Monday, October 6, 2008

ബ്ലോഗ് തപ്പിയ ബ്ലോഗര്‍ (ഓടിവരണേ)

ആരെങ്കിലും എറിഞ്ഞുടച്ച വല്ല തേങ്ങാക്കഷണവും കിട്ടുമോന്നറിയാൻ ബൂലോഗപറമ്പിലൂടെ കറങ്ങുന്ന കറക്കത്തിൽ തലപോയ തെങ്ങുകളും, ഇല്ലാത്ത തലയ്ക്കു പകരം ഫോറിൻ തല പിടിപ്പിച്ച കവുങ്ങുകളും , കൊടുംകാറ്റിൽ ഇളകാത്ത തേങ്ങാക്കുലകളും അങ്ങിനെ ഒടുക്കമില്ലാത്ത പലതും കണ്ടുകൊണ്ടിരിക്കുകയാണ്‌ .
എന്തിനേറെ പറയണം നമ്മുടെ സ്വന്തം ഉണ്ണിയാർച്ചയെ ലൈനടിച്ചു നടന്ന ഫ്രാഡ്‌ ചന്തുവിനെപ്പോലും കാണാൻ കഴിഞ്ഞു . അതെ ആ ചന്തു തന്നെ പണ്ട്‌ ബിരിയാനിയിലെ ബീഫ്‌ പൊട്ടിച്ചു തിന്നാൻ ചുറ്റിക പണിതുനൽകിയ കൊല്ലനിട്ടു പണീതവൻ ചന്തു.
ഞങ്ങൾ പുലിയുടെ കുടുംബമാണെന്ന് വീമ്പിന്റെ കൂടെ വമ്പും പറഞ്ഞ്‌ ഒരെലിയെപ്പോലും പിടിച്ച ചരിത്രം നഹിയായ പൂച്ചക്കുട്ടന്മാർ പരസ്പരം കടിച്ചുക്‌Iറുന്ന കാഴ്ചകണ്ടിട്ടും കണ്ടില്ലെന്നുനടിച്ചു.

കഷ്ടിച്ചു സൃഷ്ടിച്ച സൃഷ്ടികളെ കപ്പടാമീശവച്ച പെമ്പിള്ളേർ കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയിൽ ഒണക്കമീനിനൊപ്പം വിറ്റു കയ്യടി വാങ്ങിയപ്പോൾ നെഞ്ചത്തടിച്ചു കരഞ്ഞ സൃഷ്ടികർത്താക്കളെകണ്ടപ്പോൾ ഞാനീ നാട്ടുകാരനേയല്ലെന്നുപറഞ്ഞു തടിയൂരി. ഒരു പറമ്പിൽ ചെന്നപ്പോൾ ചിരിച്ചു ചിരിച്ച്‌ മണ്ണുകപ്പിയപ്പോൾ അതിന്റെ ഉടമസ്ഥൻ " ചിരിച്ചോ പക്ഷേ ഒരു തരി മണ്ണുപോലും കപ്പരുത്‌ " എന്നുപറഞ്ഞ്‌ കൺനുരുട്ടിയപ്പോൾ തിരിച്ചുരുട്ടാൻ ഒരു മണ്ടരിപിടിച്ച തേങ്ങപോലും കിട്ടാതെ മടങ്ങി.

തന്റെ തിരഞ്ഞെടുത്ത പതിനായിരത്തി ഇരുപത്തിയാറര മണ്ടത്തരങ്ങൾ കൃഷിചെയ്യുന്ന കർഷകന്റെ അടുത്തെത്തിയപ്പോൾ അയാൾ മോരുവെള്ളം തന്നു സ്വീകരിച്ചിരുത്തി ( മോരുകുടിച്ചിട്ടെന്കിലും കെട്ടടങ്ങട്ടെ എന്നു കരുതിക്കാണും)
പിന്നേയും നീണ്ടുകിടക്കുന്ന പല പറമ്പുകളിലും കയറി കപ്പ , മുളക്‌, ബ്രോസ്റ്റഡ്‌,പായസം, തുടങ്ങിയ വഹകൾ രുചിച്ചുനോക്കുകയും അടുത്ത പറമ്പുകളിൽ നിന്നും വന്ന പാട്ടുകേട്ട്‌ ഉറക്കം വന്നപ്പോൾ പണ്ടെന്നോ കുഴിച്ചിട്ട കാമുകിയുടെ ചരിത്രം മാന്തിയെടുത്ത്‌ അടുപ്പത്ത്‌ വെക്കാതെ പാകപ്പെടുത്തി രുചിച്ചുനോക്കിയ ഒരു പറമ്പ്കാരന്റെ നിലവിളി വന്ന ഉറക്കത്തെ പിന്നിൽ ഉലക്കയുമായി നിൽക്കുന്ന അയാളുടെ കണവിയുടെ കണ്ണിൽപ്പെടാതെ തിരിച്ചയച്ചു.
പറമ്പിൽ വേലികെട്ടുന്നതും വേലിചാടുന്നതും തുടങ്ങി മരംകേറ്റം വരെ പഠിപ്പിക്കുന്ന റ്റ്യൂഷൻ സെന്ററിന്റെ അടുത്തെത്തിയപ്പോൾ ഫീസില്ലാതെ ഓസിനു ക്ലാസിൽ ഒളിഞ്ഞുനോക്കുന്ന ആരൊക്കെയോ ഓടി മറഞ്ഞു.
ഇനിയുമെന്തെല്ലാം കാഴ്ചകൾ കിടക്കുന്നു!!!
നട്ടുച്ച സമയത്ത്‌ ഒരു പെൻ ടോർച്ച്‌ പോലുമെടുക്കാതെ ഒറ്റയ്ക്ക്‌ ചന്തയ്ക്ക്‌ പോയവൻ എന്ന് എന്റെ ധൈര്യത്തെപ്പറ്റി നാട്ടിലെ ഏതോ തൊഴിലില്ലാക്കവികൾ പാടിപ്പുകഴ്ത്തിയപ്പോൾ എനിക്ക്‌ പുളകമുണ്ടായെങ്കിലും അത്‌ ഒരു പറമ്പ്‌ വിലയ്ക്കെടുക്കുന്നതിൽ എന്നെകൊണ്ടെത്തിക്കും എന്നു ഞാൻ കരുതിയില്ല.
പഴയയൊരു താപ്പാന കുത്തിനടക്കാനും ( പിച്ചവെയ്ക്കുമ്പോൾ) , കുത്തി നോക്കാനും (നോവിക്കാതെ) കമ്പില്ലാത്ത ഒരു വടിയും കയ്യിൽത്തന്ന് അയൽ പറമ്പുകാരെയൊക്കെ പരിചയപ്പെടുത്തിയ ശേഷം എങ്ങോ ഓടി മറഞ്ഞു.
കാലചക്രം കാലനുവേണ്ടി കറങ്ങിയകറക്കത്തിന്റെ ഒഴുക്കിൽകിടന്ന് എന്റെ പറമ്പിലും കളകളുടെ കൂടെ വിളകളും വളർന്നു.
എങ്കിലും പുതിയ കാഴ്ചകൾ തേടിയുള്ള യാത്ര തുടർന്നുകൊണ്ടിരുന്നു. അപ്പോഴാണ്‌ പുതിയൊരു പറമ്പിലെ പച്ചപിടിച്ച മരത്തിൽ സുഗന്ധമുള്ള പൂക്കൾ തഴച്ചു വളരുന്നത്‌ കണ്ട്‌ നോക്കി നിന്നുപോയത്‌.
എന്റെ ബ്ലോഗായ ബ്ലോഗു തപ്പൽ യജ്ഞത്തിനിടയിൽ പുതിയൊരു നല്ല ബ്ലോഗ്‌ ശ്രദ്ധയിൽപ്പെട്ടത്‌ എനിക്കിഷ്ടമായപ്പോൾ നിങ്ങൾക്കും ഇഷ്ടമാകുമെന്ന് കരുതി. നിങ്ങളുംകൂടി ഒന്നു നോക്കൂ ഇതാ ഇതിലെ ആ ബ്ലോഗിലേക്ക്‌ കടക്കാം.

15 comments:

രസികന്‍ said...

കഷ്ടിച്ചു സൃഷ്ടിച്ച സൃഷ്ടികളെ കപ്പടാമീശവച്ച പെമ്പിള്ളേർ കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയിൽ ഒണക്കമീനിനൊപ്പം വിറ്റു കയ്യടി വാങ്ങിയപ്പോൾ നെഞ്ചത്തടിച്ചു കരഞ്ഞ സൃഷ്ടികർത്താക്കളെകണ്ടപ്പോൾ ഞാനീ നാട്ടുകാരനേയല്ലെന്നുപറഞ്ഞു തടിയൂരി.

ബഷീർ said...

കൊള്ളാം..
എന്നാലും നട്ടുച്ചനേരത്ത്‌ ഒരു ടോര്‍ച്ച്പോലും ഇല്ലാതെ..
അ-പാര ധൈര്യം തന്നെ.

ഇനി ആ ലിങ്കില്‍ പോയി നോക്കട്ടെ. പിന്നെ വരാം

രമ്യ said...

കാമുകിയുടെ ചരിത്രം മാന്തിയെടുത്ത്‌ അടുപ്പത്ത്‌ വെക്കാതെ പാകപ്പെടുത്തി രുചിച്ചുനോക്കിയ ഒരു പറമ്പ്കാരന്റെ നിലവിളി വന്ന ഉറക്കത്തെ പിന്നിൽ ഉലക്കയുമായി നിൽക്കുന്ന അയാളുടെ കണവിയുടെ കണ്ണിൽപ്പെടാതെ തിരിച്ചയച്ചു

valiyaparambu.blogspot

നരിക്കുന്നൻ said...

ഞാനിപ്പം വന്ന് വായിക്കാം കെട്ടോ.. അല്പം തിരക്കിലാ‍....

കുറ്റ്യാടിക്കാരന്‍|Suhair said...

പരിചയപ്പെടുത്തിത്തന്നതിന് നന്ദി മാഷേ...

പോസ്റ്റ് രസകരം.

ജിജ സുബ്രഹ്മണ്യൻ said...

പതിവു പോലെ രസകരമായ പോസ്റ്റ്..പുതിയ ലിങ്കിനു നന്ദി ണ്ട് ട്ടോ

നരിക്കുന്നൻ said...

ലവനാല്ലേ ലിവൻ. രസകരമായിരിക്കുന്നു ഈ പോസ്റ്റ്. പുതിയ പരിചയപ്പെടുത്തലിന് നന്ദി. ഒന്ന് പോയി നോക്കട്ടേ...

ഇപ്പോൾ നട്ടുച്ചനേരത്തും പെൻ ടോർച്ച് എടുക്കേണ്ടി വരും ഈ ബൂലോഗത്തൂടെ നടക്കാൻ. നല്ല സൃഷ്ടികൾ ടോർച്ചടിച്ച് നോക്കിയെടുക്കുക തന്നെ വേണം.

smitha adharsh said...

പതിവു പോലെ...നല്ല പോസ്റ്റ്...
തന്ന ലിങ്കിലൂടെ പോയി നോക്കി കേട്ടോ..അതും,നിരാശപ്പെടുത്തിയില്ല.

അലി കരിപ്പുര്‍ said...

രസികൻ,
കടം വീട്ടിയല്ലെ. നന്ദി.

പെരുന്നാളായത്‌കൊണ്ട്‌, ആരോരുമറിയാതെ ഒരു പുതിയ കുപ്പായം തുന്നാനിറങ്ങിയതായിരുന്നു. അപ്പോഴാണ്‌...

പണ്ടോരു ലിഫ്റ്റ്‌ തന്നെന്ന് കരുതി, എന്നെ റോക്കറ്റിൽ കയറ്റി വിടുമെന്ന് കരുതിയില്ല.

അടുക്കള മുഴുവൻ പരതിനോക്കി, ചൂടോടെ എന്തെങ്കിലും രസികനു തരുവാൻ. കമഴ്തിവെച്ച ചട്ടികൾ നോക്കി നെടുവീർപ്പിടുന്ന നേരത്താണ്‌ ഉമ്മ പറഞ്ഞത്‌. "ന്നാ, ഇതാങ്ങട്ട്‌ കെടുത്താളാ.".

പഴുത്ത്‌ പാകമായ ഹൃദയത്തിന്റെ ഒരല്ലി അടർത്തിയെടുത്ത്‌, രണ്ടിറ്റ്‌ കണ്ണുനിരും കൂട്ടി അരച്ചെടുത്ത രണ്ടക്ഷരം.

"നന്ദി".

മറ്റൊന്നും കൈയിലില്ല.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

രസികാ

Typist | എഴുത്തുകാരി said...

രസികാ, രസകരം.

അലി കരിപ്പുര്‍ said...

രസികൻ,

കുഴിയിലേക്ക്‌ കാലും നീട്ടിയിരിക്കുന്ന (വയസായിട്ടല്ല, വെട്ട്‌ കല്ലിന്റെ പണിക്ക്‌ പോവുന്നവരാണ്‌) ബ്ലോഗികളുടെയും അവരെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ, മുന്ന്, മൂന്നര, മൂന്നെ മുക്കാൽ കിലോമിറ്റർ അകലത്തിൽ തലയുയർത്തിപിടിച്ച്‌ നടക്കുന്ന ബ്ലോഗറുകളുടെയും ജീവ ചരിത്രവും, ബയോളജിയും, പാടവരമ്പത്ത്‌ കയറിയിരുന്ന്‌ വെറുതെ നോക്കികാണുകയായിരുന്നില്ലാന്ന്, നോട്ടം ഉന്നം തെറ്റാതെ തോട്ട്‌വക്കതെ നിറഞ്ഞ മാറിടങ്ങൾ, അരെയെങ്കിലും കാണിക്കുവാൻ ധൃതികൂട്ടുന്ന, ആരെങ്കിലും കണ്ടാൽ തന്നെ ഒരു ചേതവുമില്ലെന്ന ഭാവത്തിൽ നിൽക്കുന്ന സിന്ധുവിലായിരുന്നു എന്ന സത്യം ഞാൻ അറിഞ്ഞത്‌, സിന്ധുവിനെ വിറ്റ്‌ വിസയെടുക്കുവാൻ രസികൻ ശ്രമിച്ചപ്പോഴാണ്‌.

എന്നാലും, ഇത്‌ ഒന്ന് ഒന്നര അലക്കായിപോയി മോനെ.

അക്ഷേപ ഹാസ്യം ശ്രദ്ധിക്കണം. കൈയീന്ന് പോവരുത്‌, മാത്രമല്ല, തിരിച്ച്‌ വരുബോൾ അത്‌ വാങ്ങിവെക്കുവാൻ ഉമ്മറത്ത്‌ സ്ഥലവും, ആളും ഉണ്ടായിരിക്കണം.

പഴയ ചിലതോക്കെ വായിച്ചു. "ചിരിച്ചോ, പക്ഷെ മണ്ണ്‌ കപ്പരുതെന്ന മുന്നറിയിപ്പ്‌" അനുസരികയാണ്‌.

കഥപത്രങ്ങൾ ഇഷ്ടം പോലെ ഈ പറമ്പിൽ തന്നെ ഗതികിട്ടതെ അലഞ്ഞ്‌ നടക്കുന്നുണ്ട്‌. അവരെ തളച്ചില്ലെങ്കിൽ, ചിലതെങ്കിലും എന്റെ പറമ്പിൽ കയറി നിരങ്ങും. ജഗ്രതൈ.

ശിഷ്യപ്പെടണമെന്നാഗ്രഹമുണ്ട്‌, റിയാലിന്‌ വിലകൂടിയത്‌കൊണ്ട്‌, ആ മോഹവും ജനാല തുറന്ന് പുരത്തേക്കിട്ടത്‌, വീണ്‌ പൊട്ടിയത്‌, ബലദിയ പെട്ടിയില്ല്‌.

രസികന്‍ said...

ബഷീർജീ: സമ്മതിച്ചല്ലോ എന്റെ ധൈര്യം അല്ലെ. ആ ലിങ്കിൽ പോയി നോക്കിയാൽ നിരാശപ്പെടേണ്ടി വരില്ലാ എന്നു കരുതുന്നു
നന്ദി
രമ്യ : ഡാങ്ക്സ്
കുറ്റ്യാടീ: നന്ദി
കാന്താരിക്കുട്ടി : നന്ദി
നരിക്കുന്നൻ : പോയി വരൂ ടോർച്ചെടുക്കേണ്ടിവരില്ല
സ്മിതാജീ : നന്ദി
അലീ: കടം വീട്ടിയതല്ല മറിച്ച് കടമ നിർവ്വഹിച്ചതാ . ഹൃദയത്തിൽനിന്നെടുത്ത ആ അല്ലി മാത്രം മതി
നന്ദി
പ്രിയേച്ചീ: ഞാനിവിടെയുണ്ട്. നന്ദി
എഴുത്തുകാരീ: നന്ദി

രസികന്‍ said...

അലിഭായ്: ആക്ഷേപ ഹാസ്യം ആരെയും വേദനിപ്പിക്കാൻ വേണ്ടി ഇതുവരെ എഴുതിയിട്ടില്ല. ഞാൻ പറഞ്ഞല്ലൊ പഴയൊരു താപ്പാന എനിക്ക് കുത്തിനടക്കാൻ ഒരു വടി തന്നപ്പോൾ നോവിക്കരുത് എന്നു പറഞ്ഞത് ( നോവിക്കരുത് എന്നു നാവുകൊണ്ട് പറഞ്ഞിട്ടില്ല എങ്കിലും എനിക്കറിയാം അങ്ങിനെതന്നെയായിരിക്കും അദ്ധേഹം കരുതിയത് എന്ന്)
പ്രവാസ ജീവിതത്തിലെ ഒറ്റപ്പെടലുകളിൽനിന്നും കിട്ടിയ ഇത്തിരി നിമിഷത്തിൽ ചിലകാര്യങ്ങൾ പറയാൻ ചെറിയ ഹാസ്യത്തിന്റെ കൂട്ടുപിടിച്ചു എന്നുമാത്രം.
ഈ പോസ്റ്റ് പുഴയോരത്ത് എന്ന താങ്കളുടെ പോസ്റ്റിന്റെ ഒരു പരസ്യത്തിനു വേണ്ടി എന്റെ സ്വന്തം ആഗ്രഹത്തിനെ പുറത്ത് എഴുതിയതാണ് .
ബൂലോഗത്തിലെ ചില നല്ല പോസ്റ്റുകൾ പലരും കാണാതെ പോകുന്നു എന്ന സത്യമാണ് അതിനു കാരണമായതും. പേരെടുത്ത് പറയുന്നില്ലാ എങ്കിലും ഒരുപാട് മികച്ച സൃഷ്ടികൾ ഇവിടെ പലരും ശ്രദ്ധിക്കാതെ പോകുന്നു.
ചുരുക്കിപ്പറഞ്ഞാൽ സിന്ധുവിനെ വിറ്റകാശുകൊണ്ട് ഓസിനൊരു വിസയ്ക്ക് ഞാൻ ശ്രമിച്ചിട്ടില്ലാ എന്ന് സാരം.
നന്ദി

രസികന്‍ said...

keralainside.net : നന്ദിയുണ്ട്