രസികന്‍ എന്ന നാമത്തില്‍ രണ്ടായിരത്തിയെട്ട് മെയ് മാസത്തിലാണ് ഞാന്‍ ബ്ലോഗ് തുടങ്ങിയത്. അതുമുതല്‍ ബ്ലോഗില്‍ സജീവവുമായിരുന്നു. പല നല്ല ബ്ലോഗുകള്‍ വായിക്കാനും, പലരുമായിട്ടും പരിചയപ്പെടാനും കഴിഞ്ഞു എന്നത് വലിയ ഒരു നേട്ടമായി ഞാന്‍ കരുതുന്നു. ഇപ്പോള്‍ കുറച്ചു കാലമായി പോസ്റ്റിടാനും അതുപോലെ മറ്റു ബ്ലോഗുകള്‍ വായിക്കുന്നതിലും പണ്ടത്തെപ്പോലെ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലാ എന്നത് സത്യമാണ്. എങ്കിലും സമയം കിട്ടുമ്പോള്‍ ബ്ലോഗുകള്‍ വായിക്കാറുണ്ട് പോസ്റ്റുകളിടാറുമുണ്ട്.
ഇന്നലെ എന്റെ ഒരു ബ്ലോഗിംഗ് സുഹൃത്തിന്റെ ഒരു ഈമെയില്‍ സന്ദേശത്തെത്തുടര്‍ന്നാണ് ഞാന്‍ ഇങ്ങനെയൊരു പോസ്റ്റിടുന്നത്.
“സുഖമെന്ന് കരുതട്ടെ.
താങ്കളുടെ ടീച്ചറ്ക്ക് ഒരു പ്രേമ ലേഖനം എന്ന് പോസ്റ്റ് ഇത്തിരി കുഞ്ഞൻ എന്ന് പേരിട്ടൊരു ബ്ലോഗിൽ കണ്ടല്ലൊ...?????“ എന്നായിരുന്നു ആ സന്ദേശം. ഇതേതുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ദേകിടക്കുന്നു .... ഇത്തിരി കുഞ്ഞന്റെ തോളില്‍ തൂങ്ങി “ടീച്ചര്‍ക്കൊരു പ്രേമലേഖനം” എന്ന എന്റെ പോസ്റ്റ്!!!!
ഇത്തിരിക്കുഞ്ഞന്‍ എന്ന ബ്ലോഗറോടെനിക്കു പറയാനുള്ളത്
സ്വന്തമായിട്ട് വല്ലതുമെഴുതി കഴിവു തെളിയിക്കൂ എന്നാണ് . അല്ലാതെ മറ്റുള്ളവന്റേ പോസ്റ്റ് കട്ടെടുത്ത് സ്വന്തം ബ്ലോഗിലിട്ടു പൂശുന്നതില്‍ വലിയ കേമത്തമൊന്നുമില്ല. ബ്ലോഗ് നാലാളു ശ്രദ്ധിക്കുക എന്നതിലുപരി സ്വന്തം കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്നതിനുകൂടി പ്രാധാന്യം നല്‍കണം.
ഇന്ന് ഇത്തിരി കുഞ്ഞന്റെ ബ്ലോഗില്‍ നിന്നും എന്റെ പോസ്റ്റ് അയാള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട് അതുകൊണ്ടുതന്നെ ഇവിടെ ഒരു ലിങ്ക് കൊടുത്ത് അയാള്‍ക്കൊരു പബ്ലിസിറ്റി കൊടുക്കാന്‍ തല്‍ക്കാലം ഞാനാഗ്രഹിക്കുന്നില്ല.
ഇതേ തുടര്‍ന്നാണ് എന്റെ പോസ്റ്റുകള്‍ എവിടെയൊക്കെ ആരുടെയൊക്കെ വിലാസത്തില്‍ വിലസുന്നുണ്ട് എന്ന ചെറിയ ഒരു അന്വേഷണം നടത്തിയത്.
അപ്പോഴാണ് ‘ മലയാളം ഫണ്‍ ‘ എന്ന പേരിലുള്ള കള്ളന്മാരുടെ ഗോഡൌണിനെപ്പറ്റി അറിയാന്‍ കഴിഞ്ഞത് പലരുടേയും സൃഷ്ടികള്‍ മോഷ്ടിച്ചെടുത്ത് സ്വന്തം ലേബലൊട്ടിച്ച് ഒരു ഉളുപ്പുമില്ലാതെ ഈ മൈല്‍ വഴിയും മറ്റും പ്രചരിപ്പിക്കാനുള്ള സംവിധാനവും ചെയ്തുവെച്ചിട്ടുണ്ട് ഇതില്‍ ... കൂട്ടത്തില്‍ എന്റെ “ ടീച്ചര്‍ക്കൊരു പ്രേമലേഖനം” എന്ന പോസ്റ്റ് “പ്രിയപ്പെട്ട ടീച്ചര്‍ക്കുള്ള പ്രേമലേഖനം” എന്നപേരില്‍ അവിടെ മലയാളം ഫണ്ണില്‍ വെണ്ടയ്ക്കാ അക്ഷരത്തില്‍ അവരുടെ പരസ്യവും പതിപ്പിച്ച് കുളിപ്പിച്ച് നിര്‍ത്തിയിട്ടുണ്ട്.. ഇതാ ഇവിടെ ക്ലിക്കിയാല്‍ തൊണ്ടിമുതലുകള്‍ കണ്ടെത്താം. നിങ്ങള്‍ തന്നെ പറ ഇവനെയൊക്കെ എന്തു ചെയ്യണം?
****************
ഒരിക്കല്‍ എന്റെ ഒരു കൂട്ടുകാരന് ഞാന്‍ ശ്രീ ബെര്‍ളി തോമസിന്റെ ബ്ലോഗിന്റെ ലിങ്ക് അയച്ചുകൊടുത്തു. അതു വായിച്ച എന്റെ കൂട്ടുകാരന്‍ പറഞ്ഞത് ഇങ്ങിനെയായിരുന്നു.
“ഹും ഇതാണൊ നീ പറഞ്ഞ വലിയ സംഭവം ബ്ലോഗ്? “ ... ബെര്‍ളിയുടെ ബ്ലോഗിനെ ഇങ്ങിനെ പുഛിക്കാനുള്ള കാരണം തിരക്കിയപ്പോള്‍ അവന്‍ പറയുകയാ..
“ ഈ മൈലിലൂടെയും മറ്റും ആളുകള്‍ വായിച്ചു മടുത്ത സംഭവങ്ങളെല്ലാമെടുത്ത് പോസ്റ്റാക്കുന്ന വിരുതനല്ലേ ബെര്‍ളി?”
അവന്റെ മറുപടി കേട്ട ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി .... പിന്നീടു ഒന്നു രണ്ടു പൊട്ടിച്ചിരിക്കു ശേഷം ബെര്‍ളിയുടെ പല കഥകളും പലരും കട്ടുകൊണ്ടുപോയി ഇമൈല്‍ വഴിയും എന്തിനു ആനുകാലികങ്ങളില്‍ വരേ പ്രസിദ്ധപ്പെടുത്തി കയ്യടി വാങ്ങിക്കുന്ന കഥ ഞാനവനു പറഞ്ഞു കൊടുക്കുകയുണ്ടായി. അതില്‍ പിന്നെ ബെര്‍ളി കട്ടെടുത്ത് പോസ്റ്റുകയാണെന്ന സംശയം എന്റെ കൂട്ടുകാരനെ പിടികൂടിയിട്ടില്ല.
ആ സംഭവം ഇവിടെ ഇപ്പോള്‍ ഞാനോര്‍ക്കുകയാണ് (ചുമ്മാ). ഇന്നെനിക്കു മനസ്സിലായി നമ്മുടെപോസ്റ്റുകള്‍ മറ്റൊരുവന്‍ കട്ടുകൊണ്ടുപോയി കയ്യടി വാങ്ങിക്കുന്നതിന്റെ വിഷമം... ( ബൂലോകത്ത് ഇതിനുമുന്‍പും പലരുടേയും കഥകള്‍ പല സ്ഥലത്തും കോപ്പിയടിച്ച് പലരും കയ്യടി വാങ്ങിയിട്ടുണ്ട് എന്ന സത്യം നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്)
ഞാനൊരിക്കല്‍ക്കൂടി ചോദിക്കട്ടെ ഈ വിരുതന്മാരെ നാം എന്തു വിളിക്കണം? നാളെ നമ്മുടെ ഓരോരുത്തരുടേയും സൃഷ്ടികള്‍ക്കുനേരെ ചൂണ്ടിക്കൊണ്ട് ‘ഇതു ഞങ്ങള്‍ ഇമൈല്‍ വഴി വായിച്ചിട്ടുള്ളതാ അതു നീ അടിച്ചു മാറ്റിയതല്ലേ‘ എന്ന ചോദ്യം വന്നാല്‍ നാമെന്തു ചെയ്യും ?
കട്ടുകൊണ്ടുപോയവന്‍ വല്ല മാതൃഭൂമിയിലോ... മനോരമയിലോ ഇട്ടിരുന്നെങ്കില്‍ ( ചുമ്മാ ഒരു ആഗ്രഹം പറഞ്ഞതാ) നമുക്കൊരു ഗായും മായും ( ഗമ) ഉണ്ടാവുമായിരുന്നു .... “ ദോണ്ടെഡേ.... ലത് നമ്മടെ സൃഷ്ടി അടിച്ചോണ്ടുപോയതാ..” എന്നെങ്കിലും പറഞ്ഞു സമാധാനിക്കാമായിരുന്ന. ഇവിടെ പോങ്ങുമ്മൂടന്റെ ‘ സ്റ്റാര്‍ട്ട്... കണ്ടന്റ് തെഫ്റ്റ്. പ്ലീസ്! ‘ എന്ന പോസ്റ്റിനെയാണെനിക്കോര്‍മ്മവന്നത് ....
ഏതായാലും പോസ്റ്റ് കട്ടുകൊണ്ടുപോയി ... അത് ഗോഡൌണില്‍ നിന്നും ഇമൈലിലേക്കും മറ്റും മലയാളം ഫണ്ണിന്റെ ലേബലൊട്ടിച്ച് കയറ്റിയയക്കുമ്പോള്‍ ഒരു ചെറിയ കോണിലെങ്കിലും ഈ പാവം സൃഷ്ടാവിന്റെ ലിങ്ക് കൊടുത്തിരുന്നെങ്കില്‍ എന്നു വെറുതേ ആഗ്രഹിച്ചതില്‍ തെറ്റുണ്ടോ? .... ങാ.. വരാനുള്ളത് ജെ.സി.ബിയും പിടിച്ചു വരുമല്ലോ.....
പ്രിയ മലയാളം ഫണിന്റെ മുതലാളീ ഇതിന്റെ പേരില്‍ ഞാന്‍ ബ്ലോഗിനു കരിയോയിലും പാമോയിലുമൊന്നും പൂശുന്നില്ല പക്ഷേ താങ്കള്‍ ചെയ്തത് ഒന്നാംതരം ചെറ്റത്തരമാണെന്ന് ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നു.
ബാക്കി സഹ ബ്ലോഗേഴ്സിനും വായനക്കാര്‍ക്കും വിടുന്നു ... സസ്നേഹം രസികന്‍ ..