
" ഓണംവന്നോണംവന്നോണം വന്നൂ"
ലോട്ടറിക്കുട്ടപ്പന്റെ കോളാമ്പി സ്പീക്കൾ ഹീറോ സൈക്കിളിന്റെ മണ്ടയിൽ കയറി ഓണപ്പാട്ടു പാടി തകർക്കുകയാണു
ഇടക്ക് ലോട്ടറിക്കുട്ടപ്പന്റെ വക ഓരോ അനൗൺസ്മെന്റും " ഓണം ബംബർ നുറുക്കെടുപ്പ് സോറി നറുക്കെടുപ്പ് നാളെയാണു . അതല്ലങ്കിൽ മറ്റന്നാളാണു വെറും പത്തു രൂപയിൽ ചുരുട്ടി വച്ചിരിക്കുന്ന നിങ്ങളുടെ ഫാഗ്യം കണ്ടിട്ടും കാണാതെ പോകരുത്.. ഇവിടെ വരൂ ഇവിടെ വരൂ.. മാവേലിത്തമ്പുരാൻ നാടുകാണാൻ വരുമ്പോൾ എടുക്കുന്ന ഏക ലോട്ടറി ... "
കുട്ടപ്പന്റെ അലറൽ കേട്ടാൽ തോന്നും മാവേലിത്തമ്പുരാൻ ലോട്ടറിയെടുക്കാനാണു പാതാളത്തിൽനിന്നും എല്ലാ കൊല്ലത്തിലും എഴുന്നള്ളുന്നത് എന്ന്.
തൊട്ടപ്പുറത്ത് ഓണം സ്പെഷ്യൽ മൂട്ടപ്പൊടി വിൽക്കുന്ന മാത്തുക്കുട്ടിക്കു കുട്ടപ്പന്റെ ഉച്ചത്തിലുള്ള വിളിച്ചു പറയൽ അത്രയ്ക്കങ്ങു പിടിച്ചില്ല. കുട്ടപ്പന്റെ കോളാമ്പി അടിച്ച് പൊട്ടിക്കുന്ന ഒരു ദിനവും മനസ്സിൽകണ്ട് മാത്തുക്കുട്ടിയും തന്റെ വിൽപ്പന തുടർന്നു.
തെരുവിലെങ്ങും ഓണം വിൽപ്പനകൾ പൊടിപൊടിക്കുകയാണ് .ഏതോ ഇലക്ട്രോണിക്ക് കമ്പനിയുടെ പരസ്യത്തിനു സ്ഥാപിച്ച മാവേലിയുടെ കൂറ്റൻ പടം കണ്ട ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ രണ്ടാംക്ലാസ്സുകാരി തന്റെ വീട്ടിലെ ഒരു കോണിൽ ചുരുണ്ടു കിടക്കുന്ന അപ്പൂപ്പനെ തട്ടി വിളിച്ചു ചോദിച്ചു.
"ആരുടെ പടമാ അപ്പൂപ്പാ അത്? അയ്യേ ഷർട്ടിട്ടില്ല "
തന്റെ കൈ കണ്ണിനു മുകളിൽ പുരികത്തിനു ലവൽ ചെയ്തു വച്ച അപ്പൂപ്പൻ പടത്തിനു നേരെ നോക്കി നെടുവീർപ്പിട്ടു ഇത്രയും പറഞ്ഞു
"നിന്റെ ഈ ചോദ്യത്തിനു നിന്നെപ്പറഞ്ഞിട്ടുകാര്യമില്ല മോളെ"
അപ്പൂപ്പൻ പറഞ്ഞത് മനസ്സിലായിട്ടില്ലാ എങ്കിലും എന്തോ മനസ്സിലാക്കിയപോലെ കൊച്ചുമകൾ ടെലിവിഷനിലെ ഓണം സ്പെഷ്യൽ നോൺ വെജ് പാചക മേള കാണുന്ന മമ്മിയുടെ മടിയിൽ കയറിയിരുന്നു.
അപ്പൂപ്പൻ കെ.പി നാണപ്പൻ ഓർക്കുകയായിരുന്നു അന്നത്തെ ഓണത്തിനു തുമ്പപ്പൂ പറിക്കാൻ പോയപ്പോൾ തെക്കേ വീട്ടിലെ പട്ടി ഓടിച്ചിട്ടു കടിച്ചത്. അത്തം തുടങ്ങുന്ന അന്നുമുതൽ അച്ഛൻ ശ്രദ്ദിക്കും കുട്ടിപ്പട്ടാളം ഇടുന്ന പൂക്കളം നല്ല ഭംഗിയായിട്ടുണ്ടെങ്കിൽ അന്ന് അച്ഛന്റെ വക സമ്മാനവും ഉണ്ടായിരുന്നു.
പറമ്പുകളിലെല്ലാം കറങ്ങിനടന്ന് ഓണപ്പാട്ടുകൾപാടി നടക്കുമ്പോൾ ഒരു ഉത്സവ പ്രതീതിയായിരുന്നു അന്ന്.
ങാ... എല്ലാം ഓർമ്മകളിൽ ഒതുങ്ങി
കടകളിൽ ഓണം ആഘോഷിക്കുന്നു " മെഘാ ഡിസ്കൗണ്ട് മേള" എന്ന നാമത്തിൽ. എന്തിനു മാവേലിയെ വരെ ഇന്നു പരസ്യ മോഡലാക്കിയില്ലെ?!!
അകലെ നിന്നും കേട്ട ആരവത്തിനു നേരെ കെ.പി നാണപ്പൻ ചെവി കൂർപ്പിച്ചു.
" നമ്മുടെ മാവേലി സിന്താബാദ്"
"സിന്താബാദ് സിന്താബാദ്..."
ബാന്റ് , ചെണ്ട , കുഴൽ, പോസ്റ്ററുകൾ , ബാനറുകൾ, കട്ടൗട്ടറുകൾ ചായം പൂശിയ കോലങ്ങൾ , മാങ്ങാത്തൊലികൾ, തേങ്ങാക്കുലകൾ എന്നിവയുടെ അകമ്പടിയോടെ ഒരു സംഘം ആളുകൾ ആർപ്പു വിളിയോടെ അടുത്തുവന്നു.
മാവേലിയുടെ കോലംകെട്ടിയ കുടവയറൻ പാശ്ചാത്തല വെസ്റ്റേൺ മ്യൂസിക്കിനനുസരിച്ച് കുച്ചിപ്പുടി കളിക്കുന്നു ( കേരളത്തിലെ റിയാലിറ്റീ ഷോകളുടെ മഹനീയ സംഭാവന).
മാവേലിയുടെ കൂടെനിന്നു തുള്ളുന്നത് കേരള രാഷ്ട്രീയ നേതാക്കളുടെ അപരകോലങ്ങൾ. എങ്ങും ആർപ്പുവിളികൾ, ഓണത്തിന്റെ ലഹരിയിൽ ( ഓണം സ്പെഷ്യൽ ബാറിൽനിന്നും കിട്ടിയ)
യുവാക്കളുടെ തുള്ളൽ പ്രസ്ഥാനം കടന്നുപോകുമ്പോൾ വഴിയരികിൽ തിങ്ങിനിറഞ്ഞ കേരള നാരികൾക്കു നേരെ പറക്കുന്ന ചുംബനങ്ങൾ പറപ്പിക്കാൻ യുവാക്കൾ ജാലിയൻ വാലാബാഗ് തന്നെ നടത്തുകയായിരുന്നു.
അവർ മാവേലി ഫാൻസ് അസോസിയേഷന്റെ ആളുകളാണ് അതെന്ന് തൊട്ടടുത്തുനിന്നവൻ പറഞ്ഞത് കെ.പി നാണപ്പനു ലവലേശം മനസ്സിലായില്ല.
ഏതായാലും ഓണം ഒന്നുകണ്ടുകളയാം എന്നുകരുതി സംഘത്തിന്റെകൂടെക്കൂടിയ കെ.പി നാണപ്പൻ തിരിഞ്ഞുനോക്കിയത് തന്നെ പിന്നിൽ നിന്നും തോണ്ടിയ തെണ്ടിയെ കണ്ടുപിടിക്കാനായിരുന്നു.
തോണ്ടിന്റെ ഉടമസ്ഥനെകണ്ട നാണപ്പൻ ഞെട്ടിപ്പോയി . പിന്നീടു ഞെട്ടലടക്കി ഉറക്കെ വിളിച്ചു "ആർപ്പേയ്..........."
നാണപ്പനെ പിന്നിൽ നിന്നും തോണ്ടിയ സാക്ഷാൽ മഹാബലിത്തമ്പുരാൻ നാണപ്പന്റെ വായ പൊത്തിപ്പിടിച്ചുകൊണ്ടുപറഞ്ഞു .
" ഒച്ചവെക്കല്ലെ എന്റെ നാണൂ നമ്മുടെ രൂപം നിനക്കല്ലാതെ മറ്റാർക്കും കാണാൻ കഴിയില്ല"
അങ്ങിനെ കെ.പി.നാണപ്പനും മാവേലിയും മാവേലി ഫാൻസ് ആസോസിയേഷന്റെ ജാഥയുടെ കൂടെക്കൂടി.
റോഡരികിൽ പല പാർട്ടിക്കാരും തീർത്ത കടലാസ്സ് പൂക്കളം കണ്ട മാവേലി ഒന്നു ചിരിച്ചു ( നമ്മളിതെത്ര കണ്ടതാ എന്നനിലയിൽ). നാണപ്പനും കൂടെചിരിച്ചു.
ഓണം മാർക്ക് കുടകൾ ചൂടിയ (കുടക്കമ്പനിയുടെ പരസ്യം) മാവേലിയുടെ വലിയ ചിത്രങ്ങൾ പതിച്ച ബോർഡിനു മുൻപിലെത്തിയ സാക്ഷാൽ മാവേലി തലകുനിച്ചുനിന്നുകൊണ്ട് ഇതിന്റെ പിന്നിലെ തലയെ കുറിച്ചോർത്ത് നെടുവീർപ്പിട്ടു.
അകലെ നിന്നും ഒരു ആരവം കേൾക്കുന്നു
എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. ബാനറുകളും കൊടച്ചക്രവുമായി വരുന്ന ഒരു സംഘം ആളുകൾ മാവേലി ഫാൻസ് അസോസിയേഷന്റെ ജാഥക്കു നേരെ ച്Iറിയടുത്തു.
മാവേലിയുടെ തൊട്ടടുത്തുനിന്ന കൊച്ചു മിടുക്കൻ ചീറിയടുക്കുന്നവരുടെ മുന്നിൽ വലിച്ചു പിടിച്ച ബാനറിലെ മലയാളമക്ഷരങ്ങൾ പെറുക്കിയെടുത്ത് ഇങ്ങനെ വായിച്ചു."വാമനൻ ഫാൻസ് അസോസിയേഷൻ"
ഇതുകണ്ട മാവേലിയും നാണപ്പനും പൊട്ടിച്ചിരിച്ചു.
മാവേലി ഫാൻസും , വാമനൻ ഫാൻസും തമ്മിൽ ഏറ്റുമുട്ടി
പൊരിഞ്ഞ അടിപിടി , തല്ല് , കുത്ത് , വാൾപ്പയറ്റ് എക്സ്ട്രാ....
ഇതെല്ലാം കണ്ട മാവേലിയുടെ വയർ നിറഞ്ഞു ഒന്നു കൂടി വീർത്തു . ഇത്തവണയും ഓണത്തല്ലു കെങ്കേമമായി എന്നു കെ.പി നാണപ്പനോട് തിരുമേനി അടക്കം പറഞ്ഞു .
കഴിഞ്ഞതവണത്തെ ഓണത്തിനു മാവേലികണ്ടത് റിയാലിറ്റി ഷോകളിലെ ക്യാമറയ്ക്കു പിന്നിൽനിന്നും ഒന്നാം ക്ലാസ്സുകാരി മത്സരാർത്ഥിയുടെ മാതാപിതാക്കൾ മാർക്കിട്ട കോത്തായത്തുകാരൻ ജഡ്ജിന്റെ മണ്ടക്കിട്ടു പെരുമാറിയത് വമ്പനൊരു കൂട്ടത്തല്ലിനു വകുപ്പുണ്ടാക്കിയതായിരുന്നെങ്കിൽ ഇത്തവണ ഇതാ കണ്മുൻപിൽ ഫാൻസ് അസോസിയേഷനുകൾ തമ്മിൽ ............
ഫാൻസ് അസോസിയേഷൻ രൂപീകരിക്കുന്ന സമയത്ത് മാവേലിത്തമ്പുരാൻ പാതാളത്തിലെ തേക്കുമരച്ചോട്ടിലിരുന്നു കാറ്റുകൊള്ളുകയായിരുന്നു.
നമുക്ക് അസോസിയേഷനുകളുടെ ചരിത്രം ഒന്നു പരിശോധിക്കാം
മാവേലി ഫാൻസ് അസോസിയേഷൻ രൂപീകരിച്ചത് നാട്ടിലെ കോടീശ്വരന്റെ മകൻ രാജപ്പൻ. ( വയസ്സായി വളഞ്ഞുകുത്തി കോടി നടക്കുന്ന ഈശ്വരൻപിള്ളയുടെ മകൻ എന്നു മലയാളം) നട്ടുച്ചക്ക് ചെവിയിൽ തിരുകിയ ചെമ്പരത്തിപ്പൂവും തടവി കിടന്നുറങ്ങിയ നമ്മുടെ രാജപ്പനു ഒരു വിളിയാളമുണ്ടായി. സകല കുറ്റിയ്ക്കും കുളത്തയ്ക്കും ഫാൻസ് ഉള്ള നമ്മുടെ കേരളത്തിൽ എന്തുകൊണ്ട് മാവേലിയ്ക്കുമാത്രം ഒരു ഫാൻസ് അസോസിയേഷൻ ഉണ്ടായിക്കൂടാ? വിളിയാളത്തിലെ ചോദ്യം ന്യായം . സംഗതി നാട്ടിലെ ചായപ്പീടികകളിൽ ചർച്ചയ്ക്കെത്തി. അങ്ങിനെ ഒരു ദിവസം നട്ടുച്ചസമയത്ത് മാവേലി ഫാൻസ് അസോസിയേഷൻ രൂപീകൃതമായി.
പക്ഷെ ഇതെല്ലാം മറ്റൊരാൾക്കിഷ്ടമായിരുന്നില്ല.
മറ്റാരുമായിരുന്നില്ല അത് രാജപ്പന്റെ വർഗ്ഗശത്രുവും മാത്തപ്പന്റെ കള്ളുഷാപ്പിന്റെ ഉറ്റ മിത്രവുമായ സാക്ഷാൽ ദിനേശക്കുറുപ്പായിരുന്നു അത്.
അങ്ങിനെ രാജപ്പൻ എന്തു ചെയ്താലും അതിനെതിരു ചെയ്യുക എന്ന കൃത്യവുമായി നടക്കുന്ന ദിനേശക്കുറുപ്പും രൂപീകരിച്ചു ഒരു അസോസിയേഷൻ, അതാണു വാമനൻ അസോസിയേഷൻ.
ഓണത്തല്ലു കാണാൻ വന്ന പോലീസുകാർ തല്ലുകഴിയുന്നതു വരെ കാത്തുനിന്ന ശേഷം സ്ഥിരം ലക്ഷ്യസ്ഥാനമായ ആകാശത്തെ ലക്ഷ്യമാക്കി പൊട്ടിച്ചു അഞ്ചാറു വെടി.
ഫാൻസ് അസോസിയേഷനും ബാക്കി പ്രജകളും പിരിഞ്ഞുപോയപ്പോൾ പോർക്കളത്തിൽ മാവേലിയും കെ.പി. നാണപ്പനും തനിച്ചായി ഇനിയെങ്ങോട്ട് എന്ന ഭാവത്തിൽ നിന്ന കെ.പി. നാണപ്പന്റെ കൈ പിടിച്ച് മാവേലി നടന്നു.
ഉണങ്ങിയ കപ്പത്തോട്ടവും ഗതി കിട്ടാത്ത നെൽപ്പാടവും പിന്നിട്ട് അവർ നടത്തം തുടർന്നു.
അകലെകാണുന്ന പഞ്ചായത്ത് പ്രസിഡണ്ടിന്റെ വീടിനെ ലക്ഷ്യമാക്കി നടക്കുമ്പോൾ മാവേലി കെ.പി യോട് പറഞ്ഞു .
" ഇനി നമ്മൾ രണ്ടുപേരും അദൃശ്യരായിരിക്കും ആർക്കും നമ്മെ കാണാൻ കഴിയില്ല"
അങ്ങിനെ ദൃശ്യരല്ലാത്ത മാവേലി വിത്ത് കെ.പി.നാണപ്പൻ നമ്മുടെ പഞ്ചായത്ത് പ്രസിഡണ്ടിന്റെ വീട്ടുമുറ്റത്തെത്തി.
അവിടെ ഓണത്തിന്റെ ബഹളമായിരുന്നു ടിവിയിലെ ഏതോ പാട്ടു മത്സരത്തിൽ പങ്കെടുക്കുന്ന പ്രസിഡണ്ടിന്റെ മകൾ പങ്കജാക്ഷിയുടെ ( ക്ഷമിക്കണം ടി.വി.യിൽ വന്നപ്പോൾ പേര് പി.കെ.ജാക്ഷു എന്നാക്കി മാറ്റി) ഓണപ്പാട്ട് സ്വന്തം വീട്ടിൽ വച്ചുതന്നെ ടിവിയിൽ പകർത്തുന്നതിന്റെ തിരക്കിലാണു.
കടലാസുപൂക്കളിൽ തീർത്ത വലിയ പൂക്കളം പ്രകാശത്തിൽ വെട്ടിത്തിളങ്ങി. പാശ്ചാത്തലത്തിൽ നിൽക്കുന്ന മാവേലിയുടെ കോലം കെട്ടിയവൻ ഇടക്കു മുഖത്തു വന്ന വിയർപ്പുകണങ്ങൾ ഒപ്പിക്കൊണ്ടിരുന്നു.
ഓണം സ്പെഷൽ വെളുത്ത ടീഷർട്ടും ( ഗോൾഡൻ ബോർഡർ വച്ചിട്ടുള്ള ) വെളുത്ത ജീൻസുമിട്ട തരുണികൾ നൃത്തം ചവിട്ടുന്നു.
ഇതെല്ലാം കഴിഞ്ഞപ്പോൾ പേപ്പർ വാഴയിലയിലെ സദ്യയും കഴിഞ്ഞ് കാടിവെള്ളം കിട്ടാത്ത പോത്തലറുന്നപോലെ ഒരു ഏമ്പക്കവുമിട്ട്. സദ്യയുണ്ണാൻ വന്നവർ സ്ഥലം വിട്ടു.
കെ.പി. നാണപ്പൻ മാവേലിയുടെ കണ്ണിലേക്കു നോക്കി മാവേലി കണ്ണിറുക്കിക്കാണിച്ചു. അവർ പലസ്ഥലങ്ങളിലും കറങ്ങി . ബെറ്റ്വച്ചുള്ള വള്ളംകളി മത്സരവും അതിനു ശേഷം വാളുവെച്ചുള്ള വെള്ളമടി മത്സരവും എല്ലാം കണ്ട് മടുത്ത് പിടുത്തംവിട്ട മാവേലിയും കെ.പിയും വൈകുന്നേരത്തോടെ കൂലിപ്പണിക്കാരൻ കോരന്റെ വീട്ടിലുമെത്തി.
തുമ്പപ്പൂവു മുതൽ സകല പൂക്കളും കൊണ്ടുതീർത്ത പൂക്കളത്തിനു ചുറ്റുമിരുന്നു പാട്ടുപാടുന്ന കുട്ടികൾ , ഓണക്കോടിയും സദ്യയ്ക്കുള്ള വട്ടങ്ങളും കൊണ്ടുവരാൻ വൈകിയ അച്ഛൻ ദൂരെനിന്നും വരുന്നതുകണ്ടപ്പോൾ ഓടിച്ചെന്ന് ഒരുപരാതിയുമില്ലാതെ ഓണപ്പാട്ടുപാടി സ്വന്തം അച്ഛനെ വരവേൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ മാവേലി തൃപ്തനായി. ഓണസദ്യയ്ക്കുള്ള മായം ചേർക്കാത്ത വാഴയിലകളും കണ്ട മാവേലി നിറഞ്ഞമനസ്സോടെ കെ.പി. നാണപ്പന്റെ കൈക്കുപിടിച്ച് അവിടെ നിന്നും തിരിച്ചു നടന്നു.
നാണപ്പനോട് ഗുഡ്ബൈപറഞ്ഞ മാവേലി അടുത്ത ഓണത്തിനു ഇനിയെന്തെല്ലാം സഹിക്കണം എന്ന ചിന്തയുമായി നാഷണൽ ഹൈവേയിൽ ചെന്ന് അവിടെ കണ്ട (റോഡില്‍) ഏറ്റവും വലിയ ഒരു കുഴി തിരഞ്ഞെടുത്ത് അതുവഴി പാതാളത്തിലേക്കു വച്ചുപിടിച്ചു.
മാവേലിയോടു സലാം പറഞ്ഞ കെ.പി.നാണപ്പൻ അടുത്ത ഓണമാവുമ്പോഴേക്കും എന്നെയങ്ങെടുത്തെക്കണെ എന്നു പ്രാർത്ഥിച്ചുകൊണ്ട് സ്വന്തം മകനു തീറെഴുതിക്കൊടുത്ത സ്വന്തമല്ലാത്ത വീട്ടിലേക്കും വച്ചുപിടിച്ചു.
ലോട്ടറിക്കുട്ടപ്പന്റെ കോളാമ്പി അപ്പോഴും ആർക്കോവേണ്ടി അലറുന്നുണ്ടായിരുന്നു.
" ഓണംവന്നോണംവന്നോണം വന്നൂ........................."
ഏവർക്കും ഓണാശംസകൾ
