Showing posts with label മാവേലി. Show all posts
Showing posts with label മാവേലി. Show all posts

Tuesday, September 9, 2008

കെ.പി നാണപ്പനും മാവേലിയും...


" ഓണംവന്നോണംവന്നോണം വന്നൂ"
ലോട്ടറിക്കുട്ടപ്പന്റെ കോളാമ്പി സ്പീക്കൾ ഹീറോ സൈക്കിളിന്റെ മണ്ടയിൽ കയറി ഓണപ്പാട്ടു പാടി തകർക്കുകയാണു
ഇടക്ക്‌ ലോട്ടറിക്കുട്ടപ്പന്റെ വക ഓരോ അനൗൺസ്മെന്റും " ഓണം ബംബർ നുറുക്കെടുപ്പ്‌ സോറി നറുക്കെടുപ്പ്‌ നാളെയാണു . അതല്ലങ്കിൽ മറ്റന്നാളാണു വെറും പത്തു രൂപയിൽ ചുരുട്ടി വച്ചിരിക്കുന്ന നിങ്ങളുടെ ഫാഗ്യം കണ്ടിട്ടും കാണാതെ പോകരുത്‌.. ഇവിടെ വരൂ ഇവിടെ വരൂ.. മാവേലിത്തമ്പുരാൻ നാടുകാണാൻ വരുമ്പോൾ എടുക്കുന്ന ഏക ലോട്ടറി ... "

കുട്ടപ്പന്റെ അലറൽ കേട്ടാൽ തോന്നും മാവേലിത്തമ്പുരാൻ ലോട്ടറിയെടുക്കാനാണു പാതാളത്തിൽനിന്നും എല്ലാ കൊല്ലത്തിലും എഴുന്നള്ളുന്നത്‌ എന്ന്.

തൊട്ടപ്പുറത്ത്‌ ഓണം സ്പെഷ്യൽ മൂട്ടപ്പൊടി വിൽക്കുന്ന മാത്തുക്കുട്ടിക്കു കുട്ടപ്പന്റെ ഉച്ചത്തിലുള്ള വിളിച്ചു പറയൽ അത്രയ്ക്കങ്ങു പിടിച്ചില്ല. കുട്ടപ്പന്റെ കോളാമ്പി അടിച്ച്‌ പൊട്ടിക്കുന്ന ഒരു ദിനവും മനസ്സിൽകണ്ട്‌ മാത്തുക്കുട്ടിയും തന്റെ വിൽപ്പന തുടർന്നു.

തെരുവിലെങ്ങും ഓണം വിൽപ്പനകൾ പൊടിപൊടിക്കുകയാണ്‌ .ഏതോ ഇലക്ട്രോണിക്ക്‌ കമ്പനിയുടെ പരസ്യത്തിനു സ്ഥാപിച്ച മാവേലിയുടെ കൂറ്റൻ പടം കണ്ട ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ രണ്ടാംക്ലാസ്സുകാരി തന്റെ വീട്ടിലെ ഒരു കോണിൽ ചുരുണ്ടു കിടക്കുന്ന അപ്പൂപ്പനെ തട്ടി വിളിച്ചു ചോദിച്ചു.
"ആരുടെ പടമാ അപ്പൂപ്പാ അത്‌? അയ്യേ ഷർട്ടിട്ടില്ല "

തന്റെ കൈ കണ്ണിനു മുകളിൽ പുരികത്തിനു ലവൽ ചെയ്തു വച്ച അപ്പൂപ്പൻ പടത്തിനു നേരെ നോക്കി നെടുവീർപ്പിട്ടു ഇത്രയും പറഞ്ഞു
"നിന്റെ ഈ ചോദ്യത്തിനു നിന്നെപ്പറഞ്ഞിട്ടുകാര്യമില്ല മോളെ"

അപ്പൂപ്പൻ പറഞ്ഞത്‌ മനസ്സിലായിട്ടില്ലാ എങ്കിലും എന്തോ മനസ്സിലാക്കിയപോലെ കൊച്ചുമകൾ ടെലിവിഷനിലെ ഓണം സ്പെഷ്യൽ നോൺ വെജ്‌ പാചക മേള കാണുന്ന മമ്മിയുടെ മടിയിൽ കയറിയിരുന്നു.

അപ്പൂപ്പൻ കെ.പി നാണപ്പൻ ഓർക്കുകയായിരുന്നു അന്നത്തെ ഓണത്തിനു തുമ്പപ്പൂ പറിക്കാൻ പോയപ്പോൾ തെക്കേ വീട്ടിലെ പട്ടി ഓടിച്ചിട്ടു കടിച്ചത്‌. അത്തം തുടങ്ങുന്ന അന്നുമുതൽ അച്ഛൻ ശ്രദ്ദിക്കും കുട്ടിപ്പട്ടാളം ഇടുന്ന പൂക്കളം നല്ല ഭംഗിയായിട്ടുണ്ടെങ്കിൽ അന്ന് അച്ഛന്റെ വക സമ്മാനവും ഉണ്ടായിരുന്നു.
പറമ്പുകളിലെല്ലാം കറങ്ങിനടന്ന് ഓണപ്പാട്ടുകൾപാടി നടക്കുമ്പോൾ ഒരു ഉത്സവ പ്രതീതിയായിരുന്നു അന്ന്.
ങാ... എല്ലാം ഓർമ്മകളിൽ ഒതുങ്ങി
കടകളിൽ ഓണം ആഘോഷിക്കുന്നു " മെഘാ ഡിസ്കൗണ്ട്‌ മേള" എന്ന നാമത്തിൽ. എന്തിനു മാവേലിയെ വരെ ഇന്നു പരസ്യ മോഡലാക്കിയില്ലെ?!!
അകലെ നിന്നും കേട്ട ആരവത്തിനു നേരെ കെ.പി നാണപ്പൻ ചെവി കൂർപ്പിച്ചു.

" നമ്മുടെ മാവേലി സിന്താബാദ്‌"
"സിന്താബാദ്‌ സിന്താബാദ്‌..."
ബാന്റ്‌ , ചെണ്ട , കുഴൽ, പോസ്റ്ററുകൾ , ബാനറുകൾ, കട്ടൗട്ടറുകൾ ചായം പൂശിയ കോലങ്ങൾ , മാങ്ങാത്തൊലികൾ, തേങ്ങാക്കുലകൾ എന്നിവയുടെ അകമ്പടിയോടെ ഒരു സംഘം ആളുകൾ ആർപ്പു വിളിയോടെ അടുത്തുവന്നു.

മാവേലിയുടെ കോലംകെട്ടിയ കുടവയറൻ പാശ്ചാത്തല വെസ്റ്റേൺ മ്യൂസിക്കിനനുസരിച്ച്‌ കുച്ചിപ്പുടി കളിക്കുന്നു ( കേരളത്തിലെ റിയാലിറ്റീ ഷോകളുടെ മഹനീയ സംഭാവന).
മാവേലിയുടെ കൂടെനിന്നു തുള്ളുന്നത്‌ കേരള രാഷ്ട്രീയ നേതാക്കളുടെ അപരകോലങ്ങൾ. എങ്ങും ആർപ്പുവിളികൾ, ഓണത്തിന്റെ ലഹരിയിൽ ( ഓണം സ്പെഷ്യൽ ബാറിൽനിന്നും കിട്ടിയ)
യുവാക്കളുടെ തുള്ളൽ പ്രസ്ഥാനം കടന്നുപോകുമ്പോൾ വഴിയരികിൽ തിങ്ങിനിറഞ്ഞ കേരള നാരികൾക്കു നേരെ പറക്കുന്ന ചുംബനങ്ങൾ പറപ്പിക്കാൻ യുവാക്കൾ ജാലിയൻ വാലാബാഗ്‌ തന്നെ നടത്തുകയായിരുന്നു.

അവർ മാവേലി ഫാൻസ്‌ അസോസിയേഷന്റെ ആളുകളാണ്‌ അതെന്ന് തൊട്ടടുത്തുനിന്നവൻ പറഞ്ഞത്‌ കെ.പി നാണപ്പനു ലവലേശം മനസ്സിലായില്ല.

ഏതായാലും ഓണം ഒന്നുകണ്ടുകളയാം എന്നുകരുതി സംഘത്തിന്റെകൂടെക്കൂടിയ കെ.പി നാണപ്പൻ തിരിഞ്ഞുനോക്കിയത്‌ തന്നെ പിന്നിൽ നിന്നും തോണ്ടിയ തെണ്ടിയെ കണ്ടുപിടിക്കാനായിരുന്നു.
തോണ്ടിന്റെ ഉടമസ്ഥനെകണ്ട നാണപ്പൻ ഞെട്ടിപ്പോയി . പിന്നീടു ഞെട്ടലടക്കി ഉറക്കെ വിളിച്ചു "ആർപ്പേയ്‌..........."

നാണപ്പനെ പിന്നിൽ നിന്നും തോണ്ടിയ സാക്ഷാൽ മഹാബലിത്തമ്പുരാൻ നാണപ്പന്റെ വായ പൊത്തിപ്പിടിച്ചുകൊണ്ടുപറഞ്ഞു .
" ഒച്ചവെക്കല്ലെ എന്റെ നാണൂ നമ്മുടെ രൂപം നിനക്കല്ലാതെ മറ്റാർക്കും കാണാൻ കഴിയില്ല"

അങ്ങിനെ കെ.പി.നാണപ്പനും മാവേലിയും മാവേലി ഫാൻസ്‌ ആസോസിയേഷന്റെ ജാഥയുടെ കൂടെക്കൂടി.
റോഡരികിൽ പല പാർട്ടിക്കാരും തീർത്ത കടലാസ്സ്‌ പൂക്കളം കണ്ട മാവേലി ഒന്നു ചിരിച്ചു ( നമ്മളിതെത്ര കണ്ടതാ എന്നനിലയിൽ). നാണപ്പനും കൂടെചിരിച്ചു.
ഓണം മാർക്ക്‌ കുടകൾ ചൂടിയ (കുടക്കമ്പനിയുടെ പരസ്യം) മാവേലിയുടെ വലിയ ചിത്രങ്ങൾ പതിച്ച ബോർഡിനു മുൻപിലെത്തിയ സാക്ഷാൽ മാവേലി തലകുനിച്ചുനിന്നുകൊണ്ട്‌ ഇതിന്റെ പിന്നിലെ തലയെ കുറിച്ചോർത്ത്‌ നെടുവീർപ്പിട്ടു.
അകലെ നിന്നും ഒരു ആരവം കേൾക്കുന്നു

എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. ബാനറുകളും കൊടച്ചക്രവുമായി വരുന്ന ഒരു സംഘം ആളുകൾ മാവേലി ഫാൻസ്‌ അസോസിയേഷന്റെ ജാഥക്കു നേരെ ച്‌Iറിയടുത്തു.
മാവേലിയുടെ തൊട്ടടുത്തുനിന്ന കൊച്ചു മിടുക്കൻ ചീറിയടുക്കുന്നവരുടെ മുന്നിൽ വലിച്ചു പിടിച്ച ബാനറിലെ മലയാളമക്ഷരങ്ങൾ പെറുക്കിയെടുത്ത്‌ ഇങ്ങനെ വായിച്ചു."വാമനൻ ഫാൻസ്‌ അസോസിയേഷൻ"
ഇതുകണ്ട മാവേലിയും നാണപ്പനും പൊട്ടിച്ചിരിച്ചു.
മാവേലി ഫാൻസും , വാമനൻ ഫാൻസും തമ്മിൽ ഏറ്റുമുട്ടി
പൊരിഞ്ഞ അടിപിടി , തല്ല് , കുത്ത്‌ , വാൾപ്പയറ്റ്‌ എക്സ്ട്രാ....

ഇതെല്ലാം കണ്ട മാവേലിയുടെ വയർ നിറഞ്ഞു ഒന്നു കൂടി വീർത്തു . ഇത്തവണയും ഓണത്തല്ലു കെങ്കേമമായി എന്നു കെ.പി നാണപ്പനോട്‌ തിരുമേനി അടക്കം പറഞ്ഞു .
കഴിഞ്ഞതവണത്തെ ഓണത്തിനു മാവേലികണ്ടത്‌ റിയാലിറ്റി ഷോകളിലെ ക്യാമറയ്ക്കു പിന്നിൽനിന്നും ഒന്നാം ക്ലാസ്സുകാരി മത്സരാർത്ഥിയുടെ മാതാപിതാക്കൾ മാർക്കിട്ട കോത്തായത്തുകാരൻ ജഡ്ജിന്റെ മണ്ടക്കിട്ടു പെരുമാറിയത്‌ വമ്പനൊരു കൂട്ടത്തല്ലിനു വകുപ്പുണ്ടാക്കിയതായിരുന്നെങ്കിൽ ഇത്തവണ ഇതാ കണ്മുൻപിൽ ഫാൻസ്‌ അസോസിയേഷനുകൾ തമ്മിൽ ............

ഫാൻസ്‌ അസോസിയേഷൻ രൂപീകരിക്കുന്ന സമയത്ത്‌ മാവേലിത്തമ്പുരാൻ പാതാളത്തിലെ തേക്കുമരച്ചോട്ടിലിരുന്നു കാറ്റുകൊള്ളുകയായിരുന്നു.

നമുക്ക്‌ അസോസിയേഷനുകളുടെ ചരിത്രം ഒന്നു പരിശോധിക്കാം
മാവേലി ഫാൻസ്‌ അസോസിയേഷൻ രൂപീകരിച്ചത്‌ നാട്ടിലെ കോടീശ്വരന്റെ മകൻ രാജപ്പൻ. ( വയസ്സായി വളഞ്ഞുകുത്തി കോടി നടക്കുന്ന ഈശ്വരൻപിള്ളയുടെ മകൻ എന്നു മലയാളം) നട്ടുച്ചക്ക്‌ ചെവിയിൽ തിരുകിയ ചെമ്പരത്തിപ്പൂവും തടവി കിടന്നുറങ്ങിയ നമ്മുടെ രാജപ്പനു ഒരു വിളിയാളമുണ്ടായി. സകല കുറ്റിയ്ക്കും കുളത്തയ്ക്കും ഫാൻസ്‌ ഉള്ള നമ്മുടെ കേരളത്തിൽ എന്തുകൊണ്ട്‌ മാവേലിയ്ക്കുമാത്രം ഒരു ഫാൻസ്‌ അസോസിയേഷൻ ഉണ്ടായിക്കൂടാ? വിളിയാളത്തിലെ ചോദ്യം ന്യായം . സംഗതി നാട്ടിലെ ചായപ്പീടികകളിൽ ചർച്ചയ്ക്കെത്തി. അങ്ങിനെ ഒരു ദിവസം നട്ടുച്ചസമയത്ത്‌ മാവേലി ഫാൻസ്‌ അസോസിയേഷൻ രൂപീകൃതമായി.
പക്ഷെ ഇതെല്ലാം മറ്റൊരാൾക്കിഷ്ടമായിരുന്നില്ല.

മറ്റാരുമായിരുന്നില്ല അത്‌ രാജപ്പന്റെ വർഗ്ഗശത്രുവും മാത്തപ്പന്റെ കള്ളുഷാപ്പിന്റെ ഉറ്റ മിത്രവുമായ സാക്ഷാൽ ദിനേശക്കുറുപ്പായിരുന്നു അത്‌.
അങ്ങിനെ രാജപ്പൻ എന്തു ചെയ്താലും അതിനെതിരു ചെയ്യുക എന്ന കൃത്യവുമായി നടക്കുന്ന ദിനേശക്കുറുപ്പും രൂപീകരിച്ചു ഒരു അസോസിയേഷൻ, അതാണു വാമനൻ അസോസിയേഷൻ.

ഓണത്തല്ലു കാണാൻ വന്ന പോലീസുകാർ തല്ലുകഴിയുന്നതു വരെ കാത്തുനിന്ന ശേഷം സ്ഥിരം ലക്ഷ്യസ്ഥാനമായ ആകാശത്തെ ലക്ഷ്യമാക്കി പൊട്ടിച്ചു അഞ്ചാറു വെടി.

ഫാൻസ്‌ അസോസിയേഷനും ബാക്കി പ്രജകളും പിരിഞ്ഞുപോയപ്പോൾ പോർക്കളത്തിൽ മാവേലിയും കെ.പി. നാണപ്പനും തനിച്ചായി ഇനിയെങ്ങോട്ട്‌ എന്ന ഭാവത്തിൽ നിന്ന കെ.പി. നാണപ്പന്റെ കൈ പിടിച്ച്‌ മാവേലി നടന്നു.

ഉണങ്ങിയ കപ്പത്തോട്ടവും ഗതി കിട്ടാത്ത നെൽപ്പാടവും പിന്നിട്ട്‌ അവർ നടത്തം തുടർന്നു.
അകലെകാണുന്ന പഞ്ചായത്ത്‌ പ്രസിഡണ്ടിന്റെ വീടിനെ ലക്ഷ്യമാക്കി നടക്കുമ്പോൾ മാവേലി കെ.പി യോട്‌ പറഞ്ഞു .

" ഇനി നമ്മൾ രണ്ടുപേരും അദൃശ്യരായിരിക്കും ആർക്കും നമ്മെ കാണാൻ കഴിയില്ല"
അങ്ങിനെ ദൃശ്യരല്ലാത്ത മാവേലി വിത്ത്‌ കെ.പി.നാണപ്പൻ നമ്മുടെ പഞ്ചായത്ത്‌ പ്രസിഡണ്ടിന്റെ വീട്ടുമുറ്റത്തെത്തി.
അവിടെ ഓണത്തിന്റെ ബഹളമായിരുന്നു ടിവിയിലെ ഏതോ പാട്ടു മത്സരത്തിൽ പങ്കെടുക്കുന്ന പ്രസിഡണ്ടിന്റെ മകൾ പങ്കജാക്ഷിയുടെ ( ക്ഷമിക്കണം ടി.വി.യിൽ വന്നപ്പോൾ പേര്‌ പി.കെ.ജാക്ഷു എന്നാക്കി മാറ്റി) ഓണപ്പാട്ട്‌ സ്വന്തം വീട്ടിൽ വച്ചുതന്നെ ടിവിയിൽ പകർത്തുന്നതിന്റെ തിരക്കിലാണു.

കടലാസുപൂക്കളിൽ തീർത്ത വലിയ പൂക്കളം പ്രകാശത്തിൽ വെട്ടിത്തിളങ്ങി. പാശ്ചാത്തലത്തിൽ നിൽക്കുന്ന മാവേലിയുടെ കോലം കെട്ടിയവൻ ഇടക്കു മുഖത്തു വന്ന വിയർപ്പുകണങ്ങൾ ഒപ്പിക്കൊണ്ടിരുന്നു.

ഓണം സ്പെഷൽ വെളുത്ത ടീഷർട്ടും ( ഗോൾഡൻ ബോർഡർ വച്ചിട്ടുള്ള ) വെളുത്ത ജീൻസുമിട്ട തരുണികൾ നൃത്തം ചവിട്ടുന്നു.

ഇതെല്ലാം കഴിഞ്ഞപ്പോൾ പേപ്പർ വാഴയിലയിലെ സദ്യയും കഴിഞ്ഞ്‌ കാടിവെള്ളം കിട്ടാത്ത പോത്തലറുന്നപോലെ ഒരു ഏമ്പക്കവുമിട്ട്‌. സദ്യയുണ്ണാൻ വന്നവർ സ്ഥലം വിട്ടു.

കെ.പി. നാണപ്പൻ മാവേലിയുടെ കണ്ണിലേക്കു നോക്കി മാവേലി കണ്ണിറുക്കിക്കാണിച്ചു. അവർ പലസ്ഥലങ്ങളിലും കറങ്ങി . ബെറ്റ്വച്ചുള്ള വള്ളംകളി മത്സരവും അതിനു ശേഷം വാളുവെച്ചുള്ള വെള്ളമടി മത്സരവും എല്ലാം കണ്ട്‌ മടുത്ത്‌ പിടുത്തംവിട്ട മാവേലിയും കെ.പിയും വൈകുന്നേരത്തോടെ കൂലിപ്പണിക്കാരൻ കോരന്റെ വീട്ടിലുമെത്തി.

തുമ്പപ്പൂവു മുതൽ സകല പൂക്കളും കൊണ്ടുതീർത്ത പൂക്കളത്തിനു ചുറ്റുമിരുന്നു പാട്ടുപാടുന്ന കുട്ടികൾ , ഓണക്കോടിയും സദ്യയ്ക്കുള്ള വട്ടങ്ങളും കൊണ്ടുവരാൻ വൈകിയ അച്ഛൻ ദൂരെനിന്നും വരുന്നതുകണ്ടപ്പോൾ ഓടിച്ചെന്ന് ഒരുപരാതിയുമില്ലാതെ ഓണപ്പാട്ടുപാടി സ്വന്തം അച്ഛനെ വരവേൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ മാവേലി തൃപ്തനായി. ഓണസദ്യയ്ക്കുള്ള മായം ചേർക്കാത്ത വാഴയിലകളും കണ്ട മാവേലി നിറഞ്ഞമനസ്സോടെ കെ.പി. നാണപ്പന്റെ കൈക്കുപിടിച്ച്‌ അവിടെ നിന്നും തിരിച്ചു നടന്നു.

നാണപ്പനോട്‌ ഗുഡ്ബൈപറഞ്ഞ മാവേലി അടുത്ത ഓണത്തിനു ഇനിയെന്തെല്ലാം സഹിക്കണം എന്ന ചിന്തയുമായി നാഷണൽ ഹൈവേയിൽ ചെന്ന് അവിടെ കണ്ട (റോഡില്‍) ഏറ്റവും വലിയ ഒരു കുഴി തിരഞ്ഞെടുത്ത്‌ അതുവഴി പാതാളത്തിലേക്കു വച്ചുപിടിച്ചു.

മാവേലിയോടു സലാം പറഞ്ഞ കെ.പി.നാണപ്പൻ അടുത്ത ഓണമാവുമ്പോഴേക്കും എന്നെയങ്ങെടുത്തെക്കണെ എന്നു പ്രാർത്ഥിച്ചുകൊണ്ട്‌ സ്വന്തം മകനു തീറെഴുതിക്കൊടുത്ത സ്വന്തമല്ലാത്ത വീട്ടിലേക്കും വച്ചുപിടിച്ചു.

ലോട്ടറിക്കുട്ടപ്പന്റെ കോളാമ്പി അപ്പോഴും ആർക്കോവേണ്ടി അലറുന്നുണ്ടായിരുന്നു.

" ഓണംവന്നോണംവന്നോണം വന്നൂ........................."
ഏവർക്കും ഓണാശംസകൾ‍

Thursday, August 21, 2008

സമയം തെറ്റിയ മാവേലി...

"മാവേലി വന്നോയ്‌ ...... മാവേലി വന്നേ...."
ഈ ശബ്ദം ആ ദിവസത്തെ മണ്ടങ്കരയുടെ അലാറമായിമാറി.
ചൂടു സഹിക്കവയ്യാതെ പുതപ്പിട്ടു തലവഴി മൂടിക്കിടക്കുന്ന ലോട്ടറിക്കുട്ടപ്പനടക്കം സകല ചൂടന്മാരും കണ്ണും തിരുമ്മി എഴുന്നേറ്റു. വയസ്സു തൊണ്ണൂറ്റൊന്‍പതു കഴിഞ്ഞിട്ടും ദാ ഇന്ന്‌ അല്ലേല്‍ നാളെ എന്നു പറഞ്ഞ്‌ മക്കളെയും കൊച്ചുമക്കളെയും കൊതിപ്പിച്ച്‌ കഴിയുന്ന നാണുനായര്‍ തന്റെ തൊണ്ടയിലെ മൂലക്കു നിന്നും പൊക്കിയെടുത്തു കൊണ്ടുവന്ന ശബ്ദമുയര്‍ത്തിച്ചോദിച്ചു. " ആരാണ്ടാ.. മാവേന്നു വന്നത്‌? "
മുത്തച്ഛന്‍ ചാകുമ്പോള്‍ കാതിലെ സ്വര്‍ണ്ണക്കടുക്കന്‍ എടുക്കുക ( മറ്റു മക്കള്‍ കൊച്ചുമക്കള്‍ തുടങ്ങിയ വകകള്‍ കൈക്കലാക്കുന്നതിനു മുന്‍പ്‌) എന്ന കര്‍മ്മം ചെയ്യാന്‍ അങ്ങേരുടെ കോളാമ്പിക്കു കാവല്‍ നില്‍ക്കുന്ന കൊച്ചുമകള്‍ മണ്ഡോദരി ഉച്ചഭാഷിണി നഹി ആയതു കൊണ്ട്‌ കിട്ടാവുന്നത്ര വോള്യത്തില്‍ പറഞ്ഞു
" മാവേന്നു വന്നതല്ലപ്പൂപ്പാ മാവേലി വന്നൂ ന്നാ..."
" എബടെ മാവേലി .. "
" എന്തിനാ അപ്പൂപ്പാ..."
"മരിക്കുന്നതിനു മുന്‍പ്‌ ഒള്ള ഭൂമി ഭാഗിച്ചു കൊടുത്ത ആ തിരു മോന്തയൊന്നു കാണാനാ.. മരമണ്ടന്‍.."
" അങ്ങിനെയൊന്നും പറയരുതപ്പൂപ്പാ..."
" നീ മിണ്ടാതിരിയെടി മണ്ടോതരീ ഞാന്‍ എന്റെ ഒള്ളതു മുഴുവന്‍ ഭാഗിച്ചിരുന്നെങ്കില്‍ ഇപ്പോ നിന്റെയൊക്കെ തിരുമോന്തായം എനിക്കു കാണാന്‍ കഴിയുമായിരുന്നോ...."
മണ്ടോദരിക്കു കാര്യം മനസ്സിലായിട്ടും എനിക്കൊന്നുമറിയില്ലേ ഞാനീ നാട്ടുകാരിയേയല്ലേ എന്ന ഭാവത്തില്‍ താടിക്കു കയ്യും കൊടുത്ത്‌ ഒറ്റയിരിപ്പ്‌.
നാണുനായര്‍ കിടന്നകിടപ്പില്‍ കടുക്കന്‍ തപ്പിനോക്കി യഥാസ്ഥാനത്തുണ്ടെന്നുറപ്പു വരുത്തിയ ശേഷം പതുക്കെ എഴുന്നേറ്റു.
കൊച്ചുമകള്‍ തന്റെ താടിക്കു കൊടുത്ത താങ്ങെടുത്ത്‌ അപ്പൂപ്പന്റെ കൈക്കു കൊടുത്ത്‌ അങ്ങേരെ കുത്തി നിര്‍ത്തി.
" എനിക്കു മാവേലിയെ കാണണം.........."അപ്പൂപ്പന്‍ കൊച്ചുമകളുടെ മുന്‍പില്‍ കൊച്ചു കുട്ടിയായി ചിണുങ്ങി.
അവരവിടെ അങ്ങിനെ ചിണുങ്ങി നില്‍ക്കട്ടെ നമുക്ക്‌ മണ്ടങ്കരയുടെ മറ്റു ഭാഗങ്ങളിലും ഒന്നു നോക്കാം.
അവറാന്റെ സ്വന്തം പാത്തുമ്മ എന്ന പാത്തുവും കേട്ടു മാവേലി വന്ന വാര്‍ത്ത.
കണവന്‍ ചന്തയില്‍ പോയ നേരം നോക്കി ഓണത്തിനു മുന്‍പുതന്നെ സമയം തെറ്റി വന്ന മാവേലിയെ ഒരു നോക്കു കാണാന്‍ പാത്തുവും ഇറങ്ങിപ്പുറപ്പെട്ടു.
നാട്ടിലെ പുത്തി ജീവികള്‍ ചര്‍ച്ച തുടങ്ങി, സ്ഥലം സുലൈമാന്റെ ചായക്കട
എന്തിനായിരിക്കും മാവേലി നേരത്തെ വന്നത്‌? ഇനി പാതാളത്തില്‍ വല്ല രാഷ്ട്രീയക്കാരും കടന്നു ചെന്നോ? അതോ മൂന്നാറിലെ മണ്ണുമാന്തി കം കെട്ടിടം പൊളിക്കല്‍ യന്ത്രം പാതാളത്തിലുമെത്തിയൊ? !!!
ആണ്ടിലൊരിക്കല്‍ സ്വസ്ഥത കളഞ്ഞുകുളിക്കാമെന്നു വല്ല നേര്‍ച്ചയുള്ളതുകൊണ്ടായിരിക്കും കേരളത്തില്‍ വരുന്നത്‌.
" ന്നാലും മാബേലീന ഞമ്മള്‌ ഇത്‌ ബരെ കണ്ടിട്ടില്ലാ ... ഒന്ന് കണ്ട്ട്ട്‌ തന്നെ കാര്യം ... "
ഹാജ്യാര്‍ വായിലെ മുറുക്കാന്‍ പകുതി ഇറക്കിക്കൊണ്ട്‌ ഇത്രയും പറഞ്ഞു നിര്‍ത്തി ബാക്കി മുറുക്കാന്‍ ബഞ്ചിലിരുന്ന അയമുവിന്റെ തലക്കു മുകളിലൂടെ റോഡിലേക്ക്‌ പറപ്പിച്ചുകൊണ്ട്‌ തുടർന്നു.
" മാബേലി പീടികേല്‌ ( മാവേലിസ്റ്റോര്‍ എന്നു മലയാളം ) ഞമ്മള്‌ പോകാന്‍ തൊടങ്ങിയ അന്ന് കല്‍ബിലു ബന്ന ആശയാണു മക്കളെ അയിന്റെ മൊതലാളിനെ കാണണം എന്നത്‌"
ഇതു കേട്ട നാട്ടിലെ പരിഷ്കാരി മമ്മൂഞ്ഞ്‌ ഹാജ്യാര്‍ക്ക്‌ മാവേലിയെ പറ്റി വിവരിച്ചു കൊടുത്തു.
" മിസ്റ്റര്‍ ഹജിയാര്‍, ഈ മാവേലി മാവേലിയെന്നാല്‍ മാവേലി സ്റ്റോറിന്റെ ഉടമയല്ല മറിച്ച്‌ നല്ലൊരു മനസ്സിന്റെ ഉടമയാണു.. അതുകൊണ്ടാണല്ലൊ ഇവിടുത്തെ രാഷ്ട്രീയക്കാരുടെ ചെളിപിടിച്ച കാലുകൊണ്ട്‌ ചവിട്ടിപ്പുറത്താക്കിക്കുന്നതിലും നല്ലതു തന്റെ വൃത്തിയുള്ള കാലുകൊണ്ട്‌ ചവിട്ടുന്നതാണെന്നു മനസ്സിലാക്കിയ സാക്ഷാല്‍ വാമനന്‍ മനസ്സിന്റെ വിതുമ്പലടക്കി ആ കര്‍മ്മം നിര്‍വ്വഹിച്ചത്‌"
സാഹിത്യം പറഞ്ഞു നിര്‍ത്തിയ മമ്മൂഞ്ഞിന്റെ വിവരത്തിന്റെ മുന്‍പില്‍ എല്ലാവരും തല നാലു പ്രാവശ്യം കുനിച്ചു കാണിച്ചു!
" മാവേലിന ഞമ്മക്കു ഇങ്ങോട്ട്‌ കൊണ്ട്‌ ബരണം ..."
ചായക്കടക്കാരന്‍ സുലൈമാന്‍ തന്റെ തീർത്തും ന്യായമായ ആവശ്യം തൊടുത്തു വിട്ടു
ഏഷണി കേശവന്‍ പിള്ളയാണു സുലൈമാന്റെ മാവേലി സല്‍കാരത്തിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്‌.
" സുലൈമാന്റെ പീടികയിലെ ഒണക്കപ്പുട്ട്‌ കൊടുത്തു മാവേലിയുടെ കയ്യില്‍ നിന്നും കാശടിച്ചു മാറ്റാനുള്ള പരിപാടിയാണു അതുകൊണ്ട്‌ അതു മാത്രം നടക്കില്ല ."
അതു ശരിയാണെന്നു ഹാജ്യര്‍, ചേക്കു,കോരപ്പന്‍, ദാസപ്പന്‍, മോനപ്പന്‍, മോനായി, ഹോനായി, മൊയ്തീന്‍, പുഷ്കരന്‍ , മമ്മൂഞ്ഞ്‌ എന്നിവരടങ്ങുന്ന നാട്ടിലെ പുത്തിജീവി സംഘം ശരിവച്ചു.
മാവേലിയുടേ ശരീരത്തില്‍ പുട്ടും കടലയും പരീക്ഷിക്കാം എന്ന സുലൈമാന്റെ ആഗ്രഹം തൽക്കാലം ഗോപിയേട്ടന്‍.
മണ്ടങ്കരയിലെ ആബാലവൃദ്ധം ജനങ്ങള്‍ മാവേലിയെ ഒരു നോക്കു കാണാന്‍ മാവേലി വന്നിറങ്ങിയ പൊന്തന്‍പാറ ലക്ഷ്യമാക്കി നടന്നു.
തൊണ്ണൂറ്റൊന്‍പതു കഴിഞ്ഞ അപ്പൂപ്പനെയും താങ്ങി കടുക്കനില്‍ നിന്നും കണ്ണെടുക്കാതെ കൊച്ചുമകള്‍ മണ്ഡോദരിയും കൂട്ടത്തിലുണ്ട്‌.
പാതുവിന്റെ കയ്യിലെ പൊതി കണ്ട്‌ ഏഷണി ദാശായണിയാണു ചോദിച്ചത്‌
"തെന്താ പാത്വോ പൊതീല്‌.."
" അത്‌ കൊറച്ച്‌ കോയി ബിരിയാനിയാ ഞമ്മളെ മാബേലിക്ക്‌ പെശലായിട്ട്‌ ഇണ്ടാക്കിയതാ.."
" മാവേലി ബിരിയാനി കയിക്കുമൊ? " ഏഷണിക്കു സംശയം കൂടി വന്നു
" കയിക്കേം പുളിക്കേം ഒന്നും ഇല്ലാ നല്ല പസ്റ്റ്‌ ബിരിയാനിയാ.."
അങ്ങിനെ നാട്ടുകാരായ നാട്ടുകാര്‍ നടന്നു.
പൊന്തന്‍പാറയുടെ മുകളില്‍ പെട്ടന്നു കുട്ടപ്പന്‍ കെട്ടിയുണ്ടാക്കിയ വള്ളിക്കുടിലില്‍ വിശ്രമിക്കുന്ന മാവേലിയെ ദൂരെ നിന്നും കാണാമായിരുന്നു.
മാവേലിക്കു പ്രസംഗിക്കാനുള്ള മൈക്ക്‌ സെറ്റൊരുക്കിയത്‌ നമ്മുടെ പുഷ്കരന്‍..
അന്തരീക്ഷത്തില്‍ അലയടിച്ചുയരുന്നത്‌ സൗണ്ടെഞ്ചിനീയര്‍ കം ബ്രോക്കര്‍ അയമുവിന്റെ തൊണ്ടയിലെ കാറല്‍.
" മാന്യ മഗാ ജനങ്ങളേ ഞമ്മളെ നാടിനെ പൊളകം കൊള്ളിക്കാന്‍ ഇതാ ബല്ല്യ പാതാള കുയിയില്‍ നിന്നും ഇബടെയെത്തിയ മാബേലിയെ സാകതം ചെയ്യുന്നു . അദ്ധേഹം ആരാണെന്ന് ഞമ്മള്‍ക്കെല്ലാര്‍ക്കുമറിയാം. എല്ലാരെ മുറ്റത്തും വട്ടത്തില്‍ പൂക്കള്‍ ഇടുന്നത്‌ കാണാന്‍ പാതാളത്തു നിന്നും ഓട്ടോ പിടിച്ചുവന്ന അദ്ധേഹത്തെ പ്രസംഗത്തിനായി ശണിക്കുന്നു "
ഇത്രയും പറഞ്ഞ സൗണ്ടെഞ്ചിനിയര്‍ കിതച്ചുകൊണ്ട്‌ മൈക്‌ മാവേലിക്കു കൈമാറി.
പൊന്തന്‍പാറക്കു താഴെ തിങ്ങിനിറഞ്ഞ ജനത്തെ നിയന്ത്രിക്കാന്‍ പൊലീസിന്റെ വന്‍ പടതന്നെ എത്തിയിരുന്നു. മുഷിഞ്ഞ കാക്കികളിലെ നക്ഷത്രത്തിളക്കം കണ്ട്‌ മണ്ടങ്കരയിലെ കാക്കകള്‍ ഉറക്കെ പാടി.
നമ്മുടെ മാവേലി ജനസമൂഹത്തിന്റെ നേരെ കൈകൂപ്പി എയര്‍ ഇന്ത്യയുടെ ചിഹ്നം പോലെ വളഞ്ഞുകുത്തി നിന്നു.
പുഷ്കരന്‍ മൈക്കിന്റെ പൊസിഷന്‍ മാവേലിയുടെ തിരുവായ്ക്കു നേരെ തിരിച്ചുവെച്ചു.
കിരീടമില്ലാത്ത മാവേലിയെ നോക്കി നാട്ടിലെ കുരുത്തംകെട്ടവന്‍ വിളിച്ചു ചോദിച്ചു.
" മാവേല്യേയ്‌ തലേല്‌ വെക്കണ കൊടച്ചക്രം എബടെ?"
ശരിയാണെന്നു മാവേലിക്കും അറിയാം തലയില്‍ കിരീടമില്ല.
എനി പാതാളത്തില്‍ നിന്നും വരുന്ന വഴി വല്ല പുറമ്പോക്കിലും ഒടക്കി നഷ്ടപ്പെട്ടതാണൊ? എനിക്കും സംശയമായി.
അതിനു മറുപടിയെന്നോണം ആകാശത്തിലേക്കുയര്‍ത്തിയ മാവേലിയുടെ കൈയ്യില്‍ കിടന്നു കിരീടം ലങ്കി മറഞ്ഞു ( തിളങ്ങി എന്നു സാരം) .
നാട്ടുകാരും ഞാനും അന്തം വിട്ടു കുന്തത്തിനു പോയവനെപ്പോലെ നിന്നുപോയി.
കിരീടം തലയിലമർത്തിയ മഹാബലി പറഞ്ഞു "പ്രിയപ്പെട്ട നമ്മുടെ പ്രജകളെ. നിങ്ങള്‍ നമുക്കു തന്ന സ്നേഹം അതൊന്നുമാത്രം കൊതിച്ചതുകൊണ്ടാണു ഇത്തവണ അത്തം തുടങ്ങുന്നതിനു മുന്‍പുതന്നെ നാം എഴുന്നള്ളിയത്‌"
നാട്ടിലെ ചൊറിയന്മാര്‍ ആവേശം മൂത്ത്‌ കയ്യടിച്ചു.മാവേലി പ്രസംഗം തുടര്‍ന്നു.
" മക്കളെ നാളെ രാത്രി എല്ലാവരും ഇവിടെ വരണം ഇന്നു നമുക്കു യാത്രാ ക്ഷീണമുള്ളതുകൊണ്ട്‌ പ്രസംഗിക്കാന്‍ കഴിയുന്നില്ല നാളെ രാത്രി നിലാവെളിച്ചത്തില്‍ നമ്മുടെ പ്രഭാഷണമുണ്ടായിരിക്കും .... അതുകൊണ്ട്‌ ഇപ്പോള്‍ നാം പള്ളിയുറക്കത്തിനു പോവുകയാണ്‌"
മാവേലി പ്രസംഗം നിറുത്തി.
ഓരോരുത്തരായി വീട്ടിലേക്കു മടങ്ങി
മാവേലിക്കു ബിരിയാനി കൊടുക്കാന്‍ പോയപ്പോള്‍ തടഞ്ഞുവെച്ച പൊലീസുകാരന്റെ അപ്പന്റപ്പൂപ്പനെ മനസ്സില്‍ തെറി വിളിച്ചുകൊണ്ട്‌ പാത്തുമ്മയും വീട്ടിലേക്കു നടന്നു.
സമയം കൈകൊട്ടിക്കളിയും കളിച്ച്‌ ഇഴഞ്ഞുനീങ്ങി.
പിറ്റേദിവസം രാത്രി മാവേലിയുടെ പ്രസംഗത്തിനു പോവാനുള്ള കാര്യമോര്‍ത്തിട്ട്‌ മണ്ടങ്കരനിവാസികള്‍ക്കുറക്കം വന്നില്ല.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കംവരാതിരുന്ന പോക്കിരി മാത്തുക്കുട്ടി സമയത്തിന്റെ വേകത കൂട്ടാന്‍ ഒരു ഹര്‍ത്താല്‍ നടത്തിയാലോ എന്നുവരെ ചിന്തിച്ചുപോയി.
ഒരുവിധം നേരം വെളുത്തുകിട്ടി. സമയം വീണ്ടും ഇഴഞ്ഞു വൈകുന്നേരമായപ്പോഴേക്കും പൊന്തന്‍പാറയ്ക്കു ചുറ്റും ജനസാഗരം ഇളകി മറിഞ്ഞു.
നാട്ടിലെ പോലീസുകാര്‍ , ബോംബുസ്ക്വാഡുകള്‍, കരിമ്പൂച്ചകള്‍ ,നേതാക്കള്‍ സകല കുണ്ടാമണ്ടികളും നിറഞ്ഞു നിന്നു .
കൃത്യം ചന്ദ്രന്‍ പൊന്തന്‍പാറയുടെ മുകളില്‍ ചിരിച്ചുനിന്നപ്പോള്‍ മാവേലി പുഷ്കരനില്‍ നിന്നും മൈക്‌ ഏറ്റുവാങ്ങി.
ജനങ്ങള്‍ തിരു മൊഴികള്‍ക്കായി കാതുകൂര്‍പ്പിച്ചു.
തന്റെ കുടവയറില്‍ തടവിക്കൊണ്ട്‌ മാവേലി പ്രജകളെ അഭിസംബോധന ചെയ്തു.
ഇന്ന് കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍, കൊള്ള,കൊല, ജാതി , മത വര്‍ഗ്ഗ വിവേചനം, വര്‍ഗ്ഗീയ കലാപങ്ങള്‍ , കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍, അമ്മയെയും , മക്കളെയും , പെങ്ങന്മാരെയും തിരിച്ചറിയാത്തവര്‍ ഇത്യാദി സകല കുണ്ടാമണ്ടികള്‍ക്കെതിരെയും മാവേലി ശക്തമായി പ്രതികരിച്ചു.
ജനങ്ങളുടെ മനസ്സില്‍ മാവേലി ഭരിച്ച നാളുകള്‍ നിറഞ്ഞു നിന്നു, രാഷ്ട്രീയ നേതാക്കള്‍ അക്ഷമരായി കേട്ടുകൊണ്ടിരുന്നു.
റഹിമാനും, രാമനും, റോയിയും ഒന്നിച്ച്‌ ആര്‍ത്തു പാടി.
" മാവേലി നാടു വാണീടും കാലം...
മാനുഷരെല്ലാരുമോന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ലാ പൊളിവചനം........."
മാവേലിയെ ഇനി പാതാളത്തിലേക്കു തിരിച്ചുവിടില്ലാ എന്നു ജനങ്ങള്‍ ഉറക്കെപ്പറഞ്ഞു
പ്രസംഗിച്ചവശനായ മാവേലി സമയം പുലർച്ചക്കോഴി കൂവാനടുത്തപ്പോള്‍ ഉറക്കെപ്പറയുന്ന ജനത്തിനോടായി അപേക്ഷിച്ചു
" ഇനിയെന്നെയൊന്നുറങ്ങാനനുവദിക്കൂ"
അപ്പോള്‍ മാവേലിയുടെ മൊബൈല്‍ഫോണ്‍ വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ റിങ്ങ്ചെയ്യുന്നുണ്ടായിരുന്നു .
മാവേലി പാതാളത്തിൽ നിന്നും വന്ന ഫോണെടുത്ത്‌ ഹലോ പറഞ്ഞു.
നാട്ടുകാര്‍ പിരിഞ്ഞു പോയി.
എല്ലാവരും സസന്തോഷം കൂടണഞ്ഞു.
അപ്പോഴാണു ആ ഞെട്ടിപ്പിക്കുന്ന സത്യം അവരറിഞ്ഞത്‌.
മണ്ടങ്കരയിലെ സകല വീടുകളും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു.
" മാവേലി നാടു വാണീടും കാലം.................................."
ജനങ്ങള്‍ മാവേലിയോട്‌ പരാതി പറയാന്‍ പൊന്തന്‍പാറ ലക്ഷ്യമാക്കി കുതിച്ചു.
പക്ഷെ പാറയില്‍ ഉടുതുണിയില്ലാതെ അവശനായിക്കിടക്കുന്ന മൈക്കുസെറ്റിനുടമ പുഷ്കരനെയാണു കാണാന്‍ കഴിഞ്ഞത്‌.
ജീവൻ വിട്ടുപോകാത്ത പുഷ്കരന്റെ അവശനാവില്‍ നിന്നും ആ ഞെട്ടിപ്പിക്കുന്ന സത്യം മണ്ടങ്കര നിവാസികള്‍ മനസ്സിലാക്കി.
മാവേലിയുടെ വേഷത്തില്‍ വന്നത്‌ മറ്റാരുമായിരുന്നില്ല പല വേഷങ്ങളില്‍ പല നാടുകളില്‍ കൊള്ളനടത്തുന്ന സീസണ്‍ വാസു എന്ന കൊള്ളത്തലവനായിരുന്നു.സീസണനുസരിച്ച്‌ സാമികളുടെയും, ഫക്കീറന്മാരുടെയും, പാതിരിമാരുടെയുമെല്ലാം വേഷത്തില്‍ പയറ്റി മടുത്ത അയാൾ തിരഞ്ഞെടുത്ത പുതിയ സീസണ്‍ വേഷമായിരുന്നു സമയം തെറ്റി വന്ന മാവേലിയുടേത്‌.
ജനസാഗരത്തില്‍നിന്നും ആരൊ ഉറക്കെപ്പാടി..
" കള്ളവുമില്ല ചതിയുമില്ലാ...
എള്ളോളമില്ലാ പൊളിവചനം"
വാല്‍ക്കഷണം: കേരളം ഭരിച്ച മഹാബലിത്തമ്പുരാന്‍ അങ്ങു ക്ഷമിച്ചാലും അങ്ങയുടെ കേരളം ഇന്ന് ഇങ്ങനെയൊക്കെയായിപ്പോയി കണ്ടില്ലെ അങ്ങയെപ്പോലും വിറ്റു കാശാക്കുന്നു.
-------------------------------------------------------------------------------------------------
ഓണക്കഥകള്‍ ഇവിടെ അവസാനിക്കുന്നില്ല മറ്റൊരു കഥയുമായി അടുത്തപോസ്റ്റ്‌ ഉടന്‍ പ്രതീക്ഷിക്കുക.
സസ്നേഹം രസികന്‍