Monday, December 1, 2008

കോഴിത്തമ്പുരാന്‍...

ശുംഭോതര വര്‍മ്മ ‘കോഴി’ത്തമ്പുരാന്‍ പള്ളിയുറക്കം കഴിഞ്ഞു കോട്ടുവാ ഒന്നുരണ്ടു തവണ ആഞ്ഞു വിട്ട ശേഷം വാടകക്കൊട്ടാരത്തിന്റെ അടുക്കളയില്‍ ചെന്ന് ആര്‍ത്തിയോടെ നോക്കി മഹാറാണി നാണിത്തമ്പുരാട്ടിയോടു വിളിച്ചു ചോദിച്ചു.

“എട്യേ...... ചായയില്ലേട്യേ.......”

“ചായ .......കൊല്ലും ഞാന്‍ .. രാജാവാണുപോലും രാജാവ്. അയല്‍ രാജ്യങ്ങളിലെ രാജപത്നിമാര്‍ റോഡ്‌റോയിസിലും, ബെന്‍സിലുമെല്ലാം വിലസുമ്പോള്‍ ഇവിടെയുള്ള പ്രീമിയര്‍ പത്മിനിയില്‍ കയറി എഴുന്നള്ളുന്ന മഹാറാണിയായ എന്നെ ഈ നാട്ടിലെ പെണ്ണുങ്ങള്‍ പുഛത്തോടെയാണു നോക്കുന്നത് ... ഇതുവല്ലതുമറിയാമൊ നിങ്ങള്‍ക്ക്..?”

ഒരു ഗ്ലാസ്സ് ചായ കിട്ടണമെങ്കില്‍ മഹാരാജാവായ താന്‍ എന്തെല്ലാം കേള്‍ക്കണം, എന്തെല്ലാം സഹിക്കണം എന്ന ചിന്തകള്‍ കൂടിക്കൂടി വന്നപ്പോള്‍ കൊട്ടാരം ചായക്കാരിയുടെ നേരെ കണ്ണുരുട്ടാന്‍ പുറപ്പെട്ടതായിരുന്നു രാജാവ് .. പക്ഷെ രാജന്‍ അതങ്ങു ക്ഷമിച്ചു കാരണം, പണ്ടൊരിക്കല്‍ കണ്ണുരുട്ടിയതിന് രാജ്യത്തിലെ ചായയിടല്‍ തൊഴിലാളി യൂണിയന്‍ സമരം ചെയ്ത് കൊട്ടാരം മതിലുകള്‍ ചവിട്ടിപ്പൊളിച്ചതും, കൊട്ടാരം തൊഴുത്തുകളിലെ കാലികളെ അഴിച്ചുകൊണ്ടുപോയി തൊഴുത്തു ‘കാലി’ത്തൊഴുത്താക്കിയതും എല്ലാം ഒരു മിന്നായം പോലെ മനസ്സില്‍ ഓടിയെത്തിയതായിരുന്നു.

രാവിലേയുള്ള കട്ടന്‍ കിട്ടാത്തതില്‍ മനം നൊന്ത് കൊട്ടാരത്തിലെ ചാരു കസേരയിലിരിക്കുമ്പോഴാണ് ചിന്തകള്‍ ഓരോന്നായി മഹാരാജാവിനെ വേട്ടയാടിയത്.

മാസങ്ങള്‍ക്കു മുന്‍പ് രാജ്യത്തെ പട്ടിണിമാറ്റണമെന്നുപറഞ്ഞ് രാജ്യത്തുള്ള കര്‍ഷകര്‍ കൃഷി നിര്‍ത്തി വെച്ചു സമരം നടത്തിയപ്പോള്‍ മഹാരാജാവ്‌ തന്റെ തിരുവയറിന്റെ കാളിച്ച മാറ്റാന്‍ ഖജനാവിന്റെ അടിത്തട്ടില്‍ തപ്പുന്ന സമയത്താണ് പിന്നില്‍ നിന്നും ആരോ തോണ്ടി വിളിച്ചത്. തിരിഞ്ഞുനോക്കിയ രാജാവിന്റെ മുന്‍പില്‍ കൊട്ടാരം വിദൂഷകന്‍ ആനക്കൊമ്പില്‍ രവി നിന്നു ചിരിക്കുന്നു.

“എന്തുവാടെ കിടന്നു ചിരിക്കുന്നത്?...” രാജാവിന് ആകാംക്ഷ , അത്യാഗ്രഹം വിത്ത് ആക്രാന്തം പിന്നെ എന്തരോ.......

“വെറുതേ ഖജനാവില്‍ തപ്പി സമയം കളയേണ്ട രാജാവെ, ഉണ്ടായിരുന്നതെല്ലാം അങ്ങയുടെ പ്രൈവറ്റ് സെക്രട്ടറി കം ഡ്രൈവര്‍ പുഷ്കരന്‍ പെറുക്കിയെടുത്തു.”

“പുഷ്കരാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ......”രാജാവ് അലറി ......രാജാവിനെയും രാജ്യത്തിനെയും വിലക്കെടുക്കാനുള്ള സമ്പാദ്യം രാജാവിന്റെ തണലില്‍ നിന്നുതന്നെയുണ്ടാക്കിയ പി.എ കം ഡ്രൈവര്‍ പുഷ്കരന്‍ മാസപ്പിരിവിനു പോയതായതുകൊണ്ട് രാജാവിന്റെ അലറല്‍ കേട്ടില്ല.....

ഖജനാവിന്റെ ഡ്യൂപ്ലിക്കറ്റ് ചാവിയുണ്ടാക്കിയ മന്ത്രിപുംഗവനും പിരിവിനു പോയതായിരിക്കണം ..... ങാ... എല്ലാം പല്ലുകടിച്ചു സഹിക്കുക എന്നല്ലാതെ അഖിലലോക രാജാവു യൂണിയന്‍ എന്ന ഒന്ന് ഇതുവരെ ഉടലെടുത്തിട്ടില്ലാത്തതുകൊണ്ട് പാവപ്പെട്ട രാജാക്കന്മാര്‍ക്ക് ഒന്നിനും നിവൃത്തിയില്ലല്ലൊ.

തന്റെ വയറു കത്തുന്നതു അണയ്ക്കാന്‍ തല്‍ക്കാലം എന്തു ചെയ്യും എന്നു കൊട്ടാരം വിദൂഷകനുമായി ചര്‍ച്ച നടത്തിയതിന്റെ ഫലമായാണ് കൊട്ടാരം വൈദ്യരുടെ അടുക്കളയില്‍ തലയിലൂടെ മുണ്ടിട്ട രാജാവും , വിദൂഷകനും വലിഞ്ഞു കയറിയത്. അവിടെ നിന്നും മതി വരുവോളം കപ്പയും മത്തിക്കറിയും വെട്ടിവിഴുങ്ങിയ രാജാവ് അറിയാതെ ഒരു ഏമ്പക്കം വിട്ടതാണെല്ലാറ്റിനും കാരണമായത്. വൈദ്യര്‍ ഏതോ മരുന്നു പരീക്ഷിച്ചു നോക്കാന്‍ കൊണ്ടുവന്ന ചെറുപ്പക്കാരനെ പാട്ടുപാടി(?) ഉറക്കുകയായിരുന്ന വൈദ്യ പത്നി ഏമ്പക്കത്തിന്റെ ശബ്ദം കേട്ടു അടുക്കളയില്‍ ഓടിയെത്തി. രാജാവിനെയും , വിദൂഷകനെയും കയ്യോടെ പിടികൂടി ......

സംഗതി നാറ്റക്കേസാ‍വാതിരിക്കാന്‍ തന്റെ കൊട്ടാരംതന്നെ വൈദ്യ പത്നിക്കെഴുതിക്കൊടുത്ത മഹാരാജാവ് അതേകൊട്ടാരത്തില്‍ വൈദ്യ പത്നിക്കു മാസാമാസം വാടകകൊടുത്താണു കഴിയുന്നത്. പക്ഷെ ഇതൊന്നും കൊട്ടാരം വിദൂഷകനല്ലാതെ ഇരു ചെവിയറിഞ്ഞിട്ടില്ല എന്നത് പരമരഹസ്യമാണെന്നു് കൊട്ടാരം വിദൂഷകന്‍ നാടായ നാടെല്ലാം പറഞ്ഞു പരത്തി.

എല്ലാം ഓര്‍ത്തുകൊണ്ട് ചാരുകസേരയിലിരുന്ന മഹാരാജാവു നെടുവീര്‍പ്പിട്ടുകൊണ്ട് ഖജനാവിനു സമമായ തന്റെ തിരുവയറും തടവി സ്വല്പമൊന്നു മയങ്ങിപ്പോയി.

ഈ സമയത്താണ് രാജകുമാരിയും കവയിത്രിയും കല്യാണം കഴിക്കാന്‍ മൂപ്പെത്തിയവളുമായ കുമാരി സരസു തന്റെ നൂറ്റൊന്നു കവിതകളില്‍ നിന്നും തിരഞ്ഞെടുത്ത ഏതാനും വരികള്‍ മൂളിക്കൊണ്ട് ( വാക്കുകളായി പുറത്തു വന്നാല്‍ നാട്ടുകാരുടെ വക തന്റെ നെടും പുറത്തു കിട്ടുമെന്നറിയാവുന്നത് കൊണ്ട്) കൊട്ടാരത്തിന്റെ ഉമ്മറത്തെത്തിയപ്പോഴാണ് അച്ഛന്‍ തമ്പുരാന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നതുകണ്ടത്.

അച്ഛനുറങ്ങുന്ന വീട്ടില്‍ ഇപ്പോള്‍ തന്റെ കൂടെ തന്റെ ഗുരു കൊട്ടാരം കവി ചട്ടമ്പിരമേശനുമുണ്ടായിരുന്നെങ്കിലെന്നു ചിന്തിച്ച് കൊട്ടാര വാതില്‍ക്കലേക്കു നോക്കിയ രാജകുമാരി ഞെട്ടി.

അതാ മന്ത്രിപുംഗവന്റെയും , കൊട്ടാരം പി.ഏ ( പിന്നില്‍ നിന്ന് അലക്കുന്നവന്‍ ) യുടെയും കൂടെ രണ്ടു ഭീകരര്‍ എ.കെ.നാല്‍പ്പത്തേഴുമായി കൊട്ടാരത്തിനെ ലക്ഷ്യമാക്കി വരുന്നു.

കുമാരി ഞെട്ടി എന്നു മാത്രമല്ല ഉറങ്ങിക്കിടന്ന മഹാരാജാവിനെ കുലുക്കി വിളിക്കുകയും ചെയ്തു.
ഭീകരരെക്കണ്ട രാജാവ് ഞെട്ടിവിറച്ചപ്പോള്‍ മന്തി പുങ്കവന്‍ സമാധാനിപ്പിച്ചു .“പ്രഭോ .... ഈ പാവം ഭീകരര്‍ അങ്ങയെ കൊല്ലാന്‍ വന്നതല്ല മറിച്ച് രക്ഷിക്കാന്‍ വന്നതാ.....”

“നമ്മെ രക്ഷിക്കാനൊ?!!!”

“ അതേ രാജന്‍ .... അങ്ങേക്ക് അങ്ങയുടേതെന്നു പറയപ്പെടുന്ന ഏകപുത്രി സരസു കുമാരിയെ കല്യാണം കഴിപ്പിച്ചയയ്ക്കേണ്ടേ?”

“ വേണം, പക്ഷെ അവളെ വേളി കഴിക്കണമെങ്കില്‍ അയല്‍ രാജ്യത്തെ രാജകുമാരന് ഒരു ക്രോറിന്റെ ഫ്ലാറ്റ് അങ്ങു ദുഫായിലോ .. അതല്ലാ എങ്കില്‍ തുല്യ വിലയ്ക്കുള്ള ഒരു വില്ല അങ്ങു കാസര്‍ക്കോട്ടോ വേണമെന്നല്ലെ പറഞ്ഞത് . അതും പോരാഞ്ഞ് കല്യാണക്കുറികൊടുക്കാന്‍ പോവാന്‍ ഒരു റോയല്‍ ലിമോസിന്‍ കാറുംകൂടി വേണമെന്നാണവന്റെ ഡിമാന്റ്. അല്ലാ എങ്കില്‍ വല്ല പാട്ടുകച്ചേരിയിലും സമ്മാനം വാങ്ങിയ ഏതെങ്കിലും പെണ്‍കുട്ടിയെ അവനങ്ങു കെട്ടും പോലും. ഇതെല്ലാം ഞാനെവിടുന്നെടുത്തുകൊടുക്കും മന്ത്രീ...?”

“തളരരുത് രാജന്‍ തളരരുത്..... അതിനല്ലേ ഈ ഫീകരര്‍ വന്നിരിക്കുന്നത് ...... കുമാരിയുടെ വിവാഹം നടക്കുക തന്നെ ചെയ്യും ”

“ഉവ്വോ ..... എങ്കില്‍ കയറിയിരിക്കൂ ഭീകര കുട്ടികളെ......”

തങ്ങളുടെ പുറത്തു ചുമന്നു കൊണ്ടുവന്ന വലിയ ഒരു ചാക്കുനിറച്ചു കുത്തിത്തിരുകിയ പണം രാജാവിനു മുന്‍പില്‍ കാഴ്ചവെച്ച ഭീകരര്‍ രാജാവിനെ വണങ്ങി നിന്നു. ആയിരത്തിന്റെ നോട്ടുകള്‍ തന്നെ തുറിച്ചുനോക്കുന്നതുകണ്ട രാജാതിരാജന്‍ തന്റെ സ്വന്തം ചെവി പിടിച്ചു പിരിച്ചു നോക്കി . “ ഉവ്വ് വേദനിക്കുന്നുണ്ട്...... അപ്പോ സ്വപ്നമല്ല...”

സ്വപ്നം കാണുന്ന രാജാവിനെ തോക്കിന്റെ പാത്തികൊണ്ട് തോണ്ടിയ ഭീകരന്മാരിലൊരാള്‍ രാജാവു തങ്ങള്‍ക്കു ചെയ്തു തരേണ്ട പ്രത്യുപകാരത്തെപ്പറ്റി രാജാവിനോട് ഇങ്ങനെ വിവരിച്ചുകൊടുത്തു.

“ ലോകത്തിലെ സകല കാര്യങ്ങള്‍ക്കും തീരുമാനമുണ്ടാക്കുക എന്ന ലക്ഷ്യവുമായി ബീഡി വലിച്ച് പുക മൂക്കിലൂടെ വിടുകയും , അമേരിക്കന്‍ പ്രസിഡണ്ടിന്റെ അടുക്കളയിലെ അമ്മിക്കല്ലിന്റെ കളറിനെച്ചൊല്ലിവരേ തര്‍ക്കിച്ച് തമ്മില്‍ കത്തിക്കുത്തുവരെയുണ്ടാക്കുകയും ചെയ്യുന്നവരുടെ കേന്ദ്രമായ സുലൈമാന്റെ ചായക്കട തകര്‍ക്കണം . അതിനുള്ള കോപ്പുകള്‍ മണ്ടങ്കര ഉണക്കത്തോടു വഴി വാഴത്തടിചങ്ങാടത്തില്‍ കൊണ്ടുവരുമ്പോള്‍ തീരദേശഭടന്മാരെ തല്‍ക്കാലം ആ ഭാഗത്തു നിന്നും നീക്കം ചെയ്യണം . അതല്ലാ എങ്കില്‍ അവര്‍ക്കു കണ്ണു മൂടിക്കെട്ടാന്‍ ഓരോ കറുത്ത തുണി നല്‍കിയാലും മതി. ”

ഡിമാന്റു കേട്ട രാജാവ് ‘ശുംഭോതര വര്‍മ്മ കോഴിത്തമ്പുരാന്‍ ‍’ പണച്ചാക്കിനെ നോക്കി നാവില്‍ പൊട്ടിയ വെള്ളം അടക്കിനിര്‍ത്തിയ ശേഷം തീരദേശഭടന്മാരെ ഒതുക്കാനും സുലൈമാന്റെ ചായക്കട തകര്‍ക്കാനുമുള്ള അനുമതി പുറപ്പെടുവിച്ചു.

ഭീകരര്‍ ആര്‍ത്തു ചിരിച്ചു “ ഹി..ഹി.ഹി..”

അങ്ങിനെ മാസങ്ങള്‍കൊണ്ട് സുലൈമാന്റെ ചായക്കടയും പരിസരവും വീക്ഷിച്ച് ഭൂമിശാസ്ത്രവും , ജന്തുശാസ്ത്രവും പഠിച്ച ശേഷം ഭീകരര്‍ ചായക്കടയില്‍ ഇരച്ചു കയറി....
കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ചിട്ടു. എങ്ങും പരിഭ്രാന്തി ..... അങ്കലാപ്പ്.....അമ്പരപ്പ്............
രാജ്യമൊട്ടുക്കും ഭീതി ............ ചായക്കടയില്‍ ഇരച്ചു കയറിയ ഭീകരരെപിടിക്കാന്‍ രാജ ഭടന്മാരെത്തി ... ഭടന്മാരുടെ നീക്കങ്ങള്‍ വാര്‍ത്തയുടെ ആളുകള്‍ അപ്പപ്പോള്‍ തന്നെ ഭീകരരെ ലൈവായി അറിയിച്ചുകൊണ്ടിരുന്നു. ഭീകരരെ കൊന്നൊടുക്കിയ ഭടന്മാര്‍ വന്നിടത്തേക്കു തന്നെ തിരിച്ചുപോയി..................... വാര്‍ത്തകളുടെ ആള്‍ക്കാര്‍ക്ക് അതുമൊരുവാര്‍ത്തയായി!!

“ സര്‍ ഇതാണു കഥ .... ഇനി ക്ലൈമാക്സ്കൂടി എഴുതാനുണ്ട്..”

ഇത്രയും പറഞ്ഞുകൊണ്ട് കഥയെഴുതുന്ന പണി ചെയ്തു ജീവിക്കുന്ന കട്ടപ്പന ദാസപ്പന്‍ സിനിമാ സംവിധായകന്‍ പി.കെ ചന്ദ്രുവിന്റെ മുന്‍പില്‍ വിയര്‍ത്തു നിന്നു ......

പി.കെ ചന്ദ്രു കട്ടപ്പന ദാസപ്പനെ അടിമുടി നോക്കി തരിച്ചു നിന്നു പോയി. അതു കണ്ട കട്ടപ്പന ദാസപ്പന്‍ ഇടയ്ക്കു മുറിഞ്ഞ വാചകങ്ങള്‍ തുടര്‍ന്നു.

“ സാര്‍, സാറ് ഇത്രയും നല്ല ഒരു കഥ ഇതിനു മുന്‍പ് കേട്ടിട്ടില്ലാ അല്ലേ? അതല്ലേ തരിച്ചു നില്‍ക്കുന്നത്? ഇനി ക്ലൈമാക്സ് കൂടി പറയട്ടേ സാര്‍”

“ ഭാ‍ാ‍ാ‍ാ‍ാ ........ ക്ലൈമാക്സ് പറഞ്ഞാല്‍ ദ്രോഹീ .. നിന്റെ ക്ലൈമാക്സു, ഞാന്‍ തീര്‍ക്കും ...... കഥയും കൊണ്ടു വന്നിരിക്കുന്നു മനുഷ്യനെ മിനക്കെടുത്താന്‍ .......... ഏതു സമയത്താണു ദൈവമെ എനിക്കു സംവിധായകനാവാന്‍ തോന്നിയത്................”

“അവന്റെ കഥയ്ക്കെന്താ ഒരു കുഴപ്പം? തോക്കിനു തോക്കില്ലേ? അടിപിടിക്ക് അടിപിടിയില്ലെ? തെറിവിളിക്കു തെറിവിളിയുമുണ്ട് അതുകൊണ്ട് സുരേഷ്ഗോപിയെ നായകനാക്കി ഈ പടമെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.......”എണ്ണപ്പാടത്തിലദ്ധ്വാനിച്ച വിയര്‍പ്പിന്റെ വിലകള്‍ പടം പിടിച്ചു തീര്‍ക്കാനെത്തിയ സുരേഷ് ഗോപിച്ചേട്ടന്റെ ഫാനായ പ്രൊഡ്യൂസര്‍ കുഞ്ഞപ്പന്‍ ചേട്ടന്‍ സൊംവിധായകന്റെ മുന്‍പില്‍ തന്റെ ഉറച്ച വാക്കുകള്‍ പുറത്തുവിട്ട ശേഷം ഇങ്ങനെ കൂടി പറഞ്ഞു

“ ഈ കഥയില്‍ സുരേഷ് ഗോപിയെ നായകനാക്കി പടമെടുക്കുന്നില്ലാ എങ്കില്‍ ഞാന്‍ പണവും കൊണ്ട് എന്റെ വഴിക്കു പോകും ഷിറ്റ്............”

ഇതുകേട്ട സംവിധായകന്‍ പി.കെ ചന്ദ്രു കഥയില്‍ കാര്യമില്ലാ, ചോദ്യവുമില്ലാ നമുക്കും കിട്ടണം മണീസ് എന്ന വിലയേറിയ സിനിമാ മന്ത്രം മനസ്സില്‍ ധ്യാനിച്ച് കട്ടപ്പന ദാസപ്പന്റെ ‘കോഴിത്തമ്പുരാന്‍ ‘ സിനിമയാക്കാന്‍ ഷിറ്റടിച്ചു പാസ്സാക്കി.

********************
ഓ.ടൊ: നമ്മുടെ സുരക്ഷാ പാളിച്ചയും അതുപോലെതന്നെ മാധ്യമങ്ങള്‍ ലൈവായി നമ്മുടെ കമാന്റോകളുടെ നീക്കങ്ങള്‍ പുറത്തു വിട്ടത് ഏറെക്കുറെ അവരുടെ നീക്കങ്ങള്‍ മനസ്സിലാക്കാന്‍ ഭീകരര്‍ക്കു സഹായമായില്ലയോ? എന്നതും പിന്നെ ഇതിനെയെല്ലാം തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് വളച്ചൊടിച്ച് (കെട്ടുകഥയാക്കി) ഒരു സിനിമാ പിടിച്ച് കാശുണ്ടാക്കാന്‍ ഭാവിയില്‍ ശ്രമം നടക്കും എന്നതും ഹാസ്യ രൂപത്തില്‍ അവതരിപ്പിച്ചു എന്നു മാത്രം....

19 comments:

രസികന്‍ said...

ഖജനാവിന്റെ ഡ്യൂപ്ലിക്കറ്റ് ചാവിയുണ്ടാക്കിയ മന്ത്രിപുംഗവനും പിരിവിനു പോയതായിരിക്കണം ..... ങാ... എല്ലാം പല്ലുകടിച്ചു സഹിക്കുക എന്നല്ലാതെ അഖിലലോക രാജാവു യൂണിയന്‍ എന്ന ഒന്ന് ഇതുവരെ ഉടലെടുത്തിട്ടില്ലാത്തതുകൊണ്ട് പാവപ്പെട്ട രാജാക്കന്മാര്‍ക്ക് ഒന്നിനും നിവൃത്തിയില്ലല്ലൊ.

ശ്രീ said...

അതു പോലെ തന്നെ ഇപ്പോഴത്തെ ഭീകരാക്രമാണവും ഏതെങ്കിലും സുരേഷ് ഗോപി ചിത്രമായി നമുക്കു മുന്നില്‍ വരാന്‍ അധികം സമയമെടുക്കില്ല.

Joker said...

ഉം ....ഉം......
എല്ലാം പയ്യെ പയ്യെ മനസ്സിലാവുന്നു.

:))

smitha adharsh said...

ശ്രീ പറഞ്ഞതു തന്നെ..എനിക്കും തോന്നിയത്.
എല്ലാം വിറ്റു കാശാക്കുന്ന നമ്മുടെ നാട്ടുകാര്‍,അതും ചെയ്തെന്നു വരും.

അനില്‍@ബ്ലോഗ് // anil said...

കാത്തിരിക്കാം.

ബിന്ദു കെ പി said...

ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച യാഥാർഥ്യം കുറിക്കുകൊള്ളുന്നതുതന്നെ രസികാ..

OAB/ഒഎബി said...

വൈദ്യ പത്നി ചെറുപ്പക്കാരനെ പാട്ട്? പാടിയുറക്കിയതിന്റെ ക്ലൈമാക്സ് മാത്രം മതിയെനിക്ക്.

OAB/ഒഎബി said...

abdul basheer OAB യാണെ. കമന്റ് വന്നത് വേറെ വഴിയില് കൂടി ആയിപ്പോയി.

ബീരാന്‍ കുട്ടി said...

രസികോ,

ഇതും അലക്കിയല്ലെ.

അക്ഷേപഹാസ്യം, കാലിക പ്രസക്തം.

രാജാവിനെത്തിരെയും, മന്ത്രിമർക്കെതിരെയും, ജനങ്ങൾ പടനയിക്കാൻ തുടങ്ങി.

പോലിസിന്റെ വയർലെസ് സെറ്റിൽ വെള്ളം കയറി കേടായിന്ന്, ഇത്രവല്യ തമാശ ബ്ലോഗിലുംകൂടിയില്ല.

രസികന്‍ said...

ആചാര്യന്‍ : :)

ശ്രീ: തീര്‍ച്ചയയിട്ടും, നമുക്കു കാത്തിരിക്കാം ( ഏതൊക്കെ തരത്തില്‍ മുതലെടുക്കാന്‍ കഴിയുമോ അതൊക്കെ ചെയ്യുന്ന ഒരു പ്രവണതയാണു നമ്മള്‍ ഇന്നു കണ്ടുവരുന്നത്) നന്ദി

ജോക്കര്‍: നന്ദി

സ്മിതാജീ: സത്യം ....... നന്ദി

അനില്‍ജീ: യെസ്സ്...... നന്ദി

ബിന്ദുജീ: നന്ദി

ഓ.ഏ.ബി വഴി ആബ്ദുല്‍ ബഷീര്‍ജീ: ക്ലൈമാക്സ് ഞാന്‍ വെച്ചിട്ടുണ്ട് .. അടി....ങാ.... നന്ദി.

ബീരാന്‍ കുട്ടി: പോലീസുകാരുടെ ജീപ്പിന്റെ ടയര്‍ പഞ്ചറായിട്ടഞ്ചാറു മാസമായി പോലും (പോലീസ് വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ പിന്നില്‍ നിന്നും തള്ളിക്കൊടുക്കാന്‍ പുതിയ നിയമനവും വരുന്നുണ്ടെന്നു കേള്‍ക്കുന്നു) ഹി.ഹി. നന്ദി

Anil cheleri kumaran said...

ആക്ഷേപ ഹാസ്യം കലക്കി. ഒരു കോമഡി സ്കിറ്റ് കാണുന്നതു പോലെ തോന്നി.

chithrakaran ചിത്രകാരന്‍ said...

മാവില്‍ നിന്നും വീണു മരിച്ച അച്ഛന്റെ മൃതദേഹം കാണാന്‍ വരുന്ന പൊതുജനത്തിന് മക്കള്‍ ലഡുവും ജിലേബിയും,ചിക്കുഷേക്കും കൊടുത്ത് സല്‍ക്കരിക്കുന്നതുപോലെ ...

ഉപാസന || Upasana said...

http://tharjani.blogspot.com/2008/09/blog-post.html

പോസ്റ്റ് അഗ്രഗേറ്റര്‍ കാണിക്കുന്നില്ലെങ്കില്‍ ഈ ലിങ്ക് ഉപകാരപ്രദമാണ്.
എഴുത്തിലെ ഹാസ്യം നന്നായി.

:-)
ഉപാസന

Unknown said...

കുഞ്ഞപ്പന്‍ ചേട്ടാ ...

സുരേഷ് ഗോപിയെ നായകനാക്കിയാലോന്നും ഇന്നത്തെ കാലത്തു പടം വിജയിക്കില്ല... നായകന്‍ ആരായാലും ( രസികനായാല്‍ പോലും !) കുഴപ്പമില്ല... മിനിമം ഒരു കുളിസീനെങ്കിലും ഉണ്ടെന്കിലെ കാണാന്‍ ആളെ കിട്ടൂ...

അതു കൊണ്ടു

കട്ടപ്പന ദാസപ്പനോട് ക്ലൈമാക്സ് കൂട്ടി ചേര്‍ക്കുമ്പോള്‍ കുളിസീന്‍ കൂടി ചേര്‍ക്കാന്‍ പറയണം (കുളി സീന്‍ ഉണ്ടെങ്കില്‍ പിന്നെ വേറെ ഒരു ക്ലൈമാക്സ് തയ്യാരാക്കേണ്ടി വരില്ല !)... ഭീകരര്‍ വെടി വെച്ചിട്ട സുലൈമാന്റെ ഡെഡ് ബോഡി കുളിപ്പിക്കുന്ന സീന്‍ ആയാലും മതി!

രസികന്‍ said...

കുമാരന്‍ജീ: നന്ദി

ചിത്രകാരന്‍: താങ്കള്‍ ഈ പോസ്റ്റ് തെറ്റായി മനസ്സിലാക്കിയതില്‍ ഖേദമുണ്ട് (ഞാനൊരിക്കലും ഭീകരാക്രമണം ആഘോഷിക്കുകയായിരുന്നില്ല മറിച്ച് സുരക്ഷാ പാളിച്ചയെയും, മാധ്യമങ്ങള്‍ ലൈവായി നമ്മുടെ കമാന്റോകളുടെ നീക്കങ്ങള്‍ പുറത്തു വിട്ടത് ഏറെക്കുറെ അവരുടെ നീക്കങ്ങള്‍ മനസ്സിലാക്കാന്‍ ഭീകരര്‍ക്കു സഹായമായില്ലയോ? എന്നതും പിന്നെ ഇതിനെയെല്ലാം തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് വളച്ചൊടിച്ച് ഒരു സിനിമാ പിടിച്ച് കാശുണ്ടാക്കാന്‍ ശ്രമം നടക്കും എന്നതിനെയും ഒന്നു കളിയാക്കിയ രൂപത്തില്‍ അവതരിപ്പിച്ചു എന്നു മാത്രം) നന്ദി.

ഉപാസന: നേര്‍വായനയ്ക്കും , ലിങ്ക് കാണിച്ചുതന്നതിനും നന്ദി.

സാ‍ബിത്ത്: ഉം.......

സരസന്‍ said...

രസികാ‍..

തുടരൂ, നല്ല സറ്റയര്‍...

Kichu $ Chinnu | കിച്ചു $ ചിന്നു said...

കിടില്‍‌സ്!!!
കാലിത്തൊഴുത്തിനെ “കാലി”ത്തൊഴുത്താക്കിയ പരിപാടിയേറെ ഇഷ്ടപ്പെട്ടു

അരുണ്‍ കരിമുട്ടം said...

രസികോ,എന്തായാലും എഴുതി.എന്നാ പിന്നെ ശരിക്കുള്ളവരെ എല്ലാവര്‍ക്കും ഒന്നൂടെ നന്നായി മനസിലാക്കി കൊടുപ്പിക്കാമായിരുന്നു.
(ഞാന്‍ ഇവിടൊന്നും ഉള്ളതല്ലേ)

ബഷീർ said...

രസികാ

ഈ പോസ്റ്റ്‌ വായിച്ചിരുന്നു. അന്ന് കമന്റാന്‍ പറ്റിയില്ല..

ഏതാണ്ട്‌ തുടങ്ങിയെന്നാ കേട്ടത്‌.. ഭീകരാക്രമണ കഥ :)