Wednesday, December 31, 2008
ന്യൂഇയര്‍ കത്തും, പിന്നെയൊരു കുത്തും..
‘ പ്രിയപ്പെട്ട ഡോക്ടര്‍ ,
എന്റെ ആരാധനാ മൂര്‍ത്തി ശ്രീനിവാസന്റെ തളത്തില്‍ ദിനേശനടക്കം ഒരുപാടാളുകളുടെ കുഴഞ്ഞു മറിഞ്ഞ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ട അങ്ങയുടെ സമക്ഷത്തിലേക്ക് ഈ കത്ത് എഴുതുമ്പോള്‍ ഒരു മുന്നറിയിപ്പു കൂടി ഞാന്‍ അറിയിക്കുകയാണ് .
തളത്തില്‍ ദിനേശനെഴുതിയ കത്തിനു മറുപടി കൊടുക്കാതെ ഒഴിഞ്ഞുമാറി ആദ്യരാത്രി എന്ന കിരാത രാത്രിയിലേക്കു അദ്ധേഹത്തെ തള്ളി വിട്ടപോലെ എന്റെ കത്തിനും മറുപടി തരാതിരിക്കാനാണു ഭാവമെങ്കില്‍ സ്വന്തമായൊരു ബ്ലോഗും അതിനു വല്ലവന്റേയും കമ്പ്യൂട്ടറിന്റെ താങ്ങുമുള്ള ഞാന്‍ , ഡോക്ടറെ കുടുംബസമേതം അതിലിട്ടു ചുട്ടു കൊല്ലുമെന്ന സന്തോഷവാര്‍ത്തയും ഈ എഴുത്തിലൂടെ അറിയിക്കാന്‍ താല്പര്യപ്പെടുകയാണ്. മാത്രമല്ല, എന്നെപ്പോലെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും തരണം ചെയ്യാന്‍ പെടാപ്പാടുപെടുന്ന അനേകായിരം ഇരുകാലികള്‍ക്കു വേണ്ടിക്കൂടിയാണ് ഞാനീ കത്തെഴുതുന്നത് എന്നും കൂടി ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു.
ഒരു സര്‍ക്കാറുദ്യോഗസ്ഥനായ ഞാന്‍ ജോലിയില്‍ കയറി പതിനാറടിയന്തിരത്തിന്റെ അന്നുതന്നെ ലോംഗ് ലീവെടുത്ത് എണ്ണപ്പാടത്തിലേക്കു വിമാനം കയറിയതാണ്.
ലക്ഷക്കണക്കിനാളുകള്‍ തൊഴിലില്ലാതെ ‘തൊഴിലില്ലാ വേദനയുമായി’ നടക്കുന്ന സമയത്ത് കിട്ടിയ ജോലി ചെയ്യാതെ ( തിന്നുകയും തീറ്റിക്കുകയും ചെയ്യാതെ) എന്തിനാണെ....ഡാ.... നീ ഗള്‍ഫിലേക്കു പോകുന്നത് എന്നു എന്റെ മുഖത്തു നോക്കി ചോദിച്ച കള്ളത്തിരുമാടി കം അസൂയക്കാരനായ എന്റെ ഗാന്ധിയനായ ഗുരുവിനെ ഞാന്‍ ഇവിടെ സ്മരിക്കുകയാണ്. ചര്‍ക്കയില്‍ പിരിച്ചെടുത്ത നൂലുകൊണ്ട് തയ്ച്ച ജൂബ്ബായുമിട്ടുകൊണ്ട് വെറുതേ ഉപദേശവുമായി നടന്നാല്‍ ഗാന്ധിയനായി എന്നാണങ്ങേരുടെ വെപ്പ്.
രണ്ടായിരത്തി എട്ട് എന്ന ഠാ വട്ടത്തില്‍ നിന്നും കയറുപൊട്ടിച്ച് ചാടാനിരിക്കുന്ന ഈ അവസാനദിനത്തില്‍ എണ്ണപ്പാടത്തിലെത്തിയിട്ടു വര്‍ഷങ്ങള്‍ പിന്നിടുന്നു എന്ന സത്യം ഞാന്‍ ഡോക്ടറില്‍ നിന്നും മറച്ചു വെയ്ക്കാനാഗ്രഹിക്കുന്നില്ല. ഒരിക്കല്‍ ഇവിടെ പൂത്തു നില്ക്കുന്ന ഈത്തപ്പന കണ്ട് സ്വര്‍ണ്ണമരമാണെന്നു തെറ്റിദ്ധരിച്ച് വലിഞ്ഞു കയറുന്നതു കണ്ട എന്നെ ഒരു അറബി അടിച്ചു താഴെയിറക്കിയതിനു ശേഷം എനിക്ക് അറബികളെ വെറുപ്പാണ്, അറപ്പാണ്. അതു മാത്രമല്ല അറബികളെ വെറുക്കാനുള്ള കാരണം, പണ്ടു ജോലി ചെയ്തിരുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു പ്ലാസ്മാ ടി വി വാങ്ങിക്കണം എന്ന ഭയങ്കര അത്യാവശ്യം വന്നപ്പോള്‍ കുറച്ചു റിയാലെടുത്തു എന്ന നിസ്സാര കുറ്റത്തിന് എടുത്തപണം തിരിച്ചു വാങ്ങി നാലഞ്ചു തുപ്പും തന്നു എന്നെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതും ഒരു അറബിയായിരുന്നു.
എന്റെ ചരിത്രം പറഞ്ഞ് ഞാന്‍ ഡോക്ടറുടേ വിലപ്പെട്ട സമയം കവര്‍ന്നെടുക്കുന്നില്ല എങ്കിലും എന്റെ പ്രശ്നത്തിനു പരിഹാരം കാണണമെങ്കില്‍ കുറച്ചു ചരിത്രം കൂടി ഡോക്ടറോട് എഴുതി അറിയിക്കണം എന്നത് പ്രൈവറ്റ് ഹോസ്പിറ്റലിലെ നഴ്സ് ലൂസി ‘ഏതോ ഒരു വേളയില്‍’ പറഞ്ഞതുകൊണ്ടാണ് എഴുതുന്നത്.
സൂപ്പര്‍മാര്‍ക്കറ്റിലെ കാശുവാങ്ങി പെട്ടിയിലിടുന്ന ജോലി പുല്ലുപോലെ വലിച്ചെറിഞ്ഞുപോന്ന ഞാന്‍ പിന്നീട് എന്റെ സ്വന്തം അളിയന്റെ റൂമിലായിരുന്നു താമസിച്ചിരുന്നത് . അളിയന് വാങ്ങിക്കുന്ന ഡ്രസ്സുകള്‍ അളിയനേക്കാളും ഇണങ്ങുന്നത് എനിക്കാണെന്നു മനസ്സിലായതുകൊണ്ടു മാത്രമാണ് ഞാന്‍ അതെടുത്ത് ധരിച്ചത്. പക്ഷെ മഹാ തോന്ന്യാസിയും, പരമചെറ്റയുമായ അളിയന് അതു പിടിക്കുന്നില്ലാ എന്നെനിക്കറിയാം എന്നാലും ഞാനതൊക്കെ സഹിച്ചാണ് അയാളുടെ ഡ്രസ്സുകളണിയുന്നത്. അയാളുടെ പെങ്ങളെ കല്യാണം കഴിക്കുക എന്ന മഹാസംഭവം ചെയ്ത എന്നെ അയാള്‍ റൂമിലിട്ടു നിരന്തരം പീഡിപ്പിക്കുകയായിരുന്നു ഡോക്ടര്‍... ഇതെഴുതുമ്പോള്‍ അടര്‍ന്നു വീണ കണ്ണുനീര്‍ത്തുള്ളികള്‍ കൊണ്ടാണ് ഏതാനും വരികള്‍ മായ്ഞ്ഞ് പോയത് എന്നും ഓര്‍മ്മപ്പെടുത്തുന്നു.
നാലു നേരം കഴിക്കാന്‍ ചിക്കനും , കുബ്ബൂസും , നെയ്ച്ചോറും തരുമെന്നല്ലാതെ മാസത്തില്‍ നല്ല തുക വരുമാനമുള്ള ആ തെണ്ടി ഒരു റിയാല്‍പോലും എനിക്കു തരാറില്ലാ എന്നത് എന്നെ മാനസികമായി വളരെ തളര്‍ത്തി ഡോക്ടര്‍.. ഒന്നുമില്ലേലും ഞാന്‍ അയാളുടെ പെങ്ങളെ കെട്ടിയ ആളല്ലെ... ആര്‍ക്കു വേണം അവന്റെ ഭക്ഷണം ..... അതുകൊണ്ടുമാത്രമാണ് അവന്റെ, ആ ചെറ്റയുടെ മേശ കുത്തിത്തുരന്ന് അതില്‍ അവന് അവന്റെ ഇളയ പെങ്ങളെ കെട്ടിക്കാന്‍ വാങ്ങിവെച്ച സ്വര്‍ണ്ണ ബിസ്കറ്റുമെടുത്ത് ഞാന്‍ മുങ്ങിയത്.
എനിക്കറിയാം ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് .. ഞാന്‍ പൊതുവെ ഒരു ശുദ്ധനാണ് .. അതുകൊണ്ടാണല്ലോ ആരോടും ഇന്നുവരേ ഒരു തെറ്റും ചെയ്യാത്ത എന്നെ എല്ലാവരും ആട്ടിയോടിക്കുന്നത്... ഇതെല്ലാമോര്‍ത്തപ്പോള്‍ ഒരിക്കല്‍ ഞാന്‍ മരിച്ചുകളയാന്‍ വരേ തീരുമാനിച്ചതായിരുന്നു. തൂങ്ങി മരിക്കാന്‍ കഴുത്തില്‍ കയറു കുരുക്കിയ സമയത്താണ് എനിക്ക് എന്റെ ഭാര്യയെ ഓര്‍മ്മവന്നത്.... അതുകൊണ്ട് അന്നു ഞാന്‍ മരണത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ വിധവാപെന്‍ഷനും വാങ്ങി അവള് അയല്‍വാസി വാസുവിന്റെ കൂടെ സുഖിച്ചു ജീവിക്കും എന്ന സത്യമാണ് എന്നെ മരണത്തില്‍ നിന്നും പിന്തിരിപ്പിച്ചത് എന്നതു ഞാന്‍ ഡോക്ടറോട് ഒളിക്കുന്നില്ല.
നാട്ടില്‍ സര്‍ക്കാറുദ്യോഗസ്ഥനായ ഞാന്‍ വല്ല കൊടിയും പിടിച്ച് പണിമുടക്കും നടത്തി ജീവിക്കുന്നതിനു പകരം ഈ മണലാരണ്യത്തില്‍ വന്നു വിയര്‍പ്പൊഴുക്കേണ്ട വല്ല ആവശ്യവുമുണ്ടോ എന്ന് പല പ്രാവശ്യം ചിന്തിച്ചതാണ്.
അളിയനില്‍ നിന്നും അടിച്ചുമാറ്റിയ സ്വര്‍ണ്ണബിസ്കറ്റുകള്‍ പാവപ്പെട്ട ലൂസിക്ക് പലതവണയായി ദാനം ചെയ്തു തീര്‍ന്നപ്പോള്‍ ഭക്ഷണം വരേ കഴിക്കാതെ നടക്കുന്ന സമയത്തായിരുന്നു നാട്ടില്‍ നിന്നും ഭാര്യയുടെ ഒരു വിളി... അവള്‍ക്ക് പലചരക്കുകടയിലെ പറ്റു തീര്‍ക്കാന്‍ കാശുവേണം പോലും ... ഞാനൊരു ശുദ്ധനും പാവവുമായതുകൊണ്ടല്ലേ ഡോക്ടര്‍ അവള് എന്നെ നിരന്തരം കാശിനു വിളിച്ചു ശല്യം ചെയ്യുന്നത്? ഒന്നുമില്ലേലും അഞ്ചു ലക്ഷവും ഇരുനൂറു സീ.സി. ബൈക്കും വാങ്ങി അവളെ ഞാന്‍ കല്യാണം കഴിച്ചില്ലേ? ആ എന്നോടാണവള്‍...... ഇപ്പോള്‍ നിറഞ്ഞുതൂവിയ കണ്ണുനീര് ഞാന്‍ കത്തില്‍ വീഴാതെ വേസ്റ്റ് ബാസ്കറ്റിലേക്കൊഴിച്ചതാണ്...
ദേഷ്യം വന്ന ഞാന്‍ അവളോടു പറഞ്ഞു പലചരക്കുകാരനോട് ചെരയ്ക്കാന്‍ പോകാന്‍ പറ .. എന്ന് . പിന്നീടിതുവരേ പലചരക്കുകടയില്‍ക്കൊടുക്കാന്‍ പണത്തിനായി അവള് വിളിച്ചിട്ടില്ല.... പണമില്ലാതെ എന്തെടുത്തുകൊടുത്ത് കടം വീട്ടി എന്നറിയില്ലാ എങ്കിലും എനിക്കിപ്പോള്‍ മനസ്സമാധാനമുണ്ട്....
ഇത്രയും പ്രശ്നങ്ങളുടെ ഇടയില്‍ നട്ടം തിരിയുന്ന എനിക്ക് ജീവന് പിടിച്ചു നിര്‍ത്താന്‍ ഒരു ജോലി അത്യാവശ്യമായിരുന്നു. അങ്ങിനെയാണ് ഞാന്‍ വീണ്ടും മറ്റൊരു അറബിയുടെ ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെത്തുന്നത്.
ദിവസവും ആടുകള്‍ക്ക് പുല്ലുകൊടുക്കുക , പിണ്ണാക്ക് കലക്കിക്കൊടുക്കുക പിന്നേയും എന്തരോ..... ജോലികള്‍ ചെയ്തുചെയ്തെനിക്കു മടുത്തു. ഇതെല്ലാം അറബിക്കു ചെയ്താലെന്താ?.... കേരളത്തിലെങ്ങാനുമായിരുന്നെങ്കില്‍ തൊഴിലാളി പീഡനത്തിനെതിരെ മിനിമം രണ്ടു ഹര്‍ത്താലെങ്കിലും നടത്തി ആടുവളര്‍ത്തല്‍ കേന്ദ്രം പൂട്ടിച്ച് താക്കോലെടുത്ത് അറബിക്കടലിലെറിയാമായിരുന്നു.
എന്തിനാണ് ഈ മുതലാളിമാര്‍ പാവപ്പെട്ട തൊഴിലാളികളെ ജോലിതന്ന് പീഡിപ്പിക്കുന്നത് എന്ന് എനിക്കിപ്പഴും മനസ്സിലാകുന്നില്ല... അവര്‍ മെയ്യനങ്ങുന്നുണ്ടൊ? ... കാലിന്റെ മുകളില്‍ കാലും കയറ്റിവെച്ച് മടിയനായി ഇരിക്കുന്ന അറബിയെക്കണ്ടാല്‍ കിങ്കോങിനെയാണെനിക്കോര്‍മ്മ വരിക..
അതിലും കഷ്ടമാണ് കമ്പനിയിലെ കണക്കപ്പിള്ളയായ കോട്ടയം കുര്യച്ചന്റെ കാര്യമോര്‍ക്കുമ്പോള്‍ .... എന്നേപ്പോലുള്ള പാവം തൊഴിലാളികള്‍ ആടിനു പിണ്ണാക്കും ഒലക്കയുടെ മൂടും കലക്കി കഷ്ടപ്പെടുമ്പോള്‍ കമ്പ്യൂട്ടറിനു മുന്പിലിരുന്ന് കണക്കു കൂട്ടുക മാത്രം ചെയ്യുന്ന അവന് ഞങ്ങളുടെ ഇരട്ടി ശമ്പളം കൊടുക്കും ... ഒന്നുമില്ലേല്‍ അവന് മലയാളിയല്ലേ.........തെണ്ടി.... അവനു പറയാന്‍ മേലായിരുന്നോ തനിക്കും ബാക്കി തൊഴിലാളികളുടെ അതേ ശമ്പളമോ അതില്‍ കുറവോ മതിയെന്ന്......
നമ്മള് പോറ്റി വളര്‍ത്തുന്ന ആടിനെ അറബി നല്ല വിലയ്ക്കു വില്‍ക്കുന്നു, ആ കാശ് അവന് ദിവസംതോറും പോക്കറ്റിലിടുന്നു... നമുക്കു മാസത്തില്‍ മാത്രം ശമ്പളവും... നെഞ്ചു പൊട്ടിപ്പോകും ഡോക്ടര്‍ .... ഈ ക്രൂരതകള്‍ കാണുമ്പോള്‍ ഏതു കൊച്ചു കുട്ടിയും വാവിട്ടു കരഞ്ഞു പോകും..... എനിക്കു വീണ്ടും കണ്ണുനീര് വരുന്നു ഡോക്ടര്‍....
ഇത്രയുമെഴുതിയതു വായിച്ച് ഡോക്ടര്‍ കണ്ണുനീരുതുടയ്ക്കുകയായിരിക്കുമെന്നു കരുതിക്കൊണ്ട് ഞാനെന്റെ യഥാര്‍ത്ഥ പ്രശ്നത്തിലേക്കു കടക്കുകയാണ്. ഈ പ്രശ്നം വന്നപ്പോള്‍ വീണ്ടും ഞാന്‍ മരിക്കാനൊരുങ്ങിയതാണ്. പക്ഷേ ഏതോ ഒരദൃശ്യ ശക്തി(?) എന്നെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മാസം ശമ്പളം വാങ്ങിക്കാന്‍ ചെന്നപ്പോഴാണ് സംഗതികളുടെ തുടക്കം... അറബി എനിക്കു മാത്രം ശമ്പളം തന്നില്ല... മറ്റുള്ളവരെല്ലാം ശമ്പളം വാങ്ങി റിയാലുകളെണ്ണുന്ന കാഴ്ച്ച കണ്ടപ്പോള്‍ എനിക്കു സഹിച്ചില്ല.... എനിക്കു ശമ്പളം കിട്ടാത്തതിലും വലിയ സങ്കടം തോന്നിയത് മറ്റുള്ളവര്‍ക്കു കിട്ടുന്നത് കണ്ടപ്പോഴായിരുന്നു.....
സങ്കടം കൊണ്ട് സഹികെട്ട ഞാന്‍ എന്റെ നെഞ്ചിങ്കൂടിനിട്ട് അടിച്ചാല്‍ എനിക്കു വേദനിക്കില്ലേ എന്നു മനസ്സിലാക്കിയതുകൊണ്ടായിരുന്നു അടുത്തുണ്ടായിരുന്ന ബംഗാളിയുടെ നെഞ്ചിനിട്ടു ആഞ്ഞു ചവിട്ടിയത്. പക്ഷേ അവന് കരാട്ടെയില്‍ കുങ്ഫൂ എടുത്തവനായിരുന്നു. അതുകൊണ്ടാണല്ലൊ ശുദ്ധനും പാവവുമായ എന്നെ അവന് ഇഞ്ചപ്പരുവമാക്കിയത്.
ഇതെല്ലാം നോക്കി നിന്ന മലയാളികളായ ഒരു തെണ്ടിപോലും എന്നെ തിരിഞ്ഞു നോക്കിയില്ലാ എന്നത് എനിക്കു വീണ്ടും സങ്കടമുണ്ടാക്കി.... എനിക്കു ശമ്പളം തരാത്തതില്‍ പ്രതിഷേധിച്ച് ഒരു പന്തംകൊളുത്തിജാഥ അറബിയുടെ വീട്ടിലേക്കു നയിക്കാന്‍ ഞാനൊരുങ്ങിയതാണ്..... പക്ഷേ ഒറ്റ മലയാളി പോലും................
ഒടുവില്‍ അറബിയെക്കണ്ട് എന്റെ തടഞ്ഞുവെച്ച ശമ്പളം വാങ്ങിക്കാനും അതിന്റെ കാരണമറിയാനുമായിരുന്നു അറബിയുടെ വീട്ടുവാതില്ക്കല് ഞാനെത്തിയത്. അപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം ഞാന്‍ മനസ്സിലാക്കിയത്....... പാവം എന്റെ അറബി ഒരു മനോരോഗിയാണു ഡോക്ടര്‍... (കണ്ണുനീര്)..
എനിക്കു ശമ്പളം തരാത്തതിന്റെ കാരണം ചോദിച്ച എന്നോടയാള് പറയുകയാ.... എല്ലാ ദിവസവും ജോലിക്കു വരുന്നവനേ ശമ്പളമുള്ളു എന്ന്..... അതൊക്കെ തൊഴിലാളിയുടെ സൌകര്യമല്ലേ എന്നു ചോദിച്ച എന്റെ മുഖത്തവന് കാര്‍ക്കിച്ചു തുപ്പി..... അല്ലേലും അവനും അവന്റെ ഒരു ഡസണ്‍ മക്കള്‍ക്കുംകൂടി ചെയ്യാനുള്ള ജോലിമാത്രമല്ലേ കമ്പനിയിലുള്ളൂ..... വെറുതെയെന്തിനാ പാവം തൊഴിലാളികളെ കഷ്ടപ്പെടുത്തുന്നത്?!!! ശമ്പളം കൃത്യമായിത്തന്നെ ഞങ്ങള്‍ വാങ്ങിക്കുന്നുണ്ടല്ലോ...
എന്നെപ്പറ്റി പറഞ്ഞാല്‍ ശമ്പളം തരുന്ന ദിവസമൊഴിച്ച് ബാക്കി ദിവസങ്ങളില്‍ ജോലിക്കു പോകുന്നതെനിക്കിഷ്ടമല്ല.. അതുകൊണ്ടു മാത്രമാണ് ശമ്പളദിവസത്തില്‍ മാത്രം ഞാന്‍ ഹാജറാകുന്നത്. അതൊരു കുറ്റമാണൊ ഡോക്ടര്‍?..... ജോലി ചെയ്തില്ലാ എങ്കിലും കൃത്യമായി കൂലികൊടുക്കുക എന്നത് മുതലാളിയുടേയും വാങ്ങുക എന്നത് ലോകം മുഴുവനുമുള്ള തൊഴിലാളികളുടെയും അവകാശമല്ലെ ഡോക്ടര്‍? ങാ... കേരളത്തിലെങ്ങാനുമാവേണ്ടിയിരുന്നു ....
കൂലികൊടുക്കുന്ന ദിവസംമാത്രം ജോലിക്കുവരുന്നവനു കൂലിയില്ലാ എന്ന് പ്രഖ്യാപിച്ച അറബിയുടെ മാനസിക നില നേരെയാക്കാന്‍ ദയവായി നല്ല ഒരു പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഒരു മറുപടിക്കായി കാത്തു നില്ക്കുന്നു. അല്ലാ എങ്കില്‍ എന്റെ മാനസിക നില തെറ്റിപ്പോകുമോ എന്നുവരെ ഞാന്‍ ഭയപ്പെടുന്നു... പ്ലീസ് ഡോക്ടര്‍ ഡോക്ടര്‍ക്കുകൂടി വേണ്ടിയാണു ഞാന്‍ പറയുന്നത് .... പ്ലീസ് ..... അല്ലാ എങ്കില്‍ അറിയാമല്ലോ.... ഡോക്ടറെയും കുടുംബത്തിനെയും ഞാന്‍ ബ്ലോഗിലിട്ട്.....ങാാ..................................
ഇങ്ങനെയൊക്കെയാണെങ്കിലും ഡോക്ടര്‍, എന്റെ പ്രശ്നത്തിനു പരിഹാരം കാണുകയാണെങ്കില്‍ തമിഴ്നാട്ടില്‍ ഡോക്ടറുടെ പേരില്‍ ഒരു ആരാധനാലയം സാക്ഷാല്‍ ഞാന്‍ പണികഴിപ്പിക്കുമെന്നുംകൂടി അറിയിച്ചുകൊണ്ടും, കത്ത് നീണ്ടുപോയതില്‍ ഒരിക്കല്‍ക്കൂടി ക്ഷമാപണം നടത്തിക്കൊണ്ടും സ്വന്തം ടിന്റുമോന് (ഒപ്പ്) പിന്നെ ഒരു കുത്ത്. ’
ടിന്റുമോന്റെ കത്തു വായിച്ച വാരികയിലെ ലൈംഗിക കം മനശാസ്ത്ര പംക്തി കൈകാര്യം ചെയ്തു വിടുന്ന കോരപ്പന് അന്തം വിട്ട് പൊട്ടിച്ചിരിച്ചു..... പണ്ട് ആക്രിക്കച്ചവടവും , നാടകുത്തും ചെയ്ത് അരിവാങ്ങിച്ചിരുന്ന കോരപ്പന് ഇതിലും വലിയ ഭീഷണികള്‍ കേട്ടതാണ്....
“അവനങ്ങ് ശുട്ടു കൊല്ലും പോലും...............അവനേക്കാളും വലിയ പ്രാന്തമ്മാരുടെ പ്രശ്നങ്ങള്‍ സോള്‍വ് ചെയ്ത ... എന്നോടാ കളി....”
ഇതും പറഞ്ഞ് ന്യൂയറിനു പൂസ്സായി മറ്റുള്ളവന്റെ നെഞ്ചത്തു വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ കൊണ്ടുവെച്ച കളറു ചേര്‍ത്ത് വിദേശിലേബലൊട്ടിച്ച സ്വദേശിയെ വായിലേക്ക് കമഴ്ത്തിക്കൊണ്ട് ടിന്റുമോന്റെ കത്തെടുത്ത് ചവറ്റുകുട്ടയിലിട്ടശേഷം അടുത്ത കത്തിന്റെ കവര്‍ പൊട്ടിച്ചു........
അതില്‍ ഇങ്ങനെ എഴുതിയിരുന്നു “ ഡാ കോരപ്പാ .... നീയെന്നാടാ ഡോക്ടറായത്..... നീയാണ് ലൈംഗിക കം മനശ്ശാസ്ത്ര പംക്തി കൈകാര്യം ചെയ്യുന്നത് എന്നറിഞ്ഞു തന്നെയാ ഞാനീ കത്തെഴുതുന്നത് .... നീ ഡോക്ടറാണെങ്കില് ഞാന്‍ ജില്ലാ കലക്ടറാണെടാ.... ഈ ന്യൂ ഇയറിനെങ്കിലും കുടിച്ചു ലക്കുകെടാതെ വീട്ടിലെത്തിക്കോണം .... അല്ലെങ്കില്‍ ... ങാ....
എന്ന് നിന്റെ നാലു പിള്ളേരുടെ തള്ളയും നീ താലിമുറുക്കി കൊല്ലാന്‍ നോക്കിയവളുമായ മാധവി. ഒപ്പ്. കൂടെ ഒരു ഹാപ്പി ന്യൂ ഇയറും പിടിച്ചോ ..”
ഇതും കൂടി കണ്ട കോരപ്പന് കുപ്പിയില്‍ അവശേഷിച്ചവനെക്കൂടി ഒറ്റവലിക്കു കാലിയാക്കി ...
കഴിഞ്ഞ ക്രിസ്മസിനും , ന്യൂ ഇയറിനും വീട്ടില്‍ പോവാതെ ടൈപിസ്റ്റ് കം അസിസ്റ്റന്റായ മിസ് രുദ്രാണിയുടെ വീട്ടിലിരുന്ന് ‘ഭാര്യയെ ഒതുക്കാനുള്ള പതിനായിരത്തിയൊന്ന് കുറുക്കുവഴികള്‍ ’ എന്ന മഹാഗ്രന്ഥത്തിന്റെ ക്ലൈമാക്സെഴുതിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നല്ലോ മാധവിയുടെ ആങ്ങളമാരായ കൊട്ടേഷന്‍ ദാസപ്പനും, ഇരുമ്പ് ലോനപ്പനും കോരപ്പനെയിട്ട് ഒതുക്കിയത്...
പലരുടെ പ്രശ്നങ്ങള്‍ക്കും പല നിര്‍ദ്ദേശങ്ങളും നല്കി പരിഹാരം കണ്ട തനിക്കു വാരികയിലെ അവധി ദിവസങ്ങളില്‍ നേരെ വീട്ടിലെത്തിക്കൊള്ളണം എന്ന മാധവിയുടെ കല്പനയ്ക്കു മാത്രം പരിഹാരം കാണാന്‍ കഴിയില്ലാ എന്നുമനസ്സിലാക്കിയ കോരപ്പന് , വാരികയിലെ ‘എന്തരോ കം വീണ്ടുമെന്തരോ’ പംക്തിയും അടച്ചുപൂട്ടി അടുത്ത ബസ്സിനു തന്നെ ന്യൂഇയര്‍ ആഘോഷിക്കാന്‍ സ്വന്തം ഭാര്യ മാധവിയുടെ വീട്ടിലേക്കു വച്ചു പിടിച്ചു.
ഹാപ്പി ന്യൂഇയര്‍....
Subscribe to:
Post Comments (Atom)
26 comments:
Dear brother,
നവവത്സരാശംസകള്‍..
സസ്നേഹം,
ചേച്ചി.
രസികാ:ന്യൂ ഇയര്‍ ആശംസകള്‍.പിന്നെ കത്തും കുത്തും കൊള്ളാം.ന്യൂ ഇയര്‍ അടിപ്പിച്ച് ചേര്‍ന്ന ഒരു പോസ്റ്റ് തന്നെ ഇട്ടല്ലോ?
ഇതു ടിന്റുമോന് അപ്പൊ നിന്റെ കൂടെ ആയിരുന്നല്ലേ
ഏതായാലും
കലക്കീട്ടോ
ഹാപ്പി ന്യൂ ഇയര്‍
നവവത്സരാശംസകള്‍ ...
പുതുവത്സരക്കത്ത് കലക്കി.
സ്നേഹം നിറഞ്ഞ പുതു വത്സരാശംസകള്‍
തിരിച്ചും,
നല്ലൊരു പുതു വര്‍ഷം ആശംസിക്കുന്നു
സസ്നേഹം
ബാജി ഓടംവേലി
ഹാപ്പി ന്യൂയീയര്‍ 2009... :D
>>>എന്തിനാണ് ഈ മുതലാളിമാര്‍ പാവപ്പെട്ട തൊഴിലാളികളെ ജോലിതന്ന് പീഡിപ്പിക്കുന്നത് എന്ന് എനിക്കിപ്പഴും മനസ്സിലാകുന്നില്ല <<<
ഒരു പാടു തവണ ആലോചിച്ച് ഉത്തരം കിട്ടാത്ത ചോദ്യമാണിത്..
രസികാ.. രസിച്ചു
ആശംസകള്‍..
കഥ നന്നായി രസികാ. നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍
ഇത്, ഇത്, ഇത് കലക്കി.....[തല അങ്ങോട്ടും ഇങ്ങോട്ടും കുലുക്കണം]
എന്നാലും ന്റെ ടിന്റുമോനേ നീ ഹലാക്കിന്റെ ഔലും കഞ്ഞിം കുടിച്ച് പ്പളും ണ്ടല്ലേ?
ടിന്റൂന്റെ ദു:ഖം ഇപ്പോൾ എന്റേയും ദു:ഖമാകുന്നു. എല്ലാ മാസവും ശമ്പളത്തിന്റെന്ന് മാത്രം ജോലിക്ക് വന്നാൽ മതിയെന്ന ആഗ്രഹം മനസ്സിൽ തങ്ങി നിൽക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഒരു പണിയും ചെയ്യാതെ മെയ്യനങ്ങാതിരിക്കുന്ന അറബി മുതലാളിമാർക്കും ജോലി ചെയ്യാലോ..? ന്നാലും ആ അറബി അങ്ങനെ പറഞ്ഞതെനിക്ക് ഇഷ്ടായില്ല. ജോലിക്ക് വന്നില്ല എന്ന ഒരൊറ്റ പ്രശ്നത്തിന്റെ പേരിൽ ശമ്പളമില്ലന്ന് പറയാൻ അയാൾക്കെന്തധികാരം?
എല്ലാ തൊഴിലാളി യൂണിയനുകാരും ഈ മുതലാളിയുടെ ധിക്കാരത്തിനെതിരെ ശക്തമായി പ്രതികരിക്കണം എന്നാണെന്റെ അപേക്ഷ.
രസികാ, ഇതൊരു കിടിലൻ പോസ്റ്റായി എന്നാണ് എന്റെ അഭിപ്രായം.
രസികനും കുടുംബത്തിനും എന്റെയും കുടുംബത്തിന്റേയും ഹൃദയം നിറഞ്ഞ നവവത്സരാശംസകൾ!
കത്ത് വായിച്ച് കണ്ണു നീറ് തുടച്ച് തുടച്ച് ഒരു പരുവമായി. ആ ഡോക്ടറ് ഒരു കോ(ര)പ്പനായത് ടിന്റുമോനന്റെ ഭാഗ്യം. ഞാനാൺ ആ സ്ഥാനത്ത് എങ്കിൽ ഇത്രയും മനോവേദന അനുഭവിക്കുന്ന പാവം പ്രവാസിക്ക് ഒരു പത്ത് ഗ്രാം ഫ്യുറഡാൻ തന്നെയെങ്കിലും അയച്ചു കൊടുക്കുമായിരുന്നു.
അത് പോട്ടെ, പെരുന്നാളിൻ നാട്ടിലാണല്ലൊ എന്ന ദൈര്യത്തിൽ ഒഎബിയെ തിന്നു അല്ലെ.ടിന്റുമോന്റെ ലിങ്കിൽ കൂടി അവിടം സന്ദറ്ശിച്ചപ്പോഴല്ലെ ഞമ്മളത് കണ്ടത്.
അന്നിത് കണ്ടിരുന്നെങ്കിൽ ബ്ലോഗിൽ ഞാനൊരു ഹറ്ത്താലിൻ കോപ്പ് കൂട്ടുമായിരുന്നു.(ഞാൻ കേരളത്തിലാൺ കെട്ടൊ)
:) :)
രസികനിൻ രചനകൾക്ക്, രസച്ചരടുകൾ പൊട്ടാതെ എന്നുമെന്നും ഞങ്ങൾക്ക് വായിച്ച് രസിക്കാൻ പുതു വറ്ഷം ഇട വരുത്തട്ടെ.. പ്രാറ്ഥനയോടെ.... ആശംസകൾ.
നല്ല ഫലിതം!
ആ “ലൂസിയുമായുള്ള ഇടവേള” നോന് ‘ക്ഷ’ പിടിച്ചു. :-)
ദേ,ഞാനും ടിന്റു മോന്റെ കൂടെയാ...എന്ത് ചെയ്താലും കുറ്റം..കൃത്യമായി ശമ്പളം വാങ്ങാന്‍ ചെല്ലുന്ന ടിന്റു മോന് ആ അറബിയ്ക്ക് ശമ്പളം കൊടുത്താലെന്താ?അല്ലെങ്കിലും,ഈ അറബികള്‍ ഇങ്ങനെ തന്നെയാ..കണ്ണീ ചോരയില്ലാത്ത വഹകള്‍ !
(അറബികള്‍ മലയാളം ബ്ലോഗും,കമന്റും വായിക്കില്ലെന്ന ധാരണയില്‍ എഴുതിയതാണ്)
രസികന്‍ ചേട്ടാ..പതിവുപോലെ,പോസ്റ്റ് കലക്കി..ഇഷ്ടപ്പെട്ടു..
ഹാപ്പി ന്യൂ ഇയര്‍.
രസകരം ഈ പോസ്റ്റ്..... എന്നാലും കോരപ്പന്റെ ന്യൂ ഇയര്‍ കുളമായല്ലോ!
'കേരളത്തിലെങ്ങാനുമായിരുന്നെങ്കില്‍ തൊഴിലാളി പീഡനത്തിനെതിരെ മിനിമം രണ്ടു ഹര്‍ത്താലെങ്കിലും നടത്തി ആടുവളര്‍ത്തല്‍ കേന്ദ്രം പൂട്ടിച്ച് താക്കോലെടുത്ത് അറബിക്കടലിലെറിയാമായിരുന്നു'
ഹ..ഹ... അതു കലക്കി!
കൊള്ളാം രസികാ കലക്കി ഈ എഴുത്ത്...ആശംസകള്‍...
'... ഒന്നുമില്ലേല്‍ അവന് മലയാളിയല്ലേ.........തെണ്ടി.... അവനു പറയാന്‍ മേലായിരുന്നോ തനിക്കും ബാക്കി തൊഴിലാളികളുടെ അതേ ശമ്പളമോ അതില്‍ കുറവോ മതിയെന്ന്......'
രസികനല്ല..., ശരിക്കും കുശുംബന്‍..!!! :-)
നന്നായെടോ...
ഒരു സ്വകാര്യം: ഇടക്കെനിക്കും തോന്നാറുണ്ട് ഇങ്ങനെ.!!!
മൊത്തത്തീ രസിപ്പിച്ചല്ലോ
ആശംസകള്‍
ശ്രീദേവിച്ചേച്ചി: തിരിച്ചും ആശംസകള്‍
അരുണ്‍: നന്ദി ഹാപ്പിയില്‍ പൊതിഞ്ഞ ഒരു പുതുവത്സരം നേരുന്നു
സാബിത്ത്: ഹി ഹി... അനക്കും ഒരു ന്യൂ ഇയര്‍ പിടിച്ചോ....
അരീക്കോടന്‍ മാഷ്: പുതുവത്സരാശംസകള്‍
ശ്രീനു: നന്ദി പുതുവത്സരാശംസകള്‍
ബാജി: നന്ദിയും ഒരിക്കല്‍ക്കൂടി പുതുവത്സരാശംസകളും നേരുന്നു
ആചാര്യന്: ഹാപ്പി ന്യൂ ഇയര്‍ ... നന്ദി
ബഷീര്‍ജീ: ഞാനും ഒരുപാടു തവണ ഉത്തരം കിട്ടാതെ അന്തിച്ചു കുന്തിച്ചിരുന്നു പോയിട്ടുണ്ട് :)
നന്ദി
കാസിംജീ: നന്ദി തിരിച്ചും ആശംസകള്‍
നരിക്കുന്നന്‍: ടിന്റുമോന് ഇപ്പഴും അവിന്റെ കഞ്ഞിയും കുടിച്ച് ഹലാക്കായി ഇതിലെയൊക്കെ (മലയാളികള്‍ക്കിടയിലൂടെ) ചുറ്റിക്കറങ്ങുന്നുണ്ട്.
നന്ദി ... താങ്കള്‍ക്കും കുടുംബത്തിനും തിരിച്ചും നവവത്സരാശംസകള്‍
ഓ.എ.ബീ: ഇന്റെ ആലിന്റെ മൊകളിലെ ശൈത്തന്മാരേ.... ഓനേപ്പറ്റി എയുതിയത് ഓന് നാട്ടില്‍ നൂറ്റിഎട്ടാമത്തെ ലത് ആഘോഷിക്കാന്‍ പോയതാണെന്ന് കരുതിയത് കൊണ്ടാ ഓനത് കണ്ട് പിടിച്ചല്ലോ.......
ഓ.എ.ബീ നന്ദി
കിഷോര്‍: ഇടവേളകളിലാണു താല്പര്യം അല്ലേ... ഗള്ളാ... നന്ദി
സ്മിതാജീ: ഞാനിത് അറബിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് ഇവിടെയുള്ള കവലകളിലും ചന്തകളിലുമെല്ലാം ഒട്ടിച്ചു വെക്കും ... ങാ....
നന്ദി ഹാപ്പിയില്‍ ചുട്ടെടുത്ത ഒരു പുത്തന്‍ കൊല്ലം ആശംസിക്കുന്നു
ശിവാ: പാവം കോരപ്പന്.... ന്യൂ ഇയര്‍ കുക്കുളമായി
നന്ദി
ബിന്ദുജീ: നന്ദി... ഹിഹി
പകല്ക്കിനവന് ജീ: നന്ദി ... :)
ശ്രദ്ധേയന്‍: നമ്മള് മലയാളികള്‍ക്കുള്ള (എല്ലാവര്‍ക്കുമല്ല) സ്വഭാവ ഗുണങ്ങളില്‍ ഒന്നണീത്. ഒരേ കമ്പനിയില്‍ ജോലിചെയ്യുന്ന മലയാളിക്കു ശംബളവും സൌകര്യങ്ങളും കൂടുതലുണ്ടെങ്കില്‍ മറ്റു മലയാളികള്‍ അതു സഹിക്കില്ല. അതു കമ്പനി മാനേജരാണെങ്കില്‍ പോലും :)
പ്രിയാജീ: നന്ദി .... :)
ഡോക്റ്ററുടെ മറുപടി വരുമ്പോള്‍ അതു കൂടി ഞങ്ങളെ കാണിക്കണേ.
രസ്സ്യന്‍ എഴുത്ത് , ചങ്ങാതീ !
"അളിയന് വാങ്ങിക്കുന്ന ഡ്രസ്സുകള്‍ അളിയനേക്കാളും ഇണങ്ങുന്നത് എനിക്കാണെന്നു മനസ്സിലായതുകൊണ്ടു മാത്രമാണ് ഞാന്‍ അതെടുത്ത് ധരിച്ചത്. പക്ഷെ മഹാ തോന്ന്യാസിയും, പരമചെറ്റയുമായ അളിയന് അതു പിടിക്കുന്നില്ലാ എന്നെനിക്കറിയാം എന്നാലും ഞാനതൊക്കെ സഹിച്ചാണ് അയാളുടെ ഡ്രസ്സുകളണിയുന്നത്. അയാളുടെ പെങ്ങളെ കല്യാണം കഴിക്കുക എന്ന മഹാസംഭവം ചെയ്ത എന്നെ അയാള്‍ റൂമിലിട്ടു നിരന്തരം പീഡിപ്പിക്കുകയായിരുന്നു ഡോക്ടര്‍..."
ഹൊ..താന്‍ ശരിക്കും
രസികന്‍ തന്നെടാ..മച്ചാ..
എന്നാ ഒടുക്കത്തെ എഴുത്താ....:)
മുടിഞ്ഞ ശൈലി..
കൊല്ലുന്ന ഹാസ്യം
കിടിലന്‍ അവതരണം...
കലക്കി മച്ചാ..
കലക്കി....
വൈകിയാണെങ്കിലും
ഈ സഹജീവിയുടെ വക
ഒരു പുതുവര്‍ഷാശംസകള്‍...
(ഒരു വയസ്സു കൂടി..കൂടി..)
എഴുത്തു കാരീ: പാവം ഡോ: കോരപ്പന് അദ്ദേഹമിനി മറുപടി എഴുതുമോന്നു കണ്ടറിയണം....
നന്ദി
സജീവ് ജീ: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്
അജയ്: നന്ദിയുണ്ട് ..... പഴകിയ ഒരു പുതുവത്സരാശംസ അങ്ങോട്ടും നേരുകയാണ്
രസികരാജാ..ഇതും no.1. തന്നെ...
ഒത്തിരി വൈകിയ ഹാപ്പി ന്യൂ ഇയര്‍...!
ആദര്‍ശ് നന്ദി
Post a Comment