Saturday, September 20, 2008

നോമ്പ് (ഹൈദര്‍ മകന്‍ നാസര്‍ വക)!!


" ടാ നാസറേ ........ ന്റെ പടച്ചോനെ നോമ്പ്‌ തൊറക്കാൻ നേരത്ത്‌ ഇവനിതെവടേ ?"

കുഞ്ഞീവി കിടന്ന് ഒച്ചവച്ചിട്ടൊന്നും നാസറിനു കൂസലില്ല. അടുത്തവീട്ടിലെ ആമിനയുടെ ആട്‌ പുല്ലു തിന്നുന്നതും നോക്കിയിരിക്കുകയാണവൻ .

അവന്റെ അഭിപ്രായത്തിൽ ശ്രീമാൻ ആട്‌ മഹാഭാഗ്യവാനാണ്‌ ആടിനു നോമ്പില്ലല്ലോ എന്നും പെരുന്നാളല്ലെ പെരുന്നാൾ. നാസറിന്റെ കൂട്ടുകാരുടെ വീട്ടിൽ വർഷത്തിൽ ഒരുമാസമാണു നോമ്പ്‌ എങ്കിൽ നാസറിന്റെ വീട്ടിൽ വർഷത്തിൽ മുന്നൂറ്റി അറുപത്തഞ്ചു ദിവസവും നോമ്പായിരുന്നു എന്ന സത്യം അറിയുന്നവർ നാലേ നാലുപേർ .

നാസറിനും ഉപ്പയ്ക്കും ഉമ്മയ്ക്കും ദൈവത്തിനും മാത്രമെ നോമ്പുകാര്യം അറിയാവൂ എന്നത്‌ മറ്റൊരു സത്യം.
നാസറിനെ നോമ്പ്‌ തുറക്കാൻ കുഞ്ഞീവി വിളിച്ച്‌ തൊണ്ടയിൽ അവശേഷിക്കുന്ന വെള്ളവും വറ്റിക്കുമ്പോഴേക്കും നമുക്ക്‌ നാട്ടിലൂടെ നടന്ന് റംസാൻ കാഴ്ചകൾ കാണാം.

റംസാൻ മാസം വന്നു കഴിഞ്ഞാൽ പിന്നെ പള്ളിയിൽ ആളുകളെ കൊണ്ട്‌ നിറയും പള്ളിയിലെ മൊല്ലാക്കയ്ക്ക്‌ സന്തോഷം, ഹാപ്പി , മനസ്സു നിറയൽ എന്നെല്ലാം പറയാം.

"ഇത്തറേം മൻഷന്മാർ ഇന്നാട്ടിലിണ്ടല്ലോ" സന്തോഷത്തിന്റെ കഠിനമുഹൂർത്തത്തിൽ മൊല്ലാക്ക അറിയാതെ പറഞ്ഞുപോയി.
സംഗതി സത്യവുമാണ്‌ റംസാനല്ലാത്തപ്പോൾ പള്ളിയിലെ ഇമാമും , മൊല്ലാക്കയും പിന്നെ നിശബ്ദതയുടെ സ്വൈരം കെടുത്താൻ നടക്കുന്ന വലിയ ഫാനിന്റെ കറകുറ ശബ്ദവും മാത്രമായിരിക്കും പള്ളിയിലുണ്ടാവുക.

ഭക്തന്മാരായ ഭക്തജനങ്ങളെല്ലാം മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ പോയതായിരിക്കും. നിസ്കരിക്കാത്തവനെപ്പറ്റിയും ദാനധർമ്മങ്ങൾ നൽകാത്തവനെപ്പറ്റിയും എട്ടുദിക്കും ഞെട്ടിച്ചു പ്രസംഗിക്കുമ്പോൾ പള്ളിയിൽ വരാനും നിസ്കരിക്കാനും സമയം കിട്ടില്ല എന്നതിനു അവരെ പറഞ്ഞിട്ടു കാര്യമില്ലാ എന്നത്‌ മൊല്ലാക്കയ്ക്കറിയുമോ . മൊല്ലാക്ക വയസ്സനും കണ്ണിനു കാഴ്ചകുറഞ്ഞവനുമല്ലെ.

മൊല്ലാക്കയ്ക്ക്‌ വല്ലതും മിണ്ടിയും പറഞ്ഞുമിരിക്കാൻ പള്ളിയിലെ ഇമാം മാത്രം. ഇമാമിനു വല്ല തൊണ്ടവേദനയും വന്നു പിടിപെട്ടാൽ ഓ ആ കാര്യം മൊല്ലാക്കയ്ക്ക്‌ ഓർക്കാൻ കൂടി കഴിയുമായിരുന്നില്ല.

"പടച്ചോനെ പള്ളിയിലെ ഇമാമിനു ആരോഗ്യം കൊടുക്കണെ കൊടുക്കണെ" എന്നു പ്രാർത്ഥിച്ച്‌ പ്രാർത്ഥിച്ച്‌ സ്വന്തം കാര്യം പറയാൻ മറന്നുപോയതുകൊണ്ടാണ്‌ മൊല്ലാക്ക ഒരിക്കൽ കോഴിവസന്ത പിടിച്ചു കിടന്നത്‌ എന്നൊരു ജനസംസാരമില്ലാതില്ല.
അതൊക്കെ പഴയ കഥ

മൊല്ലാക്കയ്ക്കറിയാം പള്ളിയുടെ പടി കാണാത്ത പലരും റംസാൻ മാസത്തിൽ റംസാൻ സ്പെഷ്യൽ തൊപ്പിയുമിട്ട്‌ പള്ളിയിൽ വരുമെന്നും റംസാൻ ഒരു പകുതിയാകുമ്പോഴേക്കും വേലിയിറക്കം തുടങ്ങുമെന്നും അത്‌ പെരുന്നാൾ ദിവസവും കഴിഞ്ഞാൽ വീണ്ടും മൊല്ലാക്കയെയും , ഇമാമിനെയും , കറ കറ ഫാനിനേയും ഏകാന്തവാസത്തിനു വിടുമെന്നും.
ഇതെല്ലാം കണ്ട്‌ കണ്ട്‌ നെടുവീർപ്പിട്ട്‌ നെടുവീർപ്പിട്ട്‌ മൊല്ലാക്കയ്ക്ക്‌ ഇപ്പോൾ വലിവിന്റെ അസുഖവും തുടങ്ങി .

പള്ളിയുടെ പുറത്തുള്ള ചെറിയ കെട്ടിടത്തിൽ നിന്നും കേട്ട ബഹളത്തെ ലക്ഷ്യമാക്കി വടികുത്തിയ മൊല്ലാക്ക പതുക്കെ നടന്നു.

നാട്ടിലെ (അറിയപ്പെട്ട) പാവങ്ങളുടെ പേരു വിളിച്ച്‌ നാട്ടിലെ പ്രമാണിമാർ കം പണക്കാർ റംസാൻ മാസക്കാലത്തേക്കുള്ള ഉപ്പിൽ തുടങ്ങി കർപ്പൂരം വരെ വ്യാപിച്ചു കിടക്കുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നു . പാവപ്പെട്ടവൻ സന്തോഷമില്ലാതെ വാങ്ങിപ്പോകുന്നു ( കാര്യ കാരണം പിന്നീട്‌ പറയാം).
വടികുത്തിയ മൊല്ലാക്കയ്ക്കും കിട്ടി ഒരു കെട്ട്‌ . മൊല്ലാക്കയ്ക്ക്‌ സന്തോഷം ദൈവത്തിനു സ്തുതി. ആ ഭക്ഷണ സാധനങ്ങൾ കൊണ്ട്‌ വീട്ടിലെ പട്ടിണിയില്ലാത്ത ദിവസങ്ങളും മക്കളുടെ പുഞ്ചിരികളും മൊല്ലാക്കയിൽ ഓടിയെത്തി.

ഭക്ഷണ സാധനങ്ങൾ എടുത്ത്‌ പാവങ്ങളുടെ കയ്യിൽ കൊടുക്കുന്നത്‌ പള്ളിക്കമ്മറ്റിയിലെ പ്രധാനിയും നാട്ടിലെ പ്രമാണിയുമായ ( ഓൺലി പ്രമാണം വരുമാനം നഹി പണം നഹി) ഹൈദർക്കാ.

ഹൈദർക്കാ പണ്ടത്തെ പേരുകേട്ട തറവാടിയായിരുന്നു. അദ്ദേഹത്തിന്റെ ആയകാലത്ത്‌ ചുറ്റിപ്പറ്റി നിന്നവർ ഇന്ന് കോടീശ്വരന്മാരായപ്പോൾ കണ്ടിട്ടും കാണാതെ പോകുന്നു .

പലർക്കും വാരിക്കോരിക്കൊടുക്കുന്ന സ്വഭാവക്കാരനായിരുന്ന ഹൈദർക്കായുടെ കൂടെ നിന്ന് കാലു വാരിയവന്മാരെ തിരിച്ചറിയാനുള്ള കഴിവില്ലാത്തത്കൊണ്ട്‌ കള്ളക്കേസിൽ അകത്തായ ഹൈദർക്കാ ഉള്ളതെല്ലാം വിറ്റു തുലച്ച്‌ ബാക്കിവന്ന മാളിക വീട്ടിൽ ദാരിദ്ര്യം പുറത്തറിയിക്കാതെ തന്റെ പൊന്നോമനമോൻ നാസറിനോടും പ്രിയ സഖി കുഞ്ഞീവിയോടുമൊപ്പം പട്ടിണി മറ്റുള്ളവരെയറിയിക്കാതെ ജീവിച്ചു പോരുന്നു.

നാലുനേരവും ചോറു വെച്ചു കഴിക്കുന്ന നാട്ടിലെ അറിയപ്പെട്ട പാവപ്പെട്ടവർ കൈ നീട്ടുമ്പോൾ ഒരു നേരമ്പോലും വയറു നിറച്ച്‌ കഞ്ഞികുടിക്കാൻ വകുപ്പില്ലാത്ത ഹൈദർക്കാ പലരോടും കടം വാങ്ങിയിട്ടെങ്കിലും പാവപ്പെട്ടവനെ സഹായിക്കാറുണ്ട്‌.
ആ ഹൈദർക്കായുടെ മകൻ നാസറിനെ നോമ്പ്‌ തുറക്കാൻ ഹൈദറുടെ സ്വന്തം ഭാര്യയും നാസറിന്റെ സ്വന്തം ഉമ്മച്ചിയുമായ കുഞ്ഞീവി വിളിക്കുന്ന രംഗമാണ്‌ നമ്മൾ ആദ്യം കണ്ടത്‌.

ഉമ്മയുടേ തൊണ്ടയിലെ വെള്ളം ഏകദേശം വറ്റി എന്നുറപ്പായപ്പോൾ നാസർ ഓടിച്ചെന്നു. കൈകാലുകൾ കഴുകി .
ഉപ്പയുടെയും ഉമ്മയുടെയും കൂടെ നോമ്പ്‌ തുറക്കാൻ പള്ളിയിലെ ബാങ്കും കാത്തുനിന്നു .
ബാങ്ക്‌ കൊടുത്തു, പച്ചവെള്ളം കൊണ്ട്‌ ആ കുടുംബം നോമ്പ്‌ തുറന്നു.
തന്റെ മുന്നിലുള്ള കുറച്ചുമാത്രം വറ്റുള്ള കഞ്ഞി ആർത്തിയോടെ കുടിക്കുമ്പോൾ നാസറിനൊരു സംശയം വന്നു വന്ന സംശയം ചൂടാറാതെ അവൻ ഉമ്മയോടു ചോദിച്ചു.
" ഉമ്മാ ഞമ്മളെ ബഷീറിന്റെ വീട്ടിൽ എന്നും ചോറു വെക്കാറുണ്ടു പോലും നല്ല രസായിരിക്കും അല്ലെ ചോറു തിന്നാൻ ?!!"

ഇതുകേട്ട കുഞ്ഞീവി പൊട്ടിക്കരഞ്ഞ്‌ അടുക്കളയിലേക്കോടിയപ്പോൾ തന്റെ കണ്ണിൽ നിന്നും അടർന്ന് കഞ്ഞിപ്പാത്രത്തിൽ വീണ കണ്ണുനീരിൽ കണ്ണും നട്ട്‌ നിശ്ചലനായിരിക്കുകയായിരുന്നു നമ്മുടെ ഹൈദർക്കാ.

സമയം കടന്നുപോയപ്പോൾ നാസറിനെയും കൂട്ടി ഹൈദർക്കാ പള്ളിയിലേക്കു നടന്നു. സമയം ഇരുട്ട്‌ വീണു തുടങ്ങിയിട്ടുണ്ട്‌. അരണ്ട വെളിച്ചത്തിൽ ആ ഉപ്പയും മകനും നടന്നു നീങ്ങി.
നാട്ടിലെ അറിയപ്പെട്ട പാവപ്പെട്ടവനായ ബീരാന്റെ വീടിനടുത്തെത്തിയപ്പോൾ എന്തോ ബഹളം കേട്ട അവർ അങ്ങോട്ടു ശ്രദ്ധിച്ചു.

ബീരാന്റെ ഫാര്യ ( വേണമെങ്കിൽ ഭാര്യ എന്നും പറയാം) തടിച്ചി സൈനബ ബീരാനോട്‌ യുദ്ധം ചെയ്യുകയാണ്‌
" അല്ല മനുസ്യനെ ഈ നാട്ടിലെ മൊതലാളിമാർക്ക്‌ അരിയും , കോഴിയും , പുട്ടുപൊടിയുമെല്ലാം ഞമ്മക്ക്‌ തരുന്ന സമയം കൊണ്ട്‌ ഒരു അയ്യായിരമൊ , പതിനായിരമൊ തന്നാലെന്താ? "

" അങ്ങനെയൊന്നും പറയല്ല എന്റെ സൈനബാ ഞമ്മൾ പട്ടിണി കെടക്കാതിരിക്കാനല്ലെ ഓര്‌ അതൊക്കെ തരണത്‌?"

" പട്ടീണി തു ഫൂ......."

സൈനബ ഉറഞ്ഞുതുള്ളി ആഞ്ഞുതുപ്പി. തുപ്പലിലെ ചില്ലുകൾ പരിസരത്തു കിടന്നു ചിന്നിച്ചിതറി. എന്നിട്ടു തുടർന്നു.

" പട്ടിണീ .. പട്ടിണീന്നും പറഞ്ഞ്‌ നാട്ടിലെ സകല സംഘടനകളും തരും അരിയും പിണ്ണാക്കും ഒലക്കേടെ മൂടും .. "

എന്നിട്ട്‌ വീട്ടുമുറ്റത്ത്‌ ഒരു ചാക്കിൽ കൂട്ടിക്കെട്ടിയ സാധനങ്ങൾക്കു നേരെ ചൂണ്ടി സൈനബ ഉറഞ്ഞു എന്നുമാത്രമല്ല നാലഞ്ചു തുള്ളലുംകൂടി തുള്ളിത്തീർത്തു എന്നിട്ടു തുടർന്നു.

" കയിഞ്ഞ നോമ്പിനും പെരുന്നാളിനും ഇവടെ പലരും തന്ന് കുന്നു കൂട്ടിയ സാധനങ്ങളാണ്‌ ആ കിടക്കുന്നത്‌ .. ഞമ്മൾ വയറ്‌ നെറച്ച്‌ കയിച്ചിട്ടും ബാക്കി ബന്ന ആ സാധനങ്ങൾ ഇപ്പൊ പൂത്ത്‌ തുടങ്ങി . ഇനി അത്‌ കുയി കുത്തി അതിലിട്ട്‌ മൂടുന്ന പണിയും ഞമ്മക്കല്ലെ..."

ഇതെല്ലാം കേട്ടുനിന്ന ഹൈദറും മകൻ നാസറും കൂടുതൽ കേട്ട്‌ ചെവി കേടുവരുത്താതെ പള്ളിയിലേക്കു വച്ചു പിടിച്ചു.

ഇതൊക്കെയല്ലെ ഇന്നു നാട്ടിൽ നടക്കുന്നത്‌?!!! പാവപ്പെട്ടവനെന്ന ലേബൽ വന്നു പോയവനെ സഹായങ്ങളുടെ കൂമ്പാരംകൊണ്ട്‌ നിറയ്ക്കുമ്പോൾ യഥാർത്ഥ പട്ടിണിക്കാരനായ മുണ്ട്‌ മുറുക്കിയുടുക്കുന്നവനെ മറന്നുപോകുന്നതൊ അതൊ കണ്ടില്ലെന്നു നടിക്കുന്നതൊ? സഹായങ്ങൾ ചെയ്യുമ്പോൾ അത്‌ യഥാർത്ഥ അവകാശിക്കുതന്നെയാണൊ കിട്ടുന്നത്‌ എന്നു നാം ചിന്തിക്കാറുണ്ടൊ? സംഘടനകൾ പണം പിരിച്ചും, പാർട്ടികൾ പണം മറിച്ചും സഹായിക്കാൻ മത്സരിക്കുമ്പോൾ ഹൈദറിനേയും കുടുംബത്തിനേയും പോലുള്ള ഒരുപാട്‌ കുടുംബങ്ങൾ പരാതിയും പരിഭവവുമില്ലാതെ ഇവിടെ ജീവിക്കുന്നു എന്ന സത്യം നമ്മൾ ഓർക്കറുണ്ടോ!!!!!!!!!

പാവങ്ങളെ സഹായിക്കരുത്‌ എന്നൊരിക്കലും ഞാൻ പറയുന്നില്ല. ഒരാൾക്ക്‌ ഒരു സംഘടനയൊ , പാർട്ടിയൊ സഹായങ്ങളെത്തിക്കുമ്പോൾ അതേ ആൾക്കു തന്നെ വീണ്ടും വീണ്ടുമെത്തിക്കാൻ മറ്റുള്ളവരും ശ്രമിക്കുന്നു എന്നതാണു നമുക്കു കാണാൻ കഴിയുന്നത്‌. സമൂഹത്തിന്റെ മുൻപിൽ കൈനീട്ടാൻ മടിയുള്ള എത്രയോ പാവപ്പെട്ട കുടുംബങ്ങൾ നമ്മുടെ കേരളത്തിൽ ഇന്നുണ്ട്‌ എന്നത്‌ നമ്മളിൽ എത്രയാളുകൾക്കറിയാം? നമ്മുടെ മക്കളെല്ലാം വയറു നിറയ്ക്കുമ്പോൾ. നിറയാത്ത വയറിന്റെ വേവലാതികൾ വിളിച്ചു പറയാതെ കണ്ണുനീർ പോലും പുറത്തു കാണിക്കാതെ എല്ലാം ഉള്ളിലൊതുക്കിക്കഴിയുന്ന എത്രയെത്ര കുരുന്നുകൾ നമ്മുടെ നാടുകളിലെല്ലാം ഉണ്ട്‌ എന്നത്‌ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഞാൻ ചോദിക്കട്ടെ. ആരാണു യഥാർത്ഥ മിസ്കീൻ (പാവപ്പെട്ടവൻ)??????!!!

36 comments:

smitha adharsh said...

തേങ്ങ ഞാന്‍ ഒടച്ചു...

(((((((((((0))))))))))
ബാക്കി പോസ്റ്റ് വായിച്ചിട്ട് വന്നിട്ട്..പറയാം.

smitha adharsh said...

എന്ത് പറയും ഞാന്‍ ??? ...... ആരാണ് യഥാര്ത്ഥ പാവപ്പെട്ടവന്‍? ചിന്തിപ്പിച്ച പോസ്റ്റും,ചോദ്യവും,ആശയങ്ങളും...
പച്ച വെള്ളം കുടിച്ചു നോമ്പ് മുറിക്കുന്നവര്‍ ഉണ്ടെന്നു കാണിച്ചു തന്നതിന് നന്ദി.

അക്ഷരത്തെറ്റ് said...

നമ്മുടെ നട്ടില് സുഖമായി ജീവിക്കുന്ന രന്ട് കൂട്ടരാന് , താഴെ നിലയിലുള ആളുകളും, പിന്നെ കൊഡി കുതിയ പനക്കാരനും , ഈ രന്ടു പെരുടെ ഇടക്കുളള ഇടതരക്കാരെ നാം ഷ്രധിക്കാദെ പൊകുന്നുണ്ട്
, സത്യതില് ശരിക്കുളള ഇടതതരക്കാരാന് പാവപ്പെട്ടവര്, എന്നാല് ഈ ഇടത്തരക്കര് എങിനെ ഒന്നും ഇല്ലാദായി പൊകുന്നദെന്ന് നാം ചിന്ദിക്കെൻഡദുന്ട്.
ഇടതട്ടുകാര് എന്നും താഴെ തട്ടിലുളളവരെ നൊക്കി ജീവിച്ചാല് ഒരിക്കലും ഈ ഉളളവര് ഒന്നും ഇല്ലാത്തവരായി തീരില്ല ,
റംസാനു പറ്റിയ ബ്ലൊഗ്, രസികന് വീണ്ടും ചിന്ദിപ്പിചു....

കുറ്റ്യാടിക്കാരന്‍|Suhair said...

പ്രസക്തമായ പോസ്റ്റ് രസികാ
പക്ഷെ ഇങ്ങനെ അരിയും തുണിയും വാങ്ങി ആര്‍ക്കെങ്കിലും കൊടുക്കാനുള്ളതല്ലല്ലോ സക്കാത്ത്...

അത് ജനങ്ങളെ പഠിപ്പിക്കാന്‍ മതപണ്ഡിതര്‍ തുനിയാത്തിടത്തോളം ഇത് തുടരും.

കനല്‍ said...

സക്കാത്ത് നല്‍കുന്നവന്‍
അത് അര്‍ഹിക്കുന്നവനെ തിരിച്ചറിഞ്ഞല്ലാ
പലപ്പോഴും നല്‍കുന്നതെന്ന സത്യം
നന്നായി വിളിച്ചു പറഞ്ഞിരിക്കുന്നു രസികന്‍.

അഭിനന്ദനങ്ങള്‍!
നന്നായി ചോദിച്ചു വേടിക്കാന്‍ (അവകാശമെന്നപോലെ)

നമ്മുടെ നാട്ടിലെ പാവങ്ങള്‍ എന്ന ലേബലുള്ളവര്‍ പഠിച്ചിരിക്കുന്ന.

എന്നാല്‍ ചോദിക്കാനറിയാത്ത , ചോദിക്കാന്‍ മടിക്കുന്ന ഈ പാവങ്ങളെ കണ്ടെത്തുന്നത് ഒരു സമസ്യയായി കണക്കാക്കി സക്കാത്ത് നല്‍കാന്‍
ഈ റമദാന്‍ നമ്മെ പഠിപ്പിക്കട്ടെ.
നോമ്പും സക്കാത്തും ദൈവത്തെ മാത്രം ബോധിപ്പിക്കാനുള്ളതാണ്. ശ്രദ്ധ ക്ഷണിക്കണ്ട കാര്യമില്ലാ അവന്റെ മുന്നില്‍

റമദാന്‍ ആശംസകള്‍!

Typist | എഴുത്തുകാരി said...

ശരിയാണ്,പാവം എന്ന ലേബലില്ലാത്ത പലരും സഹായം കിട്ടാതെ പുറന്തള്ളപ്പെട്ടുപോകുന്നു.

കുഞ്ഞന്‍ said...

മധ്യവര്‍ഗ്ഗം എന്നും എവിടെയും ഇങ്ങിനെയൊക്കെത്തന്നെയാ..

ഇനി കുറച്ചു നാള്‍ കഴിയുമ്പോള്‍ സക്കാത്തുകൊടുക്കുന്ന സാധനങ്ങളുടെ ബാഗില്‍ എഴുതിയിട്ടുണ്ടാകും “ ഹൈദര്‍ മകന്‍ നാസര്‍ വക” എന്ന്.

വര്‍ഷത്തില്‍ മുഴുവന്‍ നോമ്പാണെന്നുള്ള ഭാഗം..സത്യാമായിട്ടും സ്പര്‍ശിച്ചു.

നരിക്കുന്നൻ said...
This comment has been removed by the author.
നരിക്കുന്നൻ said...

മുഴുവൻ വായിച്ച് തീർന്നപ്പോൾ മനസ്സിൽ ഒരു നീറ്റൽ. എപ്പോഴെങ്കിലുമൊക്കെ എനിക്കും സംഭവിച്ചതല്ലെ ഈ വരികളിലെന്ന് സംശയം.

നോമ്പ് കാലമായാൽ വെള്ളക്കുപ്പായവും തൊപ്പിയുമെടുത്ത് പള്ളികളിൽ നിത്യസന്ദർശകരാകുന്ന ആളുകളെകുറിച്ച് എഴുതിയത് ക്ഷ പിടിച്ചു. എത്ര ശരിയാണിതൊക്കെ.

പാവപ്പെട്ടവരെ സഹായിക്കാൻ സംഘടനകളും പാർട്ടിക്കാരും മത്സരിക്കുമ്പോൾ അതിലൊന്ന് തനിക്കും കിട്ടിയിരുന്നെങ്കിൽ എന്ന് അറിയാതെ ചിന്തിച്ച് പോയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. അഥവാ ആരെങ്കിലും കണ്ടറിഞ്ഞ് എന്തെങ്കിലും തന്നാൽ അത് അഴിമതിയെന്ന പുതിയ പേരിട്ട് വിളിച്ച് അപമാനിക്കാൻ എല്ലാവരും മുന്നിട്ട് വരുന്നു. ഇതൊക്കെ എപ്പോഴും എല്ലായിടത്തും നടന്ന് കൊണ്ടിരിക്കുന്നു. ഇടത്തരക്കാരാ‍യ ശരിക്കും പാവപ്പെട്ട ഈ വർഗ്ഗം പലപ്പോഴും സമൂഹത്തിൽ അപഹാസ്യരാകുന്നു. ശരിക്കൊന്ന് പട്ടിണികിടക്കാൻ പോലും ഇവർക്ക് അനുവാദമില്ല. പട്ടിണികൊണ്ട് എന്തെങ്കിലും കൂലിപ്പണിക്ക് പോകാൻ പോലും അവർക്ക് അനുവാദമില്ല. ഒരിക്കൽ ജോലിയെടുപ്പിച്ചിരുന്നവരെകൊണ്ട് ആര് പണിയെടുപ്പിക്കാൻ. കാരണം അവർ സമൂഹത്തിൽ മുതലാളിമാരാണ്. കഞ്ഞികുടിച്ച് നോമ്പ് തുറക്കുന്ന വർഷത്തിൽ 12 മാസവും നോമ്പെടുക്കുന്ന നാസറും കുടുംബവും കേരളത്തിലെന്നല്ല ലോകത്തിന്റെ എല്ലാ ഭാഗത്തും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ മധ്യവർഗ്ഗം ഒരിക്കലും ഒരിടത്തുമെത്താതെ എന്നും മധ്യവർഗ്ഗമായി മുണ്ട് മുറുക്കിയെടുത്ത് ഉറക്കെ ഏമ്പക്കം വിട്ട് എന്നും പാവപ്പെട്ട മുതലാളിമാരായി സമൂഹത്തിൽ ജീവിക്കുന്നു.

അവസാനത്തെ വാചകങ്ങൾ ചങ്കിലൊരു നീറ്റലായി. രസികൻ ശൈലിയിൽ ചിന്തിപ്പിച്ച് തന്നെ ഈ പോസ്റ്റും അവസാനിപ്പിച്ചു.
ചോതിക്കാതിരിക്കാൻ നിർവാഹമില്ല “ആരാണ് പാവപ്പെട്ടവർ”?

ഏറനാടന്‍ said...

ബെസ്റ്റ്..!

Dewdrops said...

ഞാനും പുതിയ പോസ്റ്റ് വായിച്ചു എന്തൂട്ട്ണാ പറയ്യ്യ...... ഗംഭീരമായി. സത്യത്തിൽ ഇതുതന്നെയാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്.ഇടത്തരക്കാർ അഭിമാനം മൂലം ആരോടും കൈ നീട്ടില്ല.അതുകൊണ്ട് തന്നെ ആളുകൾ അവരെ അറിയാതെ പോകുന്നു.അവരാണ് ശരിക്കും പാവങ്ങൾ.

ഏതായാലും ഇനി എല്ലാവരും അറിഞ്ഞ് അവരേയും സഹായിക്കാൻ ശ്രമിക്കുക.

പിന്നെ എല്ലാ പോസ്റ്റിലും ഒരു പാഠം ഉണ്ട്‌.അത് വളരെ ഉപകാരപ്രദമാണ്.

ഇനിയും ഇതു പോലെ എഴുതണം.

ജിജ സുബ്രഹ്മണ്യൻ said...

വര്‍ഷം മുഴുവന്‍ നോമ്പായി കഴിയുന്നവര്‍ ഉണ്ടെന്നുള്ളത് വല്ലാത്ത ഒരു നടുക്കമായി.മുസ്ലിം സമുദായത്തിലെ സക്കാത്ത് എന്ന ഏര്‍പ്പാട് വളരെ നല്ല ഒന്നായിട്ടാണു ഞാന്‍ കരുതിയിരുന്നത്.മറ്റൊന്നും കൊണ്ടല്ല..പാവങ്ങള്‍ക്ക് അവരുടെ പട്ടിണി മാറ്റാന്‍ ഉള്ള സഹായം ഒക്കെ എല്ലാരും ചേര്‍ന്ന് കൊടുക്കുമല്ലോ..പക്ഷേ അര്‍ഹതയുള്ളവര്‍ക്ക് പലര്‍ക്കും അതു ലഭിക്കുന്നില്ല എന്നത് നൊമ്പരപ്പെടുത്തുന്നു.

അനില്‍@ബ്ലോഗ് // anil said...

"ഉമ്മാ ഞമ്മളെ ബഷീറിന്റെ വീട്ടിൽ എന്നും ചോറു വെക്കാറുണ്ടു പോലും നല്ല രസായിരിക്കും അല്ലെ ചോറു തിന്നാൻ ?!!"

ഇതൊരു ചങ്കില്‍ തറക്കുന്ന വാചകമായിപ്പോയി.

സക്കാത്തു ദിവസം എവിടെനിന്നാണെന്നറിയില്ല, കുറേ തലേക്കെട്ടുകാര്‍ പ്രത്യക്ഷപ്പെടും, പര്‍ദ്ദയിട്ട പെണ്ണുങ്ങളും. ഒരാളെ പിടിച്ചു നിര്‍ത്തി വിശേഷങ്ങള്‍ ചോദിച്ചു, അപ്പൊഴാണ് മനസ്സിലാ‍വുന്നതു ആള്‍ മലയാളി അല്ല. പൊകട്ടെ, ഏതു നാട്ടുകാരനോ ആകട്ടെ അര്‍ഹിക്കുന്നവനു കൊടുക്കുന്നതു പുണ്യം തന്നെയാണ്. അല്പം കൂടി ചോദ്യം ചെയ്യല്‍ നടത്തി, അദ്ദേഹത്തിനു മുഹമ്മെദ് ആരെന്നറിയില്ല. എങ്കിലും സാരമില്ല, മനുഷ്യനാണല്ലോ.

യഥാര്‍ത്ഥതില്‍ സംഭവം ഇങ്ങനെയാണ്. തമിഴ്നാട്ടില്‍ നിന്നും ഒരു സംഘം എത്തിയതാണ്, സക്കാത്തു ദിവസം പ്രമാണിച്ചു, തലേക്കെട്ടു, പര്‍ദ്ദ ഇവയൊക്കെ വാടകക്കു എടുത്തതാണ്. കഥയല്ല, നടന്ന സംഭവം.

അര്‍ഹിക്കത്തവനു കൊടുക്കുന്ന ദാ‍നം ഏതായാലും വൃധാവിലാകുകതന്നെ ചെയ്യും.

ബിന്ദു കെ പി said...

" ഉമ്മാ ഞമ്മളെ ബഷീറിന്റെ വീട്ടിൽ എന്നും ചോറു വെക്കാറുണ്ടു പോലും നല്ല രസായിരിക്കും അല്ലെ ചോറു തിന്നാൻ ?!!"

ഈ വാചകം വായിച്ചപ്പോള്‍ കണ്ണു നിറഞ്ഞുപോയി.

സക്കാത്ത് എന്ന സമ്പ്രദായത്തെകുറിച്ചുള്ള ഈ പോസ്റ്റിലെ ആശയം എല്ലാ സമുദായക്കാര്‍ക്കും ബാധകമാണ് എന്നു ഞന്‍ കരുതുന്നു.അമ്പലങ്ങളിലെ അന്നദാനവും പള്ളികളിലെ നേര്‍ച്ചസദ്യയുമെല്ലാം ഇതിന്റെ വകഭേദങ്ങള്‍ തന്നെ.“അര്‍ഹിക്കാത്തവന് കൊടുക്കുന്ന ദാനം ദ്രോഹമാണ്” എന്ന്
ഭഗവത് ഗീതയിലും പറയുന്നു.

രസികന്‍ said...

സ്മിതാജീ: തേങ്ങാച്ചീളുകൾ ഞാൻ പെറുക്കിയെടുത്തിരിക്കുന്നു . ചില പാവങ്ങളെ ആരും കാണുന്നില്ല എന്നത് സത്യമാണ് അവർ ആരെയും അറിയിക്കാറില്ലാ എന്ന വലിയ സത്യമായിരിക്കും അതിനു കാരണം.
വന്നതിനും കമന്റിട്ടതിനും ( തേങ്ങയ്ക്കും ) നന്ദി

അക്ഷരത്തെറ്റ്: വളരെ കഷ്ടപ്പെട്ട് ജീവിക്കുന്ന പാവപ്പെട്ടവനും ഇവിടെയുണ്ട് അവരെ സഹായിക്കുന്നതോടൊപ്പം മുണ്ട് മുറുക്കിയുടുക്കുന്നവനെയും നാം കണ്ടെത്തണം.
വന്നതിനും കമന്റിയതിനും നന്ദി

കുറ്റ്യാടിക്കാരൻ: ഒരിക്കലും ആർക്കെങ്കിലും കൊടുക്കാനുള്ളതല്ല സക്കാത്ത് അത് അതിന്റെ അവകാശികൾക്കു തന്നെ എത്തിച്ചു കൊടുക്കണം.
വന്നതിനും കമന്റിയതിനും നന്ദി

കനൽ: സത്യമാണ് ദാനധർമ്മങ്ങൾ നാട്ടുകാരെ കാണിക്കാനുള്ളതൊ പേരെടുക്കാനുള്ളതൊ അല്ല ദൈവിക പ്രീതി കാംക്ഷിച്ചുകൊണ്ടാണെങ്കിൽ അത് അർഹതപ്പെട്ടവനു തന്നെ കൊടുക്കണം.
വന്നതിനും കമന്റിയതിനും നന്ദി

എഴുത്തുകാരി: ഇന്ന് സർക്കാറ് വരെ രേഖ വരച്ചിരിക്കുകയാണല്ലൊ രേഖയ്ക്ക് താഴെയുള്ള പണക്കാരെയും മേലെയുള്ള പാവപ്പെട്ടവനെയും നാം കാണാറില്ലെ!!!!
വന്നതിനും കമന്റിയതിനും നന്ദി

കുഞ്ഞൻ: വളരെ പാവപ്പെട്ട ഒരുപാട് കുടുംബങ്ങൾ ഇന്നു നമ്മുടേ കേരളത്തിലുണ്ട്. ചിലരെ ആളുകൾ അറിയുന്നു ചിലരെ ആരും റിയാതെപോകുന്നു. അർഹതപ്പെട്ടവനു മാത്രം സഹായം ചെയ്യുന്നവരും കൂട്ടത്തിൽ നാട്ടിൽ പേരെടുക്കാൻ സഹായിക്കുന്നവരുമുണ്ട്.
വന്നതിനും കമന്റിയതിനും നന്ദി

രസികന്‍ said...

നരിക്കുന്നൻ: അരി വിതരണവും മറ്റും നടക്കുമ്പോൾ ഒരുപാടാളുകളുടെ മനസ്സിൽ തോന്നിയിട്ടുണ്ടാകും ഒരു പൊതി തനിക്കും കിട്ടിയിരുന്നെങ്കിലെന്ന്. സത്യമാണത് . സഹായം ചെയ്യുന്നവൻ ആരായിരുന്നാലും ( ഏതു മത വിശ്വാസിയായാലും) അതൊരു പുണ്യ കർമ്മം എന്ന നിലയിൽ ചെയ്യുകയാണെങ്കിൽ അതല്ലാ എങ്കിൽ മറ്റുള്ളവനു സഹായ മാകട്ടെ എന്നനിലയിലായാലും താൻ ചെയ്യുന്ന കർമ്മം യഥാർത്ഥ അവകാശിക്കു തന്നെയാണൊ ലഭിക്കുന്നത് എന്ന് അന്വേഷിക്കേണ്ട കടമയുണ്ട് എന്നു ഞാൻ കരുതുന്നു.
വന്നതിനും കമന്റിയതിനും നന്ദി
ഏറനാടൻ: വന്നതിനും പോസ്റ്റ് വായിച്ച് അഭിപ്രായമറിയിച്ചതിനും നന്ദി

കുഞ്ഞിമണീ: പാവങ്ങൾ പാവങ്ങളെന്നാൽ മുശിഞ്ഞ വസ്ത്രമിട്ട് എല്ലാവരോടും ചോദിച്ചു നടക്കുന്നവൻ മാത്രമാണെന്ന ഒരു ധാരണയുണ്ട് അത് തെറ്റാണ് നമ്മളറിയാത്ത എത്രയോ പാവങ്ങൾ നമുക്കിടയിൽ ജീവിക്കുന്നു.
നന്ദി
വന്നതിനും കമന്റിയതിനും നന്ദി

കാന്താരിക്കുട്ടി: സക്കാത്ത് കൊടുക്കണം എന്നു പറയുമ്പോൾ ഇസ്ലാമിക ഗ്രന്ഥങ്ങളിൽ സക്കാത്ഥിന്റെ അവകാശികളെപ്പറ്റിയും പ്രത്യേകം പറയുന്നുണ്ട് , വളരെ പാവപ്പെട്ടവൻ മുതൽ നിത്യ ജീവിതം തട്ടിയും മുട്ടിയും മറ്റുള്ളവരെ അറിയിക്കാതെ തള്ളി നീക്കുന്നവൻ വരെ അതിൽ പെടുന്നു. പല നാടുകളിലും ഇന്ന് പാവങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കി സഹായങ്ങൾ അതിൽ മാത്രം ഒതുങ്ങിപ്പോകുന്നു എന്നതാണു സത്യം ( യഥാർത്ഥ അവകാശികളെ തിരഞ്ഞുപിടിച്ച് സഹായിക്കുന്നവരും ഉണ്ട് എന്നതും സത്യമാണ് )
വന്നതിനും കമന്റിയതിനും നന്ദി

അനിൽ: തട്ടിപ്പുകാർ സീസണനുസരിച്ച് പല കോലത്തിൽ ഇറങ്ങുന്നുണ്ട് അവരൊന്നും സക്കാത്തിന് അവകാശികളല്ല എന്നു മാത്രമല്ല ഒരു വിധ സഹായങ്ങൾക്കും അവർ അർഹരല്ല.
പിന്നെ മുസ്ലിങ്ങൾക്കിടയിലെ സക്കാത്ത് എന്നാൽ റംസാനിൽ മാത്രം കൊടുക്കേണ്ടുന്ന ഒന്നല്ല ഒരു പണക്കാരന് തന്റെ ആവശ്യം കഴിഞ്ഞിട്ട് ( ആവശ്യം എന്നാൽ വലിയ ഒരു ഫ്ലാറ്റെടുക്കുന്ന ആവശ്യം എന്നല്ല മീനിംഗ്) ബാക്കിയുള്ള സ്വത്ത് ഒരു നിശ്ചിത ശതമാനം സക്കാത്ത് കൊടുക്കണം അത് അവന്റെ ഔദാര്യമല്ല മറിച്ച് അവനു നിർബന്ധമായ കാര്യമാണ് അത് സക്കാത്തിന്റെ അവകാശികളുടെ അവകാശവുമാണ്.
വന്നതിനും കമന്റിയതിനും നന്ദി

ബിന്ദു: എല്ലാ മതങ്ങളും മനുഷ്യ നന്മയ്ക്ക് വേണ്ടിയുള്ളതാണ് മതങ്ങൾ പറയുന്നപോലെ മനുഷ്യർ ജീവിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഇവിടെ ഒരു പ്രശ്നവുമുണ്ടാവുമായിരുന്നില്ല. സമൂഹത്തിൽ പട്ടിണിപ്പാവങ്ങളുണ്ടാവുമായിരുന്നില്ല . സ്നേഹം സമാധാനം എല്ലാം ഇവിടെ കളിയാടിയേനെ . നല്ലൊരു നാളേയ്ക്കായ് നമുക്കു കാത്തിരിക്കാം
വന്നതിനും കമന്റിയതിനും നന്ദി

Kunjipenne - കുഞ്ഞിപെണ്ണ് said...

ഇത്തരം കാഴ്ചപാടുകള്‍ക്ക് നന്ദി

അരുണ്‍ കരിമുട്ടം said...

രസികാ,ഒരുപാടു ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ്.വളരെ മനോഹരം.ഇതില്‍ കൂടുതലൊന്നും പറയാനില്ല.

ശ്രീ said...

വലിയൊരു സത്യം തന്നെ ആണു മാഷേ എഴുതിയിരിയ്ക്കുന്നത്. നല്ല ചിന്തകള്‍ ...

പിരിക്കുട്ടി said...

gud post rasikaa....
inganeyum undu alukal...
arariyaan abhimanam ullilvechu pattini anubhavikkunnavar

രസികന്‍ said...

കുഞ്ഞിപ്പെണ്ണ്: വന്നതിനും കമന്റിയതിനും നന്ദി
അരുൺ: വന്നതിനും കമന്റിയതിനും നന്ദി
ശ്രീ: വന്നതിനും കമന്റിയതിനും നന്ദി
പിരീ: ശരിയാണ് , വന്നതിനും കമന്റിയതിനും നന്ദി

Anil cheleri kumaran said...

ഒത്തിരി ചിന്തിപ്പിച്ചു.

Joker said...

ഗംഭീരം.
തുടരുക

പാര്‍ത്ഥന്‍ said...

റംസാനിലെ സക്കാത്തിനെക്കുറിച്ചു വായിച്ചപ്പോള്‍, രണ്ടുവര്‍ഷം മുമ്പ്‌ F.M. റേഡിയോയില്‍ ചില അനുഭവകഥകള്‍ കേട്ടതില്‍ ചങ്കില്‍ കൊണ്ട ഒന്നുണ്ടായിരുന്നു. ആ സ്ത്രീ ഗള്‍ഫില്‍ ഒരു അറബിവീട്ടില്‍ ജോലി ചെയ്യുന്നു. (വിശപ്പ്‌ എന്താണെന്ന്‌ അറിയിക്കാനും കൂടിയാണത്രെ ഈ നോമ്പ്‌.) ബാങ്ക്‌ വിളിയ്ക്കുമ്പോള്‍ ഭക്ഷണം കഴിച്ച്‌ നോമ്പ്‌ ഇറക്കുകയും ചെയ്യാം. എപ്പോഴാണ്‌ ഭക്ഷണം കിട്ടുകയെന്നറിയാതെയുള്ള ഉപവാസം മനസ്സിലാവാന്‍ ഈ നോമ്പ്‌ പോര എന്നു പറഞ്ഞാണ്‌ അവരുടെ അനുഭവം പങ്കുവെച്ചത്‌.

അല്ഫോന്‍സക്കുട്ടി said...

അവസരോചിതമായ പോസ്റ്റ് തന്നെ. പുണ്യവും പ്രശസ്തിയും മോഹിച്ച് പരസ്യമായി ദാനധര്‍മ്മങ്ങള്‍ മത്സരിച്ചു നടത്താനുള്ള സമയമാണ് ചിലര്‍ക്കെല്ലാം ഈ നോമ്പുകാലം, അതെല്ലാം അര്‍ഹതപ്പെട്ടവര്‍ക്കു കിട്ടിയാല്‍ നന്നായിരുന്നു.

siva // ശിവ said...

താങ്കള്‍ എത്ര കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു ഈ വിഷയത്തെ....യഥാര്‍ത്ഥ പട്ടിണിക്കാരെ നാം തിരിച്ചറിയാതെ പോകുന്നു....

ഗോപക്‌ യു ആര്‍ said...

എന്തിനും രണ്ടുപക്ഷമുണ്ട്‌ എന്നതിന്‌ തെളിവാണീ പോസ്റ്റ്‌...
അതു പോട്ടെ താങ്കള്‍ ആര്‍ക്കൊക്കെയാണ്‌ സക്കാത്‌ ചെയ്യുന്നത്‌?

Anoop Technologist (അനൂപ് തിരുവല്ല) said...

:)

ബഷീർ said...

ചിന്തനീയമായ പോസ്റ്റ്‌.. അഭിനന്ദങ്ങള്‍

ഇന്നും എല്ലാ ദിവസവും നോമ്പായുള്ള ആളുകള്‍ നമുക്കിടയില്‍ തന്നെയുണ്ടെന്നത്‌ ഒരു പരമാര്‍ത്ഥമാണ`്`.

ജനങ്ങള്‍ക്കിടയില്‍ പേരിനാണു പലരും ദാനം നല്‍കുന്നത്‌. അത്‌ അര്‍ഹര്‍ക്ക്‌ പലപ്പോഴും ലഭിക്കുന്നുമില്ല.

നമ്മുടെ അയല്‍ വാസികളുടെ (അയല്‍ വാസി എന്നാല്‍ നമ്മുടെ വീടിന്റെ ചുറ്റുവട്ടത്തുള്ള 40 കുടുംബങ്ങള്‍ എന്ന വിവക്ഷ ഓര്‍ക്കുക ) കാര്യം നമുക്കറിയണം അവിടെ പട്ടിണിയാണോ എന്നറിയണം.

സകാത്‌ ( നിര്‍ബന്ധ ദാനം ) അര്‍ഹമായ കൈകളില്‍ എത്തിച്ചു കൊടുത്താലെ അതിന്റെ കടമ വീടുകയുള്ളൂ..

RSP (റംസാന്‍ സ്പെഷല്‍ പാര്‍ട്ടിക്കാര്‍ എല്ലായിടത്തും കാണാം.. : )

ബഷീർ said...

ഇവിടെയിതാ RSP ക്കാര്‍

ഷാജൂന്‍ said...

രസികന്‍ രസിപ്പിച്ചല്ലൊ. രസകരമായ വിവരണം.

OAB/ഒഎബി said...

ഞാനും മുമ്പ് ഉദ്ദേശിച്ചത് ഇത് തന്നെ...
അപ്പൊ പോട്ടെ.
ഇന്‍ശാ അള്ളാ നാട്ടിലെത്തിയിട്ട് വരാം.

Bindhu Unny said...

“നാസറിന്റെ വീട്ടില്‍ വർഷത്തില്‍ മുന്നൂറ്റി അറുപത്തഞ്ചു ദിവസവും നോമ്പായിരുന്നു“ - നെഞ്ചില്‍ കുത്തുന്ന വരികള്‍. മേച്ചേരിക്കും കീഴ്ച്ചേരിക്കും ജിവിക്കാം, ഇടച്ചേരിക്കാണ് ജീവിക്കാന്‍ ബുദ്ധിമുട്ടെന്ന് എന്റെ അമ്മ എപ്പഴോ പറഞ്ഞത് ഓര്‍മ്മ വന്നു.

രസികന്‍ said...

കുമാരൻ: നന്ദി
ജോക്കർ: നന്ദി
പാർഥൻ : നോമ്പ് അതിന്റെ പരിശുദ്ധിയോടെ അനുഷ്ഠിക്കണം എങ്കിലെ പൂർണ്ണമാവുകയുള്ളു.
നന്ദി.
അൽഫോൺസ: സത്യം ... നന്ദി
ശിവാ: ശരിയാണ് .. നന്ദി
ഗോപക്ജീ: താങ്കൾ ഇതിൽ എന്തു പക്ഷമാണു കാണുന്നത് എന്നെനിക്കു മനസ്സിലാകുന്നില്ല ഞാൻ പാവങ്ങൾക്ക് കൊടുക്കരുത് എന്നൊരിക്കലും പറയുന്നില്ല . നമ്മുടെ കേരളത്തിലെ പല സഹായങ്ങളും ലിസ്റ്റിൽ ഒതുങ്ങുന്നു എന്നാണു പറഞ്ഞത് നമ്മളറിയാത്ത പല പാവങ്ങളും നാട്ടിലുണ്ട് അത് ഞാനടക്കമുള്ള പല കേരളീയനും കാണാതെ പോകുന്നു ( ചിലപ്പോൾ അവർ മറ്റുള്ളവരെ പട്ടിണി അറിയിക്കാത്തതുകൊണ്ടായിരിക്കും) ഒരു റംസാനിലെ ദാനം ഉദാഹരണമെടുത്ത് പറഞ്ഞു എന്നു മാത്രം. പിന്നെ ഞാൻ ആർക്കൊക്കെ കൊടുക്കുന്നു എന്നു ചോദിച്ചത് കണ്ടു. താങ്കൾ അതുകൊണ്ട് എന്താണുദ്ദേശിച്ചത് എന്നെനിക്കു മനസ്സിലായില്ല .( ഇത്തരം പരിഹാസങ്ങൾക്ക് ഖേദമുണ്ട്).
നന്ദി
അനൂപ്: നന്ദി

ബഷീർജീ : സത്യം താങ്കളുടെ പോസ്റ്റ് ഞാൻ കണ്ടു കെട്ടൊ
ഷാജൂൺ: നന്ദി

ഒ.എ.ബി: ഓ തിരിച്ചു വന്നോ? പിന്നെ ഈ പോസ്റ്റ് റമളാൻ ഒന്നിനു പോസ്റ്റാം എന്നായിരുന്നു കരുതിയത് പക്ഷെ അന്ന് റമളാനിലെ ഭക്ഷണത്തെക്കുറിച്ച് പോസ്റ്റാം എന്നുകരുതി അതിനിടയിൽ ഓണത്തിനു ഒരു പോസ്റ്റുംകൂടി ഇട്ടു അതാ ഈ പോസ്റ്റ് വൈകിയത് .
അപ്പോൾ താങ്കളുടെ പോസ്റ്റ് നാട്ടിൽ നിന്നും വന്നുകൊണ്ടിരിക്കും എന്നു പ്രതീക്ഷിക്കുന്നു
പിന്നെ സോപ്പ് ചീപ്പ് കണ്ണാടി ഓപ്പൺ ചെയ്യുമ്പോൾ ഇവിടെ പെട്ടന്നു ക്ലോസ്സ് ആകുന്നു കാരണം അന്വേഷിക്കാമൊ പുതിയ പോസ്റ്റ് വായിക്കൻ കഴിഞിട്ടില്ല
നന്ദി
ബിന്ധുജീ : അമ്മ പറഞ്ഞത് സത്യമാണ് .. നന്ദി

Cartoonist said...

നന്നായി, രസ്സ്യന്‍, ഇത്...

LIVEStyle Malayalam eMagazine said...

താങ്കളുടെ എഴുത്തുകൾ ഒരു മലയാളം ഓൺലൈൻ മാഗസിന്‌ ആവിശ്യമുണ്ടെന്ന് പറഞ്ഞാൽ അത് അഹങ്കാരമാകില്ലങ്കിൽ...
പ്ലീസ് എന്തെങ്കിലും ഞങ്ങൾക്കും എഴുതിത്തരൂ...
www.malayalamemagazine.com
livestylemagazine@gmail.com