എന്തൊക്കെയോ കരുതിക്കൂട്ടിയുള്ള സുലൈമാന്റെ ഭാവ-ലയ-താളങ്ങള്‍ കണ്ടതുകൊണ്ടാവാം സ്വന്തം തന്തയെ കാലന് കുരുക്കിട്ടുകൊണ്ടുപോയിട്ടുപോലും ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത അറബി ശൈഖ് അല്‍.ഗുലുമാല് ബിന്‍ അല്‍ക്കുല്‍ത്തിന്റെ ഇടനെഞ്ചില്‍ നിന്നും ഒരു തരിപ്പ് വലം നെഞ്ചിന്റെ അതിരും കടന്ന് വടക്കോട്ടുപോയത്!
കഴിഞ്ഞയാഴ്ചവരേ ആട്ടിന്കാട്ടം കൊണ്ടുപോയി ഈത്തപ്പനയ്ക്കിടുകയും, ഒട്ടകത്തിനു അറബിപ്പുല്ലു (?) പറിച്ചുകൊടുക്കുകയുമൊക്കെ അനുസരണയോടെ ചെയ്തിരുന്ന നാല്പത്തിയാറുകാരന് പയ്യനാണിതൊക്കെപ്പറയുന്നതെന്നും, ഭാവത്തിലും താളത്തിലുമൊക്കെ മാറ്റം വരുത്തിയതുമെന്നെല്ലാം വിശ്വാസമാവാന്‍ അറബിക്കു ഒന്നു രണ്ടു രണ്ടര നിമിഷങ്ങള്‍ വേണ്ടിവന്നു...
സുലൈമാന്‍ കൊടുത്ത കടലാസില്‍ എഴുതിയ അവശ്യസാധനങ്ങളുടെ ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ നിലവാരം കണ്ട അറബി രണ്ടാമതും മൂന്നാമതും ഞെട്ടിയശേഷം ഒരുവേള ഇന്ത്യയിലെ സവാളയില്‍ നിന്നാണൊ സ്വര്‍ണ്ണം അരിച്ചെടുത്ത് അച്ചാറിട്ടുവെക്കുന്നത് എന്നുകൂടി ചിന്തിച്ചുപോയി!!
കടലാസിലെഴുതിയ മുഴുവന്‍ സാധനങ്ങളുടെ വിലയും വായിച്ചു തളര്‍ന്നിരിക്കുന്ന അറബിയോടു സുലൈമാന്‍ പറഞ്ഞു...
“ഇതൊക്കെ അന്നെയൊന്നു നേരിട്ടുകാണിച്ചുതരാന്‍ തന്നെയാ ഹംക്ക് അറബീ കേരളത്തിലെ തിരുമ്മല്‍ ചികിത്സയുടെപേരും പറഞ്ഞ് അന്നെ ഞാന്‍ കടലുകടത്തിക്കൊണ്ടുവന്നത്.... കൊല്ലങ്ങളായി അന്റെ ഒട്ടകത്തിന്റെയും ആട്ടിന്കുട്ടികളുടെയും എണ്ണമെടുത്ത് ജീവിക്കുന്ന എന്റെ വീട്ടില്‍ കഞ്ഞികുടിച്ചില്ലാ എങ്കില്‍ അനക്കു പുല്ലാണെന്ന് ഞമ്മക്കറിയാം”
അറബി ദയനീയതയോടെ അല്‍- കുരുത്തം . വ ഇല് ഹംക്കീന്‍ എന്ന കാട്ടറബി ചൊല്ലുമോര്‍ത്തുകൊണ്ട് സുലൈമാന്റെ വായിലേക്കുതന്നെ നോക്കിനിന്നു.... ‘ങാ.. അല്‍ - ഓനു പറയാനിള്ളത് വ - പറയട്ടേ. ഓനു ഞാന്‍ കൊടുക്കുന്ന ലില്‍ - ശമ്പളം മൂക്കില്‍പൊടി വാങ്ങിക്കാന്‍ പോലും തികയില്ലല്ലോ ’
സുലൈമാന്‍ പറഞ്ഞുതുടങ്ങി .... തന്റെ നാട്ടില്‍ വിലയുടെ കയറുപൊട്ടി കാടുകയറിയതും, വര്‍ഷങ്ങളായി മാറ്റമില്ലാതെ അറബി തന്നുകൊണ്ടിരിക്കുന്ന റിയാലുകള്‍ക്കു മാറ്റമില്ലാ എങ്കിലും അതുകൊടുത്താല്‍ കിട്ടുന്ന സാധനങ്ങള്‍ക്കാണു മാറ്റമെന്നതുമെല്ലാം അറബിയെപറഞ്ഞു മനസ്സിലാക്കിക്കൊടുത്തു...
സുലൈമാന്റെ ലിസ്റ്റും നാട്ടിലെ സ്ഥിതിവിവരങ്ങളും നേരിട്ടുമനസ്സിലാക്കിയ അറബിയുടെ മനസ്സില്‍ ലഡ്ഡു പൊട്ടുന്നു ... ആ മനസ്സ് അലിഞ്ഞലിഞ്ഞ് വ - ഇല് - അലിഞ്ഞലൂന്‍ എന്നായി മാറി.
അലിഞ്ഞമനസ്സുമായിനടന്ന അറബി സുലൈമാനു ശമ്പളവര്‍ദ്ദനവു വാഗ്ദാനം ചെയ്തു മനസ്സിനു കുറച്ചൊക്കെ ബലം നല്കി ... കാരണം സുലൈമാനെക്കൊണ്ട് പണിയെടുപ്പിച്ച് ലക്ഷക്കണക്കിനു റിയാലുകള്‍ അറബി പോക്കറ്റില്‍ തിരുകുന്നുണ്ടല്ലോ...
സുലൈമാനു സന്തോഷമായി ... അറബിയും സുലൈമാനും തുള്ളിച്ചാടി ... കേരളത്തിലെ ചൊറിയന്‍ ചേമ്പും, കാട്ടുചേനയുമെല്ലാം ഭയങ്കരമായ സസ്യങ്ങളാണെന്നും അതു അറേബ്യായില്‍ കണികാണാന്‍ കഴിയാത്തതു അവര്‍ക്കു ഭാഗ്യക്കുറവുകൊണ്ടാണെന്നുമെല്ലാം അറബിക്കു മനസ്സിലാക്കിക്കൊടുത്തു...
ഏതായാലും തിരിച്ചുപോകുമ്പോള്‍ എന്തുവിലകൊടുത്തും ചൊറിയഞ്ചേമ്പുകൊണ്ടുപോകണമെന്നു അറബിയും തീരുമാനിക്കുന്നു. ഗള്‍ഫിലെ ചൊറിയന്‍ ചേമ്പു കൃഷിയുടെ നടുവിലൂടെ ഉലാത്തുന്ന രംഗങ്ങള്‍ അറബിയുടെ പകല്‍ക്കിനാവുകളില്‍ നിറഞ്ഞുനിന്നു. ...
അങ്ങിനെയാണു ചൊറിയന്‍ചേമ്പും തേടി അവര്‍ ചേമ്പുകൃഷി ചെയ്യുന്ന ഹാജ്യാരുടെ വീട്ടുപടിക്കലെത്തിയത് !! കണ്ണെത്താ ദൂരത്തോളം ചേമ്പുകൃഷി !! ഹാജ്യാര് ഭയങ്കരന്‍ തന്നെ ... മാര്‍ക്കറ്റിലൊക്കെ ഒരുതുള്ളി ചേമ്പുകിട്ടണമെങ്കില്‍ ഡോളറുകള്‍ തന്നെ വലിച്ചെറിയണ്ടായൊ? അപ്പോള്‍ ഹാജ്യാരുടെ വരുമാനം എന്തായിരിക്കും?!
“ അല്‍ - മൊയലാള്യേ.. വ ഇല് -- കൂയ്..” അറബി ഹാജ്യാരെ നീട്ടി വിളിച്ചു.
അകത്തുനിന്നും എല്ലുംതോലുമായ ഹാജ്യാര് ഒരുകെട്ടു നോട്ടും താങ്ങിപ്പിടിച്ചു വേച്ചുവേച്ചു നടന്നു വന്നു..
“ആരാണ്ടാ അത്?..”
“ ലില്‍ ഞമ്മളാ - അല്‍ അറബി. കൂടെ വ സുലൈമാനും ”
“ ആ.. കുത്തിയിരിക്കീന്... കുടിക്കാന്‍ ബല്ലതും തരണംന്ന് ഇണ്ട് പച്ചേ... പത്തുസെന്റ് വിറ്റിട്ടാ പഞ്ചാര ബാങ്ങിയത് ... ഇങ്ങള് ബന്ന കാര്യം പറീന്‍”
സുലൈമാന്‍ കാര്യം പറഞ്ഞു..
“മൂപ്പര്‍ക്ക് കൊറച്ച് ചൊറിയന്‍ചേമ്പിന്റെ തൈ കിട്ടിയാല്‍ കൊള്ളാന്ന് ണ്ട് ... ഗള്‍ഫില്‍ ചേമ്പ് നട്ട് പഹേന് രച്ചപ്പെടട്ടേന്ന് ... ഞമ്മളെ ചന്തേലൊക്കെ പയങ്കര ബെലയല്ലേ ചേമ്പിന് ....”
സുലൈമാന്‍ പറഞ്ഞതുകേട്ട ഹാജ്യാര് അറബിയുടെ കണ്ണിലേക്കൊന്നു സൂക്ഷിച്ചുനോക്കി .. പിന്നെ അഞ്ചാറുതവണ നിന്നനില്‍പ്പില്‍ നിന്നും മേലോട്ടു ചാടി പൊട്ടിപ്പൊട്ടിച്ചിരിച്ചു..
അറബിയും സുലൈമാനും ലില്‍ ഹലാക്കിയ്യൂന്‍ എന്നു അന്തം വിട്ടു നിന്നു .
ചിരിച്ചുചിരിച്ചു അവശനായ ഹാജ്യാര് പറഞ്ഞു .. “ ന്റെ മഹാ മണ്ടന്‍ അറബീ ... ചേമ്പിനു വെല ഇണ്ടെങ്കിലും ... ചേമ്പു നട്ടുനനച്ചുണ്ടാക്കുന്നവനു ചേമ്പിന്റെ തണ്ടുകഴിക്കാനുള്ള കായിപോലും കിട്ടൂല്ലാ.....ഹഹഹഹ ”
സുലൈമാന്‍ അറബിയുടെയും അറബി സുലൈമാന്റെയും മൂക്കില്‍ മൂക്കില്‍ നോക്കിനിന്നു ... ഹാജ്യാര് തന്റെ കയ്യിലുള്ള നോട്ടിന്റെ ഭാരിച്ചകെട്ടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു തുടര്‍ന്നു
“ ന്റെ ഹംക്കീങ്ങളേ ഈ കായി കണ്ടോ .. ഇത് ഇബടത്തെ ചേമ്പിലെ കളകള്‍ നുള്ളിക്കളയുന്നവര്‍ക്കു കൊടുക്കാനുള്ളതാ .. ഇത് കൊടുത്താലും തെകയൂല്ല ... ഇതെല്ലാം കൊട്ത്ത് അഞ്ചുനേരത്തെ തീറ്റയും കൊടുത്ത് ചേമ്പ് വെളവെടുത്താലോ... അത് ഇബടത്തെ ബയങ്കര വിസിനസുകാര് ബന്ന് ബല്ലതും തന്ന് ബാങ്ങിക്കൊണ്ട് പോകും ... ബേറേ മറിച്ചു ബിക്കാന് സമ്മയിക്കൂല ... ശുജായികളായ ഗുണ്ടകളല്ലേ അബമ്മാരെ കൂടെയിള്ളത് . ആ ഹംക്കീങ്ങളു തരുന്ന കായികൊണ്ട് കഞ്ഞികുടി മുട്ടാതെ ജീബിക്കുന്നു .... ബിരിയാനി കയിക്കണംന്ന് തോന്നിയാല്‍ ആ റയല്‍ സ്ലേറ്റു കാരമ്മാര്‍ക്ക് കൊറച്ച് കൊറച്ച് ബൂമി എയിതിക്കൊടുക്കും ... ങാ... ”
ഹാജ്യാരു പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ അറബിയുടെ ബുദ്ധിയില്‍ എന്തൊക്കെയോ മിന്നിത്തിളങ്ങി ... ചൊറിയന്‍ ചേമ്പ് ഗള്‍ഫില്‍ കൃഷിചെയ്താലുള്ള ലാഭം കൂട്ടിയും ഹരിച്ചും നോക്കി ....
അവസാനം പേനയും കടലാസുമെടുത്ത് അറബിണിക്കു നീട്ടിയൊരു കത്തെഴുതി ..
‘ അല്‍ കരളിന് കുളിരേ .. മൈ അറബിണീ ... ഞാാന്‍ ഇനിമുതല്‍ കേരളത്തില്‍ ചേമ്പിനു കളകള്‍ നുള്ളുന്ന ജോലിയുമായി ഇവിടെ കഴിയുകയാണ് ... ഞമ്മളെ ആട്ടിന്‍ കാട്ടം ഒട്ടകക്കാട്ടത്തില്‍ മിക്സ് ചെയ്ത് ഈത്തപ്പനകള്‍ക്കിടുന്ന ജോലി ചെയ്യാന്‍ നൂറു റിയാല്‍ കൂട്ടിക്കൊടുത്ത് പൊട്ടന് സുലൈമാനെ അങ്ങോട്ടയക്കുന്നുണ്ട് .. അവന് ശമ്പളം ഇനിയും കൂട്ടിച്ചോദിച്ചാല്‍ വല്ലപത്തോ നൂറോ ഇനിയും കൊടുത്തേക്ക് ... ഇടയ്ക്കിടയ്ക്കു ചില്ലറ കൂട്ടിക്കിട്ടുന്നതും ... വര്‍ഷങ്ങള്‍ ജോലിചെയ്ത് പിരിഞ്ഞുപോരുമ്പോള്‍ കിട്ടുന്ന ആനുകൂല്യവും കിനാവുകണ്ട് അവന് അബടെ കയിഞ്ഞുകൊള്ളും . അതിലും ലാഭമാ ഇവിടെ .... ഞമ്മളെ അറബിക്കുടുമ്പം രച്ചപ്പെട്ടടീ മൈമൂനേ.... ഞാന്‍ കേരളത്തില്‍ നിന്നും ബരുമ്പോള്‍ അനക്കും ഞമ്മളെ മക്കള്‍ക്കും കൊണ്ടുബരേണ്ട സാധനങ്ങളുടെ ഒരു കുറിപ്പ് ഒടനേ ഞമ്മളെ എയുതി അറിയിക്കണം എന്ന് സൊന്തം ശൈഖ് അല്‍.ഗുലുമാല് ബിന്‍ അല്‍ക്കുല്‍ത്ത് .. ( അന്റെ അല്‍ക്കുല്‍ ഇക്കാ)’
നാടിനും, കുടുംബത്തിനും വേണ്ടി നാടുവിട്ടു സ്വയം മറ്റുള്ളവര്‍ക്കുവേണ്ടി ഉരുകിത്തീരുന്ന ഒരുപാടു പാവം മനുഷ്യരെ നമുക്കു കാണാന്‍ സാധിക്കും. ഒരിക്കല്‍ വന്നു പെട്ടുപോയാല്‍ അവസാനിപ്പിക്കാന്‍ കഴിയാത്ത പ്രവാസ ജീവിതവുമായി എത്രയെത്ര ജന്മങ്ങള് ! ഇന്നത്തെ വിലക്കയറ്റം ബാധിച്ച ചിലരെ നമുക്കു പരിചയപ്പെടുത്തുകാണ് ഒരു ലേഖകന്‍. ഇതാ ഇവിടെ ക്ലിക്കി അദ്ധേഹത്തിന്റെ ലേഖനം ഒന്നു നോക്കൂ ..
ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് , പുതുവത്സര ആശംസകള്‍
9 comments:
ഹാജ്യാരു പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ അറബിയുടെ ബുദ്ധിയില്‍ എന്തൊക്കെയോ മിന്നിത്തിളങ്ങി ... ചൊറിയന്‍ ചേമ്പ് ഗള്‍ഫില്‍ കൃഷിചെയ്താലുള്ള ലാഭം കൂട്ടിയും ഹരിച്ചും നോക്കി ....
കൊള്ളാം മാഷേ.
ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍!
കുടിക്കാന്‍ ബല്ലതും തരണംന്ന് ഇണ്ട് പച്ചേ... പത്തുസെന്റ് വിറ്റിട്ടാ പഞ്ചാര ബാങ്ങിയത് ...
ഹ ഹ ഹ.... രസികാ... രസികന്‍ എഴുത്ത് ...
കിട്ടുന്ന കാശ് നാട്ടില്‍ ഉള്ളിയും പഞ്ചസാരയും വാങ്ങാന്‍ തികയാതെ വരുമ്പോള്‍ പ്രവാസിക്ക് നെഞ്ചില്‍ തീ തന്നാ....
തമാശയില്‍ ആണെങ്കിലും ഒരു വലിയ കാര്യം പറഞ്ഞിരിക്കുന്നു ...നാടിന്റെ ഒരവസ്ഥ ....
കൂടെ wish you a Merry Christmas,
And a very Happy New Year!
നന്നായിട്ടുണ്ട്...
ക്രിസ്തുമസ് ആശംസകള്‍
സമകാലിക വിഷയം നര്‍മ്മത്തിന്റെ അതിപ്രസരത്തില്‍ കൂടിയാണെങ്കിലും അതിശയോക്തിയായി അവതരിപ്പിച്ചു
എന്നാണ് എന്റെ വിലയിരുത്തല്‍
നന്ദി
തമാശയെങ്കിലും ഇങ്ങനെ പോയാൽ സംഗതി സംഭവിച്ചു കൂടായ്കയില്ല.
3 ആയിരം രൂപ കൊണ്ട് പത്ത് കൊല്ലം മുമ്പ് പത്ത് പതിനെട്ടെണ്ണത്തിന്റെ പള്ള കഴിച്ചിരുന്ന എനിക്ക് ഇന്ന് നാലഞ്ചെണ്ണത്തിനെ പട്ടിണിക്കിടാൻ വേണം മുവ്വായിരം (ബില്ലുകൾ) ഉറുപ്പിക.
അൽകുൽത്തിക്ക എഴുതിയ കത്തിന് അറബിണിയുടെ മറുപടിയും കൂടി കൊടുക്കാമായിരുന്നു.
അതുണ്ടാവുമെന്ന് പ്രതീക്ഷിച്ച് ബാക്കി നോക്കിയപ്പഴാ ഞമ്മളേമക്കൊരു കണ്ണി കൊളത്ത്യേത് കണ്ടത്.
അതിനൊരായിരം നന്ദി.
ആശംസകളോടെ...
നന്നായിരിക്കുന്നു
valare nannayittundu..... aashamsakal...
Post a Comment