Monday, January 30, 2012

കരിങ്കൊടിനാട്ടിയ പ്രണയം...


പ്രേമമെന്നത് ഇരട്ടിമധുരമാണ് , കല്‍ക്കണ്ടം തുണ്ടുതുണ്ടാക്കിയതാണ് , പഞ്ചസാര സിറപ്പാക്കിയശേഷം  അതു കട്ടിയാക്കി കട്ടു ചെയ്തെടുത്ത് ഉണക്കിയതാണ് , മണ്ണാങ്കട്ട ഉടച്ച് പിണ്ണാക്കു കലക്കി വച്ചതാണ് എന്നൊക്കെ നാട്ടിലെ പ്രേമകപ്രേമകികള്‍ പാടി നടക്കുകയും, ലൈവായിട്ടും  അത്രതന്നെ ലൈവല്ലാതെയുമൊക്കെയായി പ്രാക്റ്റിക്കത്സും തിയറിറ്റിക്കത്സുമെല്ലാം ആഘോഷപൂര്‍വ്വം   നടത്തിവരികയും ചെയ്യുമ്പോള്‍ ഒരേ ഒരാള്‍ക്കു മാത്രം “പ്രേ ” എന്നു കേട്ടാല്‍ പോലും പേയിളകും!!  കക്ഷി മറ്റാരുമായിരുന്നില്ല,  നാട്ടിലെ മുന്തിയ ഇനം പണക്കാരനും സ്വന്തമായി നാലഞ്ചു ഫാന്‍സിക്കടകള്‍ക്കുടമയുമൊക്കെയായ സാക്ഷാല്‍ ‘പഞ്ചാരസുലൈമാ’നാണ്!!

ഫെബ്രുവരി പതിനാല് എന്ന ലോക പഞ്ചസാരദിനത്തില്‍  കുമാരീകുമാരന്മാര്‍ പരസ്പരം ഹൃദയങ്ങള്‍ക്കൊണ്ട് കൊത്തങ്കല്ലാടിക്കളിക്കുമ്പോള്‍   തന്റെ ഫാന്‍സിക്കടയുടെ മുന്‍പില്‍ നാട്ടിയ കൊടിമരത്തില്‍ പാലപ്പൂവുപൊതിഞ്ഞ കരിങ്കൊടിയുയര്‍ത്തുന്ന ഒരേയൊരു ആദർശവാദി-കം-ധീരനാണു സുലൈമാന്‍ ... !!!

സ്ത്രീയെന്നു കേട്ടാല്‍  കലി കയറി ആഞ്ഞുതുപ്പുന്ന സ്വഭാവമുള്ളതുകൊണ്ട് നാട്ടില്‍ വംശനാശഭീഷണി നേരിടുന്നതും ഒരുകാലത്ത് മലയാളിയുടെ സ്വന്തമായിരുന്നതുമായ  സാക്ഷാല്‍ ‘കോളാമ്പി’യെ  തന്റെ കടയിലെ ഇരിപ്പിടത്തിനു താഴെ ഫിറ്റു ചെയ്യത്തക്കവിധം സ്ത്രീകളെയും പ്രേമത്തിനെയുമൊക്കെ   വെറുക്കുന്നതിനു മതിയായകാരണമെന്താണെന്നു നമുക്കൊന്നു നോക്കാം .

വര്‍ഷങ്ങള്‍ക്കുമുന്‍പാണു സംഗതി നടന്നത് ... എന്നുപറഞ്ഞാല്‍ മൊബൈല്‍ ഫോണിന്റെ റേഞ്ച് ജനകീയമാകുന്നതിനുമൊക്കെ മുന്‍പ്... അന്നു പഞ്ചാരക്കുട്ടപ്പന്‍സ് ആന്‍ഡ് കുട്ടപ്പിമാരുടെ കണ്‍കണ്ട ദൈവത്താനായിരുന്നു നമ്മുടെ സുലൈമാന്‍ !  ഇതുകൊണ്ടുതന്നെ പ്രേമകാര്യത്തില്‍ വീരശൂരപണ്ഡിതനും, അതിഭീകരജ്ഞാനിയുമായ സുലൈമാന്റെ ദര്ശനം കിട്ടാന്‍ ഫാന്‍സിക്കടയുടെ മുന്‍പില്‍ ബീവറേജിനെ പല്ലിളിച്ചുകാട്ടുംവിധത്തിലുള്ള ക്യൂ വായിരുന്നു നാട്ടിലെ ചെറുപ്രായക്കാര്‍ തീര്‍ത്തുകൊണ്ടിരുന്നത് എന്നതില്‍ ലവലേശം അതിശയോക്തിയില്ല.

നാട്ടിലെയും പുറംനാട്ടിലെയും സകല പെണ്‍തരികളുടെയും മേല്‍വിലാസം മനഃപാഠമാക്കിയ സുലൈമാന്റെ ഫാന്‍സിക്കടയില്‍ ഒരിക്കലെങ്കിലും കാലുകുത്തിയിട്ടില്ലാത്ത പെണ്‍കുട്ടികളില്ല എന്നതും പരമമായ മറ്റൊരു സത്യമാണ്‍് ....  അന്നു മൊബൈല്‍ ടവറുകള്‍ ഇന്നത്തെപ്പോലെ  ഇടതൂര്‍ന്നുവളര്‍ന്നുവന്നിട്ടുണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ റേഞ്ചില്ലാത്ത മൊബൈല്‍ഫോണ്‍  പഞ്ചാ‍രയന്ത്രമെന്നപേരില്‍  അറിയപ്പെട്ടു തുടങ്ങിയിട്ടുമുണ്ടായിരുന്നില്ല  ..  ഇതൊക്കെകൊണ്ടുതന്നെയാണ്‍്  പ്രേമിക്കുന്നവര്‍ക്കായി  സുലൈമാന്‍ സ്വന്തം കാശുകൊടുത്ത് സ്വന്തം ഫാന്‍സിയില്‍ സ്വന്തം പേരിലെടുത്ത ലാന്റ്ഫോണ്‍ കണക്ഷന്‍ ഒപ്പിച്ചുവെച്ചതും!  തല്‍ഫലമായി സുലൈമാന്‍ കമിതാക്കളുടെ അന്‍പുള്ളമകനും , കാതല്‍വീരമണിയുമൊക്കെയായി   മാറിയെന്നു പിന്നെ പ്രത്യേകം പറയേണ്ടല്ലോ.

ഏതൊരു കാമുകിക്കും കാമുകനും നട്ടുച്ചസമയത്തുപോലും സുലൈമാന്റെ കടയിലേ ഫോണിലേക്കു വിളിക്കുകയും,  ഫോണിലൂടെ അതുമിതുമൊക്കെ ബാർട്ടര്‍സംവിധാനപ്രകാരം  കൈമാറ്റപ്രക്രിയകള്‍ നടത്തുകയും ചെയ്യാമെന്നത് സുലൈമാന്റെ ഫാന്‍സിക്കട ഇന്റര്‍നാഷണല്‍ ലവലില്‍ അറിയപ്പെടാനും കാരണമായി. (സത്യത്തില്‍ ഈ സംവിധാനം ആണ്‍കുട്ടികളിലും ഉപരിയായി പെണ്‍കുട്ടികള്‍ക്കാണു കൂടുതല്‍ ഉപകരിക്കുന്നത്.  കാരണം പ്രണയത്തിന്റെ ആജീവനാന്ത ശത്രുക്കളായ അഛ്ചന്‍, അമ്മ, അമ്മൂമ്മ, അമ്മൂമ്മേടമ്മ എക്സ്ട്രാകളുടെ  ‘ശല്യങ്ങളില്‍നിന്നും’ രക്ഷയേകിക്കൊണ്ടാണ് സുലൈമാന്റെ ‘ബാർട്ടർഫോണ്‍ ’ അവര്‍ക്കൊരു അത്താണിയായതും!)

ഉദാഹരണം പറഞ്ഞാല്‍ ...   ഒരു കാമുകന്‍ ഏതെങ്കിലും ടെലഫോണ്‍ ബൂത്തിന്റെ ചില്ലിട്ട കൂട്ടിലിരുന്നു സുലൈമാന്റെ ലാന്റ്ഫോണിലേയ്ക്കു വിളിച്ച് പി.കെ. വസന്തകുമാരിയുണ്ടോ എന്നു ചോദിക്കും ... ഉടന്‍ തന്നെ സുലൈമാന്‍ തന്റെ കടയ്ക്കുമുന്‍പിലെ ഷുഗര്‍ സാഗരത്തിലേയ്ക്കു നോക്കി ... പി.കെ. വസന്തകുമാരി എന്നപേര്‍് ഉറക്കെ വിളിക്കും ... തന്റെ വിളിയാളം കാത്ത് എപ്പഴേ ഹാജറായ പി.കെ വസന്തകുമാരി ഹാജര്‍ വെച്ചുകൊണ്ട് ഫോണിനെ ലക്ഷ്യമാക്കി പറന്നടുക്കും .....  പിന്നെ അവരായി അവരുടെ ലോകമായി ... മുറുമുറുപ്പ് ... മൂളല്‍ ... നീട്ടിയുള്ള ശ്വാസം വിടല്‍ ... കുണുങ്ങിച്ചിരികള്‍ ... അങ്ങിനെപോകുന്നു ....

അതേസമയം അക്ഷമരായി പുറത്ത് തങ്ങളുടെ ഊഴത്തിനായി തപസ്സിരിക്കുന്നവരുടെ മുറുമുറുപ്പുകള്‍  ഫാന്‍സിക്കടയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടും ഇരിക്കുമായിരുന്നു.

പക്ഷേ ഇതില്‍ നിന്നെല്ലാം എന്തു മിച്ചമാണ് അന്‍പുള്ള, കണ്‍കണ്ട ദൈവത്തിനു കിട്ടുന്നതെന്നു വെച്ചാല്‍ കാര്യം വളരെവളരെ നിസ്സാരം ... ബ്ലൂട്ടൂത്തും ക്യാമറാ മൊബൈലും പ്രചാരത്തിലില്ലാത്തതുകൊണ്ട്  സുലൈമാനെപ്പോലുള്ള പാവം ഞരമ്പുതൊഴിലാളികള്‍ക്ക്  ഏറെക്കുറേ ആശ്വാസമായിരുന്നു ചോര്‍ത്തിയെടുത്ത ഫോണ്‍ കാളുകള്‍ !

ഫോണ്‍ സന്ദേശങ്ങള്‍  ചോര്‍ത്തിയെടുത്ത്  ഓഡിയോക്കാസറ്റിറക്കുന്നതില്‍ ഡബിള് പി.എച്ച്.ഡി എടുത്ത  കോണ്‍ഫ്രന്‍സു കോള്‍ നടത്തിപ്പുകാരനും  ഞരമ്പുരോഗത്തൊഴിലാളിയൂണിയന്‍ പ്രസിഡണ്ടുമായ  ലോനപ്പനാണ് ഫോണിലൂടെയുള്ള സംഭാഷണം റിക്കാര്‍ഡ് ചെയ്യുന്ന സംഗതിയെപ്പറ്റി സുലൈമാനു ക്ലാസെടുത്ത് കൊടുത്തത് ...  അപ്പോള്‍ത്തന്നെ തലയില്‍ ഹാലജന്‍ മിന്നിക്കത്തിയ സുലൈമാന്‍ ഫാന്‍സിയിലെ ലാന്റ്ഫോണ്‍ ഉപയോഗപ്രദമാക്കാന്‍ തീരുമാനിക്കുകയും, ഒരു ഫോണ്‍ ചോര്‍ത്തല്‍ വിത്ത് റെക്കോര്‍ഡിംഗ് യന്ത്രം രഹസ്യമായി ഫോണില്‍ ഫിറ്റുചെയ്യുകയും ചെയ്തു!

ഓരോ ദിവസവും രാത്രി കടയടച്ചു വീട്ടിലെത്തിയാല്‍ അന്നത്തെ ഇടപാടുകള്‍  കൌണ്ട് ചെയ്തുകൊണ്ട് ആനന്ദ പുളകിതനായിക്കൊണ്ടിരുന്നു നമ്മുടെ സുലൈമാന്‍ ... ഓരോരുത്തരും കൊടുത്തതും വാങ്ങിയതുമായ സംഭവങ്ങളുടെ കൃത്യവിവരം സുലൈമാന്‍ രേഖപ്പെടുത്തി വെക്കാന്‍ മറക്കുമായിരുന്നില്ലാ എങ്കിലും താന്‍ റെക്കോര്‍ഡു ചെയ്തകാര്യം തന്നെയും ദൈവത്തിനേയുമല്ലാതെ മൂന്നാമതൊരാളെ  കേള്‍പ്പിക്കില്ല എന്നതില്‍  സുലൈമാൻ ഭയങ്കര കണിശക്കാരനാണ് ...

കാരണം, തൊട്ടപ്പുറത്തു ഫാന്‍സിക്കടനടത്തുന്ന , ജമാല്, ജബ്ബാര്‍, കുമാര്‍ എന്നിവരടങ്ങുന്ന ത്രിമൂര്‍ത്തികള്‍ സുലൈമാന്റെ ഫാന്‍സിയിലെ തിരക്കുകണ്ട് അസൂയകലര്‍ത്തി നോക്കിയിരിക്കുന്നവരാണ്... എങ്ങിനെയെങ്കിലും സുലൈമാനെ വീഴ്ത്താന്‍ തക്കം നോക്കി നില്‍ക്കുന്നവരുമാണവരെന്നതു സുലൈമാനറിയാം . എങ്ങാനും അവരുടെ ചെവിയിലെത്തിയാല്‍ സകല പണിയും പാളുമെന്നു മാത്രമല്ല... പിന്നെ നാട്ടുകാരു പൊളിച്ചടക്കുകയും ചെയ്യും.

ചുരുക്കിപ്പറയട്ടെ അങ്ങിനെ കാലചക്രം തട്ടിമുട്ടി പവര്‍ക്കട്ടും  തമ്മില്‍ത്തല്ലിച്ചാവലുമൊക്കെ കൊണ്ടാടി ഉരുണ്ടു നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ ,   ഒരു ദിവസം സുലൈമാന്റെ ഫോണില്‍ പരിചയമില്ലാത്ത ഒരു കിളിനാദം മുഴങ്ങി ....

കിളി:  “ഹലോ.. പഞ്ചാരഫാന്‍സിയല്ലേ..?  ”

സുലൈ: “ ഹ ഹലോ അതെ ... ആരാ..”

കിളി : “ ആരാന്നറിഞ്ഞാലെ സംസാരിക്കുമോ..? ”

സുലൈ: “ ഹേയ്.... അതല്ല ആരെയാ വേണ്ടത് ”

കിളി: “ എനിക്കു മുതലാളിയെയാ വേണ്ടത് .. . ? ”

സുലൈ: “ഞാ.. ഞാന്‍ തന്നെയാ .... ”

കിളി: “ ഹോ .. ഞാന്‍ കരുതി വേറെ ആരെങ്കിലും ഫോണെടുത്തെന്ന്  ..എന്നെ ഓര്‍മ്മയുണ്ടാവില്ല അല്ലേ  ...  എനിക്കോര്‍മ്മയുണ്ട് .... വിളിക്കണംന്ന് ഇടയ്ക്കു തോന്നും... അതാ ഇപ്പോ വിളിച്ചത്  ”

സുലൈമാന്‍ ഞെട്ടി.. ഒന്നൊന്നര ഞെട്ടല്‍... കാരണം   പല പെണ്‍കുട്ടികളുമായി സംസാരിക്കാറുണ്ട് ഫാന്‍സിവളകളിട്ടുകൊടുക്കാറുമുണ്ട് ... അതില്‍ ഏതവളാണിവള്‍??

 പലരെയും പ്രേമിപ്പിച്ചും പ്രേമക്ലാസുകൊടുത്തും മാത്രം പരിചയിച്ച സുലൈമാനിതുവരേ സ്വന്തമായിട്ടു പ്രേമിച്ചിരുന്നില്ല എന്നതു പച്ചയായ സത്യമാണ് ... അതുകൊണ്ട് ഒരു പ്രേമമൊക്കെയാവുന്നതില്‍ തെറ്റില്ലെന്നും അയാള്‍ക്കു തോന്നി. .. ഈ സുന്ദരികളെക്കൊണ്ടു തോറ്റു.

കിളി നേരിട്ടു പ്രത്യക്ഷപ്പെട്ടില്ലാ എങ്കിലും നിരന്തരം സുലൈമാനെ വിളിച്ചുകൊണ്ടിരുന്നു . ഇതുവരേ നേരിട്ടു കാണാനൊരവസരം നഹിയാണെങ്കിലും നിരന്തരം   അവരുടെ ഹൃദയങ്ങള്‍ കൂട്ടിമുട്ടി ടെലിഫോണ്‍ തരങ്കങ്ങളിലാടി സിനിമാറ്റിക്കുകളിച്ചുതുടങ്ങി..

സുലൈമാന്‍   വഴിയില്‍ കാണുന്ന സകല പെണ്‍കുട്ടികളെയും തുറിച്ചുനോക്കിക്കൊണ്ടിരിക്കും. അവളാണൊ ... ലവളാണൊ ... ലിവളാണൊ .... വേറെ വല്ല ലവളുമാണൊ ?

 ബട്ട് ... ബോഡിഗാര്‍ഡിലെ നയന്‍സിനെപ്പോലെ ലവള്‍ മാത്രം പ്രത്യക്ഷപ്പെട്ടില്ല....

ആരായിരിക്കും? .... കടയില്‍ വരുന്ന ഏതവളാണാവോ? ഇനി തന്നെ മറ്റുവല്ലിടത്തുനിന്നും കണ്ടിട്ടുള്ളവളാണോ ?  . ഇനി കാമുകനെ നീണ്ട ശ്വാസം വലിച്ച് പറ്റിച്ച്  മഞ്ചു വാങ്ങിപ്പിച്ച് ഉണ്ട മഞ്ചിനു നന്ദി കാണിക്കാത്ത വല്ലവള്‍ക്കും തന്നോടു ലതു തോന്നിയോ? .. പല പല സംശയങ്ങളും സുലൈമാനെ പിടികൂടാന്‍ തുടങ്ങിയെന്നു മാത്രമല്ല, തന്റെ ഞരമ്പുതൊഴിലില്പോലും അയാള്‍ ശ്രദ്ധിക്കാതായി...

ഊണിലുമുറക്കത്തിലും കിളി..കിളി എന്ന ചിന്തമാത്രം .... കിളിയോടു നേരിട്ടു പ്രത്യക്ഷപ്പെടാന്‍ സുലൈമാന്‍ കേണപേക്ഷിച്ചുകൊണ്ടിരുന്നു ... അവസാനം സഹികെട്ടപ്പോള്‍ അവളപേക്ഷ സ്വീകരിച്ചു....ഒപ്പിട്ടു സ്റ്റാമ്പുചെയ്തു പണ്ടാരമടക്കി .

 തന്നെ കണ്ടാല്‍ ഇഷ്ടമല്ലാ എന്ന അര്‍ത്ഥത്തിലുള്ള ഒരു നോട്ടം പോലും തനിക്കു അണ്‍സഹിക്കബിളായിരിക്കുമെന്നും, നാളെ കൃത്യം പതിനൊന്ന് പതിനഞ്ചിനു അവള്‍ ഫാന്‍സിയിലെത്താമെന്നുമൊക്കെ സീകരിച്ച അപേക്ഷയുടെ ഒപ്പിനടിയിലുണ്ടായിരുന്നു.

 ‘ഇന്നു ഫോണ്‍ കേടാണ്’ എന്നു വലിയ ഒരു ബോര്‍ഡെഴുതിത്തൂക്കിയതു കാരണം കസ്റ്റമേഴ്സിന്റെ ശല്യമില്ലാതാക്കാന്‍ കഴിഞ്ഞു . എങ്ങാനും ഫോണ്‍ നന്നായാലോ എന്ന ആശയോടെ വന്നവരെ പതിവുതെറ്റിച്ചു വായയ്ക്കുതാങ്ങാവുന്നതിലുമധികമുള്ള തെറിവിളിച്ച് ഓടിച്ചുവിട്ടു.

  അങ്ങിനെ കുളിക്കുന്നതിനു മുന്‍പും പിന്‍പുമായി നാലുതവണ പല്ലു തേച്ച് , മുഖം കുട്ടിക്കൂറ പൌഡറില്‍ പൊതിഞ്ഞെടുത്ത സുലൈമാന്‍ കാത്തിരുന്നു ... അവള്‍ക്കായി ...

സമയം പത്തായി ... പത്തരയായി ... പതിനൊന്നായി .... സുലൈമാനു വിയര്‍ക്കാന്‍ തുടങ്ങി ... ആദ്യമായിട്ടു കാണുന്നതിന്റെ ഒരു ഇത്  ............ പതിനൊന്നെ പത്തായപ്പോള്‍ കടയിലെ പയ്യനെ വിളിച്ച് അങ്ങ് ദൂരെയുള്ള ഹോട്ടലില്‍ ചെന്ന് പൊറോട്ടയും ബീഫും തട്ടിക്കൊള്ളാന്‍ പറഞ്ഞുകൊണ്ട് നൂറിന്റെ ഒരു നോട്ടുമെടുത്തുകൊടുത്തു  .... കഴിഞ്ഞ ദിവസം അമ്പതു രൂപ കടം ചോദിച്ച തന്നോട് പണം കുഴിച്ചെടുക്കുന്ന യന്ത്രത്തിനു ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട് അതുവന്നിട്ടു  അമ്പതല്ല അയ്യായിരം തരാമെന്നു  പറഞ്ഞ് തന്നെ വിരട്ടിനിര്‍ത്തി തന്റെ നേരെ കൈചൂണ്ടിയ അതേ മുതലാളി  അതേ കൈകൊണ്ട് നൂറുരൂപാ തന്നിരിക്കുന്നു!!  ലോകാവസാനമുണ്ടെന്നു പറയുന്നത് വളരെവലിയൊരു സത്യമാണെന്നു മനസ്സിലായ സന്തോഷത്തില്‍ , കാണുന്നതു സ്വപ്നമല്ലെന്നുറപ്പുവരുത്താന്‍ തന്റെ ചെവിക്കു പിടിച്ചു ടെസ്റ്റടിച്ച  പയ്യന്‍ ഹോട്ടലിലേക്കു വച്ചുപിടിച്ചു ...

 ഇപ്പോള്‍ എല്ലാം സുരക്ഷിതം ... കടയില്‍ സുലൈമാന്‍ മാത്രം .. ഇനി അവള്‍ കൂടി വന്നാല്‍ മതി ....  ബാക്കി ..... ഓഹ്

പതിനൊന്ന് പതിനാലായപ്പോള്‍  അകലെനിന്നും അമ്പതുവയസ്സു തോന്നിക്കുന്ന ഒരു തൈക്കിളവി ഫാന്‍സിക്കു നേരെ കടന്നു വരുന്നു.. അതു  സുലൈമാനില്‍  അതിഭയങ്കരമായ ഒരു ഞെട്ടലുണ്ടാക്കുകതന്നെ ചെയ്തു.  പടച്ചവനേ ഇനി ഈ ഒട്ടകപ്പക്ഷിയെങ്ങാനുമായിരിക്കുമോ താന് കാത്തിരുന്ന കിളി?! കാരണം ഒട്ടകപ്പക്ഷിയുമൊരു കിളിയാണല്ലോ!!  ഛേ.. ഇതായിരിക്കില്ല .. ആയിരിക്കില്ല എന്ന മന്ത്രം നൂറ്റിപ്പത്തു തവണ ഉരുവിട്ട് മസിലുപിടിച്ചു നിന്ന സുലൈമാനെ നോക്കി ഒട്ടകക്കിളി ചിരിച്ചു... സുലൈമാനും ചിരിച്ചുവെങ്കിലും മുക്കാല്‍ ശതമാനം ബോധവും മറഞ്ഞുപോകാന്‍ തുടങ്ങിയിരുന്നു...

സുലൈമാന്റെ ഫാന്‍സിയിലേയ്ക്കു കയറിയ അവള്‍ സ്വയം തന്നെ പരിചയപ്പെടുത്തി

“സാര്‍ ഞാനൊരു എല്‍ . ഐ .സി ഏജന്റാണ് ... ”

കയ്യും കാലുമൊടിഞ്ഞാലും, കണ്ണുപോയാലും കാറ്റുപോയാലുമൊക്കെ കിട്ടാന്‍ പോകുന്ന മണീസിന്റെ കൊതിപ്പിക്കുന്ന കണക്കുകള്‍ സുലൈമാനുമുന്‍പില്‍ നിരത്തിയതുകണ്ടു കൊതിച്ചിട്ടൊന്നുമായിരുന്നില്ല അവള്‍ പറഞ്ഞ കടലാസുകളിലൊക്കെ സുലൈമാന്‍ ഒപ്പിട്ടത്. ഈ മുതുക്കി ഒട്ടകക്കിളിയല്ല താന്‍ കാത്തിരിക്കുന്ന പൈങ്കിളിയെന്നറിഞ്ഞ ഷോക്കില്‍ ഒപ്പിട്ടു പോയതാ... പിന്നേയും എന്തൊക്കെയോ പറഞ്ഞ ഏജന്റ് തന്റെ ബാഗുമായി ഇറങ്ങിനടന്നകന്നതൊന്നും സുലൈമാന്‍ സ്വബോധത്തോടെയായിരുന്നില്ല നോക്കിനിന്നത്...


“ ഹേയ് .... നിങ്ങള്‍ ഇവിടുത്തേ ആളാണൊ?..”  പരിചിതമായ ഒരു ശബ്ദം കേട്ടയാള്‍ ഞെട്ടി തിരിഞ്ഞു നോക്കി ...

സുന്ദരികള്‍ക്കു കൊടിപിടിച്ചു മുന്‍പില്‍നടത്താന്‍ പറ്റിയ ഒരു സുന്ദരി നില്‍ക്കുന്നു ... അതേ ... അതേ ശബ്ദം ... അതേ രാഗം .. അതേ ഇതു കിളിതന്നെ ... ഇതു ഒട്ടകപ്പക്ഷിയോ , മൈനയോ , കാക്കയോ ഒന്നുമല്ല സാക്ഷാല്‍ പഞ്ചവര്‍ണ്ണക്കിളിതന്നെ ....  സുലൈമാന്‍ അന്തംവിട്ടു വീണ്ടും കുന്തത്താനായി പത്തുസെക്കന്റ് വാപൊളിച്ചു നിന്നശേഷം സ്ഥലകാല ബോധം തിരിച്ചെടുത്തു...

“ കി... കിളിയല്ലേ ...”

“അതെ ... എങ്ങിനെ മനസ്സിലായി?..”

“ഹോ.. എത്രനേരെമായി കാത്തിരിക്കുന്നു ... ഇവിടുത്തെ ആളല്ലേ എന്നൊക്കെ ചോദിച്ചു എന്നെ ആക്കിയതാ അല്ലേ ... കള്ളീ ... കള്ളികള്‍ക്ക് കഞ്ഞിവെച്ച് ചമ്മന്തികൂട്ടിക്കൊടുത്തവളേ ... ” സുലൈമാനിലെ കാമുകന്‍ പുറത്തുചാടി പഞ്ചസാരച്ചാക്കിന്റെ കെട്ടഴിച്ചു...

“ഹോ ... നിങ്ങളോടും പറഞ്ഞോ ... എന്നിട്ട് കാത്തിരിക്കുന്ന ആളെവിടെ .... ”

“ആര്‍് ...”

“നിങ്ങളുടെ മൊതലാളി...”

“മൊതലാളിയൊ?  എനിക്കും ഈ കടയ്ക്കും ഒരു മൊതലാളിയേ ഉള്ളു .. അതു സാക്ഷാല്‍ ഞാന്‍ തന്നെയാ... കള്ളീ... ആക്കിയതാ അല്ലേ? ”

“ അപ്പോള്‍ ഇവിടെ അന്നു ഞാന്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന .. വെളുത്തു അല്പം പൊക്കമുള്ള ... ആളല്ലേ ഇതിന്റെ മൊതലാളി...”

“വെളുത്ത് പൊക്കമുള്ള ആളൊ? !!! നീയെന്തൊക്കെയാ കിളീ ഈ പറയുന്നത് ... എന്നെ കളിപ്പിക്കുകയാ അല്ലേ ... ”

സുലൈമാനിലെവിടെയോ ഒരു കരച്ചിലിന്റെ ചിറകടി കേട്ടു തുടങ്ങി

കിളി : “സത്യമാ പറയുന്നത് ... ഞങ്ങളെന്നും ഫോണ്‍ ചെയ്യാറുണ്ട് ... ******* ഇതുതന്നെയല്ലേ ഇവിടുത്തെ നമ്പര്‍ ..”

സുലൈമാൻ : “അതേ... നമ്മളല്ലേ ദിവസവും ഫോണ്‍ ചെയ്യാറ് ... ഇന്നലെ വിളിച്ചപ്പോള്‍ നീ ആക്രാന്തം കൂട്ടി അഞ്ചുനെയ്യപ്പം ഒറ്റയിരുപ്പിനുവിഴുങ്ങിയപ്പോള്‍ തൊണ്ടയില്‍ കുരുങ്ങിയതുമെല്ലാം എന്നോടു പറഞ്ഞില്ലായിരുന്നോ....” സുലൈമാന്‍ ഇപ്പോക്കരയും

കിളി സുലൈമാനിലെ അടയാളവാക്യം തന്റെ സോഴ്സ്കോഡുമായി ഒത്തുനോക്കിയപ്പോള്‍ സെയിം !! ബട്ട് മോന്ത ആന്റ് കളര്‍ വിത്ത് ഉയരം ഇതല്ല !!!

“ അന്നു ഞാന്‍ ഇവിടെ വന്നപ്പോള്‍ എനിക്കു നമ്പര്‍ തന്ന് എന്നോട് വിളിക്കാന്‍ പറഞ്ഞതു വേറെ ആളായിരുന്നല്ലോ ... അയാള്‍ ഇതിന്റെ മുതലാളിയാണെന്നും ... ഇതിന്റെ തൊഴിലാളി അറിയരുതൂന്നും പറഞ്ഞാ തന്നത് ... അയാളെവിടെ...”

“ കുട്ടിപറയുന്ന ആള്‍ക്ക് കവിളില്‍ ഒരു മുറിവിന്റെ പാടുണ്ടോ? ...”

“ഉണ്ട്... ഞാനോര്‍ക്കുന്നുണ്ട് .. ”

“ആ വരുന്ന തെണ്ടിയാണൊ ... നീ പറഞ്ഞ മൊയലാളി... ” അകലെനിന്നും പൊറോട്ടയും ബീഫും ശടേന്നു കഴിച്ച്  സ്നേഹമുള്ള മൊതലാളിയുടെ കടയിലേക്കോടിവരുന്ന തൊഴിലാളിപ്പയ്യനെ ചൂണ്ടിക്കൊണ്ട് സുലൈമാന്‍ ചോദിച്ചു ...

“അതെ..... ”

“ആ തെണ്ടിക്കു കൊടുത്ത എന്റെ നൂറുരൂപാ .... മറ്റേ നായിന്റെ മോള്‍ക്ക് ഒപ്പിട്ടുകൊടുത്ത എന്റെ അവയവങ്ങളുടേയും ജീവന്റേയും വില ....” എന്നൊക്കെ അട്ടഹസിച്ചുകൊണ്ട് സുലൈമാന്‍ കൊലവെറിയനായി ഉറഞ്ഞുതുള്ളാന്‍ തുടങ്ങി... “വൈ..ദിസ് കൊലവെറി..” എന്നു സാന്ദര്‍ഭികമായി ചോദിച്ചുപോയ പയ്യന്റെ കൊലവള്ളിക്കു കുത്തിപ്പിടിച്ചുകൊണ്ട് സുലൈമാന്‍ അലറി

“കള്ള സുവറേ....അന്റെ മയ്യത്തു ഞാനെടുക്കും.... ”

പിന്നീടവിടെ നടന്നതിന്റെ ഓഡിയോ ആന്റ് വീഡിയോ  മനസ്സിലാവണമെങ്കില്‍  ചുമ്മാ തൃശ്ശൂര്‍ പൂരമൊന്നുകണ്ടുകളഞ്ഞാല്‍ മതി എന്നൊന്നും ഞാന്‍ പറയുന്നില്ല  ... അറ്റ്ലീസ്റ്റ് അടുത്തുള്ള ‘അസ്വസ്ഥ’ ആശുപത്രിയുടെ പതിനൊന്നാം വാർഡിലെ പതിന്നാലാം ബെഡിൽ നോക്കിയാൽ മതി. പയ്യനെ ബെഡ്ഡിൽ കിടത്തിയിടത്തൊന്നും സംഗതി നിന്നില്ല  സുലൈമാന്റെ കൊലവെറികണ്ട് അതിലും വലിയ കൊലവെറിപൂണ്ട സാക്ഷാൽ കിളി  തന്റെ ഒന്നര ഡസനോളം വരുന്ന എക്സ്പെയേർഡ് കാമുകന്മാരെ കൊണ്ടുവന്ന് സുലൈമാന്റെ സകല വെറികൾക്കും അറുതിവരുത്തി.

സുന്ദരിയായ പെണ്‍കുട്ടി കടയില്‍ വന്നപ്പോള്‍ സുന്ദരനായ തൊഴിലാളി ഒരു നിമിഷത്തേയ്ക്ക് മുതലാളിയുടെ വേഷംകെട്ടിയതിന്റെ  ഫലമനുഭവിച്ച പാവം സുലൈമാന്‍ അന്നുമുതല്‍ തന്റെ ഫാന്‍സിയുടെ മുന്‍പില്‍ ഒരു കൊടിമരം നാട്ടി എല്ലാ ഫെബ്രുവരി പതിന്നാലിനും കരിങ്കൊടിയുയര്‍ത്താന്‍ മറക്കാറില്ല. എന്നുമാത്രമല്ല, തന്റെ കോളാമ്പിയില്‍ ആഞ്ഞാഞ്ഞു കാര്‍ക്കിച്ചു തുപ്പാനും മറക്കാറില്ല എന്നതു സത്യമാണെങ്കില്‍ , ഇന്നു നാലഞ്ചു ഫാന്‍സിക്കടകള്‍ക്കു മുതലാളിയാണ് സുലൈമാനെങ്കിലും  അവിടെയൊന്നും കാണാന്‍വര്‍ക്കത്തുള്ള ഒറ്റയെണ്ണത്തിനെയും ഇന്നുവരേ ജോലിക്കുനിര്‍ത്തിയിട്ടില്ലാ എന്നത് മറ്റൊരു സത്യമാണ് !!

സത്യമേവ ജയതേ.... ജെയ് പഞ്ചാരദിനം...

Saturday, May 7, 2011

ഒരു എയര്‍ പ്രണയം!!

ന്റെ എല്ലാമെല്ലാമായ ലൂസി അറിയുന്നതിന് ,

നമ്മള്‍ തമ്മില്‍ കണ്ടിട്ടു ഇത് എത്രാമത്തെ ദിവസമാണെന്ന് നിനക്കറിയാമോ.... അത്യാധുനികമായി മൊബൈല്‍ഫോണില്‍ നിന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍  നീയും മൊബൈലും പരിധിയും കടന്നു അതിനപ്പുറമെത്തിയെന്നറിയാന്‍ കഴിഞ്ഞതുകൊണ്ടാണ് പ്രാചീന ബന്ധപ്പെടല്‍ രീതിയില്‍ ഞാന്‍ ഈ എഴുത്തെഴുതുന്നത് ..

നാട്ടിലൂടെ റോഡ് റോളര്‍ പറപ്പിച്ചു നടന്നിരുന്ന  ഞാന്‍  വിമാനം ‘വിറപ്പിച്ചു’ പറത്തുന്ന പൈലറ്റായത് എന്റെ പിതാജിയുടെ മടിയില്‍ പണമുള്ളതുകൊണ്ടു മാത്രമായിരുന്നുവെന്നത് നിന്നോടു ഞാന്‍ മറച്ചുവച്ചിട്ടില്ലല്ലോ.

ചില പുല്ലന്മാര്‍ ഓരോരൊ ലൈസെന്‍സിനു വേണ്ടി കുത്തിയിരുന്നു പഠിക്കുന്നത് കാണുമ്പോള്‍ ഞാന്‍ ചിരിച്ചു ചിരിച്ചു ചാവാറുണ്ട്. ങാ അതൊക്കെപ്പോട്ടെ ...

ഞങ്ങള്‍ എയറിന്ത്യന്‍ ഡ്രൈവര്‍മാര്‍ സമരം തുടങ്ങിയത് നിനക്കറിയാമല്ലോ അല്ലേ ? ഇതെല്ലാം ശമ്പളം കൂട്ടാനും മറ്റുമാണെന്നാണ് ചില മണ്ടന്മാര്‍ കരുതിയിരിക്കുന്നത്!

സത്യം നിന്നോട് പറയാമല്ലോ ലൂസീ ... സത്യത്തില്‍ ഞങ്ങള്‍ സമരം തുടങ്ങിയത് മാനസിക പിരിമുറുക്കത്തില്‍ നിന്നും മോചിതരാവാന്‍ വേണ്ടി മാത്രമാണ് ...

ആയിരക്കണക്കിന് പ്രവാസികളും ദേശീയ വാസികളുമെല്ലാം നമ്മുടെ വിമാനവും കാത്തിരുന്നു കാത്തിരുന്നു വിമാനക്കമ്പനിക്കാരുമായി അടിയുണ്ടാക്കി തല്ലിച്ചാവുന്നത് കാണാന്‍ എന്തൊരു ഹരമാനെന്നോ ... എന്തൊരു ലഹരിയാണെന്നോ...

ഇതൊന്നും പറഞ്ഞാല്‍ നിനക്ക് മനസ്സിലാവില്ല മോളെ അതിന്റെയൊരു സുഖം അനുഭവിച്ചറിയുകതന്നെ വേണം ... അതിനു ഞങ്ങളേപ്പോലെ  പുണ്യം ചെയ്യണം ...

വിമാനം വൈകിയതില  യാത്രക്കാരുടെ എതിര്‍പ്പില്‍നിന്നുകിട്ടുന്ന ആ ഒരു ലഹരിയുന്ടല്ലോ അതു ആനമയക്കിയില്‍ കഞ്ചാവിട്ടു വാറ്റിയാലും കിട്ടില്ല മോളെ ...

ഒരിക്കല്‍ നീ ചെന്നൈയിലുണ്ടെന്നെനിക്കു ഫോണ്‍ ചെയ്തപ്പോള്‍ നിന്റെയടുത്തെത്താന്‍ ഞാന്‍ എന്തൊക്കെ റിസ്കാണെടുത്തതെന്നു നിനക്കു വല്ല ഓര്‍മ്മയുമുണ്ടോ? അന്നു എന്റെ ഇന്റര്‍നാഷണല്‍ മൊബൈലിലേക്കു നിന്റെ റോമിംഗ് മിസ്സ്കാള്‍ വന്നപ്പോള്‍ ഞാന്‍ ഗള്‍ഫിലെ എയര്‍പോര്‍ട്ടില്‍ വിമാനം സ്റ്റാര്‍ട്ടു ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അന്നു ഒറ്റക്കൈകൊണ്ടു വിമാനമോടിച്ചുകൊണ്ടാണു നിനക്കു ഞാന്‍ തിരിച്ചു വിളിച്ചത് ...

 ചെന്നെയില്‍ നില്‍ക്കുന്ന നിന്റെയടുത്തെത്താന്‍ കോഴിക്കോട്ടേയ്ക്കു വിമാനം പറത്തുന്ന ഞാനെങ്ങനെയെത്തുമെന്നാലോചിച്ച്  വിധിയെ പഴിച്ചു വിതുമ്പലൊതുക്കിയ  എന്നെ എന്റെ കോപൈലറ്റു കോതമംഗലം കുട്ടപ്പന്‍ ചേട്ടനായിരുന്നു സമാധാനിപ്പിച്ചത് .


കുട്ടപ്പന്‍ ചേട്ടനെന്ന ദൈവം പറഞ്ഞതുകേട്ട് കോഴിക്കോടു വിമാനത്താവളത്തിലെ റണ്‍ വേ കാണാനില്ലെന്നും പറഞ്ഞുകൊണ്ട് ഞാന്‍ ചെന്നൈയിലേക്കു വിമാനം തിരിച്ചുവിടുകയായിരുന്നു. അന്നും യാത്രക്കാര്‍ കിടന്നുകളികളിക്കുന്നതും വിമാനക്കമ്പനിക്കാര്‍ നടന്നു പാടുപെടുന്നതുമടക്കം ഒരുപാടു ലഹരികളെനിക്കു കിട്ടുകയും, ഡ്യൂട്ടി ടൈം കഴിഞ്ഞതുകൊണ്ടു ഞാന്‍  ഇനി ഇരുപത്തിനാലു മണിക്കൂര്‍ കഴിയാതെ വിമാനം പറത്തില്ലാ എന്നു പറഞ്ഞു എല്ലാവരേയും ഞെട്ടിച്ചുകൊണ്ട്   നിന്റെയരികിലേയ്ക്കു ഒഴുകിയൊഴുകിയെത്തിയതുമെല്ലാം ഇന്നു നടന്നപോലെ ഞാന്‍ ഓര്‍മ്മിക്കുന്നു.

എങ്കിലും എന്റെ ലൂസി നിന്റെ വല്യമ്മയുടെ പ്രായമുള്ള എയര്‍ ഹോസ്റ്റസ് പങ്കജകുമാരിയോടു ഞാന്‍ കുശലം പറഞ്ഞതിനു നീ അന്നു മുഖം വീര്‍പ്പിച്ചതു ഒട്ടും ശരിയായില്ല ... ഒന്നുമില്ലേലും വെറും  ഡൊമസ്റ്റിക് വിമാനത്തിലെ എയര്‍ ഹോസ്റ്റസായ നിന്നെ ഇന്റര്‍നാഷണലിലേയ്ക്കു, അതും ഞാന്‍ ഡ്രൈവു ചെയ്യുന്ന വിമാനത്തിലേയ്ക്കു മാറ്റിച്ചതു ഞാനൊരുത്തനായിരുന്നു എന്നതെങ്കിലും നീ ഓര്‍ക്കണമായിരുന്നു .

നിനക്കോര്‍മ്മയുണ്ടോ, ഒരിക്കല്‍ വിമാനം ലാന്റു ചെയ്യുമ്പോള്‍ നീയെന്നെ കടക്കണ്ണാല്‍ നോക്കിയതും, ധൈര്യമുണ്ടെങ്കില്‍ വിമാനം മലര്‍ത്തിപ്പറത്താമോ എന്നുചോദിച്ചതും, അന്നു ലാന്റുന്ന വിമാനം മലര്‍ത്താന്‍ നോക്കിയപ്പോള്‍  വിമാനം മൂക്കുകുത്തിയതും ഏതോ മണ്ടന്‍ അന്വേഷകന്‍ വന്നു വിമാനത്താവളത്തിന്റെ വിസ്തീര്‍ണ്ണത്തിന്റെ ഘടനയിലുണ്ടായ സങ്കീര്‍ണ്ണമായ വിള്ളലില്‍ മുഴച്ചുനില്‍ക്കുന്ന റണ്‍ വേയുടെ ഗതിയേ കുറ്റം പറഞ്ഞതും, കേസില്‍ കുടുങ്ങാതെ  ഞാന്‍ രക്ഷപ്പെട്ടതുമെല്ലാം ഇന്നലെ നടന്നപോലെ തോന്നുന്നു ... എനിക്കു ചിരിവരുന്നു ലൂസിയേ...

എന്നാലും ഈ കിഴങ്ങന്മാര്‍ സമരം നടത്തിയപ്പോള്‍ സത്യത്തില്‍ വെട്ടിലായതു നമ്മളാണു ലൂസി ... ഞാന്‍ ഉഗാണ്ടയില്‍(?) വിമാനമിറക്കിയപ്പോഴല്ലായിരുന്നോ എയര്‍ ഇന്ത്യന്‍ ഡ്രൈവര്‍മാരുടെ പണിമുടക്കു വന്നതു .... അന്നുനീ ഒരു ഗള്‍ഫു വിമാനത്തിലായിരുന്നു.

 പണിമുടക്കില്‍ ജനങ്ങള്‍ വലയുന്നതിന്റെ ആ ഒരു കുളിര്‍മ്മയൊക്കെ അനുഭവിക്കുന്നുണ്ടെങ്കിലും നിന്നെ കാണാത്തതിലുള്ള ഒരു ‘ഇത്’ എനിക്കു ഭയങ്കരമായ ഒരു ‘അതു’ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു....

 പല തവണ ഞാനും എന്നേപ്പോലെ വെട്ടിലായിപ്പോയ പലരും സമരം നിര്‍ത്താന്‍ പരിശ്രമിച്ചതാണു പക്ഷേ ഒരാവേശത്തിനു തുടങ്ങിപ്പോയല്ലോ ....

നമ്മുടെ കോതമംഗലം കുട്ടപ്പന്‍ ചേട്ടനുണ്ടല്ലോ ലൂസി .. അങ്ങേര്‍ക്കു നൊസ്സാ നൊസ്സ് ... പൈലറ്റുമാരുസമരം തുടങ്ങിയപ്പോള്‍ അങ്ങേര്‍ക്കു പഴയ മീങ്കച്ചവടം തുടങ്ങിയാലോ എന്നൊരു പൂതി ...

അല്ലേലും വിമാനമോടിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്കുള്ള അങ്ങേരുടെ കൂയ് .. കൂയ് കൂവല്‍  എനിക്കു ഉറക്കം വരാതിരിക്കാന്‍ വളരെ ഉപകാരമാവാറുണ്ടെന്നതു മീങ്കച്ചവടത്തോടുള്ള എന്റെ ആദരവും ബഹുമാനവും  കൂട്ടുന്നതാണു. കോ പൈലറ്റു എന്നതിലുപരി കൂ പൈലറ്റെന്നാണു ആ മഹാനുഭാവനു ചേര്‍ന്ന ഔദ്യോഗിക നാമം.

ലൂസി.. എന്നാലും അന്നു നീ ബ്രിട്ടീഷ് എയര്‍ലൈന്‍സില്‍ വന്ന സായിപ്പു പൈലറ്റിനോടും അയാളുടെ ഇന്ത്യന്‍ കാമുകി നാടന്‍ മദാമ്മയോടും ഹോട്ടലില്‍ വെച്ചുകാണിച്ച ഔപചാരികത അല്പം കൂടിപ്പോയില്ലേ എന്നെനിക്കു തോന്നി. സംഗതി അവര്‍ നമ്മുടെ അതിഥികളൊക്കെത്തന്നെയാണ്‍് ... പണ്ടു നമ്മേ അടിമകളാക്കിയിരുന്നതു ഈ കുരുത്തം കെട്ടവരാണെന്നതുകൂടി നീയോര്‍ക്കണമായിരുന്നു ....  സാരമില്ല ഒരു പറ്റു ഏതു ലൂസിക്കും പറ്റും....  ഇനി അവരെ ക്കാണുമ്പോള്‍ മിണ്ടരുതു.

എന്തുതന്നെയായാലും നേര്‍ച്ചകള്‍ക്കൊടുവില്‍ സമരമവസാനിച്ചപ്പോള്‍ വിമാനവും പറത്തി ഞാന്‍ വന്നതു അന്നു നീ ഡ്യൂട്ടിക്കെത്തുമെന്നു കരുതിയായിരുന്നു ... പക്ഷേ വിധിയാണൊ അല്ലെങ്കില്‍ വല്ല യാത്രക്കാരന്റെയും പഴിയാണൊ ചതിച്ചതെന്നറിയില്ല ... നീ വന്നില്ല

 നീ ഡ്യൂട്ടിയിലില്ലാത്ത വിമാനമെനിക്കു അസാധുവായ ബാലറ്റുപേപ്പറുപോലെയാണു ലൂസിയേ.. സത്യത്തില്‍ വിമാനം പറത്താന് മനസ്സുവരുന്നില്ല എന്റെ ലൂസീ ... വിമാനം പറത്താന്‍ കഴിയാത്തതുകൊണ്ട് ഇന്നലെ ഞാന്‍ വിമാനത്തില്‍ ചുണ്ടെലിയെക്കണ്ടെന്നൊരു കാച്ചങ്ങു കാച്ചി.....

എന്നാ ബഹളമായിരുന്നു ... പോലീസും പട്ടാളവും തേങ്ങാക്കുലയുമൊക്കെ കാട്ടിക്കൂട്ടിയതു ... ഹോ ശരിക്കും മനസ്സു നിറഞ്ഞുപോയി... വിമാനത്തില്‍ പുകകണ്ടു എന്നൊക്കെ ഞാന്‍ ഇടയ്ക്കു കാച്ചാറുള്ളതു നിനക്കും അറിയാവുന്നതാണല്ലൊ..

അതൊക്കെ എന്തെങ്കിലുമാവട്ടെ എനിക്കു നിന്നെ കാണാന്‍ മുട്ടിയിട്ടു വയ്യ മോളേ ...
അതുകൊണ്ട് എത്രയും വേഗം മറുപടി കിട്ടുമെന്നു പ്രതീക്ഷിച്ചു വിമാനത്തില്‍ കുന്തിച്ചിരിക്കുന്ന  നിന്റെ കെ.കെ. അന്തപ്പന്‍ ഏലിയാസ് അന്തു

  NB: കഴിയുമെങ്കില്‍ മറുപടി പോസ്റ്റിലയച്ചു കാശുകളയുന്നതിനുപകരം നീ കയ്യോടെ കൊണ്ടുവന്നാലും മതി..
*******
ദിവസങ്ങള്‍ക്കുള്ളില്‍ ലൂസി എഴുതിയ മറുപടി കം രജിസ്ട്രേഡ് ലറ്റര്‍ അന്തപ്പന്‍ ഒപ്പിട്ടു വാങ്ങി ഇങ്ങനെ വായിച്ചു.
******

പ്രേമം കുത്തിനിറച്ച അന്തുച്ചായാ,

കത്തുകിട്ടി, അന്തുച്ചായന്‍ വിഷമിച്ചിരിക്കുന്നതോര്‍ത്തപ്പോള്‍ ശരിക്കും ഞാന്‍ പൊട്ടിച്ചിരിച്ചുപോയി . അച്ചായന്‍ വിഷമിക്കുമ്പോള്‍ ഇഞ്ചിതിന്ന കൊരങ്ങനെയാണെനിക്കോര്‍മ്മവരിക. എനിക്കു ചിരി ഇനിയും വരുന്നുണ്ടു കേട്ടോ...

വളരെ പ്രതീക്ഷയോടെയായിരുന്നു  സമരം തുടങ്ങിയ ദിവസം ഒരു നീണ്ട അവധിയുമെടുത്ത് ഞാനും മുങ്ങിയത് .. നമുക്കുരണ്ടുപേര്‍ക്കും ‘സമരദിവസങ്ങളിലെ ഓര്‍മ്മകള്‍ ’ എന്ന പുസ്തകം അച്ചടിച്ചിറക്കാന്‍ തക്കവണ്ണം അനുഭവങ്ങളുണ്ടാക്കാന്‍ വേണ്ടിത്തന്നെയായിരുന്നു അച്ചായന്റെ ഈ ലൂസി ലീവെടുത്തത് ...

നമ്മെ ചതിച്ചതു വിധിയോ, പഴിയോ ഒന്നുമല്ല അച്ചായാ..  കാലമാടനായ എന്റെ അയല്‍വാസി ഗള്‍ഫു വര്‍ക്കിയായിരുന്നു ...
 ഒരിക്കല്‍ എന്നെ ഇടംകണ്ണിട്ടുനോക്കി ഗോഷ്ടികാണിച്ചു വിമാനമോടിച്ച്  വിമാനം നിന്നു കുലുങ്ങിയപ്പോള്‍  പരിഭ്രമിച്ച യാത്രക്കാരോടു ... വിമാനം ചുഴലിയില്‍ കുടുങ്ങിയതാണെന്നു കള്ളം പറഞ്ഞു യാത്രക്കാരെ സമാധാനിപ്പിച്ച ഒരു ദിവസമില്ലായിരുന്നോ? ആ കാളദിവസമ്പോലെ ഞാനോര്‍ക്കുന്നു എന്റെ അവസാന ഡ്യൂട്ടി ദിവസവും.

അന്നൊരു നശിച്ച ദിവസമായിരുന്നു ... ആ വിമാനത്തില്‍ യാത്രചെയ്ത ഗള്‍ഫു വര്‍ക്കിയാണു  എന്റെ തന്തശ്രീ മാത്തുക്കുട്ടിക്കു വെറും മുപ്പതു മില്ലി മിലിട്രിക്കുവേണ്ടി എന്നെ ഒറ്റിക്കൊടുത്തതു ...

എയര്‍ ഹോസ്റ്റസ് എന്നൊക്കെപ്പറഞ്ഞാല്‍ അപ്പച്ചന്‍ കരുതിയതു വിമാനത്തിലെ സകല ജോലിക്കാരെയും ക്ഷ- ഞ്ഞ- ക്കു എന്നൊക്കെ എഴുതിക്കുന്ന ജോലിയാണെന്നാ....
ഞാന്‍ കള്ളു വിളമ്പാനും യാത്രക്കാരുടെ എച്ചില്‍ പാത്രമെടുക്കാനുമൊക്കെയാണു വിമാനത്തില്‍ ജോലിക്കു കയറിയതെന്നു ആ തെണ്ടി വര്‍ക്കി വിവരിച്ചപ്പോള്‍ ... കോടിപ്പോയ അഭിമാനത്തെയോര്‍ത്തു അപ്പച്ചനൊരലര്‍ച്ചയായിരുന്നു ......

 “ മോളേ ലൂ‍ൂ‍ൂ‍ൂ‍ൂ സീ‍ീ‍ീ‍ീ‍ീ‍ീ...”

അന്നുമുതല്‍ ഞാന്‍ ജോലിക്കു രാജികൊടുത്തുവെന്നുമാത്രമല്ല അപ്പച്ചന്റെ വകേലൊരു കുടുമ്പക്കാരനും എസ്റ്റേറ്റു മുതലാളിയുമായ  പോത്തു തോമയ്ക്കു കഴുത്തു നീട്ടിയും കൊടുത്തു.

എങ്കിലും മുകളിലൂടെ ചീറിപ്പായുന്ന വിമാനത്തിന്റെ മൂളല്‍ കേട്ടാല്‍ , എന്തിനേറെ പറയണം രാത്രിയില്‍ മൂളിപ്പറക്കുന്ന വണ്ടിന്റെ മൂളല്‍ കേട്ടാല്‍പോലും ഞാന്‍ അച്ചായനെ ഓര്‍ത്തു കണ്ണൂനീര്‍ വാര്‍ക്കാറുണ്ട്.. ഇപ്പോള്‍ ‘ആകാശത്തിലെ കൂത്താട്ടം’ എന്ന ഒരു പുസ്തകമെഴുതാന്‍ ശ്രമിക്കുകയാണു ഞാന്‍.

ഇത്രയുമെഴുതിക്കൊണ്ട് അച്ചായന്റെ റേഞ്ചുവിട്ടുപോയ സ്വന്തം ലൂസി

********
കത്തുവായിച്ച അന്തപ്പന്‍ ചിന്തിക്കുകയായായിരുന്നു ... സത്യത്തില്‍ ഈ സമരം കൊണ്ട് പൈലറ്റുമാര്‍ക്കു പലതും നഷ്ടപ്പെടുകയല്ലായിരുന്നോ .... അതോ ലൂസിക്കു പകരം ജോയിന്‍ ചെയ്ത സിസിലിയെ കൊണ്ടുത്തരികയായിരുന്നോ....

അതൊക്കെപ്പോട്ടെ  എന്തുതന്നെയായാലും ലൂസി വണ്ടിനെക്കണ്ടു കരഞ്ഞാലും  ഭൂമിയില്‍ സുനാമിയല്ല അവന്റെ അപ്പൂപ്പന്‍ വന്നു താണ്ഡവമാടിയാല്പോലും ഞങ്ങള്‍ ആകാശത്തുള്ളവര്‍ വിമാനത്തിന്റെ ചിറകൊടിച്ചിട്ടെങ്കിലും യാത്രക്കാരെക്കൊണ്ടു  ക്ലൈ.. ക്ലാ .. ക്ലും..‌ഋ. എന്നു വരപ്പിച്ചിരിക്കും........... ഇതു സത്തിയം ... .സത്തിയം വീണ്ടും സത്തിയം....



Thursday, December 23, 2010

ഗുല്‍മാലു ബിന്‍ അല്‍ക്കുല്‍ത്ത്

ന്നാ.. ഹംക്ക് അറബ്യേ... ഇജ്ജ് ഈ കടലാസൊന്ന് നോക്ക് .. ഞമ്മള നോക്കിപ്പേടിപ്പിക്കണ്ട ... അനക്ക് മനസ്സിലാവണ ബാസേല് എയ്തീറ്റ്ണ്ട് ....”

എന്തൊക്കെയോ കരുതിക്കൂട്ടിയുള്ള സുലൈമാന്റെ ഭാവ-ലയ-താളങ്ങള്‍ കണ്ടതുകൊണ്ടാവാം സ്വന്തം തന്തയെ കാലന്‍ കുരുക്കിട്ടുകൊണ്ടുപോയിട്ടുപോലും ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത അറബി ശൈഖ് അല്‍.ഗുലുമാല്‍ ബിന്‍ അല്‍ക്കുല്‍ത്തിന്റെ ഇടനെഞ്ചില്‍ നിന്നും ഒരു തരിപ്പ് വലം നെഞ്ചിന്റെ അതിരും കടന്ന് വടക്കോട്ടുപോയത്!

കഴിഞ്ഞയാഴ്ചവരേ ആട്ടിന്‍കാട്ടം കൊണ്ടുപോയി ഈത്തപ്പനയ്ക്കിടുകയും,  ഒട്ടകത്തിനു അറബിപ്പുല്ലു (?) പറിച്ചുകൊടുക്കുകയുമൊക്കെ അനുസരണയോടെ ചെയ്തിരുന്ന നാല്പത്തിയാറുകാരന്‍ പയ്യനാണിതൊക്കെപ്പറയുന്നതെന്നും, ഭാവത്തിലും താളത്തിലുമൊക്കെ മാറ്റം വരുത്തിയതുമെന്നെല്ലാം വിശ്വാസമാവാന്‍ അറബിക്കു ഒന്നു രണ്ടു രണ്ടര നിമിഷങ്ങള്‍ വേണ്ടിവന്നു...

സുലൈമാന്‍ കൊടുത്ത കടലാസില്‍ എഴുതിയ അവശ്യസാധനങ്ങളുടെ ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ നിലവാരം കണ്ട   അറബി രണ്ടാമതും മൂന്നാമതും ഞെട്ടിയശേഷം ഒരുവേള ഇന്ത്യയിലെ സവാളയില്‍ നിന്നാണൊ സ്വര്‍ണ്ണം അരിച്ചെടുത്ത് അച്ചാറിട്ടുവെക്കുന്നത് എന്നുകൂടി ചിന്തിച്ചുപോയി!!

കടലാസിലെഴുതിയ മുഴുവന്‍ സാധനങ്ങളുടെ വിലയും വായിച്ചു തളര്‍ന്നിരിക്കുന്ന അറബിയോടു സുലൈമാന്‍ പറഞ്ഞു...

“ഇതൊക്കെ അന്നെയൊന്നു നേരിട്ടുകാണിച്ചുതരാന്‍ തന്നെയാ ഹംക്ക് അറബീ കേരളത്തിലെ തിരുമ്മല്‍ ചികിത്സയുടെപേരും പറഞ്ഞ് അന്നെ ഞാന്‍ കടലുകടത്തിക്കൊണ്ടുവന്നത്.... കൊല്ലങ്ങളായി അന്റെ ഒട്ടകത്തിന്റെയും ആട്ടിന്‍കുട്ടികളുടെയും എണ്ണമെടുത്ത് ജീവിക്കുന്ന എന്റെ വീട്ടില്‍ കഞ്ഞികുടിച്ചില്ലാ എങ്കില്‍ അനക്കു പുല്ലാണെന്ന് ഞമ്മക്കറിയാം”

അറബി ദയനീയതയോടെ അല്‍- കുരുത്തം . വ ഇല്‍ ഹംക്കീന്‍ എന്ന  കാട്ടറബി ചൊല്ലുമോര്‍ത്തുകൊണ്ട് സുലൈമാന്റെ വായിലേക്കുതന്നെ നോക്കിനിന്നു.... ‘ങാ.. അല്‍ - ഓനു പറയാനിള്ളത് വ - പറയട്ടേ. ഓനു ഞാന്‍ കൊടുക്കുന്ന ലില്‍ - ശമ്പളം  മൂക്കില്‍പൊടി വാങ്ങിക്കാന്‍ പോലും തികയില്ലല്ലോ ’

സുലൈമാന്‍ പറഞ്ഞുതുടങ്ങി .... തന്റെ നാട്ടില്‍ വിലയുടെ കയറുപൊട്ടി കാടുകയറിയതും, വര്‍ഷങ്ങളായി മാറ്റമില്ലാതെ അറബി തന്നുകൊണ്ടിരിക്കുന്ന റിയാലുകള്‍ക്കു മാറ്റമില്ലാ എങ്കിലും അതുകൊടുത്താല്‍ കിട്ടുന്ന സാധനങ്ങള്‍ക്കാണു മാറ്റമെന്നതുമെല്ലാം അറബിയെപറഞ്ഞു മനസ്സിലാക്കിക്കൊടുത്തു...

സുലൈമാന്റെ ലിസ്റ്റും നാട്ടിലെ സ്ഥിതിവിവരങ്ങളും നേരിട്ടുമനസ്സിലാക്കിയ അറബിയുടെ മനസ്സില്‍ ലഡ്ഡു പൊട്ടുന്നു ... ആ മനസ്സ് അലിഞ്ഞലിഞ്ഞ് വ - ഇല്‍ - അലിഞ്ഞലൂന്‍  എന്നായി മാറി.

അലിഞ്ഞമനസ്സുമായിനടന്ന അറബി സുലൈമാനു ശമ്പളവര്‍ദ്ദനവു വാഗ്ദാനം ചെയ്തു മനസ്സിനു കുറച്ചൊക്കെ ബലം നല്‍കി ... കാരണം സുലൈമാനെക്കൊണ്ട് പണിയെടുപ്പിച്ച് ലക്ഷക്കണക്കിനു റിയാലുകള്‍ അറബി പോക്കറ്റില്‍ തിരുകുന്നുണ്ടല്ലോ...

സുലൈമാനു സന്തോഷമായി ... അറബിയും സുലൈമാനും തുള്ളിച്ചാടി ... കേരളത്തിലെ ചൊറിയന്‍ ചേമ്പും, കാട്ടുചേനയുമെല്ലാം ഭയങ്കരമായ സസ്യങ്ങളാണെന്നും അതു അറേബ്യായില്‍ കണികാണാന്‍ കഴിയാത്തതു അവര്‍ക്കു ഭാഗ്യക്കുറവുകൊണ്ടാണെന്നുമെല്ലാം അറബിക്കു മനസ്സിലാക്കിക്കൊടുത്തു...

ഏതായാലും തിരിച്ചുപോകുമ്പോള്‍ എന്തുവിലകൊടുത്തും ചൊറിയഞ്ചേമ്പുകൊണ്ടുപോകണമെന്നു അറബിയും തീരുമാനിക്കുന്നു. ഗള്‍ഫിലെ ചൊറിയന്‍ ചേമ്പു കൃഷിയുടെ നടുവിലൂടെ ഉലാത്തുന്ന രംഗങ്ങള്‍ അറബിയുടെ പകല്‍ക്കിനാവുകളില്‍ നിറഞ്ഞുനിന്നു. ...

അങ്ങിനെയാണു ചൊറിയന്‍ചേമ്പും തേടി അവര്‍ ചേമ്പുകൃഷി ചെയ്യുന്ന ഹാജ്യാരുടെ വീട്ടുപടിക്കലെത്തിയത് !! കണ്ണെത്താ ദൂരത്തോളം ചേമ്പുകൃഷി !! ഹാജ്യാര്‍ ഭയങ്കരന്‍ തന്നെ ... മാര്‍ക്കറ്റിലൊക്കെ ഒരുതുള്ളി ചേമ്പുകിട്ടണമെങ്കില്‍ ഡോളറുകള്‍ തന്നെ വലിച്ചെറിയണ്ടായൊ?  അപ്പോള്‍ ഹാജ്യാരുടെ വരുമാനം എന്തായിരിക്കും?!

“ അല്‍ - മൊയലാള്യേ.. വ ഇല്‍ -- കൂയ്..”  അറബി  ഹാജ്യാരെ നീട്ടി വിളിച്ചു. 

അകത്തുനിന്നും എല്ലുംതോലുമായ ഹാജ്യാര്‍ ഒരുകെട്ടു നോട്ടും താങ്ങിപ്പിടിച്ചു വേച്ചുവേച്ചു നടന്നു വന്നു..

“ആരാണ്ടാ അത്?..”
“ ലില്‍ ഞമ്മളാ - അല്‍ അറബി. കൂടെ വ സുലൈമാനും ”
“ ആ.. കുത്തിയിരിക്കീന്‍... കുടിക്കാന്‍ ബല്ലതും തരണംന്ന് ഇണ്ട് പച്ചേ... പത്തുസെന്റ് വിറ്റിട്ടാ പഞ്ചാര ബാങ്ങിയത് ... ഇങ്ങള്‍ ബന്ന കാര്യം പറീന്‍”
സുലൈമാന്‍ കാര്യം പറഞ്ഞു..

“മൂപ്പര്‍ക്ക് കൊറച്ച് ചൊറിയന്‍ചേമ്പിന്റെ തൈ കിട്ടിയാല്‍ കൊള്ളാന്ന് ണ്ട് ... ഗള്‍ഫില് ചേമ്പ് നട്ട് പഹേന്‍ രച്ചപ്പെടട്ടേന്ന് ... ഞമ്മളെ ചന്തേലൊക്കെ പയങ്കര ബെലയല്ലേ ചേമ്പിന് ....”

സുലൈമാന്‍ പറഞ്ഞതുകേട്ട ഹാജ്യാര്‍ അറബിയുടെ കണ്ണിലേക്കൊന്നു സൂക്ഷിച്ചുനോക്കി .. പിന്നെ അഞ്ചാറുതവണ നിന്നനില്‍പ്പില്‍ നിന്നും മേലോട്ടു ചാടി പൊട്ടിപ്പൊട്ടിച്ചിരിച്ചു..

അറബിയും സുലൈമാനും ലില്‍ ഹലാക്കിയ്യൂന്‍ എന്നു അന്തം വിട്ടു നിന്നു .

ചിരിച്ചുചിരിച്ചു അവശനായ ഹാജ്യാര്‍ പറഞ്ഞു .. “ ന്റെ മഹാ മണ്ടന്‍ അറബീ ... ചേമ്പിനു വെല ഇണ്ടെങ്കിലും ... ചേമ്പു നട്ടുനനച്ചുണ്ടാക്കുന്നവനു ചേമ്പിന്റെ തണ്ടുകഴിക്കാനുള്ള കായിപോലും കിട്ടൂല്ലാ.....ഹഹഹഹ ”

സുലൈമാന്‍ അറബിയുടെയും അറബി സുലൈമാന്റെയും മൂക്കില്‍ മൂക്കില്‍ നോക്കിനിന്നു ... ഹാജ്യാര്‍ തന്റെ കയ്യിലുള്ള നോട്ടിന്റെ ഭാരിച്ചകെട്ടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു തുടര്‍ന്നു

“ ന്റെ ഹംക്കീങ്ങളേ ഈ കായി കണ്ടോ .. ഇത് ഇബടത്തെ ചേമ്പിലെ കളകള്‍ നുള്ളിക്കളയുന്നവര്‍ക്കു കൊടുക്കാനുള്ളതാ .. ഇത് കൊടുത്താലും തെകയൂല്ല ... ഇതെല്ലാം കൊട്ത്ത്  അഞ്ചുനേരത്തെ തീറ്റയും കൊടുത്ത്  ചേമ്പ് വെളവെടുത്താലോ... അത് ഇബടത്തെ ബയങ്കര വിസിനസുകാര് ബന്ന്  ബല്ലതും തന്ന് ബാങ്ങിക്കൊണ്ട് പോകും ... ബേറേ മറിച്ചു ബിക്കാന്‍ സമ്മയിക്കൂല ... ശുജായികളായ ഗുണ്ടകളല്ലേ അബമ്മാരെ കൂടെയിള്ളത് .  ആ ഹംക്കീങ്ങളു തരുന്ന കായികൊണ്ട് കഞ്ഞികുടി മുട്ടാതെ ജീബിക്കുന്നു .... ബിരിയാനി കയിക്കണംന്ന് തോന്നിയാല്‍  ആ റയല്‍ സ്ലേറ്റു കാരമ്മാര്‍ക്ക് കൊറച്ച് കൊറച്ച് ബൂമി എയിതിക്കൊടുക്കും ... ങാ... ”

ഹാജ്യാരു പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ അറബിയുടെ ബുദ്ധിയില്‍ എന്തൊക്കെയോ മിന്നിത്തിളങ്ങി ... ചൊറിയന്‍ ചേമ്പ് ഗള്‍ഫില്‍ കൃഷിചെയ്താലുള്ള ലാഭം കൂട്ടിയും ഹരിച്ചും നോക്കി ....

അവസാനം പേനയും കടലാസുമെടുത്ത് അറബിണിക്കു നീട്ടിയൊരു കത്തെഴുതി  ..
‘ അല്‍ കരളിന്‍ കുളിരേ .. മൈ അറബിണീ ... ഞാ‍ാന്‍ ഇനിമുതല്‍ കേരളത്തില്‍ ചേമ്പിനു കളകള്‍ നുള്ളുന്ന ജോലിയുമായി ഇവിടെ കഴിയുകയാണ് ... ഞമ്മളെ ആട്ടിന്‍ കാട്ടം ഒട്ടകക്കാട്ടത്തില്‍ മിക്സ് ചെയ്ത്  ഈത്തപ്പനകള്‍ക്കിടുന്ന ജോലി ചെയ്യാന്‍ നൂറു റിയാല്‍ കൂട്ടിക്കൊടുത്ത്   പൊട്ടന്‍ സുലൈമാനെ അങ്ങോട്ടയക്കുന്നുണ്ട് .. അവന്‍ ശമ്പളം ഇനിയും കൂട്ടിച്ചോദിച്ചാല്‍ വല്ലപത്തോ നൂറോ ഇനിയും  കൊടുത്തേക്ക് ... ഇടയ്ക്കിടയ്ക്കു ചില്ലറ കൂട്ടിക്കിട്ടുന്നതും ... വര്‍ഷങ്ങള്‍ ജോലിചെയ്ത് പിരിഞ്ഞുപോരുമ്പോള്‍ കിട്ടുന്ന ആനുകൂല്യവും കിനാവുകണ്ട് അവന്‍ അബടെ കയിഞ്ഞുകൊള്ളും .  അതിലും ലാഭമാ ഇവിടെ .... ഞമ്മളെ അറബിക്കുടുമ്പം രച്ചപ്പെട്ടടീ മൈമൂനേ.... ഞാന്‍ കേരളത്തില്‍ നിന്നും ബരുമ്പോള്‍ അനക്കും ഞമ്മളെ മക്കള്‍ക്കും കൊണ്ടുബരേണ്ട സാധനങ്ങളുടെ ഒരു കുറിപ്പ് ഒടനേ ഞമ്മളെ എയുതി അറിയിക്കണം എന്ന്  സൊന്തം ശൈഖ് അല്‍.ഗുലുമാല്‍ ബിന്‍ അല്‍ക്കുല്‍ത്ത് .. ( അന്റെ അല്‍ക്കുല്‍ ഇക്കാ)’

നാടിനും, കുടുംബത്തിനും വേണ്ടി നാടുവിട്ടു സ്വയം മറ്റുള്ളവര്‍ക്കുവേണ്ടി ഉരുകിത്തീരുന്ന ഒരുപാടു പാവം മനുഷ്യരെ നമുക്കു കാണാന്‍ സാധിക്കും. ഒരിക്കല്‍ വന്നു പെട്ടുപോയാല്‍ അവസാനിപ്പിക്കാന്‍ കഴിയാത്ത പ്രവാസ ജീവിതവുമായി എത്രയെത്ര ജന്മങ്ങള്‍ !  ഇന്നത്തെ  വിലക്കയറ്റം ബാധിച്ച  ചിലരെ നമുക്കു പരിചയപ്പെടുത്തുകാണ് ഒരു ലേഖകന്‍.  ഇതാ ഇവിടെ ക്ലിക്കി അദ്ധേഹത്തിന്റെ ലേഖനം ഒന്നു നോക്കൂ ..

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് , പുതുവത്സര ആശംസകള്‍

Monday, November 15, 2010

ഹൃദയം കീറിയ കത്ത്...


 ന്റെ പ്രിയപ്പെട്ടവളായിരുന്ന ശ്യാമളേ....

ഇങ്ങിനെയൊരു കത്ത്, അതും ഞാനയച്ചത്!! ഇതു നീ പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്നെനിക്കറിയാം നിന്റെ കയ്യില്‍ ഇതു കിട്ടുമ്പോള്‍ നിന്റെ മുഖത്തു മിന്നിമറയുന്ന ‘ലാസ്യഭാവങ്ങള്‍ ’ എന്തായിരിക്കുമെന്നെനിക്കു നല്ല നിശ്ചയമുണ്ട് .  എനിക്കു പുല്ലാ... ങാ...

കൂട്ടുകാരികളുമൊത്ത് അന്നു നീ കുണുങ്ങിക്കുണുങ്ങി നടന്നുവരുന്നതിന്റെ ഭംഗി ഒന്നുകൊണ്ടു മാത്രമായിരുന്നു നിന്നെയങ്ങു പ്രേമിച്ചേക്കാമെന്ന് ഞാന്‍ തീരുമാനിച്ചത് .. പക്ഷേ എന്തുകൊണ്ടോ നിന്നോടതു നേരിട്ടു പ്രകടിപ്പിക്കാനുള്ള ഒരു ‘ഇതു’കൊണ്ടായിരുന്നല്ലോ എന്റെ വലം കൈ എന്നു നാട്ടുകാര്‍ വിളിച്ചു പോന്നിരുന്ന കോങ്കണ്ണന്‍ പുഷ്കരനെ ഞാന്‍ നമുക്കിടയിലെ ഇടനിലക്കാരനായി നിയമിച്ചത്.

പക്ഷേ സായിപ്പിനെ കണ്ടപ്പോള്‍ ചിലരൊക്കെ ‘ലതു’ മറക്കുമെന്നു പണ്ടാരാണ്ടു പറഞ്ഞപോലെ നിന്നേക്കണ്ടപ്പോള്‍ ഞാന്‍ സ്ഥിരമായി അവനു വാങ്ങിക്കൊടുത്തുകൊണ്ടിരുന്ന ബീഫും പൊറോട്ടയും വരേ അവന്‍ മറന്നുകളഞ്ഞില്ലേ, ആ പരമ ചെറ്റ....  അവനെപ്പറ്റി  വിവരിക്കാന്‍ എനിക്കു വാക്കുകള്‍ കിട്ടുന്നില്ലല്ലോ എന്റീശ്വരാ...

നിനക്കു തരാനാണെന്നുപറഞ്ഞ് എത്രയെത്ര ഇഞ്ചിമിട്ടായികളും , പുളിയച്ചാറുകളുമാണെന്നോ ആ ചെകുത്താന്‍ എന്നില്‍ നിന്നും വാങ്ങിച്ചു കൊണ്ടുപോയത് !! ഇതൊന്നും നിനക്കു കിട്ടിയിരുന്നില്ലാ എന്നു ഞാനറിയുമ്പോഴേയ്ക്കും നീ അശ്വതി ബസ്സിലെ ഡ്രൈവര്‍ കുമാരന്റെ രണ്ടു കൊച്ചുങ്ങളെ പ്രസവിച്ചു കഴിഞ്ഞിരുന്നു.

ഇപ്പഴും എന്റെ വീട്ടില്‍ ഞാന്‍ സൂക്ഷിച്ചുവച്ച എന്റെ കണക്കുപുസ്തകം മറിച്ചു നോക്കുമ്പോള്‍ എന്റെ കണ്ണുകള്‍ ഈറനണിയാറുണ്ട് എന്ന സത്യവും ഞാന്‍ നിന്നില്‍ നിന്നും ഒളിക്കുന്നില്ല .. മൊത്തം ഇരുനൂറ്റി നാല്പത്തിരണ്ടു ഇഞ്ചി മിട്ടായികളും അറുപതു സെറ്റ് കരിവളകളും ... ഇതു തരുന്നതിന്റെ കൂലിയായി കോങ്കണ്ണന്‍ പുഷ്കരനു വാങ്ങിച്ചുകൊടുത്ത കണക്കില്ലാത്ത പൊറോട്ടയും ബീഫുമടക്കം പത്തിരുനൂറു പോത്തിനെ വാങ്ങാനുള്ള കാശ് ഞാന്‍ ചിലവാക്കിയിട്ടുണ്ട് ...

ഇത്രയും വര്‍ഷംകൊണ്ട് അതിന്റെ പലിശയും കൂട്ടുപലിശയും ചേര്‍ത്ത് ഞാനൊന്നു കൂട്ടിനോക്കിയപ്പോള്‍ സത്യം പറയാലോ, എന്റെ ഇടനെഞ്ചില്‍ നിന്നും ആരോ ചവിട്ടുനാടകം കളിക്കുമ്പോലെയൊരു തോന്നല്‍...!

എനിക്കറിയാം ഈ കത്തു വായിക്കുമ്പോള്‍ നിനക്കെന്നോടു അസഹ്യമായ അനുകമ്പതോന്നുമെന്നും മേപ്പടി പലിശയിനത്തിലേയ്ക്കായി ഒരു തുക നീയെനിക്കു മണിയോര്‍ഡറായി അയച്ചുതരുമെന്നും!

 അല്ലേലും നീ തെറ്റുകാരിയാണെന്നു ഞാന്‍ പറയില്ല ...അന്നെനിക്കു ചിലവായതിന്റെ  പലിശയും മുതലും തരുന്നതോടെ നമ്മുടെ ഇടപാടു തീരുകയും ചെയ്യും .. എങ്കിലും നമ്മളൊക്കെ ‘ശുദ്ധഹൃദയമുള്ള’ മനുഷ്യരായിപ്പോയില്ലേ ശ്യാമളേ..

അവന്‍, ആ നാറി പുഷ്കരന്‍ നിന്റെയടുത്തുവന്നു സംസാരിക്കുന്നതും നീ ടൂത്തുബ്രഷുപോലും തൊടിയിക്കാതെ പരിശുദ്ധമാക്കിവച്ച നിന്റെ വായതുറന്നു  ആര്‍ത്തട്ടഹസിച്ചു ചിരിക്കുന്നതുമെല്ലാം ഞാന്‍ അകലെനിന്നും നോക്കി കോള്‍മയില്‍ കൊള്ളാറുണ്ടായിരുന്നുവെന്നത് നിനക്കറിയാമോ? ഒരിക്കല്‍ ഞാന്‍ കോള്‍മയില്‍കൊള്ളുമ്പോഴായിരുന്നല്ലോ അടുത്തുള്ള ഓടയില്‍ ഞാന്‍ തലയും കുത്തി വീണത് ... എനിക്കു നല്ല ഓര്‍മ്മയുണ്ട് ...

അന്നു മൊബൈല്‍ ഫോണ്‍ നിലവില്‍ വരാതിരുന്നതുകൊണ്ടാണ് എന്റെ ഓടയിലെ സാഹസങ്ങള്‍ പുറം ലോകമറിയാതെ പോയതും, ഞാന്‍ കത്തെഴുതി നിനക്കു വിവരിച്ചുതരേണ്ടി വന്നതും  ...


അതവിടെ നില്‍ക്കട്ടെ .... പിന്നെ ഞാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം നിന്റെ അഡ്രസ്സു തപ്പിയെടുത്ത് ഇങ്ങനെയൊരു കത്തെഴുതുന്നതിന്റെ പിന്നില്‍ പഴയ കാശ് ഈടാക്കാനാണെന്നു നീ കരുതിയിട്ടുണ്ടാവും , അതിനുമാത്രം ക്രൂരനൊന്നുമല്ല ഒരു  ലോല ഹൃദയവും താങ്ങി നടക്കുന്ന ഈ ഞാന്‍.

അന്നു സംഭവിച്ച ഒരു തുണിയുടുക്കാത്ത സത്യം നിന്നെ അറിയിക്കാന്‍ വേണ്ടിക്കൂടിയാണു ഞാനിതെഴുതുന്നത്.... അതു കേള്‍ക്കുമ്പോള്‍ നീ ഞെട്ടരുത് പ്ലീസ്...

അന്നു കോങ്കണ്ണന്‍പുഷ്കരന്‍ നിന്നോടു ഞാന്‍ പറയാന്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായിത്തന്നെ പറഞ്ഞിരുന്നുവെന്നും ഇഞ്ചിമിട്ടായിയും , കരിവളകളും കൃത്യമായെത്തിച്ചിരുന്നുവെന്നും എനിക്കറിയാം .... ആ മിട്ടായി ‘കൃത്യമായി’ എത്തിക്കാതെ വല്ല കാക്കയ്ക്കും ഇട്ടുകൊടുത്തിരുന്നെങ്കില്‍ പുഷ്കരന്‍ എന്റെ ഹിറ്റ്ലിസ്റ്റില്‍ സ്ഥാനം പിടിക്കുമായിരുന്നില്ല...

അതിനു പകരം അവനെന്നെ കൊലയ്ക്കു കൊടുക്കുകയല്ലായിരുന്നോ .... ?അല്ലായിരുന്നെങ്കില്‍ നിന്റെ മുഖത്തുനോക്കിയവന്‍ സംസാരിച്ചതിനു പകരം  നിന്റെ കൂട്ടുകാരിയും ഇപ്പോള്‍ എന്റെ പിള്ളാരെ പെറ്റുകൂട്ടുന്നവളുമായ പൂതനഅമ്മിണിയുടെ മുഖത്തുനോക്കി സംസാരിച്ചിരുന്നെങ്കില്‍ അവളെ ഞാന്‍ കെട്ടേണ്ടി വരില്ലായിരുന്നല്ലോ ...

അന്നു നിന്റെ മുഖത്തുനോക്കിപ്പറഞ്ഞ കാര്യങ്ങളത്രയും ‘അമ്മിണി’യോടാണെന്നു നിങ്ങളെല്ലാവരും തെറ്റിദ്ധരിച്ചതിനു കാരണം അവറ്റെ മുടിഞ്ഞ കോങ്കണ്ണു തന്നെയാണെന്നെനിക്കു മനസ്സിലാകുമ്പോഴേയ്ക്കും വളരെ വൈകിയിരുന്നു...

എന്നെ മാത്രമേ കല്യാണം കഴിക്കുമെന്നു വീട്ടില്‍ ശാഠ്യം പിടിച്ച അമ്മിണിയുടെ തങ്കപ്പെട്ട തന്തപ്പടി ഇടിവാള്‍ വാസു എന്റെ കൊലവള്ളിക്കുപിടിച്ചു “ കെട്ടഡാ... താലീ...” എന്നലറിയപ്പോള്‍ മറ്റെന്തിലും വലുതായിരുന്നല്ലോ എന്റെ കൊലവള്ളി ... അതെനിക്കുതന്നെ വിട്ടുകിട്ടാന്‍ വേണ്ടി ഞാനാ സാഹസം ചെയ്തു.....

പക്ഷേ പൊതുവേ ഭാഗ്യം കമ്മിയായ എനിക്കു ഇന്നും അതു തിരിച്ചുകിട്ടിയിട്ടില്ല.. അന്നു കൊലവള്ളി പിടിച്ചുവച്ചതു തന്തയായിരുന്നെങ്കില്‍ ഇന്നു മകളതില്‍ അമ്മിപ്പിള്ളകൊണ്ട് കാന്താരിമുളകരച്ചു കളിക്കുകയാ.... ഞാന്‍ തേങ്ങുകയാണു ശ്യാമളേ ... ഇപ്പോള്‍ ശൂ... എന്നൊരു ഒച്ചയുണ്ടായി, അതെന്റെ ഹൃദയത്തിന്റെ ഏതോ ഒരു മൂലയില്‍ നിന്നാണ്...

കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ വല്ല പാപവും ചെയ്തിട്ടുണ്ടാവുമെന്നു സമാധാനിച്ചുകൊണ്ടാണു ആത്മഹത്യ ചെയ്യാതെ പിടിച്ചു നില്‍ക്കുന്നത്... അതു മാത്രമല്ല എനിക്കു സന്തോഷിക്കാന്‍ മറ്റൊരു സന്തോഷവാര്‍ത്തകൂടിയുണ്ടായി ....

നമ്മുടെ കാശിന്റെ കണക്കു നിന്നെയൊന്നു എഴുതിയറിയിക്കാന്‍ നിന്റെ അഡ്രസ്സു തപ്പി ഞാന്‍ നിന്റെ കെട്ടിയോന്‍ ഡ്രൈവര്‍ കുമാരന്റെ പുളിമടയിലായിരുന്നു എത്തിപ്പെട്ടത്...  ഞാന്‍ അഡ്രസ്സു ചോദിച്ചപ്പോള്‍ അങ്ങേര്‍ പ്രതീക്ഷയോടെയായിരുന്നു എന്നെ നോക്കിയത് ...

നിന്നെ ഞാന്‍ കൊണ്ടുപോവുകയാണെങ്കില്‍ കൂടെ ഒരു കുപ്പി ജോണി വാക്കര്‍ ഫ്രീയായും തരാമെന്ന് ആ മഹാമനുഷ്യന്‍ പറഞ്ഞു .... പക്ഷേ അഡ്രസ്സുമാത്രം മതിയെന്നു പറഞ്ഞപ്പോള്‍ പ്രതീക്ഷതെറ്റിയ ആ മനുഷ്യജീവി അവിടെ കുഴഞ്ഞു വീഴുകയായിരുന്നു ... അതിനു കാരണം ടൂത്തുബ്രഷു തൊടിയിക്കാതെ പരിശുദ്ധമാക്കിവച്ച നിന്റെ ‘തൊള്ള’യാണെന്നെനിക്കറിയാം .... എനിക്കു സന്തോഷമായി ... വരാനിരുന്നത് വഴിയിലെ കുഴിയില്‍ ചാടിപ്പോയല്ലോ...

കുഴഞ്ഞുവീണ കുമാരന്റെ വായില്‍ ഒരുകവിള്‍ വോഡ്ക്കായും കമഴ്ത്തി ഞാന്‍ തിരിഞ്ഞു നടന്നു .....

ഇത്രയൊക്കെ ഹൃദയസ്പര്‍ശിയായ ഈ എഴുത്തുകൊണ്ടുള്ള എന്റെ പ്രതീക്ഷകള്‍ നീ തെറ്റിക്കില്ലെന്നുതന്നെ ഉറപ്പിച്ചുകൊണ്ട് , നിന്റ്റേതാവണമെന്നു കൊതിച്ചിരുന്ന നിന്റേതല്ലാത്ത വി.കെ നാണപ്പന്‍ ചേട്ടന്‍

എന്‍. ബി: നിന്റെ പണം കിട്ടുമെന്നപ്രതീക്ഷയില്‍ ഞാന്‍ ബെല്ലാരിയിലെ അണ്ണാച്ചിക്കു ഇരുനൂറു പോത്തിനു അഡ്വാന്‍സ് കൊടുത്തിട്ടുണ്ട് ...  എന്നെ ചതിക്കരുത് പ്ലീസ്...

Thursday, September 30, 2010

ഷാറൂഖ് ഇന്‍ മലയാളം..



വെറുതേയിരുന്നപ്പോള്‍ ചെയ്തുനോക്കിയ ഒരു പരീക്ഷണം, ബൂലോകരുമായി പങ്കുവെയ്ക്കുന്നു ...  വീഡിയോ ക്ലിക്കിനോക്കുക.... ഞാന്‍ ഓടി...   :)

Monday, August 2, 2010

വെട്ടിമാറ്റിയത്....!


ണ്ണെണ്ണവിളക്കിന്റെ നാളം എരിഞ്ഞടങ്ങിയപ്പോള്‍  തന്റെ മുന്നിലിരുന്ന പുസ്തകം അടച്ചുവച്ചശേഷം  ജനലിലൂടെ അരിച്ചിറങ്ങിയ അരണ്ട നിലാവെളിച്ചത്തില്‍ തപ്പിത്തടഞ്ഞുകൊണ്ടയാള്‍ പതുക്കെ എഴുന്നേറ്റു ..

മുറിയുടെ ഒരു കോണില്‍ ഭദ്രമായടച്ചുവച്ച  തകരപ്പെട്ടിയില്‍ നിന്നും കുറച്ചു ബീഡിക്കുറ്റികളും, മണ്ണെണ്ണവിളക്കിനുകൂട്ടായി വച്ചിരുന്ന തീപ്പെട്ടിയുമെടുത്തുകൊണ്ടയാള്‍ മെല്ലെ വീടിനു പുറത്തിറങ്ങി.

എങ്ങുനിന്നോ വീശിയടിക്കുന്ന തണുത്തകാറ്റില്‍ മഴവരുന്നതിന്റെ ധ്വനിയുണ്ടായിരുന്നെങ്കിലും ഓലക്കീറുകൊണ്ട് തന്റെ കുടിലിന്റെ വാതില്‍ മറച്ചുകൊണ്ടയാള്‍ ഇരുളിലൂടെ നടന്നു ...

ഏകദേശം ആറടിയോളം ഉയരമുള്ള അയാള്‍ക്ക് വയസ്സ് എഴുപതുകഴിഞ്ഞെങ്കിലും കണ്ണുകളിലെ തീക്ഷ്ണത മങ്ങിയിരുന്നില്ല ... സിരകളില്‍ നരബാധിച്ചിട്ടുണ്ടെങ്കിലും നല്ല ഉറച്ച ശരീരമായിരുന്നു അയാളുടേത്... വര്‍ഷങ്ങളായി അദ്ധ്വാനിച്ചു ജീവിച്ചതിന്റെ ക്ഷീണഭാവം അയാളില്‍ വ്യക്തമായിരുന്നു.

 ഒറ്റക്കൈലി മാത്രമുടുത്തുകൊണ്ട് ഒരു മേല്‍മുണ്ടു പോലുമെടുക്കാതെ, വീശിയടിക്കുന്ന തണുത്തകാറ്റിനെപ്പോലും വകവെയ്ക്കാതെ ഈ പാതിരാകഴിഞ്ഞ നേരത്തെങ്ങോട്ടാണയാള്‍ പോകുന്നത്... ?

നല്ല നിലാവുള്ളതുകൊണ്ട് വഴി കണ്ടുപിടിക്കാന്‍ അയാള്‍ക്കു വല്ലാതെ ബുദ്ധിമുട്ടേണ്ടി വന്നില്ല .. കുറച്ചു ദൂരം ചെന്നപ്പോള്‍  തന്റെ മടിക്കുത്തിലൊളിപ്പിച്ചുവെച്ച കുറ്റിബീഡിയെടുത്തു ചുണ്ടില്‍ വെച്ചശേഷം കാറ്റിനോടു പൊരുതാനെന്നവണ്ണം തീപ്പെട്ടിയുരച്ചു ... ബീഡിക്കു തീകൊളുത്തുന്നതില്‍ അയാളുടെ വൈദഗ്ധ്യം തെളിയിക്കും വിധം അത്ഭുതകരമായയാള്‍ ബീഡി കത്തിച്ചുകൊണ്ട്  രണ്ടുമൂന്നു കവിള്‍ പുക ഉള്ളിലേക്കെടുത്തശേഷം ആശ്വാസം വന്നപോലെ തന്റെ നടപ്പിനു വേഗം കൂട്ടി...

എങ്ങുനിന്നോ ഓരിയിടുന്ന പട്ടിയുടെ ശബ്ദമോ... രാത്രിയുടെ നിശബ്ദതയ്ക്കു ഭംഗം വരുത്തുന്ന മൂങ്ങയുടെ മൂളലോ ഒന്നും തന്നെ അയാളെ അലോസരപ്പെടുത്തിയില്ല. താനും  ആ രാത്രിയുടെ ഒരു ഭാഗമാണെന്നവണ്ണം അയാളുടെ നടപ്പിനു വേഗം കൂടിക്കൂടിവന്നു..

വള്ളിക്കുടിലുകളും കടന്ന്  വിജനമായ ഒരു സ്ഥലത്തെത്തിയപ്പോള്‍  ആരെയോ പ്രതീക്ഷിച്ചിട്ടെന്നവണ്ണം അയാള്‍ ചുറ്റും കണ്ണോടിച്ചുകൊണ്ടിരുന്നു .  അങ്ങകലെയായി ഒരു നുറുങ്ങുവെട്ടം കണ്ടതും  അയാള്‍ അതിനെ ലക്ഷ്യമാക്കി തന്റെ നടപ്പു തുടര്‍ന്നു .... വെട്ടത്തിലേയ്ക്കെത്താന്‍ പ്രതീക്ഷിച്ചതിലും ദൂരമുണ്ടെന്നു മനസ്സിലാക്കിയതുകൊണ്ടായിരിക്കണം അയാള്‍  അടുത്ത ബീഡിക്കുറ്റിക്കു തീ കൊളുത്തിയത്...

കാറ്റിനു വേഗതയേറിക്കൊണ്ടിരുന്നെന്നു മാത്രമല്ല ചാറ്റല്‍ മഴയും തുടങ്ങിയിരുന്നു .. ഉദിച്ചുനിന്ന നിലാവിനും മങ്ങല്‍ തുടങ്ങിയതൊന്നും  അയാളില്‍ ചലനമുണ്ടാക്കിയില്ല...

തെല്ലകലെയായി  കണ്ട വൈദ്യുത വിളക്കിന്റെ നുറുങ്ങുവെട്ടത്തിനടുത്തായയാളെത്തി .....

 അവിടെനിന്നും ഏതോ ഒരു വാഹനം ഓടിമറയുന്നതിന്റെ ശബ്ദം വ്യക്തമായി  കേള്‍ക്കാമായിരുന്നു ....

വൈദ്യുതി വിളക്കില്‍ നിന്നും വരുന്ന വെളിച്ചത്തിനുമപ്പുറത്തായി ചപ്പുചവറുകള്‍ നിക്ഷേപിക്കാന്‍ ആരൊക്കെയോ കുത്തിയുണ്ടാക്കിയ മുഷിഞ്ഞ ഗന്ധം പരത്തുന്ന കുഴിയിലേക്കയാള്‍ ആയാസപ്പെട്ടിറങ്ങുമ്പോള്‍  അയാള്‍ക്കു മുന്‍പേ അവകാശം സ്ഥാപിച്ച ഏതൊക്കെയോ ജന്തുക്കള്‍ ഓടിമറഞ്ഞു....

വെളിച്ചം ശരിക്കും കുഴിയിലേക്കു പതിക്കും വിധം തെരുവുവിളക്കു  സ്ഥാപിച്ചിരുന്നതുകൊണ്ട് അയാള്ക്ക് അന്നത്തേയ്ക്കുള്ള ഭക്ഷണം പൊതിഞ്ഞെടുക്കാനും മാത്രമല്ല  ഏതാനും സിഗരറ്റു കുറ്റികളും ബീഡിക്കുറ്റികളുംകൂടി പെറുക്കിയെടുക്കാനും കഴിഞ്ഞു ....

 അകലെയുള്ള പഞ്ചനക്ഷത്ര ഹോട്ടലിലെ നിശാക്ലബ്ബുകളില്‍ ഇനിയും വിളക്കുകളണഞ്ഞിരുന്നില്ല...

അയാള്‍ കുഴിയില്‍ നിന്നും ആയാസപ്പെട്ടു വലിഞ്ഞു കയറി പതുക്കെ തലയുയര്‍ത്തിയപ്പോള്‍  മുന്‍പില്‍ ഒരു രൂപം നില്‍ക്കുന്നു ... ഒരു നിലവിളി അയാളുടെ തൊണ്ടയില്‍ കുരുങ്ങിനിന്നു ...  സൂക്ഷിച്ചു നോക്കിയപ്പോള്‍ പത്തിരുപത്തിമൂന്നു വയസ്സു തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയാണതെന്നയാള്‍ക്കു മനസ്സിലായി .. അയാള്‍ തരിച്ചു നില്‍ക്കേ അവളയാളെ കെട്ടിപ്പിടിച്ചുകൊണ്ട് ഉച്ചത്തില്‍ നിലവിളിച്ചു .... “അച്ഛാ......” 

അയാളവളെ സൂക്ഷിച്ചു നോക്കി .. അതെ തന്റെ ഇളയമകള്‍ ... അവളെത്ര വലുതായിരിക്കുന്നു ..... താന്‍ അന്നു നാടുവിട്ടു വരുമ്പോള്‍ അവള്‍ക്കു പത്തുവയസ്സു പ്രായം വരും ... ഇന്നവള്‍ വളര്‍ന്നു ഒത്ത ഒരു പെണ്ണായിരിക്കുന്നു...
“മോളെ ... നീ... നീയെങ്ങിനെ ... ഇവിടെ.. യെത്തി...”  അയാളുടെ വാക്കുകള്‍ ഇടറിയിരുന്നു...

താന്‍ ജേര്‍ണലിസത്തിനു പഠിക്കുകയാണെന്നും , രാത്രിയുടെ മറവില്‍  മാലിന്യങ്ങള്‍ അശാസ്ത്രീയമായി പുറന്തള്ളുന്നത്  വെളിച്ചത്തുകൊണ്ടുവരാനാണു രാത്രിയില്‍ ഇവിടെ വന്നതെന്നും അവള്‍ അയാളെ പറഞ്ഞു മനസ്സിലാക്കി ... 
“അപ്പോള്‍ നീ തനിച്ചാണോ...?” 
“അല്ല എന്റെ കൂടെ ക്യാമറാ മാനും ഉണ്ട് ...” അകലെ ഒരു ബൈക്കില്‍ ചാരി നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനുനേരെ കൈ ചൂണ്ടിക്കൊണ്ട് അവള്‍ തുടര്‍ന്നു “ മാലിന്യം തള്ളാന്‍ കൊണ്ടുവരുന്ന വണ്ടിയെ ഫോളോ ചെയ്തു വന്നതാ ഞങ്ങള്‍ ... മാലിന്യവണ്ടി പോയപ്പോള്‍ ഞങ്ങളും തിരിക്കാനിരുന്നതാ .... അപ്പോഴാ .. ഞാന്‍ .. അച്ഛനെ......” അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി ....  

“എന്നാ ലും എനിക്കെന്റെ മോളെ ഒരു നോക്കു കാണാന്‍ കഴിഞ്ഞല്ലോ ... ചേച്ചിക്കും ചേട്ടനുമൊക്കെ സുഖമല്ലെ... ”

“ചേട്ടന്‍ സ്റ്റേറ്റ്സിലാ.... ചേച്ചി മെഡിക്കല്‍ കോളേജില്‍ ഡോക്ടറായി പ്രാക്റ്റീസു ചെയ്യുന്നു ... ”
അയാള്‍ പിന്നേയും എന്തോ ചോദിക്കാനായി തുനിയുകയും പിന്നെ ഒരു നെടുവീര്‍പ്പോടെ അതു വേണ്ടെന്നു വെക്കുകയും ചെയ്തു....

“അച്ഛനെ കണ്ട കാര്യം അമ്മയറിഞ്ഞാല്‍ ..... ” അവള്‍ വാക്കുകള്‍ മുഴുമിപ്പിച്ചില്ല.

“എനിക്കറിയാം മോളെ .... മോള്‍ക്കു തോന്നുന്നുണ്ടോ അച്ഛന്‍ നിങ്ങളോടു തെറ്റു ചെയ്തിട്ടുണ്ടെന്ന്?”

“ഇല്ല വേറെയാര്‍ക്കറിയില്ലെങ്കിലും എനിക്കറിയാം എന്റെയച്ഛനെ .... ”

*****
വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഒരു തിരുവോണദിനം   പ്രവാസ ജീവിതം മതിയാക്കി അയാള്‍ നാട്ടിലെത്തിയിട്ടു അന്നത്തേയ്ക്ക് ഇരുപത്തിയെട്ടു ദിവസം കഴിഞ്ഞിരിക്കുന്നു. മരുഭൂമിയിലെ ചുടുകാറ്റിനും കുളിര്‍മയുണ്ടെന്നു അയാള്‍ക്കു തോന്നാന്‍ കാരണം ഒരുനാള്‍ പ്രിയപ്പെട്ടവരുടെകൂടെ ഇതേപോലെ നാട്ടില്‍ ഓണമാഘോഷിക്കുന്ന ദിനത്തെക്കുറിച്ചുള്ള കിനാവുകളായിരുന്നു.

എയര്‍ കണ്ടീഷന്‍ ചെയ്യാത്ത കുടുസുമുറിയില്‍ സ്വന്തമായുള്ള ആറടിക്കട്ടിലില്‍  തലചായ്ക്കുമ്പോള്‍ .. സ്വന്തം മണ്ണിലേക്കു തിരിച്ചുപോകുന്ന ദിനമായിരുന്നില്ലേ എന്നും സ്വപ്നം കണ്ടിരുന്നത് ....? 

തിരുവോണത്തിനു കുട്ടികളോടൊപ്പമിരുന്നു സദ്യകഴിച്ചു വയറിലുമുപരി തന്റെ മനസ്സു നിറച്ചുകൊണ്ടയാള്‍ പുറത്തേക്കിറങ്ങുമ്പോള്‍ ഇളയമകളേയും കൂടെ കൂട്ടാന്‍ മറന്നിരുന്നില്ല... 

പഴയ കൂട്ടുകാരുടെയെല്ലാം വീടുകളില്‍ ഒരു കൊച്ചു സന്ദര്‍ശനം നടത്തിയപ്പോഴേയ്ക്കും സന്ധ്യമയങ്ങിയിരുന്നു...

തിരിച്ചു വീട്ടിലെത്തിയപ്പോള്‍ അവിടമാകെ ബഹളം ... കുറേ ചെറുപ്പക്കാരും ചെറുപ്പക്കാരികളും കൂടിയിരിക്കുന്നു ..

“അവരെല്ലാം ചേട്ടന്റെയും ചേച്ചിയുടെയും ഫ്രണ്ട്സാ....” മകള്‍ അയാളുടെ ആകാം ക്ഷയ്ക്കു വിരാമമിട്ടു.

നേരെ വീട്ടിലേക്കു കയറിയപ്പോള്‍ അയാള്‍ക്കു പരിചയമില്ലാത്ത പലതുമവിടെ നടക്കുന്നതയാള്‍ക്കു കാണാന്‍ സാധിച്ചു ... കോളേജു പിള്ളേര്‍ മദ്യക്കുപ്പികള്‍ പൊട്ടിച്ചതയാള്‍ കാണാത്തപോലെ നടിച്ചെങ്കിലും  ഒരുവന്‍ തന്റെ മകളുടെ കൈക്കു പിടിച്ചതയാള്‍ക്കു സഹിച്ചില്ല.

“ഛീ .. കൈ വിടെടാ...”
അയാളലറി

“ഹേയ് ... ഇയാളേതാ....” ഒരുവന്‍
“ങാ .. ഇതെന്റെ ഡാഡിയാ... അങ്ങേര്‍ക്കു വിവരമില്ലാ ... നീ ക്ഷമി ...” സ്വന്തം പെങ്ങളെ കയറിപ്പിടിച്ചവനോട് തന്റെ മകന്‍ പ്രതികരിച്ചതയാള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നതുകൊണ്ടുമാത്രമായിരുന്നില്ല തന്റെ മകന്‍ തനിക്കന്യനല്ലാ എന്നുള്ളതുകൊണ്ടുകൂടിയായിരുന്നയാള്‍ അപ്പോഴത്തേ ദേഷ്യത്തിനവന്റെ മുഖത്തുതന്നെയൊന്നു പൊട്ടിച്ചത്...

പക്ഷേ ... അവനയാളെ പിടിച്ചുതള്ളുകയും ... പിന്നീടു പറഞ്ഞ തെറി വാക്കുകളയാള്‍ക്കു പുതുമയുള്ളതായിരുന്നു ..... അപ്പോഴാണു അയാളുടെ ഭാര്യ രംഗത്തുവന്നത് ...

“നീയിതു കണ്ടില്ലേ.....”

“കണ്ടു ഞാനെല്ലാം കണ്ടു .... ബോധമില്ലാത്ത നിങ്ങളുടെ പെരുമാറ്റം ഞാന്‍ കണ്ടു .... സ്വന്തം മക്കളെ കൂട്ടുകാരുടെ മുന്‍പില്‍ വെച്ചപമാനിച്ചിരിക്കുന്നു... നിങ്ങളുടെ പഴയ വൃത്തികെട്ട ജീവിതം പോലെയല്ല ഇന്നത്തെ പിള്ളേര്‍ ... ”

“നീയെന്താടീ പറഞ്ഞത് .. നമ്മുടെ മക്കള്‍ വഴിതെറ്റുന്നതിനെ ന്യായീകരിക്കുന്നോ ... ഇതിനാണൊ ഞാന്‍ ഗള്‍ഫില്‍ ചെന്നു ചോര നീരാക്കിയത്?.”

“ചോര നീരാക്കി പോലും .... ഇതേ എന്റെ പേരിലുള്ള വീടും സ്ഥലവുമാ ... ഇവിടെ എന്തു നടക്കണമെന്നു ഞാന്‍ തീരുമാനിക്കും .... നിങ്ങള്‍ ഗള്‍ഫില്‍ സുഖിച്ചു ജീവിച്ചിട്ട് എന്നുമൊരു കഷ്ടപ്പാടിന്റെ കഥപറയും ....... ഇതേ ഞാന്‍ പണിയിച്ച വീടാ ... പണമയച്ചുതന്നെന്നല്ലാതെ ... ഒരു വീടുപണിയിക്കുന്നതിന്റെയോ.. മക്കളെ വളര്‍ത്തുന്നതിന്റെയോ അദ്ധ്വാനമൊന്നും നിങ്ങള്‍ക്കറിയേണ്ടല്ലോ..... എന്നിട്ടിപ്പോ ഒള്ള ജോലിയും കളഞ്ഞു വന്നിരിക്കുന്നു..... മനുഷ്യനെ നാണം കെടുത്താന്‍  ”

അവള്‍ പറഞ്ഞതിനൊന്നുമയാള്‍ മറുപടി പറഞ്ഞില്ല....

അളവറ്റു സ്നേഹിച്ചിരുന്നവരുടെ സ്നേഹം പോലും അളന്നുതൂക്കിയതായിരുന്നെന്ന സത്യം എന്നും കൂടെയുണ്ടാവുമെന്നു കരുതിയ പത്നിയുടെ പേരിലെടുത്ത വീട്ടില്‍ നിന്നും ആട്ടിയിറക്കപ്പെട്ടപ്പോള്‍  അയാള്‍ക്കു മനസ്സിലായി... സ്വന്തം കുഞ്ഞുങ്ങളുടെ മനസ്സു പോലും വെറുത്തുപോകത്തക്കവണ്ണം എന്തു തെറ്റാണു താന്‍ ചെയ്തതെന്നയാള്‍ക്ക് ഇന്നും അജ്ഞാതമാണ്‍്. 

അവര്‍ക്കുണ്ണാനുമുടുക്കാനുമുള്ള വകതേടി കടല്‍ കടന്നതും, പൊരിവെയിലത്തു എരിയുന്ന വയറ് മുറുക്കിക്കെട്ടി പണിയെടുത്തതും, പ്രിയപ്പെട്ടവരുടെ ജീവിതം ഒന്നൊന്നായി രക്ഷപ്പെടുത്തിയതും അയാളിലൂടെ ഒരു  മിന്നല്‍ കണക്കെ കടന്നുപോയി...

ഒടുവില്‍ അവസാനമായിട്ടൊന്നു വിശ്രമിക്കാന്‍ ,സ്വന്തം നാടിന്റെ ഗന്ധമേറ്റുറങ്ങാന്‍ എല്ലാമവസാനിപ്പിച്ചു മടങ്ങിയ തനിക്കു എല്ലാമുണ്ടെന്നു കരുതിയ താന്‍ വിഡ്ഢിയാവുകയായിരുന്നു .... വിയര്‍പ്പുതുള്ളികളുടെ ഫലം മറ്റുള്ളവരുടെ പേരില്‍ ഉരുക്കൂട്ടിവെച്ചപ്പോള്‍ അതവര്‍ക്കു സ്വന്തമായിത്തീര്‍ന്നിരുന്നു.

മാസാമ്മാസം പണമയക്കാന്‍ കഴിയാത്ത, പച്ചയായ മനുഷ്യനുനല്‍കാന്‍ ഇവിടെ ഒരു  പുഞ്ചിരിപോലുമില്ലെന്നു മനസ്സിലാക്കിയ അയാള്‍  അങ്ങകലേയ്ക്കു നടന്നകലുകയായിരുന്നു.

ആത്മഹത്യചെയ്യാന്മാത്രം  ഭീരുവല്ലാത്തതുകൊണ്ട് ആളൊഴിഞ്ഞ കോണിലെ കുടിലില്‍ അയാള്‍  ഇന്നും ജീവിക്കുന്നു... ആരോടും കൈ നീട്ടാതെ ... ആരേയും വേദനിപ്പിക്കാതെ....

അകലെ നക്ഷത്രഹോട്ടലുകളില്‍നിന്നും പുറം തള്ളുന്ന ഉച്ചിഷ്ടവും ഏതാനും മുറിയന്‍ ബീഡികളും അയാള്‍ക്കു ജീവിക്കാന്‍ ധാരാളം !!

*******
‘എന്താ അച്ഛാ ആലോചിക്കുന്നത്?’ എന്ന മകളുടെ ശബ്ദമാണയാളെ ചിന്തയില്‍ നിന്നുമുണര്‍ത്തിയത്
“ഒന്നുമില്ല....ഓരോന്നോര്‍ക്കുകയായിരുന്നു .... സമയം വൈകിയില്ലേ ... മോളു പോയ്ക്കോ ...”

അച്ഛനെയും കൊണ്ടേ താന്‍ പോകുമെന്ന അവളുടെ വാക്കുകള്‍ അയാള്‍ കേട്ടില്ലെന്നു നടിച്ചു

“അച്ഛന്‍ വരുന്നില്ല ... മോള്‍ക്ക് അച്ഛനെ കാണണമെന്നു തോന്നുമ്പോള്‍ ഇവിടെ വന്നാല്‍ മതി .. അച്ഛനിവിടെ മനസ്സമാധാനത്തോടെയാണു ജീവിക്കുന്നത് ... ”

ഇത്രയും പറഞ്ഞുകൊണ്ട് തിരിച്ചു തന്റെ കുടിലിനെ ലക്ഷ്യമാക്കി നടക്കുമ്പോള്‍  അറിയാതെ വിതുമ്പിപ്പോയ അയാളുടെ കവിളിലൂടെയൊലിച്ചിറങ്ങിയ കണ്ണുനീരൊപ്പാന്‍ മഴ ശക്തിയായി പെയ്തുതുടങ്ങിയിരുന്നു.

Wednesday, July 21, 2010

പാത്തുമ്മയുടെ നീരാളി...


ട്യേയ്  പാത്ത്വോ ഒന്ന് നിക്ക് ന്റെ പാത്ത്വോ... ബയസും പ്രായൌ ഒക്കായില്ലേ ഞമ്മക്ക് അന്റെ ബയ്യില്‍  മുമ്പത്തമാതിരി ഓടാങ്കയ്യൂല ശൈത്താനെ ”

നാലായിരത്തിതൊള്ളായിരത്തിത്തൊണ്ണൂറ്റിയൊന്‍പതര വാട്സില്‍  പാത്തുവിന്റെ ഹസ്ബന്റ് കം രക്ഷാകര്‍ത്താവ് അവറാന്‍ കിടന്നു അണ്ണാക്കിലെ വെള്ളം വറ്റിച്ചിട്ടും പാത്തു കുലുങ്ങിയില്ല . തന്റെ ബാപ്പ പണ്ട് സ്ത്രീധനത്തിന്റെ കൂടെ സമ്മാനിച്ച മുറിയങ്കാലന്‍ ശീലക്കുടയും കക്ഷത്തുവെച്ച് പാത്തു ആഞ്ഞാഞ്ഞു നടക്കുകയാണ്‍് ..

പണ്ട് പഞ്ചായത്ത് ഇലക്ഷനില്‍ പാത്തുവിനെ മാറ്റിനിര്‍ത്തി പ്രസ്തുത സ്ഥാനത്തു നിന്ന് വിജയം വരിച്ച സുലൈഖട്ടീച്ചറുടെ വീടിനുമുന്‍പിലെത്തിയപ്പോള്‍ പതിവുതെറ്റിക്കാതെ അന്നും നീട്ടിയൊന്നു തുപ്പാന്‍ പാത്തു മറന്നില്ലാ എന്നത് പാത്തുവിലെ കൂര്‍മ്മ ബുദ്ധിയെയാണോര്‍മ്മിപ്പിക്കുന്നത് .

ഇന്നു പാത്തു ആളാകെ മാറിപ്പോയിരിക്കുന്നു. ഈ മാറ്റത്തിനു കാരണക്കാരനായ സാക്ഷരതാക്ലാസിലെ ഉസ്താദ് ബാലന്‍ മാഷിനെ കണ്ണിനു മുന്‍പില്‍ കിട്ടാന്‍ കാത്തിരിക്കുകയാണ്‍് അവറാന്‍ 

ഹല്ലപിന്നെ! കള്ള ഹംക്ക് പാത്തുമ്മ അക്ഷരം പഠിച്ച അന്നുമുതല്‍ വീട്ടില്‍ പത്രം വരുത്താന്‍ തുടങ്ങിയെന്നത് കുറച്ചൊക്കെ സഹിക്കാന്‍ പാകത്തിനായിരുന്നെങ്കില്‍ മാസ്സാമ്മാസം പത്രക്കാരനു കാശെണ്ണിക്കൊടുക്കണമെന്നത് ഒട്ടും സഹിക്കാന്‍ കഴിയുമായിരുന്നില്ല അവറാന്‍് .  അല്ലേലും ഈ ‘അച്ചരം പടിച്ചിട്ട് ’ എന്തുകിട്ടാനാ ...

അവറാനു നേട്ടമൊന്നുമില്ലാ എങ്കിലും അക്ഷരം പഠിച്ചതുകൊണ്ട് പാത്തുമ്മയ്ക്കു നേട്ടങ്ങള്‍ പലതായിരുന്നു! പൊന്നിന്റെ വില ദെവസോം കൊറഞ്ഞോന്നു നോക്കാം ... കൊറയണ ദെവസം പുയ്യാപ്ലനെ കഞ്ഞിന്റെ ബെള്ളം കൊടുക്കാണ്ട് പേടിപ്പിച്ച്    പൊന്ന് ബാങ്ങിപ്പിക്കാം

'ഈ വയസ്സു കാലത്തും എന്തിനാ പാത്ത്വോ പൊന്ന്  ' എന്നാരെങ്കിലും ചോദിച്ചാല്‍ പാത്തു ഉടനെത്തന്നെ പറയും “ഞമ്മള്‍് കേരളരാജ്യത്തല്ലേ ന്റെ കദീശോ.. ഞമ്മള്‍് പെണ്ണുങ്ങക്ക് സുബര്‍ക്കം കിട്ടീല്ലെങ്കിലും സൊര്‍ണ്ണം കിട്ട്യാ മത്യല്ലോ അയിന്റൊരു വര്‍ക്കത്ത് ബല്ലാത്ത ഒര്‍് ഇതാ...”


അങ്ങിനെ ഒരു ദിവസം കട്ടന്‍ ചായയുടെ കൂടെ പത്രത്തിലെ ‘കറുത്ത ശൈത്താനച്ചരങ്ങള്‍ ’ പെറുക്കി വായിക്കുമ്പോഴായിരുന്നു പാത്തുമ്മയുടെ കണ്ണില്‍ അതുപെട്ടത് ...

നീരാളി എന്ന ഏതോ ജിന്ന് പറയുന്നതൊക്കെ സത്യമാണുപോലും! .. ആലം ദുനിയാവ് പന്തുകളിപ്പരീക്ഷേല്‍  ഇസ്പയിന്‍ ജയിക്കുംന്ന്  ആ ജിന്ന് പറഞ്ഞത് സത്യായി പോലും!!  ബല്ലാത്തൊരു പഹേന്‍ ജിന്ന് തന്നെ.

 പണ്ടത്തെ പഞ്ചായത്തിലക്ഷനില്‍ നിന്നും പിന്-വാങ്ങേണ്ടിവന്നതിലുള്ള നിരാശയിലുപരി തന്റെ വര്‍ഗ്ഗ ശത്രു സുലൈഖ ജയിച്ചതിലുള്ള അമര്‍ഷം പാത്തുവില്‍ ഇന്നും ചാത്തനേറു നടത്തുന്നുണ്ട് . സുലൈഖയുടെ കാലൊടിക്കാനും കണ്ണുപൊട്ടാനുമെല്ലാം നേര്‍ച്ച നേര്‍ന്ന പണമുണ്ടായിരുന്നെങ്കില്‍ ഇന്നൊരു പഞ്ചായത്തുതന്നെ സ്വന്തമായിട്ടു പാത്തുവിനു വിലയ്കെടുക്കാമയിരുന്നു!

കോഴിമുട്ടയില്‍  കളം വരച്ചുള്ള പരിപാടിയും ചെന്തെങ്ങിന്റെ കരിക്കില്‍ ആണിയടിച്ചുള്ളപരിപാടികളുമെല്ലാം  ചെയ്തുകൊടുത്തു പലരും പാത്തുവില്‍ നിന്നും പണം പിടുങ്ങിയിരുന്നെങ്കിലും അതെല്ലാം സുലൈഖയില്‍ ഏശിയില്ല ... എത്രയെത്ര മുസ്ല്യാമ്മാരെയും സ്വാമിമാരെയും കണ്ടു .... എന്തെല്ലാം കൊടുത്തു ...

ഒരിക്കല്‍ നട്ടപ്പാതിരാ നേരത്ത്  സുലൈഖയെ തളയ്ക്കാനായി പള്ളിക്കാട്ടിലെ കാഞ്ഞിരക്കുറ്റിയില്‍ ആണിയടിക്കാന്‍ ചെന്ന പാത്തുമ്മയെക്കണ്ടു പേടിച്ച പള്ളിയിലെ മുക്രിക്കു ഇന്നും അരവട്ടാണെന്നാണു നാട്ടുകാര്‍ പറയുന്നത് ...  മുക്രി പള്ളിക്കാട്ടില്‍ ജിന്നിനെകണ്ടെന്നോ, ജിന്ന് മുക്രിക്ക് വരം നല്‍കിയെന്നൊക്കെയായി വാര്‍ത്തകള്‍ പലവഴിക്കു പിരിഞ്ഞു നാട്ടില്‍ കറങ്ങിയടിച്ചുനടക്കുന്നുണ്ട്.  മുക്രി പച്ചയായ പാത്തുവിനെയാണു കണ്ടതെന്ന സത്യം പാത്തുവിലും ദൈവത്തിലും മാത്രം ഒതുങ്ങിനിന്നു.

 ഇത്രയൊക്കെ മന്ത്ര തന്ത്രാദികള്‍ ചെയ്തിട്ടും ഇതൊന്നും ഫലിക്കാതിരിക്കാന്‍ സുലൈഖ എന്തു ഉറുക്കാണു (ഏലസ്) കെട്ടുന്നതെന്നത്  പാത്തുവിനു ഇന്നും പാര്‍ട്ടിഫണ്ടില്‍ നിന്നും അപ്രത്യക്ഷമാകുന്ന നോട്ടുകെട്ടുപോലെയാണ്‍്.

ഏതായാലും സുലൈഖക്കെതിരില്‍ നീരാളി ജിന്നിനെ വെച്ച് ഒരു പയറ്റു പയറ്റാന്‍ തന്നെ പാത്തു തീരുമാനിച്ചു.

അങ്ങിനെയാണ്‍് ചാറ്റല്‍ മഴയുണ്ടായിട്ടും മുറിയങ്കാലന്‍ കുട കക്ഷത്തുതന്നെ ഫിറ്റുചെയ്ത് പാത്തു ജര്‍മ്മനിയെ ലക്ഷ്യമാക്കി നടന്നത്. അവിടെയാണല്ലൊ നീരാളിജിന്നിന്റെ താവളം.

“ജര്‍മ്മനീപ്പോണേനു മുമ്പ് ഇച്ച്  കൊറച്ച് കഞ്ഞിന്റെ ബെള്ളം തന്നിട്ട്  പോ ന്റെ പാത്ത്വോ”  പാത്തുവിന്റെ പിറകില്‍നിന്നും അവറാന്‍ ദീനരോദനം പുറപ്പെടുവിച്ചതൊന്നും പാത്തുവിന്റെ ജര്‍മ്മനിയില്‍ ഉടക്കിനിന്ന ചെവിയുടെ ഏഴയലത്തുപോലുമെത്തിയില്ല എന്നതുവാസ്തവം!!

പോകുന്നപോക്കില്‍ അടുത്തവീട്ടിലെ ആമിനയെചെന്നുകണ്ട്   “ആമിനോ ഇജ്ജ് ഞമ്മളെ ആടിനു കൊറച്ച് ബെള്ളം കൊട്ക്കണം  ഞമ്മള്‍് ഒന്ന് ജര്‍മ്മനീപ്പോയിട്ട് ഇപ്പൊ ബരാട്ടോ ” എന്നോര്‍മ്മിപ്പിക്കാനും പാത്തുമ്മ മറന്നില്ല കാരണം ആടും പാത്തുമ്മയും തമ്മിലുള്ള ബന്ധം  അത്രയ്ക്കു ഭയങ്കരമായിരുന്നു.

അങ്ങിനെ ഒരു വിധം ബസ്റ്റോപ്പിലെത്തിയ പാത്തു ജര്‍മ്മനിക്കുള്ള ബസ്സിനായി കുത്തിയിരിപ്പു തുടങ്ങി. പല ബസ്സുകളും കടന്നുപോയി പക്ഷേ അതിലൊന്നും ജര്‍മ്മനി വഴി ഉഗാണ്ട എന്ന ബോര്‍ഡുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ പാത്തുവിന്റെ കാത്തിരിപ്പുംതുടര്‍ന്നുകൊണ്ടിരുന്നു . സുലൈഖയെ തളയ്ക്കാന്‍ കിട്ടുന്ന ഒരു അവസരത്തിനു വേണ്ടി എത്രയും ക്ഷമിക്കാന്‍ പാത്തു തയ്യാറാണ്‍് ..ആയതിനാല്‍ മണിക്കൂറുകളോളം ക്ഷമിച്ചിരുന്നതിന്റെ ഫലമായി ജര്‍മ്മനിയെന്നു ബോര്‍ഡുവെച്ച ഒരു മിനിബസ്സ് വന്നപ്പോള്‍ പാത്തു അതില്‍  പാഞ്ഞുകയറി.

“എവിടേയ്ക്കാ”  കണ്ടക്ടര്‍ ഫുള്‍സ്റ്റൈല്‍ കുട്ടപ്പന്‍ പാത്തുവിനോടു ഈണത്തില്‍ ചോദിച്ചതിനു “ജര്‍മ്മനീക്കാ” എന്നു അതേ രാഗത്തില്‍ പാത്തു മറുപടി പറഞ്ഞപ്പോള്‍ കുട്ടപ്പന്‍ ഞെട്ടിയില്ല കാരണം പാത്തു ചുമ്മാ തമാശിച്ചതാണെന്നങ്ങു കരുതിക്കളഞ്ഞു നമ്മുടെ കണ്ടക്ടര്‍!

പക്ഷേ ഒന്നുകൂടി ഉറപ്പിച്ചു ചോദിച്ചപ്പോള്‍  ഉറപ്പിച്ചുതന്നെ ജര്‍മ്മനിയെന്നു പാത്തുവിന്റെ മറുപടികേട്ട കുട്ടപ്പ്ന്‍ ഞെട്ടി! ഒന്നല്ല ഒന്നൊന്നര വട്ടം !!

“ജര്‍മ്മനിക്കോ ... എന്താ തള്ളേ കുതിരവട്ടത്തേയ്ക്കു പോവാന്‍ സമയമായോ?” കുട്ടപ്പന്റെ ന്യായമായ ചോദ്യം.

“ അന്റെ ഉമ്മാന്റെ ഉമ്മയാടാ തള്ള ...” മറ്റെന്തും സഹിക്കാനും പൊറുക്കാനുമുള്ള എന്തരോ ഉള്ള പാത്തു തള്ളയെന്നു വിളിക്കുന്നതു മാത്രം സഹിക്കില്ല വിത്ത് പൊറുക്കില്ല.

ഇതുകേട്ടുകൊണ്ട്  ബസ്സിലിരുന്ന മാന്യമഹാ ജനങ്ങള്‍ കൌതുകത്തോടെ പാത്തുവിനെ നോക്കി ! ‘ ജര്‍മ്മനിക്കു കുടയും പിടിച്ചിറങ്ങിയിരിക്കുന്നു ’ .... ആരോ പിറുപിറുത്തു

“ ഇജ്ജ് അന്റെ ഉണ്ടക്കണ്ണോണ്ട് നോക്കാണ്ട് ജര്‍മ്മനിക്ക്ള്ള ഇസ്റ്റിക്കറ്റെട് ഹംക്കേ..”  പാത്തു വീണ്ടും ജര്‍മ്മനിയില്‍ത്തന്നെ പിടിമുറുക്കുന്നു. ഇതുകേട്ടവരെല്ലാം പൊട്ടിച്ചിരിച്ചു .. പാത്തുവിനു ഹാലിളകി..  “ ന്റെ ജര്‍മ്മനീലെ ജിന്നേ... ഞമ്മളെ കാക്കണേ.  ” എന്നും പറഞ്ഞ്  കണ്ടക്ടറുടെ മോന്തയ്ക്കിട്ടാഞ്ഞൊന്നു കൊടുത്തു. ജര്‍മ്മനിയും കടന്ന്  അന്റാര്‍ട്ടിക്ക വഴി ഒരു നിമിഷത്തേയ്ക്ക് ശൂന്യാകാശത്തേയ്ക്കെത്തിപ്പോയ കണ്ടക്ടര്‍ക്കു സ്ഥലകാല ബോധം തിരികെവരാന്‍ നിമിഷങ്ങള്‍ കാത്തുനില്‍ക്കേണ്ടി വന്നു.

പാത്തുമ്മയുടെ ജര്‍മ്മനി ബഹളം കാരണം ഏതോ ഒരു സ്റ്റോപ്പില്‍ ബസ്സു നിര്‍ത്തിയിട്ടശേഷം ‘ബുദ്ധിമാനായ’ ഡ്രൈവര്‍ ഒന്നിനുപോയി.. നാട്ടുകാര്‍ ബസ്സിനുചുറ്റും തടിച്ചുകൂടി കാര്യകാരണങ്ങള്‍ ക്യാഹെ ഹും ? യേകോന്‍ ഹൈ ? ങാഹ ഹും !! എന്നെല്ലാം പരസ്പരം ചോദിച്ചുകൊണ്ടിരുന്നു. ആരൊക്കെയോ ചേര്‍ന്ന്  പതിവുതെറ്റിക്കാതെ നമ്മുടെ നാട്ടുമര്യാദ പ്രകാരം ‘ബുദ്ധിയില്ലാത്ത ’ കണ്ടക്ടറെയും കിളിയെയും കിട്ടിയ ചാന്‍സില്‍ നാലഞ്ചു പൂശങ്ങു പൂശി ...

പിന്നീടു വന്നവര്‍ “അനക്കും ഇല്ലേ ഹംക്കുകളേ അമ്മൂമ്മേം അമ്മൂമ്മന്റമ്മേം ഒക്കെ ബീട്ടില്‍ ...” എന്നുപറഞ്ഞുകൊണ്ട്  പൂശല്‍ തുടര്‍ന്നുകൊണ്ടിരുന്നു ...  അവസാനം നാട്ടുകാര്‍ തളര്‍ന്നപ്പോള്‍ പൂശുനിന്നു.  കണ്ടക്ടര്‍ വിത്ത് കിളി ഓക്സിജന്‍ ആഞ്ഞുവലിച്ചു.  ഹാവൂ....

“അല്ലാ എന്താ സംഭവം ???????????”  ഏതോ വിവരം കെട്ടവന്‍ വിളിച്ചു ചോദിച്ചപ്പോഴാണു നാട്ടിലെ വിവരമുള്ള പൂശലുകാര്‍ പരസ്പരം നോക്കിയത്... 

“ശംബവം ഞമ്മള്‍് തന്നെ പറയാ...”  പാത്തുമ്മയുടെ വായിലെ കൊടുവാളിളകിമറഞ്ഞു!   ജനം കാതുകൂര്‍പ്പിച്ചു!!

“ഞമ്മള്‍് ഒന്ന് ജര്‍മ്മനി ബരേ പോയി ബരാന്‍ ഈ കുന്ത്രാണ്ടത്തില്‍ കേറിയതാ . ഇസ്റ്റിക്കറ്റ് ചോയിച്ചപ്പോ ഈ ഹംക്ക്കള്‍ ഞമ്മളെ മക്കാറാക്കി .... ”

“ ജര്‍മ്മനീലേക്കോ ?!!!!    അതും ഈ ബസ്സിലോ????????!!!!!!!!!!!!” കേട്ടുനിന്ന മോനായിക്കു സംശയമങ്ങട്ട് അടക്കാന്‍ കഴിഞ്ഞില്ല

“ ഈ ശൈത്താനിലല്ലാണ്ട് ബേറെ ഏത് ബസ്സാ ഹംക്കേ ജര്‍മ്മനീല്‍ക്ക് ഇള്ളത് .... ഇജ്ജ് കണ്ടിലെ ബോര്‍ഡ് ബെച്ചത്  ജര്‍മ്മനീ സര്‍ക്കാര്‍ ബസ്സ് ന്ന് ...” 

“ ജര്‍മ്മനീന്നു ബോര്‍ഡോ ?!!! ... ഇത്      മെഡിക്കല്‍ കോളേജ് വഴി കോഴിക്കോട് എന്നാണല്ലോ ഇതിന്റേ ബോര്‍ഡ് ....” വിവരമില്ലാത്ത  കുട്ടന്‍ മാഷു തികച്ചും ന്യായമായ കൊസ്ത്യന്‍ പാത്തുവിനു പാസ്സ് ചെയ്തു

“ഇജ്ജ് മാഷാന്നു പറഞ്ഞിട്ട് ന്താ ന്റെ കുട്ടാ അനക്കു ബെബരം ബേണ്ടെ ..... ഇജ്ജ് ആ ബല്യ ബോര്‍ഡ് നോക്ക് എന്നിട്ട്  പറ...  ”

കുട്ടന്മാഷും കൂടെ സകലമാന ജനങ്ങളും പാത്തുചൂണ്ടിക്കാട്ടിയ ബോര്‍ഡിലേക്കു സൂക്ഷിച്ചു നോക്കി . ബസ്സിന്റെ സൈഡില്‍ കെട്ടിയിട്ട ബാനറില്‍  വലുതായിട്ട് ഇങ്ങനെ എഴുതിയിരുന്നു.

“ജെമിനി   സര്‍ക്കസ്   ”

അതിനു താഴെ ചെറുതായിട്ട്  “ദിവസേന നാലുകളികള്‍ ” എന്നുമെഴുതിയിരുന്നു എന്നതും ഫയങ്കരമാണ്‍് !!

ഇതു നോക്കിനിന്ന നാട്ടുകാര്‍ക്കു മനസ്സിലായി പാത്തു ഒരു മഹാ പ്രതിഭയാണെന്നും തങ്ങളെല്ലാം ഭൂമിയിലെ മഹാ മണ്ടന്മാരാണെന്നുമാത്രമല്ല ഇതിനു പാത്തുവിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നും സാക്ഷര കേരളം അതി സുന്ദര കേരളമെന്നാണെന്നുമെല്ലാം..........

നാട്ടുകാര്‍ ഓരോരുത്തരായി വലിഞ്ഞുകൊണ്ടിരുന്ന തക്കം നോക്കി  ഡ്രൈവര്‍ പതുക്കെ വണ്ടിയെടുത്തു. പാത്തുകയറുന്നതിനു മുന്‍പേതന്നെ ജര്‍മ്മനിക്കുള്ള മിനിബസ്സ് കോഴിക്കോട്ടേയ്ക്കു പറന്നു...   ഇതുകണ്ട പാത്തു വിളിച്ചു പറഞ്ഞു ...

“അച്ചരം പടിച്ച ഞമ്മളോടാ മന്‍സന പറ്റിക്കാന്‍ ജര്‍മ്മനീന്നു ബോര്‍ഡ് ബെച്ച്  കളിച്ചണത് ... ഇത്  പത്രത്തില്‍ കണ്ടപോലത്തെ വിസിനസാ  ജര്‍മ്മനീന്ന് ബോര്‍ഡ് ബെച്ച്  മന്‍സമ്മാരെ പറ്റിക്കാന്‍ള്ള വിസിനസ്സ്കിറിക്ക്...”
 (ബിസിനസ്സ് ട്രിക്ക് എന്നു പറഞ്ഞാലും തെറ്റില്ല)

അങ്ങിനെ നീരാളി ജിന്നിനെ തേടിയുള്ള യാത്ര പാതിവഴിയിലുപേക്ഷിച്ച നമ്മുടെയും അതിലുപരി നാട്ടുകാരുടെയും പാത്തു സുലൈഖായെ തകര്‍ക്കാനുള്ള പുതിയ തന്ത്രമാലോചിക്കാന്‍ വീട്ടിലേക്കു മടങ്ങിപ്പോയി  !

വീട്ടിലെത്തിയപ്പോള്‍  ഹസ്ബന്റ്ജി കം രക്ഷാകര്‍ത്താജി അവറാനു കഞ്ഞി കിട്ടിയില്ലെങ്കിലും തന്റെ എല്ലാമെല്ലാമായ ആടിനു ക്ഞ്ഞിവെള്ളം കിട്ടിയെന്നത് പാത്തുവിനെ ആഹ്ലാദ പുളകിത കശ്മല കുശ്മിതയാക്കി !!!!

ധന്യവാര്‍.

Wednesday, July 14, 2010

പെട്രോളില്‍ ചാലിച്ച കത്ത്...


സ്നേഹം നിറച്ചുവെച്ച  അച്ഛാ അച്ഛന്റെ വിധിയെന്നു നാട്ടുകാര്‍ വിധിയെഴുതിയ അമ്മേ , നിങ്ങള്‍ രണ്ടുപേരുടെയും അതിലുപരി നാട്ടുകാരുടെയും  ഒടുക്കത്തെ ആഗ്രഹത്തിനൊടുവില്‍ ഞാന്‍ ഗള്‍ഫുമണലില്‍ കാലുകുത്തി .  ഞാന്‍ ഗള്‍ഫില്‍ തന്നെയാണു വന്നിറങ്ങിയതെന്ന് ഒന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ .

നാടുകടന്ന് പത്തുമാസത്തിനു ശേഷമാണോടാ തെണ്ടീ നീ ഒരെഴുത്തയയ്ക്കുന്നത് എന്നതായിരിക്കും ഇപ്പോള്‍ അച്ഛന്റെ മനസ്സിലൂടെ കടന്നുപോയത്  എനിക്കറിയാം കൊച്ചുകള്ളാ.. അച്ഛാ...

എന്നെ ഗള്‍ഫിലേക്കു ‘നന്നാവാന്‍’ വേണ്ടി കടത്തിവിടുമ്പോള്‍ ഞാന്‍ നന്നാവുന്നതിലുമുപരി അച്ഛനു നന്നാവാം എന്ന ഒരു ഹിഡണ്‍ അജണ്ടയുണ്ടായിരുന്നുവെന്നതും എനിക്കറിയാമായിരുന്നു. ഹിഹി ഞാനാരാ മോന്‍.

പിന്നെ നാട്ടുകാരായ പരമതെണ്ടികളേ നിങ്ങക്ക് കൂടി വായിക്കാനാണു ഞാനിതെഴുതുന്നത് . നിങ്ങള്‍ കരുതുന്നുണ്ടാകും ഞാന്‍ നാടുവിട്ടതോടുകൂടി നാടു അങ്ങു പടര്‍ന്നു പന്തലിച്ചു പൂത്തു കുലച്ചു നില്‍ക്കുമെന്നു. അനുഭവിക്കുമെടാ നാട്ടുകാരെ നിങ്ങള്‍ അനുഭവിക്കും.

 ഇവിടെനിന്നും ചാക്കുകണക്കിനു പച്ചക്കറികളും ലിറ്ററുകണക്കിനു പെട്രോളും കള്ളക്കടത്തുകടത്തിക്കൊണ്ടു ഒരു നാള്‍ ഞാന്‍   ക്ലാര്‍ക്സിന്റെ ഷൂസുമിട്ടുകൊണ്ടു നാട്ടില്‍  കാലുകൊണ്ടു കുത്തും . അന്ന് എന്റെ പിറകേ ഒരു തുള്ളി പെട്രോളുതാ , ഒരു അല്ലി ഉള്ളിതാ, ഒരു നുള്ള് തക്കാളി താ എന്നൊക്കെ പറഞ്ഞുകൊണ്ടു വന്നേക്കരുത്.

കേരളം എന്ന വാക്കു  കേള്‍ക്കുമ്പോള്‍ ഇപ്പോഴെനിക്കു പുഛമാണു പുഛം! നിങ്ങള്‍ കേരളീയര്‍ എന്തുണ്ടാക്കി ? സ്വന്തമെന്നുപറയാന്‍ കേവലം ഒരു ഹര്‍ത്താലല്ലാതെ എന്തുണ്ടു നിങ്ങള്‍ക്ക് ?! ഒരു നാലുവരിപ്പാത എന്നത് നിങ്ങളുടെ വെറും ചിറകൊടിഞ്ഞു തൂങ്ങിയാടുന്ന കിനാവുകളല്ലേ? നൂറ്റി അറുപത് സ്പീഡ് നിങ്ങളുടെ കാറിന്റെ സ്പീഡോമീറ്ററിനു സങ്കല്പിക്കാന്‍ കഴിയുമോ?  ഞങ്ങളെ തോപ്പിക്കാന്‍ നിങ്ങള്‍  എന്തൊക്കെ പുകിലായിരുന്നു കാട്ടിക്കൂട്ടിയിരുന്നത് . കടലില്‍ പോകുന്നൂ കുഴികുത്തുന്നൂ  , ക്രൂഡോയിലു തിരയുന്നൂ ... പെട്രോളിന്റെ വില നിയന്ത്രിക്കുന്നൂ  ഹോ....

ഇപ്പോഴെന്തായി വില ‘നിയന്ത്രിച്ചു’ കഴിഞ്ഞോ? ഇപ്പോള്‍  ഉപ്പുതൊട്ടു കര്‍പ്പൂരം വരേയുള്ളതിന്റെ വില പെട്രോളു നിയന്ത്രിച്ചുകഴിഞ്ഞില്ലേ?! നിങ്ങള്‍ക്കൊക്കെ ഇതുതന്നെ വേണം ... ഗള്‍ഫില്‍നിന്നും വരുന്ന പണവും നോക്കി മെയ്യനങ്ങാതെ ജീവിച്ചോ ...  പാടങ്ങള്‍ നികത്തി  അരിമില്ലു തുടങ്ങിയപ്പോള്‍  അരിമില്ലില്‍ ഒലത്താനുള്ള അരി അങ്ങു ആന്ധ്രായില്‍ നിന്നും ബര്‍മ്മായില്‍നിന്നും വരേ വരുത്തേണ്ട ഗതിവന്നില്ലേ?

പച്ചക്കറികള്‍ അന്യനാട്ടില്‍ നിന്നും അന്യായവിലക്കു വാങ്ങേണ്ടിവന്നപ്പോള്‍ സന്തോഷമായിക്കാണുമല്ലോ? നാട്ടുകാരുടെ കുറ്റവും അമേരിക്കന്‍ പ്രസിഡണ്ടിന്റെ അലമാരയുടെ വലിപ്പവും പ്രസംഗിച്ചു നടക്കുന്ന സമയം കൊണ്ട്  സ്വന്തമായി ഒരു വാഴയെങ്കിലും ഉണ്ടാക്കിയിരുന്നെങ്കില്‍ പുട്ടിനുകൂട്ടിയെങ്കിലും അടിക്കാമായിരുന്നല്ലോ ഉവ്വോ?

എങ്ങിനെ എളുപ്പം പണക്കാരനാകാമെന്നു തലപുകയ്ക്കുന്ന സമയം കൊണ്ട് പത്തുറബ്ബര്‍ തൈ നട്ടിരുന്നെങ്കില്‍ ആധാരം പണയം വെയ്ക്കാതെ തന്നെ മില്‍മയുടെ പാക്കറ്റുപാലു വാങ്ങി നിങ്ങള്‍ക്കു പാല്പായസം  വെയ്ക്കാമായിരുന്നില്ലേ ....  എന്തേ ഇതൊന്നും ചെയ്തില്ല?

നിരന്തരം വില കുതിച്ചുയരുന്ന സ്വര്‍ണ്ണം കഴിച്ചാല്‍ നിങ്ങളെയൊക്കെ വിശപ്പു മാറുമോ? അഞ്ചു രൂപയ്ക്കു ഗതിയുള്ളവന്‍ പത്തുരൂപയ്ക്കു സ്വര്‍ണ്ണം കടം വാങ്ങി സൂക്ഷിക്കുന്നുണ്ടല്ലോ ..  എന്നു നിങ്ങള്‍ സ്വര്‍ണ്ണത്തിനോടുള്ള ആക്രാന്തം നിര്‍ത്തുന്നുവോ അന്നുതൊട്ടു നിങ്ങള്‍ നന്നാവാനും തുടങ്ങും.
ഇപ്പോല്‍ മനസ്സിലായിക്കാണുമല്ലോ എല്ലാം... ഒന്നും വേണ്ടായിരുന്നൂന്നു തോന്നുന്നില്ലേ ഇപ്പോള്‍ ? ഇനി പാശ്ചാതപിച്ചിട്ടു കാര്യമില്ല മക്കളേ...

അന്നു പലിശക്കാരന്‍ മാത്തപ്പന്റെ ലോക്കറുപൊളിച്ച് നാട്ടുകാരായ നിങ്ങള്‍ പണയംവെച്ച ഉപയോഗശൂന്യമായ സ്വര്‍ണ്ണമെടുത്ത് നിങ്ങള്‍ക്കു വേണ്ടി ഒരു വന്‍ പച്ചക്കറി വിത്ത് പശു ഫാം തുടങ്ങാനൊരുങ്ങിയ എന്നെ നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലേ... അതൊക്കെപ്പോട്ടെ എന്റെ കൂട്ടുകാരന്‍ തുരപ്പന്‍ വാസുവിനു ലോക്കറു പൊളിച്ചതിന്റെ കൂലികൊടുക്കാന്‍ പോലും നിങ്ങളനുവദിച്ചോ? 

സദാചാരവും പ്രസംഗിച്ചുനടന്നോ തെണ്ടികളേ ... വയനാട്ടിലെവിടേയോ സ്വര്‍ണ്ണം കുഴിച്ചെടുക്കാന്‍ തുടങ്ങിയെന്നുകേട്ടു ... ഇനി സ്വര്‍ണ്ണത്തിനു വില കുറഞ്ഞു സ്വര്‍ണ്ണത്തിന്റെ ഉലക്കവരേ മാര്‍ക്കറ്റിലിറങ്ങാന്‍ തുടങ്ങിയാല്‍ നീയൊക്കെ പഠിക്കും ... അന്നു ഞാനൊരു ചിരിയും ചിരിക്കും.

എങ്കിലും അതൊക്കെ ഞാന്‍ സഹിച്ചു പൊറുത്തു .  കള്ളന്മാരുടെ ശല്യമുള്ള നമ്മുടെ നാട്ടില്‍ക്കൂടി കിലോക്കണക്കിനു സ്വര്‍ണ്ണവുമിട്ടോണ്ടു പോകുന്ന രമണിയക്കയുടെ പത്തുപവന്റെ മാല പൊട്ടിച്ച് ഭദ്രമായി ബാങ്കില്‍ പണയം വെച്ചതിനായിരുന്നല്ലോ മഹാപാപികളേ നിങ്ങളെല്ലാവരും കൂടി എന്നെ തല്ലിച്ചതച്ചതും പോലീസിലേല്പിച്ചതും. എന്നിട്ടും മതിവരാത്തതുകൊണ്ടല്ലേ ഒരു സാമൂഹ്യസേവകനായ എന്നെ നിങ്ങള്‍ പിരിവെടുത്തുകൊണ്ട്   കാട്ടറബിയുടെ ഒട്ടകത്തിനേ നോക്കാനുള്ള വിസയുമെടുത്ത്തന്ന് കടലുകടത്തിവിട്ടത്...

പക്ഷേ ദൈവമുണ്ട് മക്കളേ ദൈവമുണ്ട് .... അതുകൊണ്ടല്ലേ ഞാന്‍  ഒട്ടക വളര്‍ത്തുകേന്ദ്രത്തില്‍ കാലുകുത്തിയതിന്റെ പിറ്റേദിവസംതന്നെ ഇത്തപ്പഴം കഴിച്ചു വയറിളക്കം വന്ന എന്റെ അറബി ആശുപത്രിയിലാത്. (ഈ അറബികള്‍ അങ്ങിനെയാ ചുമ്മാ ഈത്തപ്പഴമൊക്കെ വലിച്ചുവാരി തിന്നുകളയും അല്ല പിന്നെ) അതുകൊണ്ടായിരുന്നല്ലോ  അറബിയുടെ കെട്ടിയോളെ ഒട്ടകക്കാലില്‍ കെട്ടിയിടാനും അറബിയുടെ പണപ്പെട്ടിയെടുത്ത് ‘നന്നാവാന്‍ ’ എനിക്കു അവസരം ലഭിച്ചതും....

ഹോ ആ സുന്ദര നിമിഷങ്ങളെന്നെ ഇന്നും പുളകം കൊള്ളിക്കുന്നു. പിന്നീട് ‘നന്നായ’ എനിക്കു ഇന്നു ബിസിനസ്സ് സ്ഥാപനങ്ങളുണ്ട് സമൂഹത്തില്‍ സ്ഥാനമുണ്ട്, മാനമുണ്ട് ... മനസ്സില്‍ കളങ്കമില്ലാത്തവരെ ദൈവം തുണയ്ക്കുമെന്നത് ഈയവസരത്തിലെങ്കിലും നിങ്ങള്‍ മനസ്സിലാക്കണം .

 പിന്നെ വേറെയൊരു കാര്യം ഇവിടെ ധാരാളം പെട്രോളുണ്ടെന്നു മാത്രമല്ല നിങ്ങളുടെയൊക്കെ നാട്ടിലെ പകുതിവിലയ്ക്ക് നിത്യോപയോഗ സാധനങ്ങളും കിട്ടാനുണ്ട്....

കേരളത്തില്‍ പെട്രോളിനു വിലകൂടി , ബസ്ചാര്‍ജും കൂടിക്കൂടി പണ്ടാരടങ്ങി പട്ടിണികിടന്ന്  തമ്മില്‍ തല്ലി  നിങ്ങളെല്ലാം മൂക്കു കൊണ്ട്   ക്ലാ ക്ലീ ക്ലൂ  ക്ലൌ എന്ന്  വരയ്ക്കട്ടേയെന്നാശംസിച്ചുകൊണ്ട് തല്‍ക്കാലം ഈ കത്തു ചുരുക്കുന്നു.

എന്ന്  പണ്ടു നിങ്ങളുടെയെല്ലാമായിരുന്ന ഭൈരവന്‍ . കെ.കെ (ഒപ്പ്)

“ ജയ് എണ്ണക്കമ്പനി ”

NB: ഈ കത്തിന്റെ ഫ്രം അഡ്രസ്സുനോക്കി ഗള്‍ഫുമണിക്കായി ഒരു തെണ്ടിയും ഇങ്ങോട്ടു കത്തെഴുതി ചുമ്മാ സ്റ്റാമ്പിന്റെ കാശുകളയേണ്ട എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം ഞാന്‍ കത്തില്‍ ഫ്രം വെച്ചത് ഞാനൊരു ഫ്രം ഒക്കെയുള്ളവനാണെന്നു നിങ്ങള്‍ക്കൊക്കെ മനസ്സിലായിക്കോട്ടെയെന്നുകരുതിക്കൊണ്ടുമാത്രമാണെന്നതുകൂടി ഓര്‍മ്മിപ്പിക്കട്ടെ.

Monday, July 27, 2009

ചെറായി മീറ്റില്‍ അഹങ്കാരമോ?!!

ഞാനും എന്റെ കസിനും പുലര്‍ച്ചക്കോഴിയെ ഓവര്‍ടേക്ക് ചെയ്തുകൊണ്ട് കോഴിക്കോട് പുതിയ ബസ്റ്റാന്റില്‍ ചെന്നുനിന്നശേഷം എറണാകുളം ബസ്സിനായി അരിച്ചുപെറുക്കിക്കൊണ്ടിരുന്നു ..... അവസാനം അവനെത്തി ....

ഞങ്ങളെ വഹിച്ചുകൊണ്ട് പറവൂര്‍ ലക്ഷ്യമാക്കി അവന്‍ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു..... ജീവിതത്തിലാദ്യമായി ഒരു ബ്ലോഗുമീറ്റിനു പങ്കെടുക്കാന്‍ പോകുന്നതിന്റെ ത്രില്ലുകൊണ്ടായിരിക്കണം അഞ്ചുമണിക്കൂറോളം ബസ്സിലിരുന്നത് അറിഞ്ഞതേയില്ല....
പറവൂര്‍ ഇറങ്ങി ഏറ്റവുമടുത്തുകണ്ട ഭോജനശാലയിലേക്ക് ആഞ്ഞു കയറി വയറിനു ആശ്വാസം കൊടുത്ത ശേഷം ചെറായിലേക്കുള്ള ബസ്സില്‍ കയറി ....................


ചെറായില്‍ ചെന്നു നില്‍ക്കുന്നു.. ഹരീഷ്ജിയെ വിളിച്ച് വഴിയന്വേഷിക്കുന്നു ... ഒരു ഓട്ടോ വിളിച്ച് നേരെ അമരാവതിയിലേക്ക് ........... പ്രകൃതിയുടെ രമണിയെ ദൈവം തമ്പുരാന്‍ വാരിക്കോരി നല്‍കിയ ചെറായിയുടെ കുഞ്ഞു വീഥിയിലൂടെയുള്ള യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു......





അമരാവതിയെത്തി.....





ഭയങ്കര ധൈര്യവാനായ എന്റെ ധൈര്യം ഒന്നുകൂടി അധികമാക്കിയതിന്റെ സൂചകമായി കാല്‍മുട്ടുകള്‍ കൂട്ടിയിടിക്കാന്‍ തുടങ്ങിഠേ... ഠോ..ഠിം....” കാരണം മറ്റൊന്നുമല്ല ... ബൂലോകത്തെ പുലികളെല്ലാം പങ്കെടുക്കുന്ന മീറ്റില്‍ അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും ഒരു ലതു തന്നെയായിരിക്കുംഈസ്സരാ‍ാ‍ാ..... തിരിച്ചുപോയാലോ.....”






ഏതായാലും വന്നതല്ലേ വരുന്നിടത്തുവെച്ചു കാണാമെന്ന തീരുമാനത്തെ കുരുക്കിട്ട് പിടിച്ചുകൊണ്ട് നേരെ രജിസ്ട്രേഷന്‍ കൌണ്ടറിനെ ലക്ഷ്യമാക്കി നടന്നു ....


അതാ ഞങ്ങളെ പേടിപ്പിക്കാനെന്നവണ്ണം വണ്ണമുള്ള ഒരാള്‍ മീശപിരിച്ചു തുറിച്ചു നോക്കുന്നു ... ഞാന്‍ പേടിരോഗയ്യര്‍ക്ക് പത്ത് കൂളിംഗ് ഗ്ലാസ്സ് നേര്‍ച്ച നേര്‍ന്ന ശേഷം എന്റെ കസിന്‍ന്റെ ചെവിയില്‍ മന്ത്രിച്ചുപോങ്ങുമ്മൂടന്‍ എന്ന ബ്ലോഗറാണ് ... വേഗം കൌണ്ടറിലേക്കു വിട്ടോ .. ”



റജിസ്ട്രേഷന്‍ കൌണ്ടറില്‍ ഞങ്ങളെ ചിരിച്ചുകൊണ്ട് വരവേല്‍ക്കാന്‍ എഴുത്തുകാരിച്ചേച്ചി , ബിന്ദു ജി , പിരിക്കുട്ടി തുടങ്ങിയവരുണ്ടായിരുന്നു.....



മീറ്റുതുടങ്ങി ആളുകള്‍ പരിചയപ്പെടുത്തല്‍ നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ഞങ്ങള്‍ ഹാളിലെത്തിയത് ..... നമ്മുടെ സജീവ്ജി തന്നെയായിരുന്നു ഹാളില്‍ നിറഞ്ഞു നിന്നിരുന്നത് എന്നതു ഞാന്‍ പ്രത്യേകം പറയുന്നില്ല ....
ഓരോരുത്തരായി പരിചയപ്പെടുത്തുന്ന രീതി എനിക്കിഷ്ടമായി, അതിലേറെ ഇഷ്ടമായത് ഞാന്‍ ഭയപ്പെട്ട അഹങ്കാരം, പൊങ്ങച്ചം തുടങ്ങിയ വകകള്‍ ലവലേശം അവിടെയെങ്ങും കാണാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു .....


















ഭൂലോകത്തെ പുലികള്‍ (എല്ലാവരുടെയും പേരെടുത്തുപറയുകയാണെങ്കില്‍ പോസ്റ്റില്‍ ബ്രേക്കു ചവിട്ടിയാല്‍ നില്‍ക്കില്ല എന്നതുകൊണ്ട് എന്റെ പ്രിയ സുഹൃത്തുക്കള്‍ ക്ഷമിക്കുക) വളരെ വളരെ ഫ്രണ്ട്‌ലിയായി തങ്ങളെ പരിചയപ്പെടുത്തിയും സൌഹൃദങ്ങള്‍ പങ്കിട്ടുകൊണ്ടും ചെറായി ബ്ലോഗ് മീറ്റിന്റെ വന്‍ വിജയയത്തില്‍ പങ്കാളികളായി ....



അതുകൊണ്ടുതന്നെയായിരിക്കണം ഒരു ബ്ലോഗറല്ലാത്ത എന്റെ സ്വന്തം കസിന്‍ എന്റെ ചെവിയില്‍ പതുക്കെ മന്ത്രിച്ചത്എനിക്കും ബ്ലോഗറാവണം .....ആയേ പറ്റൂ....”



സജീവ്ജിയുടെ കാരിക്കേച്ചര്‍ രചന വളരെ ആകര്‍ഷണീയമായിരുന്നു ....... ബിലാത്തിപ്പട്ടണംജിയുടെ മാജിക്കും മാജിക്കിലെ രഹസ്യം സദസിനു വിവരിച്ചുകൊടുത്തതും എടുത്തുപറയത്തക്കതുതന്നെയായിരുന്നു.

പിന്നീട് സംഭവബഹുലമായ ഉച്ചഭക്ഷണമായിരുന്നു .............................ലതിച്ചേച്ചിയുടെ ചെമ്മീന്‍വട പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഒന്നായിരുന്നു എന്നത് പറയാതിരിക്കാന്‍ വയ്യ ...


പിന്നീടുള്ള
ഗ്രൂപ്ഫോട്ടോയെടുപ്പും ശേഷമുള്ള കവിതാപാരായണം, .സ് ജാനകിയുടെ സ്വരത്തിലുള്ള ഗാനം , നാടന്‍ പാട്ട് ,ഗള്‍ഫില്‍ നിന്നും ഓട്ടോ പിടിച്ചെത്തിയ വാഴക്കോടന്‍ജിയുടെ മോണോ ആക്ട് തുടങ്ങിയവ അരങ്ങുതകര്‍ക്കുമ്പോഴായിരുന്നു ഇനിയും വൈകിയാല്‍ ഞങ്ങളുടെ കുഗ്രാമത്തിലെത്താന്‍ ഒരു കുന്തവും കിട്ടില്ലാ എന്ന അപകട സൂചന എന്റെ കസിന്‍ പുറത്തുവിട്ടത് .....

പിന്നീട്
എല്ലാവരോടും പെട്ടന്നുതന്നെയാത്രപറഞ്ഞു ..... മൈക്ക് കയ്യില്‍ പിടിച്ച ലതിച്ചേച്ചിയോട് യാത്രപറയാന്‍ സാധിച്ചില്ല എന്ന വിഷമം മനസ്സിലുണ്ടായിരുന്നെങ്കിലും നിറഞ്ഞ മനസ്സോടുകൂടിത്തന്നെ ഞങ്ങള്‍ നാട്ടിലേക്കു തിരിച്ചു...............

അതെ ചെറായിലെ ബ്ലോഗേഴ്സ് സുഹൃദ് സംഗമം അത്രയ്ക്ക് വിജയകരമായിരുന്നു .....
പ്രവാസ ജീവിതത്തിലെ മനം മടുപ്പിക്കുന്ന ദിനങ്ങളില്‍ നിന്നും കുറച്ചുകാലത്തേക്ക് മോചിതനായി അവധിക്കാലം ചിലവഴിക്കുന്ന എനിക്ക് മറക്കാന്‍ കഴിയാത്ത ഒരു ദിനം സമ്മാനിച്ച ബ്ലോഗേഴ്സ് സുഹൃദ് സംഗമത്തിന്റെ സംഘാടകര്‍ക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.......

***********

.ടൊ: വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സമയം വളരെ വൈകിയ കാരണം ഉറക്കത്തിലേക്കു വഴുതി വീണശേഷം ഗുഡ്മോര്‍ണിംഗ് ഉച്ചയ്ക്ക് പന്ത്രണ്ടരയിലേക്കു ഷിഫ്റ്റ് ചെയ്തു ...... അതുകൊണ്ടു തന്നെ ചെറായിമീറ്റിനെപ്പറ്റിയുള്ള പ്രഥമപോസ്റ്റ് എന്റേതായിരിക്കണം എന്ന സ്വപ്നം തകര്‍ന്നു തരിപ്പണമായി .......

പിന്നീട്
അഗ്രികളില്‍ ഒന്നെത്തിനോക്കുമ്പോഴേയ്ക്കും കെ.എസ്..ബിയും ചതിച്ചു ...... അവസാനം വൈദ്യുതി വന്നപ്പോഴേയ്ക്കും വളരെ വൈകിയിരുന്നു .....
************

ബ്ലോഗിലൂടെ
പരിചയമുള്ള പലമുഖങ്ങളും നേരിട്ടുകണ്ടതിന്റെ ത്രില്ലില്‍ പല മുഹൂര്‍ത്തങ്ങളും ക്യാമറയില്‍ പകര്‍ത്താന്‍ വിട്ടുപോയി ....... ക്ഷമിക്കുമെന്ന പ്രതീക്ഷയില്‍ ... സസ്നേഹം രസികന്‍