുകി .
ഉപ്പയുടെയും ഉമ്മയുടെയും കൂടെ നോമ്പ് തുറക്കാൻ പള്ളിയിലെ ബാങ്കും കാത്തുനിന്നു .
ബാങ്ക് കൊടുത്തു, പച്ചവെള്ളം കൊണ്ട് ആ കുടുംബം നോമ്പ് തുറന്നു.
തന്റെ മുന്നിലുള്ള കുറച്ചുമാത്രം വറ്റുള്ള കഞ്ഞി ആർത്തിയോടെ കുടിക്കുമ്പോൾ നാസറിനൊരു സംശയം വന്നു വന്ന സംശയം ചൂടാറാതെ അവൻ ഉമ്മയോടു ചോദിച്ചു.
" ഉമ്മാ ഞമ്മളെ ബഷീറിന്റെ വീട്ടിൽ എന്നും ചോറു വെക്കാറുണ്ടു പോലും നല്ല രസായിരിക്കും അല്ലെ ചോറു തിന്നാൻ ?!!"
ഇതുകേട്ട കുഞ്ഞീവി പൊട്ടിക്കരഞ്ഞ് അടുക്കളയിലേക്കോടിയപ്പോൾ തന്റെ കണ്ണിൽ നിന്നും അടർന്ന് കഞ്ഞിപ്പാത്രത്തിൽ വീണ കണ്ണുനീരിൽ കണ്ണും നട്ട് നിശ്ചലനായിരിക്കുകയായിരുന്നു നമ്മുടെ ഹൈദർക്കാ.
സമയം കടന്നുപോയപ്പോൾ നാസറിനെയും കൂട്ടി ഹൈദർക്കാ പള്ളിയിലേക്കു നടന്നു. സമയം ഇരുട്ട് വീണു തുടങ്ങിയിട്ടുണ്ട്. അരണ്ട വെളിച്ചത്തിൽ ആ ഉപ്പയും മകനും നടന്നു നീങ്ങി.
നാട്ടിലെ അറിയപ്പെട്ട പാവപ്പെട്ടവനായ ബീരാന്റെ വീടിനടുത്തെത്തിയപ്പോൾ എന്തോ ബഹളം കേട്ട അവർ അങ്ങോട്ടു ശ്രദ്ധിച്ചു.
ബീരാന്റെ ഫാര്യ ( വേണമെങ്കിൽ ഭാര്യ എന്നും പറയാം) തടിച്ചി സൈനബ ബീരാനോട് യുദ്ധം ചെയ്യുകയാണ്
" അല്ല മനുസ്യനെ ഈ നാട്ടിലെ മൊതലാളിമാർക്ക് അരിയും , കോഴിയും , പുട്ടുപൊടിയുമെല്ലാം ഞമ്മക്ക് തരുന്ന സമയം കൊണ്ട് ഒരു അയ്യായിരമൊ , പതിനായിരമൊ തന്നാലെന്താ? "
" അങ്ങനെയൊന്നും പറയല്ല എന്റെ സൈനബാ ഞമ്മൾ പട്ടിണി കെടക്കാതിരിക്കാനല്ലെ ഓര് അതൊക്കെ തരണത്?"
" പട്ടീണി തു ഫൂ......."
സൈനബ ഉറഞ്ഞുതുള്ളി ആഞ്ഞുതുപ്പി. തുപ്പലിലെ ചില്ലുകൾ പരിസരത്തു കിടന്നു ചിന്നിച്ചിതറി. എന്നിട്ടു തുടർന്നു.
" പട്ടിണീ .. പട്ടിണീന്നും പറഞ്ഞ് നാട്ടിലെ സകല സംഘടനകളും തരും അരിയും പിണ്ണാക്കും ഒലക്കേടെ മൂടും .. "
എന്നിട്ട് വീട്ടുമുറ്റത്ത് ഒരു ചാക്കിൽ കൂട്ടിക്കെട്ടിയ സാധനങ്ങൾക്കു നേരെ ചൂണ്ടി സൈനബ ഉറഞ്ഞു എന്നുമാത്രമല്ല നാലഞ്ചു തുള്ളലുംകൂടി തുള്ളിത്തീർത്തു എന്നിട്ടു തുടർന്നു.
" കയിഞ്ഞ നോമ്പിനും പെരുന്നാളിനും ഇവടെ പലരും തന്ന് കുന്നു കൂട്ടിയ സാധനങ്ങളാണ് ആ കിടക്കുന്നത് .. ഞമ്മൾ വയറ് നെറച്ച് കയിച്ചിട്ടും ബാക്കി ബന്ന ആ സാധനങ്ങൾ ഇപ്പൊ പൂത്ത് തുടങ്ങി . ഇനി അത് കുയി കുത്തി അതിലിട്ട് മൂടുന്ന പണിയും ഞമ്മക്കല്ലെ..."
ഇതെല്ലാം കേട്ടുനിന്ന ഹൈദറും മകൻ നാസറും കൂടുതൽ കേട്ട് ചെവി കേടുവരുത്താതെ പള്ളിയിലേക്കു വച്ചു പിടിച്ചു.
ഇതൊക്കെയല്ലെ ഇന്നു നാട്ടിൽ നടക്കുന്നത്?!!! പാവപ്പെട്ടവനെന്ന ലേബൽ വന്നു പോയവനെ സഹായങ്ങളുടെ കൂമ്പാരംകൊണ്ട് നിറയ്ക്കുമ്പോൾ യഥാർത്ഥ പട്ടിണിക്കാരനായ മുണ്ട് മുറുക്കിയുടുക്കുന്നവനെ മറന്നുപോകുന്നതൊ അതൊ കണ്ടില്ലെന്നു നടിക്കുന്നതൊ? സഹായങ്ങൾ ചെയ്യുമ്പോൾ അത് യഥാർത്ഥ അവകാശിക്കുതന്നെയാണൊ കിട്ടുന്നത് എന്നു നാം ചിന്തിക്കാറുണ്ടൊ? സംഘടനകൾ പണം പിരിച്ചും, പാർട്ടികൾ പണം മറിച്ചും സഹായിക്കാൻ മത്സരിക്കുമ്പോൾ ഹൈദറിനേയും കുടുംബത്തിനേയും പോലുള്ള ഒരുപാട് കുടുംബങ്ങൾ പരാതിയും പരിഭവവുമില്ലാതെ ഇവിടെ ജീവിക്കുന്നു എന്ന സത്യം നമ്മൾ ഓർക്കറുണ്ടോ!!!!!!!!!
പാവങ്ങളെ സഹായിക്കരുത് എന്നൊരിക്കലും ഞാൻ പറയുന്നില്ല. ഒരാൾക്ക് ഒരു സംഘടനയൊ , പാർട്ടിയൊ സഹായങ്ങളെത്തിക്കുമ്പോൾ അതേ ആൾക്കു തന്നെ വീണ്ടും വീണ്ടുമെത്തിക്കാൻ മറ്റുള്ളവരും ശ്രമിക്കുന്നു എന്നതാണു നമുക്കു കാണാൻ കഴിയുന്നത്. സമൂഹത്തിന്റെ മുൻപിൽ കൈനീട്ടാൻ മടിയുള്ള എത്രയോ പാവപ്പെട്ട കുടുംബങ്ങൾ നമ്മുടെ കേരളത്തിൽ ഇന്നുണ്ട് എന്നത് നമ്മളിൽ എത്രയാളുകൾക്കറിയാം? നമ്മുടെ മക്കളെല്ലാം വയറു നിറയ്ക്കുമ്പോൾ. നിറയാത്ത വയറിന്റെ വേവലാതികൾ വിളിച്ചു പറയാതെ കണ്ണുനീർ പോലും പുറത്തു കാണിക്കാതെ എല്ലാം ഉള്ളിലൊതുക്കിക്കഴിയുന്ന എത്രയെത്ര കുരുന്നുകൾ നമ്മുടെ നാടുകളിലെല്ലാം ഉണ്ട് എന്നത് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഞാൻ ചോദിക്കട്ടെ. ആരാണു യഥാർത്ഥ മിസ്കീൻ (പാവപ്പെട്ടവൻ)??????!!!