Tuesday, January 27, 2009

ശൈഖ് അല്‍ ഗുലാമി കുട്ടപ്പന്‍ ...

ലര്‍ച്ചെയുള്ള തണുപ്പിനെ വകവെയ്ക്കാതെയാണ് ജാനുവേച്ചി മുരിങ്ങാമരത്തില്‍ വലിഞ്ഞുകയറിയത്. ശരീരം തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നെങ്കിലും മുരിങ്ങായിലയില്‍ ലക്ഷ്യംവെച്ചിരുന്ന ജാനുവേച്ചി ഇതൊന്നുമറിയുന്നുണ്ടായിരുന്നില്ല.

“ എല്ലാത്തിനും ഞാന്തന്നെ ഓടണല്ലോ ഈശരാ.... ന്റെ കുട്ടപ്പനു മൊരിങ്ങായിലക്കറീന്നു വെച്ചാ ജീവനായിരുന്നല്ലോ.... അതോണ്ട് മാത്രാ .... മൊരിങ്ങന്റെ മോളില്‍ വലിഞ്ഞു കേറിയത്. രാവിലെ ഒറ്റയെണ്ണം എണീക്കൂലാ ..... നാശങ്ങള്‍ ..... ”

ഗള്‍ഫീന്നു വരുന്ന കുട്ടപ്പനു മുരിങ്ങാക്കറിവെയ്ക്കാന്‍ പെടാപ്പാടുപെടുന്ന കുട്ടപ്പന്റെ സ്വന്തം മാതാശ്രീജാനുവേച്ചി രാവിലെ എണീക്കാതെ പോത്തുപോലെ കിടന്നുറങ്ങുന്ന ഇരട്ടക്കുട്ടികള്‍ മിന്നു ആ‍ന്‍ഡ് പൊന്നുവിനെ ശപിച്ച രംഗമാണു നമ്മള്‍ കണ്ടത്. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ജാനുവേച്ചിക്ക് ദുര്‍വ്വാസാവ്ജാനു എന്ന ഒരിരട്ടപ്പേര്‍ നാട്ടിലാകെ കിടന്നു കറങ്ങുന്നുണ്ട്.

രണ്ടേരണ്ടുമാസംമുന്‍പ് ഗള്‍ഫിലേക്കു പറന്ന കുട്ടപ്പന്‍ ഇപ്പോള്‍ വലിയ നിലയിലാണെന്നാണ് ജനസംസാരം. അതിനു മതിയായ കാരണമായിട്ടാണല്ലൊ ഗള്‍ഫിലെത്തി രണ്ടുമാസത്തിനുള്ളില്‍ത്തന്നെ അറബി സ്വന്തം പോക്കറ്റില്‍നിന്നും കാശെടുത്ത് റ്റിക്കറ്റുമെടുത്തുകൊടുത്ത് കുട്ടപ്പനു ലീവനുവദിച്ചത്.

കുട്ടപ്പന്റെ വരവറിഞ്ഞതില്‍ കിടന്നിട്ടുറക്കംവരാതെ സമയമെണ്ണിനീക്കുന്ന മറ്റൊരാത്മാവുകൂടി ആ നാട്ടില്‍ ജീവിച്ചിരിപ്പുണ്ട്. പണ്ട് കുട്ടപ്പന്‍ കൊടുത്ത അഞ്ചിന്റെ മഞ്ച് വിത്ത് പ്രേമക്കത്ത് വലിച്ചെറിഞ്ഞ് കലിതുള്ളിയ സാക്ഷാല്‍ അമ്മിണിക്കുട്ടിയായിരുന്നു അത്. വെറും കുട്ടപ്പന്‍ ഇന്ന് ഗള്‍ഫുകാരന്‍ കുട്ടപ്പനായി മാറിയപ്പോള്‍ എല്ലാം മറക്കാനും പൊറുക്കാനും തയ്യാറായ അമ്മിണിക്കുട്ടി കുട്ടപ്പനൊരു ജീവിതം കൊടുക്കാനും തയ്യാറായിരുന്നു. അതിനു കുട്ടപ്പന്റെ മുഖത്ത്പരന്നുകിടക്കുന്ന വസൂരിക്കലയോ ജന്മനായുള്ള മൂക്കൊലിപ്പോ ഒന്നും അവള്‍ക്കൊരു തടസവുമായിരുന്നില്ല.

ചുരുക്കിപ്പറയട്ടെ .... കുട്ടപ്പന്‍ വരുന്നെന്നുകേട്ടപ്പോള്‍ മുതല്‍ ജാനുവേച്ചിയുടെയും, അമ്മിണിക്കുട്ടിയുടേയും കൂടെ ആ നാട്ടിലെ സകല കെട്ടുപ്രായമെത്തിയ പെണ്‍കുട്ടികളുടെ പിതാക്കന്മാരും ഉറക്കമിളച്ചു കാത്തിരിക്കാന്‍ തുടങ്ങി.

***************

രണ്ടു മാസങ്ങള്‍ക്കുമുന്‍പ് കുട്ടപ്പനും കൂടെ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള പത്ത് ഗള്‍ഫുകാമികളുംകൂടി ഗള്‍ഫുമണലില്‍ കാലുകുത്തിയപ്പോള്‍ അവരെ സ്വീകരിക്കാനെത്തിയ അറബിമുതലാളിയുടെ ഡ്രൈവറെക്കണ്ടതും കുട്ടപ്പന്‍ ഓടിച്ചെന്നു കെട്ടിപ്പിടിച്ചൊരു മുത്തം കൊടുത്തു. കാരണം ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നതിനുപകരം അറബികള്‍ ആളുകളെ വിഷ് ചെയ്യുന്നത് കെട്ടിപ്പിടിച്ചുകൊണ്ടാണെന്നൊരു കേട്ടറിവുണ്ടായിരുന്നു നമ്മുടെ കുട്ടപ്പന്.

കുട്ടപ്പന്‍ മുത്തം കൊടുക്കുന്നതുകണ്ടതും കുട്ടപ്പന്റെകൂടെ വന്ന ബാക്കി പത്താളുകളും ഡ്രൈവറെപ്പിടിച്ചു മുത്തി........ പേടിച്ചു വിറച്ച ഡ്രൈവര്‍ ജീവനുംകൊണ്ടോടിയപ്പോള്‍ അറബിമുതലാളി നേരിട്ടുവന്നുകൊണ്ടാണ് അവരെ കമ്പനിയിലെത്തിച്ചത്.

ബുദ്ധിയുടെ കാര്യത്തില്‍ മലയാളികളെ കവച്ചുവെയ്ക്കാന്‍ ലോകത്ത് ഒരു എരപ്പാളിയും ജനിച്ചിട്ടില്ലാ എന്ന് ഗള്‍ഫിലെ ചായക്കടകളിലും കവലകളിലുമിരുന്നു അറബികള്‍ വെടിപറയുന്നത് കേട്ടതുകൊണ്ടാണ് അറബിമുതലാളി പുതുതായി പതിനൊന്നുമലയാളികളെ വിസയും ടിക്കറ്റും സ്വയം വഹിച്ചുകൊണ്ട് എന്തും സഹിക്കാന്‍ തയ്യാറായി ഗള്‍ഫിലെത്തിച്ചത്.

ചൈനയില്‍ നിന്നും വരുന്ന ഇലക്ട്രോണിക്ക് ആന്‍ഡ് ഇലക്ട്രിക്ക് ഉപകരണങ്ങളെ മെയ്ഡ് ഇന്‍ ജപ്പാനില്‍ത്തുടങ്ങി മെയ്ഡ് ഇന്‍ അന്റാര്‍ട്ടിക്കവരേയാക്കിമാറ്റുന്ന കമ്പനിയായിരുന്നു അറബിമുതലാളിയുടേത്.

കമ്പനി അസിസ്റ്റന്റ്മാനേജര്‍ തസ്തിക ധന്യമാക്കിക്കൊണ്ട് തന്റെ സീറ്റിലിരുന്ന് അടുത്തുള്ള കോളാമ്പിയിലേക്ക് മുറുക്കിത്തുപ്പുകയായിരുന്ന രണ്ടാം ക്ലാസ് കം ഗുസ്തി ബിരുദധാരി കുഞ്ഞിപ്പോക്കര്‍ കുട്ടപ്പനെയും സംഘത്തിനെയും കണ്ടപ്പോള്‍ തന്റെ കൂളിംഗ് ഗ്ലാസ്സ് കണ്ണാടിയുടെ ലെവല്‍ ഉറപ്പുവരുത്തിയ ശേഷം മുഖത്തൊരു ഗൌരവവും ഫിറ്റു ചെയ്തു.

കുട്ടപ്പനും സംഘവും കമ്പനിയിലാകെ കിടന്നുകറങ്ങി.... ആരൊക്കെയോ നോക്കിച്ചിരിക്കുന്നു .... ചിലര്‍ മസിലുപിടിക്കുന്നു....... ചിലര്‍ മൂക്കത്തു വിരല്‍ വെക്കുന്നു......

ഇതെല്ലാം കണ്ട കുട്ടപ്പനു കലികയറി .. അറബിമുതലാളിയുടെ ഓഫീസ് മുറിയിലേക്കോടിക്കയറിയ കുട്ടപ്പന്‍ മുതലാളിയോട് ‘ഇംഗ്ലീഷില്‍’ തട്ടിക്കയറി.
“തിസ് ഈസ് വാട്ട്........ വാട്ട്.. ഈസ് തിസ് ..... വാട്ട് ദിസ് ആന്ഡ് ദിസ് വാട്ട് ബിക്കോസ് ..... ദിസ് ഈസ് ദിസ് ആന്ഡ് വാട്ട്................”

കുട്ടപ്പന്റെ ഇംഗ്ലീഷുകേട്ട അറബി കോരിത്തരിച്ചുപോയി ..... ഇംഗ്ലീഷറിയാവുന്നവനുവേണ്ടി ഒഴിച്ചിട്ടിരിക്കുകയായിരുന്ന മാനേജര്‍പോസ്റ്റില്‍ അപ്പോള്‍ത്തന്നെ കുട്ടപ്പന്‍ നിയമിതനായി. അതോടുകൂടി കുട്ടപ്പന്‍ കമ്പനിയുടെ ആള്‍ ഇന്‍ ആളുമായി.

കുട്ടപ്പനോടുള്ള ബഹുമാനാദരവുകാരണം തന്റെ വീടിനോട് തൊട്ടുകിടക്കുന്ന ഔട്ട്‌ഹൌസില്‍ത്തന്നെ താമസസൌകര്യം ഏര്‍പ്പെടുത്തിക്കൊടുത്ത അറബി കുട്ടപ്പനെ ഓമനയോടെ “ ശൈഖ് അല്‍ ഗുലാമി കുത്തപ്പന്‍ “ എന്ന് ഓമനപ്പേരിട്ടു വിളിച്ചപ്പോള്‍ സാക്ഷാല്‍ കുട്ടപ്പന്‍ ശൈഖ് അല്‍ ഗുലാമി കുട്ടപ്പനായി മാറുകയായിരുന്നു.

സന്തോഷം നിറഞ്ഞ ദിനങ്ങള്‍ കടന്നുപോയി. കുട്ടപ്പന്റെ നാട്ടിലുള്ള അക്കൌണ്ടില്‍ അറബിയുടെ സന്തോഷങ്ങളുടെ പങ്കു നിറഞ്ഞുതുടങ്ങി.

ഒരു ദിവസം കുട്ടപ്പനു ഡിന്നറുമായിച്ചെന്ന അറബിയുടെ ‘എല്ലാമെല്ലാമായ’ ഇന്തോനേഷ്യക്കാരി വേലക്കാരിയെ കാണാതായപ്പോള്‍ അന്വേഷിച്ചു ചെന്ന അറബി ആ രംഗം കണ്ടു ഞെട്ടി.... വേലക്കാരിയെ “ശൈഖ് കുട്ടപ്പന്‍ ” അറേബ്യന്‍ ശൈലിയില്‍ ‘വിഷ്’ ചെയ്തുകൊണ്ട് ഇംഗ്ലീഷ് പഠിപ്പിക്കുന്നു. വേറെ എന്തും സഹിക്കാനും പൊറുക്കാനും തയ്യാറുള്ള മഹാമനസ്കനായ അറബി ..... വേലക്കാരി കൈവിട്ടുപോകുന്നകാര്യം മാത്രം സഹിക്കുമായിരുന്നില്ല.

പിറ്റേന്നുതന്നെ കുട്ടപ്പന്റെ മാനേജര്‍ കം ആള്‍ ഇന്‍ ആള്‍ സേവനം മതിയാക്കിയശേഷം എക്സിറ്റടിച്ച് അറബി സ്വന്തം ചിലവില്‍ ടിക്കറ്റുമെടുത്തുകൊടുത്ത ശേഷം “ അല്‍ ഗല്‍കുലാഹിസില്‍ ഹുലാമികം (മേല്ലാല്‍ ഗള്‍ഫില്‍ കണ്ടുപോകരുത്...)” എന്നൊരു താക്കീതും കൊടുത്തു.

അങ്ങിനെയാണ് ഓട്ടപ്പറമ്പില്‍ ഓ.പി കുട്ടപ്പന്‍ എന്ന ശൈഖ് അല്‍ ഗുലാമി കുട്ടപ്പന്‍ നാട്ടില്‍ വരുന്നൂ എന്ന ‘സംഗതിവാര്‍ത്താഹ’ നാട്ടിലാകെ പാട്ടായത്.

*************

കുട്ടപ്പനെ സ്വീകരിക്കാന്‍ സ്വയംതീരുമാനമെടുത്തശേഷം വാടകയ്ക്ക് ‘ഹര്‍ത്താല്‍ സ്പെഷ്യല്‍ പ്രീമിയര്‍ പത്മിനിയും’ വിളിച്ചുകൊണ്ടാണ് കുട്ടപ്പന്റെ കളിത്തോഴന്‍ പോത്തന്‍പോക്കര്‍ എയര്‍പ്പോര്‍ട്ടിലെത്തിയത്.

ഹര്‍ത്താല്‍ദിനത്തെ മറികടക്കാന്‍കഴിവുള്ള കേരളത്തിലെ ഏക വാഹനമാണ് ഡോക്ടറുടെ സ്റ്റിക്കറൊട്ടിച്ച പ്രീമിയര്‍ പത്മിനി. കാരണം പാല്‍, പത്രം, തുടങ്ങിയവപോലെ ഹര്‍ത്താല്‍ ബാധിക്കാത്ത സാധനങ്ങളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന ഒന്നാണല്ലോ ഡോക്ക്ടറുടെ സ്റ്റിക്കര്‍.
വലിയ രണ്ടു പെട്ടികളിട്ട ഉന്തുവണ്ടിയുമുരുട്ടിക്കൊണ്ട് തപ്പിത്തടഞ്ഞുകൊണ്ടായിരുന്നു ശൈഖ് അല്‍ ഗുലാമി നടന്നുവന്നത്. കാരണം മുഖത്തൊരു കറുത്ത കണ്ണടഫിറ്റ് ചെയ്തതുകൊണ്ട് ഒന്നും വ്യക്തമായിരുന്നില്ല.

ഇടയ്ക്കെപ്പോഴോ കണ്ണടമാറ്റി ചുറ്റും വീക്ഷിച്ചപ്പോഴാണ് എവിടെയോ ആരുടേയോ വായില്‍നോക്കിയിരിക്കുന്ന പോത്തന്‍പോക്കറിനെ കണ്ടത് .തന്റെ ബാല്യകാലകൂട്ടുകാരനും പണ്ട് സ്ഥിരമായി നാരങ്ങാമിഠായി ബാലേട്ടന്റെ കടയില്‍ നിന്നും അടിച്ചുമാറ്റി തന്റെ വിശപ്പടക്കാന്‍ സഹായിച്ചിരുന്നവനുമായ പോക്കറിനെക്കണ്ട കുട്ടപ്പന്‍ അറേബ്യന്‍ സ്റ്റൈലില്‍ കെട്ടിപ്പിടിച്ചശേഷം മുത്തം കൊടുക്കാനോങ്ങിയപ്പോള്‍ അറബിയും ഇന്തോനേഷ്യയും അന്റാര്‍ട്ടിക്കയുമെല്ലാം മനസ്സില്‍ കിടന്നു കോമരം തുള്ളി. പിന്നെ ആ ശ്രമമങ്ങുപേക്ഷിച്ചു.

പെട്ടികളെല്ലാം ഹര്‍ത്താല്‍സ്പെഷ്യല്‍വാഹനത്തിന്റെ മുകളില്‍ത്തന്നെ വച്ചുകെട്ടിയ ശേഷം അവര്‍ കുട്ടപ്പന്റെ വീടിനെ ലക്ഷ്യമാക്കി പറന്നു (അതും പ്രീമിയര്‍ പത്മിനിയില്‍ ഉം..).
കേരളത്തനിമ വിളിച്ചോതിക്കൊണ്ട് അടഞ്ഞകടകളും ഒഴിഞ്ഞറോഡുകളും കണ്ട കുട്ടപ്പന്‍ പോക്കറിനോടു ചോദിച്ചു.

“ഇന്നും ഹര്‍ത്താലാണല്ലേ... പോക്കര്‍... ഹോ... നോട്ട് സഹിക്കബിള്‍ .... ഏസിയില്ലാത്ത കാറും .... കാര്യമില്ലാത്ത ഹര്‍ത്താലും എങ്ങിനെ സഹിക്കുന്നു നിങ്ങള്‍ കേരളിയര്‍... പരയൂ പോക്കര്‍ പരയൂ.... ഇന്നത്തെ ഹര്‍ത്താല്‍ എന്തിനു വേണ്ടിയാ...?”

“ ഇന്നത്തെ ഹര്‍ത്താല്‍ സര്‍ക്കാരുവക തെങ്ങുകയറ്റയന്ത്രം കര്‍ഷകര്‍ക്കു വിതരണം ചെയ്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ ബാര്‍ബര്‍ അസോസിയേഷന്‍ നടത്തുന്ന ഹര്‍ത്താലാണ്”

“ തെങ്ങുകയറ്റയന്ത്രവും ബാര്‍ബര്‍മാരും തമ്മില്‍? ”

“ ഹഹഹ എന്തു ബന്ധം എന്നായിരിക്കും !! അതായത് തെങ്ങുകയറ്റതൊഴിലാളികള്‍ക്കു കൂലികൊടുത്ത് പട്ടിണിയിലായ കേരകര്‍ഷകരുടെ പട്ടിണിമാറ്റാന്‍ തെങ്ങുകയറ്റയന്ത്രം കൊണ്ടുവന്നപ്പോള്‍ തൊഴിലില്ലാതായ തെങ്ങുകയറ്റത്തൊഴിലാളികള്‍ താടിവളര്‍ത്തി പ്രതിഷേധസമരം തുടങ്ങി.

തെങ്ങുകയറ്റത്തൊഴിലാളികളുടെ താടിവളര്‍ത്തല്‍സമരം കേരകര്‍ഷകനെ ബാധിച്ചില്ലാ എങ്കിലും നാട്ടിലെ ബാര്‍ബറന്മാര്‍ പണിയില്ലാതെ പട്ടിണിയിലായിപ്പോയെന്നുപറഞ്ഞ് ഏതോ ടീവീക്കാരന്‍പയ്യന്‍ ഇലക്ഷന്‍ കാലമല്ലാത്തതിനാല്‍ പട്ടിണിയും പരിവട്ടവുമായിക്കഴിയുന്ന ആദിവാസിക്കോളനിയില്‍ച്ചെന്ന് പടം പിടിച്ചശേഷം ഇവരെല്ലാം യാതനയനുഭവിക്കുന്ന ബാര്‍ബറന്മാരാണെന്നുംപറഞ്ഞ് വാര്‍ത്തയുണ്ടാക്കി.

ഇതേത്തുടര്‍ന്നാണ് കേരളത്തിലെ ബാര്‍ബര്‍മാര്‍ ഒന്നടങ്കമിളകിയതും തങ്ങള്‍ പട്ടിണിയിലാണെന്നുപറഞ്ഞ് ലക്ഷങ്ങള്‍ ചിലവിട്ട് സമ്മേളനം വിളിച്ചുകൂട്ടിയതും, സമ്മേളനത്തില്‍ വെച്ച് ഹര്‍ത്താലാചരിക്കാന്‍ തീരുമാനമെടുത്തതും.

... അങ്ങിനെയാണ് ബാര്‍ബര്‍മാരുടെ ഹര്‍ത്താലിനു തുടക്കം കുറിച്ചത് ... ഇക്കണക്കിനുപോയാല്‍ ഹര്‍ത്താലു നടത്താന്‍ ഡേറ്റു കിട്ടാതെ വരുമ്പോള്‍ അതിനെതിരെയൊരര്‍ത്താലു നടത്താന്‍ വിദേശത്തുപോവേണ്ട ഗതികേടുവരുമെന്റെ കുട്ടപ്പോ.. ”

“ ഹോ അറബിയില്‍ അല്‍ കുത്സായ്ം ബില്‍ ഹല്‍ ഹുലാഹിക എന്നു പറഞ്ഞപോലെയാ‍ായി .... നോട്ട് സഹിക്കബിള്‍..”

****************

പ്രീമിയര്‍ പത്മിനി നേരെ കുട്ടപ്പന്റെ വീട്ടിനുമുമ്പില്‍ വന്നു നിന്നു. കുട്ടപ്പനെ ഒരു നോക്കുകാണാന്‍ നാട്ടുകാര്‍ ആകാംക്ഷാഭരിതരായി വഴിയോരങ്ങളില്‍സ്ഥാനമുറപ്പിച്ചു . അവരുടെ ആകാംക്ഷയ്ക്കു വിരാമമിട്ടുകൊണ്ട് കുട്ടപ്പന്‍ ചാടിയിറങ്ങി.

“ ഹോ.... നാടാകെ മാറിപ്പോയി ...... കണ്‍കുളിര്‍ക്കെ എന്റെ ഗ്രാമഭംഗിയൊന്നാസ്വതിക്കട്ടെ.....” (അതും രണ്ടു മാസംകൊണ്ട്!!!!!)

രണ്ടുമാസം മകനെക്കാണാതിരുന്ന വിഷമം സഹിക്കവയ്യാതെ ജാനുവേച്ചി മകനെ കെട്ടിപ്പിടിച്ചലറി

“കുട്ടപ്പാ നീ വല്ലാണ്ട് മാറിപ്പോയ്യല്ലോ ... “

“അതെ മതര്‍ ... നിങ്ങളും മാറീ... എവിടെ എന്റെ ട്വിന്‍സായ സിസ്റ്റേര്‍സ്....”

“എന്തോന്നാ മോനെ...”

“എന്റെ പെങ്ങന്മാരെവിടേ.........”

അങ്ങിനെ കുട്ടപ്പന്‍ എല്ലാവരേയുമന്വേഷിച്ചു തന്നെകാണാന്‍വന്ന നാട്ടുകാരെയും നാട്ടുകാരികളെയും കണ്ടപ്പോള്‍ ഇന്തോനേഷ്യ പാടെ മറന്ന കുട്ടപ്പന്‍ അവരെ അറേബ്യന്‍ സ്റ്റൈലില്‍ ‘വിഷ്’ ചെയ്യാനും മറന്നില്ല.

നാട്ടുകാരകന്നപ്പോള്‍ ജാ‍നുവേച്ചി കുട്ടപ്പനിഷ്ടമായിരുന്ന മുരിങ്ങയിലക്കറിയും കപ്പപുഴുങ്ങിയതും കൊണ്ടുവെച്ചു.

മുരിങ്ങയിലക്കറിയിലേക്ക് ഇമവെട്ടാതെ ഒരു നിമിഷം നോക്കിനിന്ന കുട്ടപ്പന്‍ തന്റെ മാതാജിയോട് ചോദിച്ചു.

“മതര്‍ജീ എന്താ ഈ കറിയില്‍ പച്ചിലകള്‍ പൊങ്ങിക്കിടക്കുന്നത്? യേ ക്യാഹെ ... ഹം ആപ് കോന്‍ ഹൈ.... ദില്‍ തൊ പാഗല്‍ ഹൈ“

രണ്ടേ രണ്ടുമാസം ഗള്‍ഫില്‍ പോയിനിന്ന കുട്ടപ്പന്‍ ഒരുകാലത്ത് ജീവന്റെ ജീവനായിരുന്ന മുരിങ്ങയിലയുടെ പേരുപോലും മറന്നുപോയിട്ടുണ്ടെങ്കില്‍ രണ്ടുവര്‍ഷം പോയിനിന്നാല്‍ പെറ്റതള്ളയെ നോക്കി ഏതാ ഈ വിറകുകൊള്ളി അടുപ്പില്‍ വെക്കാതെ കുത്തിനിര്‍ത്തിയത്
എന്നുചോദിക്കില്ലേയെന്ന ചിന്തവന്നപ്പോള്‍ ജാനുവേച്ചിയിലെ ദുര്‍വ്വാസാവു വീണ്ടുംപുറത്തു ചാടി.

“ കറിയില്‍ പൊങ്ങിക്കെടക്കണത് അന്റെ അമ്മേന്റെ നായര് ........ വേണേ നക്കിക്കോ ....... അല്ലേല് എങ്ങോട്ടാന്ന് വെച്ചാ പോയ്ക്കോ ........രാവിലെ മന്‍ഷന്‍ മരത്തില്‍ കയറി ഒടിച്ച മുരിങ്ങയില അനക്ക് മനസ്സിലായില്ല അല്ലേ ....... അന്റൊരു അല്‍തൊ പാഹല്‍ ഹൊ..“

കലിതുള്ളിയ ജാനുവേച്ചി വീട്ടിനു പിറകില്‍ ചാരിവെച്ച ഉലക്കയെടുത്തുകൊണ്ടോടിവന്ന് കുട്ടപ്പനു നേരെ ഓങ്ങി എന്നിട്ടു ചോദിച്ചു ..

“എന്താടാ കറിയില്‍ക്കിടക്കുന്നത്............”

ഉലക്കയിലും അതില്‍ പിടിച്ച അമ്മയുടെ പിടിയും നോക്കിക്കൊണ്ട് കുട്ടപ്പന്‍ പറഞ്ഞു
“ഇത് മ്മളെ മൊരിങ്ങേന്റെ എലയല്ലേ അമ്മേ ..... “

“ ഞാനാരാടാ അന്റെ?.... എന്താ മതാര്‍ജിയോ മൊറാര്‍ജിയോ എന്താ...”

“ങ്ങള് ന്റെ അമ്മല്ലേ അമ്മേ.... പൊന്നാര അമ്മച്ചി....”

“ന്നാല് അമ്മന്റെ മോന്‍ മൊരിങ്ങാക്കറിയും കൂട്ടി കപ്പകയിക്ക്..”

കപ്പയും മുരിങ്ങായിലക്കറിയും കാലിയാകുന്നതുവരെ ഉലക്കയില്‍ നിന്നും പിടിവിട്ടില്ലാ നമ്മുടെ ജാനു.
അതില്‍പ്പിന്നെ കുട്ടപ്പന്‍ ഇംഗ്ലീഷും, അറബിയും പോയിട്ട് മലയാളം പോലും മര്യാദയ്ക്കു പറഞ്ഞിട്ടില്ല.
അങ്ങിനെ ശൈഖ് അല്‍ ഗുലാമി കുട്ടപ്പന്‍ വീണ്ടും ഓട്ടപ്പറമ്പില്‍ ഓ.പി.കുട്ടപ്പനായി മാറി

അമ്പലപ്പറമ്പിലും കല്യാണവീട്ടിലുമൊക്കെയായി ഇപ്പഴും കറങ്ങി നടക്കുന്നു. ഗള്‍ഫുകാരനായ കുട്ടപ്പനെ കൊതിച്ച അമ്മിണിക്കുട്ടി ഗള്‍ഫുകാരനല്ലാത്ത കുട്ടപ്പനില്‍ ജീവിതം പരീക്ഷിച്ച് പരീക്ഷണം നേരിടാന്‍ തയ്യാറല്ലാത്തതുകൊണ്ട് മറ്റൊരു ഗള്‍ഫുകാരനെ തിരഞ്ഞെടുത്ത് അയാള്‍ക്കൊരു ജീവിതം കൊടുത്തശേഷം അയാളുടെ ജീവിതമേ ഇല്ലാതാക്കിക്കൊണ്ട് അയാളുടെ അറബിയെയുംകെട്ടി ഗള്‍ഫില്‍ സുഖമായി ജീവിക്കുന്നു.

ഇതി വാര്‍ത്താഹ...!

21 comments:

രസികന്‍ said...

പുലര്‍ച്ചെയുള്ള തണുപ്പിനെ വകവെയ്ക്കാതെയാണ് ജാനുവേച്ചി മുരിങ്ങാമരത്തില്‍ വലിഞ്ഞുകയറിയത്. ശരീരം തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നെങ്കിലും മുരിങ്ങായിലയില്‍ ലക്ഷ്യംവെച്ചിരുന്ന ജാനുവേച്ചി ഇതൊന്നുമറിയുന്നുണ്ടായിരുന്നില്ല...........

------------------------------
ഓ.ടോ:-
രണ്ടായിരത്തിയൊന്‍പതിലേക്കെടുത്തു ചാടിയതും ദേ കിടക്കുന്നു തിരക്കിന്റെ തോളില്‍ കൈയിട്ടുകൊണ്ട് നമ്മുടെ ബിസി....... അതായത് ....... പണ്ടത്തെപ്പോലെ ബൂലോഗ കറക്കം നടക്കുന്നില്ലാന്നു സാരം ......... അതുകൊണ്ടുതന്നെ പല നല്ലപോസ്റ്റുകളും കാണാതെ പോകുന്നു എന്നതില്‍ ഖേദമുണ്ട് .........

Anil cheleri kumaran said...

രസിച്ചു ഇഷ്ടാ.

പ്രയാണ്‍ said...

*
=)
*

Unknown said...

'ചുരുക്കിപ്പറയട്ടെ .... കുട്ടപ്പന്‍ വരുന്നെന്നുകേട്ടപ്പോള്‍ മുതല്‍ ജാനുവേച്ചിയുടെയും, അമ്മിണിക്കുട്ടിയുടേയും കൂടെ ആ നാട്ടിലെ സകല കെട്ടുപ്രായമെത്തിയ പെണ്‍കുട്ടികളുടെ പിതാക്കന്മാരും ഉറക്കമിളച്ചു കാത്തിരിക്കാന്‍ തുടങ്ങി'-------- പെണ്‍കുട്ടികളുടെ പിതാക്കന്മാര്‍കൊക്കെ കുട്ടപ്പന്‍ സെക്യൂരിറ്റി പണി ഓഫര്‍ ചെയ്തു കാണും... അതിന്റെ പരിശിലനമായിരിക്കും ഇതൊക്കെ

ശ്രദ്ധേയന്‍ | shradheyan said...

രണ്ടേ രണ്ടുമാസം ഗള്‍ഫില്‍ പോയിനിന്ന കുട്ടപ്പന്‍ ഒരുകാലത്ത് ജീവന്റെ ജീവനായിരുന്ന മുരിങ്ങയിലയുടെ പേരുപോലും മറന്നുപോയിട്ടുണ്ടെങ്കില്‍ രണ്ടുവര്‍ഷം പോയിനിന്നാല്‍ പെറ്റതള്ളയെ നോക്കി ഏതാ ഈ വിറകുകൊള്ളി അടുപ്പില്‍ വെക്കാതെ കുത്തിനിര്‍ത്തിയത്
എന്നുചോദിക്കില്ലേയെന്ന ചിന്തവന്നപ്പോള്‍ ജാനുവേച്ചിയിലെ ദുര്‍വ്വാസാവു വീണ്ടുംപുറത്തു ചാടി.

വീണ്ടും ചിരിപ്പിച്ചു........
ഇനി പിന്തുടരാം.

ജിജ സുബ്രഹ്മണ്യൻ said...

കുട്ടപ്പന്‍ മുത്തം കൊടുക്കുന്നതുകണ്ടതും കുട്ടപ്പന്റെകൂടെ വന്ന ബാക്കി പത്താളുകളും ഡ്രൈവറെപ്പിടിച്ചു മുത്തി........ പേടിച്ചു വിറച്ച ഡ്രൈവര്‍ ജീവനുംകൊണ്ടോടി ...
നന്നായി രസിപ്പിച്ചു രസികാ !

Typist | എഴുത്തുകാരി said...

ആ ഉലക്ക സൂക്ഷിച്ചുവക്കണം.ഇവിടെ ഒരുപാട് പേര്‍ക്കു് ആവശ്യം വരും അതുകൊണ്ട്‌.

OAB/ഒഎബി said...

“ അല്‍ ഗല്‍കുലാഹിസില്‍ ഹുലാമികം (മേല്ലാല്‍ ഗള്‍ഫില്‍ കണ്ടുപോകരുത്...)”
ഇങ്ങനെ ഒരറബി ഞമ്മൾ കേട്ടിട്ടില്ലല്ലൊ?.
കപ്പക്ക് കൂട്ട് മുരിങ്ങ!.
ജാനുവേച്ചിയാൺ ശരിയായ അമ്മ.

ഇംഗ്ലീഷ് കം ഹിന്ദി ഡയലോഗ് കലക്കി.
ഞാൻ ചിരിച്ചു.

Bindhu Unny said...

ജാനുവമ്മ കസറി :-)

മൊട്ടുണ്ണി said...

please visit & leave your comment
http://mottunni.blogspot.com/

ബിന്ദു കെ പി said...

കേരളത്തനിമ വിളിച്ചോതിക്കൊണ്ട് അടഞ്ഞകടകളും ഒഴിഞ്ഞറോഡുകളും കണ്ട കുട്ടപ്പന്‍ പോക്കറിനോടു ചോദിച്ചു.

ഹ..ഹ അതു കലക്കി.

എഴുത്തുകാരി പറഞ്ഞതുപോലെ ആ ഉലക്ക കേരളത്തിൽ ഒരുപാട് പേർക്ക് ആവശ്യമുണ്ട് :)

ശ്രീ said...

കുട്ടപ്പനാണോ ജാനുവേച്ചിയാണോ താരം എന്നേ സംശയമുള്ളൂ...
;)

അരുണ്‍ കരിമുട്ടം said...

കേരളത്തിലെ ഹര്‍ത്താലിനെയും,ഗള്‍ഫ് എന്ന് കേട്ടാല്‍ കല്യാണത്തിനു തയാറാവുന്ന നാട്ടുകാരെയും,ഗള്‍ഫില്‍ നിന്നും വന്നാല്‍ നാടന്‍ രീതി മറക്കുന്ന ചിലവന്‍മാരെയും കളിയാക്കിയ ഈ കഥ സൂപ്പര്‍ രസികാ,സൂപ്പര്‍

പ്രയാസി said...

:) നന്നായി രസിച്ചു..:)

എഴുത്തുകാരി പറഞ്ഞ പോലെ ഉലക്ക കരുതിക്കൊ!
ഭൂലോകത്തിപ്പം അത്യാവശ്യമാ..

ഇരുട്ടിനു കിട്ടിയാ കുറച്ചെണ്ണത്തിനെ അടിക്കാനുണ്ട്..;)

രസികന്‍ said...

കുമാര്‍ ജീ: നന്ദി

പ്രയാണ്‍: നനി

സാബിത്ത്: ഇജ്ജ് ബല്ലാത്ത പഹേന്‍ തന്നെ ഒക്കെ കണ്ട് പിടിച്ചല്ലോ.... നന്ദി

ശ്രദ്ധേയന്‍ : നന്ദി

കാന്താരിജീ: അല്ലാ കാന്താരിയിലെ കുട്ടി പോയോ ... നന്ദി

എഴുത്തുകാരീ: ഹിഹിഹി നന്ദി

ഓ.ഏ.ബി : ഇതങ്ങു ബസറായിലെ മസറായിലുള്ള അറബിയാ നന്ദി

ബിന്ദു: നന്ദി

മൊട്ടുണ്ണി: ലവിടെ വന്നിരുന്നു

ബിന്ദു ജീ: പാവം ഉലക്ക .... നന്ദി

ശ്രീക്കുട്ടാ: ജാനുക്കുട്ടനാണു നക്ഷത്രം ... നന്ദി

അരുണ്‍ : നന്ദി

പ്രയാസി : ഡാ... ഡാ... അടി.... നന്ദി

hi said...

കസറി :-)

നരിക്കുന്നൻ said...

ഇവിടെ ഒലക്ക കച്ചവടം തുടങ്ങിയത് വൈകിയാ ആറിഞ്ഞത്. പ്രത്യേകിച്ച് കാരണമൊന്നും ഇല്ലായിരുന്നു. ക്ഷമി....

എനിക്ക് ക്ഷ പിടിച്ചു. ജാനുവേച്ചിയുടെ മുരിങ്ങയില ലക്ഷ്യം വെച്ചുള്ള മരം കയറ്റവും, കുട്ടപ്പന്റെ ചൂടുള്ള മുത്തങ്ങളും, അറബിയോടുള്ള അടിപൊളി ഇംഗ്ലീഷും, കുട്ടപ്പന് കനിഞ്ഞേകിയ കിടിലൻ അറബിപ്പേരും, അവസാനം ഇന്തോനേഷ്യൻ വേലക്കാരിയോടുള്ള ‘സി.ബി.ഐ.’ മോഡൽ ഡിസ്കഷനും തുടങ്ങി കെട്ടും ഭാണ്ഡവും പെറുക്കി കെട്ടി രണ്ടേ രണ്ട് മാസത്തെ സംഭവ ബഹുലമായ ഗൾഫ് ജീവിതം കഴിഞ്ഞ് ഹർത്താലിന്റെ നാട്ടിലേക്ക് ഹർത്താലുള്ള ദിവസം ആന്റിഹർത്താൽ വാഹനത്തിൽ കേറിയൊരു മടക്കം. മുരിങ്ങാക്കറിയുടേയും കപ്പയുടേയും [ഞ്ചെ പൂളക്കേങ്ങ്] നാട്ടിലേക്ക്...

ഒലക്ക കണ്ട കുട്ടപ്പനെ പോലെ ഞാനും ഒറ്റയിരുപ്പിന് ഈ പോസ്റ്റ് അകത്താക്കി.

രസികന്റെ മനോഹരമായ ശൈലിയുടെ ഒരു മിന്നലാട്ടം കൂടി.

ആശംസകളോടെ
നരി

രസികന്‍ said...

ഷമ്മി: നന്ദി

നരിക്കുന്നന്‍ : നന്ദി

Jayasree Lakshmy Kumar said...

ഇതി വാര്‍ത്താഹ...!
കലക്കി രസികാ..:)

ബഷീർ said...

വായിച്ചിരുന്നു. കമന്റാൻ പറ്റിയില്ല. വൈകിയതിൽ ക്ഷമിക്കണമെന്നില്ല..

ഇമ്മാതിരി ശൈഖ്‌ കുട്ടപ്പന്മാർക്ക്‌ നല്ല അടിതന്നെ മരുന്ന്. :).

ഇസാദ്‌ said...

രസികാ, പോസ്റ്റ് രസിച്ചു .. കിടിലന്‍ !!