Monday, August 2, 2010

വെട്ടിമാറ്റിയത്....!


ണ്ണെണ്ണവിളക്കിന്റെ നാളം എരിഞ്ഞടങ്ങിയപ്പോള്‍  തന്റെ മുന്നിലിരുന്ന പുസ്തകം അടച്ചുവച്ചശേഷം  ജനലിലൂടെ അരിച്ചിറങ്ങിയ അരണ്ട നിലാവെളിച്ചത്തില്‍ തപ്പിത്തടഞ്ഞുകൊണ്ടയാള്‍ പതുക്കെ എഴുന്നേറ്റു ..

മുറിയുടെ ഒരു കോണില്‍ ഭദ്രമായടച്ചുവച്ച  തകരപ്പെട്ടിയില്‍ നിന്നും കുറച്ചു ബീഡിക്കുറ്റികളും, മണ്ണെണ്ണവിളക്കിനുകൂട്ടായി വച്ചിരുന്ന തീപ്പെട്ടിയുമെടുത്തുകൊണ്ടയാള്‍ മെല്ലെ വീടിനു പുറത്തിറങ്ങി.

എങ്ങുനിന്നോ വീശിയടിക്കുന്ന തണുത്തകാറ്റില്‍ മഴവരുന്നതിന്റെ ധ്വനിയുണ്ടായിരുന്നെങ്കിലും ഓലക്കീറുകൊണ്ട് തന്റെ കുടിലിന്റെ വാതില്‍ മറച്ചുകൊണ്ടയാള്‍ ഇരുളിലൂടെ നടന്നു ...

ഏകദേശം ആറടിയോളം ഉയരമുള്ള അയാള്‍ക്ക് വയസ്സ് എഴുപതുകഴിഞ്ഞെങ്കിലും കണ്ണുകളിലെ തീക്ഷ്ണത മങ്ങിയിരുന്നില്ല ... സിരകളില്‍ നരബാധിച്ചിട്ടുണ്ടെങ്കിലും നല്ല ഉറച്ച ശരീരമായിരുന്നു അയാളുടേത്... വര്‍ഷങ്ങളായി അദ്ധ്വാനിച്ചു ജീവിച്ചതിന്റെ ക്ഷീണഭാവം അയാളില്‍ വ്യക്തമായിരുന്നു.

 ഒറ്റക്കൈലി മാത്രമുടുത്തുകൊണ്ട് ഒരു മേല്‍മുണ്ടു പോലുമെടുക്കാതെ, വീശിയടിക്കുന്ന തണുത്തകാറ്റിനെപ്പോലും വകവെയ്ക്കാതെ ഈ പാതിരാകഴിഞ്ഞ നേരത്തെങ്ങോട്ടാണയാള്‍ പോകുന്നത്... ?

നല്ല നിലാവുള്ളതുകൊണ്ട് വഴി കണ്ടുപിടിക്കാന്‍ അയാള്‍ക്കു വല്ലാതെ ബുദ്ധിമുട്ടേണ്ടി വന്നില്ല .. കുറച്ചു ദൂരം ചെന്നപ്പോള്‍  തന്റെ മടിക്കുത്തിലൊളിപ്പിച്ചുവെച്ച കുറ്റിബീഡിയെടുത്തു ചുണ്ടില്‍ വെച്ചശേഷം കാറ്റിനോടു പൊരുതാനെന്നവണ്ണം തീപ്പെട്ടിയുരച്ചു ... ബീഡിക്കു തീകൊളുത്തുന്നതില്‍ അയാളുടെ വൈദഗ്ധ്യം തെളിയിക്കും വിധം അത്ഭുതകരമായയാള്‍ ബീഡി കത്തിച്ചുകൊണ്ട്  രണ്ടുമൂന്നു കവിള്‍ പുക ഉള്ളിലേക്കെടുത്തശേഷം ആശ്വാസം വന്നപോലെ തന്റെ നടപ്പിനു വേഗം കൂട്ടി...

എങ്ങുനിന്നോ ഓരിയിടുന്ന പട്ടിയുടെ ശബ്ദമോ... രാത്രിയുടെ നിശബ്ദതയ്ക്കു ഭംഗം വരുത്തുന്ന മൂങ്ങയുടെ മൂളലോ ഒന്നും തന്നെ അയാളെ അലോസരപ്പെടുത്തിയില്ല. താനും  ആ രാത്രിയുടെ ഒരു ഭാഗമാണെന്നവണ്ണം അയാളുടെ നടപ്പിനു വേഗം കൂടിക്കൂടിവന്നു..

വള്ളിക്കുടിലുകളും കടന്ന്  വിജനമായ ഒരു സ്ഥലത്തെത്തിയപ്പോള്‍  ആരെയോ പ്രതീക്ഷിച്ചിട്ടെന്നവണ്ണം അയാള്‍ ചുറ്റും കണ്ണോടിച്ചുകൊണ്ടിരുന്നു .  അങ്ങകലെയായി ഒരു നുറുങ്ങുവെട്ടം കണ്ടതും  അയാള്‍ അതിനെ ലക്ഷ്യമാക്കി തന്റെ നടപ്പു തുടര്‍ന്നു .... വെട്ടത്തിലേയ്ക്കെത്താന്‍ പ്രതീക്ഷിച്ചതിലും ദൂരമുണ്ടെന്നു മനസ്സിലാക്കിയതുകൊണ്ടായിരിക്കണം അയാള്‍  അടുത്ത ബീഡിക്കുറ്റിക്കു തീ കൊളുത്തിയത്...

കാറ്റിനു വേഗതയേറിക്കൊണ്ടിരുന്നെന്നു മാത്രമല്ല ചാറ്റല്‍ മഴയും തുടങ്ങിയിരുന്നു .. ഉദിച്ചുനിന്ന നിലാവിനും മങ്ങല്‍ തുടങ്ങിയതൊന്നും  അയാളില്‍ ചലനമുണ്ടാക്കിയില്ല...

തെല്ലകലെയായി  കണ്ട വൈദ്യുത വിളക്കിന്റെ നുറുങ്ങുവെട്ടത്തിനടുത്തായയാളെത്തി .....

 അവിടെനിന്നും ഏതോ ഒരു വാഹനം ഓടിമറയുന്നതിന്റെ ശബ്ദം വ്യക്തമായി  കേള്‍ക്കാമായിരുന്നു ....

വൈദ്യുതി വിളക്കില്‍ നിന്നും വരുന്ന വെളിച്ചത്തിനുമപ്പുറത്തായി ചപ്പുചവറുകള്‍ നിക്ഷേപിക്കാന്‍ ആരൊക്കെയോ കുത്തിയുണ്ടാക്കിയ മുഷിഞ്ഞ ഗന്ധം പരത്തുന്ന കുഴിയിലേക്കയാള്‍ ആയാസപ്പെട്ടിറങ്ങുമ്പോള്‍  അയാള്‍ക്കു മുന്‍പേ അവകാശം സ്ഥാപിച്ച ഏതൊക്കെയോ ജന്തുക്കള്‍ ഓടിമറഞ്ഞു....

വെളിച്ചം ശരിക്കും കുഴിയിലേക്കു പതിക്കും വിധം തെരുവുവിളക്കു  സ്ഥാപിച്ചിരുന്നതുകൊണ്ട് അയാള്ക്ക് അന്നത്തേയ്ക്കുള്ള ഭക്ഷണം പൊതിഞ്ഞെടുക്കാനും മാത്രമല്ല  ഏതാനും സിഗരറ്റു കുറ്റികളും ബീഡിക്കുറ്റികളുംകൂടി പെറുക്കിയെടുക്കാനും കഴിഞ്ഞു ....

 അകലെയുള്ള പഞ്ചനക്ഷത്ര ഹോട്ടലിലെ നിശാക്ലബ്ബുകളില്‍ ഇനിയും വിളക്കുകളണഞ്ഞിരുന്നില്ല...

അയാള്‍ കുഴിയില്‍ നിന്നും ആയാസപ്പെട്ടു വലിഞ്ഞു കയറി പതുക്കെ തലയുയര്‍ത്തിയപ്പോള്‍  മുന്‍പില്‍ ഒരു രൂപം നില്‍ക്കുന്നു ... ഒരു നിലവിളി അയാളുടെ തൊണ്ടയില്‍ കുരുങ്ങിനിന്നു ...  സൂക്ഷിച്ചു നോക്കിയപ്പോള്‍ പത്തിരുപത്തിമൂന്നു വയസ്സു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയാണതെന്നയാള്‍ക്കു മനസ്സിലായി .. അയാള്‍ തരിച്ചു നില്‍ക്കേ അവളയാളെ കെട്ടിപ്പിടിച്ചുകൊണ്ട് ഉച്ചത്തില്‍ നിലവിളിച്ചു .... “അച്ഛാ......” 

അയാളവളെ സൂക്ഷിച്ചു നോക്കി .. അതെ തന്റെ ഇളയമകള്‍ ... അവളെത്ര വലുതായിരിക്കുന്നു ..... താന്‍ അന്നു നാടുവിട്ടു വരുമ്പോള്‍ അവള്‍ക്കു പത്തുവയസ്സു പ്രായം വരും ... ഇന്നവള്‍ വളര്‍ന്നു ഒത്ത ഒരു പെണ്ണായിരിക്കുന്നു...
“മോളെ ... നീ... നീയെങ്ങിനെ ... ഇവിടെ.. യെത്തി...”  അയാളുടെ വാക്കുകള്‍ ഇടറിയിരുന്നു...

താന്‍ ജേര്‍ണലിസത്തിനു പഠിക്കുകയാണെന്നും , രാത്രിയുടെ മറവില്‍  മാലിന്യങ്ങള്‍ അശാസ്ത്രീയമായി പുറന്തള്ളുന്നത്  വെളിച്ചത്തുകൊണ്ടുവരാനാണു രാത്രിയില്‍ ഇവിടെ വന്നതെന്നും അവള്‍ അയാളെ പറഞ്ഞു മനസ്സിലാക്കി ... 
“അപ്പോള്‍ നീ തനിച്ചാണോ...?” 
“അല്ല എന്റെ കൂടെ ക്യാമറാ മാനും ഉണ്ട് ...” അകലെ ഒരു ബൈക്കില്‍ ചാരി നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനുനേരെ കൈ ചൂണ്ടിക്കൊണ്ട് അവള്‍ തുടര്‍ന്നു “ മാലിന്യം തള്ളാന്‍ കൊണ്ടുവരുന്ന വണ്ടിയെ ഫോളോ ചെയ്തു വന്നതാ ഞങ്ങള്‍ ... മാലിന്യവണ്ടി പോയപ്പോള്‍ ഞങ്ങളും തിരിക്കാനിരുന്നതാ .... അപ്പോഴാ .. ഞാന്‍ .. അച്ഛനെ......” അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി ....  

“എന്നാ ലും എനിക്കെന്റെ മോളെ ഒരു നോക്കു കാണാന്‍ കഴിഞ്ഞല്ലോ ... ചേച്ചിക്കും ചേട്ടനുമൊക്കെ സുഖമല്ലെ... ”

“ചേട്ടന്‍ സ്റ്റേറ്റ്സിലാ.... ചേച്ചി മെഡിക്കല്‍ കോളേജില്‍ ഡോക്ടറായി പ്രാക്റ്റീസു ചെയ്യുന്നു ... ”
അയാള്‍ പിന്നേയും എന്തോ ചോദിക്കാനായി തുനിയുകയും പിന്നെ ഒരു നെടുവീര്‍പ്പോടെ അതു വേണ്ടെന്നു വെക്കുകയും ചെയ്തു....

“അച്ഛനെ കണ്ട കാര്യം അമ്മയറിഞ്ഞാല്‍ ..... ” അവള്‍ വാക്കുകള്‍ മുഴുമിപ്പിച്ചില്ല.

“എനിക്കറിയാം മോളെ .... മോള്‍ക്കു തോന്നുന്നുണ്ടോ അച്ഛന്‍ നിങ്ങളോടു തെറ്റു ചെയ്തിട്ടുണ്ടെന്ന്?”

“ഇല്ല വേറെയാര്‍ക്കറിയില്ലെങ്കിലും എനിക്കറിയാം എന്റെയച്ഛനെ .... ”

*****
വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഒരു തിരുവോണദിനം   പ്രവാസ ജീവിതം മതിയാക്കി അയാള്‍ നാട്ടിലെത്തിയിട്ടു അന്നത്തേയ്ക്ക് ഇരുപത്തിയെട്ടു ദിവസം കഴിഞ്ഞിരിക്കുന്നു. മരുഭൂമിയിലെ ചുടുകാറ്റിനും കുളിര്‍മയുണ്ടെന്നു അയാള്‍ക്കു തോന്നാന്‍ കാരണം ഒരുനാള്‍ പ്രിയപ്പെട്ടവരുടെകൂടെ ഇതേപോലെ നാട്ടില്‍ ഓണമാഘോഷിക്കുന്ന ദിനത്തെക്കുറിച്ചുള്ള കിനാവുകളായിരുന്നു.

എയര്‍ കണ്ടീഷന്‍ ചെയ്യാത്ത കുടുസുമുറിയില്‍ സ്വന്തമായുള്ള ആറടിക്കട്ടിലില്‍  തലചായ്ക്കുമ്പോള്‍ .. സ്വന്തം മണ്ണിലേക്കു തിരിച്ചുപോകുന്ന ദിനമായിരുന്നില്ലേ എന്നും സ്വപ്നം കണ്ടിരുന്നത് ....? 

തിരുവോണത്തിനു കുട്ടികളോടൊപ്പമിരുന്നു സദ്യകഴിച്ചു വയറിലുമുപരി തന്റെ മനസ്സു നിറച്ചുകൊണ്ടയാള്‍ പുറത്തേക്കിറങ്ങുമ്പോള്‍ ഇളയമകളേയും കൂടെ കൂട്ടാന്‍ മറന്നിരുന്നില്ല... 

പഴയ കൂട്ടുകാരുടെയെല്ലാം വീടുകളില്‍ ഒരു കൊച്ചു സന്ദര്‍ശനം നടത്തിയപ്പോഴേയ്ക്കും സന്ധ്യമയങ്ങിയിരുന്നു...

തിരിച്ചു വീട്ടിലെത്തിയപ്പോള്‍ അവിടമാകെ ബഹളം ... കുറേ ചെറുപ്പക്കാരും ചെറുപ്പക്കാരികളും കൂടിയിരിക്കുന്നു ..

“അവരെല്ലാം ചേട്ടന്റെയും ചേച്ചിയുടെയും ഫ്രണ്ട്സാ....” മകള്‍ അയാളുടെ ആകാം ക്ഷയ്ക്കു വിരാമമിട്ടു.

നേരെ വീട്ടിലേക്കു കയറിയപ്പോള്‍ അയാള്‍ക്കു പരിചയമില്ലാത്ത പലതുമവിടെ നടക്കുന്നതയാള്‍ക്കു കാണാന്‍ സാധിച്ചു ... കോളേജു പിള്ളേര്‍ മദ്യക്കുപ്പികള്‍ പൊട്ടിച്ചതയാള്‍ കാണാത്തപോലെ നടിച്ചെങ്കിലും  ഒരുവന്‍ തന്റെ മകളുടെ കൈക്കു പിടിച്ചതയാള്‍ക്കു സഹിച്ചില്ല.

“ഛീ .. കൈ വിടെടാ...”
അയാളലറി

“ഹേയ് ... ഇയാളേതാ....” ഒരുവന്‍
“ങാ .. ഇതെന്റെ ഡാഡിയാ... അങ്ങേര്‍ക്കു വിവരമില്ലാ ... നീ ക്ഷമി ...” സ്വന്തം പെങ്ങളെ കയറിപ്പിടിച്ചവനോട് തന്റെ മകന്‍ പ്രതികരിച്ചതയാള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നതുകൊണ്ടുമാത്രമായിരുന്നില്ല തന്റെ മകന്‍ തനിക്കന്യനല്ലാ എന്നുള്ളതുകൊണ്ടുകൂടിയായിരുന്നയാള്‍ അപ്പോഴത്തേ ദേഷ്യത്തിനവന്റെ മുഖത്തുതന്നെയൊന്നു പൊട്ടിച്ചത്...

പക്ഷേ ... അവനയാളെ പിടിച്ചുതള്ളുകയും ... പിന്നീടു പറഞ്ഞ തെറി വാക്കുകളയാള്‍ക്കു പുതുമയുള്ളതായിരുന്നു ..... അപ്പോഴാണു അയാളുടെ ഭാര്യ രംഗത്തുവന്നത് ...

“നീയിതു കണ്ടില്ലേ.....”

“കണ്ടു ഞാനെല്ലാം കണ്ടു .... ബോധമില്ലാത്ത നിങ്ങളുടെ പെരുമാറ്റം ഞാന്‍ കണ്ടു .... സ്വന്തം മക്കളെ കൂട്ടുകാരുടെ മുന്‍പില്‍ വെച്ചപമാനിച്ചിരിക്കുന്നു... നിങ്ങളുടെ പഴയ വൃത്തികെട്ട ജീവിതം പോലെയല്ല ഇന്നത്തെ പിള്ളേര്‍ ... ”

“നീയെന്താടീ പറഞ്ഞത് .. നമ്മുടെ മക്കള്‍ വഴിതെറ്റുന്നതിനെ ന്യായീകരിക്കുന്നോ ... ഇതിനാണൊ ഞാന്‍ ഗള്‍ഫില്‍ ചെന്നു ചോര നീരാക്കിയത്?.”

“ചോര നീരാക്കി പോലും .... ഇതേ എന്റെ പേരിലുള്ള വീടും സ്ഥലവുമാ ... ഇവിടെ എന്തു നടക്കണമെന്നു ഞാന്‍ തീരുമാനിക്കും .... നിങ്ങള്‍ ഗള്‍ഫില്‍ സുഖിച്ചു ജീവിച്ചിട്ട് എന്നുമൊരു കഷ്ടപ്പാടിന്റെ കഥപറയും ....... ഇതേ ഞാന്‍ പണിയിച്ച വീടാ ... പണമയച്ചുതന്നെന്നല്ലാതെ ... ഒരു വീടുപണിയിക്കുന്നതിന്റെയോ.. മക്കളെ വളര്‍ത്തുന്നതിന്റെയോ അദ്ധ്വാനമൊന്നും നിങ്ങള്‍ക്കറിയേണ്ടല്ലോ..... എന്നിട്ടിപ്പോ ഒള്ള ജോലിയും കളഞ്ഞു വന്നിരിക്കുന്നു..... മനുഷ്യനെ നാണം കെടുത്താന്‍  ”

അവള്‍ പറഞ്ഞതിനൊന്നുമയാള്‍ മറുപടി പറഞ്ഞില്ല....

അളവറ്റു സ്നേഹിച്ചിരുന്നവരുടെ സ്നേഹം പോലും അളന്നുതൂക്കിയതായിരുന്നെന്ന സത്യം എന്നും കൂടെയുണ്ടാവുമെന്നു കരുതിയ പത്നിയുടെ പേരിലെടുത്ത വീട്ടില്‍ നിന്നും ആട്ടിയിറക്കപ്പെട്ടപ്പോള്‍  അയാള്‍ക്കു മനസ്സിലായി... സ്വന്തം കുഞ്ഞുങ്ങളുടെ മനസ്സു പോലും വെറുത്തുപോകത്തക്കവണ്ണം എന്തു തെറ്റാണു താന്‍ ചെയ്തതെന്നയാള്‍ക്ക് ഇന്നും അജ്ഞാതമാണ്‍്. 

അവര്‍ക്കുണ്ണാനുമുടുക്കാനുമുള്ള വകതേടി കടല്‍ കടന്നതും, പൊരിവെയിലത്തു എരിയുന്ന വയറ് മുറുക്കിക്കെട്ടി പണിയെടുത്തതും, പ്രിയപ്പെട്ടവരുടെ ജീവിതം ഒന്നൊന്നായി രക്ഷപ്പെടുത്തിയതും അയാളിലൂടെ ഒരു  മിന്നല്‍ കണക്കെ കടന്നുപോയി...

ഒടുവില്‍ അവസാനമായിട്ടൊന്നു വിശ്രമിക്കാന്‍ ,സ്വന്തം നാടിന്റെ ഗന്ധമേറ്റുറങ്ങാന്‍ എല്ലാമവസാനിപ്പിച്ചു മടങ്ങിയ തനിക്കു എല്ലാമുണ്ടെന്നു കരുതിയ താന്‍ വിഡ്ഢിയാവുകയായിരുന്നു .... വിയര്‍പ്പുതുള്ളികളുടെ ഫലം മറ്റുള്ളവരുടെ പേരില്‍ ഉരുക്കൂട്ടിവെച്ചപ്പോള്‍ അതവര്‍ക്കു സ്വന്തമായിത്തീര്‍ന്നിരുന്നു.

മാസാമ്മാസം പണമയക്കാന്‍ കഴിയാത്ത, പച്ചയായ മനുഷ്യനുനല്‍കാന്‍ ഇവിടെ ഒരു  പുഞ്ചിരിപോലുമില്ലെന്നു മനസ്സിലാക്കിയ അയാള്‍  അങ്ങകലേയ്ക്കു നടന്നകലുകയായിരുന്നു.

ആത്മഹത്യചെയ്യാന്മാത്രം  ഭീരുവല്ലാത്തതുകൊണ്ട് ആളൊഴിഞ്ഞ കോണിലെ കുടിലില്‍ അയാള്‍  ഇന്നും ജീവിക്കുന്നു... ആരോടും കൈ നീട്ടാതെ ... ആരേയും വേദനിപ്പിക്കാതെ....

അകലെ നക്ഷത്രഹോട്ടലുകളില്‍നിന്നും പുറം തള്ളുന്ന ഉച്ചിഷ്ടവും ഏതാനും മുറിയന്‍ ബീഡികളും അയാള്‍ക്കു ജീവിക്കാന്‍ ധാരാളം !!

*******
‘എന്താ അച്ഛാ ആലോചിക്കുന്നത്?’ എന്ന മകളുടെ ശബ്ദമാണയാളെ ചിന്തയില്‍ നിന്നുമുണര്‍ത്തിയത്
“ഒന്നുമില്ല....ഓരോന്നോര്‍ക്കുകയായിരുന്നു .... സമയം വൈകിയില്ലേ ... മോളു പോയ്ക്കോ ...”

അച്ഛനെയും കൊണ്ടേ താന്‍ പോകുമെന്ന അവളുടെ വാക്കുകള്‍ അയാള്‍ കേട്ടില്ലെന്നു നടിച്ചു

“അച്ഛന്‍ വരുന്നില്ല ... മോള്‍ക്ക് അച്ഛനെ കാണണമെന്നു തോന്നുമ്പോള്‍ ഇവിടെ വന്നാല്‍ മതി .. അച്ഛനിവിടെ മനസ്സമാധാനത്തോടെയാണു ജീവിക്കുന്നത് ... ”

ഇത്രയും പറഞ്ഞുകൊണ്ട് തിരിച്ചു തന്റെ കുടിലിനെ ലക്ഷ്യമാക്കി നടക്കുമ്പോള്‍  അറിയാതെ വിതുമ്പിപ്പോയ അയാളുടെ കവിളിലൂടെയൊലിച്ചിറങ്ങിയ കണ്ണുനീരൊപ്പാന്‍ മഴ ശക്തിയായി പെയ്തുതുടങ്ങിയിരുന്നു.

Wednesday, July 21, 2010

പാത്തുമ്മയുടെ നീരാളി...


ട്യേയ്  പാത്ത്വോ ഒന്ന് നിക്ക് ന്റെ പാത്ത്വോ... ബയസും പ്രായൌ ഒക്കായില്ലേ ഞമ്മക്ക് അന്റെ ബയ്യില്‍  മുമ്പത്തമാതിരി ഓടാങ്കയ്യൂല ശൈത്താനെ ”

നാലായിരത്തിതൊള്ളായിരത്തിത്തൊണ്ണൂറ്റിയൊന്‍പതര വാട്സില്‍  പാത്തുവിന്റെ ഹസ്ബന്റ് കം രക്ഷാകര്‍ത്താവ് അവറാന്‍ കിടന്നു അണ്ണാക്കിലെ വെള്ളം വറ്റിച്ചിട്ടും പാത്തു കുലുങ്ങിയില്ല . തന്റെ ബാപ്പ പണ്ട് സ്ത്രീധനത്തിന്റെ കൂടെ സമ്മാനിച്ച മുറിയങ്കാലന്‍ ശീലക്കുടയും കക്ഷത്തുവെച്ച് പാത്തു ആഞ്ഞാഞ്ഞു നടക്കുകയാണ്‍് ..

പണ്ട് പഞ്ചായത്ത് ഇലക്ഷനില്‍ പാത്തുവിനെ മാറ്റിനിര്‍ത്തി പ്രസ്തുത സ്ഥാനത്തു നിന്ന് വിജയം വരിച്ച സുലൈഖട്ടീച്ചറുടെ വീടിനുമുന്‍പിലെത്തിയപ്പോള്‍ പതിവുതെറ്റിക്കാതെ അന്നും നീട്ടിയൊന്നു തുപ്പാന്‍ പാത്തു മറന്നില്ലാ എന്നത് പാത്തുവിലെ കൂര്‍മ്മ ബുദ്ധിയെയാണോര്‍മ്മിപ്പിക്കുന്നത് .

ഇന്നു പാത്തു ആളാകെ മാറിപ്പോയിരിക്കുന്നു. ഈ മാറ്റത്തിനു കാരണക്കാരനായ സാക്ഷരതാക്ലാസിലെ ഉസ്താദ് ബാലന്‍ മാഷിനെ കണ്ണിനു മുന്‍പില്‍ കിട്ടാന്‍ കാത്തിരിക്കുകയാണ്‍് അവറാന്‍ 

ഹല്ലപിന്നെ! കള്ള ഹംക്ക് പാത്തുമ്മ അക്ഷരം പഠിച്ച അന്നുമുതല്‍ വീട്ടില്‍ പത്രം വരുത്താന്‍ തുടങ്ങിയെന്നത് കുറച്ചൊക്കെ സഹിക്കാന്‍ പാകത്തിനായിരുന്നെങ്കില്‍ മാസ്സാമ്മാസം പത്രക്കാരനു കാശെണ്ണിക്കൊടുക്കണമെന്നത് ഒട്ടും സഹിക്കാന്‍ കഴിയുമായിരുന്നില്ല അവറാന്‍് .  അല്ലേലും ഈ ‘അച്ചരം പടിച്ചിട്ട് ’ എന്തുകിട്ടാനാ ...

അവറാനു നേട്ടമൊന്നുമില്ലാ എങ്കിലും അക്ഷരം പഠിച്ചതുകൊണ്ട് പാത്തുമ്മയ്ക്കു നേട്ടങ്ങള്‍ പലതായിരുന്നു! പൊന്നിന്റെ വില ദെവസോം കൊറഞ്ഞോന്നു നോക്കാം ... കൊറയണ ദെവസം പുയ്യാപ്ലനെ കഞ്ഞിന്റെ ബെള്ളം കൊടുക്കാണ്ട് പേടിപ്പിച്ച്    പൊന്ന് ബാങ്ങിപ്പിക്കാം

'ഈ വയസ്സു കാലത്തും എന്തിനാ പാത്ത്വോ പൊന്ന്  ' എന്നാരെങ്കിലും ചോദിച്ചാല്‍ പാത്തു ഉടനെത്തന്നെ പറയും “ഞമ്മള്‍് കേരളരാജ്യത്തല്ലേ ന്റെ കദീശോ.. ഞമ്മള്‍് പെണ്ണുങ്ങക്ക് സുബര്‍ക്കം കിട്ടീല്ലെങ്കിലും സൊര്‍ണ്ണം കിട്ട്യാ മത്യല്ലോ അയിന്റൊരു വര്‍ക്കത്ത് ബല്ലാത്ത ഒര്‍് ഇതാ...”


അങ്ങിനെ ഒരു ദിവസം കട്ടന്‍ ചായയുടെ കൂടെ പത്രത്തിലെ ‘കറുത്ത ശൈത്താനച്ചരങ്ങള്‍ ’ പെറുക്കി വായിക്കുമ്പോഴായിരുന്നു പാത്തുമ്മയുടെ കണ്ണില്‍ അതുപെട്ടത് ...

നീരാളി എന്ന ഏതോ ജിന്ന് പറയുന്നതൊക്കെ സത്യമാണുപോലും! .. ആലം ദുനിയാവ് പന്തുകളിപ്പരീക്ഷേല്‍  ഇസ്പയിന്‍ ജയിക്കുംന്ന്  ആ ജിന്ന് പറഞ്ഞത് സത്യായി പോലും!!  ബല്ലാത്തൊരു പഹേന്‍ ജിന്ന് തന്നെ.

 പണ്ടത്തെ പഞ്ചായത്തിലക്ഷനില്‍ നിന്നും പിന്-വാങ്ങേണ്ടിവന്നതിലുള്ള നിരാശയിലുപരി തന്റെ വര്‍ഗ്ഗ ശത്രു സുലൈഖ ജയിച്ചതിലുള്ള അമര്‍ഷം പാത്തുവില്‍ ഇന്നും ചാത്തനേറു നടത്തുന്നുണ്ട് . സുലൈഖയുടെ കാലൊടിക്കാനും കണ്ണുപൊട്ടാനുമെല്ലാം നേര്‍ച്ച നേര്‍ന്ന പണമുണ്ടായിരുന്നെങ്കില്‍ ഇന്നൊരു പഞ്ചായത്തുതന്നെ സ്വന്തമായിട്ടു പാത്തുവിനു വിലയ്കെടുക്കാമയിരുന്നു!

കോഴിമുട്ടയില്‍  കളം വരച്ചുള്ള പരിപാടിയും ചെന്തെങ്ങിന്റെ കരിക്കില്‍ ആണിയടിച്ചുള്ളപരിപാടികളുമെല്ലാം  ചെയ്തുകൊടുത്തു പലരും പാത്തുവില്‍ നിന്നും പണം പിടുങ്ങിയിരുന്നെങ്കിലും അതെല്ലാം സുലൈഖയില്‍ ഏശിയില്ല ... എത്രയെത്ര മുസ്ല്യാമ്മാരെയും സ്വാമിമാരെയും കണ്ടു .... എന്തെല്ലാം കൊടുത്തു ...

ഒരിക്കല്‍ നട്ടപ്പാതിരാ നേരത്ത്  സുലൈഖയെ തളയ്ക്കാനായി പള്ളിക്കാട്ടിലെ കാഞ്ഞിരക്കുറ്റിയില്‍ ആണിയടിക്കാന്‍ ചെന്ന പാത്തുമ്മയെക്കണ്ടു പേടിച്ച പള്ളിയിലെ മുക്രിക്കു ഇന്നും അരവട്ടാണെന്നാണു നാട്ടുകാര്‍ പറയുന്നത് ...  മുക്രി പള്ളിക്കാട്ടില്‍ ജിന്നിനെകണ്ടെന്നോ, ജിന്ന് മുക്രിക്ക് വരം നല്‍കിയെന്നൊക്കെയായി വാര്‍ത്തകള്‍ പലവഴിക്കു പിരിഞ്ഞു നാട്ടില്‍ കറങ്ങിയടിച്ചുനടക്കുന്നുണ്ട്.  മുക്രി പച്ചയായ പാത്തുവിനെയാണു കണ്ടതെന്ന സത്യം പാത്തുവിലും ദൈവത്തിലും മാത്രം ഒതുങ്ങിനിന്നു.

 ഇത്രയൊക്കെ മന്ത്ര തന്ത്രാദികള്‍ ചെയ്തിട്ടും ഇതൊന്നും ഫലിക്കാതിരിക്കാന്‍ സുലൈഖ എന്തു ഉറുക്കാണു (ഏലസ്) കെട്ടുന്നതെന്നത്  പാത്തുവിനു ഇന്നും പാര്‍ട്ടിഫണ്ടില്‍ നിന്നും അപ്രത്യക്ഷമാകുന്ന നോട്ടുകെട്ടുപോലെയാണ്‍്.

ഏതായാലും സുലൈഖക്കെതിരില്‍ നീരാളി ജിന്നിനെ വെച്ച് ഒരു പയറ്റു പയറ്റാന്‍ തന്നെ പാത്തു തീരുമാനിച്ചു.

അങ്ങിനെയാണ്‍് ചാറ്റല്‍ മഴയുണ്ടായിട്ടും മുറിയങ്കാലന്‍ കുട കക്ഷത്തുതന്നെ ഫിറ്റുചെയ്ത് പാത്തു ജര്‍മ്മനിയെ ലക്ഷ്യമാക്കി നടന്നത്. അവിടെയാണല്ലൊ നീരാളിജിന്നിന്റെ താവളം.

“ജര്‍മ്മനീപ്പോണേനു മുമ്പ് ഇച്ച്  കൊറച്ച് കഞ്ഞിന്റെ ബെള്ളം തന്നിട്ട്  പോ ന്റെ പാത്ത്വോ”  പാത്തുവിന്റെ പിറകില്‍നിന്നും അവറാന്‍ ദീനരോദനം പുറപ്പെടുവിച്ചതൊന്നും പാത്തുവിന്റെ ജര്‍മ്മനിയില്‍ ഉടക്കിനിന്ന ചെവിയുടെ ഏഴയലത്തുപോലുമെത്തിയില്ല എന്നതുവാസ്തവം!!

പോകുന്നപോക്കില്‍ അടുത്തവീട്ടിലെ ആമിനയെചെന്നുകണ്ട്   “ആമിനോ ഇജ്ജ് ഞമ്മളെ ആടിനു കൊറച്ച് ബെള്ളം കൊട്ക്കണം  ഞമ്മള്‍് ഒന്ന് ജര്‍മ്മനീപ്പോയിട്ട് ഇപ്പൊ ബരാട്ടോ ” എന്നോര്‍മ്മിപ്പിക്കാനും പാത്തുമ്മ മറന്നില്ല കാരണം ആടും പാത്തുമ്മയും തമ്മിലുള്ള ബന്ധം  അത്രയ്ക്കു ഭയങ്കരമായിരുന്നു.

അങ്ങിനെ ഒരു വിധം ബസ്റ്റോപ്പിലെത്തിയ പാത്തു ജര്‍മ്മനിക്കുള്ള ബസ്സിനായി കുത്തിയിരിപ്പു തുടങ്ങി. പല ബസ്സുകളും കടന്നുപോയി പക്ഷേ അതിലൊന്നും ജര്‍മ്മനി വഴി ഉഗാണ്ട എന്ന ബോര്‍ഡുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ പാത്തുവിന്റെ കാത്തിരിപ്പുംതുടര്‍ന്നുകൊണ്ടിരുന്നു . സുലൈഖയെ തളയ്ക്കാന്‍ കിട്ടുന്ന ഒരു അവസരത്തിനു വേണ്ടി എത്രയും ക്ഷമിക്കാന്‍ പാത്തു തയ്യാറാണ്‍് ..ആയതിനാല്‍ മണിക്കൂറുകളോളം ക്ഷമിച്ചിരുന്നതിന്റെ ഫലമായി ജര്‍മ്മനിയെന്നു ബോര്‍ഡുവെച്ച ഒരു മിനിബസ്സ് വന്നപ്പോള്‍ പാത്തു അതില്‍  പാഞ്ഞുകയറി.

“എവിടേയ്ക്കാ”  കണ്ടക്ടര്‍ ഫുള്‍സ്റ്റൈല്‍ കുട്ടപ്പന്‍ പാത്തുവിനോടു ഈണത്തില്‍ ചോദിച്ചതിനു “ജര്‍മ്മനീക്കാ” എന്നു അതേ രാഗത്തില്‍ പാത്തു മറുപടി പറഞ്ഞപ്പോള്‍ കുട്ടപ്പന്‍ ഞെട്ടിയില്ല കാരണം പാത്തു ചുമ്മാ തമാശിച്ചതാണെന്നങ്ങു കരുതിക്കളഞ്ഞു നമ്മുടെ കണ്ടക്ടര്‍!

പക്ഷേ ഒന്നുകൂടി ഉറപ്പിച്ചു ചോദിച്ചപ്പോള്‍  ഉറപ്പിച്ചുതന്നെ ജര്‍മ്മനിയെന്നു പാത്തുവിന്റെ മറുപടികേട്ട കുട്ടപ്പ്ന്‍ ഞെട്ടി! ഒന്നല്ല ഒന്നൊന്നര വട്ടം !!

“ജര്‍മ്മനിക്കോ ... എന്താ തള്ളേ കുതിരവട്ടത്തേയ്ക്കു പോവാന്‍ സമയമായോ?” കുട്ടപ്പന്റെ ന്യായമായ ചോദ്യം.

“ അന്റെ ഉമ്മാന്റെ ഉമ്മയാടാ തള്ള ...” മറ്റെന്തും സഹിക്കാനും പൊറുക്കാനുമുള്ള എന്തരോ ഉള്ള പാത്തു തള്ളയെന്നു വിളിക്കുന്നതു മാത്രം സഹിക്കില്ല വിത്ത് പൊറുക്കില്ല.

ഇതുകേട്ടുകൊണ്ട്  ബസ്സിലിരുന്ന മാന്യമഹാ ജനങ്ങള്‍ കൌതുകത്തോടെ പാത്തുവിനെ നോക്കി ! ‘ ജര്‍മ്മനിക്കു കുടയും പിടിച്ചിറങ്ങിയിരിക്കുന്നു ’ .... ആരോ പിറുപിറുത്തു

“ ഇജ്ജ് അന്റെ ഉണ്ടക്കണ്ണോണ്ട് നോക്കാണ്ട് ജര്‍മ്മനിക്ക്ള്ള ഇസ്റ്റിക്കറ്റെട് ഹംക്കേ..”  പാത്തു വീണ്ടും ജര്‍മ്മനിയില്‍ത്തന്നെ പിടിമുറുക്കുന്നു. ഇതുകേട്ടവരെല്ലാം പൊട്ടിച്ചിരിച്ചു .. പാത്തുവിനു ഹാലിളകി..  “ ന്റെ ജര്‍മ്മനീലെ ജിന്നേ... ഞമ്മളെ കാക്കണേ.  ” എന്നും പറഞ്ഞ്  കണ്ടക്ടറുടെ മോന്തയ്ക്കിട്ടാഞ്ഞൊന്നു കൊടുത്തു. ജര്‍മ്മനിയും കടന്ന്  അന്റാര്‍ട്ടിക്ക വഴി ഒരു നിമിഷത്തേയ്ക്ക് ശൂന്യാകാശത്തേയ്ക്കെത്തിപ്പോയ കണ്ടക്ടര്‍ക്കു സ്ഥലകാല ബോധം തിരികെവരാന്‍ നിമിഷങ്ങള്‍ കാത്തുനില്‍ക്കേണ്ടി വന്നു.

പാത്തുമ്മയുടെ ജര്‍മ്മനി ബഹളം കാരണം ഏതോ ഒരു സ്റ്റോപ്പില്‍ ബസ്സു നിര്‍ത്തിയിട്ടശേഷം ‘ബുദ്ധിമാനായ’ ഡ്രൈവര്‍ ഒന്നിനുപോയി.. നാട്ടുകാര്‍ ബസ്സിനുചുറ്റും തടിച്ചുകൂടി കാര്യകാരണങ്ങള്‍ ക്യാഹെ ഹും ? യേകോന്‍ ഹൈ ? ങാഹ ഹും !! എന്നെല്ലാം പരസ്പരം ചോദിച്ചുകൊണ്ടിരുന്നു. ആരൊക്കെയോ ചേര്‍ന്ന്  പതിവുതെറ്റിക്കാതെ നമ്മുടെ നാട്ടുമര്യാദ പ്രകാരം ‘ബുദ്ധിയില്ലാത്ത ’ കണ്ടക്ടറെയും കിളിയെയും കിട്ടിയ ചാന്‍സില്‍ നാലഞ്ചു പൂശങ്ങു പൂശി ...

പിന്നീടു വന്നവര്‍ “അനക്കും ഇല്ലേ ഹംക്കുകളേ അമ്മൂമ്മേം അമ്മൂമ്മന്റമ്മേം ഒക്കെ ബീട്ടില്‍ ...” എന്നുപറഞ്ഞുകൊണ്ട്  പൂശല്‍ തുടര്‍ന്നുകൊണ്ടിരുന്നു ...  അവസാനം നാട്ടുകാര്‍ തളര്‍ന്നപ്പോള്‍ പൂശുനിന്നു.  കണ്ടക്ടര്‍ വിത്ത് കിളി ഓക്സിജന്‍ ആഞ്ഞുവലിച്ചു.  ഹാവൂ....

“അല്ലാ എന്താ സംഭവം ???????????”  ഏതോ വിവരം കെട്ടവന്‍ വിളിച്ചു ചോദിച്ചപ്പോഴാണു നാട്ടിലെ വിവരമുള്ള പൂശലുകാര്‍ പരസ്പരം നോക്കിയത്... 

“ശംബവം ഞമ്മള്‍് തന്നെ പറയാ...”  പാത്തുമ്മയുടെ വായിലെ കൊടുവാളിളകിമറഞ്ഞു!   ജനം കാതുകൂര്‍പ്പിച്ചു!!

“ഞമ്മള്‍് ഒന്ന് ജര്‍മ്മനി ബരേ പോയി ബരാന്‍ ഈ കുന്ത്രാണ്ടത്തില്‍ കേറിയതാ . ഇസ്റ്റിക്കറ്റ് ചോയിച്ചപ്പോ ഈ ഹംക്ക്കള്‍ ഞമ്മളെ മക്കാറാക്കി .... ”

“ ജര്‍മ്മനീലേക്കോ ?!!!!    അതും ഈ ബസ്സിലോ????????!!!!!!!!!!!!” കേട്ടുനിന്ന മോനായിക്കു സംശയമങ്ങട്ട് അടക്കാന്‍ കഴിഞ്ഞില്ല

“ ഈ ശൈത്താനിലല്ലാണ്ട് ബേറെ ഏത് ബസ്സാ ഹംക്കേ ജര്‍മ്മനീല്‍ക്ക് ഇള്ളത് .... ഇജ്ജ് കണ്ടിലെ ബോര്‍ഡ് ബെച്ചത്  ജര്‍മ്മനീ സര്‍ക്കാര്‍ ബസ്സ് ന്ന് ...” 

“ ജര്‍മ്മനീന്നു ബോര്‍ഡോ ?!!! ... ഇത്      മെഡിക്കല്‍ കോളേജ് വഴി കോഴിക്കോട് എന്നാണല്ലോ ഇതിന്റേ ബോര്‍ഡ് ....” വിവരമില്ലാത്ത  കുട്ടന്‍ മാഷു തികച്ചും ന്യായമായ കൊസ്ത്യന്‍ പാത്തുവിനു പാസ്സ് ചെയ്തു

“ഇജ്ജ് മാഷാന്നു പറഞ്ഞിട്ട് ന്താ ന്റെ കുട്ടാ അനക്കു ബെബരം ബേണ്ടെ ..... ഇജ്ജ് ആ ബല്യ ബോര്‍ഡ് നോക്ക് എന്നിട്ട്  പറ...  ”

കുട്ടന്മാഷും കൂടെ സകലമാന ജനങ്ങളും പാത്തുചൂണ്ടിക്കാട്ടിയ ബോര്‍ഡിലേക്കു സൂക്ഷിച്ചു നോക്കി . ബസ്സിന്റെ സൈഡില്‍ കെട്ടിയിട്ട ബാനറില്‍  വലുതായിട്ട് ഇങ്ങനെ എഴുതിയിരുന്നു.

“ജെമിനി   സര്‍ക്കസ്   ”

അതിനു താഴെ ചെറുതായിട്ട്  “ദിവസേന നാലുകളികള്‍ ” എന്നുമെഴുതിയിരുന്നു എന്നതും ഫയങ്കരമാണ്‍് !!

ഇതു നോക്കിനിന്ന നാട്ടുകാര്‍ക്കു മനസ്സിലായി പാത്തു ഒരു മഹാ പ്രതിഭയാണെന്നും തങ്ങളെല്ലാം ഭൂമിയിലെ മഹാ മണ്ടന്മാരാണെന്നുമാത്രമല്ല ഇതിനു പാത്തുവിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നും സാക്ഷര കേരളം അതി സുന്ദര കേരളമെന്നാണെന്നുമെല്ലാം..........

നാട്ടുകാര്‍ ഓരോരുത്തരായി വലിഞ്ഞുകൊണ്ടിരുന്ന തക്കം നോക്കി  ഡ്രൈവര്‍ പതുക്കെ വണ്ടിയെടുത്തു. പാത്തുകയറുന്നതിനു മുന്‍പേതന്നെ ജര്‍മ്മനിക്കുള്ള മിനിബസ്സ് കോഴിക്കോട്ടേയ്ക്കു പറന്നു...   ഇതുകണ്ട പാത്തു വിളിച്ചു പറഞ്ഞു ...

“അച്ചരം പടിച്ച ഞമ്മളോടാ മന്‍സന പറ്റിക്കാന്‍ ജര്‍മ്മനീന്നു ബോര്‍ഡ് ബെച്ച്  കളിച്ചണത് ... ഇത്  പത്രത്തില്‍ കണ്ടപോലത്തെ വിസിനസാ  ജര്‍മ്മനീന്ന് ബോര്‍ഡ് ബെച്ച്  മന്‍സമ്മാരെ പറ്റിക്കാന്‍ള്ള വിസിനസ്സ്കിറിക്ക്...”
 (ബിസിനസ്സ് ട്രിക്ക് എന്നു പറഞ്ഞാലും തെറ്റില്ല)

അങ്ങിനെ നീരാളി ജിന്നിനെ തേടിയുള്ള യാത്ര പാതിവഴിയിലുപേക്ഷിച്ച നമ്മുടെയും അതിലുപരി നാട്ടുകാരുടെയും പാത്തു സുലൈഖായെ തകര്‍ക്കാനുള്ള പുതിയ തന്ത്രമാലോചിക്കാന്‍ വീട്ടിലേക്കു മടങ്ങിപ്പോയി  !

വീട്ടിലെത്തിയപ്പോള്‍  ഹസ്ബന്റ്ജി കം രക്ഷാകര്‍ത്താജി അവറാനു കഞ്ഞി കിട്ടിയില്ലെങ്കിലും തന്റെ എല്ലാമെല്ലാമായ ആടിനു ക്ഞ്ഞിവെള്ളം കിട്ടിയെന്നത് പാത്തുവിനെ ആഹ്ലാദ പുളകിത കശ്മല കുശ്മിതയാക്കി !!!!

ധന്യവാര്‍.