Saturday, June 28, 2008

അവറാന്റെ ഭര്‍ത്താവ് ..!!

"മാന്യ മഹാജനങ്ങളെ നാട്ടുകാരെ വോട്ടര്‍മ്മാരെ ഈ നാട്ടിലെ അമ്മമാരെ അമ്മൂമമാരെ "
പുഷ്കരന്റെ കോളാമ്പി സ്പീകര്‍ നാട്ടിലെ സൗണ്ട്‌ എഞ്ചിനിയര്‍ കം കല്യാണ ബ്രോക്കര്‍ മമ്മുവിന്റെ ശബ്ദം കാര്‍ക്കിച്ചു തുപ്പി.
അതു കേട്ടുകൊണ്ട്‌ തന്നെയാവണം " ഇവനൊക്കെ വേറെ പണിയൊന്നുമില്ലെ" എന്നു ചോദിച്ചുകൊണ്ട്‌ സൂര്യന്‍ നേരത്തെ തന്നെ മൊഹം കാണിച്ചത്‌
മണ്ടങ്കര ഗ്രാമത്തിലെ ഒരു ദിവസത്തിനു അങ്ങിനെ കര്‍ട്ടന്‍ പൊങ്ങി
പണിയില്ലാത്ത പരിഷ്കാരികള്‍ രാവിലെതന്നെ ഉടുത്തൊരുങ്ങി പരദൂഷണ വാര്‍ത്തകള്‍ ചോര്‍ത്താന്‍ നമ്മുടെ സാക്ഷാല്‍ പരദൂഷണം പിള്ളയുടെ ബാര്‍ബര്‍ ഷോപ്പിലേക്കു നടത്തം തുടങ്ങി.
ഭര്‍ത്താവിനു അന്തിക്കള്ളു മോന്താനുള്ള കാശുണ്ടാക്കാന്‍ കൂലിപ്പണിക്കു പോകുന്ന പെണ്‍പിള്ളകളെ നോക്കി വെള്ളമിറക്കാന്‍ നാട്ടിലെ സകല പഞ്ചാരക്കുട്ടപ്പന്മാരും അണി നിരന്നു ( കൂട്ടത്തില്‍ സകല കെളവന്മാരും, അതുമാത്രം സങ്ങതി രഹസ്യമാണു കേട്ടൊ)
മണ്ടങ്കരയെ കൂവിയുണര്‍ത്തുന്ന അയമുവിന്റെ മീന്‍ വണ്ടിയും എത്തി
നാട്ടിലെ സകല തെങ്ങുകളും കവുങ്ങുകളും, എന്തിനേറെ പറയണം ഇലക്ട്രിക്‌ പോസ്റ്റുകള്‍ പോലും ഇലക്ഷനു നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പല്ലിളിച്ചു കാട്ടുന്ന ചിത്രമുള്ള പോസ്റ്ററുകര്‍ കൊണ്ട്‌ നാണം മറച്ചുനിന്നു ( ഇനി ഞങ്ങള്‍ക്ക്‌ എന്തു നാണം എന്നു കേശവന്റെ വീട്ടിലെ കവുങ്ങ്‌ ഉള്ളില്‍ പറഞ്ഞത്‌ ഈയുള്ളവനായിട്ട്‌ പരസ്യപ്പെടുത്തുന്നില്ല)
ഇതാണു ഇപ്പോള്‍ മണ്ടങ്കരയുടെ സ്ഥിതി

ഓ പറയാന്‍ മറന്നു പോയി- ഒണങ്ങിയ തോടും, കാക്കകളുടെ കള കള ശബ്ദവും, തെരുവു പട്ടികളുടെ ഓരിയിടലുകളും , മണ്ടരിപിടിച്ച തെങ്ങുകളും, ചുണ്ടെലി പിടിച്ച തവളകളും അടങ്ങുന്ന സസ്യ ശ്യാമള, കോമള , മാധവി , മൂധേവി യാണു നമ്മുടെ മണ്ടങ്കര
കഥ ഇവിടെ തുടങ്ങുന്നു..
---------------

തൊട്ടടുത്ത രാജ്യങ്ങളിലെ പോലെ തന്നെ മണ്ടങ്കര രാജ്യത്തും പഞ്ചായത്ത്‌ ഇലക്ഷന്‍ തുടങ്ങുകയാണു മണ്ടങ്കര വനിതാ വാര്‍ഡ്‌ ആയത്‌ കൊണ്ട്‌ അടുത്ത രാജ്യത്തിലെ വനിതകള്‍ മണ്ടങ്കരയിലെ വനിതകളെ അസൂയയോടെയാണു നോക്കുന്നത്‌ ( രണ്ടു കണ്ണു പോരാത്തതു കൊണ്ടായിരിക്കും അസൂയയെയും കൂട്ടു പിടിച്ചു നോക്കുന്നത്‌. ആ .. കഥയില്‍ കൊസ്റ്റ്യന്‍ ഇല്ലല്ലൊ)
മണ്ടങ്കരയിലെ ഇടത്തും, വലത്തും, നടുക്കും ഒക്കെയുള്ള വനിതാ സ്ഥാനാര്‍ത്ഥികളുടെ അടുപ്പില്‍ തീ പുകഞ്ഞിട്ടു ദിവസം പത്ത്‌ ( കാരണം അവര്‍ ഇലക്ഷനു നിന്നതോടെ വീട്ടില്‍ പുകയില്ലാത്ത അടുപ്പുകള്‍ വാങ്ങി )
പാര്‍ട്ടി പ്രവര്‍ത്ത്നത്തിനുള്ള ബക്കറ്റ്‌ പിരിവുകള്‍ ഒരു മുടക്കവുമില്ലാതെ തകൃതിയില്‍ നടന്നു കൊണ്ടിരുന്നു ---------------------

മത്സരിക്കുന്നത്‌ മൂന്നു വനിതകള്‍ തമ്മില്‍ നമ്മുടെ ( നാട്ടുകാരുടെയും) പാത്തുമ്മ എന്ന സാക്ഷാൽ പാത്തു ഒരു വശത്ത്‌ ( ഇടതും വലതും ഇതു വരെക്കും എനിക്കു തിരിചചറിയാന്‍ കഴിയാത്തത്‌ കൊണ്ട്‌ അതു മാത്രം ചോദിക്കരുത്‌ കാരണം കഥയിൽ............................)

മറു വശത്ത്‌ ഏശണി ദാശായണി
പിന്നെ മറ്റൊരുവശത്ത്‌ വെട്ടുകത്തി അയ്ശുമ്മ ( അയ്ശുമ്മാന്റെ നാവിന്റെ നീളം അളന്നാല്‍ വെട്ടുകത്തി എന്നല്ല കൊടുവാള്‍ എന്നു വിളിച്ചാലും മതിയാകില്ല)
നാട്ടിലെ ഏക മൈക്ക്‌ സെറ്റിനുടമ പുഷ്കരനും സൗണ്ട്‌ എഞ്ചിനിയര്‍ ( കം ബ്രോക്കര്‍) മമ്മുവിനും ഇതു കൊയ്ത്തുകാലം
.................
ലോകത്ത്‌ വല്ല പുതിയ സംഭവവും ഞാനറിയാതെ നടന്നു കഴിഞ്ഞോ എന്നറിയാന്‍ വീണ്ടും സുലൈമാന്റെ ചായക്കടയില്‍ എത്തിയതാണു ഞാന്‍
സുലൈമാന്റെ കടയിലെ ഉണ്ടമ്പൊരി പൊട്ടിച്ചു കഴിക്കാന്‍ നാട്ടിലെ ഒരു കൂട്ടം "പുത്തി ജീവികള്‍" ചുറ്റികക്കു വേണ്ടി അടിപിടി കൂട്ടുന്നു
മറ്റൊരു വശത്ത്‌ സുലൈമാന്റെ നേതൃത്വത്തില്‍ ചൂടു പിടിച്ച ചര്‍ച്ച നടക്കുന്നു ( ഉച്ചക്കു ഊ ണിനു കഴിഞ്ഞ ആഴ്ച്ചത്തെ മീന്‍ കറി ചൂടാക്കിയാൽ മതിയൊ അതൊ രണ്ടാഴ്ച്ച മുന്‍പ്‌ ബാക്കി വന്ന സാമ്പാറു തന്നെ എഡിറ്റു ചെയ്യണൊ)
പിന്നെ വേറൊരു വശത്ത്‌ ( ഏകദേശം ചായക്കടയുടെ തെക്കു വെടക്കു വശം വടക്ക്‌ എന്നും പറയാം ) എന്റെ സ്വന്തം തോഴന്‍ മൊയ്തീന്‍ കുഞ്ഞിന്റെ അദ്ധ്യക്ഷതയിലാണു മറ്റൊരു ചര്‍ച്ചക്കു അരങ്ങേറ്റം കുറിച്ചത്‌

വിഷയം പാത്തുവിന്റെ ജയ പരാജയങ്ങള്‍
" ഞമ്മളെ പാത്തു ജയിക്കും, ഓക്ക്‌ അയ്നൊക്കള്ള ബിബരണ്ട്‌ ഒന്നൂല്ലേല്‍ ഓളു രണ്ടാംക്ലാസ്സ്‌ ജയിച്ച്ട്ടുണ്ടല്ലൊ "നാട്ടിലെ അരപ്പിരിയന്‍ പോക്കര്‍ തട്ടിവിട്ടു
മുഴുപ്പിരിയന്മാര്‍ കേട്ടുനിന്നു, മാത്രമല്ല ഒന്നും മനസ്സിലാവാതെ തല രണ്ടു പ്രാവശ്യം ഇളക്കുകയും ചെയ്തു ഇതു മാത്രം നോക്കിനിന്ന ഹാജ്യാര്‍ക്കു പിടിച്ചില്ല
പ ഠേ...
പോക്കരുടെ കരണക്കുറ്റി നോക്കി ഹജ്യാര്‍ ഒന്നു പൊട്ടിച്ചു
" ഹമുക്കെ ആ ബട്ക്ക്‌ ജയിക്കണമ്ന്നു അനക്ക്‌ എന്താ ഇത്ര പൂതി?"

പാത്തുവിനോടുള്ള അരിശം ഹാജ്യാരുടെ തൊണ്ടയില്‍ കിടന്നു റിയാലിറ്റി ഷോ തുടങ്ങി

ഹാജ്യാര്‍ക്ക്‌ എന്തിനാ പാത്തുവിനൊട്‌ ഇത്ര അരിശം? സത്യമായിട്ടും എനിക്കറിയില്ല അത്‌ പാത്തുവും ഹാജ്യാരും തമ്മിലുള്ള വല്ല പരമ രഹസ്യവും ആയിരിക്കും ഏതായാലും ഒന്നറിയാം അവര്‍ കീരി ആന്‍ഡ്‌ പാമ്പ്‌ ആണു
അകലെനിന്നും ഒരു വാഹനം ചായക്കടയെ ലക്ഷ്യമാക്കി വരുന്നത്‌ കണ്ണില്‍പെട്ടതും എല്ലാവരും നിശബ്ദരായി
" നാട്ടുകാരെ പ്രിയപ്പെട്ടവരെ, ഞമ്മളെ നാടിന്റെ പൊന്നോമന മോള്‍, ഞമ്മളെ പാത്തുമോള്‍ ഇതാ ഈ വാഗനത്തിന്റെ തൊട്ടു പൊറകില്‍ നിങ്ങള്‍ എല്ലാരോടും വോട്ടു ശോയിക്കാന്‍ ബരുന്നു "\

സൗണ്ട്‌ എഞ്ചിനിയർ ഇത്രയും കോളാമ്പിയിലൂടെ വിളിച്ചു പറഞ്ഞു കിതച്ചു
പാത്തുവിനെ ഒരു നോക്കു കാണാന്‍ ആ നാട്ടിലെ സകല ചൊറികുത്തികളും തിങ്ങി നിറഞ്ഞു
തുറന്ന വാഹനത്തില്‍ അതിലും കൂടുതല്‍ മലര്‍ത്തി തുറന്നു പിടിച്ച വായയുമായി പാത്തുവും സംഘവും ജനങ്ങളോട്‌ കൈ കൂപ്പിയും, കൈ വീശിയും അകലെ നിന്നും വരുന്ന കാഴ്ച ഒരു കാഴ്ച്ചതന്നെയാണു
പാത്തുവിന്റെ കയ്യില്‍ മുറുക്കിപിടിച്ചത്‌ മറ്റൊന്നുമല്ല പാർട്ടിയുടെ ചിഹ്നം സാക്ഷാല്‍ ചിരവ തന്നെ ആയിരുന്നു
തൊട്ടടുത്ത്‌ തന്നെ ചിരവയെ ഇടംകണ്ണിട്ടു ബഹുമാനാദരവോടെ നോക്കിക്കൊണ്ട്‌ പാത്തുവിന്റെ കണവന്‍ അവറാനുമുണ്ട്‌
ഞങ്ങള്‍ കഴുത സാഗരത്തിന്റെ അടുത്തെത്തിയതും പുതിയ ബ്ലോഗു കണ്ട ബ്ലോഗ്‌ കള്ളന്മാരെ പോലെ ആര്‍ത്തിയോടെ ഇരട്ട എഞ്ചിന്‍ ഘടിപ്പിച്ച തുറന്ന വാഹനം ഒറ്റ നില്‍പ്പ്‌
തുറന്ന വാഹനത്തിന്റെ ഇരട്ട എഞ്ചിനുകളായ കാളകള്‍ പരസ്പരം നോക്കി ( നമ്മളിതെത്ര കണ്ടതാ എന്ന അര്‍ത്ഥം എനിക്കു മാത്രം മനസ്സിലായി ഞാന്‍ കാളകളെ നോക്കി കണ്ണിറുക്കി)
ഇതുവരെ ഹാലിളകിയ ഹാജ്യാരുടെ നാവു ചുരുണ്ട്‌ മടങ്ങി കാശിക്കു പോയി
തുറന്ന വാഹനത്തിന്റെ തുറക്കാത്ത വാതില്‍ തള്ളിത്തുറന്നു നമ്മുടെ ( നാട്ടുകാരുടെയും ) പാത്തു ഉരുണ്ട്‌ ഇറങ്ങി
നാട്ടിലെ മണ്ണുണ്ണികള്‍ ആര്‍ത്തു വിളിച്ചു

"നമ്മുടെ പാത്തു സിന്ദാബാദ്‌ വീണ്ടും വീണ്ടും നമ്മുടെ പാത്തു സിന്ദാബാദ്‌"
സൗണ്ട്‌ എഞ്ചിനിയര്‍ മൈക്‌ പാത്തുവിനു കൈമാറി ഒരു മൂലയില്‍ മാറി നിന്നു
നമ്മുടെ പാത്തു സംസാരിക്കാന്‍ തുടങ്ങുകയാണു ജനം കാതുകള്‍ കത്തിയില്ലാതെ കൂര്‍പ്പിച്ചുകൊണ്ടിരുന്നു
" അസ്സലാമു അലൈകും, ഞമ്മളെ നാട്ട്‌ ലെ പഹയന്മാരെ , പഹയി കളെ "

ഇതു കേട്ടതും സഹോദരന്മാരെ സഹോദരിമാരെ എന്ന് നൂറ്റി പതിനാറുവട്ടം പറഞ്ഞു പാത്തുവിനു പഠിപ്പിച്ചു കൊടുത്ത അന്ത്രു ചായക്കാരന്‍ സുലൈമാനോട്‌ ഒരു സോഡക്ക്‌ പറഞ്ഞു
ഇത്‌ ഇങ്ങനെ പോയാല്‍ ഒരു സോഡയില്‍ തീരില്ല എന്നറിയാവുന്ന സുലൈമാന്‍ ഒരു പെട്ടി സോഡ കൊണ്ടുവന്നു
പാത്തുവിന്റെ പ്രഭാഷണം തുടര്‍ന്നുകൊണ്ടിരുന്നു
" ഞമ്മളെ നാട്ട്‌ ലെ എല്ലാ ഹംക്ക്‌ കളും ഞമ്മക്ക്‌ ബോട്ട്‌ ചെയ്യണം ഇപ്പളാണു ഞമ്മക്ക്‌ ഒരു കാര്യം പുടികിട്ടീത്‌ "
എന്താ പാത്തുവിനു പിടികിട്ടിയത്‌ എന്നറിയാന്‍ ഞങ്ങള്‍ ശ്രോതാക്കള്‍ അക്ഷമരായി
" ഞമ്മക്കു പുടികിട്ടീത്‌ എന്താന്നു ബച്ചാലു ഞമ്മളെ ചെരവ ഒണ്ടല്ലൊ അത്‌ തേങ്ങ ചെരണ്ടാന്‍ മാത്രമല്ല ബോട്ട്‌ ചെയ്യാനും കൂടി പറ്റൂന്ന്"
പാത്തുവിന്റെ അറിവിനുമുന്‍പില്‍ താന്‍ ഒന്നുമല്ല എന്നു നാട്ടിലെ പരിഷ്കാരി മമ്മൂഞ്ഞ്‌ മൂക്കത്ത്‌ വിരല്‍ വച്ചു സമ്മതിച്ചു
പാത്തുവിന്റെ ശബ്ദം വീണ്ടും മുഴങ്ങി
" പിന്ന ഒരു കാര്യണ്ട്‌, ഇങ്ങളെല്ലാരുംകൂടി ഞമ്മളെ ജയിപ്പിച്ചാല്‍ എല്ലാരെ ബീട്ടിലും ഓരൊ ആട്ടിന്‍ കൂട്‌ പണിയിച്ചുതരും "
ആടിന്റെ കാര്യം പറഞ്ഞതും പാത്തുമ്മ വിതുമ്പി അത്‌ മൈകിലൂടെ അലർച്ചയായി പുറത്തുവന്നു തുറന്ന വാഹനത്തില്‍ ചിരവയില്‍ നിന്നും കണ്ണെടുക്കാതെ അന്തിച്ചു നില്‍ക്കുന്ന സ്വന്തം കണവന്‍ അവറാനെ നോക്കി പാത്തു വാചാലയായി
" ഇങ്ങക്കറിയോ ഞമ്മളെ പുത്യാപ്ല ഈ നിക്കണ ഹംക്‌ ഞമ്മളെ ബീട്ടില ആടിനെ പട്ടിണിക്കിടും "
ഹംക്‌ എന്നു കേട്ടതും ഒതുങ്ങി നിന്ന പാത്തുവിന്റെ കണവന്‍ അവറാനിലെ പുലി പുറത്തു ചാടി അവറാന്‍ അലറി
" അന്റെ വാപ്പ ഒറ്റക്കണ്ണന്‍ മൊയ്തൂട്ടി ആണെടി ഹംക്‌"ഇതു പറഞ്ഞതും പാത്തുവിന്റെ കരണക്കുട്ടിക്കു രണ്ടു പൊട്ടിച്ചതും ഒരുമിച്ചായിരുന്നു
ജനസാഗരം ശ്വാസം അടക്കിപ്പിടിച്ചു.

മൈക്കിന്റെ ഉടമ പുഷ്കരൻ പാത്തുവിന്റെ കൈയില്‍ നിന്നും തന്റെ പണിയായുധമായ മൈക്‌ കൈക്കലാകി
പാത്തു അവറാന്റെ സ്വന്തമായിരുന്നെങ്കിലും കയ്യിലുണ്ടായിരുന്ന മൈക്കു പുഷ്കരന്റെ മാത്രം ആയിരുന്നല്ലൊ
അവറാന്‍ പാത്തുവിന്റെ പുറത്തുള്ള കൈകൊട്ടിക്കളി തുടര്‍ന്നു കൊണ്ടിരുന്നു അവറാന്‍ കൊലവിളി നടത്തി ഇരുപത്തഞ്ചു വര്‍ഷം അവറാന്‍ അടക്കിപ്പിടിച്ചതെല്ലാം പുറത്തുവന്നു
" അനക്ക്‌ എനി ബോട്ടിനു നിക്കണോഡീ ബലാലെ"
" ഞമ്മക്ക്‌ ബോട്ടും ബേണ്ട ഒരു കുന്തവും ബേണ്ടേ"
" അനക്ക്‌ ആട്ന ബേണോ"
" ഞമ്മക്ക്‌ ആടിന ബേണ്ടായേ എനിമുതൽ ആട്‌ ബിരിയാനി പോലും ഞമ്മളു കയിക്കൂലേ............................"
ഒരുവിധം അടങ്ങിയ അവറാന്‍ പാത്തുവിനെയും കൊണ്ട്‌ തുറന്ന വാഹനത്തിന്റെ പടിയിറങ്ങി

*****************

മണ്ടങ്കരയിലെ അടുത്ത വിശേഷമറിയാന്‍ സൂര്യന്‍ പഞ്ചായത്ത്‌ കിണറിനു പിന്നില്‍ നിന്നും ഒളിഞ്ഞു നോക്കി
ഞാന്‍ സുലൈമാന്റെ ചായക്കടയിലും സ്ഥാനം കണ്ടെത്തി
പാത്തുവിനു പകരം ഇലക്ഷനു നിന്ന സുലൈഖ ടീചര്‍ വന്‍ ഭൂരിപക്ഷതോടെ ജയിച്ചു
സുലൈമാന്‍ ചായയില്‍ വിരലിട്ടിളക്കുമ്പോഴാണു ആ കാഴ്ച്ചകണ്ടത്‌
അകലെ നിന്നും രണ്ടുപേര്‍ നടന്നു വരുന്നു
യുവമിഥുനങ്ങളേപ്പോലെ കുണുങ്ങി കിണുങ്ങി വന്നുകൊണ്ടിരുന്നത്‌ മറ്റാരുമായിരുന്നില്ല നമ്മുടെ നായിക പാത്തുമ്മയും ഭാര്യ (ക്ഷമിക്കണം - പണ്ടു പാത്തുവിന്റെ ഭാര്യയായിരുന്നെങ്കിലും ഇപ്പോള്‍ ഭര്‍ത്താവായി മാറിയ) അവറാനുമായിരുന്നു

ഈ കാലമത്രയും അവറാന്റെ മുന്നില്‍ നടന്നിരുന്ന നമ്മുടെയും നാട്ടുകാരുടെയും പാത്തു ഇപ്പോള്‍ അവറാന്റെ മാത്രം പാത്തുവായി അവറാന്റെ പിന്നില്‍ അവറാന്‍ പറഞ്ഞ 'പയത്തു' പുളിച്ച തമാശ കേട്ട്‌ ചിരിവരാതെ ചിരിച്ചുകൊണ്ട്‌ തലയും താഴ്ത്തി നടന്നു വരുന്നു
സുലൈമാന്റെ ചായക്കടയിലെ പൊറൊട്ട കടിച്ച്‌ സ്വന്തം പല്ലിനോട്‌ യുദ്ധം ചെയ്യുന്ന ഒരു ധീര യൊദ്ധാവ്‌ വിളിച്ചു ചോദിച്ചു
" അല്ലാ ഇപ്പൊ ആരാ എലക്ഷനിൽ ജയിച്ചത്‌ , സുലൈഖ ടീച്ചറൊ , അതൊ പാത്തുവൊ? "ഇതുകേട്ട സുലൈമാനാണു പറഞ്ഞത്‌ " ഈ രണ്ട്‌ ഹംക്കുകളുമല്ല ഞമ്മളെ അവറാനാ ജയിച്ചത്‌ "
--------- ശുഭം ----------
ഇതിന്റെ ഒന്നാം ഭാഗം കണ്ടിട്ടില്ലാത്തവര്‍ ഇവിടെ ക്ലിക്കുക

Monday, June 23, 2008

തണുത്തകാറ്റിലെ പ്രണയം...

നല്ല തണുത്ത കാറ്റ്‌ പകുതി തുറന്നിട്ട ജനല്‍ പാളികള്‍ക്കുള്ളിലൂടെ അരിച്ചുവന്നപ്പോള്‍ ഒന്നുകൂടി പുതപ്പിനുള്ളിലേക്കു ഒതുങ്ങിക്കൂടി.
സമയം വളരെ വൈകിയിരിക്കുന്നു ഇന്നു ലീവ്‌ എടുത്താലോ ഓര്‍ത്തപ്പൊള്‍ ചിരി വന്നു എനിക്കു ലീവൊ ? നല്ല തമാശ തന്നെ
............
പത്തുമിനിറ്റിനുള്ളില്‍ എല്ലാ പ്രാഥമിക കൃത്യങ്ങളും കഴിചെന്നു വരുത്തി പ്രിയ തോഴന്‍ കാമറയെ തോളില്‍ തൂക്കി പതുക്കെ നടന്നു ഇന്നു ബൈക്കു വേണ്ട കാരണം നടന്നു പോക്കില്‍ ഒരു സുഖം ഉണ്ടെന്നു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണല്ലൊ എനിക്കു മനസ്സിലായത്‌
............
അന്നു ഒരു ശനിയാഴ്ച യായിരുന്നു പതിവുപോലെ കാമറയും കൊണ്ടു സവാരിതുടങ്ങാന്‍ പൊകുമ്പോഴാണു ബൈക്ക്‌ തലെ ദിവസം പഞ്ചറായതും അയല്‍ക്കാരന്‍ തമിഴന്‍ പയ്യനെ പഞ്ചറടിപ്പിക്കാന്‍ കൊണ്ട്പോകാന്‍ ഏല്‍പിചതും എല്ലാം ഓര്‍മ്മവന്നത്‌
അവന്റെ ഉറക്കം കഴിഞ്ഞിട്ടു വേണ്ടി വരും
ഏതായാലും ഇന്നു നടക്കാം
ഒരുപാടു സഞ്ചാരികളുടെ പാദസ്പര്‍ശംകൊണ്ട ഊട്ടിയിലെ വീഥികളിലൂടെ സഞ്ചരിക്കുമ്പോള്‍ പുതുതായി വരുന്ന സഞ്ചാരികളെ കുറിച്ചായിരുന്നൊ അതൊ വീട്ടില്‍ അഛ്ചനു മരുന്നു വാങ്ങിക്കാനും, ഗോപാലന്റെ കടയിലെ പറ്റു തീര്‍ക്കാനും വെണ്ടി മണിയോഡറിനു കാത്തിരിക്കുന്ന അമ്മെയെ കുറിച്ചായിരുന്നൊ ഓര്‍ത്തിരുന്നത്‌ ?
അറിയില്ല ഇതൊക്കെ ആയിരുന്നല്ലൊ എന്റെ ചിന്തയില്‍ സധാരണ ഉണ്ടായിരുനത്‌ !
വെയിലിനു ശക്തികൂടി വരുന്നെങ്കിലും തണുപ്പിനു കാര്യമായ മാറ്റമൊന്നുമില്ല
"മലയാളിയാണൊ?"എന്നശബ്ദമാണു എന്നെ ഉണര്‍ത്തിയത്‌ എന്റെ മുന്‍പില്‍ ഒരു പെണ്‍കുട്ടി നില്‍ക്കുന്നു ഒറ്റ നൊട്ടത്തില്‍ തന്നെ അറിയാം ഏതോ കശുള്ള വീട്ടിലെ പെണ്‍കുട്ടിയാണെന്ന്‌
അതെ മലയാളിയാണു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ക്ക്‌ എന്തോ ആശ്വാസമായപോലെ തോന്നി
അവള്‍ അപ്പനും അമ്മക്കും ഒരെ ഒരു മോള്‍ ആണെന്നും ഊട്ടിയില്‍ സ്കൂള്‍ വെകെഷന്‍ ആഘോഷിക്കാന്‍ ഫാമിലി ഒന്നിച്ചു വന്നതാണെന്നും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു
അഛചനും അമ്മയും എവിടെ എന്നു ചോതിച്ചപ്പോള്‍ " ഓ അവരുടെ സ്വര്‍ഗ്ഗത്തില്‍ നമ്മളെന്തിനാ കട്ടുറുമ്പാകുന്നത്‌" എന്നായിരുന്നു അവളുടെ മറുപടി
പിന്നേയും അവള്‍ എന്തൊക്കെയൊ സംസാരിച്ചുകൊണ്ടിരുന്നു
അവള്‍ ഒരു മാസക്കാലം ഇവിടെ ഉണ്ടാകുമെന്നും അവള്‍ക്കു മഞ്ഞു വീഴുന്നത്‌ കാണാന്‍ വളരെ ഇഷ്ടമാണെന്നും എല്ലാം
അവളോട്‌ സംസാരിച്ചു പിരിയുമ്പോള്‍ വളരെ വൈകിയിരുന്നു പിന്നീടുള്ള ചിന്തകള്‍ അവളെകുറിച്ചായി അന്നു എന്തോ സഞ്ചാരികളെ തേടിയുള്ള എന്റെ അലച്ചില്‍ വേണ്ട എന്നു വെച്ചു നെരത്തെ തന്നെ റൂമില്‍ തിരിച്ചെത്തി
പിന്നീട്‌ ഞങ്ങളുടെ കൂടിക്കാഴ്ച്ച ഒരു പതിവായി അവള്‍ അധിക സമയം എന്റെ കൂടെ ചിലവഴിക്കാറില്ലാ എങ്കിലും അവളെ കാണാത്ത ദിവസങ്ങള്‍ എനിക്കു ഓര്‍ക്കാന്‍ കഴിയുമായിരുന്നില്ല
അവള്‍ എന്നെപറ്റി ചൊദിച്ചപ്പോള്‍ ഞാന്‍ വെറും ഒരു tourist ഗൈഡാണെന്നു പറയാന്‍ എനിക്കു മടിയായിരുന്നു
അതായിരിക്കും ഞാന്‍ കേരളത്തിലെ ഒരു വ്യവസായിയുടെ ഏക മകനാണെന്നും ഇവിടെ അവധിക്കാലം ചിലവഴിക്കാന്‍ വന്നതാണെന്നും അവളോടു പറയാന്‍ പ്രേരിപ്പിച്ചത്‌
.................

എന്തൊക്കെയൊ ചിന്തിച്ചു നടന്നപ്പോള്‍ " ഹേയ്‌ ഇവിടെയൊന്നുമല്ലെ " എന്ന അവളുടെ നിഷ്കളങ്കമായ ചോദ്യമാണു എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്‌
" ഇവിടെ തന്നെയാ വെറുതെ എന്തൊക്കെയൊ ഓര്‍ത്തു പോയി"
"എന്താ ഇത്ര ഓര്‍ക്കാന്‍ ? "അവള്‍ ഒരു കള്ള ചിരിയോടെ ചോദിച്ചു
" പണ്ടൊക്കെ അമ്മയെ കുറിച്ചായിരുന്നു ഓര്‍ത്തിരുന്നത്‌ ഇപ്പോള്‍ അതിനു സമയം കിട്ടാറില്ലല്ലോ എന്നു ഓര്‍ത്തതാ"
എന്റെ വാക്കുകള്‍ കെട്ട അവള്‍ പൊട്ടി ച്ചിരിച്ചു അവള്‍ക്കറിയാമായിരുന്നു എന്റെ മനസ്സില്‍ മുഴുവന്‍ അവളാണെന്നു
പെട്ടന്നാണു ഒരു കാര്‍ വന്നു മുന്‍പില്‍ നിര്‍ത്തിയത്‌ അവളുടെ മുഖത്ത്‌ പേടിയുടെ നിഴല്‍ ഞാന്‍ കണ്ടു കാറില്‍ ഉണ്ടായിരുന്ന തൈകിളവന്റെ നേരെ നോക്കി " അത്‌ എന്റെ പപ്പയാണു " എന്നു പറഞ്ഞ്‌ അവള്‍ കാറില്‍ ഓടിക്കയറി
ഞാന്‍ ഓര്‍ക്കാറുണ്ട്‌ അവള്‍ ഒരിക്കലും എന്നെ അവളുടെ ഫ്ലാറ്റില്ലേക്ക്‌ ക്ഷണിച്ചിട്ടില്ല , പപ്പയെയും മമ്മിയെയും പരിചയപ്പെടുത്താന്‍ തുനിഞ്ഞിട്ടില്ല പേടികൊണ്ടായിരിക്കും
............

" ഹല്ലൊ രവി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടൊ? " ആരാ ഊട്ടിയില്‍ എന്നെ പേരെടുത്ത്‌ വിളിക്കാന്‍ എന്നു കരുതി തിരിഞ്ഞു നൊക്കിയപ്പോള്‍
ഒരു നാല്‍പതുകാരന്‍ ല്‍നല്‍ക്കുന്നു ഒന്നുകൂടി നൊക്കിയപ്പോഴാണു എനിക്കു ആളെ മനസ്സിലായത്‌
മൂന്നു മാസങ്ങള്‍ക്കു മുന്‍പു പരിചയപ്പെട്ടിരുന്ന ഒരു സഞ്ചാരി, വര്‍മ്മ സാര്‍ അന്ന് ഇവിടെ വന്നപ്പോള്‍ ഞാന്‍ ആയിരുന്നല്ലൊ ഗൈഡ്
വർമ്മ സാര്‍ ഇവിടെ വരുന്നത്‌ ഊട്ടിയുടെ മാത്രം ഭംഗി ആസ്വദിക്കാനല്ല വേറെ പലതും ഊട്ടിയില്‍ നിന്നും പ്രതീക്ഷിച്ചിട്ടാണെന്ന് എനിക്കു അന്നു മനസ്സിലായിട്ടുണ്ട്‌
ഞാന്‍ വര്‍മ്മ സാറിനെ തിരിച്ചു വിഷ്‌ ചയ്തു
" രവി ഇന്നു ഫ്രീ ആണൊ ? "
" ഇനി ഫ്രീ അല്ല എങ്കിലും വര്‍മ്മ സാറിനു വെണ്ടി ഞാന്‍ ഫ്രീയാവില്ലെ?"എന്റെ മറുപടി അദ്ധേഹത്തിനെ സുഖിപ്പിച്ചു കാണണം
-------------
ഞങ്ങള്‍ പല സ്ഥലങ്ങളും ചുറ്റിക്കറങ്ങി അവസാനം വര്‍മ്മ സാര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി
" ഹല്ലൊ വര്‍മ്മാജി " വര്‍മ്മസാറിനെ ഒരു തൈകിളവൻ വിഷ്‌ ചൈതു
ഇയാളെ ഞാന്‍ എവിടെയൊ കണ്ടിട്ടുണ്ടല്ലൊ എവിടെയാണെന്നു എനിക്കു ഒരു പിടിയും കിട്ടുന്നില്ല
അപ്പൊഴാണു ഒരു പെണ്‍കുട്ടി അവിടേക്കു വന്നത്‌ അവള്‍ കിളവന്റെ കൈക്കു പിടിച്ചു
അത്‌ അവള്‍ ആയിരുന്നു എന്റെ .....
അല്ല ഞാന്‍ ദിവസവും സംസാരിക്കുന്ന എന്റെ.........
ഇപ്പോഴാണു എനിക്കു കിളവനെ പിടി കിട്ടിയത്‌ അത്‌ അവളുടെ പപ്പയായിരുന്നു അവള്‍ എന്നെ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു പപ്പയെ അത്രക്കു പേടിയായിരിക്കും
കിളവനോട്‌ എന്തൊക്കെയൊ സംസാരിച്ച വര്‍മ്മസാറും ഞാനും restaurant ലെക്കു പോയി സാറു എന്റെ അനുവാദത്തിനു കാത്തു നില്‍ക്കാതെ എന്തൊക്കെയൊ ഓര്‍ഡര്‍ ചെയ്തു
എന്റെ മനസ്സില്‍ അപ്പോള്‍ അവളെ കുറിച്ചുള്ള ചിന്തയായിരുന്നു നിഷ്കളങ്കമായ കണ്ണുകളുള്ള ആ പെൺകുട്ടി എന്റെ മനസ്സില്‍ അത്രക്കു ഇടം പിടിച്ചിരുന്നു
അവളെ കുറിച്ച്‌ കൂടുതല്‍ അറിയാനുള്ള ആകാംശകാരണം ഞാന്‍ വര്‍മ്മ സാറിനോട്‌ ചോദിച്ചു
" ആരായിരുന്നു അയാള്‍"
" ആരു?"
" സാറിനോട്‌ കുറച്ചു മുന്‍പ്‌ സംസാരിച്ചയാള്‍"
" ഓ .... അയാളൊ എന്റെ ഒരു നാട്ടുകാരനാ അയാള്‍ക്ക്‌ വേറെ പണിയൊന്നുമില്ല ഇതു തന്നയാ പണി "" ഏത്‌?"
" ഇപ്പോള്‍ കൂടെ ഒരു call girl നെ കണ്ടില്ലെ അതു തന്നെ. അയാളുടെ മകളുടെ പ്രായം പോലുമില്ല ഛെ...."
വര്‍മ്മസാര്‍ എന്തൊക്കെയൊ പിറുപിറുത്തുകൊണ്ടിരുന്നു
പിന്നീട്‌ ഞാന്‍ ഒന്നും കേട്ടിരുന്നില്ല എന്റെ യുള്ളില്‍ വര്‍മ്മ സാറിന്റെ വാക്കുകള്‍ പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു
" ഇപ്പോള്‍ കൂടെ ഒരു call girl നെ കണ്ടില്ലെ അതു തന്നെ.
അയാളുടെ മകളുടെ പ്രായം പോലുമില്ല ഛെ...."