സാര്‍, ഞാന്‍ ഡോക്ടര്‍ ഫല്‍ഗുണന്‍ പിള്ള സ്നേഹമുള്ളവര്‍ ഡോ, ഫല്‍ഗു എന്നും വിളിക്കും. ആദ്യമായി ഇത് വായിക്കുക ഏതെങ്കിലുമൊരു പോലീസു സാറായിരിക്കുമെന്ന എന്റെ അത്യുന്നത പരീക്ഷണനിരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ സാര്‍ എന്നു സംബോധന ചെയ്തത് . ഈ കത്ത് സാറിനു എന്റെ മേശവലിപ്പില്‍ നിന്നും കിട്ടുമ്പോഴേയ്ക്കും ഞാന്‍ ഈ നാശം പിടിച്ച ചതിയന്മാരുടെ ലോകത്തു നിന്നും ഗുഡ്ബൈ പറഞ്ഞിട്ടുണ്ടാകും.
നല്ലനിലയില്‍ നടന്നുപോകുന്ന സര്‍ക്കാറാശുപത്രിയില്‍ ഞാന്‍ നിയമിതനായിട്ടു വര്‍ഷങ്ങള്‍ ഒരുപാടൊന്നുമായിട്ടില്ലെങ്കിലും ആശുപത്രിയുടെ ഉന്നതിക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചിരുന്ന ഒരു മഹത്‌വ്യക്തിയായിരുന്നു ഞാനെന്ന സത്യം ഇവിടെ തുറന്നു സമ്മതിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു അതോടൊപ്പംതന്നെ പുളകിതനുമാകുന്നു.
സര്‍ക്കാറാശുപത്രിയിലെ എക്സറേ, അള്‍ട്രാ സൌണ്ട് ആന്റ് സി.ടി സ്കാനര്‍, ഇ.സി.ജി തുടങ്ങിയ വിലപിടിപ്പുള്ള യന്ത്രങ്ങള്‍ക്ക് നിരന്തരമായ ഉപയോഗത്തിലൂടെ യാന്ത്രിക ശക്തി നഷ്ടപ്പെടാതിരിക്കാന്‍വേണ്ടി മാത്രമായിരുന്നു എന്റെ സ്വന്തം പെണ്ണുംപിള്ളയുടെ സ്വര്‍ണ്ണവും അവളുടെ അപ്പന്‍ അവള്‍ക്കെഴുതിക്കൊടുത്ത തെങ്ങിന്‍തോപ്പും പണയപ്പെടുത്തി ആശുപത്രിയുടെ തൊട്ടടുത്തുതന്നെ രക്തം , കഫം ചലം തുടങ്ങിയവ പരിശോധിക്കുന്നതോടൊപ്പം സി.ടി സ്കാന്‍ വരേ ചെയ്തു കൊടുക്കുന്ന ഒരു കൊച്ചു സ്ഥാപനം (വളരേ കൊച്ചു) ഞാന്‍ തുടങ്ങിയത്. രോഗികള്‍ക്ക് ഭയങ്കര സൌകര്യമാകുമല്ലോ എന്നുകരുതിയാണ് സ്കാനിംഗിനും മറ്റും ഞാന്‍ അവിടേയ്ക്ക് കുറിപ്പെഴുതിക്കൊടുത്തിരുന്നതും.
അതുമാത്രമല്ല ഒരു ഇസി.ജി എടുത്താല്‍ മൂത്രം ഫ്രീയായി ടെസ്റ്റു ചെയ്തുകൊടുക്കും എന്ന സൌജന്യവും എന്റെ സ്ഥാപനത്തിലുണ്ടായിരുന്നു എന്നത് രോഗികള്‍ക്ക് വളരെ ആശ്വാസകരമായിരുന്നു.
സാറിനറിയാമൊ അള്‍ട്രാ സൌണ്ട് ചെയ്യുന്നവര്‍ക്ക് അഞ്ചുതവണയായിരുന്നു തികച്ചും സൌജന്യമായിട്ട് മൂത്രം ടെസ്റ്റ് ചെയ്തു കൊടുത്തിരുന്നുകൊണ്ടിരുന്നത്. രോഗികളുടെയും സര്‍ക്കാരാശുപത്രിയുടെയും ഉന്നതിക്കുവേണ്ടി ഇത്രയൊക്കയേ എന്നേപ്പോലുള്ള വളരെ സാധാരണക്കാരില്‍ സാധാരണക്കാരനായ മനുഷ്യര്‍ക്കു ചെയ്യാന്‍ കഴിയൂ.
ഇനി ഇതില്‍ നിന്നെല്ലാം കിട്ടുന്ന വളരെ തുച്ഛമായ (?) വരുമാനം രണ്ട് അനാഥക്കുട്ടികളെ സംരക്ഷിക്കുന്നതിലേക്ക് ഞാന്‍ സംഭാവന ചെയ്യലായിരുന്നു എന്നതും എന്നിലെ മഹത്‌വ്യക്തിത്വത്തിന്റെ ഒരു ലതാണ്! ആ അനാഥക്കുട്ടികളുടെ പാവം മാതാപിതാക്കളായ ഞാനും എന്റെ ഭാര്യയും കഞ്ഞികുടിച്ചിട്ട് മാസങ്ങളായി എന്നത് എന്റെ കണ്ണുകളെ ഈറനണിയിക്കുന്നു സര്‍.
ഒരു ഡോക്ടറും അതിലുപരി സാമൂഹ്യ ക്ഷേമ തല്പരനനുമായ എനിക്കും കുടുംബത്തിനും കണ്ട അണ്ടനെയും അടകോടനേയും പോലെ കഞ്ഞികുടി യോജിച്ചതല്ലാ എന്ന കണ്ടെത്തലായിരുന്നു ഞങ്ങളുടെ കഞ്ഞികുടി മുട്ടിച്ച് അത് ബൂസ്റ്റ്കുടിയിലെത്തിച്ചത്.
സാറു കരുതും ഇതൊക്കെ ഏതു ‘സാധാരണക്കാരന്റെയും’ പ്രശ്നമല്ലേന്ന് ഇതൊന്നും ഞാന്‍ ആത്മഹത്യചെയ്യാന്നുള്ള കാരണമേയല്ല.
സര്‍ക്കാറാശുപത്രിയിലെ ‘കഠിനമായ’ ജോലി കഴിഞ്ഞു വീട്ടില്‍ വിശ്രമിക്കുന്ന വിശ്രമവേളകളില്‍ പാവപ്പെട്ട രോഗികള്‍ക്കൊരു സഹായം എന്ന നിലയിലായിരുന്നു ഞാന്‍ പ്രൈവെറ്റ് പ്രാക്റ്റീസ് തുടങ്ങിയത് . എനിക്കു കണ്‍സല്‍റ്റിംഗ് ഫീസ് എത്ര തരും എന്ന് പാവ രോഗികള്‍ ചിന്തിച്ച് വല്ല മാറാരോഗത്തിനും അടിമപ്പെടാതിരിക്കാന്‍ ഞാനവരോട് ഫീസ് ചോദിച്ചു വാങ്ങുമായിരുന്നു. അതിനുള്ള ഫലവും അവര്‍ ആശുപത്രിയില്‍ വരുമ്പോള്‍ അവര്‍ക്കു നല്‍കിപ്പോന്നിരുന്ന പ്രത്യേക പരിഗണനമൂലം അനുഭവിച്ചിരുന്നു. ഈ പാവങ്ങള്‍ക്കുവേണ്ടിയായിരുന്നു എന്നെ പ്രൈവെറ്റായിട്ട് കാണാന്‍ വരാത്ത രോഗികളെ ഞാന്‍ കണ്ട ഭാവം പോലും നടിക്കാതിരുന്നത്. സാര്‍ ഇതൊക്കെ എഴുതുമ്പോള്‍ പൊതുവേ രോമം കമ്മിയായ എനിക്കു രണ്ടുവട്ടം രോമാഞ്ചമുണ്ടായി എന്നതും സാറിനെ ഞാന്‍ അറിയിക്കുകയാണ്.
പ്രൈവറ്റ് പ്രാക്റ്റീസിലൂടെ ഈയുള്ളവന്‍ ഉണ്ടാക്കിയിരുന്ന പണം മുടക്കി വകയിലെ അമ്മൂമ്മയുടെ പേരില്‍ പോലും ബിനാമി സ്വത്തെടുത്ത് ശക്തമായ കുടുംബ ബന്ധം പുലര്‍ത്തിപ്പോരുകയും ചെയ്തിരുന്ന ഒരു വ്യക്തിത്തമായിരുന്നു ഈ ഞാന്‍. ബാങ്കിലിടാന്‍ ഇടമില്ലാത്തകാരണം ബാങ്കുകാരെ സഹായിക്കുക എന്ന ലക്ഷ്യവുമായി പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിയശേഷം എന്റെ തറവാടു വക പൊട്ടക്കുളത്തില്‍ കെട്ടിത്താഴ്ത്തിയ ഇന്ത്യന്‍ കറന്‍സികള്‍ ഒരിക്കല്‍ പോലീസുകാര്‍ കണ്ടെടുത്ത് എന്നെ ഭീഷണിപ്പെടുത്തിയതും ഈ അവസരത്തില്‍ സാറുമായി പങ്കുവെക്കാന്‍ ഞാനാഗ്രഹിക്കുകയാണ്.
ഇനിയെന്റെ യഥാര്‍ത്ഥ പ്രശ്നത്തിലേക്കു വരാം .. നാട്ടിലാകെ പടര്‍ന്നു പിടിക്കുന്ന ചിക്കുന്‍ ഗുനിയ, പന്നിപ്പനി, എലിപ്പനി, തക്കാളിപ്പനി, ചക്കപ്പനി, ഒലക്കേടെ മൂട്ടിലെ പനി തുടങ്ങിയ പനികളുടെ വമ്പിച്ച സാധ്യത മുന്‍കൂട്ടി കണ്ടറിഞ്ഞ ഞാന്‍ സിംഗപ്പൂരില്‍ പത്തുനില ഫ്ലാറ്റിനു അഡ്വാന്‍സു കൊടുത്തു..
ആദ്യമാദ്യമെല്ലാം പനിപിടിച്ച നശിച്ചവന്മാര്‍ ഫുള്‍ബോഡി സ്കാനിംഗ് വരേ നടത്തിയിരുന്നു എന്നത് സിംഗപ്പൂരില്‍ പത്തുനില ഫ്ലാറ്റെന്ന എന്ന എന്റെ സ്വപ്നത്തിലേക്കുള്ള ദൂരം കുറയ്ക്കുന്നതായിരുന്നു. പനി നാട്ടിലാകെ പടര്‍ന്നുപിടിച്ചപ്പോള്‍ മരുന്നിന്റെ കുറിപ്പുകള്‍ രോഗികള്‍ സ്വയം എഴുതിത്തുടങ്ങി എന്നത് പാവപ്പെട്ട ഡോക്ടര്‍മ്മാരുടെ ഹാര്‍ട്ടിനിട്ടാണു കൊണ്ടത് . ഈക്കാരണത്താല്‍ ഹാര്‍ട്ടറ്റാക്കു വന്ന ഒരുപാടു സുഹൃത്തുക്കളെ എനിക്കറിയാം.
കൂനിന്മേല്‍ കുക്കുരു എന്നു പറഞ്ഞപോലെയാണ് സര്‍ക്കാര്‍ മറ്റൊരു സംഭവം കണ്ടുപിടിച്ചത് . പനി ബാധിതര്‍ കണ്ണില്‍ക്കണ്ട കാട്ടു ചെടികളും കായുമൊക്കെ പറിച്ച് നന്നായി വെള്ളം തിളപ്പിച്ച് സോപ്പു തേച്ചൊന്നു കുളിച്ചാല്‍ എല്ലാ പനിയും പമ്പയും , യമുനയും ഒക്കെ കടക്കുമെന്ന കണ്ടുപിടുത്തമായിരുന്നു അത്.
കഷ്ടകാലത്തിനു സകലയെണ്ണത്തിന്റെയും അസുഖം സുഖപ്പെടുകയും ചെയ്തുവരുന്നതോടൊപ്പം സ്വയം ചികിത്സിക്കാനും ജനങ്ങള്‍ പ്രാപ്തരായി .....
പാവപ്പെട്ട ഡോക്ടര്‍മ്മാരുടെ ബൂസ്റ്റുകുടി മുട്ടി എന്നുമാത്രമല്ല ഒരു മരുന്നു കമ്പനിയുടെയും ഏജന്റുമാര്‍ ബൂസ്റ്റുകുപ്പിയുമായി ഏഴയലത്തുപോലും വരുന്നില്ല എന്നതും എന്നെ മാനസികമായി വളരെയധികം തളര്‍ത്തി ... പത്തുനില ഫ്ലാറ്റിന്റെ പണി നാലു നിലയില്‍ നിലച്ചു ... പനി മുന്‍പില്‍ കണ്ട് ബിനാമികള്‍ ഈടുനല്‍കി കടമെടുത്ത പണം തിരിച്ചടക്കാന്‍ കഴിയാതെ വന്നപ്പോള്‍ സകല ബിനാമികളും ബാങ്കുകാര്‍ സ്വന്തമാക്കി ലേലത്തിനു വെച്ചു.
സത്യത്തില്‍ പകര്‍ച്ചപ്പനി ബാധിച്ചത് രോഗികള്‍ക്കല്ല സാര്‍! ഡോക്ടര്‍മ്മാര്‍ക്കാണ്!! ഈ ദുഃഖം താങ്ങാനാവാതെ ഞാന്‍ സ്തെതസ്കോപ്പില്‍ തൂങ്ങി എന്റെ ജീവിതം അവസാനിപ്പിക്കുകയാണ് എന്റെ മരണത്തിനു ഞാന്‍ മാത്രമായിരിക്കും ഉത്തരവാദി എന്നും ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു.എന്നു നിങ്ങളുടെയെല്ലാം സ്വന്തം ഡോ. ഫല്‍ഗു (ഒപ്പ്).
ഇത്രയുമെഴുതിയ ഡോ ഫല്‍ഗു കത്തെടുത്ത് മേശവലിപ്പില്‍ വച്ച ശേഷം ഫാനിനു മുകളില്‍ വരിഞ്ഞുകെട്ടിയ സ്തെതസ്കോപ്പെടുത്ത് കഴുത്തില്‍ കുരുക്കി സ്റ്റൂളില്‍ നിന്നും ചാടാന്‍ തയ്യാറെടുത്തു ..
കണ്ണുകള്‍ അടച്ചു .... ഫല്‍ഗു കൌണ്ട് ഡൌണ്‍ തുടങ്ങി ...പത്ത്.... ഒന്‍പത്.... എട്ട്...........................
പെട്ടന്നാണതു കേട്ടത് ... ആരൊക്കെയോ നിലവിളിക്കുന്നു ഓടുന്നു ...... എങ്ങും പരിഭ്രാന്തി .... ഒച്ച .. ബഹളം എക്സ്ട്രാ... എക്സ്ട്രാ... ഫല്‍ഗു കണ്ണുതുറന്നു .... തല്‍ക്കാലം സ്തെതസ്കോപ്പിന്റെ കെട്ടഴിച്ച് ജാലകത്തിലുടെ പുറത്തേക്കു നോക്കി ... നാട്ടിലെങ്ങും പ്രളയം , ഉരുള്‍പൊട്ടല്‍ , മരണം , കൈകാല്‍, തല വിത്ത് വാല്‍ എന്നിവ അറ്റുപോകല്‍ , വയറിളക്കം , ഛര്‍ദ്ദി ......കോളറ ... മഞ്ഞപ്പിത്തം..... യാഹഹാാാ ....
ചാകരവന്നേ.... ഫല്‍ഗു ആര്‍ത്തു ചിരിച്ചുകൊണ്ട് തന്റെ ആത്മഹത്യാക്കുറിപ്പെടുത്ത് സ്പിരിറ്റിലിട്ടു കത്തിച്ചശേഷം പത്തുനില ഫ്ലാറ്റ് വീണ്ടും സ്വപ്നം കണ്ടു തുടങ്ങി .......
18 comments:
നല്ലനിലയില്‍ നടന്നുപോകുന്ന സര്‍ക്കാറാശുപത്രിയില്‍ ഞാന്‍ നിയമിതനായിട്ടു വര്‍ഷങ്ങള്‍ ഒരുപാടൊന്നുമായിട്ടില്ലെങ്കിലും ആശുപത്രിയുടെ ഉന്നതിക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചിരുന്ന ഒരു മഹത്‌വ്യക്തിയായിരുന്നു ഞാനെന്ന സത്യം ഇവിടെ തുറന്നു സമ്മതിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു അതോടൊപ്പംതന്നെ പുളകിതനുമാകുന്നു.
രസികന്‍, ഒരു ഓഫ് ടോപ്പിക്ക്.
മഷിത്തണ്ടിന്റെ ഭാഗമായി ഞങ്ങള്‍ മലയാളത്തില്‍ പദപ്രശ്നം കളിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. താങ്കളുടേയും ഈ ബ്ലോഗിന്റെ വായനക്കാരുടേയും ശ്രദ്ധ http://crossword.mashithantu.com/ ലേക്ക് ക്ഷണിക്കുന്നു.
അപ്പോ പെണുമ്പിള്ള കാല് മാത്രമല്ല, തലക്കിട്ടും തട്ടിയല്ലെ.
രസികന്‍ ടച്ചില്ലെങ്കിലും, കൊള്ളാം എന്ന് പറയുന്നു.
ഒരു പനിപിടിച്ചപ്പോഴെക്കും ഈങ്ങനെ എഴുതിയാല്‍, രണ്ട് മൂന്ന് അറ്റാക്ക് വന്നാല്‍ പിന്നെ എങ്ങനെ എഴുതും???
ഡോക്ടര്‍മാരോടുള്ള കലിപ്പ് തിരണില്ല്യ ല്ലെ...
തേങ്ങാാാാാാ
(((((((ഠോ)))))))
ആ പാവത്താന്മാരെ വെറുതെ വിട്ടേരെഡെയ്..അവരും ക... അല്ല ബൂസ്റ്റും ബ്രോസ്റ്റും ഒക്കെ അടിച്ച് നടന്നോട്ടെ!
തമാശക്കൊട്ടാണെങ്കിലും ലോകത്തെല്ലായിടത്തും ഇതു പോലുള്ള സ്വഭാവം അധിക ആശുപത്രി ജോലിക്കാർക്ക് ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു...
പതിവുപോലെ രസമുള്ള പോസ്റ്റ്, രസികന്‍.
:-)
അമ്പട... പനിച്ചാൽ ഡോക്റ്റർമാർക്ക് മാത്രമല്ല ബ്ലോഗിനുമുണ്ടല്ലോ നേട്ടം... മറ്റൊരു രസികൻ പോസ്റ്റ് കിട്ടിയല്ലോ അതു വഴി..
അടി പൊളി..
രസികന്‍, കൊള്ളാം :)
:)
:)
ചാര്‍ളി ആന്‍ഡ് ചാപ്ലിന്‍ : മൂന്നാമത്തെ അറ്റാക്കു കഴിഞ്ഞാല്‍ നാലാമത്തെ അറ്റാക്കിനിള്ള കാത്തിരിപ്പിനെപ്പറ്റി കവിതയെഴുതും .. പേര് “വരും വരാതിരിക്കില്ല” ... തേങ്ങ ഞാന്‍ എന്റെ തലയ്ക്കടിച്ചു പൊട്ടിച്ചു :):) നന്ദി
ഒ എ ബി : ഇങ്ങനെയുള്ള ചിലരെയെങ്കിലും നമ്മള്‍ ഓരോരുത്തരും കണ്ടിട്ടുണ്ടാകൂം .. പക്ഷേ എല്ലാവരും ഇങ്ങിനെയാണെന്നു ഞാന്‍ ഒരിക്കലും പറയില്ല ....:) നന്ദി
ബിന്ദു ജീ : നന്ദി..:)
കുമാര്‍ജീ : ഹിഹിഹി :) നന്ദി
അനില്‍ ജീ : നന്ദി :)
ബഷീര്‍ ജീ: :) നന്ദി
ശ്രദ്ധേയന്‍ : നന്ദി :)
സൂത്രന്‍ : നന്ദി :)
:)
പനിച്ചാലും രസികന്റെ പോസ്റ്റ് രസക്കുടുക്ക! കൊള്ളാം :)
ഡോക്ടർ മാരെ ഒന്നു ശരിക്ക് പെരുമാറിയല്ലോ.നന്നായിട്ടുണ്ട്
ഞാന്‍ കരുതി...സ്റ്റെത് അഴിച്ച് ഫല്‍ഗു ജനലിലൂടെ ചാടി എന്ന്...
:)
രസികന്‍ രസങ്ങള്‍ രസകരം........!
രസകരം ഈ പോസ്റ്റ്....
രസികൻ...
ഡോക്ടർ ഫൽഗൂന്റെ സ്വപ്നങ്ങൾക്ക് മീതെ വീണ്ടും മഴയും, വെള്ളപ്പൊക്കവും, പനിയും, ചർദ്ദിയും, എക്സ്ട്രാ എക്സ്ട്രാ... ചാകര വന്ന വരവേയ്..
Post a Comment